ശനിയാഴ്‌ച, ഓഗസ്റ്റ് 12, 2006

നാടുകടത്തപ്പെടുന്ന നല്ല ജിന്നുകള്‍


"സര്‍, എ കാള്‍ ഫ്രം യു.എ.ക്യൂ. ഹോസ്പിറ്റല്‍,
ഡോക്ടര്‍ ഫൗസിയ ഇന് ലൈന്‍". "ലൈന്‍ ഫൈവ്".
ടെലഫോണ്‍ ഓപ്പറേറ്റര്‍ മിസ് ലൂസ് ഇംഗ്ലിഷില്‍, ഫിലിപ്പിനോ ശൈലിയില്‍ ചിലച്ച്, ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തന്നു.
"ഹലോ", "അബ്ദുള്‍ കരീം ഹിയര്‍".
"ഹലോ"
"ഞാന്‍ സാബിറയുടെ ഡോക്ടര്‍, ഫൗസിയ".
"സാബിറ ഇന്നു ചെക്കപ്പിനു വന്നതാണ് പെയ്നൊന്നുമില്ല. പക്ഷെ ഡെലിവറിയുടെ ദിവസം കഴിഞ്ഞിരിക്കുന്നു". "പരിശോധിച്ചപ്പോള്‍ ഗര്‍ഭാശയ സ്തരം പൊട്ടി ഫ്ലൂയിഡൊക്കെ ചോര്‍ന്നു പോയിട്ടുണ്ടെന്നു മനസിലായി". "ഇവിടെ അഡ്മിറ്റാക്കണമെന്നു പറഞ്ഞപ്പോള്‍ അവള്‍ വല്ലാത്ത ടെന്‍ഷനിലാണ്". "ഒന്നവളെ ഫോണിലൂടെ ആശ്വസിപ്പിക്കുക". "കഴിയുമെങ്കില്‍ ഇതുവരെ ഒന്ന് വരിക". "ഞാന്‍ ഫോണ്‍ സാബിക്കു കൊടുക്കാം".

"എന്താ മുത്തേ! പ്രശ്നം?. "വേദനയുണ്ടോ?". "ബേജാറാവണ്ട". "ഞാനുടനെ എത്താം?".

ഫോണ്‍ വെച്ച് ധൃതിയില്‍ ക്യാബിന്‍ ലോക്കു ചെയ്തു പുറത്തിറങ്ങി.

വണ്ടികളെല്ലാം സൈറ്റിലേക്കു പോയിരിക്കുന്നു.
ജനറല്‍ മാനേജറുടെ വണ്ടി മാത്രം പാര്‍ക്കിംഗിലുണ്ട്. ചെന്നു വിവരം പറഞ്ഞപ്പോള്‍
"കേറ് ഞാന്‍ വിട്ടുതരാം" എന്നു പറഞ്ഞു.
അഞ്ചു മിനിറ്റിനകം ആശുപത്രിയിലെത്തി. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ ഫൗസിയയുടെ പരിശോധനാമുറി കണ്ടെത്താന്‍ പിന്നെയും പത്തു മിനൈറ്റ്ടുത്തു.

എന്നെ കണ്ടതോടെ, സാബിയുടേയും അതുവഴി ഡോക്ടറുടേയും ടെന്‍ഷന്‍ ഒരുപാടു കുറഞ്ഞു.
"നോക്കു കരീം, ഇവള്‍ ഒരുപാട് വേവലാതിപ്പെടുന്നു. ഇവിടെ പ്രസവിക്കാന്‍ തീരുമാനമെടുത്ത നിലക്ക് അതിന്നുവേണ്ട ധൈര്യം കാട്ടേണ്ടെ?".
"ഞങ്ങളൊക്കെ ഇല്ലേ, ഇവിടെ?"
"സിസ്റ്റര്‍, ഇവര്‍ക്കു വാര്‍ഡു കാണിച്ചു കൊടുക്കൂ?".

സിസ്റ്റര്‍ പേപ്പറുകളുമായി മുമ്പേ നടന്നു.
സാബിയേയും താങ്ങി വാര്‍ഡിലേക്കു നടക്കുമ്പോള്‍ മൂന്നു വയസുകാരി ശബിമോള്‍ക്ക് വല്ലാത്ത അമ്പരപ്പ്. അവള്‍, ആകെ പേടിച്ചു പോയി. എന്റെ ചെറുവിരലില്‍ പിടിച്ച അവളുടെ കുഞ്ഞിവിരലുകളുടെ മുറുക്കം കൂടിയതു വഴി ഞാനതറിഞ്ഞു.

നിശബ്ദത നിറഞ്ഞു നില്‍ക്കുന്ന ആ കൂറ്റന്‍ ആശുപത്രി കെട്ടിടത്തിനകത്തു പതിക്കുന്ന അവളുടെ കൊച്ചു ഷൂവിന്റെ ശബ്ദം പോലും വലിയ പ്രതിദ്ധ്വനി ഉണ്ടാക്കിയപ്പോള്‍ എന്റെ നെഞ്ചിടിപ്പെന്നിലൊരു പെറുമ്പറയായി മുഴങ്ങി.

രണ്ടാമത്തെ കുഞ്ഞിനെ ഗള്‍ഫില്‍ പ്രസവിക്കണമെന്ന് ഭാര്യക്ക് വല്ലാത്ത ആഗ്രഹമായിരുന്നു. പക്ഷെ അതിരു കവിഞ്ഞു പോയ ശര്‍ദ്ദി അവളുടെ ആത്മവീര്യം കെടുത്തി.
എട്ടുമാസം തെകഞ്ഞിരിക്കുമ്പോള്‍ അവള്‍ പറ്റെ നിയന്ത്രണം വിട്ടു. പിന്നെ നാട്ടില്‍ പോയേ തീരൂ എന്നായി. നിറവയറോടെ വിമാനയാത്ര നടക്കില്ലന്നു ഞാനവളെ ഒരുപാടു പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. അവള്‍ വാശി പിടിച്ചു. പക്ഷെ അവസാനം മഞ്ഞലോഹത്തിന്റെ മായിക വലയത്തില്‍ അവള്‍ മനസു മാറ്റി. എന്റെ മോനെ ഷേക്ക് സായിദിന്റെ മണ്ണില്‍ പ്രസവിച്ചാല്‍, പത്തു പവന്റെ ഒരു സ്വര്‍ണ്ണാഭരണം നിനക്കു വാങ്ങിത്തരാം എന്ന എന്റെ വാഗ്ദാനത്തില്‍ ഞാന്‍ അവളെ വെറുമൊരു പെണ്ണാക്കി മാറ്റി. അവള്‍ പേടിയും ടെന്‍ഷനും മറന്നു.

ജനറല്‍ വാര്‍ഡിന്റെ മുമ്പില്‍ എത്തിയപ്പോള്‍ സിസ്റ്റര്‍ നടത്തം നിര്‍ത്തി. അവളെ അകത്തേക്കു വിളിച്ചു. വിശാലമായ ഹാളില്‍ ആറു ബെഡുണ്ട്. പക്ഷെ ഒന്നില്‍ മാത്രമേ ആളുള്ളൂ. വൃത്തിയും വെടിപ്പുമുള്ള ശയ്യകള്‍. അഡ്മിറ്റിനുള്ളതെല്ലാം സിസ്റ്ററു ചെയ്തപ്പോള്‍ ഫയലുണ്ടാക്കാനുള്ള തെരക്കിലായിരുന്നു ഞാന്‍. ഒപ്പിടാനുള്ള പേജിലെ സാക്ഷ്യപ്പെടുത്താനുള്ള വരികള്‍ വായിച്ചപ്പോള്‍ ഉള്ളൊന്നു കാളി. മെഡിക്കല്‍ സയന്‍സിനോടുള്ള അമിതവിശ്വാസമെന്നെ കൊണ്ട് ആ ഒപ്പ് ഇടീപ്പിച്ചു.

ഡ്യൂട്ടി നഴ്‌സ് മലയാളിയാണ്. അവരു പറഞ്ഞു, "വേദന തുടങ്ങാന്‍ മരുന്നു കൊടുക്കുന്നുണ്ട്. രാത്രി പത്തു മണിയോടെ റിസള്‍റ്റ് അറിയാം". ഞാന്‍ വാച്ചിലേക്കു നോക്കി സമയം ഒമ്പതു മണി. ശബി ക്ഷീണിച്ച് തോളില്‍ കിടന്നുറക്കമായിരിക്കുന്നു.
കിടത്താന്‍ പറ്റിയൊരിടവും ഇല്ല.
കസേരകള്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ വേണ്ടി മാത്രം. കിടക്കുന്നതു എല്ലാം രോഗികള്‍.

ശബിയെ തോളിലിട്ടു വാര്‍ഡിലേക്കു നടന്നു. ട്രിപ്പു കേറ്റുന്ന സാബിയുടെ പേടിച്ചിരണ്ട മുഖത്തേക്കു നോക്കിപ്പോള്‍ വിളറി വെളുത്ത ആ നയനങ്ങളില്‍ കണ്ണീരിന്റെ ഉറവ്. അവയില്‍ നിന്നും നിറഞ്ഞു കവിഞ്ഞ തുള്ളികള്‍ എന്റെ വിരല്‍ കൊണ്ട് ഒപ്പിയെടുത്തപ്പോള്‍ അറിയാതെ എന്റെ കണ്ണും നിറഞ്ഞു. അതു അവളു കാണാതെ തുടച്ചു മാറ്റാന്‍ മുഖം തിരിച്ചപ്പോള്‍, ഞങ്ങളെത്തന്നെ ശ്രദ്ധിച്ചു കൊണ്ട് നില്‍ക്കുന്ന അബായ ധരിച്ച ഒരറബിപെണ്ണ്.

ആ മുറിയിലെ മറ്റേ രോഗിയെ നോക്കാന്‍ വന്നതായിരിക്കണം. രോഗിയായി കിടക്കുന്ന തള്ള ആ സ്ത്രീയോടെന്തോ അറബിയില്‍ കയര്‍ത്തു പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളുടെ നേര്‍ക്കുള്ള നോട്ടം മതിയാക്കി.

തോളു വല്ലാതെ വേദനിക്കുന്നു.
ഞാന്‍ ഡ്യൂട്ടി റൂമില്‍ ചെന്നു അവിടെ ആ മലയാളി സിസ്റ്ററുണ്ട്.

ഞാന്‍ ഭവ്യതയോടെ ചോദിച്ചു.
"ഇവളെ കിടത്താന്‍ പറ്റിയ വല്ല ഇടവുമുണ്ടോ സിസ്റ്റര്‍?".

സിസ്റ്റര്‍ പറഞ്ഞു.
"നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല". "രോഗിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ. നിങ്ങള്‍ കൊച്ചിനേയും കൊണ്ട് വീട്ടില്‍ പൊയ്ക്കോളൂ. പന്ത്രണ്ടു മണികഴിഞ്ഞാല്‍ ഇവിടെ ആണുങ്ങളെ കണാന്‍ പാടില്ല. കര്‍ശന നിയമമാണ്. വിശേഷങ്ങള്‍ ഞങ്ങള്‍ ഫോണില്‍ അറിയിക്കാം".

എന്റെ പെണ്ണിനെ ഇവിടെ ആരെ ഏല്‍പ്പിച്ചു പോകും റബ്ബേ?.
ആരാണിവിടെ ഞങ്ങള്‍ക്കൊരു തുണയായുള്ളത്?.
ഇടനെഞ്ച് സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടാന്‍ പാകമായി. മൂന്നാലു മണിക്കൂറു കഴിഞ്ഞിട്ടും വേദന തുടങ്ങിട്ടില്ല. ഈ അവസ്ഥയില്‍ എങ്ങനെ ഇവിടം വിട്ടു പോകും.

പ്രതീക്ഷയോടെ ഞാന്‍ അറബിത്തള്ളയുടെ ഭാഗത്തേക്കു നോക്കി.
അവിടെ ആ അറബിപെണ്ണ് ഇല്ല. അവരുടെ രോഗി, ആ അറബിത്തള്ള കിടക്കയില്‍ ഉറക്കം കാത്തു കിടക്കുന്നു. ഇടക്കിടക്ക് അക്ഷമയോടെ വാതില്‍ക്കലേക്കു നോക്കുന്നുമുണ്ട്.

അറബിപെണ്ണ് ഒരു കുപ്പി മസാഫി വെള്ളവുമായി വന്നു അത് സാബിക്കു കൊടുത്തു. അവള്‍ അത് ദാഹത്തോടെ കുടിച്ചു തീര്‍ക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ എന്നെ തന്നെ ശപിച്ചു. ഒരു കുപ്പി വെള്ളം കരുതാന്‍ പോലും ഞാന്‍ മറന്നുപോയിരിക്കുന്നു. എന്റെ മുഖഭാവം വായിച്ച അറബി സ്ത്രീ പറഞ്ഞു.

"തും ഫിക്കര്‍ നഹീം കരോ". "മൈം ഹൂം നാ!. മേരാ ബഹന്‍ക്കാ ജൈസേ മൈം ദേഖൂംഗാ".
അവരുടെ ഉര്‍ദു ഉച്ചാരണത്തിന് എണ്ണപ്പാടത്തെ ബിച്ചാമിയുടേയും കൗസുതാത്താന്റെയും മലബാരിയുടെ ഒരു മോഡുലേഷന്‍!.
അതോ രണ്ടിനോടുമുള്ള ഇഷ്ടം തോന്നുക വഴി ഞാനത് സങ്കല്‍പ്പിച്ചെടുത്തതോ?. എനിക്കറിയില്ല.

എനിക്കു വളരെ ആശ്വാസമായി.

പണ്ട് മദ്റസയില്‍ വെച്ച് പഠിച്ച ജിന്നുകളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഓര്‍മ്മ വന്നു.

നേര്‍ത്ത ചിറകുമായ് കാറ്റിനെപ്പോലെ പറക്കുന്ന സല്‍കര്‍മ്മം ചെയ്യുന്ന ജിന്നുകളും പാമ്പുകള്‍ പോലെയും, കറുത്ത നായകളുടെ രൂപത്തിലും ദുഷ്കര്‍മ്മം ചെയ്യുന്ന ജിന്നുകളും ഉണ്ടത്രേ.

അബായ ധരിച്ചു സല്‍കര്‍മ്മം ചെയ്യുന്ന ഒരറബിപെണ്ണിന്റെ രൂപത്തിലുണ്ടെന്നെവിടെയും വായിച്ചിട്ടില്ല. ഒരു മൊല്ലാക്കയും ഓതിത്തന്നിട്ടും ഇല്ല.

അവരുടെ വാക്കിന്റെ കച്ചിത്തുരുമ്പില്‍ സാബിക്ക് കൂടുതല്‍ ധൈര്യം കൊടുത്തു. വിളറി വെളുത്ത മുഖത്ത് ഒരുപാടു മുത്തം കൊടുത്ത് അവളെ കണ്ണുകൊണ്ട് ആ അറബിസ്ത്രീയെ ഏല്‍പ്പിച്ച് ജനറല്‍ വാര്‍ഡില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞു നോക്കാന്‍ മന:ശക്തിയില്ലായിരുന്നു.

പുറത്ത് ടാക്സി ഓട്ടം നിന്നിരിക്കുന്നു. ഉള്ളവയില്‍ തന്നെ യാത്രക്കാരുണ്ട്. റോഡില്‍ കുഞ്ഞിനേയും തോളിലിട്ടു നില്‍ക്കുന്ന എന്നെ കണ്ടലിവു തോന്നിയിട്ടാവണം ഒരു ഇറാനി കുടുംബം അവരുടെ കാറു നിര്‍ത്തി പേകേണ്ട സ്ഥലം തെരക്കി.
ഉര്‍ദുവിലെ ചോദ്യത്തിന് ഫാര്‍സിയില്‍ ഉത്തരം പറഞ്ഞപ്പോള്‍ അവരു വണ്ടിയില്‍ കേറ്റി. വില്ലക്കു മുമ്പില്‍ ഇറക്കിത്തന്നു. വാതില്‍ തുറക്കുന്നതു വരെ ഹെഡ്‌ലൈറ്റു തെളീച്ച്‌ വെളിച്ചം കാണിച്ചു തന്നു. വീണ്ടും ഞാന്‍ ജിന്നുകളെ കുറിച്ചോര്‍ത്തു. നേര്‍ത്ത ചിറകുകളുമായി കാറ്റിനെപ്പോലെ പാറിനടക്കുന്ന നന്‍മ നല്‍കുന്ന ജിന്നുകളെ കുറിച്ച്, പിന്നെ എന്നെ അത്യാവശ്യം ഫാര്‍സി ഭാഷ പഠിപ്പിച്ച ഇറാനി ഡ്രൈവര്‍ ഗുലാമിനേയും കുറിച്ചും.

ഭക്ഷണമുണ്ടാക്കി, ശബിയെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി, അതു കഴിപ്പിച്ചവളെ ഉറക്കിയപ്പോള്‍ പിന്നെ എനിക്കുറങ്ങാനായില്ല. ടെലഫോണ്‍ മുമ്പില്‍ വെച്ച് ഒരു വിളിക്കായി കാത്തിരുന്നു. ഒരൊ അരമണിക്കുറിട വിട്ടും ആശുപത്രിയിലേക്കു വിളിച്ചു കൊണ്ടേയിരുന്നു. പുലര്‍ച്ചേ നാലു മണിക്ക് ആശുപത്രിയില്‍ നിന്ന് വിളി വന്നു.

"സാബിറ പ്രസവിച്ചിക്കുന്നു. നോര്‍മ്മലാണ് ആണ്‍കുട്ടി തന്നെ." കേട്ടപ്പോള്‍ ഒരുപാടു സമാധാനം തോന്നി ഉടനെ നാട്ടിലേക്കും സൗദിയിലേക്കും വിളിച്ചു പറഞ്ഞു.

പുലരുന്നതിന്നു മുമ്പേ ടാക്സിയില്‍ വാര്‍ഡിലെത്തിയപ്പോള്‍ സാബിയെ കണ്ടില്ല മലയാളി നഴ്സാണ് പിന്നെ അവളെ കിടത്തിയ മുറി കാണിച്ചു തന്നത്. 'കൊച്ചുവാവ'യെ കണ്ടപ്പോള്‍ ശബി സന്തോഷം കൊണ്ടു മതിമറന്നു. കുറേ മാസങ്ങളായി അവള്‍ അവനു വേണ്ടി കാത്തിരിക്കയായിരുന്നു.

സാബിയുടെ മുഖത്ത് സന്തോഷത്തിന്റെ വല്ലാത്തൊരു വേലിയേറ്റം കണ്ടു. ചുറ്റും കര്‍ട്ടനിട്ടു മറച്ച സ്വകാര്യതയില്‍ അവളെന്നെ വട്ടം ചുറ്റിപ്പിടിച്ച് ഒരുപാടു മുത്തമിട്ടു.

ഞാന്‍ ആ അറബിസ്ത്രീയക്കുറിച്ചു ചോദിച്ചു. അവരെക്കുറിച്ചു പറഞ്ഞപ്പോള്‍ സാബി വാചാലയായി.

"അവര് അറബിയൊന്നുമല്ല കൊയിലാണ്ടിക്കാരിയാണ്. അവരെ ഉരുവുണ്ടാക്കാന്‍ ബേപ്പൂരില്‍ പോയ ഒറബി കെട്ടി കൊണ്ടു പോന്നതാണ്". "അതിന്നു പിന്നെ അവരു നാടു കണ്ടിട്ടില്ലത്രേ! അവര്‍ക്ക് ആ അറബിയില്‍ ഒരു മകനുണ്ട്. അത് മന്ദബുദ്ധിയായിട്ടാണ് ജനിച്ചതു തന്നെ. അറബിയുടെ മറ്റേ ഭാര്യയില്‍ ഒരുപാടു മക്കളും പേരക്കുട്ടികളും ഉണ്ട്. അറബി കഴിഞ്ഞ വര്‍ഷമാണത്രേ മരിച്ചത്. അതില്‍ പിന്നെ ആദ്യഭാര്യയുടേയും മക്കളുടേയും ഉപദ്രവം സഹിക്കാന്‍ പറ്റിണില്ല്യാത്രേ!. സുഖമില്ലാത്ത മകന്‍ ഇടക്കിടെ ഉമ്മീ എന്നു വിളിക്കുമ്പോള്‍ മാത്രമാണത്രേ ആ വീട്ടിലെ വേലക്കാരിയല്ലെന്ന് അവര്‍ ഓര്‍ക്കുന്നതത്രേ. മകനെ കരുതീട്ടും നരകത്തിലെ ശിക്ഷ നിരീച്ചിട്ടുമാത്രേ ജീവനൊടുക്കാതിരിക്കുന്നത്. മലയാളത്തില് ആരോടും മിണ്ടാനോ ചോദിക്കാനോ അവര്‍ക്ക് അനുവാദമില്ല. നാട്ടിലായിരുന്നപ്പോള്‍ അവരും അനുജത്തി ആയിശുവും ദേശം മുഴുവന്‍ നീണ്ട നാവും കൊണ്ട് പാറി നടപ്പായിരുന്നത്രേ. അന്നൊക്കെ ഉമ്മ മുന്നറിയിപ്പു കൊടുക്കും യത്തീമായ പെണ്‍കുട്ട്യാളാ നിങ്ങള്‍ അടങ്ങിയൊതുങ്ങി നിന്നാലെ പുത്യാപ്ലാനെ കിട്ടൂ. ഉമ്മാന്റെ നെടുവീര്‍പ്പ് കടലിന്റെ ഇരമ്പത്തില്‍ ലയിച്ചു പോകലാണ് പതിവ്.

അവര് കടപ്പൊറത്തെ മറ്റു കുട്ട്യാളെക്കാളേറെ മൊഞ്ചത്തിമാരായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ടെ ഉമ്മാക്ക് നെഞ്ചിലെന്നും ഉമിത്തീയുമായിരുന്നു

മഹല്ലു പ്രസിഡന്റ് അവര്‍ക്കു കൊണ്ടുവന്ന അറബിക്കല്ല്യാണം മൂത്താപ്പ അംഗീകരിച്ചപ്പോള്‍ അവരുടെ ഉമ്മാക്കും അതിനു സമ്മതിക്കയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ലാത്രേ.

വയസന്‍ അറബിന്റെ കൂടെ വീട്ടിനു പടിയിറങ്ങിയതോടെ ഉമ്മ പറ്റെ കിടപ്പിലായി. അറബിന്റെ കാശ് വാങ്ങിച്ച് മൂത്താപ്പ സ്വന്തം പെര നന്നാക്കിയെന്നും ബാപ്പുട്ടിന്റെ ശല്യം സഹിക്കാന്‍ പറ്റിണില്ല്യാന്നും ഉമ്മ കിടപ്പു തന്നെയാണെന്നും കാണിച്ചായിരുന്നു ആയിശൂന്റെ അറബി മലയാളത്തിലെഴുതിയ അവസാനത്തെ കത്ത്. ഉമ്മാന്റെ പിറ്റേന്ന് ഞാനെന്തെങ്കിലും കടുംകൈ ചെയ്താ ഇത്താത്ത എന്നോടെല്ലാം പൊറുത്തോണ്ടി എന്ന വരി വായിച്ചിട്ട് അവര്‍ ഒരു പാടു കരഞ്ഞുത്രേ.

അന്നവര്‍ അടുക്കളയില്‍ കയറിയില്ല. അന്നെല്ലാരും കൗസൂന്റെ വിലയറിഞ്ഞു.

അതിനുശേഷം അറബിച്ചി പിന്നെ ഒരു കത്തും അവര്‍ക്കു കൊടുത്തിട്ടില്ലാത്രേ.

കദീജാന്നാണോ പേര്‌ന്ന് ഞാന്‍ ചോദിച്ചപ്പോ അവര് പറയാണ്‌, അതെന്നെ സ്‌കൂളില്‌ ഹാജറരു വിളിച്ചീന പേരാ"." ഉമ്മ ഞങ്ങളെ സ്നേഹത്തോടെ കൗസൂന്നും ആയിശൂന്നുമാണ് വിളിച്ചീനത്‌. ഇവിടെ വന്നപ്പോള്‍ ഉമ്മുഹബീബ്ന്നാ എല്ലാരും കേള്‍ക്കേ വിളിക്കുന്നത്‌, അല്ലാത്തപ്പോ വിളിക്ക്ണതൊക്കെ കേള്‍ക്കാനും പറയാനും അറപ്പാണത്രേ".


അവരുടെ അനുഭവങ്ങള്‍ കേട്ടപ്പോള്‍ എന്റെ വിഷമമെല്ലാം ഞാന്‍ മറന്നു.
പുലര്‍ച്ചേ മൂന്നു മണിക്ക് വേദന തുടങ്ങുന്നതു വരെ അവരെന്റെ കട്ടിലിനടുത്തുതന്നെ ഇരിപ്പായിരുന്നു. അവരുടെ രോഗി കൂര്‍ക്കം വലിച്ചുറക്കമായിരുന്നു. എനിക്കു പ്രസവവേദന തുടങ്ങിക്കിട്ടാന്‍ അവര് 'ആയത്തുല്‍ ഖുര്‍സി' മൂന്നുവട്ടം ഓതി.
വേദന തുടങ്ങിയപ്പോള്‍ സിസ്റ്ററുടെ അടുത്തേക്കോടിയതും ലേബര്‍ റൂമില്‍ കേറ്റാന്‍ സഹായിച്ചതും എല്ലാം അവര്‍ തന്നെ. പക്ഷെ അതിന്നു ശേഷം പിന്നെ അവരെ കണ്ടില്ല. ഞാന്‍ മലയാളി സിസ്റ്ററോടു തെരക്കിയപ്പോള്‍ അവരുടെ കുട്ടികള്‍ക്കു ഭക്ഷണമുണ്ടാക്കാന്‍ അത്യാവശ്യമായി വീട്ടിലേക്കു പോകുകയാണെന്നും പകരം വേറെ ആള്‍ വരും സാബിറ ഉറങ്ങുകയാണ് ഉണര്‍ത്തണ്ടാന്നും പിന്നെ കണ്ടോളാം എന്നും പറഞ്ഞത്രേ.

ഒന്നു നന്ദി പറയാന്‍ പോലും അവരെ കാണാന്‍ പറ്റാത്തതില്‍ എനിക്കും അവള്‍ക്കും വല്ലാത്ത വിഷമം തോന്നി. ജിന്നുകള്‍ പ്രത്യക്ഷപ്പെടുന്നതും മറയുന്നതും നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ വേഗത്തിലായിരക്കുമെന്ന് മൊല്ലാക്ക പറഞ്ഞതോര്‍മ്മ വന്നു.

**********************************************
കാലങ്ങള്‍ ഏറെ കടന്നു പോയി ഭാര്യയും മക്കളും നാട്ടില്‍ സെറ്റിലായപ്പോള്‍ ഞാനിവിടെ തനിച്ചായി. പൊന്നുമോന്‍ ചുമരില്‍ കളര്‍ പെന്‍സിലു കൊണ്ട് വരച്ച വക്ര വരകളില്‍ ആധുനീക ചിത്രകലയുടെ ദാര്‍ശനീകത സങ്കല്‍പ്പിച്ചെടുത്ത് വെറുതെ നിശ്വാസമുതിര്‍ത്തു വര്‍ഷങ്ങള്‍ തള്ളി നീക്കി. നാട്ടില്‍ പോക്കുമാത്രം കുളിര്‍മ്മയുള്ള ഒരോര്‍മ്മയായി മനസില്‍ താലോലിക്കും.
അങ്ങനെ ഒരു ഡിസംബറില്‍ നാട്ടിലേക്കു പോകാന്‍ പര്‍ച്ചേഴ്സും നടത്തി റൂമില്‍ വൈകി എത്തിയ ഒരു രാത്രിയിലാണ് പിന്നീട്‌ ഞാനവരെ കാണുന്നത്. കാണുകയായിരുന്നില്ല. കണ്ടു ഞെട്ടുകയായിരുന്നു. പൂട്ടിയിട്ട എന്റെ വീട്ടിനകത്ത് മെലിഞ്ഞൊട്ടിയ ആ ദേഹം കണ്ടു. പേടികൊണ്ട് അലറി വിളിക്കുമായിരുന്ന എന്റെ വായ് ശുഷ്കിച്ച വിരല്‍ കൊണ്ട് മൂടി അവരു പറഞ്ഞു.

"ഒച്ചയുണ്ടാക്കല്ലെ! എന്നെ ഓര്‍മ്മയില്ലേ? ഞാന്‍ കൊയിലാണ്ടിക്കാരി കൗസുതാത്ത. സാബിറ പ്രസവിക്കാന്‍ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റായപ്പോള്‍ ഞാനുണ്ടായിരുന്നു അവളുടെ കൂടെ".

ഞാന്‍ വലുതായി തുറന്ന വായ ചെറുതായ് അടച്ച് ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അവരെ തിരിച്ചറിഞ്ഞു. പ്രായത്തെക്കാള്‍ വാര്‍ദ്ധക്യം തോന്നിക്കുന്ന ഉടലില്‍ നിശ്കളങ്കമായ ആ കൃഷ്ണമണികളൊഴിച്ച് ബാക്കിയെല്ലാം തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുന്നു.

"അടച്ചു താഴിട്ടു പൂട്ടിയ എന്റെ വീട്ടിനകത്തെങ്ങനെ നിങ്ങള്‍ കേറി?".
"ഇത്ര നാളും മറഞ്ഞു നിന്ന് നിങ്ങള്‍ ഇപ്പോള്‍ എന്തിനു വന്നു?".
"എന്റെ വീട് എങ്ങനെ കണ്ടു പിടിച്ചു?".
"ഈ രാത്രിയില്‍ വെളിച്ചം പോലും തെളിയിക്കാതെ ഇങ്ങനെ ഒളിച്ചിരിക്കാനെന്താണു കാരണം?".

ഞാന്‍ അവരോടു ഒരു പാടു ചോദ്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.

"മുമ്പു അറബിത്തള്ളയുടെ കൂടെ കാറിലിതുവഴി പോകുമ്പോള്‍ സാബിറയും കുട്ടികളും ഈ വീടിന്നു മുമ്പില്‍ നില്‍ക്കുന്നതു പലകുറി കണ്ടിട്ടുണ്ട്". "പക്ഷെ എനിക്കു നിങ്ങളുമായി സൗഹൃദം പുതുക്കുവാനോ ബന്‍ധപ്പെടാനോ അനുവാദം ഉണ്ടായിരുന്നില്ല".

"സാബിറയും മക്കളും നാട്ടില്‍ തന്നെ സ്ഥിരമാക്കിയ വിവരം നിന്റെ തൊട്ടടുത്ത വീട്ടിലെ സിലോണി വേലക്കാരിയില്‍ നിന്നറിഞ്ഞു.
നീ ഇപ്പോഴും പഴയ വീട്ടില്‍ തന്നെയാണ് താമസമെന്നും അവള്‍ പറഞ്ഞു"

കഴിഞ്ഞ മൂന്നു വര്‍ഷമായി, നിങ്ങളെ ഒന്നു കാണാന്‍ ഒരവസരത്തിന്നു കാത്തിരിക്കയായിരുന്നു ഞാന്‍. ഇന്ന് വീട്ടിലുള്ളവരെല്ലാം ഒമാനില്‍ പോയിരിക്കയാണ് ഒരാഴ്ച കഴിഞ്ഞേ വരൂ. ചക്കൊളത്തിയുടെ ഇളയമകന്റെ കല്ല്യാണ നിശ്ചയമാണ്.
അറബി വില്ലകളില്‍ മുന്‍വശത്തുള്ള അത്ര ബന്തവസ്സ് ഒന്നും പിന്‍ഭാഗത്തു കാണില്ല. ഇവിടെയും അതുപോലെ തന്നെയാണ്. അടുക്കള ഭാഗത്തെ വാതിലിന്റെ പുറത്തേക്കിട്ട കമ്പി പിടിച്ചു വലിച്ചപ്പോള്‍ അകത്തെ കുറ്റി തുറന്നു.

റൂമിനകത്തു കയറിയപ്പോള്‍ കുട്ടികള്‍ക്കുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും നിറച്ച ബാഗു കണ്ടു. അപ്പോള്‍ നിനക്ക് നാട്ടില്‍ പോകാനുള്ള പരിപാടിയുണ്ടെന്ന് ഊഹിച്ചു. നേരം വളരെക്കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതാവുമെന്നും വരുന്നതുവരെ കാത്തിരിക്കാമെന്നും കരുതി. ലൈറ്റിട്ടാല്‍ തൊട്ടപ്പുറത്തെ റൂമില്‍ നിന്ന് ആരെങ്കിലും നിന്നെ അന്വേഷിച്ചു വന്നാലോ എന്നു കരുതി അതു ചെയ്തില്ല.

"ഇപ്രാവശ്യം നാട്ടില് പോകുമ്പോ നീ കൊയിലാണ്ടി പോകണം?". "അവടെ ഇന്റെ ഇമ്മാനെയും ആയിഷൂനെയും തെരക്കണം. അവരെ കണ്ടെത്തിയാ ഇവിടെ എമ്പസീയില്‍ പറഞ്ഞ് എന്റെ കത്തിച്ചു കളഞ്ഞ പാസ്പോര്‍ട്ടിന്റെ പകരം കടലാസ് ശരിയാക്കി എന്നെ നാട്ടിലെത്തിച്ചു തരണം".

"ആരാ പാസ്പോര്‍ട്ട് കത്തിച്ചത്?". ഞാന്‍ ചോദിച്ചു.

"ഹബീബ് മരിച്ച ആഴ്ച, ഞാന്‍ ഇനി എന്റെ നാട്ട്ക്ക് പോകാന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ അറബിത്തള്ളക്കു കലികേറി എന്റെ പാസ്പോര്‍ട്ട് എടുത്തു കൊണ്ട്വന്ന് എന്റെ മുമ്പിലിട്ടു കത്തിച്ചു. എന്റെ കണ്ണീരു കൊണ്ടൊന്നും അതു കെടുത്താനായില്ല. ഇനി നീ നാട്ട്ക്ക് പോക്ണതൊന്ന് കാണണം എന്നാണവര്‍ പറഞ്ഞത്".
"നിങ്ങളുടെ മകന്‍ ഹബീബ് എങ്ങനെയാണ് മരിച്ചത്?"
"അവന്‍ കഴിഞ്ഞ റജബിലാണ് മൗത്തായത്".
ഗദ്ഗദം കൊണ്ട് അവരുടെ വാക്കുകള്‍ വളരെ പ്രയാസപ്പെട്ടാണ് പുറത്തേക്കു വന്നത്.
"അറബിത്തള്ളന്റെ മൂത്തമകന്റെ വീട്ടില്‍ ഒരു പാര്‍ട്ടിയുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി നിലമൊക്കെ വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ നേരം വളരെ വൈകിയിരുന്നു. തിരിച്ച് വീട്ടിലെത്തി ഹബീബിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ അവന്‍ വിളികേട്ടില്ല. കെറുവിച്ച് കെടക്കാണ്ന്നു കരുതി, കുലുക്കി വിളിച്ചപ്പോ വെറുങ്ങലിച്ചീരുന്നു ഉടല്".
അവരുടെ തേങ്ങലിനിടയില്‍ ഞാന്‍ അവ്യക്തമായി മറ്റൊന്നു കേട്ടു.
"ഇവടെ എനിക്കറിയാവുന്നതായി ഇനി നിങ്ങളും ഈ കടലാസു തുണ്ടുകളും മാത്രമേ ബാക്കിയുള്ളൂ".
അവര് കയ്യിലിരുന്ന ഒരു മുഷിഞ്ഞ കവറിനകത്തു നിന്നും പിന്നിക്കീറിയ കുറേ കടലാസു തുണ്ടുകള്‍ പുറത്തെടുത്തു. ഞാന്‍ അവ പ്രയാസപ്പെട്ടു ചേര്‍ത്തു വെച്ചപ്പോള്‍ അവരുടെ പാസ്പോര്‍ട്ടിന്റെ ചില പേജിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും ആയിശുവിന്റെ വീട്ടുവിലാസമുള്ള ഒരു പഴയ ലക്കോട്ടും തിരിച്ചറിയാനായി.

ഞാനവ എന്റെ കംപ്യൂട്ടറില്‍ സ്കാന്‍ ചെയ്തെടുത്ത് അസല്‍ തിരിച്ചവര്‍ക്കുതന്നെ കൊടുത്തു. അവരോടു പറഞ്ഞു ഇതു നിധിപോലെ സൂക്ഷിച്ചു വെക്കുക കാരണം നിങ്ങള്‍ ഒരിന്ത്യക്കാരിയാണെന്നതിന്റെ അവസാനത്തെ തെളിവുകളാണിവ".

ഞാനവര്‍ക്കു വാക്കു കൊടുത്തു "ഈ പോക്കില്‍ നിങ്ങളുടെ ആയിശൂനെ അന്വേഷിച്ചു അവളെക്കുറിച്ചുള്ള എല്ലാ വിവരവും കൊണ്ടേ ഞാന്‍ തിരിച്ചു വരൂ".

"ജനുവരി പതിനാലു വരെ നിങ്ങള്‍ ക്ഷമിച്ചിരിക്കുക. ഇപ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരിക്കുന്നു. നിങ്ങള്‍ പോവുക".
ഞാന്‍ ചോദിച്ചു "കൊണ്ടു വിടണൊ?"

അവര്‍ പറഞ്ഞു "വേണ്ട, ഇവിടെ ചുമരുകള്‍ക്കകത്തുള്ള സ്ത്രീയെക്കാള്‍ സുരക്ഷിത പുറത്തുള്ളവളാണ്". "ഞാന്‍ ധൈര്യമായി പോയ്ക്കൊള്ളാം". "അവര്‍ പിന്‍വാതിലു വഴി തന്നെ പുറത്തെ ഇരുട്ടില്‍ അലിഞ്ഞു".

നാട്ടിലെത്തിയ ഞാന്‍ അത്യാവശ്യ ജോലികള്‍ തീര്‍ത്തു കൊയിലാണ്ടിക്കു പോകാന്‍ തീരുമാനിച്ചു. വിവരങ്ങളെല്ലാം അറിഞ്ഞ സാബിയും കൂടെ വരാനൊരുങ്ങി. അവ്യക്തമായ ഒരു യാത്രയായതിനാല്‍ അവളെ കൂട്ടുന്നത് ബുദ്ധിയല്ലെന്നു തോന്നി. അവളുടെ പിണക്കം ഗൗനിക്കാതെ ഞാന്‍ കൊയിലാണ്ടിയിലേക്കു തിരിച്ചു. പള്ളികളില്‍ നിന്നായി ആദ്യ അന്വേഷണം. മഹല്ലു കമ്മറ്റി പ്രസിഡന്റായ ബീരാന്‍ ഹാജിന്റെ മകന്‍ ബാപ്പുട്ടിയെ പല പള്ളിയിലേയും മുക്രിമാരോട് തെരക്കി. അവരൊക്കെ ഓരോ ഊഹം പറഞ്ഞു. പലരും ഞാന്‍ കുഴല്‍പ്പണം കൊടുക്കാന്‍ ചെന്നതാണെന്ന് തെറ്റിദ്ധരിച്ചു. ഞാനതൊട്ട് തിരുത്താനും നിന്നില്ല.

കണ്ണില് തീപ്പൊരി പാറുന്ന ഒരു ചെറുപ്പക്കാന്‍ എന്റെ കൈപിടിച്ച് വലിച്ച് പള്ളിന്റെ പിന്നിലെ കോലായിലേക്കു വലിച്ചോണ്ടു പോയി ആരും കേള്‍ക്കാതെ പറഞ്ഞു.

"ഇങ്ങള് അന്വേഷിക്ക്ണ ആളെ എനിക്കറിയാം. ആള്‌ ഇപ്പോ ഒളിവിലാണ്. സ്ഥലം കടപ്പുറം ഭാഗമാണ് മറവനാട് ജമാഅത്തിന്റെ ഏരിയയാണ്. മാറവനാട്ടേക്ക് ഓട്ടോയില്‍ പോയാ മതി. സ്ഥലം കുഴപ്പം പിടിച്ചതാണ്. ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടായി ഇപ്പോള്‍ ഒന്നു തണുത്തിട്ടേയുള്ളൂ. പലയിടത്തും പോലീസുണ്ട്. കുഴലു കൊടുക്കാനാണെങ്കില് ശ്രദ്ധിച്ചു പോകണം.

അവനോട് നന്ദി പറഞ്ഞ് ഓട്ടോയില്‍ കയറി സ്ഥലം പറഞ്ഞു. അരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ ഒരു ചെറിയ ടൗണില്‍ വണ്ടി നിത്തി. ഓട്ടോ ഡ്രൈവര്‍ മീറ്റര്‍ നോക്കി പൈസ പറഞ്ഞു. പൈസ കൊടുത്തു സ്ഥലം ഇതു തന്നെയാവുമെന്ന് ഊഹിച്ചിറങ്ങി.

പള്ളിമിനാരം ഉയരത്തിലെവിടെയെങ്കിലും കാണുന്നുണ്ടോ എന്നു തേടി കണ്ണൊന്നു പായിച്ചപ്പോള്‍ ചായമക്കാനികളിലെയും പീടികക്കോലായിലേയും കണ്ണുകള്‍ എന്നെ ഉഴിഞ്ഞെടുക്കുന്നത് ഭീതിയോടെ ഞാന്‍ കണ്ടു.

കുറച്ചകലെ മഫ്ടിയില്‍ പോലീസുകാരുണ്ട്. അവരുടെ മുടിവെട്ടിന്റെ രീതി അതു വിളിച്ചു പറയുന്നു. അവരുടെ ശ്രദ്ധയില്‍ പെടാതെ വലിഞ്ഞു നടന്നു.

കുറേ ദൂരം നടന്നപ്പോള്‍ ഒരാള്‍ പുറകിന്ന് വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ പള്ളിയില്‍ വെച്ചു കണ്ട കണ്ണില്‍ തീപ്പൊരിപാറുന്ന ചെറുപ്പക്കാരന്‍.

പടച്ചവനെ! അയാള്‍ എന്നെ എന്തിനാണ് പിന്തുടരുന്നത്?".

അയാള്‍ അടുത്തെത്തി ഇത്തിരി ധാര്‍ഷ്ഠ്യത്തോടെ എന്നോടു ചോദിച്ചു.

"യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കെന്താണു വേണ്ടത്?". "ഇവന്റ മുമ്പില്‍ സത്യം വെഌപ്പെടുത്തിയില്ലങ്കില്‍ അപകടമാണെന്നു മനസു പറഞ്ഞു".ഭീകര പ്രവര്‍ത്തനത്തിനു വന്ന വരുത്തനാണെന്നവന്‍ സംശയിക്കുന്നതിന്നു മുന്‍പെ ഞാന്‍ വിനീത സ്വരത്തില്‍ പറഞ്ഞു.

"എനിക്കു നിങ്ങളേടു വിശദമായി സംസാരിക്കണം ഇത്തിരി സുരക്ഷിതമായ സ്ഥലത്തേക്കെന്നെ കൊണ്ടു പോകൂ?

അവനെന്നെ കടല്‍ക്കരയുടെ വിജനമായ ഭാഗത്തേക്കു നയിച്ചു.
കിതപ്പും പേടിയും മാറി ഞാന്‍ ഇത്തിരി ആശ്വാസത്തോടെ എല്ലാ സംഗതികളും വിശദമാക്കി.
അവസാനം സഹായം തേടുന്ന വിധം ഞാന്‍ പറഞ്ഞു "എനിക്കാ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ വേണം. ആയിശൂന്റെയും അവളുടെ ഉമ്മാന്റെയും എല്ലാ വിവരങ്ങളും അന്വേഷിച്ചു വരാമെന്ന് ഞാന്‍ കൗസൂന്ന് വാക്ക് കൊടുത്തു പോന്നതാണ്. അതിനെന്നെ സഹായിക്കണം"

അയാള്‍ നിശബ്ദനായി എല്ലാം കേട്ടിരുന്നു.
പിന്നെ ശാന്തനായി പറഞ്ഞു "ആ കുടുംബം ഇന്നില്ല. അവരെ ചൊല്ലിയാണ് ഈ നാട്ടില്‍ ഇത്രയും വലിയ ഒരു വര്‍ഗീയ കലാപം ഉണ്ടായത്.

കെട്ട്യോളെ ചവിട്ടി വാരിയെല്ലു തകര്‍ത്ത കുറ്റത്തിന്റെ ശിക്ഷ തീര്‍ന്നിറങ്ങിയ അന്ന് ബാപ്പുട്ടി നേരെപ്പോയത് ആയിശൂന്റെ ചെറ്റക്കുടിലില്. കൂടെപ്പൊറുത്തില്ലങ്കി കിടത്തിപ്പൊറുപ്പിക്കൂലാന്നവന്‍ ഭീഷണിപ്പെടുത്തി.

ശല്യം സഹിക്കാനാവാതെ ആയിശു അന്യമതക്കാരനൊരുത്തനെ രജിസ്റ്റര്‍ കല്ല്യാണം കഴിച്ചു. ബാപ്പുട്ടി അത് മതത്തെ നിന്ദിക്കലായി വ്യാഖ്യാനിച്ചു.
ബാപ്പ മരിച്ചിട്ട് "മയ്യത്ത്‌" നിസ്ക്കരിക്കാന്‍ പോലും പള്ളികേറാത്ത ഓന്‍ ജിഹാദിനാളെ കൂട്ടാന്‍ ആദ്യമായി പള്ളിയില്‍ കയറി.
ഖത്തീബ് ഓനെ പിന്തിരിപ്പിക്കാന്‍ ഒരുപാടു നോക്കി. ഓന്റെ നാലഞ്ചാളുകള്‍ ചേര്‍ന്ന് ആ ചെക്കനെയും പെണ്ണിനെയും വെട്ടിക്കൊന്നു. ഈ ബഹളത്തിനിടെ ഓളെ ഉമ്മ കിടന്ന കിടപ്പില് അങ്ങനെ മരിച്ചു.

ചെക്കന്റെ സമുദായത്തിലെ ആളുകള്‍ സമാജത്തില്‍ രഹസ്യ യോഗം ചേര്‍ന്ന അന്നു രാത്രി പള്ളിയില്‍ ഉറങ്ങിക്കിടന്ന പതിനഞ്ചാളുകളെ വെട്ടി. അതില്‍ നാലണ്ണം മയ്യത്തായി.

പിന്നെ പോലീസും ഹര്‍ത്താലുമായി ദിവസങ്ങള്‍ പോയി. ഇലക്ഷന്‍ കാലമായതിനാല്‍ രാഷ്ട്രീയക്കാരും മറ്റും ഇടപെട്ട് എല്ലാം ഒതുക്കി തീര്‍ത്തു.

ഇരു ഭാഗത്തുമുള്ള കേസൊക്കെ പിന്‍വലിക്കാമെന്ന് അവര് വാക്ക് കൊടുത്തിട്ടുണ്ടത്രേ. ഇരു കൂട്ടരുടേയും ഒളിവിലുള്ളവര്‍ക്ക് ഇനി പുറത്തു വരാം, എന്ന് സ്ഥലം എം.എല്‍.എ. യും ഉറപ്പു കൊടുത്തിട്ടുണ്ട്.

"ആ കവലയിലെ പണി നടക്കുന്ന രണ്ട് പുതിയ ഓഫീസുകള്‍ കണ്ടോ?. അവിടെയായിരുന്നു ആയിശൂന്റെ കുടുംബത്തിന്റെ പത്തു സെന്റ് പുരയിടം.

ഈ ഓഫീസുകള്‍ ഇപ്പോള്‍, ഒന്ന് സമാജത്തിനും മറ്റേത് മഹല്ലത്തിനുമാണ്‌. ഇതു പങ്കുവെപ്പും ഒത്തു തീര്‍പ്പിന്റെ ഭാഗമായിരുന്നു.

കൗസുതാത്താനോട് ഇനി ഇങ്ങോട്ടു വരണ്ടാന്ന് പറയണം.

ഇവിടെ ഞങ്ങളെല്ലാരും കൂടി സംരക്ഷിച്ചു നിര്‍ത്തിയ മതസൗഹാര്‍ദ്ദം തകരാതിരിക്കണമെങ്കില്‍ അവരിനി ഇങ്ങോട്ടു മടങ്ങി വരരുത്. വന്നാലിനിയും ഇവിടെ കലാപം ഉണ്ടാവും.

ആത്മസംയമനം പാലിക്കാനുള്ള ഞങ്ങളുടെ നേതാക്കളുടെ ആഹ്വാനത്തിന് പക്ഷെ ഇനി മറ്റൊരു കലാപം കൂടി പിടിച്ചു നിര്‍ത്താനാവില്ല".

ഞാന്‍ ഒന്നും മറുപടി പറയാതെ മടങ്ങിപ്പോരാന്‍ എഴുന്നേറ്റു.


ലീവ് കഴിഞ്ഞു തിരിച്ചു ചെല്ലുന്നേരം കൗസുതാത്താനോടു എന്തു പറയണമെന്നായിരുന്നു ഞാന്‍ പിന്നെ ചിന്തിച്ചത്‌.

പോരുന്ന വഴി കവലയിലെ പത്തു സെന്റില്‍ ഉയര്‍ന്നു വരുന്ന ആ രണ്ടു കെട്ടിടങ്ങളിലേക്കും വെറുതെ നോക്കി.

അതിലേക്കു മനുഷ്യരൂപമുള്ള ഒരുപാടു കോലങ്ങള്‍ തള്ളിക്കേറുന്നതായും ആ ജീവികളുടെ തലയെല്ലാം കറുത്ത നായയുടെയോ പാമ്പിന്റെയോ തലയുമായ് വളരെ സാദൃശ്യം ഉള്ളതായും എനിക്കു തോന്നി.

നിരാശനായി വീടണഞ്ഞ എന്നെ കാത്തിരിക്കുകയായിരുന്നു ഭാര്യ. കാര്യങ്ങള്‍ വിശദമാക്കിയപ്പൊള്‍ അവള്‌ക്കും സങ്കടമായി. അന്നു രാത്രി ഏറെ നേരം കഴിഞ്ഞാണ് ഞാനുറങ്ങിയത്. പാതിരാക്ക് കുലുക്കിയുണര്‍ത്തപ്പെട്ട് ഞാന്‍ കണ്ണു തുറന്നപ്പോള്‍ അവള്‍ കുനിഞ്ഞ് എന്റെ കണ്ണിലേക്കു നോക്കിയിരിക്കുന്നു.

"നീ ഉറങ്ങിയില്ലേ?".

"ഞാന്‍ എങ്ങനെ ഉറങ്ങും?"

"നമുക്ക് കൗസുതാത്താനെ ഇവിടെ കൊണ്ടുവന്നാലോ?".
"നമ്മുടെ പുതിയ വീട്ടിലേക്കു താമസം മാറുമ്പോള്‍ കൗസുതാത്ത നമ്മളെ വീട്ടിലെ ഒരംഗമാവട്ടെ?".

ഞാന്‍ ആലോചിച്ചു നല്ലൊരു തീരുമാനമാണത്.

"നമുക്ക് കൗസുതാത്താനെ നമ്മുടെ പുതിയ വീട്ടിലേക്കു കൊണ്ടുവരാം ഞാന്‍ ഗള്‍ഫിലേക്കു വീണ്ടും തിരിച്ചുപോകുമ്പോള്‍ പട്ടികളും പാമ്പുകളും നിറഞ്ഞ ഈ തുരുത്തിന്നു മീതെ സ്നേഹത്തിന്റെ നേര്‍ത്ത ഒരു രക്ഷാകവചം അനിവാര്യം തന്നെ".
"നീ എന്റെ എല്ലാ സമസ്യകളും പരിഹരിച്ചിക്കുന്നു?".

ഞാനവളെ നന്ദിയോടെ നോക്കി ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

ഇനി നമുക്ക് ഉറങ്ങാം.

അവളെന്റെ നെഞ്ചില്‍ തലചേര്‍ത്തു കിടന്നു.
പിന്നെ ഞങ്ങള്‍ സുഖകരമായ ഉറക്കത്തിലേക്കൂളിയിട്ടു.
ആ രാത്രി പുലരുന്നതുവരെ സ്വപ്നത്തിന്റെ നേര്‍ത്ത ചിറകില്‍ ഞാന്‍ ഒരു കാറ്റിനെപ്പോലെ ഒഴുകി നടന്നു.

29 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  അവര്‍ പറഞ്ഞു "വേണ്ട, ഇവിടെ ചുമരുകള്‍ക്കകത്തുള്ള സ്ത്രീയെക്കാള്‍ സുരക്ഷിത പുറത്തുള്ളവളാണ്". "ഞാന്‍ ധൈര്യമായി പോയ്ക്കൊള്ളാം". "അവര്‍ പിന്‍വാതിലു വഴി തന്നെ പുറത്തെ ഇരുട്ടില്‍ അലിഞ്ഞു".

  നാടുകടത്തപ്പെടുന്ന നല്ല ജിന്നുകള്‍ (ചെറുകഥ)

 2. Kalesh Kumar പറഞ്ഞു...

  കരീംഭായ്, നന്നായിട്ടുണ്ട്!
  ബാ‍ക്കി കൂടെ പറയൂ...

 3. അത്തിക്കുര്‍ശി പറഞ്ഞു...

  കരീം മാഷെ,

  നന്നായിട്ടുണ്ട്‌.

  സങ്കല്‍പ്പ യഥാര്‍ഥ്യങ്ങളെ വേര്‍ത്തിരിച്ചെടുക്കാന്‍ പ്രയാസമായ ഒരു ആഖ്യാനം!

  മനസ്സിലെവിടെയൊ ഒരു വിങ്ങല്‍.. വെരും ഒരു കഥ മാത്രമാവണേ എന്ന പ്രാര്‍ഥന..

 4. വല്യമ്മായി പറഞ്ഞു...

  നന്നായിരിക്കുന്നു.കുടുംബത്തിന്റെ നന്മക്കായി തന്റെ യൌവനം ഹോമിച്ച ഒരു പാട് പേരെന്‍nജാനും കണ്ടിട്ടുണ്ട്;ദുബായിലെ പഴയ ഗല്ലികളില്‍

 5. Unknown പറഞ്ഞു...

  വീണ്ടും ഞാന്‍ ജിന്നുകളെ കുറിച്ചോര്‍ത്തു. നേര്‍ത്ത ചിറകുകളുമായി കാറ്റിനെപ്പോലെ പാറിനടക്കുന്ന നന്‍മ നല്‍കുന്ന ജിന്നുകളെ കുറിച്ച്

  ഈ ലോകത്ത് എല്ലാവരും നന്മ നിറഞ്ഞ ജിന്നുകളായെങ്കില്‍....
  മനസ്സില്‍ ഒരു കുളിര്‍മ്മ. ഇഷ്ടപ്പെട്ടു കരീം ഭായ്... ഒത്തിരി ഇഷ്ടപ്പെട്ടു.

 6. അനു ചേച്ചി പറഞ്ഞു...

  നല്ല ജിന്നുകളുടെ കൂട്ടത്തില്‍ ഇതാ കരിം മാഷ്,സാബിത എന്നിവരും.വളരെ നന്നയി മാഷെ.

 7. ലിഡിയ പറഞ്ഞു...

  വായിച്ച് കണ്ണ് നിറഞ്ഞു..വേറെയൊന്നും പറയാനില്ല.

  -പാര്‍വതി.

 8. Visala Manaskan പറഞ്ഞു...

  റ്റച്ചിങ്ങ്.

 9. സു | Su പറഞ്ഞു...

  നല്ല മനുഷ്യരുടെ വില എന്നെങ്കിലും തിരിച്ചറിയപ്പെടും.
  ഇതൊരു കഥയല്ലാതിരിക്കട്ടെ.

 10. Mubarak Merchant പറഞ്ഞു...

  അല്ല കരീമിക്കാ, ഒന്നു ചോദിച്ചോട്ടെ, ഇത്രയധികം മുഹൂര്‍ത്തങ്ങള്‍ ഒറ്റനൂലില്‍ കോര്‍ത്ത ഇതിനെ ഒരു കഥയെന്നു വിളിക്കാന്‍ എനിക്കു തോന്നുന്നില്ല; അതുകൊണ്ടാ.
  എന്നിട്ട് നിങ്ങളും നേര്‍ത്ത ചിറകുകളുമായി കാറ്റിനെപ്പോലെ പാറിനടക്കുന്ന നന്‍മ നല്‍കുന്ന ആ ജിന്നുകളിരൊരാളായോ?

 11. കരീം മാഷ്‌ പറഞ്ഞു...

  ക്ഷമിക്കണം, ദു:ഖപര്യവസായിയായ ഒരു സംഭവത്തിന്‍റെ ശുഭപര്യവസായിയായ കഥാവിഷ്കാരമാണു ഞാന്‍ നടത്തിയത്‌. ആ വേദന ഞാന്‍ മാത്രം സഹിച്ചാല്‍ മതിയെന്നു കരുതി കിളികൊത്തിയ മാങയുടെ കൊത്തിയ ഭാഗം ഞാനെടുത്ത് നല്ല ഭാഗം നിങള്‍ക്കു തന്നതാണ്.
  ഭൂമിഒയില്‍ ഇപ്പോഴും നന്മ ബാക്കിയുണ്ടെന്ന സന്ദേശം നാം പ്രചരിപ്പിച്ചേ മതിയാവൂ.

 12. അജ്ഞാതന്‍ പറഞ്ഞു...

  കരീം ഇക്കാ
  താങ്കള്‍ ഈ ബൂലോഗത്തിലെ പുലിയല്ല,സിംഗമല്ല....ആ കുഞ്ഞിചിറകുകളുള്ള നന്മകള്‍ ചെയ്യുന്ന ജിന്നാണ്...

  ഇത് ഞാന്‍ ഒരു മൂന്ന് വട്ടം...വായിച്ചു...

 13. അരവിന്ദ് :: aravind പറഞ്ഞു...

  താങ്കളുടെ ഓരോ കഥകളും മനോഹരം, ഹൃദ്യം.
  തമാശക്കും സങ്കടത്തിനും എല്ലാം നന്മയുടെ മണം, നിഷ്കളങ്കതയുടെ നിറം, സ്നേഹത്തിന്റെ ഗുണം.
  മാഷിന്റെ പോസ്റ്റുകള്‍ ബൂലോഗത്തിന് മുതല്‍‌ക്കൂട്ട്.

 14. തറവാടി പറഞ്ഞു...

  നല്ല അവതരണം....

 15. K.V Manikantan പറഞ്ഞു...

  മാഷേ,
  താങ്കള്‍ ഈ "ചെറുകഥ" എന്നത്‌ മാറ്റി "ഓര്‍മ്മയിലെ ഇതളുകള്‍" എന്നോ മറ്റോ ഈ ലേഖനങ്ങള്‍ക്ക്‌ പേര്‌ നല്‍കാന്‍ ഞാന്‍ അതിശക്തമായി ആവശ്യപ്പെടുന്നു.

  ഒരു മെയിന്‍ സ്ട്രീം മാഗസിനില്‍ വരാന്‍ മാത്രം ശക്തിയുള്ള കുറിപ്പുകളാണിവ.

  ചില സ്ത്രീവിരുദ്ധ കമന്റുകള്‍ താങ്കളുടെ കുറിപ്പുകളില്‍ കാണുന്നു.... സ്വര്‍ണ്ണം വാഗ്ദാനം നല്‍കലും മറ്റും. ഇതു പോലെയുള്ള ഒരു കഥാ ചുറ്റുപാടില്‍.... തികച്ചും ദു:ഖാകുലമായ ചുറ്റുപാടില്‍... കൊച്ചു കൊച്ചു മേല്‍പ്പറഞ്ഞ തമാശകള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

  ഞാന്‍ ഓടുന്നില്ല. ഇവിടെ തന്നെ നിക്കട്ടേ!

 16. Kuttyedathi പറഞ്ഞു...

  കരീം മാഷേ, വളരെ വളരെ മനോഹരമായിരിക്കുന്നു, ഈ ചെറുകഥ. കഥ ആണെന്നു കൂടി വിസ്വസിക്കാന്‍ പറ്റണില്ല. അത്ര തീക്ഷണതയോടെ, ഒക്കെ നേരിട്ടനുഭവിച്ചപോലെ മനോഹരമായെഴുതിയിരിക്കുന്നു. തന്റെ ജീവിതത്തില്‍ മുന്നോട്ടിനി പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ലാത്തപ്പോള്‍ പോലും ഒരു സഹജീവിയോടവര്‍ കാണിച്ച കാരുണ്യം, എത്ര വലുതാണ്‌. സമാനമായ സാഹചര്യങ്ങളില്‍ ജീവിതം തള്ളിനീക്കുന്ന, അറബിച്ചിമാരുടെ ക്രൂരതകളിക്കിരയാവേണ്ടി വന്ന, പല കഥകളും കേട്ടിട്ടുണ്ട്‌, അറബി നാട്ടില്‍ ആയപ്പണിക്കു പോയി തിരിച്ചു വന്ന ചിലരില്‍ നിന്ന്.

  പത്തു മണി കഴിഞ്ഞാല്‍, ആണായാലും പെണ്ണായാലും, രോഗികള്‍ കിടക്കുന്ന വാര്‍ടിലെ മുറികളില്‍, ആരും കൂടെ നില്‍ക്കാന്‍ പാടില്ലെന്നൊരു നിയമമുണ്ടായിരുന്നു, ഞങ്ങളുടെ കണ്മണി ജനിച്ച ആശുപത്രിയിലും. അന്നിതേ പോലെ കരള്‍ പറിച്ചെടുക്കുന്ന വേദനയോടെ, നിയമങ്ങളെയൊക്കെ ശപിച്ചു കൊണ്ടൊരാള്‍ പത്തു മണിക്കു മനസ്സില്ലാ മനസ്സോടെ വീട്ടില്‍ പോയതോര്‍മ്മ വന്നു.

  ഇതും കപ്പ മേടിയ്ക്കാന്‍ പോയ കഥയും മാത്രമേ വായിച്ചുള്ളൂ. ബാക്കി കൂടി വായിയ്ക്കണം. വായിയ്ക്കും.

 17. രാജ് പറഞ്ഞു...

  സങ്കുചിതന്‍ പറഞ്ഞതിനോടു ഞാനും യോജിക്കുന്നു. കഥാഗതിയില്‍ അപ്രസക്തമായ പല പരാമര്‍ശങ്ങളും വാക്കുകളുമെല്ലാം ഒഴിവാക്കാവുന്നതു തന്നെ. കഥ പറയുന്ന രീതി എനിക്കിഷ്ടമായില്ലെങ്കിലും കഥയും കഥയുടെ പിന്നിലെ ഉദ്ദേശശുദ്ധിയും ബോധിച്ചു.

 18. ബിന്ദു പറഞ്ഞു...

  ഇതു വായിച്ചപ്പോള്‍ മുന്‍പൊരിക്കല്‍ എന്നോടൊപ്പം യാത്ര ചെയ്ത സുബൈദ വീണ്ടും മനസ്സിലേക്കു കയറി വന്നു. ഭര്‍ത്താവുപേക്ഷിച്ച്, നാലു കുട്ടികളെ പോറ്റാനായി ഒരു അറബിയുടെ വീട്ടിലേയ്ക്കു വളരെ പ്രതീക്ഷകളോടെ പോവുന്ന സുബൈദ. പിന്നീടു പലപ്പോഴും അവര്‍ക്കവിടെ സുഖമായിരിക്കുമോ എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. എങ്ങോട്ടാ‍ണ് കൊണ്ടു പോവുന്നത് എന്നു പോലും അന്നവര്‍ക്കറിയില്ലായിരുന്നു. :(

 19. കരീം മാഷ്‌ പറഞ്ഞു...

  "ചില സ്ത്രീവിരുദ്ധ കമന്റുകള്‍ താങ്കളുടെ കുറിപ്പുകളില്‍ കാണുന്നു.... സ്വര്‍ണ്ണം വാഗ്ദാനം നല്‍കലും മറ്റും. ഇതു പോലെയുള്ള . തികച്ചും ദു:ഖാകുലമായ ചുറ്റുപാടില്‍..."
  ----------------------------------
  പ്രിയ സങ്കൂ......,പെരിങ്ങൂ....
  ക്രിയാത്‌മക വിമര്‍ശനത്തിനു വളരെ നന്ദി.
  സ്വര്‍ണ്ണ പരാമര്‍ശം അസ്‌ഥാനത്താണെന്നു അതു വായിച്ച അന്നു തന്നെ ശ്രീമതി പറഞ്ഞിരുന്നു.
  "പാല്‍പ്പായസത്തില്‍ വീണ ഇറച്ചികഷ്‌ണം പോലെ" എന്നാണവള്‍ പറഞ്ഞത്‌.(ശരിയാണെന്നു എനിക്കും തോന്നിയിരുന്നു. പക്ഷെ അവള്‍ അന്നെന്നെ അത്രക്കു ബുദ്ധിമുട്ടിച്ചിരുന്നു.ഇങ്ങനെയെങ്കിലും അവള്‍ക്കിട്ടോന്നു താങ്ങണം എനൂ വിചാരിച്ചു പോയി).
  --------------------------------
  എന്റെ ഒരുപാടു കഥകള്‍ക്കു ശേഷം പെരിങ്ങോടന്റെ ഒരു കമന്റ്‌ എന്റെ ബ്ലോഗില്‍ കണ്ടപ്പോള്‍ സന്തോഷമായി. "കഷ്‌ടമായിപ്പോയി" യില്‍ ബ്ലോഗിലടിക്കെതിരെ ഞാന്‍ എന്റെ ഭാഷയില്‍ പ്രതികരിച്ചതില്‍ കെറുവിച്ചിരിക്കുകയാണേന്നു നിനച്ചു ഞാന്‍ വെറുങ്ങലിച്ചിരിക്കുകയായിരുന്നു.
  നന്ദി.
  --------------------------------
  ഇന്നു നമ്മുടെ സ്വാതന്ത്ര്യദിനസ്മരണകള്‍ .അതിന്റെ കൂടി ആശംസകള്‍.

 20. വേണു venu പറഞ്ഞു...

  നല്ല കഥ മാഷേ.
  വേണു.

 21. myexperimentsandme പറഞ്ഞു...

  നല്ല കഥയും നല്ല മനസ്സും.

 22. രാജ് പറഞ്ഞു...

  കരീം മാഷ് ‘കഷ്ടമായിപ്പോയി!’ എന്നതില്‍ എനിക്കെതിരെ വല്ലതും പറഞ്ഞിരുന്നോ? ഞാനതു ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചിരുന്നെങ്കില്‍ തന്നെയും അതിനിവിടെ പ്രത്യേകം പ്രസക്തിയൊന്നും ഉണ്ടാവുമായിരുന്നില്ല. പലപ്പോഴും ബൂലോഗത്തിലെ പല സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും വ്യക്തികളേക്കാള്‍ ഉപരി അവരുടെ ആശയങ്ങളെയാകും ഞാന്‍ വിമര്‍ശിക്കുവാന്‍ തുനിഞ്ഞിരിക്കുക. എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗിലെ പ്രതികരണങ്ങള്‍ ഇഷ്യൂ ബേസ്ഡ് ആണു്, വ്യക്തികള്‍ക്കതില്‍ വലിയ സ്ഥാനമൊന്നുമില്ല. എന്തായാലും ഞാന്‍ കെറുവിച്ചിരിക്കുകയെന്നു ധരിച്ചതു കഷ്ടമായിപ്പോയി, ബൂലോഗക്ലബില്‍ എന്റെ വാദത്തിനെതിരെ എന്തെങ്കിലും പറഞ്ഞെന്നു കരുതി ഇവിടെ കെറുവിച്ചിരിക്കുന്നതില്‍ പ്രത്യേകസുഖമൊന്നും തോന്നുന്നില്ല :)

  എനിക്കു ഡെഡിക്കേറ്റ് ചെയ്തിരുന്ന ആ കഥ ഇപ്പോഴാണു വായിക്കുവാന്‍ കഴിഞ്ഞതു്. ഇതിലും അതിലും പ്രസിദ്ധിനേടിയ ചില സംഭവങ്ങളെ സ്വാനുഭവങ്ങളിലേയ്ക്കു സ്വാംശീകരിക്കുന്നതു നന്നായി തോന്നി, ആ നിലയ്ക്കു് ഈ ചെറുകഥകള്‍ ഹൃദ്യമായിത്തോന്നുന്നു (ശൈലിയെക്കുറിച്ചു നേരത്തെ അഭിപ്രായം പറഞ്ഞിരുന്നല്ലോ)

 23. റീനി പറഞ്ഞു...

  കരീം മാഷേ, ഇതു ചെറുകഥയോ, അനുഭവങ്ങളുടെ ഏടുകള്‍ മറിച്ചപ്പോള്‍ കണ്ട മറ്റൊരു അധ്യായമോ?
  നല്ല കഥാ ബീജം. അല്‍പം നീണ്ട്‌ പോയൊ എന്നു ഒരു നേരിയ സംശയം.
  മാഷ്‌ ഇങ്ങനെ എന്നും എഴുതിയാല്‍ ഞാന്‍ എങ്ങെനെ കീപ്‌ അപ്‌ ചെയ്യും?

 24. രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

  കരീം മാഷ്,

  കഥ(?) നന്നായിട്ടുണ്ട്. ആദ്യത്തെ കുറച്ചു പാരഗ്രാഫുകള്‍ കഴിഞ്ഞാണ് ശരിക്കും ലയിച്ച് വായിക്കാന്‍ തുടങ്ങിയത്. ആദ്യഭാഗങ്ങളില്‍ സംഭാഷണങ്ങള്‍ അല്പം കൂടുതലായപോലെ തോന്നി. പോരായ്മയായി പറഞ്ഞതല്ല. എനിക്കെന്തോ വായിച്ചപ്പോള്‍ രണ്ടു കഥ വയിക്കുന്ന പോലെ തോന്നി. പെട്ടന്ന് വേറൊരു ലോകത്തിലെത്തിച്ചേരുകയും പിന്നിലുപേക്ഷിച്ച ലോകം അപരിചിതമാവുകയും ചെയ്യുന്നൊരവസ്ഥ. അല്ലെങ്കില്‍ രണ്ടാമത്തെ ഭാഗത്തിനെ കൂടുതല്‍ മനസ്സുകൊണ്ട് സ്വീകരിക്കുന്ന അവസ്ഥ. ആദ്യഭാഗത്തിനേയും അവസാന ഭാഗത്തിനേയും അപേക്ഷിച്ച് മദ്ധ്യഭാഗത്തിന് ഒഴുക്കും ആഴവും കൂടുതലാണ്.

  ശരിക്കും ബൂലോഗത്തിന് ഒരു പുതിയ വെളിച്ചമാണ് മാഷ്.

 25. കരീം മാഷ്‌ പറഞ്ഞു...

  പ്രതികരിച്ചവരോടും സ്‌നേഹോപദേശം നല്‍കിയവരോടും ഒരു വാക്ക്‌
  "നന്ദി"
  ഞാന്‍ എന്റെ ബ്ലോഗില്‍ ഇപ്പോള്‍ പോസ്‌റ്റു ചെയ്‌തവയെല്ലാം ഒരോറ്റ മാസത്തിനുള്ളില്‍ എഴുതിയവയല്ല. അതിനുള്ള കഴിവുമെനിക്കില്ല. ചിലതെങ്കിലും എന്റെ സ്വകാര്യ ദു:ഖമായോ,അഭിമാനമായോ എന്റെ ശേഖരത്തില്‍ ഒളിച്ചു വെച്ചതായിരുന്നു. പലതിനെയും എന്തു പേരിട്ടു വിളിക്കണം എന്നു തന്നെയറിയില്ലായിരുന്നു. jacobsmal fontകളില്‍ നിന്ന്‌ യൂണിക്കോഡിലേക്കുള്ള പാത സിബു തുറന്നു തന്നപ്പോഴാണ്‌ എന്നെ എന്നും ആദ്യം പ്രോല്‍സാഹിപ്പിക്കുന്ന എന്റെ പ്രിയവീടര്‍ ഇതെല്ലാം ബ്ലോഗില്‍ ഇടാന്‍ ഉപദേശിച്ചത്‌.ഇതൊന്നും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുമില്ല. ഒന്നു രണ്ടണ്ണം നാട്ടിലെ സുവനീരുകളിലും ഇവിടത്തെ ചില റേഡിയോവിലും വന്നിട്ടുണ്ടെന്നൊഴിച്ചാല്‍ തികച്ചും വെര്‍ജിന്‍. yahoo വിലെ group ല്‍ ആണ്‌ ഞാനിവ ശേഖരിച്ചിരുന്നത്‌ ഇപ്പോള്‍ ഫ്‌ലാഷ്‌ ഡിസ്‌കു വന്നപ്പോള്‍ അതിന്റെ ആവശ്യമില്ല.
  ഫീഡ്‌ബാക്കു കിട്ടുന്നു എന്നതാണ്‌ ബ്ലോഗെഴുത്തിന്റെ മെച്ചം. അതും പോസ്‌റ്റ്‌ ചെയ്തു വിരല്‍ മാറ്റുന്നതിനു മുന്‍പ്‌.
  എഴുത്തുകാരെക്കാള്‍ എത്രയൊ കഴിവുള്ള വിമര്‍ശകരുണ്ട്‌ ബ്ലോഗില്‍.
  വിമര്‍ശനത്തിനായി ഒരു ബ്ലോഗു വേറെ തുടങ്ങണമെന്നാണ്‌ എന്റെ ആശ. അല്ലാതെ " മുഖ്യധാര" യില്‍ നാം കാണുന്ന എന്റെ കാലു നീ തടവുക നിന്റെ കാലു ഞാനും തടവാമെന്ന പുകഴ്‌ത്തിപ്പടലുകള്‍ നമ്മുടെ രചനക്കൊരു പുരോഗതിയും തരില്ലന്നാണ്‌ എന്റെ ഭാഷ്യം.
  ഈഗൊ ക്ലാഷു കൊണ്ട്‌ നമുക്ക്‌ ഒരുപാട്‌ ഗായകരും,എഴുത്തുകാരും,ചിത്രകാരന്മാരും,കവികളും നഷ്‌ടപ്പെട്ടിട്ടുണ്ട്‌.
  ബ്ലോഗുകള്‍ അതിനോരു വിപ്ലവകരമായ അന്ത്യം കുറിക്കുമെന്ന പ്രതീക്ഷയോടെ!.

  സംഭവിച്ചതെല്ലാം നല്ലതിനല്ലങ്കിലും ഇനി സംഭവിക്കാനിരിക്കുന്നതെല്ലാം നല്ലതിനാവട്ടെ എന്ന ആശംസയോടെ!.

 26. ബാബു പറഞ്ഞു...

  മാഷേ കഥ ഇഷ്ടമായി. കുറച്ചു ചെത്തി മിനുക്കാമായിരുന്നെന്നു തോന്നി. കാതലിലേക്കുള്ള വഴി അല്‍പം നീണ്ടുപോയി. അടുത്തതു വായിക്കട്ടെ.

 27. Unknown പറഞ്ഞു...

  നല്ല കഥ.

 28. ഇഡ്ഡലിപ്രിയന്‍ പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 29. ഇഡ്ഡലിപ്രിയന്‍ പറഞ്ഞു...

  ഞാന്‍ ഇപ്പോഴാണ്‌ ഇതു വായിച്ചത്‌. വൈകിയാണെങ്കിലും ഒരഭിപ്രായം പറയാതെ വയ്യെന്ന് തോന്നി. എന്തോ, കണ്ണുനിറഞ്ഞു പോയി മാഷെ....