ശനിയാഴ്‌ച, ജൂലൈ 22, 2006

വെളിച്ചപ്പാടും ഒരു വെളിപാടും.


നാട്ടില്‍ വിമാനമിറങ്ങിയതിന്റെ നാലാം ദിവസമാണ്‌ എന്റെ ഷാര്‍ജ ഓഫീസിലെക്കൊരു ഈമെയിലയക്കാന്‍ ഇന്റര്‍നെറ്റ്‌ കഫെയും തേടി ഞാന്‍ മഞ്ചേരി അങ്ങാടിയിലെത്തിയത്‌.
കഴിഞ്ഞ വര്‍ഷം കണ്ടതിനെക്കാള്‍ ജനത്തെരക്കുണ്ട്‌. കെട്ടിടങ്ങള്‍ക്കിടയിലൂടെ വഴിയുണ്ടാക്കി നഗരത്തെ വല്ലാതെ വികൃതമാക്കിയിരിക്കുന്നു. വീതികുറഞ്ഞ ബൈപ്പാസുകളും തെരക്കുപിടിച്ച ഗള്ളികളും എന്റെ സങ്കല്‍പ്പങ്ങളെ ആകെ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നു.
പരിചിതമായ മുഖങ്ങളൊന്നുമില്ലാത്തതിനാല്‍ ഇത്തിരി നേരം വെറുതെ എല്ലായിടത്തും ഒന്നു കണ്ണോടിക്കാന്‍ ബസ്‌ സ്‌റ്റാന്‍ഡിന്റെ ഓരത്തോടു ചേര്‍ന്നു നിന്നു.
" ആരാപ്പാ ദ്‌?"
"ബപ്പോപ്ലാന്റെ കുട്ടില്ല്യേ?"
"എന്നാ വന്നൂ?
ഏനോടാരും പറഞ്ഞില്ല..!"
ചോദ്യവര്‍ഷം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ കാളിയുണ്ട്‌. കൂടെ മാറു മറക്കാത്ത തൊണ്ണൂറു കഴിഞ്ഞ തള്ള ചിരുതയും.
"അത്ഭുതം തോന്നാ! ഈ തള്ള ഇപ്പഴും ഇങ്ങനെ നീച്ച്‌ നടക്ക്‌ണതൊരതിശയം തന്നെ!. പഴയ തവിടുള്ള നെല്ലുകുത്തിയരിയുടെ മേന്മ തന്നെയാവൂല്ലെ?
ഞാന്‍ കളിയാക്കി.
" ചിരുത പുകയിലച്ചാറൊലിച്ച മോണ കാട്ടി ചിരിച്ചു.
"ങ്ങനെ എപ്പളും പൊറത്ത്‌ക്കൊന്നും എറങ്ങൂല, ഇന്ന്‌ നറുകരയില്‍ അമ്മ വരുന്നുണ്ട്‌, അവരെക്കാണാന്‍ പോകാ രണ്ടാളും".
ഞാന്‍ വാപൊളിച്ചു, ഇവര്‍ക്കിനി ഒരമ്മയും ജീവിച്ചിരിപ്പുണ്ടൊ!.
പക്ഷെ എന്തെങ്കിലും വിഢ്ഢിത്ത്വം വിളമ്പുന്നതിനു മുമ്പേ ബസ്‌സ്റ്റാന്‍ഡിനു അഭിമുഖമായി വെച്ച മാതാ അമൃതാനന്ദമയിയുടെ വലിയ കട്ടൗട്ടും അതിനു താഴെ "അമ്മ നറുകരയില്‍" എന്നെഴുതിയതും കണ്ടു.
കാളി, ഞങ്ങളുടെ പാടശേഖരങ്ങളുടെ കാര്യസ്‌ഥയാണ്‌.ഞാറു പാവലും,പറിക്കലും,നടലും,കളപറിയും,മരുന്നടിയും, കൊയ്ത്തുമെതിയും കഴിഞ്ഞ്‌ വൈക്കോലുണക്കി ഉണ്ടക്കിട്ട്‌ നെല്ലുണക്കി ചേറിപ്പാറ്റി പത്തയത്തിലാക്കിയാലേ കാളിയുടെ ഒരു കാര്‍ഷിക വര്‍ഷം തീരൂ.
ഞാറു പാവാനുള്ള കണ്ടം നന്നാക്കന്‍ കന്നുകാരെ ശട്ടം കെട്ടിയിട്ടായിരിക്കും തറവാടിന്റെ പടിപ്പുര പതിയെ തള്ളിത്തുറന്നു കാളി എത്തുന്നത്‌. ഞാറു പാവാനുള്ള വിത്തെടുത്തു വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ കാളിക്കന്നു വിശ്രമം.
ഭക്ഷണത്തിന്നു കാളിക്കു മത്സ്യ-മാംസദികള്‍ വര്‍ജ്ജ്യം.ദൈവസാമീപ്യം ഉള്ളതിനാല്‍ അവര്‍ അതൊക്കെ ത്യജിച്ചിട്ടു വര്‍ഷങ്ങളായി.
തറവാട്ടിലെ വടക്കിണിയിലെ വെറും നിലത്ത്‌ പടിഞ്ഞിരുന്ന്‌ ചീരാപറങ്കി കടിച്ച്‌ വറ്റില്ലാത്ത കഞ്ഞി പ്ലാവിലക്കയിലാല്‍ കോരിക്കുടിക്കുന്ന കാളിയെക്കണ്ടാല്‍ സങ്കടം തോന്നും.
എന്നാല്‍ ഇതേ കാളിയെ, കാവുങ്ങലെ മുത്തപ്പന്റെ ആറാട്ടു മഹോല്‍സവത്തിനു അമ്പലമുറ്റത്തു കാണുമ്പോള്‍, ചെമന്ന പട്ടില്‍ മേനി മറച്ചു അരമണിയും വാളും വിറപ്പിച്ചു മഞ്ഞപ്പൊടിയും ചോരപ്പാടും കൊണ്ടു തിരിച്ചറിയാത്ത ആ മുഖത്തെ ഭാവങ്ങള്‍ കണ്ടു ഞാന്‍ ഞെട്ടിയിരുന്നു.അന്നേരം മുന്‍പൊരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലന്ന ഭാവത്തില്‍ കണ്ണുകളില്‍ അനാദിയായ രോഷം കത്തുന്ന കാളിയെ കണ്ടാല്‍ ആര്‍ക്കും പേടി തോന്നും.
കുമ്പിട്ടു നിന്നു ഞാറു നടുന്ന കാളിയുടെ മുമ്പിലൂടെ ചെന്ന്‌ ഞാറ്റുമ്മുടി എറിഞ്ഞു കൊടുക്കുമ്പോള്‍, മോന്‍ നടുന്നതിന്റെ പിന്നിലൂടെ വന്നു ഞാറ്റുമ്മുടി ഇട്ടു തന്നാല്‍ മതി അല്ലെങ്കില്‍ ഞങ്ങളുടെ മാറത്തപ്പടി ചേറാവുമെന്ന്‌ കള്ളച്ചിരിയോടെ നിര്‍ദ്ദേശം തന്നിരുന്ന കാളിയുടെ മുഖമാവില്ല അമ്പലമുറ്റത്ത്‌ ഉറഞ്ഞു തുള്ളുന്ന പെണ്‍വെളിച്ചപ്പാടിന്ന്‌. ഔദ്യോഗികകാലത്തു പറയാന്‍ വിലക്കപ്പെട്ട പലതും അടിത്തൂണ്‍ പറ്റിയതിനു ശേഷം പരസ്യപ്പെടുത്തി പക തീര്‍ക്കുന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ മുഖമാണോ അന്നേരം കാളിക്കെന്നു പലപ്പോഴും തോന്നീട്ടുണ്ട്‌.
" അടുത്താഴ്ച്ച മുത്തപ്പന്റെ ആറാട്ടാ...കാണാന്‍ വരണം.നീ പഠിപ്പിച്ച സജീവന്റെ, അച്ഛന്‍ 'നാടി' യാണ്‌ ഇപ്രാവശ്യം മേല്‍ നോട്ടം. ജോറാകുന്നാ കേള്‍വി."
പോകണം. മനസ്സില്‍ കുറിച്ചിട്ടു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും തുടിപ്പു കണ്ടിട്ടു വര്‍ഷങ്ങളായി.
കാംകോഡര്‍ കൊണ്ടുവന്നതു നന്നയി. സ്വന്തം ഗ്രാമത്തിന്റെ തനിമ ഒപ്പിയെടുത്ത്‌ എന്റെ വെബ്‌സൈറ്റിലേക്കു അപ്‌ലോഡു ചെയ്യണം.
"വരാം അതിന്നു മുന്‍പു നീ വീട്ടിലേക്കു വരണം. നിനക്കോരൂട്ടം ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്‌" കാളിയെ വീട്ടിലേക്കു ക്ഷണിച്ചു.
'ലുലു' വില്‍ നിന്നു ഞാന്‍ തെരഞ്ഞെടുത്തു വാങ്ങിയ വില കൂടിയ രണ്ടുടുപ്പുകള്‍ ഫാഷന്‍ പോരാന്നും പറഞ്ഞു പെങ്ങന്മാരുടെ പെണ്മക്കള്‍ എന്റെ മുന്‍പിലൂടെ മൂലയിലേക്കു വലിച്ചെറിഞ്ഞത്‌ കാളിയുടെ ചെറിയ മകള്‍ക്കു പാകമായിരിക്കുമെന്നു ഊഹിച്ചാണു പറഞ്ഞത്‌.
അവളിപ്പോ പത്താം തരത്തിലെത്തീറ്റുണ്ടാവും.
എന്താണവളുടെ പേര്‌..!
ഓര്‍ക്കാന്‍ ശ്രമിച്ചു.
സരസ്വതി എന്നോ മറ്റോ ആണെന്നു തോന്നുന്നൂ.
"സ്‌ക്കോളീ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ കോലോത്തെ ദേവകിയമ്മ ടീച്ചറ്‌, ദേവീമാരുടെ പേരോണ്ടാപ്പോ കാളി.. നിന്റെ കളീന്നും പറഞ്ഞു കസേരേന്നും നീച്ച്‌ട്ട്‌ ഒരു പോക്ക്‌".
കാളി പണ്ടു പറഞ്ഞതോര്‍മ്മ വന്നു.
മൂത്തവളുടെ പേര്‌ ലക്ഷ്‌മിന്നാണ്‌. അതു ശരിക്കോര്‍മ്മണ്ട്‌. അവളുടെ സ്‌ഥിതി എന്താണാവോ?.
ഗള്‍ഫിലേക്കു ചേക്കേറുന്നതിന്നു മുമ്പ്‌ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ഞങ്ങള്‍ പഠിതാക്കളെ തേടി നടന്നപ്പോള്‍ കൂടെ ഇന്‍സ്റ്റ്രക്‌ടറായി ലക്ഷ്‌മിയും ഉണ്ടായിരുന്നു. പഠിതാക്കളില്‍ നിന്ന്‌ കണ്ടെത്തി ട്രെയിനിംഗ്‌ കൊടുത്താണവളെ ഇന്‍സ്‌റ്റ്ടക്‌ടറാക്കിയത്‌. അവള്‍ പത്രങ്ങളും മാസികകളും പഠിതാക്കള്‍ക്കു അനായാസേന വായിച്ചു കൊടുക്കുന്നതു മാസ്‌റ്റര്‍ ട്രെയിനറായ ഞാന്‍ മീറ്റിംഗുകളില്‍ അഭിമാനപൂര്‍വ്വം എടുത്തു പറഞ്ഞു. ഞങ്ങളുടെ പിന്തുണ കൊണ്ടു കൂടിയാണ്‌ പിന്നീട്‌ അവള്‍ക്കു അംഗനവാടിയില്‍ ടീച്ചറായി ജോലി കിട്ടിയത്‌.

അവളുടെ വിശേഷങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതാണ്‌ അപ്പോഴേക്കും അവര്‍ക്കുള്ള ബസ്സു വന്നു.

മഞ്ചേരിയില്‍ വെച്ചു കാളിയെ കണ്ടകാര്യം ഉമ്മാനോടു പറഞ്ഞു.
"പൂമോളും റയിസമ്മുവും വലിച്ചെറിഞ്ഞ ആ ഉടുപ്പുകള്‍ കാളിയുടെ മകള്‍ക്കു കൊടുക്കണം".

" അതിന്ന്‌ വലിച്ചെറിഞ്ഞോരുതന്നെ അത്‌ തെരഞ്ഞെടുത്തു കൊണ്ടോയല്ലോ.വേറൊന്നും കിട്ടൂലാന്നു മനസ്സിലായപ്പോള്‍ അവര്‍ക്കതു തന്നെ മതിയായി".
"നന്നായി, പക്ഷെ നാളെ ഞാന്‍ കാളിക്കെന്താ കൊടുക്കുക?"
കാശു കൊടുത്താമതി, അവള്‍ക്കു കാശിനാണ്‌ ഇപ്പോള്‍ അത്യാവശ്യം.അംഗനവാടിയില്‍ ടീച്ചറായിരുന്ന മകളെ സെന്റ്രറിംഗ്‌ പണിക്കു വന്ന ഒരുത്തന്‍ വായിക്കാന്‍ പൈങ്കിളി ബുക്കു കൊടുത്തു, ബുക്കില്‍ കത്തു കൊടുത്തു,കത്തില്‍ കനവു കൊടുത്തു വശീകരിച്ചു.

ഒരു ദിവസം ഒരു ജോഡി മാല അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ട്‌ ചെറുക്കനും പെണ്ണും പൊറുക്കാന്‍ കാളിന്റെ തോട്ട വടക്കോറത്തെ സായിബാജിന്റെ വാടകപ്പുരയിലേക്കു കേറിപ്പോകുന്നതു കണ്ട കാളി തല കറങ്ങി വീണു.
ബോധം തിരിച്ചു കിട്ടിയപ്പൊള്‍ മകളെയും മരുമകനെയും വീട്ടില്‍ വന്നു താമസിക്കാന്‍ വിളിച്ച കാളിയോടവള്‍ നോവലുകളിലെ നായികമാര്‍ പറയുന്നതു പോലെ അച്ചടി ഭാഷയില്‍ ചോദിച്ചത്രേ.. "ഇനിയങ്ങോട്ടു എന്റെ ചേട്ടന്റെ ചെലവില്‍ കഴിയാമെന്ന കൗശലം മനസ്സിലായമ്മേ. വേണ്ട ഞങ്ങളിവിടെ സ്വസ്ഥമായി ജീവിച്ചോട്ടെ".
നാലഞ്ചു മാസം നിരന്തരം അവിടെ കല്ല്യാണപാര്‍ട്ടികളായിരുന്നുത്രേ..കാറ്റത്തു പാറിനടക്കുന്ന കോഴിപ്പൂടകളും നാക്കു കുഴഞ്ഞ കൂട്ടുകാര്‍ വലിച്ചെറിഞ്ഞ കുപ്പികളും കൊണ്ടു കാളിക്കു വീടിന്റെ വടക്കു ഭാഗത്തേക്കു പോകാനേ വയ്യാതായത്രേ.."
"ഗര്‍ഭിണിയായ ലക്ഷ്മിക്ക്‌ ഓക്കാനം കലശലായി പറ്റെ കിടപ്പായ അന്നാണ്‌ അവള്‍ അവളുടെ 'ആത്‌മനാഥനെ' അവസാനമായി കണ്ടത്‌.പിന്നെ അയാളെവിടെപ്പോയെന്ന് കോണ്‍ട്രാക്‌ടര്‍ക്കും അറിയില്ലത്രെ..
അന്നുവരേയുള്ളതെല്ലാം കണക്കു കൂട്ടി വാങ്ങിയിട്ടാണത്രെ അവസാനമായി അയാള്‍ പിരിഞ്ഞത്‌. ദൂരെങ്ങാണ്ടൊ ഒരു ബില്‍ഡിംഗ്‌ പണിക്കിടെ വന്നു കൂടിയതാ, നാടും വീടും ഒന്നും ഉള്ളതായി അയാള്‍ക്കും അറിയൂലാത്രെ...
നട്ടപ്പാതിരക്കു ആരൊക്കെയോ ലക്ഷ്‌മിയുടെ വാതിലില്‍ മുട്ടാന്‍ തുടങ്ങിയെന്നറിഞ്ഞപ്പോഴാണ്‌ പെറ്റ
വയറു ചെന്നു അവളെ വലിച്ചിറക്കി കൊണ്ടു പോയത്‌. അംഗനവാടിയില്‍ ലക്ഷ്‌മിക്കു പകരം പുതിയ ടീച്ചറായതോടെ കാളി ഒന്നര വയറുള്ള മൂത്തമോളെ കൂടി പോറ്റാന്‍ കൂടുതല്‍ പുറമ്പണിക്കു പോയി.നെല്‍കൃഷി നഷ്‌ടമാണന്നു പറഞ്ഞ്‌ നമ്മളും പാടം വാഴകൃഷിക്കു പുറത്തു കൊടുത്തപ്പോള്‍ കാളിയെ ഈ വഴിക്കു കാണാറേ ഇല്ല.എവിടൊക്കെയോ വീട്ടുപണിക്കു പോകുന്നു. ഒരാണ്‍ തുണയില്ലാത്തതിനാല്‍ നാലു പെണ്ണുങ്ങളുള്ള വീട്ടില്‍ കാളിക്കു ഒരാണിന്റെ ധൈര്യം കാട്ടേണ്ടി വരുന്നു".
ഞാന്‍ എല്ലാം കേട്ടു തരിച്ചിരുന്നു. എവിടെയാണ്‌ തെറ്റു പറ്റിയത്‌. കൊട്ടിഘോഷിച്ച സാക്ഷരതാ യജ്‌ഞ്ഞം കൊണ്ട്‌ നേടിയതാര്‌. ഇക്കിളി സാഹിത്യം വില്‍ക്കുന്ന ഫോര്‍ത്ത്‌ എസ്റ്റേറ്റും, ബത്ത മേടിച്ചു നടന്ന കുറേ ബ്യൂറോക്രാറ്റുകളും.പതിനായിരങ്ങളെ സാക്ഷിയാക്കി ഞാന്‍ സാക്ഷരയായി എന്നു പ്രഖ്യാപിച്ച ചേലാക്കോടൻ ആയിശാത്ത  പോലും ഇപ്പോള്‍ സ്വന്തം പേരെഴുതി ഒപ്പിടാന്‍ മറന്നിരിക്കും. തുടര്‍വിദ്യാഭ്യാസവും അതുവഴി വാഗ്‌ദാനം ചെയ്‌ത സാമൂഹിക പുരോഗതിയും വഴിമുട്ടിയതു ഇതൊക്കെ തന്നെ ധാരാളം എന്ന തോന്നലു മാത്രമല്ല ആരവങ്ങള്‍ മാത്രമേ ജനത്തിനാവശ്യമുള്ളൂ. അന്ത്യഫലം നേടുന്നതു വരെ യത്‌നിക്കാന്‍ ആര്‍ക്കു സമയം.
അന്നു സാക്ഷരതാസമിതി വിതരണം ചെയ്ത ബുക്‍ലറ്റുകള്‍ നോക്കി അക്ഷരദീപം തെളിച്ച്‌ അതിന്നു ചുറ്റും അക്ഷരഗാനം പാടി ചുവടുവെച്ച്‌ ജനശ്രദ്ധ പിടിച്ചെടുക്കന്‍ പെടാപ്പാടു ചെയ്തുകൊണ്ടിരിക്കവേ ജനക്കൂട്ടത്തിലേക്കു പാളിനോക്കി ഒരു ഊരുചുറ്റി പിരാന്തന്‍ വിളിച്ചു പറഞ്ഞതു എല്ലാരുടെ മനസ്സിലും വല്ലാതെ കൊണ്ടു."കായി ഊരമ്മെ കുത്തുന്നുണ്ടെങ്കിലു അതോണ്ട്‌ പപ്പടവും കടിച്ച്‌ കഞ്ഞീം കുടിച്ച്‌ കെടന്നോറങ്ങിക്കൊള്യടാ നായിന്റെ മക്കളെ"
പൈങ്കിളി സാഹിത്യത്തിനു വിപണിയുണ്ടാക്കാന്‍ എന്റെ യുവത്വത്തി ചെറിയ പങ്കു ചെലവിട്ടതില്‍ ലജ്ജിക്കുന്നുവെന്നോര്‍ത്തിരുന്നപ്പോള്‍ കാളിംഗ്‌ ബെല്ലിന്റെ കലാഭവന്‍ മണിയുടെ പരിഹാസച്ചിരികേട്ടു ( പല്ലി ചിലക്കുന്നതു സത്യം ശരിവെക്കുന്നതാണെന്ന പോലെ) എഴുന്നേറ്റു ചെന്നു വാതില്‍ തുറന്നപ്പോള്‍ മുറ്റത്ത്‌ ശിഷ്യന്‍ സജീവും ഒരു സംഘവും.മുത്തന്റെ ആറാട്ടുത്സവത്തിനു പിരിവിനു വന്നതാവുമെന്നു കരുതിയ എനിക്കു തെറ്റി. അവര്‍ കാവുങ്ങലെ ചാളക്കല്‍ ഒരു 'അക്ഷയ' സെന്റര്‍ തുടങ്ങുന്നത്രേ.അതിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാന്‍ വന്നതാണ്‌.
അക്ഷയ സെന്ററിന്റെ പ്രയോജനത്തെ പറ്റി മന:പ്പാഠമാക്കിയതു ഒരൊരുത്തരും വാതോരാതെ സംസാരിച്ചു.മലപ്പുറം ജില്ലയാണത്രേ ഒന്നാമതും മികച്ചതും. ഇന്‍ഡ്യയിലെ നൂറു ശതമാനം കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ആദ്യ ഗ്രാമം മലപ്പുറം ജില്ലയിലെ 'ചമ്മ്രവട്ടം' ആണത്രെ. ഈ വിജയത്തെ കുറിച്ചു പഠിക്കാന്‍ ജപ്പാനില്‍ നിന്നു പോലും പ്രധിനിധികളെ അയച്ചത്രെ.കേട്ടു ഞാന്‍ ശരിക്കും പുളകം കൊണ്ടു.
"മുത്തപ്പനെ കുളിപ്പിക്കുന്ന അന്നു തന്നെ രാവിലെ ഒന്‍പതിനാണു ഉദ്‌ഘാടനം.അതിനാല്‍ ആളെക്കൂട്ടാന്‍ പരസ്യത്തിനു വേറെ കാശു ചെലവാക്കണ്ടല്ലോ."
ഏതായാലും ഉത്സവത്തിന്‌ ഞങ്ങള്‍ വരുന്നുണ്ട്‌ അപ്പോള്‍ സെന്ററിലും കയറാം". ഞാന്‍ വാക്കു കൊടുത്തു.
പിറ്റേന്ന്‌ രാവിലെ ഞാന്‍ കാളിയെ കണികണ്ടാണ്‌ ദിവസം തുടങ്ങിയത്‌.മാറ്റി വെച്ചിരുന്ന കാശവള്‍ക്കു കൊടുത്തു. വിശ്വാസം വരാതെ അവളെന്റെ കണ്ണിലേക്കു ഭവ്യതയോടെ നോക്കി.
ഞാന്‍ പറഞ്ഞു."കാര്യങ്ങളോക്കെ ഉമ്മ പറഞ്ഞറിഞ്ഞു. ലക്ഷ്‌മിയുടെ പ്രസവത്തിനൊത്തിരി കാശു വേണ്ടി വരും അതിലേക്കു കൂട്ടിക്കോ?"
അവള്‍ നിറഞ്ഞകണ്ണുകള്‍ കൈപ്പടം കൊണ്ടു തുടച്ചുമാറ്റി നന്ദിയോടെ എന്നെ നോക്കി പോകാന്‍ അനുവാദം ചോദിച്ചു.
ഗേറ്റിനപ്പുറത്തു അവള്‍ മറഞ്ഞിട്ടും ആ കണ്ണുകളിലെ നന്ദി മനസ്സില്‍ നിന്നു മാഞ്ഞില്ല.

പഴയ അദ്ധ്യാപനകാലത്തെ സുഹൃത്തുക്കളുടെ കൂടെയാണ്‌ ഉത്സവം കാണാന്‍ കാവുങ്ങലെത്തിയത്‌. ഉത്സവത്തിന്റെ മുറുക്കം കൂടി വരുന്നേയുള്ളൂ. കച്ചവടക്കാരും മുച്ചീട്ടുകളിക്കാരും പാവങ്ങളെ പറ്റിച്ചു കാശു വാരിക്കൂട്ടുന്നു.ശര്‍ക്കര മിഠയിക്കാരും,ജുലേബിക്കച്ചവടക്കാരും കാര്യമില്ലാതെ കലപില കൂട്ടുന്നു.ചെണ്ടമേളവും വെളിച്ചപ്പാടു തുള്ളലും അമ്പലപ്പറമ്പിനെ പുതിയൊരു സ്ഥലമാക്കിയിരിക്കുന്നു.
സജീവന്റെ അച്ഛന്‍ നാടി, ഓടി വന്നു പറഞ്ഞു, " ഓ ! നന്നായി നിങ്ങള്‍ കൃത്യ സമയത്തു തന്നെ വന്നല്ലോ!"
കംകോഡറില്‍ റിക്കാര്‍ഡിംഗ്‌ നടക്കുന്നുണ്ടെന്നു മനസ്സിലാക്കിയ അയാള്‍ സംഭാഷണത്തിന്റെ ഭാഷ ഇത്തിരി പരിഷ്‌കരിച്ചു കൊണ്ടു പറഞ്ഞു." ഇനി പാണമ്മാരെ പെട്ടികൂടി വരാനുണ്ട്‌. അതും കൂടി എത്തിയാലേ ഉത്സവം ഒന്നു 'അലങ്കോലപ്പെടൂ'.
ഞങ്ങള്‍ ഒന്നടങ്കം അതിശയപ്പെട്ടു. ഇയാള്‍ മുന്‍കൈ എദുത്തു നടത്തുന്ന ഈ ഉത്സവം കലക്കാന്‍ ഇയാള്‍ തന്നെ എന്തിനാണ്‌ ആഗ്രഹിക്കുന്നത്‌.
മാഷമ്മാരുടെ പുരികകൊടികള്‍ ഒരേ സമയം ചുളിഞ്ഞതു കണ്ട സജീവു നാണിച്ചു കൊണ്ടു പറഞ്ഞു " പാണമ്മാരെ പെട്ടി കൂടി വന്നാലേ ഉത്സവം ഒന്നടിപൊളിയാവൂ എന്നാണച്ഛന്‍ ഉദ്ദേശിച്ചത്‌.
നീ പോടാ ചെക്കാ എന്റെ അടി വാങ്ങാതെ? നാടി ജാള്യം മറക്കന്‍ ദണ്ഢന ഭീഷണി മുഴക്കി. ചെക്കന്‍ ഓടിക്കളഞ്ഞു. പോണ പോക്കില്‍ വിളിച്ചു പറഞ്ഞു. " മാഷമ്മാരെ അക്ഷയ ഉദ്‌ഘാടനത്തിന്നു സമയമായി. എല്ലാരും കാത്തു നില്‍ക്കുന്നു.ഞങ്ങള്‍ നടന്നു തൊട്ടടുത്ത അക്ഷയ സെന്ററില്‍ എത്തി.ചെക്കന്റെ ജനസ്വാധീനം ഏതാണ്ടു ഊഹിച്ചു. ഉത്സവത്തിന്നു വന്ന ആളുകള്‍ അധികവും ഇവിടെ തന്നെയാണ്‌.
അഞ്ചു കമ്പ്യൂട്ടറുണ്ട്‌, നെറ്റ്‌ വര്‍ക്കില്‍ യു.പി.എസ്‌ കൊണ്ടു സപ്ലൈ ഗ്യാരണ്ടി ചെയ്‌തിരിക്കുന്നു.വെബ്‌കാമും, സ്പീക്കറും, മൈക്കും, സ്‌കാനറും, പ്രിന്‍ടറും എല്ലാം ഉണ്ട്‌.
നടത്തിപ്പിനെക്കുറിച്ചു സജീവ്‌ വിശദീകരിച്ചു. പതിനഞ്ചു മണിക്കൂറില്‍ തീരുന്ന പത്തു പാഠങ്ങള്‍ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ തരുന്ന സീ.ഡി യുടെ സഹായത്താല്‍ പഠിപ്പിക്കും.കമ്പ്യൂട്ടറില്‍ അടിസ്ഥാന വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ ഒരാളില്‍ നിന്നു ഇരുപതു രൂപമാത്രമേ ഞങ്ങള്‍ വാങ്ങൂ. ബാക്കി നൂറ്റിരുപതു പഞ്ചായത്തില്‍ നിന്നു ഞങ്ങള്‍ക്കു കിട്ടും.ആദ്യം ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്കേ ഈ സൗകര്യം കിട്ടൂ. ക്രമേണ കൂടുതല്‍ പേര്‍ക്കു കിട്ടും. ഐ.ടി.മിഷന്‍ സംഘടിപ്പിച്ച കമ്പ്യൂട്ടര്‍ വിപണന മേളയില്‍ നിന്നാണ്‌ ഇതോക്കെ വാങ്ങിയത്‌. ബാങ്കിന്റെ ലോണുണ്ട്‌.കാളിയുടെ ചെറിയ മോള്‍ സരസ്വതിയാണ്‌ ഇന്‍സ്‌ട്രക്‌ടര്‍.അവള്‍ക്ക്‌ ഐ.ടി.മിഷന്റെ ട്രെയിനിങ്‌ കിട്ടിയിട്ടുണ്ട്‌.
അപ്പോഴാണു ഞാന്‍ തൊട്ടടുത്തു നില്‍ക്കുന്ന പെണ്‍കുട്ടിയെ ശ്രദ്‌ധിച്ചത്‌.നല്ല സ്‌മാര്‍ട്ട്‌ ആയ കുട്ടി. പത്താം തരം പരീക്ഷ എഴുതി നില്‍ക്കയാണത്രേ.ഇതു വരെ എല്ലാത്തിലും ഗ്രേഡ്‌ "എ പ്ലസ്‌" ആണത്രേ.
ഉദ്ഘാടനം എന്നെകൊണ്ടു ചെയ്യിക്കാനാണവന്റെ പരിപാടി. ഞാന്‍ ഒഴിഞ്ഞു മാറി. പ്രസംഗം ഞാനും ഗവണ്മെന്റ്‌ പ്രധിനിധികളും ചെയ്‌തോളാം.സാറു ഏതെങ്കിലും സെര്‍ച്ച്‌ എഞ്ചിന്‍ ഉപയോഗിച്ച്‌ നമുക്കാവശ്യമുള്ള ഡാറ്റ ശേഖരിക്കുന്നതു കാണിച്ച്‌ ഉദ്‌ഘാടനം ചെയ്‌താല്‍ മതി. അവര്‍ നന്നായി പ്രസംഗിച്ചു. ഈമെയിലിനെക്കുറിച്ചും ഈകോമെര്‍സിനെക്കുറിച്ചും ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി.വെബ്‌കാമിലൂടെ ഗള്‍ഫിലിരിക്കുന്ന ഭര്‍ത്താവുമായി മുഖാമുഖം കണ്ടു സംസാരിക്കാമെന്നും കത്തുകള്‍ രണ്ടു മിനിട്ടു കൊണ്ടു ലോകത്തിന്റെ ഏതു കോണിലും ഇന്റര്‍നെറ്റുവഴി എത്തിക്കാമെന്നുള്ള വിശേഷമറിഞ്ഞ ഗള്‍ഫുകാരുടെ വീട്ടുകാരികള്‍ നാണത്തോടെ അത്ഭുതപരതന്ത്രരായി.പാട്ടു കേള്‍ക്കാനും,സിനിമ കാണാനും,സംശയങ്ങള്‍ ദൂരീകരിക്കാനും,ഫോട്ടൊ എടുക്കാനും,അതു പ്രിന്റു ചെയ്യാനും കണക്കു കൂട്ടാനും ചിത്രം വരക്കാനും എന്തിനേറെ പറയുന്നു വീട്ടുകാവലിനു വരെ ഇനി നാം കമ്പ്യൂട്ടറിനെ ആശ്രയിക്കും.അതിനാല്‍ അതിനെക്കുറിച്ചറിയല്‍ അനിവാര്യമാണ്‌.ആളുകള്‍ ആ അത്ഭുത വസ്‌തുവിനെ കാണാന്‍ വളരെ അടുത്തു വന്നു നില്‍പ്പായി.
ഇനി എന്റെ ഉദ്‌ഘാടന ഊഴമാണ്‌. ഡയല്‍ അപ്പ്‌ നെറ്റ്‌വര്‍ക്കില്‍ കണക്‌ട്‌ ചെയ്ത്‌ ഗൂഗ്‌ളിൾ സെര്‍ച്ച്‌ എന്‍ജിന്നു വേണ്ടി അഡ്ഡ്രസ്സ്‌ ബാറില്‍ മൗസ്‌ ക്ലിക്കു ചെയ്‌തപ്പോള്‍ ഹിസ്‌റ്ററിയില്‍ ടിലിറ്റാവതെ കിടന്ന ഒരു വൃത്തികെട്ട ലിങ്ക്‌ ആക്‌ടീവായി. മുന്‍പ്‌ ആരെങ്കിലും അതു തുറന്നിരിക്കണം.മറ്റു എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിന്നു മുന്‍പു ആ വൃത്തികെട്ട പോണ്‍ സൈറ്റ്‌ ഓപ്പണായി.അതോടെ മൗസും,കീബോര്‍ഡും ഹാങ്ങായി.ചുറ്റും കൂടിയ ദൈവീകാന്തരീക്ഷത്തില്‍ നില്‍ക്കുന്ന ജനങ്ങള്‍ അരുതാത്തതു കണ്ടപ്പോള്‍ പാപ ബോധത്താല്‍ അലമുറയിട്ടു.തന്തമാര്‍ കൂടെയുണ്ടായിരുന്ന മക്കളുടെ കണ്ണുപൊത്തി. സജീവ്‌ ഓടി വന്നു മോണിറ്ററിന്റെ പവര്‍ ഓഫാക്കി.
ചുറ്റും കൂടിയ ആളുകളെ നേരിടാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ പെട്ടന്ന്‌ അവിടന്നു മുങ്ങി.
എവിടെ നിന്നോ പാഞ്ഞു വന്ന കാളി, മകള്‍ സരസ്വതിയെ പിടിച്ചു വലിച്ചു അക്ഷയ സെന്ററില്‍ നിന്നു പുറത്തേക്കോടി.കാളിക്കു പെട്ടന്നു ബാധ കേറി.അവരു തുള്ളാന്‍ തുടങ്ങി. ആ കണ്ണുകളിലെ അഗ്‌നി കണ്ടു ഞാന്‍ ഞെട്ടി. ദേഹമാസകലം വിറകേറി അവര്‍ പെരുവിരല്‍ തുമ്പത്ത്‌ ഉയര്‍ന്ന്‌ മുടിയാട്ടം തുടങ്ങി.വാളും ചിലങ്കയും അരമണിയും മഞ്ഞപ്പൊടിയും ചെമന്ന അങ്കിയും ചേങ്കിലകളും ഒന്നുമില്ലെങ്കിലും ആ കണ്ണില്‍ നിന്നു തെറിക്കുന്ന കടും ചോരത്തുള്ളികള്‍ സരസ്വതി (വിദ്യാദേവത)യുടെ തൂവെള്ള വസ്‌ത്രത്തില്‍ കളങ്കത്തിന്റെ പാടുകള്‍ സൂചിപ്പിച്ചു. ദൂരെ നിറവയറോടെ നിന്ന ലക്ഷ്‌മി (ധനത്തിന്റെ ദേവത) യുടെ കുഴിഞ്ഞ കണ്ണുകള്‍ ദയനീയമായി എന്നെ നോക്കി. പൂരപ്പരമ്പില്‍ നിന്നു പുറത്തു കടന്നിട്ടും ആ ആറു കണ്ണുകളിലെ നിന്ദ മനസ്സില്‍ നിന്നു പോയില്ല.
അവിടന്നു എനിക്കൊരു വെളിപാടുണ്ടായി.ഗുണങ്ങള്‍ ഘോഷിക്കുന്നവര്‍ക്കു അതിന്റെ ദൂഷ്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കനുള്ള ബാധ്യത ഉണ്ടെന്ന്‌.
ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും, ഏതു യ്ന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്റെ മണവും മധുരവും ധാര്‍മ്മികതയും തന്റേടവും എന്ന വൈലോപ്പിള്ളിയുടെ ആശംസകള്‍ കടമെടുത്തു നിങ്ങള്‍ക്കു തരുന്നു. മാത്രമല്ല ഇവിടെ നടന്നതൊക്കെ മാലോകരെ അറിയിക്കാനായി ഞാനിതു ഒരു കഥയായി എഴുതുന്നു. പക്ഷെ നിങ്ങള്‍ ഇതിനെ കാര്യമായി കാണുമല്ലോ.!

13 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  പുതിയ ഒരു കഥയിട്ടു തരുന്നു. പക്ഷെ ഇതിന്നു ചിലരെന്നെ കടിച്ചു കീറും.

  അബ്ദുല്‍കരീം.തോണിക്കടവത്ത്‌

 2. സു | Su പറഞ്ഞു...

  ഈ കഥ നല്ല കാര്യമായി. :)

  wv (ioocv)

 3. Rasheed Chalil പറഞ്ഞു...

  കഥയല്ല... ഇതുകാര്യം തന്നെ... ഒരു സാമൂഹ്യവിമര്‍ശനം... നന്നായി..

 4. Unknown പറഞ്ഞു...

  കരീം മാഷെ,
  കഥ നന്നായി. അക്ഷയയുടെ ഗതിയും സാക്ഷരതാ മിഷന്‍ നടത്തിയ പ്രൊജക്റ്റുകളുടെ പോലെത്തന്നെ. സംശയമില്ല.

  മഞ്ചേരിയിലാണല്ലേ? ഞാന്‍ കോട്ടക്കലാണ്.

 5. ബിന്ദു പറഞ്ഞു...

  വളരെ നന്നായി. കാളി മനസ്സില്‍ നിന്നു പോവുന്നില്ല :( അതിനല്ല ഇവിടെ പ്രാധാന്യം എങ്കിലും.

 6. viswaprabha വിശ്വപ്രഭ പറഞ്ഞു...

  ഞാന്‍ ഇപ്പോള്‍ കേരളത്തിലാണ്.

  ലീവു കഴിഞ്ഞ് കിണറ്റീന്ന് തടിയൊന്നൂരിക്കോട്ടെ, എന്നിട്ടു വേണം ക്ഷയ പദ്ധതിയെക്കുറിച്ചും ഒക്കെ ഒന്നു നീട്ടി കമന്റു വെക്കാന്‍.


  ഒരു കല്ലേച്ചിയായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ.....

 7. myexperimentsandme പറഞ്ഞു...

  വളരെ വളരെ വളരെ നന്നായിരിക്കുന്നു. ബിന്ദു പറഞ്ഞതുപോലെ കാളി മനസ്സില്‍ നിന്നും പോകുന്നില്ല.

  അവസാനവരികള്‍ വളരെ പ്രാധാന്യമുള്ളത്.

  വിവരണത്തിന്റെ രീതി വായന വളരെയേറെ ആസ്വാദ്യകരമാക്കി.

 8. ::പുല്ലൂരാൻ:: പറഞ്ഞു...

  മഞ്ചേരിക്കാരനാണോ..??
  ഞമ്മളും ആണേ..!!!

 9. അരവിന്ദ് :: aravind പറഞ്ഞു...

  നന്നായിട്ടുണ്ട് കഥ.

 10. തറവാടി പറഞ്ഞു...

  ഞങ്ങളുടെ മണ്ണാത്തീ കാളിയെ ഓര്‍മ്മിപ്പിച്ചദിന് ഒരായിരം നന്ദി..............‍

 11. Adithyan പറഞ്ഞു...

  നന്നായി എഴുതിയിരിയ്ക്കുന്നു മാഷെ...

 12. കരീം മാഷ്‌ പറഞ്ഞു...

  അരവിന്ദ്‌ ഇതു കഥയല്ല ജീവിതാനുഭവമാണ്‌.
  മഞ്ചേരിയില്‍ നിന്നൂ അഞ്ചു കിലോമീറ്ററിന്റെ ദൂരമുള്ള ഇരുമ്പുഴി എന്ന ഗ്രാമത്തിള്‍ ചെന്നാല്‍ ആര്‍ക്കും ഈ കാളിയെ കാണാം.
  ദേഹരക്ഷയെക്കരുതി ബാക്കിയുള്ളവരുടെ പേരുകള്‍ മറ്റിയെന്നു മാത്രം. പിന്നെ ഞാന്‍ എന്റെ ശൈലിയില്‍ എഴുതി എന്നു മാത്രം.

 13. സ്നേഹിതന്‍ പറഞ്ഞു...

  കാളിയും കംപ്യൂട്ടറും വെളിച്ചപ്പാടും വെളിപാടുമായി മനസ്സില്‍ കടന്നെങ്കിലും തങ്ങിനില്ക്കുന്നത് കാളി തന്നെ.