തിങ്കളാഴ്‌ച, ജൂൺ 05, 2006

ഓണമെത്തുമ്പോള്‌ ഓര്‍ക്കുന്നൊരു പേക്കിനാവ്‌


തിരുവോണമാണന്ന്‌ ചാനലുകാരും വിവിധ മലയാളം റേഡിയോ പ്രക്ഷേപകരും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു.

കൂണുപോലെ പൊട്ടിമുളച്ച അനേകം പ്രവാസി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും അലൂമിനികളും ഗള്‍ഫിലെ സ്വര്‍ണ്ണകച്ചവടക്കാരുടെയും ഹൈപ്പര്‍ മാര്‍ക്കറ്റുകാരുടേയും സാമ്പത്തിക പിന്‍ബലത്തില്‍ തകൃതിയായി ഓണമാഘോഷിക്കുന്നതിന്റെ ജാഡകളാണ്‌ ഉപരിവര്‍ഗ N.R.K.കള്‍ക്ക്‌.

ഇപ്രാവശ്യമെങ്കിലും ഓണക്കാലത്തു നാട്ടില്‍ പോകണമെന്നാഗ്രഹിച്ചതാണ്‌. ലീവു കിട്ടിയപ്പോള്‍ ടിക്കറ്റു കിട്ടാനില്ല. തിരുവോണപ്പിറ്റേന്നു മാത്രമേ സീറ്റുള്ളൂ.

തിരുവോണദിനമായ ഇന്നും എനിക്കു പന്ത്രണ്ടു മണിക്കൂര്‍ ജോലിയുണ്ട്‌. നാട്ടിലാണെങ്കില്‍ ഓണത്തിനു പത്ത്‌ ദിവസം പരന്ന അവധി തന്നെ. നാളെ ഞാന്‍ നാട്ടിലേക്കു തിരിക്കുകയാണ്‌.

ചൂടു ഒത്തിരി കുറഞ്ഞിട്ടുണ്ട്‌. ഓഫീസിന്റെ റോഡിനഭിമുഖമല്ലാത്ത ഭാഗത്തെ ചില്ലു ജാലകം പകുതി തുറന്നു വെച്ചാല്‍ മലയാളികള്‍ ഏറെയുള്ള ഒരു ലേബര്‍ ക്യാമ്പിന്റെ അത്രയൊന്നും വൃത്തികേടില്ലാത്ത പിറകുവശം കാണാം. അവിടെ ആരോ കഷ്ടപ്പെട്ടു നട്ടുവളര്‍ത്തിയ മുരിങ്ങാമരവും പപ്പായമരവും നാട്ടിന്റെ ഓര്‍മ്മയെ തൊട്ടുണര്‍ത്തന്നു.

"ഓണം വന്നോണം വന്നോണം വന്നേ".

ദൂരെ നിന്നും പൂവിളിയുടേയും തിരുവാതിരക്കളിയുടേയും നേര്‍ത്ത ഈണം കാതില്‍ വന്നെന്തോ ചൊല്ലിയോ?, അതോ വെറും തോന്നലോ?.

ട്രാന്‍സ്പാരന്റ്‌ ഫേബ്രിക്കില്‍ തുന്നിയ ചില്ലുചിറകും, ചുവന്ന പട്ടിന്റെ വാലും കൊണ്ട്‌ വട്ടം ചുറ്റിപറക്കുന്ന ഓണത്തുമ്പികളെ കണ്ടിട്ടെത്ര കാലമായി. ദിവാനെ അമീരി സ്ക്വയറില്‍ ട്രാഫിക്‌ ജാമാകുമ്പോള്‍ അതു നിയന്ത്രിക്കാന്‍ ദൂരെ നിന്നു പാറി വരുന്ന ഹെലികോപ്റ്ററു കാണുമ്പോള്‍ ആ ഓണത്തുമ്പികളെ ഓര്‍ക്കും.

ഓണമെന്നു കേട്ടാല്‍ പല്ല്യാളിയലെ കൊയ്തു കഴിഞ്ഞ കണ്ടത്തില്‍ പുറുത്താളു പെറുക്കുന്ന ചടങ്ങാണ്‌ എപ്പോഴുമാദ്യം മനസിലേക്കോടി വരിക.

ഓണപ്പരീക്ഷ കഴിഞ്ഞ ആനന്ദഭരിതമായ പത്തുനാള്‍ നീണ്ട സ്കൂളവധിക്കാലം. അന്ന്‌ പുറുത്താള്‍ ശേഖരിക്കല്‍ ഒരു മത്സരമാണ്‌. തിരുവോണത്തലേന്നു ഓരോരുത്തരുടേയും 'കളക്ഷന്‍' അളന്ന്‌ കൂടുതല്‍ നെല്‍മണികള്‍ കിട്ടിയവരെ പേരെടുത്തു പറഞ്ഞഭിനന്ദിച്ച്‌ വല്ല്യുപ്പ പ്രോല്‍സാഹന സമ്മാനങ്ങള്‍ തരും. പുറുത്താള്‍ ഏറ്റക്കുറച്ചിലു നോക്കിയാണ്‌ അടുത്ത വര്‍ഷം പണിക്കാരെ നിശ്ചയിക്കുന്നത്‌.
പുറുത്താള്‍ കുറഞ്ഞാല്‍ പത്തായത്തില്‍ നിന്ന്‌ നെല്ലെടുത്തു കൂട്ടി അവിലിടിക്കാന്‍ അടുക്കളപ്രജകളെ ഏല്‍പ്പിക്കുന്നതും, വൈകുന്നേരം ഇതിന്നായി നീക്കിവെച്ച ഒരു കുല പുവന്‍പഴവും മൂക്കാതേങ്ങ വലുതാക്കി ചെരകിയതും പനഞ്ചക്കര പൊടിച്ചതും ചീരുള്ളി ചതച്ചതും ഇട്ട്‌ വല്ല്യുപ്പ കുഴച്ചെടുക്കുന്ന അവിലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കുപോലും നാവിന്റെ തുമ്പത്തെ സ്വാദുമുകുളങ്ങളെ ഉദ്ദീപിക്കാനിന്നും കഴിയുന്നു.
ഇത്‌ തറവാട്ടില്‍ നിന്നകന്നു നിന്ന പതിനഞ്ചാമത്തെ ഓണം.

കാളിംഗ്‌ ബെല്ലടിക്കുന്നു. ആരാവും ഈ തിരുവോണദിനത്തില്‍ എന്റെ നൊസ്റ്റാള്‍ജിയക്കു മരുന്നുമായെത്തിയിരിക്കുന്നതെന്നു നിനച്ച്‌ ഞാന്‍ വാതില്‍ തുറന്നപ്പോള്‍, മുമ്പില്‍ വാച്ച്മാന്‍ മോഹന്‍. കയ്യില്‍ വാഴയിലകൊണ്ട്‌ മൂടിയ ഒരു സ്റ്റീല്‍ പാത്രം. വാങ്ങി തുറന്നു നോക്കിയപ്പോള്‍ പാലടപ്പായസം. വിശ്വസിക്കാനാവാതെ മോഹനെ തുറിച്ചു നോക്കി. അവന്‍ പറഞ്ഞു. "മൂന്നൂറ്റി നാലിലെ പത്മിനിചേച്ചി തന്നു വിട്ടതാണ്‌".പത്മിനിചേച്ചി എന്നു കേട്ടപ്പോള്‍ ഒരു നിമിഷം മരവിച്ചു നിന്നു. ഞങ്ങളുടെ പത്മിനിയേട്ടത്തിയെ പെട്ടെന്നോര്‍മ്മ വന്നു

പട്ടാളക്കാരനായ സുകുമാരേട്ടനും പത്മിനിയേട്ടത്തിയും ഞങ്ങളുടെ നല്ലവരായ അയല്‍ക്കാര്‍. പത്മിനിയേട്ടത്തിക്കു കുട്ടികളില്ലായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളായ ഞങ്ങളെ വലിയ കാര്യമായിരുന്നു.. പത്മിനിയേട്ടത്തിക്കുവേണ്ടി പൂക്കളമൊരുക്കാന്‍ പൂ ശേഖരിക്കലാണ്‌ മറ്റൊരു ഓണക്കാലമോര്‍മ്മ. ഒരു കൂട നിറയെ പൂ പറിച്ച്‌ രാത്രി മഞ്ഞു കൊള്ളിച്ച്‌ പുലര്‍ച്ചെ പത്മിനിയേട്ടത്തി ഓണപ്പൂക്കളമിടുമ്പോള്‍ ഞങ്ങള്‍ ചുറ്റിനും കൂടിയിരിപ്പുണ്ടാവും ചേച്ചി ഞങ്ങള്‍ക്കു വേണ്ടിയായിരുന്നു പൂക്കളമിട്ടിരുന്നത്‌. ഏട്ടത്തിയുടെ പൂക്കളത്തിന്റെ പാറ്റേണ്‍ വര്‍ഷങ്ങളോളം മനസില്‍ തങ്ങി നില്‍ക്കും. പരസ്പര പൂരകങ്ങളായ ആ കളര്‍ സെലക്ഷന്‍ ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു.

പുറുത്താള്‍ അവിലു കുഴച്ചതു കൊടുക്കാന്‍ ചെന്നാല്‍ ഏട്ടത്തി ഞങ്ങള്‍ക്കായി പാല്‍പ്പായസം തയ്യാറാക്കി പിത്തള പാത്രത്തില്‍ വാഴയില കൊണ്ടു മൂടി വെച്ചിട്ടുണ്ടാവും.

അഞ്ചാം ക്ലാസിലെ ഹിന്ദി വായിച്ചു തരാന്‍ ഉമ്മാക്കറിയാത്തതിനാലാണ്‌, ഉമ്മ എന്നെ പത്മിനിയേട്ടത്തിയുടെ വാലില്‍ കെട്ടിയത്‌. അവര്‍ ഹിന്ദിയില്‍ എം.എ. കാരിയാണത്രേ. അതെന്താണൊന്നും അന്നെനിക്കറിയില്ലായിരുന്നു. പട്ടാള യൂനിഫോമില്‍ നില്‍ക്കുന്ന സുകുമാരേട്ടന്റെ ചിത്രത്തില്‍ നോക്കി 'ജയ്‌ ജവാന്‍'എന്നും പല്ല്യോളിയില്‍ മോടം വിതക്കുന്ന വല്ല്ല്യുപ്പാനെ ചൂണ്ടി 'ജയ്‌ കിസാന്‍'എന്നും പത്മിനിയേട്ടത്തി വായിച്ചു തരും.

പത്മിനിയേട്ടത്തി 'വിശ്വഭാരതി'യില്‍ ഹിന്ദി ക്ലാസെടുക്കുന്നതു കണ്ടിട്ടാത്രേ സുകുമാരേട്ടന്‌ വല്ലാതങ്ങ്‌ ഇഷ്ടപ്പെട്ട്‌ അവരെ സ്വന്തമാക്കിയത്‌. പക്ഷെ ആ സ്നേഹം അധികം അനുഭവിക്കാന്‍ അവര്‍ക്കു വിധിയുണ്ടായില്ല. അതിര്‍ത്തിയിലെവിടയോ സൈനികനീക്കമുണ്ടെന്ന്‌ അറിയിച്ചുകൊണ്ടാണ്‌ പത്മിനിയേട്ടത്തിക്ക്‌ സുകുമാരേട്ടന്റെ അവസാനത്തെ കത്തുകിട്ടിയത്‌.

പിന്നീട്‌ ഒരുപാടു സൈനിക മൃതശരീരങ്ങള്‍ ഔദ്യോഗിക ബഹുമതിയോടെ നാട്ടില്‍ കൊണ്ടുവന്നടക്കി. പക്ഷെ സകുമാരേട്ടന്റെ യാതൊരു വിവരവും കിട്ടിയില്ല.

മരിച്ചു പോയെന്ന്‌ ഒരു ഉറപ്പു കിട്ടാന്‍ വാസുവും എവിടെയെങ്കിലും ജീവനോടെയുണ്ടാവണേ എന്ന്‌ പത്മിനിയേട്ടത്തിയും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. പത്മിനിയേട്ടത്തിയെ ഓടിച്ച്‌ ആ ഒന്നരേക്കര്‍ പുരയിടവും വീടും സ്വന്തമാക്കാനായിരുന്നു സുകുമാരേട്ടന്റെ വകയിലൊരനിയനായ വാസുവിന്റെ നോട്ടം.

പത്മിനിയേട്ടത്തിയുടെ ജാതകം ശരിയല്ലാത്തതുകൊണ്ടാണ്‌ സുകുമാരേട്ടന്റെ ജഢം പോലും സംസ്കരിക്കാന്‍ കിട്ടാത്തതെന്നവന്‍ കുറ്റപ്പെടുത്തി. മരണപ്പെട്ട ജവാന്‍മാരുടെ കുടുബത്തിന്‌ ലക്ഷങ്ങളും ആശ്രിതര്‍ക്ക്‌ സര്‍ക്കാര്‍ ജോലിയും കിട്ടിയെന്നും ഈ മച്ചി മൂധേവിയുടെ തലേവര കാരണം കയ്യില്‍ വന്ന സൗഭാഗ്യം നഷ്ടപ്പെട്ടു എന്ന്‌ വാറ്റടിക്കാന്‍ ടൗണില്‍ നിന്ന്‌ കരുമാഞ്ചേരി പറമ്പു കയറി വന്ന എല്ലാ കുടിയന്‍മാരോടും അയാള്‍ പുലമ്പി. ചാരായത്തിന്റെ ലഹരിയില്‍ അവരപ്പോഴതൊക്കെ ശരിവെച്ചെങ്കിലും പിറ്റേന്ന്‌ കെട്ടിറങ്ങിയപ്പോള്‍ വാസു പറഞ്ഞതൊക്കെ പത്മിനിയേട്ടത്തിയോടു പറഞ്ഞ്‌ അവരുടെ മനസിന്റെ കനം കുറച്ച്‌ പത്മിനിയേട്ടത്തിയുടെ ആധിയുടെ ആഴം കൂട്ടി.

പുറത്തു കോലായില്‍ തൂക്കിയ സുകുമാരേട്ടന്റെ ഫോട്ടോവില്‍ മാലയിടാന്‍, വാസു രണ്ട്‌ കിലോമീറ്റര്‍ നടന്ന്‌ കരുമാഞ്ചേരി കുന്നിറങ്ങി സുകുമാരേട്ടന്റെ വീട്ടിലെത്തുക പതിവാക്കിയപ്പോള്‍ പത്മിനിയേട്ടത്തി അത്‌ പുറത്തെ ചുമരില്‍ നിന്നിളക്കി കിടപ്പുമുറിയില്‍ തൂക്കി. വാസുവിന്ന്‌ പത്മിന്യേട്ടത്തിയുടെ കിടപ്പറയില്‍ കടക്കാനതൊരു വഴി തുറന്നു.

പീഢനം ശരീരത്തിലേക്കു വഴിമാറിയപ്പോള്‍, പത്മിന്യേട്ടത്തി അലമുറയിട്ടു. ഒച്ച കേട്ട്‌, വല്ല്യുപ്പ ഓടി ചെന്നപ്പോള്‍ വാസു പറഞ്ഞു.
"ഹാജ്യാരേ ഇത്‌ നായമ്മാരുടെ പ്രശ്നമാണിത്‌ ഇത്‌ ഞങ്ങള്‌ തമ്മില്‍ തീര്‍ത്തോളാം. മാപ്ലാര്‍ക്ക്‌ പോകാം".

നാട്ടില്‍ മതത്തിന്റെ പേരു ചൊല്ലി മനുഷ്യന്റെ തലകള്‍ കൊയ്യുന്ന കാലം.
പൊല്ലാപ്പിന്ന്‌ നില്‍ക്കാതെ വല്ല്യുപ്പ തിരിച്ചുപോയപ്പോള്‍ പത്മിനിയേട്ടത്തിയുടെ രോദനം ഉച്ചത്തിലായി.

പിന്നെ പിന്നെ എന്തൊച്ച കേട്ടാലും വല്ല്യുപ്പയും മറ്റും അങ്ങോട്ടു തിരിഞ്ഞു നോക്കാതായി.

പക്ഷെ ഞാനപ്പോഴും എന്റെ ഹിന്ദി പുസ്തകവും കൊണ്ട്‌ പത്മിനിയേട്ടത്തിയുടെ അടുത്തു പോകും. സ്കൂളില്‍ കണക്കില്‍ പാസ്മാര്‍ക്കു മാത്രം കിട്ടിയിരുന്ന എനിക്ക്‌, ഹിന്ദിയില്‍ മുഴുവന്‍ മാര്‍ക്ക്‌ കിട്ടിയപ്പോള്‍ ആ ടീച്ചര്‍ തന്നെ വിസ്മയപ്പെട്ടു. പിന്നെ അറബി പഠിപ്പിക്കുന്ന ഉണ്ണീന്‍ മൗലവി പറഞ്ഞത്രേ "ടീച്ചറേ ഇങ്ങള്‌ ഹജബാഗണ്ടാ, ഓനെ പെറ്റത്‌ ഉത്തരേന്ത്യയിലായിരിക്കും അല്ലാതെ ഇത്തര ചെറുപ്പത്തില്‌ കോപ്പി അടിച്ച്‌ മുയ്മം മാര്‍ക്ക്‌ വാങ്ങാന്‍ ഓന്‍ മന്ത്രിന്റെ മോനൊ സിനിമാ നടനോ ഒന്നുമല്ലല്ലോ?"

ഹിന്ദിയുടെ മാര്‍ക്കു കിട്ടിയ പുസ്തകം ഉമ്മാക്കു പോലും കാണിച്ചു കൊടുക്കാതെ പത്മിനിച്ചേച്ചിയുടെ വീട്ടിലേക്കോടും. അതു കാണുമ്പോള്‍ അവരുടെ സന്തോഷം കാണേണ്ടതു തന്നെ. വാരിപ്പിടിച്ച്‌ മൂര്‍ദ്ദാവില്‍ ഉമ്മ തരും. നെറുകെ നനവ്‌ പടരുമ്പോള്‍ ഞാനറിയും അവരു കരയുകയാണെന്ന്‌. ആശ്വസിപ്പിക്കാനറിയാത്ത ആ കുരുന്നു പ്രായത്തില്‍ അവരെ കരയാന്‍ വിട്ടു ഞാനെന്റെ വീട്ടിലേക്കു സങ്കടത്തോടെ തിരിച്ചു ചെല്ലുമ്പോള്‍ ഉമ്മ ബുക്കു നോക്കി ചോദിക്കും
"നീയും വാസുവിനെപ്പോലെ പത്മിനിയെ കരയിക്കാന്‍ അവിടെ ചെന്നോ?." അന്നു രാത്രി എനിക്കുറങ്ങാന്‍ കഴിയില്ല.
ഞാനും വാസുവിനെപ്പോലാണോ?
എന്നെ ചേര്‍ത്തു പിടിച്ചെന്തിനാ പത്മിനിയേട്ടത്തി കരഞ്ഞത്‌. ആലോചിച്ചിട്ട്‌ എനിക്കൊന്നും മനസിലായില്ല.

പതിവു പോലെ ഒരു കൂട പൂക്കളുമായി ത്രിസന്ധ്യക്ക്‌ വീടിന്റെ പുറകു വശത്തൂടെ പത്മിനിയേട്ടത്തിയടെ അടുക്കള ചായ്പ്പിനടുത്തേക്കു കുറുക്കു വഴിയിലെത്തിയപ്പോള്‍, അകത്തെ മുറിയില്‍ നിന്ന്‌ ഒരാണിന്റെ കിതപ്പിന്റെ ശബ്ദവും പത്മിനിയേട്ടത്തിയുടെ കരച്ചിലിന്റെ അവ്യക്തമായ ശബ്ദവും കേട്ടു.
ഓലത്തടുക്കു കൊണ്ട്‌ മറച്ച അടുക്കള ചുമരിലുടെ അകത്തെ തുറന്ന മുറിയില്‍ ഞാനൊരു ഞെട്ടിക്കുന്ന കാഴ്ച കണ്ടു.

പേടികൊണ്ട്‌ അലറി വിളിച്ചു ഞാന്‍. പക്ഷേ ശബ്ദം പുറത്തു വന്നില്ല. തിരിച്ചെങ്ങനെയാണ്‌ വീട്ടിലെത്തിയെന്നോര്‍മ്മയില്ല.

ഓര്‍മ്മ വന്നപ്പോള്‍ വീട്ടില്‍ കരിമ്പടത്തിനുള്ളില്‍ വിറച്ചു പനിച്ചു കിടപ്പായിരുന്നു. കലശലായ പനിയുടെ കാരണം ഉമ്മാക്കൊഴികെ ആര്‍ക്കും പിടികിട്ടയില്ല. ഉമ്മ കാതില്‍ പറഞ്ഞു "എന്റെ കുട്ടി ഒന്നും ഓര്‍ക്കണ്ട ഒന്നും ആരോടും പറയണ്ട. പേടിപ്പിക്കുന്ന ഒരു കിനാവ്‌ കണ്ടതാണ്‌".

വിട്ടത്തിന്റെ നടുവില്‍ തൂങ്ങിയാടുന്ന പത്മിനിയേട്ടത്തിയുടെ ചേതനയറ്റ ശരീരം കയറു കണ്ടിച്ച്‌ തറയിലേക്കു കിടത്തിയപ്പോള്‍ അതുകാണാന്‍ ഞങ്ങള്‍ കുട്ടികളെ ആരെയും തറവാട്ടിലെ വല്ല്യുപ്പ അനുവദിച്ചില്ല. ഞാനന്ന്‌ പനി പിടിച്ച്‌ തീരെ കിടപ്പിലായതിനാല്‍ എന്റുമ്മാക്കും അതു കാണാന്‍ പറ്റിയില്ല. പോലീസു വന്നതും ശവം കൊണ്ടു പോയതുമെല്ലാം റംലമ്മായി പറഞ്ഞാണ്‌ പിന്നീട്‌ ഞാനറിഞ്ഞത്‌.

ഓണപ്പൂക്കളമിടാന്‍ ചാണകം മെഴുകി മിനുസം വരുത്തിയ മുറ്റത്തെ വെറും തറയില്‍ പത്മിനിയേട്ടത്തിയെ കിടത്തിയെന്നും അവിടന്ന്‌ പിന്നെ പോലീസ്‌ ആംബുലന്‍സിലേക്കെടുത്തപ്പോള്‍ മഞ്ഞിന്‍ കണത്താല്‍ ഈറനായ വാടിയ ഓണപ്പൂവിതളുകള്‍ ആ മുടിയിഴകളില്‍ പിരിയാനാവാതെ ഒട്ടിച്ചേര്‍ന്നിരുന്നുവെന്നും അവള്‍ പറഞ്ഞു..

മൂന്നാം ദിവസവും എന്റെ പനിയും വിറച്ചിലും വിട്ടു പോകാത്തപ്പോള്‍ വല്ല്യുപ്പ താഴത്തെ വൈദ്യരെ കൂട്ടി കൊണ്ടു വന്നു. അയാള്‍ തന്ന കയ്പ്പുള്ള മരുന്നു കഴിച്ച്‌ കിടക്കുമ്പോള്‍ അയല്‍പക്കത്തെ ദുര്‍മരണത്തെ കുറിച്ചു വൈദ്യര്‍ വല്ല്യുപ്പനോട്‌ ചോദിക്കുന്നത്‌ കേട്ടു . വല്ല്യുപ്പ പറഞ്ഞു
"എല്ലാര്‍ക്കും ആദ്യം വാസുവിനെ സംശയം ഉണ്ടായിരുന്നു. പക്ഷെ അവന്‍ ഒരാഴ്ചയായി കള്ളവാറ്റു കേസില്‍ റിമാന്റിലാണെന്ന്‌ ഹെഡ്‌ കോണ്‍സ്റ്റബിള്‍ നാരായണന്‍ നായരു തന്നെയാണ്‌ അങ്ങാടിയില്‍ വെച്ച്‌ പറഞ്ഞത്‌. അങ്ങനെ സുകുമാരന്‍ മരിച്ച സങ്കടത്തില്‍ അവളു തൂങ്ങിച്ചത്തെന്നു പറഞ്ഞ്‌ പോലീസ്‌ പടം മടക്കിയത്രെ!".

അതില്‍ പിന്നെ കയറില്‍ തൂങ്ങിയാടുന്ന എന്തു കണ്ടാലും എനിക്കു പനി വരും.
നാട്ടിന്‍ പുറത്തെ ചായമക്കാനികളെ എനിക്കു പേടിയായി.
കാരണം അവിടെ വിട്ടത്തില്‍ തൂങ്ങിയാടുന്ന പഴക്കുലകള്‍ കാണുമ്പോള്‍ എനിക്ക്‌ പത്മിനിയേട്ടത്തിയുടെ തള്ളിത്തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍ ഓര്‍മ്മ വരും.

വാസു കള്ളവാറ്റു ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിട്ട്‌ ആദ്യം വന്നത്‌ ഞങ്ങളുടെ അയപക്കത്ത്‌.
കൂടെ ഒരു തേവിടിശി പെണ്ണും. രണ്ടാളും ഉളുപ്പൊന്നുമില്ലാതെ സുകുമാരേട്ടന്റെ വീട്ടില്‍ പൊറുതി തുടങ്ങിയപ്പോള്‍ ഹെഡ്‌ കോണ്‍സ്റ്റബിള്‍ നാരായണന്‍ നായര്‍ അവിടത്തെ നിത്യ സന്ദര്‍ശകനായി.

എന്റെ തറവാട്ടിലെ തലയില്‍ തട്ടമിട്ട പെണ്ണുങ്ങള്‍ കുശുകുശുക്കാനും ജനവാതിലിലൂടെ വടക്കോറത്തേക്കു ഏറെ നേരം കള്ളനോട്ടം നോക്കാനും തുടങ്ങിയപ്പോള്‍ വല്ല്യുപ്പ അതിരിലെ, മതിലിന്റെ ഉയരം വല്ലാതങ്ങു കൂട്ടി.
പിന്നെ വടക്കെപുറത്തെ കാഴ്ചകള്‍ ഞങ്ങള്‍ക്കന്യമായി.

തറവാട്ടില്‍ നിന്ന്‌ ഞങ്ങള്‍ ഭാഗം പിരിഞ്ഞ്‌ ടൗണിലേക്കു മാറിയപ്പോള്‍ പത്മിനിയേട്ടത്തിയുടെ വാല്‍സല്യം തുളുമ്പിയ അയല്‍പക്കം ഒരോര്‍മ മാത്രമായി.

തിരുവോണം പലതു കഴിഞ്ഞപ്പോള്‍ ഞാന്‍ യു.പി സ്കൂളും ഹൈസ്ക്കൂളും കോളേജും കഴിഞ്ഞ്‌ ഗള്‍ഫുകാരനായി.

ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും പുതുതായി വന്ന സര്‍ക്കാരുകള്‍്‌ ഇമേജുയര്‍ത്താന്‍ വേണ്ടി യുദ്ധതടുകാരെ പരസ്പരം കൈമാറിയപ്പോള്‍ സുകുമാരേട്ടന്‍ മടങ്ങി വന്നു.
പക്ഷെ ഒരു കാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരുന്നു.

വാസുവിനേയും തേവിടിശി പെണ്ണിനേയും വീട്ടില്‍ നിന്നിറക്കി വിട്ടു പത്മിനിയേട്ടത്തിയെ അടക്കം ചെയ്ത കാടു പിടിച്ച സഥലം നന്നാക്കി അവിടെ തറ കെട്ടി.

അതിരിലെ ഉയരമുള്ള മതിലില്‍ ഒരു വാതിലു വെട്ടിവെച്ച്‌, അതിലൂടെ സുകുമാരേട്ടനെ കൈപിടിച്ചു കൊണ്ട്‌ വന്ന്‌, തറവാട്ടിലിരുത്തി പട്ടാളകഥകള്‍ ഏറെ കേട്ടിട്ടാണ്‌ എന്റെ വല്ല്യുപ്പ മൗത്തായത്‌.

കരുമാഞ്ചേരിപ്പറമ്പിലെ വാസുവിന്റെ കള്ളവാറ്റു കേന്ദ്രം റൈഡ്‌ ചെയ്തു. വാസുവിനെ പലതവണ എക്സൈസുകാരു കൊണ്ടു പോയി. ആദ്യത്തെ പോലെ വരുമാനം അവനില്‍ നിന്നു കിട്ടാതായപ്പോള്‍ അവരു ആ ശരീരത്തില്‍ വിവിധ ദണ്‍ധനമുറകള്‍ അഭ്യസിക്കാന്‍ മത്സരിച്ചു. വാസു നിത്യ രോഗിയായി.
പക്ഷെ ചത്തില്ല. ഒരു പാടനുഭവിക്കാന്‍ ബാക്കിയിട്ടുകൊണ്ട്‌ ആ തേവിടിശി പെണ്ണും അവളുടെ വഴിക്കു പോയി. വാസുവിന്റെ കറുത്ത തൊലി കൊണ്ട്‌ 'ലാമിനേറ്റ്‌' ചെയ്ത വെളുത്ത അസ്ഥികൂടിനകത്ത ആസ്മയും ക്ഷയവും ചുമയും എല്ലാം ഒന്നിച്ചു കുടിയേറി. കൂനിന്‍മേല്‍ കുരുപോലെ വാസുവിനു പറങ്കിപ്പുണ്ണും പിടിച്ചു.


ഓണത്തിന്റെ തെരക്കുകള്‍ ഒഴിഞ്ഞ കേരളത്തിലേക്കാണ്‌ ഞാനെത്തിയത്‌. ഗള്‍ഫിലാണെങ്കില്‍ അടുത്ത ഓണം വരെ വെള്ളിയാഴ്ച തോറും എന്നും ഓണാഘോഷം തന്നെ.

യാദൃശ്ചികമായി ഞാന്‍ വാസുനെ കണ്ടു.
ബസ്‌ വെയ്റ്റിംഗ്‌ ഷെഡിന്റെ മൂലയില്‍ ഒരു ഭാണ്‍ധക്കെട്ടുപോലെ വാസു കൂനിയിരിക്കുന്നു.
ഒരു നിമിഷം വിട്ടത്തില്‍ തൂങ്ങിയാടുന്ന തള്ളിത്തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍ ഓര്‍മ്മ വന്നു.
ഞാന്‍ ചോദിച്ചു "എന്നെ ഓര്‍മ്മയുണ്ടോ?"
"ഞാന്‍ ഹാജ്യാരുടെ പേരക്കുട്ടി"
"വാസു നീ നടത്തിയ കൊലപാതകത്തി ന്റെ ഏക ദൃക്‌സാക്ഷി"
"അറിയുമൊ?"
വാസു എന്നെ തുറിച്ചു നോക്കി. ഞാന്‍ വീണ്ടും വ്യക്തമാക്കി പറഞ്ഞു
"നീ പത്മിനിയേട്ടത്തിയെ കഴുത്തില്‍ കുരുക്കിട്ട്‌ മേല്‍പ്പുരയുടെ വിട്ടത്തിലൂടെ വലിച്ചുയര്‍ത്തിയതു കണ്ട ഏക ദൃക്‌സാക്ഷി.നീ വായില്‍ തിരുകികേറ്റിയ തുണി കാരണം പുറത്തു വരാത്ത നിലവിളി. ഒന്നു പ്രതിരോധിക്കാന്‍പോലും കെല്‍പ്പില്ലാതെ ദുര്‍ബലമായ ഒരെറ്റ പിടച്ചിലില്‍ എല്ലാം അവസാനിച്ച പത്മിനിയേട്ടത്തിയുടെ പുറത്തേക്കു തള്ളിയ കണ്ണുകള്‍. ഒരായുഷ്ക്കാലം മുഴുവന്‍ എന്റെ ഉള്ളില്‍ നിന്നു പോകാതെ എന്നെ പേടിപ്പിക്കാനായി ആ ഓണക്കാലത്ത്‌ നീ കാട്ടിയ ദു:സ്വപ്നം"

വാസുവിന്റെ പ്രതികരണം എന്തായാരിക്കുമെന്ന്‌ ശ്രദ്ധിക്കാന്‍ എനിക്കവസരം കിട്ടിയില്ല. അപ്പോഴേക്കും ഞാന്‍ കാത്തിരുന്ന ബസ്സു വന്നു.

ഹെഡ്‌ കോണ്‍സ്റ്റബിള്‍ നാരായണന്‍ നായര്‍ പറങ്കിപ്പുണ്ണു പിടിച്ചു ചത്തവിവരം ഞാന്‍ നാട്ടില്‍ വെച്ചാണറിഞ്ഞത്‌.
പക്ഷെ ചാവുന്നതിന്ന്‌ മുമ്പയാള്‍ സുകുമാരേട്ടനെ ആളയച്ചു വിളിപ്പിച്ചു കുറ്റം ഏറ്റു പറഞ്ഞുവെത്രേ.
പത്മിനിയെ കൊന്നത്‌ വാസുവാണെന്നും ആ കേസ്‌ ഒതുക്കിയത്‌ താനാണെന്നും. അയാള്‍ സമ്മതിച്ചു.

പ്രിയപ്പെട്ടവളെ കൊന്നതു വാസുവാണന്നറിഞ്ഞിട്ടും സുകുമാരേട്ടന്‍ വാസുവിനെ വെറുതെ വിട്ടു. ദാക്ഷിണ്യം കൊണ്ടോ ചോരയുടെ മണമടിച്ചതു കൊണ്ടോ അല്ല. അയാളെ ഈ ജന്മത്തിലു തന്നെ അനുഭവിച്ചു നരകിക്കാന്‍ വിട്ടു. കൊലപാതകത്തിനു ശിക്ഷിക്കപെട്ടാല്‍ തൂക്കിലേറ്റപ്പെടാന്‍ വര്‍ഷങ്ങള്‍ കഴിയുമെന്നും അക്കാലമത്രയും ജയിലില്‍ സര്‍ക്കാര്‍ ചെലവില്‍ സുഖ ചികില്‍സയും പരിചരണവും ശ്രദ്ധയും അയാള്‍ക്കു കിട്ടുമെന്നറിയാം. അതിനവസരം കൊടുത്തു കൂടാ! എന്നാണ്‌ സുകുമാരേട്ടന്‍ ചോദിച്ചവരോടൊക്കെ പറഞ്ഞത്‌.

ഞാന്‍ ലീവു കഴിഞ്ഞു മടങ്ങുന്നതിന്റെ രണ്ടാഴ്ച മുമ്പ്‌ വാസു എന്റെ വീട്ടില്‍ വന്നു.
വാസു ഏറെനേരം നിശബ്ദനായിരുന്നു. പിന്നെ വേച്ചു വേച്ചു വന്നെന്റെ കാലില്‍ വീണു. കെഞ്ചിപ്പറഞ്ഞു
"മോനേ എന്നെ രക്ഷിക്കണം, ഈ ദുരിത ജന്‍മം എന്നില്‍ നിന്നെടുക്കണം എനിക്കെതിരെ ഒന്നു സാക്ഷി പറയൂ എനിക്കൊരു കൊലക്കയര്‍ വാങ്ങിത്തരൂ. ശിക്ഷ അനുഭവിച്ചിട്ടെങ്കിലും എന്റെ പാപങ്ങളെ ഒന്നു കഴുകിക്കളയാന്‍ കനിവുണ്ടാകണം ".

ആ നിമിഷം വിട്ടത്തില്‍ തൂങ്ങിയാടുന്ന ശരീരത്തിലെ തള്ളിത്തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍ എന്റെ കണ്‍മുമ്പില്‍ ദൃശ്യമായി. ഞാനെന്റെ കാലുകള്‍ പിറകിലേക്കു വലിച്ചു. പുച്ഛത്തോടെ പുറം തിരിഞ്ഞു നടന്നു.
അപ്പോള്‍ ഞാനോര്‍ത്തു. അന്നു ഉമ്മ കാതില്‍ മന്ത്രിച്ചത്‌.
"മോന്‍ ഒന്നും ഓര്‍ക്കണ്ട. ഒന്നും ആരോടും പറയണ്ട. എന്റെ കുട്ടി പേടിപ്പിക്കുന്ന ഒരു കിനാവ്‌ കണ്ടതാണ്‌"

അതെ, അതൊരു കിനാവായിരുന്നു. അതെ പത്തിരുപത്തഞ്ചു വര്‍ഷമായ്‌ മനസില്‍ കനലായി നീറിയ ഒരു കനവ്‌. ഒരു പേക്കിനാവു മാത്രമായിരുന്നു. ഞാന്‍ എന്നെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.


അബ്ദുല്‍ കരീം. തോണിക്കടവത്ത്‌
================================================
1.പുറുത്താള്‍ : (കൊയ്യുമ്പോള്‍ അരിവാളില്‍ കുടുങ്ങാതെ കണ്ടത്തില്‍ ബാക്കിയാകുന്ന നെല്‍ക്കതിരുകളെയാണ്‌ പുറുത്താള്‍ എന്നു വിളിക്കുന്നത്‌)
2. ഹജബാഗാണ്ട :(അത്ഭുതപ്പെടണ്ട)
3. വിട്ടം (മേല്‍പ്പുരയിലെ കുറുകെയുള്ള മരക്കഷ്ണം)
4. പറങ്കിപ്പുണ്ണ്‌ (സിഫിലിസ്‌)
================================================

12 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ഒരോണം സ്‌പെഷ്യല്‍
  നിങ്ങളുടെ വിധിയെഴുത്തിനായി സമര്‍പ്പിക്കുന്നു.

  അബ്‌ദുല്‍ കരീം.തോണിക്കവത്ത്‌

 2. വല്യമ്മായി പറഞ്ഞു...

  മനസ്സിലെന്തോ കൊളുത്തി വലിച്ച പോലെ

 3. Rasheed Chalil പറഞ്ഞു...

  വല്ല്യമ്മയിയുടെ വാക്കുകള്‍ ഞാനും കടമെടുക്കുന്നു..
  എവിടെയൊക്കെയോ നീറ്റലുണ്ടാക്കുന്നു..

  കരീം ഭായി അസ്സലായി..

 4. K.V Manikantan പറഞ്ഞു...

  പ്രിയ മാഷേ,

  കഥപറയുന്ന ആള്‍ 'ഞാന്‍' ആയതിനാല്‍ ഇതൊരു ഓര്‍മ്മക്കുറിപ്പിനെ സൂചിപ്പിക്കുന്നു. അങ്ങനെ ഓര്‍മ്മക്കുറിപ്പാണെങ്കില്‍ ഇത്‌ സൂപ്പര്‍... വല്ല്യമ്മായി പറഞ്ഞത്‌ നൂറൂ ശതമാനം സത്യം.

  പക്ഷേ....

  ഒരു ചെറുകഥ എന്ന നിലയില്‍ ശരാശരിയേ ആകുന്നുള്ളൂ...

  എന്നോട്‌ മുഷിയരുതേ.....

 5. കരീം മാഷ്‌ പറഞ്ഞു...

  "എന്നോട്‌ മുഷിയരുതേ..... "
  അയ്യേ... എന്തായിതു..
  ആളു പേരു പോലെ തന്നേ....!
  Warm welcome for severe criticism, which I did't see in any Blogs

  പിന്നെ ഒരു സ്വകാര്യം
  (ഞാന്‍ അകത്തു പോകുന്ന കേസ്സായതിനാല്‍ ഇതിനെ ചെറുകഥയെന്നു പേരിട്ടു.)ക്ഷമിക്കുക.

 6. ഇടിവാള്‍ പറഞ്ഞു...

  കരീം മാഷേ...

  “സന്ദേശം” എന്ന സിനിമയില്‍, ജയറാമിനോട് ശ്രീനിവാസന്റെ ഒരു ഡയലോഗുണ്ട് ..
  “പോളണ്ടിനെപ്പറ്റി നീ ഒരക്ഷരം മിണ്ടിപ്പോകരുത്” !

  അതുപോലെ, ഞാനുമൊനു പറയയട്ടേ..
  “ അലും‌നികളുടെ ഓണാഘോഷത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്”..

  കാരണം, സെപ്റ്റമ്പറില്‍, ഞങ്ങടെ കോളേജ് അലും‌നിയുടെ ഓണാഘോഷപ്രോഗ്രാം കണ്‍‌വീനറായി ഞാന്‍ അതൊക്കെ ഒരു വിധത്തില്‍ നടത്താന്‍ ഓടിപ്പാഞ്ഞു നടക്കുമ്പോള്‍, ഇങ്ങളു ആളെ കളിയാക്കുവാ . ??
  ( ചുമ്മാ കേട്ടോ..)

  അസ്സല്‍ എഴുത്ത്..

 7. Unknown പറഞ്ഞു...

  കരീം മാഷേ,
  നന്നായിരിക്കുന്നു. ആ ഓര്‍മ്മകള്‍ ഇപ്പോഴും ശല്ല്യം ചെയ്യാറുണ്ടോ?

 8. ഇടിവാള്‍ പറഞ്ഞു...

  മാഷേ, ഒന്നു കൂടി..

  കഥയുടെ രണ്ടാം പകുതിയില്‍ ചെയ്തപോലെ ഖണ്ഡികകള്‍ തിരിച്ചിരുന്നെങ്കില്‍, ആദ്യ പകുതിയുടേ വായനയും കുറച്ചു കൂടി സുഖകരമായേനേ..

  പിന്നെ: മാഷിന്റെ കമന്റു വായിച്ചപ്പോഴാ, ഇതു വെറുമൊരു കഥയല്ലെന്നുറപ്പിച്ചത്. എന്തായാലും, കൊടുക്കേണ്ടവര്‍ക്കെല്ലാം, ദൈവം അറിഞ്ഞു തന്നെ കൊടുത്തല്ലോ !

 9. Kalesh Kumar പറഞ്ഞു...

  കരീം ഭായ്, പെട്ടന്നെഴുതി പോസ്റ്റ് ചെയ്തതാ അല്ലേ?
  നന്നായിട്ടുണ്ട്!
  ഒന്നൂടെയൊന്ന് വെട്ടിതിരുത്തി റിഫൈന്‍ഡ് ആക്കി പോസ്റ്റിയിരുന്നേല്‍ ഒന്നൂടെ കലക്കനായേനെ!

 10. മുസാഫിര്‍ പറഞ്ഞു...

  കരീം മാഷെ,രണ്ടാം ഭാഗം ആദ്യത്തേക്കാള്‍ തീഷ്ണമായി.കലേഷ്ജിയുടെ അഭിപ്രായത്തൊടു യോജിക്കുന്നു.ആദ്യപകുതിയിലെ ഓണം കമ്മറ്റി മുതലായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി മുഖ്യമായ വിഷയത്തിലേക്കു കൂടുതല്‍ ഊന്നല്‍ കൊടുക്കാമയിരുന്നു എന്നു തോന്നുന്നു.താങ്കളുടെ സിരിയസ്സായ ഒരു സമീപനം കണ്ടു പറഞതാണ്.

 11. തണുപ്പന്‍ പറഞ്ഞു...

  മാഷുടെ പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്, വളരെ നന്നായിരിക്കുന്നു.ആദ്യ പകുതിയിലെ ഓണാഘോഷ വിവരണന്ങ്ങൊളൊക്കെ ഒഴിവാക്കി നേരെ കാര്യത്തിലേക്ക് വന്നാല്‍ ഒരു added strength കഥക്ക് വരുമെന്ന് തോന്നുന്നു.ഓര്‍മ്മക്കുറിപ്പാണെങ്കില്‍ അങ്ങനെ തന്നെ നില്‍ക്കട്ടെ.

 12. അഷ്റഫ് പറഞ്ഞു...

  നന്നായി മാഷെ മനസ്സില്‍ തട്ടി.കഥയല്ലാന്നറിഞ്ഞപ്പോള്‍ എന്തോ പോലെ...