വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

പാഠം.രണ്ട്‌. ഗുരുദക്ഷിണ


"നാട്ടിലേക്കു കുറ്റീം പറിച്ചു കെട്ടുകെട്ടുന്നതിന്നു മുമ്പേ ഒരായിരം വട്ടം ഞാനോതി തന്നതാണ്‌ ശബിക്കു പറ്റിയ ഒരു സ്കൂള്‍ കണ്ടെത്തി അഡ്മിഷന്‍ ശരിയാക്കണമെന്ന്‌".
"നാട്ടിലെത്തീട്ട്‌ ഒരു മാസത്തിലധികമായി. ഒരു നല്ല സ്കൂളിലും അഡ്മിഷന്‍ കിട്ടുന്ന കോളില്ല".
"രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലത്തില്‍ മിന്നി നിന്നിരുന്ന നക്ഷത്രമായിരുന്നൂന്നല്ലേ ധാരണ! പോയി മോള്‍ക്കൊരു നല്ല സ്‌കുളില്‍ അഡ്മിഷന്‍ വാങ്ങികൊടുക്കാന്‍ നോക്ക്‌?"

വെളുപ്പാന്‍ കാലം, വെറും വയറ്റില്‍, ഭാര്യ എന്ന 'ഭാര'ത്തിന്റെ കളിയാക്കലും കുറ്റപ്പെടുത്തലും സമം ചേര്‍ത്ത കഷായം കുടിച്ചപ്പോള്‍ എന്നിലെ ചേകവര്‍ ഉണര്‍ന്നു.
'പ്രവാസിയുടെ വോട്ടവകാശം' എന്ന ഈ ഫീച്ചര്‍ മുഴുവന്‍ വായിക്കാന്‍ അവളും അതൊന്നു നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരുകളും സമ്മതിക്കില്ലല്ലോ എന്നു മനസില്‍ മൊഴിഞ്ഞ്‌ ഞാന്‍ പത്രം മാറ്റി വെച്ച്‌ എണീറ്റു.
"രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ ഞാന്‍ വഹിച്ചിരുന്ന പ്രാദേശിക, പഞ്ചായത്തു, ജില്ലാ കമ്മറ്റി ഔദ്യോഗിക സ്ഥാനമാനങ്ങളാണു സത്യം. ഇന്നേക്കു പതിനാറാം നാള്‍ എന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച്‌ ശബിക്കൊരു അഡ്മിഷന്‍ ശരിയാക്കിയിട്ടേ ഇനി ഈ ഞാന്‍ ഈ വീട്ടില്‍ നിന്നു ചുടുവെള്ളം കുടിക്കൂ. ഇതു സത്യം, സത്യം, സത്യം.......".

അങ്കകലിയിളകിയ എന്നിലെ ചേകവനെ തണുപ്പിക്കാന്‍ ഫ്രിഡ്ജ്‌ തുറന്നു ഒരുപാടു തണുത്ത വെള്ളം അകത്താക്കി.

ജില്ലാ ആസ്ഥാനത്തെ ഒന്നാന്തരം സ്കൂളില്‍ മാനേജ്മെന്റ്‌ കമ്മറ്റിയിലെ ഒരംഗം എന്റെ പഴയകാല രാഷ്ട്രീയ സുഹൃത്ത്‌. ആളു പരോപകാരി, ലാളിത്യശീലന്‍.......

ഉടനെ തന്നെ സുഹൃത്തിന്റെ വീട്ടിലേക്കു തിരിച്ചു. കഷ്ടപ്പെട്ടവിടെ ചെന്നപ്പോള്‍ ആളു സ്ഥലത്തില്ല.

വീട്ടില്‍ നിന്ന്‌ അവന്റെ അന്നത്തെ പ്രോഗ്രാം ചാര്‍ട്ടു കിട്ടി. അതുവെച്ച്‌ ആ സമയം അവനെ കാണാന്‍ സാധ്യതയുള്ള സ്ഥലത്തേക്കു തിരിച്ചു. പക്ഷെ അവിടെയും എത്തിയിട്ടില്ല.

അവനിലെ രാഷ്ട്രീയക്കാരന്റെ സമയനിഷ്ഠയുടെ കാര്യമോര്‍ത്തപ്പോള്‍ തൊട്ടു മുമ്പത്തെ യോഗസ്ഥലത്തേക്കു തിരിക്കുന്നതാവും ബുദ്ധിയെന്നു മനസുപദേശിച്ചു.
സാധാരണ രാഷ്ട്രീയക്കാരനില്‍ നിന്ന്‌ ഇത്തിരി വ്യത്യാസം ഉള്ളയാളായതിനാല്‍ പ്രോഗ്രാം ചാര്‍ട്ടിലൂടെ അവരോഹണ ക്രമത്തില്‍ ഏറെ പിന്നോട്ടു പോകേണ്ടി വന്നില്ല. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ചാണ്‌ അവനെ കണ്ടത്‌.

വി.ഐ.പി കള്‍ ഇരിക്കുന്ന മുറി നേരത്തെ പരിചയമുണ്ടായിരുന്നതിനാല്‍ ആരോടും ചോദിക്കേണ്ടി വന്നില്ല.

മുറിക്കൊരുപാടു മാറ്റം വരുത്തിയിട്ടുണ്ട്‌. തറ മാര്‍ബിളാക്കിയിരിക്കുന്നു. പുറം ലോകത്തിന്റെ ദയനീയതയും നഗ്നതയും ദൃശ്യമാക്കിയിരുന്ന ഏക ജനല്‍ എടുത്തു മാറ്റി അവിടെ ഒരു അമേരിക്കന്‍ നിര്‍മ്മിത എ.സി വെച്ചിട്ടുണ്ട്‌.

ചുമരിലെ പരേതനേതാക്കളുടെ പടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്‌. എങ്കിലും കാര്യനിവൃത്തിക്കായി കാത്തു നില്‍ക്കുന്ന വോട്ടര്‍മാരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഇല്ല.

ഇന്നു തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതാവായ എന്റെ മുന്‍കാല സുഹൃത്തിന്‌ എന്നെ മനസിലാവാന്‍ ഒരുപാടു സമയമെടുത്തു. പക്ഷെ അവന്റെ കൈത്തണ്ടയില്‍ കിടക്കുന്ന റാഡോ വാച്ചു തിരിച്ചറിയാന്‍ ഞാന്‍ അത്രക്കും സമയമെടുത്തില്ല..

മിഡിലീസ്റ്റിലെ സമശീതോഷ്ണ കാലാവസ്ഥയില്‍ മാത്രം പ്രവാസിയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നാട്ടില്‍ നിന്ന്‌ കൂട്ടം കൂട്ടമായി എത്താറുള്ള ദേശാടനപക്ഷികളിലൊരാളായി ഒരു ഷാര്‍ജ സന്ദര്‍ശനത്തിനിടയില്‍ എന്റെ ഫോണ്‍ നമ്പര്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ പുതുക്കിയ സൗഹൃദത്തിനു ഞാന്‍ കൊടുത്ത സമ്മാനം.
കോസ്മോസ്‌ ഇലട്രോണിക്സില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍മെന്റ്‌ ചെക്ക്‌ കൊടുത്ത്‌ വങ്ങിച്ചത്‌. എന്റെ ഒരുമാസത്തെ ശമ്പളത്തിന്റെ വിലയുള്ളത്‌.

അവനെ പ്രത്യേകം വിളിച്ചു ഞാന്‍ എന്റെ പ്രശ്നം അവതരിപ്പിച്ചു. ഈ സ്കൂളില്‍ എന്റെ മോള്‍ക്ക്‌ ഒരു സീറ്റു കിട്ടാന്‍ സഹായിക്കാന്‍ കഴിയുന്ന, നിന്റെയത്ര അടുപ്പമുള്ള ഒരാളും എനിക്കിവിടെയില്ലന്നതിനാലാണ്‌ നിന്നെ കാണാന്‍ വന്നത്‌. നീ സ്കൂളിന്റെ കമ്മറ്റിയില്‍ ഒരംഗമല്ലേ ഒരു ലെറ്റര്‍ തരണം.

അവന്‍ ബ്രീഫ്കേയ്സ്‌ തുറന്ന്‌ പെര്‍സണല്‍ ലെറ്റര്‍പാഡെടുത്ത്‌ എഴുതിത്തന്നു.

ഞാന്‍ ഒരാവര്‍ത്തി വായിച്ചു നോക്കി. നല്ല ഗാഢതയുള്ള റക്കമെന്‍ന്റെഷന്‍. സുഹൃത്തിനോട്‌ നന്ദി പറഞ്ഞു പുറത്തു കടന്നു.

ലോകം കീഴടക്കിയ ഭാവത്തില്‍ ഭാര്യയുടെ മുമ്പിലേക്കു അതിട്ടു കൊടുത്തപ്പോള്‍ എനിക്കു എന്നെക്കുറിച്ച്‌ തന്നെ വല്ലാത്ത ഗര്‍വു തോന്നി. പണ്ട്‌ ടെന്‍സിംഗ്‌ തന്റെ രാജ്യത്തിന്റെ പതാക എവറസ്റ്റ്‌ കൊടുമുടിയുടെ ഉച്ചിയില്‍ കുത്തി നിര്‍ത്തിയപ്പോഴത്തെ സുഖം.

പിറ്റേന്നു തന്നെ എന്റെ ഹീലിയം അണുകുടുംബം സ്ക്കൂളിലേക്കു പുറപ്പെട്ടു.

അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാനേജറുമായിട്ടാണ്‌ സംസാരിക്കേണ്ടതെന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞൊഴിഞ്ഞപ്പോള്‍ മാനേജര്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.

രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടാണ്‌ മാനേജറെ കാണാനൊത്തത്‌.

യു.എ.ഇ ഈസ്റ്റ്‌ ഇംഗ്ലീഷ്‌ സ്കൂളിന്റെ സ്ക്രീന്‍ പ്രിന്റു ചെയ്ത ഡിസ്റ്റിംഗ്ഷന്‍ സര്‍ട്ടിഫിക്കറ്റും ബെസ്റ്റ്‌ സ്റ്റുഡന്റ്‌ ഓഫ്‌ സ്റ്റാഫിന്‌ അഞ്ഞൂറ്‌ ദിര്‍ഹം അവാര്‍ഡു ലഭിച്ചതറിയിച്ചു കൊണ്ടുള്ള എന്റെ ബോസിന്റെ മാനേജ്മെന്റ്‌ ഓര്‍ഡറിന്റെ പകര്‍പ്പും അഭിമാനപൂര്‍വ്വം ഞാനാമേശപ്പുറത്തു വെച്ചു.

അയാള്‍ അതിലേക്കൊന്നു കണ്ണോടിക്കുക പോലുമുണ്ടായില്ല.

അഡ്മിഷന്‍ ഇനി ഒരു നിലക്കും സാധ്യമല്ലന്നും ക്ലാസു തുടങ്ങിക്കഴിഞ്ഞെന്നും പറഞ്ഞപ്പോള്‍ ഒരു തുരുപ്പു ശീട്ടിറക്കുന്ന ഭാവത്തില്‍ വലിയ പ്രതീക്ഷയോടെ സുഹൃത്തിന്റെ ലെറ്റര്‍ എടുത്തു കൊടുത്തു.

കത്തു വായിച്ച മാനേജര്‍, ഒപ്പിട്ട ഭാഗത്ത്‌ സൂക്ഷിച്ചു നോക്കുന്നതും ചുണ്ടില്‍ അറിയാതെ വന്നുപോയ ഒരു നേര്‍ത്ത അവജ്ഞ എന്നെ കാണിക്കാതിരിക്കാന്‍ പാടുപെടുന്നതും ഞാന്‍ ആശങ്കയോടെ വീക്ഷിച്ചു.

ഈ കത്തുകൊണ്ടൊന്നും കാര്യമില്ലന്നും, ഒഫീഷ്യലായി മാത്രമേ ഇവിടെ കാര്യങ്ങള്‍ നീങ്ങൂ എന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിരാശരായി ഓഫീസിന്റെ പടിയിറങ്ങി.

"മാഷേ ഒന്നു നില്‍ക്കണേ! "

ആരോ നിങ്ങളെ പിറകീന്നു വിളിക്കുന്നു എന്നു പറഞ്ഞു ഭാര്യ പിടിച്ചു നിര്‍ത്തി.

നല്ല കാര്യത്തിനു തിരിക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ വിളിക്കുന്നതു അപശകുനമാണെങ്കില്‍ നല്ല കാര്യം നഷ്ടപ്പെട്ടു നിരാശനായി മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന്‌ വിളിക്കുന്നതു ശുഭ ശകുനമാകേണ്ടതാണ്‌. (രണ്ടു നെഗേറ്റെവുകള്‍ ഗുണിക്കുമ്പോള്‍ ഒരു പോസിറ്റീവ്‌ ഉണ്ടാവുന്നു എന്ന്‌ ഗണിതശാസ്ത്രം)

പ്രതീക്ഷയോടെ പിറകിലേക്കു തിരിഞ്ഞുനോക്കി
ടീച്ചേര്‍സ്‌ റൂമില്‍ നിന്ന്‌ ഒരു ടീച്ചര്‍ ഓടി വരുന്നു.

ഭാര്യ മുഖം കോട്ടിക്കൊണ്ടു ചോദിച്ചു "എന്താ മുമ്പത്തെ ലൈന്‍ വല്ലതുമാണോ?".
അവള്‍ക്കെപ്പോഴും ഈ ഒരു സംശയം മാത്രം ബാക്കിയുണ്ട്‌. ആദ്യരാത്രിയില്‍ മുന്‍അനുരാഗത്തിന്റെ കുറ്റസമ്മതം നടത്തുന്ന എല്ലാ മഠയന്‍മാരായ ഭര്‍ത്താക്കന്‍മാരെയും ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ഭാര്യമാരുടെ ഈ സംശയരോഗം.
കേട്ടു കാതിനു തഴമ്പു വന്നതിനാല്‍ പ്രതേകിച്ചൊരു വികാരവും തോന്നിയില്ല.

എവിടെയോ കണ്ടുമറന്ന നല്ല പരിചിത മുഖം. ഓര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അവരു പറഞ്ഞു "സാറിന്റെ ഒരു ശിഷ്യ റസിയയെ ഓര്‍ക്കുന്നുണ്ടോ?." "വെറും ശിഷ്യയല്ല. പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ എസ്‌.എസ്‌.എല്‍.സി കാന്‍ഡിഡേറ്റിനെ?"

"സാറു പ്രിന്‍സിപ്പാളുടെ മുറിയിലേക്കു കടന്നപ്പോള്‍ തന്നെ എനിക്കു സംശയം തോന്നിയിരുന്നു. പിന്നെ മാനേജറുമായുള്ള സംസാരത്തിനിടക്ക്‌ ഒരുപാടു തവണ 'അതുപോലെത്തന്നെ' എന്ന പദം ആവര്‍ത്തിച്ചു കേട്ടപ്പോള്‍ ആളെ ഉറപ്പായി. ഈ ആവര്‍ത്തനത്തെപ്പറ്റി ഞങ്ങള്‍ പണ്ടു ക്ലാസില്‍ ഒരുപാടു കളിയാക്കിയതായിരുന്നല്ലോ".

എന്റെ മനസ്‌, എന്നെ ഞാന്‍ ഗള്‍ഫിലേക്കു തിരിക്കുന്നതിന്നു മുമ്പ്‌ 'അക്ഷര'യില്‍ അധ്യാപകനായിരുന്ന അഞ്ചുവര്‍ഷത്തേക്കു പിറകോട്ടു കൊണ്ടുപോയി.

'അക്ഷര'യിലെ പ്രായക്കൂടുതലുള്ളവര്‍ക്കുള്ള ക്ലാസില്‍ ചേരാന്‍ ഒരു കുഞ്ഞിനെയും തോളിലിട്ടു വന്ന റസിയ എന്ന കുരുന്നു വിവാഹമോചിതയുടെ ചിത്രം മനസില്‍ തെളിഞ്ഞു.വന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹിതയാകപ്പെട്ട്‌ ഒരു കുഞ്ഞിനെ അധികമായി തിരിച്ചു നല്‍കി കാരുണ്യവാനായ കണവനവളെ മൊഴി ചൊല്ലി. ജീവിതത്തിന്റെ കുത്തൊഴുക്കിനെതിരെ നീന്താന്‍ നിര്‍ബന്ധിതയായ അവള്‍ പഠനം തുടരാന്‍ തീരുമാനിച്ചു. പക്ഷെ ഒരു കുഞ്ഞിന്റെ അമ്മയായ അവളെ എട്ടാം ക്ലാസിലിരുത്താന്‍ നിയമം അനുവദിച്ചില്ല.
അവള്‍ നിരാശയായില്ല ഞങ്ങളെ തേടി വന്നു. പ്രായം ചെന്നവര്‍ക്ക്‌ നേരിട്ട്‌ എസ്‌.എസ്‌.എല്‍.സി എഴുതുന്നതിനുള്ള ട്യൂഷന്‍ ക്ലാസ്‌ രാത്രി ആയതിനാല്‍ അവളോട്‌ പകല്‍ സമയത്തുള്ള ഫെയില്‍ഡ്‌ ഇംപ്രൂവ്മെന്റ്‌ ബാച്ചിന്റെ കൂടെ ഇരിക്കാമെങ്കില്‍ അഡ്മിഷന്‍ തരാമെന്നു പറഞ്ഞു. അവള്‍ സമ്മതിച്ചു.
ഒരു പാടു കളിയാക്കലുകള്‍ക്കിടയിലൂടെ അവള്‍ ഉയര്‍ന്ന ഫസ്റ്റ്‌ ക്ലാസോടെ എസ്‌.എസ്‌.എല്‍.സി പാസായപ്പോള്‍ റിസള്‍ട്ടും കൊണ്ടവള്‍ അക്ഷരയുടെ ഓഫീസില്‍ വന്നു. അന്നു കണ്ട ആ നന്ദിയുടെ തിളക്കം ഇന്നും ഈ കണ്ണില്‍ നിന്നു മാഞ്ഞിട്ടില്ല.

അവള്‍ ബീയെഡ്‌ വരെ പഠിത്തം തുടര്‍ന്നെന്നും സ്കൂള്‍ ടീച്ചറായി ജോലികിട്ടിയെന്നും പിന്നീടെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു. ജോലിയോടപ്പം ബിരുദാനന്തര ബിരുദവും അവള്‍ നേടിയെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ അതിലേറെ സന്തോഷിച്ചു.

ഓര്‍മ്മ പുതുക്കലിനും പുതുമ പങ്കുവെക്കലിനും ഇടയില്‍ ഞങ്ങള്‍ അവിടെ ചെല്ലാനുള്ള കാരണവും മറ്റും വിശദമായി അവള്‍ ചോദിച്ചറിഞ്ഞു.

പിന്നെ റക്കമെന്റേഷന്‍ ലെറ്റര്‍ വാങ്ങി നോക്കി. ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഇതുപോലെ അയാള്‍ ചോദിക്കുന്നവര്‍ക്കെല്ലാം എഴുത്തു കൊടുക്കാറുണ്ട്‌. പക്ഷെ ആത്മാര്‍ത്ഥമായി എഴുതുന്നതില്‍ മാത്രം ഒപ്പിടുന്നതിനടുത്ത്‌ ഒരു വൃത്തത്തിനകത്ത്‌ 'ട' എന്നു പ്രത്യേകം എഴുതും". "അതുമാത്രം ഗൗനിച്ചാല്‍ മതിയെന്നാണ്‌ ഞങ്ങള്‍ക്കുള്ള രഹസ്യ നിര്‍ദ്ദേശം".

"മാഷെ മോളുടെ അഡ്മിഷന്‍ എനിക്കു വിട്ടു തരിക. ഞാന്‍ വിചാരിച്ചാലും ഒരു സീറ്റൊക്കെ ഒപ്പിക്കാനാവും സാറു സമാധാനമായിട്ടു പോ. മോളുടെ ടീ.സിയും സര്‍ട്ടിഫിക്കറ്റും എന്റെ കയ്യില്‍ തരിക. അഡ്മിഷന്‍ ശരിയായ ഉടന്‍ ഞാന്‍ ഫോണ്‍ ചെയ്യാം. വന്ന്‌ ചില ഫോംസൊക്കെ പൂരിപ്പിച്ചു തരണം".

മരുഭൂമിയില്‍ അപൂര്‍വ്വം ലഭിക്കുന്ന അനുഗ്രഹത്തിന്റെ നീരുറവ കണ്ടെത്തിയ പോലെ തീവ്രമായ സന്തോഷത്തില്‍ എന്റെ മനസും കണ്ണും നിറഞ്ഞു. സംസാരിക്കാന്‍ വാക്കുകള്‍ക്കു പഞ്ഞം വന്നു.

നിനച്ചിരിക്കാത്ത ഭാഗത്തു കൂടി അപ്രതീക്ഷിതമായി ലഭിക്കുന്ന ആശയുടെ ഇത്തിരി വെട്ടമല്ലേ നമ്മെയൊക്കെ ജീവിപ്പിക്കുന്നതെന്നു തോന്നി.
പണ്ടെന്നോ ചെയ്തു മറന്നുപോയ ഒരു സല്‍കര്‍മ്മം പൂവായി, ഫലമായി എന്റെ മുമ്പില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ജന്‍മസാഫല്യം നേടുക എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലായി.

സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി നന്ദി പറഞ്ഞ്‌ പടിയിറങ്ങുമ്പോള്‍ സ്ക്കൂളിന്റെ ചുമരിലെഴുതിയ, മങ്ങിയതെങ്കിലും വടിവൊത്ത അക്ഷരങ്ങള്‍ മോള്‍ ശ്രദ്ധിച്ചു പ്രയാസപ്പെട്ട്‌ വായിക്കുന്നതു കേട്ടു.

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"

23 അഭിപ്രായ(ങ്ങള്‍):

 1. Unknown പറഞ്ഞു...

  കരീം മാഷേ,
  എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ കഥ(?. മനസ്സിന് ഒരു സുഖം തോന്നി വായിച്ച് കഴിഞ്ഞപ്പോള്‍.അടുത്തതിനായി കാത്തിരിക്കുന്നു.

  (ഓടോ:ആദ്യരാത്രിയിലെ കുമ്പസാരം: പോയിന്റ് വെല്‍ നോട്ടഡ്! :-))

 2. myexperimentsandme പറഞ്ഞു...

  വളരെ നന്നായിരിക്കുന്നു. എഴുതി തെളിഞ്ഞ ആളായതുകൊണ്ടാവുമല്ലേ, നല്ല ഒഴുക്കുള്ള വിവരണം.

 3. വല്യമ്മായി പറഞ്ഞു...

  നല്ല കഥ;ആ‍ റ്റീച്ചറുടെ പശ്ചാത്തലം മനസ്സില്‍ തട്ടി.

  ഓ.ടോ. അവിവാഹിതകളുടെ ശ്രദ്ധയ്ക്ക്,
  ഉള്ളതും ഇല്ലാത്തതും ആയ കഥകള്‍ ആണുങ്ങള്‍ ആദ്യരാത്രിയില്‍ പറയുന്നത് ഭാര്യമാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണേ.......

 4. സു | Su പറഞ്ഞു...

  കഥ നന്നായിട്ടുണ്ട് :)

 5. Sreejith K. പറഞ്ഞു...

  കഥ നന്നായി കരീം. ഇഷ്ടപെട്ടു.

 6. RR പറഞ്ഞു...

  നല്ല കഥ. നല്ല ഒഴുക്കുള്ള വിവരണം :)

 7. മുസാഫിര്‍ പറഞ്ഞു...

  മാഷെ ,
  നല്ല കഥ,ആണുങ്ങളുടെ കണ്ണു നിറയുന്ന

  മരുഭൂമിയില്‍ അപൂര്‍വ്വം ലഭിക്കുന്ന അനുഗ്രഹത്തിന്റെ നീരുറവ കണ്ടെത്തിയ പോലെ തീവ്രമായ സന്തോഷത്തില്‍ എന്റെ മനസും കണ്ണും നിറഞ്ഞു. സംസാരിക്കാന്‍ വാക്കുകള്‍ക്കു പഞ്ഞം വന്നു.
  ഈ വരികളാണു ഏറ്റവും ഇഷ്ടമായത്.

 8. Visala Manaskan പറഞ്ഞു...

  കരീം മാഷേ,

  എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു കഥ.

  ‘നിനച്ചിരിക്കാത്ത ഭാഗത്തു കൂടി അപ്രതീക്ഷിതമായി ലഭിക്കുന്ന ആശയുടെ ഇത്തിരി വെട്ടമല്ലേ നമ്മെയൊക്കെ ജീവിപ്പിക്കുന്നതെന്നു തോന്നി‘

 9. അത്തിക്കുര്‍ശി പറഞ്ഞു...

  മാഷെ,

  നന്നായിട്ടുണ്ട്‌ !

  പി ഒ സി ക്ലാസ്സിലെ പലമുഖങ്ങളും, സംഭവങ്ങളും ഓര്‍ക്കാന്‍ തങ്കാളുടെ ശിഷ്യ കാരണമായി!

  രാഷ്ടീയക്കാരന്റെ രഹസ്യകോഡുകള്‍ പലതാണ്‌!

 10. കരീം മാഷ്‌ പറഞ്ഞു...

  എന്റെ ജീവിതത്തില്‍ നിന്നോരേടു ചീന്തി ഞാന്‍ ഒരു അനുഭവകഥയെന്നു പേരിട്ടു കൊച്ചുബാവയുടെ അഭിപ്രായമറിയാന്‍ കൊടുത്തു.
  മനസ്സിരുത്തി വായിച്ചു നോക്കിയിട്ടു എനിക്കൊരു ഉപദേശം തന്നു. ആത്മാംശമുള്ള രചനകള്‍ നടത്തുമ്പോള്‍ വിവാദങ്ങളില്‍ കുടുങ്ങാതെ നോക്കുക. കേസ്സുനടത്താന്‍ മാത്രം റൊയല്‍റ്റി കിട്ടുന്ന എഴുത്തുകാരല്ലല്ലോ നാം. അതിനാല്‍ ഇതിനെ ചെറുകഥയെന്നു പേരിടുക. എന്നാല്‍ കഥകൃത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന ആനുകൂല്യത്തില്‍ നിയമനടപടികളില്‍ നിന്നു രക്ഷപ്പെടാം.
  അക്ഷരം പ്രതി അനുസരിക്കുന്നു. ഗുരോ.

 11. ബാബു പറഞ്ഞു...

  ബൂലോഗ കഥാകൃത്തുകളേ, വായിക്കൂ, പഠിക്കൂ!

 12. അനു ചേച്ചി പറഞ്ഞു...

  വളരെ നന്നായിരിക്കുന്നു മാഷെ.

 13. റീനി പറഞ്ഞു...

  കരീംമാഷെ, നല്ല കഥ! "പാഠം ഒന്ന്‌ വിലാപ"ത്തിലൂടെയല്ലേ മാഷ്‌ റസിയ എന്ന കുട്ടിയെ കണ്ടത്‌?

  മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളില്‍ ചെമ്മണ്‍ പാതയുടെ അരികില്‍ പടര്‍ന്നു വളരുന്ന കറുകപുല്ലില്‍ പറ്റീയിരിക്കുന്ന "തുഷാരത്തുള്ളികളെ" ശ്രദ്ധിച്ചിട്ടുണ്ടോ? അതുപോലെ റസിയ ടീച്ചറും എന്റെ മനസ്സില്‍ പറ്റിയിരിക്കുന്നു, ജീവിതാനുഭവങ്ങള്‍ വീണ്ടും എഴുതു. സ്വന്തം അനുഭവങ്ങള്‍ തീരുമ്പോള്‍ മറ്റുള്ളവരുടെ കടം എടുക്കു.

 14. Kalesh Kumar പറഞ്ഞു...

  കരീംഭാ‍യ്, നന്നായിരിക്കുന്നു!

 15. Rasheed Chalil പറഞ്ഞു...

  കരീംഭായി ഒത്തിരി നന്നായിട്ടുണ്ട്.
  മുമ്പേ വായിച്ചിരുന്നു.

  പിന്നെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നത് സധാരണ വിപരീത അര്‍ത്ഥത്തിലാണല്ലോ പ്രയോഗിക്കാറ്

  ഇവിടെയാണ് അത് നൂറുശതമാനം ശരിയായ അര്‍ത്ഥത്തിലായി..

  അസ്സലായി..

 16. കരീം മാഷ്‌ പറഞ്ഞു...

  "പാഠം ഒന്ന്‌ വിലാപ"ത്തിലൂടെയല്ലേ മാഷ്‌ റസിയ എന്ന കുട്ടിയെ കണ്ടത്‌?
  അതെ പാഠം ഒന്ന് ഒരു വിലാപത്തിന്റെ ബാക്കിപത്രം തന്നെ " പാഠം രണ്ട്‌ ഒരു ഗുരുദക്ഷിണ"

  റീനിക്ക്‌ ഒരു മാര്‍ക്ക്‌

  പുതിയ ഒരു കഥ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌ വായിച്ചു അഭിപ്രായം കുറിക്കുക.

 17. റീനി പറഞ്ഞു...

  കരീം മാഷേ, ഒരു മാര്‍ക്ക്‌ തന്നുള്ളോ? ഞാന്‍ വേറെ പള്ളിക്കൂടം നോക്കി പോവും. ഞങ്ങടെ പള്ളിക്കൂടത്തില്‍ "നൊ ചൈല്‍ഡ്‌ ലെഫ്റ്റ്‌ ബിഹൈന്‍ഡ്‌" പൊളിസിയാ

 18. കരീം മാഷ്‌ പറഞ്ഞു...

  റീനി വിഷമിക്കണ്ടാട്ടോ! എന്റെ മാര്‍ക്കിംഗ്‌ മൈനസ്‌. പൂജ്യം, ഒന്ന്‌ എന്ന രീതിയില്‍ BSRB യാണ്‌. അപ്പൊ റീനി തന്നെ ക്ലാസ്സില്‍ മിടുക്കി. ഒരു കുറ്റി ചൊക്കു സമ്മാനം. ഇന്നു ബോര്‍ഡു തുടക്കാനും ബെല്ലടിക്കാനുള്ള അവകാശവും റീനിക്കു തന്നെ.

 19. ബിന്ദു പറഞ്ഞു...

  വളരെ നല്ല കഥ.:) അതിനു പറ്റിയ ചിത്രവും.

 20. റീനി പറഞ്ഞു...

  അപ്പോ ഇന്നു ഈ ക്ലാസ്സില്‌ ഇരിയ്ക്കാം, നാളെ വേറെ പള്ളിക്കൂടം തപ്പാം, അല്ലേ?

 21. അജ്ഞാതന്‍ പറഞ്ഞു...

  ഈ ചിത്രങ്ങള്‍ ഒക്കെ ഇങ്ങിനെ വരക്കണാതാ? നല്ല രസമുണ്ട്.. മറ്റേ കഥയിലേയും ചിത്രം അടിപൊളി ആയിട്ടുണ്ട്. അതു ശരിക്കും ഒരു ഫോട്ടോ പോലെയുണ്ട് ആ കെട്ടിടവും കായലും ഒക്കെ...

  എന്റെ അമ്മ എപ്പോഴും പറയും..നമ്മള്‍ ആര്‍ക്കെങ്കിലും നന്മ ചെയ്താല്‍ അവരുടെ കയ്യില്‍ നിന്ന് അടി പ്രതീക്ഷിക്കുക.പക്ഷെ നമ്മള്‍ ചെയ്ത നന്മ എപ്പോഴെങ്കിലും നമ്മുടെ മക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേറെ ഏതെങ്കിലും ഒരു സന്തര്‍ഭത്തില്‍ നമുക്കു തിരിച്ച് കിട്ടും എന്ന്..തികച്ചും അപചരിതറുടെ അടുത്തൂന്ന്..

  നന്നാ‍യി..വളരെ നന്നായി....

 22. കൈത്തിരി പറഞ്ഞു...

  മാഷേ, മാഷു ശരിക്കും മാഷായിരുന്നല്ലേ! കഥ തന്നേ? മാഷിന്റെ പഴയ സ്റ്റുഡന്റ് ഇച്ഛാശതിയുടെ നീരുറവ ആണല്ലൊ.. അവരെ അഭിനന്ദിക്കാതെ വയ്യ... ഒപ്പിട്ടത് റാഡോ കെട്ടിയ കൈകൊണ്ടാവില്ല എന്നാശ്വസിക്കൂ സര്‍...

 23. കരീം മാഷ്‌ പറഞ്ഞു...

  jacobsmal" ഫോണ്ടുകളില്‍ നിന്നും യുണികോഡിലെക്കു മാറാന്‍ എന്നെ സഹായിച്ച സിബുവിനും, ശ്രീജിത്തിനും, സര്‍വ്വോപരി പെരിങ്ങോടനും ഞാനീ കഥ ഗുരുദക്ഷിണ വെക്കുന്നു.
  10 August, 2006