വെള്ളിയാഴ്‌ച, മേയ് 26, 2006

ശാപമോക്ഷം.

ഴിക്ക്‌ അനന്തതയെക്കാള്‍ ആഴമുണ്ടായിരുന്നു.
സമുദ്രഗര്‍ത്തത്തിലെ വിലപ്പെട്ട മുത്തുതേടി പോകുന്നേരം കൂട്ടിനാരുമില്ലായിരുന്നു.
തിരകള്‍ അലറുന്ന കടലിനുപരിതലം കണ്ടാല്‍ തന്നെ പേടിച്ചു ഓടുന്നവരാണല്ലോ കൂട്ടുകാരെല്ലാം.

പക്ഷെ അവരെപ്പോലെ എനിക്കു തിരിഞ്ഞോടാനാവില്ലല്ലോ?
ആഴിക്കടിയിലെ വിശിഷ്ടമായ മുത്തെടുത്തു കൊടുത്താലല്ലേ എനിക്കു ശപമോക്ഷം ലഭിക്കുകയുള്ളു

തൂക്കിലേറ്റപ്പെടാന്‍ നാഴിക മാത്രമവസാനിക്കുന്നവന്റെ യാത്രാമൊഴിയുടെ ആദ്യാക്ഷരങ്ങള്‍ പോലെ,
ഇല പൊഴിയാന്‍ തുടങ്ങിയ മരത്തിന്റെ മൗനഗദ്ഗദം പോലെ,

നിശ്ശബ്ദമായ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി ഞാന്‍ പുറപ്പെടുകയായി........
പ്രാണ വായു സംഭരണിയുടെ ചരടുകള്‍ ഉടലിനോടു ചേര്‍ത്തു ബന്ധിപ്പിക്കുമ്പോഴും കുഴലിന്റെ മുഖം നാസികയില്‍ ഘടിപ്പിക്കുമ്പോഴും ഉള്ളിലെ പക്ഷി മരണ ഭീതിയാല്‍കുറുകുകയായിരുന്നു.

എന്റെ കണ്ണുനീരിന്റെ യത്രക്കും ഉപ്പില്ലല്ലോ ഈ കടല്‍ വെള്ളത്തിനെന്നും
എന്റെ മനസ്സു പോലെ അത്ര പ്രക്ഷുബ്ധമല്ലല്ലോ സമുദ്രോപരിതലമെന്നും
ഞാന്‍ സ്വയം ബോദ്ധ്യപ്പെടുത്തി.
നൂലറ്റ പട്ടം ആകാശത്തില്‍ നിന്നു അടിയിലേക്കു മൂക്കുകുത്തിയിറങ്ങുമ്പോലെ,
ആഴിയുടെ അഗാധതയിലേക്കു കരിമ്പാറകെട്ടുകള്‍ക്കിടയിലൂടെ,...
പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ....
ഊര്‍ന്നിറങ്ങുമ്പോള്‍ താഴെ സമുദ്രം ശാന്തമായിരുന്നു.
പരുപരുത്ത പവിഴപ്പുറ്റുകളെയും ആപല്‍കരമായ കടല്‍ ജീവികളേയും മറികടന്നു ചിപ്പികള്‍ ചെകഞ്ഞു മുത്തു കണ്ടത്താനുള്ള നിയോഗം നിര്‍വ്വഹിക്കന്‍ ഞാന്‍ തുടങ്ങി.
അര്‍ദ്ധസുതാര്യമായ ജലപാല്‍ളികളെ തുളച്ചെത്തുന്ന അര്‍ക്ക കിരണങ്ങള്‍ക്ക്‌ ഓജസ്സു കുറവായിരുന്നു.
പാതി തുറന്ന ചിപ്പിക്കുള്ളിലേക്കു സൂര്യ രശ്മികള്‍ ഒളിഞ്ഞു നോക്കുമ്പോള്‍ സപ്തവര്‍ണ്ണവശ്യതയോടെ പുഞ്ചിരിക്കുന്ന നൈസര്‍ഗ്ഗിക നാണത്തിനു ലക്ഷങ്ങളുടെ വിലയുണ്ടാവം.
മഴവില്ലിന്റെ മാനോഹാരിതയില്‍ മന്ദഹാസം ചൊരിയുന്ന മുത്തിന്റെ വശ്യസൗന്ദര്യത്തില്‍ മനം മയങ്ങി നിയോഗം മറന്ന് നില്‍ക്കെ.....
പവിഴപ്പുറ്റില്‍ കാലു കുടുങ്ങി നിമിഷങ്ങള്‍ കൊണ്ടു പിരാനാ മത്സ്യങ്ങള്‍ ജീവനോടെ കാര്‍ന്ന് തിന്നു അസ്ഥി മാത്രമാക്കിയ എന്റെ മുന്‍ഗാമികളെക്കുറിച്ചുള്ള കേട്ടറിവുകള്‍ എന്നെ സംഭീതനാക്കി.

ദൂരെ ആരും കാണുന്നില്ലന്നുറപ്പുവരുത്തി ഭയപ്പാടോടെ വാതായനങ്ങള്‍ പതിയെ തുറന്നു സൂര്യ കിരണങ്ങളുമായി കിന്നരിക്കുന്ന ചിപ്പികളുടെ ആവാസ സ്ഥലമായിരുന്നു എന്റെ ലക്ഷ്യം.

പതിയെ ഞാന്‍ അടുത്തെത്തുമ്പോഴേക്കും ജല ചലനം കൊണ്ടും അന്യനൊരുത്തന്റെ അതിക്രമിച്ചുള്ള ആഗമനത്താലും സൂര്യ സുരതം പാതിവഴിയില്‍ തടസ്സപ്പെട്ടതിനാലുള്ള ദേഷ്യത്താല്‍ ശാപവാക്യങ്ങള്‍ കുമിളകളാക്കി ഉതിര്‍ത്തു അവ വാതയനങ്ങള്‍ വലിച്ചടച്ചു.

ഞാന്‍ ഏറെ നിരാശനായി.
അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിനു ചിപ്പികളില്‍ നിന്നു മുത്തുള്ള ചിപ്പി കണ്ടെത്താന്‍ എനിക്കിനിയാവില്ലല്ലോ?നിരാശ കൊണ്ടു തളര്‍ന്ന് പിന്‍വാങ്ങാന്‍ എനിക്കവുമായിരുന്നി‍ല്ലല്ലോ?
ഞാന്‍ ശാപമോക്ഷം തേടുകയായിരുന്നല്ലോ!.

സൂര്യരശ്മികളെ വിഛേദിക്കാതെയും,
ജലചലനം സൃഷ്ടിക്കതെയും നിശ്വാസകുമിളകളെപ്പൊലും നിയന്ത്രിച്ച്‌
കൂടുതല്‍ നേരം കൂടുതല്‍ ദൂരം അലയവേ......
എന്റെ സംഭരണിയിലെ ജീവവായുവും എനിക്കനുവദിച്ച സമയവും തീരുന്നുവെന്നു ഭീതിയോടെ ഞാനറിഞ്ഞു.
പൊടുന്നനെ ഒരാശയുടെ കിരണം കണക്കെ ഒരു ദിവ്യ പ്രഭ പോലെ,
തൊട്ടടുത്ത പവിഴപ്പുറ്റില്‍ നിന്നും മാരിവില്ലിന്റെ ചാരുത മിന്നിമറയുന്നതു ഞാന്‍ കണ്ടു.
ആ പ്രഭയില്‍ എന്റെ കണ്ണുകള്‍ മഞ്ഞളിച്ചു.
പതിയെ സൂക്ഷ്മമായി തുഴഞ്ഞരികിലെത്തി.
മുത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന തീവ്രപ്രകാശത്തിനുരവിടമായ ചിപ്പിയെ തിരിച്ചറിഞ്ഞു.
ഇരുവിരല്‍ കൊണ്ടു ഇറുക്കിയെടുത്തു സഞ്ചിക്കുള്ളിലാക്കി, മുകളിലേക്കു കുതിക്കവേ സംഭരണിക്കുള്ളിലെ ജീവവായുവിന്റെ അവസാനത്തെ അംശവും തീര്‍ന്നിരുന്നു.
സര്‍വ്വ ശക്തിയും ഉപയോഗിച്ചു മുകലിലേക്കു തുഴയാന്‍ എനിക്കുത്തേജനം നല്‍കാന്‍ മോക്ഷം നേടിയ ജീവിതത്തെക്കുറിച്ചുള്ള ചിന്ത മത്രമേ ബാക്കിയുള്ളൂ.
സമുദ്രോപരിതലത്തില്‍ കടല്‍ കാറ്റെന്നെ തലോടിയ നേരം കരക്കണഞ്ഞെന്നരിഞ്ഞു.
കാലു നനയാതെ കാത്തു നില്‍ക്കുന്ന യേഗീശനേയും അനുചരന്മരേയും ഒരു മിന്നാട്ടം കണ്ടു.
ഞാന്‍ തീര്‍ത്തും അവശനായിരുന്നു.
എന്നിലെ പ്രജ്ഞ നഷ്ട്പ്പെടുകയായിരുന്നു.

കടല്‍ക്കരയിലെ നനഞ്ഞ മണലില്‍, തിരകളാല്‍ ഉപേക്ഷിക്കപ്പെട്ട്‌ വാടിയ തണ്ടുപോലെ ഞാന്‍ ഏറെ നേരം കിടന്നിരിക്കണം.
ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ ആദ്യം തേടിയതെന്റെ സഞ്ചിയായിരുന്നു.
വിലപ്പെട്ട മുത്തുച്ചിപ്പി സൂക്ഷിച്ച സഞ്ചി.
പക്ഷെ അതെനിക്കു നഷ്ട്പ്പെട്ടിരുന്നു.

ദൂരെ ഈണത്തില്‍ ഒച്ചവെച്ച്‌ വായുവില്‍ മുഷ്ടി ചുരുട്ടിയിടിച്ച്‌ ശൗര്യം കാട്ടി നടന്നു നീങ്ങുന്ന പുരുഷാരത്തിന്നു മുന്‍പില്‍ അവരെ നയിക്കുന്ന യോഗീശനെ കണ്ടു.
അയാളുടെ കയ്യില്‍ എന്റെ പ്രാണന്‍ സ്പന്ദിക്കുന്ന മുത്തുപേറുന്ന എന്റെ സഞ്ചിയും.
തിരകള്‍ വലിച്ചെന്റെ ജീവനുള്ള ജഢത്തെ സ്വന്തമാക്കാന്‍ ശ്രമിച്ച്പ്പോള്‍ തടയാനെനിക്കായില്ല.
ശിഷ്ട ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ ഊര്‍ജ്ജം പകരുന്ന ഒരോര്‍മ്മയോ പ്രതീക്ഷയോ ഇനിയും എന്നില്‍ ബാക്കിയുണ്ടായിരുന്നില്ല.
യോഗീശനെനിക്കു വാഗ്ദാനം ചെയ്ത ശാപമോക്ഷത്തെക്കുറിച്ചു ചോദിക്കാന്‍ പോലും കെല്‍പ്പില്ലതെ അര്‍ധ പ്രജ്ഞനായി ഞാന്‍ മണലില്‍ മലര്‍ന്ന് കിടന്നു.
എന്റെ മസ്തിഷ്ക്കത്തിന്റെ മയക്കം മനസ്സിലാക്കി കടലെന്നെ അവളുടെ കയത്തിലേക്കു വലിച്ചെടുക്കുന്നതു ഒന്നും എതിര്‍ക്കതെ ഞാന്‍ അനുവദിച്ചു കൊടുത്തു

2 അഭിപ്രായ(ങ്ങള്‍):

 1. Kalesh Kumar പറഞ്ഞു...

  അതെനിക്കിഷ്ടപ്പെട്ടു!
  ഉം അല്‍ കുവൈനില്‍ നിന്ന് മറ്റൊരു ബ്ലോഗര്‍!
  സന്തോഷം!!!

  ബൂലോഗക്കൂട്ടായ്മയിലേക്ക് സുസ്വാഗതം!
  ഞാനും ഉം അല്‍ കുവൈനിലാണ്.
  ബാരക്കുടയില്‍ ജോലി ചെയ്യുന്നു. ബസാറില്‍ താ‍മസിക്കുന്നു.
  സമയം കിട്ടുമ്പോള്‍ 050-3095649ല്‍ ഒന്ന് വിളിക്കൂ.
  http://sgkalesh.blogspot.com സമയം കിട്ടുമ്പോള്‍ ഒന്ന് സന്ദര്‍ശിക്കൂ..

 2. Kalesh Kumar പറഞ്ഞു...

  കരീംഭായ്, നമ്പര്‍ മാറിപോയി!
  050-3095694.
  ക്ഷമിക്കൂ....