ചൊവ്വാഴ്ച, ഓഗസ്റ്റ് 22, 2006

പിച്ചളക്കോളാമ്പി

"നോക്കൂ ഉമ്മീ!,
"പപ്പ ഇതാ ബ്രാസിന്റെ വലിയ ഒരു ഫ്ലവര്‍ വേസ്‌ കൊണ്ടു വന്നിരിക്കുന്നു!"
മോള്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞു.
എനിക്കു ചിരി വന്നു.
കോളാമ്പി കണ്ടിട്ടാണവള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. കുറച്ചു കൂടി കാലം കഴിഞ്ഞാല്‍ പിന്നെ ഉരലിനേയും ഉലക്കയേയും കുന്താണിയേയും ഇവരൊക്കെ എന്തായിട്ടാവും കരുതുക?.
"മോളേ ഇതെന്താണെന്നു നിനക്കറിയുമോ? ഇതാണ്‌ കോളാമ്പി. നീ കരുതിയ പോലെ ഇതൊരു പൂവു വെക്കുന്ന പാത്രമല്ല".

"പപ്പാ ഇതെവിടെ നിന്നാ ഈ ഒരു ആന്റിക്‌ കിട്ടിയത്‌?"
"തറവാട്ടിലെ തട്ടുമ്പുറത്തു നിന്നും കണ്ടെടുത്തതാ...! ".
"മിനു ആന്റിക്കു തറവാട്ടിലെ തട്ടുമ്പുറത്തു നിന്നും കിട്ടിയ പഴയ ഉപ്പു മാങ്ങാ ഭരണിയും ഓട്ടു കിണ്ടിയും തൂക്കു വിളക്കുമൊക്കെ തുത്ത്‌ തുടച്ച്‌ പോളീഷ്‌ ചെയ്തും പെയ്‌ന്റടിച്ചും അവരുടെ പുതിയ വീട്ടിന്റെ ഷോക്കേസില്‍ വെച്ചിട്ടുണ്ട് . നമുക്കും അതുപോലെ ഇത്‌ പോളീഷു ചെയ്ത്‌ ഇന്റീരിയര്‍ ഡക്കറേഷന്‌ ഉപയോഗിക്കാം  പപ്പാ..".
അവള്‍ അതെന്റെ കയ്യില്‍നിന്നും ബലമായി വാങ്ങി.
"പഴയ കാലത്തു ഇത്തരം വെറ്റിലക്കോളാമ്പികള്‍ മിക്കവാറും എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ആഘോഷങ്ങളിലും, ആണ്ടറുതികളിലും പ്രത്യേകിച്ച്‌ കല്ല്യാണത്തിനും, കുറിക്കല്ല്യാണത്തിനും ഇത്തരം കോളാമ്പികള്‍ അത്യാവശ്യവും അതേ സമയം ആര്‍ഭാടവുമായിരുന്നു.
സ്വീകരണ പന്തലില്‍ വെറ്റിലയും, അടക്കയും, ചുണ്ണാമ്പു ചെപ്പും, പൊകലത്തുണ്ടുകളും അലങ്കരിച്ചു വെച്ച തിളങ്ങുന്ന പിച്ചളത്താലം, വീട്ടിയില്‍ തീര്‍ത്ത കടഞ്ഞ കാലുള്ള വട്ടമേശക്കു മുകളിലും, പുളിയിട്ടു തേച്ചു മിനുക്കിയ ഇങ്ങനത്തെ കോളാമ്പികള്‍ ആഢ്യത്തോടെ മേശക്കു കീഴെയും ഇരിക്കുന്നതു കണ്ടാല്‍ തീരെ മുറുക്കാത്തവര്‍ പോലും ആദ്യമായി മുറുക്കാന്‍ തുടങ്ങും".

"യൂ മീന്‍ 'മുറുക്കല്‍' ബൈ സ്പാനര്‍ ഓര്‍ എലന്‍ കീ ?". മകള്‍ക്കു 'മുറുക്കല്‍' എന്ന പദത്തിന്റെ നാനാര്‍ത്ഥം കാരണം  ഒരു ആശയക്കുഴപ്പം! .
"നോ, ഞാന്‍ പറഞ്ഞ മുറുക്കല്‍ വെറ്റിലയും അടക്കയും പുകയിലയും ചുണ്ണാമ്പും വായിലിട്ട്‌ ചവച്ച്‌ ലഹരി നുകരുന്നതാണ്‌" .
"വെറ്റില മുറുക്കിനു ശേഷം കാരണവന്‍മാര്‍ തുപ്പാന്‍ ഉപയോഗിച്ചിരുന്ന പാത്രമാണ്‌ ഇത്‌ വെറ്റിലക്കോളാമ്പി".

"അയ്യേ! ഇതില്‍ തുപ്പിയിരുന്നതാണോ?"
അവള്‍ അറപ്പു തോന്നി കോളാമ്പിയി നിന്നുള്ള പിടി വിട്ടു.
കോളാമ്പി  ശബ്‌ദത്തോടെ ഗ്രാനേറ്റ്‌ തറയില്‍ വീണു. വലിയ ശബ്‌ദം കേട്ട്‌ അടുക്കളയില്‍ നിന്ന്‌ ഭാര്യ ഓടിക്കിതച്ചു വന്നു.

ഒച്ച കേട്ട്‌ എല്ലാരും പേടിച്ചുവെങ്കിലും ഭാഗ്യത്തിന്ന്‌ കോളാമ്പിക്കും ഗ്രാനേറ്റിനും കേടൊന്നും പറ്റിയില്ല.

എന്റെ കണ്ണിലേക്കു നോക്കി മോളു കുറ്റബോധത്തൊടെ പറഞ്ഞു. "സോറി. പപ്പാ, നമുക്കിതു വേണ്ട, പപ്പയിതു തറവാട്ടിലെ തട്ടിമ്പുറത്തു തന്നെ തിരിച്ചു കൊണ്ടു പോയി വെച്ചോളൂ".

"വേണം, ഇതില്‍ ഒരിക്കലും ആരും തുപ്പിയിട്ടില്ല. തുപ്പാന്‍ വല്ല്യുപ്പ സമ്മതിച്ചിട്ടില്ല. ഇത്‌ വല്ല്യുപ്പന്റെ ഒരു സെന്‌റ്റിമെന്റല്‍ സ്‌റ്റഫായിരുന്നു, എങ്കിലും നിന്റെ മാനസീക സംതൃപ്തിക്കുവേണ്ടി നമുക്ക്‌ ഇത്‌ നന്നായി സ്‌റ്റെറിലൈസ്‌ ചെയ്തതിന്നു പോളീഷും ചെയ്ത്‌ കോപ്പര്‍ ആര്‍ട്ടു നടത്തി, വിസിറ്റേര്‍സ്‌ റൂമില്‍ വെക്കാം. ഇതില്‍ ഡ്രൈ ഫ്ലവര്‍ അറേന്‍ജു ചെയ്യാം. ഇതു കാണുമ്പോള്‍ ഞാന്‍ വല്ല്യുപ്പാനെ കുറിച്ചും വല്ല്യുപ്പാന്റെ ധീരതയെ കുറിച്ചും ഓര്‍ക്കും".

ഞാന്‍ ഓര്‍മ്മയുടെ ഭാണ്ഡമഴിക്കാനുള്ള പുറപ്പാടാണെന്നു അവള്‍ക്കു മനസിലായി, അവള്‍ അനിയനെ ഉല്‍സാഹത്തോട വിളിച്ചു. "ശാബൂ ഓടി വാ... പപ്പ സ്വീറ്റ്‌ മെമ്മറീസിന്റെ കെട്ടു തുറക്കുന്നു. വേഗം വാ..!".

അവന്‍ ഇന്റര്‍നെറ്റ്‌ ഡിസ്‌കണക്‌ട്‌ ചെയ്ത്‌ വന്നു സോഫയില്‍ തിക്കിത്തെരക്കിയിരുന്നു.
"ഈ കേളാമ്പി വല്ലുപ്പ വാങ്ങിയതല്ല, മറിച്ച്‌ വല്ലുപ്പാക്കു ഒരു സമ്മാനം കിട്ടിയതാണ്‌.
ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതിന്ന്‌. ആ കുഞ്ഞിന്റെ അമ്മ സ്‌നേഹത്തോടെ കൊടുത്തത്‌".

"പടിഞ്ഞാറ്റുമ്മുറിയിലെ ഒരു വലിയ നമ്പൂതിരി ഇല്ലത്തിന്റെ കുടുംബകുളത്തില്‍ അസംഖ്യം മീനുണ്ടെന്നും അതു പിടിക്കാന്‍ അവിടത്തെ കാരണവര്‍ നമ്പൂതിരി ആരെയും അനുവദിക്കില്ലെന്നും വല്ല്യുപ്പ ആരില്‍ നിന്നോ കേട്ടറിഞ്ഞു".

എന്നാലതൊന്നു കാണണമെന്നായി വല്ല്യുപ്പ. ആദ്യം നേര്‍വഴിക്കു പോയി അനുവാദം ചോദിക്കുക. കിട്ടിയില്ലങ്കില്‍ രാത്രിയില്‍ പോയി ഒളിച്ചു പിടിക്കുക തന്നെ. വല്ലാത്ത തന്റേടമായിരുന്നു വല്ല്യുപ്പാക്ക്‌.
പിറ്റേന്നു വീശുവലയും കൊണ്ട്‌ വല്ല്യുപ്പ നേരെ നമ്പൂരിയില്ലത്തെത്തി. ഒരു കൂസലുമില്ലാതെ പടിപ്പുര തള്ളിത്തുറന്ന്‌ ഇല്ലത്തിന്റെ തിരുമുറ്റത്തെത്തിയ വല്ല്യുപ്പാനെ കണ്ട്‌ വല്ല്യ നമ്പൂതിരി നീട്ടി മൂളി.
"ഊം... ?".
വല്ല്യുപ്പ കൂസലില്ലാതെ ചോദിച്ചു. "തറവാട്ടു കുളത്തില്‍ മീനുകള്‍ പെരുകീട്ടുണ്ടെന്നു കേട്ടു. വെലക്കു കൊടുക്കോന്നറിയാനാ"
"ഹാജ്യാരേ!, താന്‍ മേത്തനാണന്നതു മറന്നു പോയോ?. താന്‍ മീന്‍ പിടിച്ചാല്‍ എന്റെ കുളം അശുദ്ധാവുന്നറീല്ല്യേ . നമുക്ക്‌ ഇശ്ശിരി അയിത്തോം ശുദ്ധീംണ്ട്‌. മേലാല്‍ മീന്‌ കൂന്‌ എന്നും പറഞ്ഞ്‌ ഈ വഴിക്ക്‌ കണ്ടു പോകരുത്‌. തനിക്ക്‌ തടി വെണശ്ശാല്‍ വേഗം പോകാം".

പെട്ടന്നാണ്‌ കുളത്തില്‍ നിന്ന്‌ ഒരാത്തോലമ്മയുടെ നിലവിളി കേട്ടത്‌. "ഓടി വരണേ, എന്റെ ഉണ്ണി വെള്ളത്തില്‍ വീണേ! ആരെങ്കിലും രക്ഷിക്കണേ!"

ഇല്ലത്തെ എല്ലാ നമ്പൂരിമാരും അന്തര്‍ജ്‌ജനങ്ങളും കുളക്കരയിലേക്കു കുതിച്ചു. വലയും വല്ലവും താഴെയിട്ട്‌ വല്ല്യുപ്പയും അങ്ങോട്ടോടി.

കഴുത്തെറ്റം വെള്ളത്തില്‍ കാലു മുഴുവന്‍ ചളിയില്‍ പൂണ്ട്‌ കുടുങ്ങിയ, ആത്തോലമ്മ തൊട്ടടുത്ത്‌ മുങ്ങിപ്പൊങ്ങുന്ന സ്വന്തം മകനെ രക്ഷിക്കാനാവതെ അലമുറയിടുകയാണ്‌.

ഓടിവന്ന നമ്പൂരിമാരല്ലാം വലിയ കുളത്തിലെ നിലയില്ലാവെള്ളത്തില്‍ ഇറങ്ങാന്‍ ധൈര്യമില്ലാതെ കരയില്‍ നിന്ന്‌ ഈ കാഴ്ച കാണുന്നു.
ഇതു കണ്ട്‌ കലി കേറിയ വല്ല്യുപ്പ വല്ല്യ നമ്പൂരിയോടു ചോദിച്ചു "അയിത്തായിച്ചാലും വേണ്ടൂലാ ഞാന്‍ ചാടി കുഞ്ഞിനെ രക്ഷിക്കാന്‍ പോകാ".

മറുപടിക്കായി കാത്തു നില്‍ക്കതെ പടവിലൂടെ കുളത്തിലിറങ്ങി. കുഞ്ഞ്‌ ഇനി പൊങ്ങി വരാന്‍ കഴിയാത്ത വിധം കുളത്തിന്റെ അടിത്തട്ടിലേക്കു താഴ്‌ന്നു പോയിരിക്കുന്നു. കാലു നിലത്തു തൊടതെ ഊളിയിട്ടു ചെന്ന്‌ കുഞ്ഞിനെ വാരിയെടുത്ത്‌ തിരിച്ചു നീന്തി കരയിലെത്തിച്ചു.

വീണ്ടും നീന്തി ചെന്ന്‌ ചളിയില്‍ നിന്ന്‌ കാലു പറിച്ചെടുത്തു കുഞ്ഞിന്റെ അമ്മയേയും രക്ഷിച്ചു.
കുഞ്ഞ്‌ ഒരുപാടു വെള്ളം കുടിച്ചിരുന്നു. ഉണ്ണിയെ ഉരലില്‍ കമഴ്‌ത്തി കിടത്തി ഉരല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി, വയറ്റിലെ വെള്ളവും, സ്വന്തം വായ വെച്ച്‌ വലിച്ച്‌ കുഞ്ഞിന്റെ മൂക്കിലെ ചളിയും പുറത്തെടുത്ത്‌, വല്ല്യുപ്പ തന്നെ ഉണ്ണിക്ക്‌ പ്രഥമ ശുശ്രൂഷ നല്‍കി.
അപ്പോഴാരും അയിത്തത്തെ കുറിച്ച്‌ ഓര്‍ത്തതു പോലുമില്ല.

ഉണ്ണി കണ്ണു തുറന്ന്‌ അമ്മേ എന്നു വിളിച്ചപ്പോള്‍ ഉണ്ണിയുടെ അമ്മ സന്തോഷം കൊണ്ട്‌ വല്ല്യുപ്പാന്റെ കാലില്‍ വീണു. അയിത്തം പേടിച്ച്‌ വല്ല്യുപ്പ കാലു പിറകിലേക്കു വലിച്ചു.
വല്ല്യ നമ്പൂരി പറഞ്ഞു "ഏതായാലും കുളം അശുദ്ധമായി, ശുദ്ധികലശം നടത്തണം. അതിന്നു മുമ്പു ഹാജ്യാരു വേണച്ച്യാ മീന്‍ പിടിച്ചോളൂ?".
വല്ല്യുപ്പ പറഞ്ഞു

"എനിക്ക്‌ നിങ്ങടെ മീനും വേണ്ട ഒരു കൂനും വേണ്ട. ആദ്യമായി നിങ്ങളെ ഖല്‍ബിലും കുളത്തിന്റെ അടിയിലും ഊറിക്കിടക്കുന്ന ആ ചളി ഒന്ന്‌ വാരിക്കളയാന്‍ നോക്ക്‌?.

വല തലയില്‍ ബാലന്‍സു ചെയ്തു ഒരു കയ്യില്‍ വല്ലമടുത്ത്‌ വല്ല്യുപ്പ തിരിച്ചു നടക്കാന്‍ നേരം ആത്തോലമ്മ മുമ്പില്‍ നിന്ന്‌ കണ്ണീരൊലിപ്പിച്ചു കൈകൂപ്പി നിന്നു പറഞ്ഞു.

"നിങ്ങള്‍ എന്റെ കുഞ്ഞിന്റെ രക്ഷകനാണ്‌. മണ്ണാര്‍ശാലയില്‍ നാഗദൈവങ്ങള്‍ക്കു ഉരുളി കമഴ്‌ത്തി, കാലങ്ങള്‍ക്കു ശേഷം ദൈവങ്ങള്‍ എനിക്കു തന്ന മോനാണ്‌ എന്റെ പൊന്നുണ്ണി. നിങ്ങള്‍ക്ക്‌ ഞാനെന്തെങ്കിലും സമ്മാനിച്ചില്ലങ്കില്‍ എനിക്കു പിന്നീട്‌ സമാധാനം കിട്ടില്ല".
"നിങ്ങള്‍ എന്തെങ്കിലും സ്വീകരിച്ചേ പറ്റൂ."

വല്ല്യുപ്പ പറഞ്ഞു.
"അങ്ങനെയെങ്കില്‍ നിങ്ങളുടെ മാത്രം സ്വത്തില്‍ നിന്ന്‌, എന്റെ കാലിയായ ഈ ഒറ്റകയ്യിലൊതുങ്ങുന്ന എന്തു തന്നാലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും".
അകത്തേക്കുപോയ ആത്തോലമ്മ തിരിച്ചു വന്നപ്പോള്‍ അവരുടെ കയ്യില്‍ വീടുകാഴ്‌ചക്ക്‌ ഓഹരിയായി കിട്ടിയ തീരെ ഉപയോഗിച്ചിട്ടില്ലാത്ത സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ഈ കോളാമ്പി.

അന്നുച്ചക്കു കറിവെക്കാന്‍ മീനും കാത്തിരുന്ന വല്ല്യുമ്മ കണ്ടത്‌ ജേതാവിനെപ്പോലെ കോളാമ്പി തൂക്കിപ്പിടിച്ച്‌ കാലിയായ വല്ലവും നനയാത്ത വലയുമായി വരുന്ന വല്ല്യുപ്പാനെയാണ്‌.

വടക്കന്‍പാട്ടിലെ ചേകവനെപ്പോല നെഞ്ചു വിരിച്ചു നിന്ന്‌ വല്ല്യുപ്പ അക്കഥ ആദ്യം പറഞ്ഞത്‌ വല്ല്യുമ്മയോട്‌.

അന്നു മുതല്‍ ആ വീരകഥ അഭികഥനമായും അനുകഥനമായും (Direct & Indirect speach) ഞങ്ങള്‍ പലതവണ കേള്‍ക്കാന്‍ തുടങ്ങി.
ഞങ്ങളില്‍ നിന്ന്‌ ഞങ്ങളുടെ കൂട്ടുകാരും പിന്നെ നാട്ടുകാരെല്ലാവരും അതറിഞ്ഞു.

വീട്ടില്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍ സമയം വൈകുന്നതറിയാതെ വല്ല്യുപ്പാന്റെ ആ വീരകഥ ആസ്വദിച്ചു ലയിച്ചിരിക്കുമ്പോള്‍ വല്ല്യുമ്മാക്ക്‌ അടുക്കളയില്‍ ചായയും പലഹാരവും ഉണ്ടാക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടും. അതിഥികള്‍ ആദ്യമായി വന്നവരാണെങ്കില്‍ സംഭാഷണം ഒരു വധമായി തേന്നുകയേ ഇല്ല.
ആദ്യമൊക്കെ ആ വീരസ്യം കേള്‍ക്കുന്നത്‌ ഞങ്ങള്‍ക്കൊരു ഹരമായിരുന്നു. പക്ഷേ പിന്നീട്‌ അതു കേട്ടു കേട്ട്‌ ഞങ്ങള്‍ക്കു മടുപ്പായി.
കാലം കടന്നു പോകവേ ഞങ്ങളൊക്കെ ഞങ്ങള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷ സംസാരിക്കാന്‍ തുടങ്ങിയതോടെ വല്യുപ്പ ഞങ്ങളുടെ സംഭാഷണത്തില്‍ നിന്ന്‌ അകന്നു നിന്നു.
ഡിമിനിഷിംഗ്‌ മാര്‍ജിനല്‍ യൂട്ടിലിറ്റി തിയറിയും, വൈവയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌ ആക്ടും ഒന്നും വല്ല്യുപ്പാക്ക്‌ മനസ്സിലാക്കാനായില്ല. അല്ലങ്കില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഞങ്ങള്‍ ആരും ശ്രമിച്ചതുമില്ല.
ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ ശ്രദ്ധ നേടിയെടുക്കാന്‍ വല്യുപ്പ അല്‍പ്പസ്വല്‍പ്പം വാശി കാണിക്കാന്‍ തുടങ്ങി. വീട്ടില്‍ വന്നു കയറുന്നവരേടെക്കെ കോളാമ്പിയുടെ കഥ പറയാന്‍ നാടകീയമായി അവസരമുണ്ടാക്കി. കോളാമ്പി തേച്ചു മിനുക്കിയതു ശരിയായില്ലന്നും പറഞ്ഞ്‌ മുറ്റം അടിച്ചു വാരാന്‍ വരുന്ന മുണ്ടിയുമായി എന്നും വഴക്കിട്ടു പ്രായാധിക്യം പ്രകടമാക്കി.


കോലായിലെ വല്ല്യുപ്പാന്റെ ചാരുകസേരക്കടുത്തു വെച്ച കോളാമ്പിയില്‍ തുപ്പാനാരെങ്കിലും ചെന്നാല്‍ ചീത്ത പറഞ്ഞ്‌ ഓടിക്കും.

വല്ല്യുപ്പ പുറത്തെവിടെയെങ്കിലും പോയി തിരിച്ചു വരുമ്പോള്‍ കോലായില്‍ ആ കോളാമ്പി കണ്ടില്ലങ്കില്‍ അന്നാര്‍ക്കും സുഖമായി ഉറങ്ങാന്‍ സാധിക്കില്ല.

വല്ല്യുപ്പാന്റെ കാലു തട്ടി അബദ്ധത്താലെങ്ങാനും കോളാമ്പി തറയില്‍ വീണാല്‍
"ആരാ ഈ കോളാമ്പി നടക്കുന്ന വഴിയില്‍ വെച്ചത്‌?"
എന്നു ചോദിച്ചാവും ചീത്ത പറച്ചില്‍ തുടങ്ങുക. എന്നാല്‍ ഞങ്ങളിലാരെങ്കിലുടേയും കാലു തട്ടിയിട്ടാണ്‌ അതു താഴെ വീണതെങ്കില്‍ ചീത്ത പറച്ചില്‍ ഇങ്ങനെയാവും
"ഇത്ര വലിയ ഒരു സാധനം വെട്ടത്തിലിരുന്നിട്ട്‌ കണ്ടില്ലേ?,
കണ്ണു തുറന്നൊന്ന്‌ കീഴെ നോക്കിയാലെന്താ?".

"പപ്പാ.."
മോളു ഇടക്കു കേറി ഒരു വിളി.
"വണ്‍ സെക്കന്റ്‌. വണ്‍ ക്വസ്റ്റ്യന്‍",
"വല്ല്യുപ്പ ഒരിക്കും മുറുക്കിയിരുന്നില്ല, മാത്രമല്ല മുറുക്കിയിരുന്നവരെയൊന്നും കോളാമ്പി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നതുമില്ല. പിന്നെ എന്തിനാണത്‌ എപ്പോഴും ചാരുകസേരക്കടുത്ത്‌ സൂക്ഷിച്ചത്‌ ?".
"ഇന്റലിജന്റ്‌ ക്വസ്‌റ്റ്യന്‍!. ഭാര്യ മോള്‍ക്കൊരു സപ്പോര്‍ട്ടു കൊടുത്തു.
ഉത്തരം ഇതാണ്‌ "ഹി ഹാസ്‌ എ സ്‌റ്റാര്‍ട്ടിംഗ്‌ ട്രബിള്‍ റ്റു ബിഗിന്‍ ഹിസ്‌ സ്‌റ്റോറി, ആരെങ്കിലും കോളാമ്പിയെ കുറിച്ച്‌ ചോദിക്കുകയോ, വെറുതെ ഒന്ന്‌ നോക്കുകയോ ചെയ്താല്‍ ആ കഥ പറയാനുള്ള ഊര്‍ജം കിട്ടും. ആ ഊര്‍ജം കിട്ടാനാണ്‌ കോളാമ്പി എപ്പോഴും ചാരുകസേരക്കടുത്ത്‌ സൂക്ഷിച്ചത്‌".
"നൗ ക്ലിയര്‍?". ഞാന്‍ ചോദിച്ചു.
മോള്‍ തലകുലുക്കി സമ്മതിച്ചു.
വല്ല്യുപ്പ അദ്ധ്വാനിച്ചു കൊണ്ടുവരാന്‍ അപ്രാപ്തനാവുകയും ഞങ്ങള്‍  അതിന്‌ പ്രാപ്തരാവുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ശബ്‌ദത്തിന്‌ വല്യുപ്പാന്റെ ശബ്‌ദത്തെക്കാള്‍ കനം കൂടി.

പിന്നെ പിന്നെ 'മുണ്ടി'യും കോളാമ്പി തേച്ചു മിനുക്കാതായി. കൂലി കൊടുക്കുന്നോരാരും അവളോട്‌ അതേക്കുറിച്ച്‌ ചോദിക്കാതെയുമായി. എല്ലാരും വന്നു കയറുമ്പോള്‍ ആദ്യം കാണുന്ന ക്ലാവു പിടിച്ച കോളാമ്പി ഒരശ്രീകരമായി കോലായില്‍ അനുഭവപ്പെട്ടു.

ഡിഗ്രി ഫൈനല്‍ ഇയറിന്‌ ഫ്രന്‍സിനെ എല്ലാരെയും വീട്ടിലേക്കു ക്ഷണിച്ച്‌ ഒരു ട്രീറ്റ്‌ കൊടുത്ത ദിവസമാണ്‌ ആ അശ്രീകരം ഞാന്‍ തട്ടിമ്പുറത്തെ മൂലയിലേക്കു വലിച്ചെറിഞ്ഞത്‌.

കോളാമ്പി കാണാതായപ്പോള്‍ വല്ല്യുപ്പ വല്ലാതെ വിഷമിച്ചിരുന്നു. അന്ന്‌ വല്ല്യുപ്പ ഏല്ലാരോടും വഴക്കുണ്ടാക്കി. പിന്നെ അതു കാഴ്‌ചപ്പുറത്തു നിന്നും മറഞ്ഞപ്പോള്‍ വല്ല്യുപ്പയും കോളാമ്പിപുരാണം മറന്നിട്ടോ എന്തൊ പിന്നെ അധികം ആരോടും മിണ്ടാതായി. ആ മൗനത്തിനു ശേഷം പിന്നെ വല്ല്യുപ്പാന്റെ മരണം മാത്രമാണോര്‍മ്മ.
പിന്നെ ഇന്ന്‌ തറവാട്ടിലെ തട്ടുമ്പുറം വൃത്തിയാക്കുമ്പോഴാണ്‌ ഞാനതു വീണ്ടും കാണുന്നത്‌.


വല്ല്യുപ്പാനോട്‌ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി ഞാനാ കോളാമ്പി നാന്നായി പോളീഷു ചെയതു. കോപ്പര്‍ പെയ്‌ന്റു കൊണ്ടു കലാപരമായി അലങ്കരിച്ച്‌ ഡ്രൈ ഫ്ലവര്‍ നിറച്ച്‌ എന്റെ പുതിയ വീടിന്റെ വിസിറ്റേര്‍സ്‌ റൂമില്‍ വെച്ചു.
ഗൂഗിളിന്റെ പുതിയ ബസിനെക്കുറിച്ചും റീഡര്‍ ഷെയറിംഗ് ഓപ്ഷനെക്കുറിച്ചും മക്കള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്കൊപ്പമെത്താനാവാതെ ഞാന്‍ വിഷമിക്കുന്നു.
അപ്പോള്‍ അവസരത്തിലും അനവസരത്തിലും ഒരു കഥ പറയാന്‍ ഞാന്‍ നാടകീയമായി പഴുതുണ്ടാക്കുന്നു.
എനിക്കു സ്വന്തമായി പ്രത്യേകം വീരസ്യങ്ങളൊന്നും പറയാനില്ലാത്ത നാളില്‍ വീട്ടില്‍ വന്നു കയറുന്നവരേടെക്കെ വല്ല്യുപ്പാന്റെ കോളാമ്പിയുടെ പിന്നിലെ വീരകഥ ഇത്തിരി കൊഴുപ്പുകൂട്ടി ഞാന്‍ പറഞ്ഞു തുടങ്ങി.

കഥ പറയാനുള്ള കഴിവില്‍ എന്റെ അകത്തിത്തിരി അഹമുണ്ടെന്ന്‌ എന്റെ ഭാര്യയും ഈയിടെ കുറ്റം പറയാന്‍ തുടങ്ങിയിട്ടുണ്ട്‌. എന്റെ ഈ കഥ പറച്ചില്‍ മക്കള്‍ക്കു മടുപ്പുണ്ടാക്കുന്നുവെന്ന്‌ അവരുടെ മുഖം കണ്ടാലറിയാം അധികം താമസിയാതെ ഈ ബ്രാസിന്റെ ഫ്ലവര്‍ വേസ്‌ ഏതെങ്കിലും തട്ടിന്‍ പുറത്തേക്കു പുതിയ തലമുറ വലിച്ചെറിയും. അതു വരെ ഞാനെന്റെ വീരസ്യം പറയല്‍ തുടരട്ടെ!.

42 അഭിപ്രായ(ങ്ങള്‍):

 1. അജ്ഞാതന്‍ പറഞ്ഞു...

  Kareeme,
  Ezhuthil kambamundenkil madikkenda
  thudarnnolu...bhasha kollam...
  shayiliyum kollam...thudarnnum ezhuthumallo...
  saamjay@crawler.com

 2. വല്യമ്മായി പറഞ്ഞു...

  നന്ദി,കാലം മറന്നിട്ട പിച്ചള കോളാമ്പികള്‍ മുന്നിലെത്തിച്ചതിന്,ചിത്രം വരക്കാനും കഥയെഴുതാനുമുള്ള മാഷിന്‍റെ കഴിവ് അപാരം

 3. Vssun പറഞ്ഞു...

  Touching Story.. Ente hrudayam niranja abhinandanagal..

 4. Manjithkaini പറഞ്ഞു...

  കരീം മാഷ്,

  “വണ്‍ സെക്കന്‍ഡ്, വണ്‍ ക്വസ്റ്റിന്‍”

  ഇതു വരെ ഏഴോ എട്ടോ കഥകളെഴുതി. ഒന്നുപോലും എന്നെ മടുപ്പിച്ചില്ല. ആരെയും മടുപ്പിച്ചിട്ടുണ്ടാവില്ല. അപ്പോ ഇക്കഥകളെഴുതാന്‍ ഒരിന്‍സ്പിരേഷന്‍ കിട്ടാനായി വല്ല കോളാമ്പിയും എഴുത്തുമേശക്കരികിലുണ്ടോ?

  “ഇന്റലിജന്റ് ക്വസ്റ്റിന്‍” എന്നു പറയേണ്ട ഭാര്യ ഉറങ്ങിപ്പോയി :)

  മഷേ കഥകളെല്ലാം വായിച്ചിരുന്നു. കമന്റെഴുതാന്‍ ഇപ്പോഴാ ഒരിന്‍സ്പിരേഷന്‍ കിട്ടീത്. പുതുമുഖങ്ങളായെത്തിയ ബൂലോഗവാസികളിലെ മുത്താണു താങ്കള്‍. സരസമായി കഥകള്‍ പറയുന്ന മുത്ത്.

 5. Rasheed Chalil പറഞ്ഞു...

  കരീം ഭായി എന്തുഎഴുതണം എന്നറിയില്ല.
  അസ്സലാ‍യി..
  കാലത്തിന്റെ തേരോട്ടത്തിലെവിടെയോ നഷ്ടമായ നന്മകളും ചിഹ്നങ്ങളും താങ്കളുടെ വരികളില്‍ കാണുന്നു. ഒരു നല്ല കഥ... ഒരു നല്ല ജീവിതം അതെല്ലാം മുഴച്ചുനില്‍ക്കുന്ന അവതരണം..

 6. രാജ് പറഞ്ഞു...

  ശൈലികൊണ്ടും ഭാഷകൊണ്ടും സന്ദര്‍ഭംകൊണ്ടും ഇതുവരെ എഴുതിയതില്‍ ഏറ്റവും മികച്ച കഥ. പ്രസിദ്ധീകരണ യോഗ്യമായതു് എന്നെഴുതിയാല്‍ ബ്ലോഗ് ആ പ്രവര്‍ത്തിക്കു യോഗ്യമല്ല എന്നൊരു ഭാഷ്യമില്ലെന്നു ഓര്‍മ്മിപ്പിച്ചു പറയട്ടെ, ഈ കഥ ബ്ലോഗുകള്‍ക്കു പുറത്തും വായിക്കപ്പെടേണ്ടതാണു്, പാരമ്പര്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതാണു്. നന്നായിരിക്കുന്നു കരീം.

 7. asdfasdf asfdasdf പറഞ്ഞു...

  പിച്ചക്കോളാമ്പി നന്നായി.

 8. RR പറഞ്ഞു...

  കരീം മാഷേ, താങ്കളുടെ എല്ലാ കഥകളും വായിക്കാറുണ്ട്‌. നല്ല ഒഴുക്കോടു കൂടി സരസമായി പറഞ്ഞിരിക്കുന്നു. വീണ്ടും എഴുതുക. പെരിങ്ങോടന്‍ പറഞ്ഞതു പോലെ ഈ കഥകള്‍ ഒക്കെ ബ്ലോഗുകള്‍ക്കു പുറത്തും വായിക്കപ്പെടേണ്ടതാണ്‌.

 9. Unknown പറഞ്ഞു...

  മാഷേ,
  പെരിങ്ങോടന്‍ പറഞ്ഞത് പോലെ കൂടുതല്‍ ആളുകള്‍ വായിക്കേണ്ട കഥ. ഞാന്‍ പലര്‍ക്കും ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്.

  ഒരു കഥയും മടുപ്പിച്ചിട്ടില്ല ഇതേ വരെ. അടുത്തതിനായി കാത്തിരിക്കുന്നു.

 10. സുമാത്ര പറഞ്ഞു...

  തറവാട്ടിലെ പഴയ ഒരു പിച്ചക്കോളാമ്പിക്കു വേണ്ടി ഞാനും അനിയത്തിയും തല്ലുകൂടിയതും, ഒടുവില്‍ അമ്മ വന്ന് അയ്യേ.. അതു നിങ്ങളുടെ മുത്തശ്ശി മുറുക്കിതുപ്പാന്‍ ഉപയോഗിച്ചിരുന്നതാ.. എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം “എന്നാ നീ എടുത്തോ..” എന്നു പറഞ്ഞതും ഓര്‍മ്മ വന്നു. നന്നായി.

 11. ടി.പി.വിനോദ് പറഞ്ഞു...

  ബ്ലോഗില്‍ വായിച്ച ഏറ്റവും നല്ല കഥകളില്‍ ഒന്ന്.
  അഭിനന്ദനങ്ങള്‍....
  ഭാവുകങ്ങള്‍....

 12. ലിഡിയ പറഞ്ഞു...

  കരീം മാഷെ...ദൈവത്തിന്റെ കയ്യൊപ്പുമായി ഭൂമിയിലെത്തിയവരില്‍ ഒരാളാണ് നിങ്ങള്‍..അതില്‍ കൂടുതല്‍ പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.

  എല്ലാം കൊണ്ടും തികവൊത്ത ഒരു കഥ.

  -പാര്‍വതി.

 13. മുസ്തഫ|musthapha പറഞ്ഞു...

  മഷേ, വളരെ നല്ല കഥ.. ഹൃദയത്തില്‍ തട്ടി.. ശരിക്കും.

  കോളാമ്പി തുടച്ച് വെച്ച് പ്രായശ്ചിത്തം ചെയ്യുന്നൊരു തലമുറ നമുക്കും കാണും.. അല്ലേ, തീര്‍ച്ച..!!

  “..ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ ശ്രദ്ധ നേടിയെടുക്കാന്‍ വല്യുപ്പ അല്‍പ്പസ്വല്‍പ്പം വാശി കാണിക്കാന്‍ തുടങ്ങി..” കഥാകാരന്‍റെ സൂക്ഷ്മബുദ്ധിക്കപ്പുറം, യാഥാര്‍ത്ഥ്യബോധം നിഴലിച്ചുനില്‍ക്കുന്നു എല്ലാ വരികളിലും.

  പെരിങ്ങോടനും ലാപുടയും പറഞ്ഞതാണ് സത്യം.

 14. Visala Manaskan പറഞ്ഞു...

  'പെരിങ്ങോടന്‍ പറഞ്ഞത് പോലെ കൂടുതല്‍ ആളുകള്‍ വായിക്കേണ്ട കഥ'

  alakkan katha. superb!

  ente system innu bed rest ilaa! athukondu malayalam typaan pattunnilla. kshamikkuka.

 15. അരവിന്ദ് :: aravind പറഞ്ഞു...

  പതിവുപോലെ നല്ല ഒന്നാന്തരം കഥ.

 16. സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

  തട്ടിന്‍പുറത്തേക്കു് വലിച്ചെറിയപ്പെട്ട പിച്ചളക്കോളാമ്പികള്‍ മസ്തിഷ്കത്തിനകത്തുണ്ടാക്കുന്ന ശബ്ദകോലാഹലങ്ങള്‍ അലട്ടാത്ത ഒരു ദിവസം പോലുമെനിക്കുണ്ടായിട്ടില്ല കരീം. ഈ കഥ തട്ടിയതു് പുണ്ണിലാണു്. നല്ല വേദന.

 17. കരീം മാഷ്‌ പറഞ്ഞു...

  qw_er_ty
  നന്ദി, കഥ സ്വീകരിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും.12 മണി വരെ കിട്ടിയ കമന്റുകള്‍ PDF ആയി ഞാന്‍ ശ്രീമതിക്കു മെയിലു ചെയ്‌തിരുന്നു. അവളുടെ മറുപടി രസകര്‍മായി തോന്നിയതു കൊണ്ടു ഇവിടെ പോസ്‌റ്റ്‌ ചെയ്യുന്നു. വീട്ടില്‍ വരമൊഴിയില്ലാത്തതിനാല്‍ ഈമെയിലില്‍ നിന്നു കട്ടു കോപ്പി ചെയ്‌തത്‌.

  Send this message to Parvathy " when I receive him he was like a sulphur coated(failed love affair) Koolambi. In the Thattumpuram of cheerful life. I found it and Polished. With ten years I am trying to make it good to show others. So the Finger tips are mine he only signing. So parvathy Half credit put in my Bank a/c. His failed love affair story is in my editorial desk, I have to edit it cruelly because He mentioned me a Villain or villi?( I don't know ask Umesh)
  With best wishes from our small family. Sabi.A.Kareem

 18. രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

  ഓരോ കഥകള്‍ കഴിയുന്തോറും തിളക്കം കൂടിക്കൂടി വരുന്നു. ബൂലോഗരുടെ ഭാഗ്യം തന്നെ.

 19. മുല്ലപ്പൂ പറഞ്ഞു...

  വല്ല്യുപ്പ അദ്ധ്വാനിച്ചു കൊണ്ടുവരാന്‍ അപ്രാപ്തനാവുകയും ഞങ്ങള്‍ സ്വന്തമായി അതിന്‌ പ്രാപ്തരാവുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ശബ്‌ദത്തിന്‌ വല്യുപ്പാന്റെ ശബ്‌ദത്തെക്കാള്‍ കനം കൂടി.

  നല്ല പോസ്റ്റ്. ഒരു കഥയിലൂടെ നന്നായി എഴിതിയിരിക്കുന്നു.

  സാബി എന്നാണൊ നല്ലപാതിയുടെ പേര്‍?
  ബൂലോകതിലേക്കു ക്ഷണിക്കൂ.
  മൈയില്‍ കണ്ടിട്ടു എഴുതും ന്നു തോന്നണല്ലോ

 20. കണ്ണൂസ്‌ പറഞ്ഞു...

  വളരെ നന്നായി മാഷേ.

  തട്ടിന്മുകളിലേക്ക്‌ വലിച്ചെറിയപ്പെടുന്ന കോളാമ്പിയാവാം ജന്മം എന്ന ബോധ്യം ഉണ്ടാവുമ്പോള്‍ പിന്നെ അതിനായി മനസ്സിനെ പാകപ്പെടുത്തിയെടുക്കാം. കിലുക്കങ്ങളൊന്നും മനസ്സിനെ വേദനിപ്പിക്കില്ല.

 21. Satheesh പറഞ്ഞു...

  വളരെ നന്നായി എഴുതിയിരിക്കുന്നു !

 22. റീനി പറഞ്ഞു...

  കരീം മാഷേ,.....എന്തു പറയണം ഞാന്‍?......ഉഗ്രന്‍ കഥ!.ഇത്‌ മിനുക്കി എടുക്കുവാനാണോ കുറച്ചു ദിവസ്സം പണിപ്പുരയില്‍ ഒളിച്ചിരുന്നത്‌?...ഭാവം,ഭാഷ,ഭാവന എല്ലാമുണ്ടിതില്‍.നല്ല ഒഴുക്കും ശൈലിയും.
  പെരിങ്ങോടന്‍ പറഞ്ഞതുപോലെ ഈ കഥയെ ബൂലോകത്തില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ പോരാ.

 23. അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

  “പിച്ചളക്കോളാമ്പി”
  തലമുറകളുടെ വിടവ് അയത്ന ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു..ഇങ്ങിനെയുള്ള കാമ്പുള്ള ആവിഷ്കാരങ്ങള്‍ ഈ പ്രസ്താനത്തിന്റെ തിളക്കമേറ്റുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. അച്ചടി മാധ്യമവും ഈ പ്രസ്താനവും തമ്മിലുള്ള നിയതമായ വ്യത്യാസവും അത് തന്നെ. എഴുതുന്ന ഒരു സാധനം അതെന്തുമാകട്ടെ-കഥയോ,കവിതയോ,ലേഖനമോ,ഹാസ്യമോ, ആക്ഷേപ ഹാസ്യമോ - ഒരു അച്ചടി മാധ്യമത്തിനയച്ചു കൊടുത്താല്‍ തുടക്കക്കാരാണെങ്കില്‍ നേരെ ചവറ്റുകൊട്ടയിലേക്ക്,‍ സ്റ്റാമ്പയച്ചു കൊടുത്താല്‍ ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുകിട്ടും. ഇവിടെ അങ്ങിനൊരു ഭയം വേണ്ട. എഴുതുന്നത് നേരെ അനുവാചക്ന്റെ മുന്നിലെത്തുന്നു. വായിക്കപെട്ടു കഴിഞ്ഞാല്‍ ഉടനടി അഭിപ്രായവുമെത്തിക്കഴിഞ്ഞു. വിയര്‍പ്പാറുമുമ്പേ പ്രതിഫലം ലഭിക്കുന്ന സുഖം...എഴുത്ത്കാരന് ആനന്ദലബ്ദിക്ക് മറ്റെന്തു വേണം...ഈ പ്രസ്ഥാനം വടര്‍ന്ന് പന്തലിക്കണം...കരീം മാഷിനെ പോലുള്ളവര്‍ ഈ പ്രസ്ഥനത്തിന് മുതല്‍കൂട്ട് തന്നെ...

 24. കരീം മാഷ്‌ പറഞ്ഞു...

  ഇപ്പാവശ്യത്തെ പോസ്‌റ്റിനു കമന്റിട്ടവരെല്ലാം എന്റെ "പിച്ചളക്കോളാമ്പിയെ' സമഗ്രമായി ആസ്വദിച്ചെഴുതിയെന്നു കമന്‌ടു വായിച്ചാലറിയാം.ഒരു നല്ല ആസ്വാദകന്റെ കന്റെത്തലുകളാണ്‌ ഒരു എഴുത്തുകാരന്റെ ഊര്‌ജജം. എന്റെ ഊര്‍ജജം നിങ്ങളാണ്‌.
  എല്ലാര്‍ക്കും തുമ്പപ്പൂ പോലെ വിശുദ്ധമാ ഇത്തിരി സ്‌നേഹം സമ്മാനിച്ചു കൊണ്ട്‌......

 25. അജ്ഞാതന്‍ പറഞ്ഞു...

  എന്തു രസായിട്ടാ മാഷേ ഈ കഥകളൊക്കെ പറയുന്നെ? മുത്തശ്ശി കഥകള്‍ പോലെ, നാടിന്റെ നന്മയുള്ള കഥകള്‍. അവസാന ഭാഗമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് .

  ഇവിടെ വരുമ്പൊ ഈ കഥകളൊക്കെ വായിക്കുമ്പൊ ഒരു സെറ്റും മുണ്ടും ഒക്കെയുടുത്ത് നടക്കണ ഫീലിങ്ങ്....

  മാഷിന്റെ ആരെങ്കിലുമാണൊ റിച്ചു മൊളു?

 26. -B- പറഞ്ഞു...

  കഥ പറയാനുള്ള കഴിവില്‍ എന്റെ അകത്തിത്തിരി അഹമുണ്ടെന്ന്‌ എന്റെ ഭാര്യയും ഈയിടെ കുറ്റം പറയാന്‍ തുടങ്ങിയിട്ടുണ്ട്‌.

  മാഷിത്തിരി അഹങ്കരിച്ചോ മാഷേ, ഞങ്ങള്‍ക്കൊരു വിരോധവുമില്ല. അതിനര്‍ഹതയുണ്ട് മാഷ്‌ക്ക്‌.

 27. കരീം മാഷ്‌ പറഞ്ഞു...

  ഇന്‍ജി പെണ്ണെ....
  റിച്ചു മോളു നമ്മുടെയൊക്കെ ജീവനല്ലേ. ഞങ്ങള്‍ക്കു ഇന്‍ജി പെണ്ണിനോടു തോന്നുന്ന പോലെ പ്രതിഭ ഉള്ളിലുള്ള ഒരെഴുത്തുകാരി.
  പിന്നെ ഒരു കോപ്ലിമെന്റ്‌ ഇന്നലെ മോളു പറയുവാ ഇന്‍ജി പെണ്ണിന്റെ മാത്രം കമന്റുകള്‍ സോര്‍ട്ടു ചെ്തു P.D.F. ആക്കി അയച്ചു തരുമോ അവള്‍ക്കു അതു quote ചെയ്‌തു ക്ലസ്സ്‌മേറ്റിന്റെ മുന്‍പില്‍ ഷൈന്‍ ചെയ്യനാത്രെ...
  ഞാന്‍ മറുപടി അയക്കാന്‍ പോകാ... ഇന്‍ജി പെണ്ണിനു ഉണ്ണിയാര്‍ച്ചയുടെ ഉശിരും നാഗവല്ലിയുടേ ഒരു നിശ്‌ചയ ദാര്‍ഢ്യവും കൂടിയുണ്ടെന്ന്‌.

 28. അജ്ഞാതന്‍ പറഞ്ഞു...

  അയ്യെ!!!!! മാഷേ എന്നെ ഇങ്ങിനെ പബ്ലിക്ക് ആയി ചമ്മിപ്പിച്ചതില്‍ ഞാന്‍ സത്യായിട്ടും കൂട്ടില്ലാ.
  മാഷിന്റെ എല്ലാം പൊട്ട കഥകളാ‍ണ്! ഒരു രസവുമില്ല വായിക്കാന്‍. ഇനി എന്തെങ്കിലും കഥ ഇതു പൊലെ എഴുതിയാല്‍ ഞാന്‍ കണ്ണടച്ച് പിടിക്കും.എനിക്ക് വായിക്കേം വേണ്ടാ..കമന്റേം വേണ്ടാ!!!!

  ഇങ്ങിനെ എന്നെ പൊക്കി പറയണെങ്കില്‍ എന്റെ ബ്ലോഗില്‍ വന്ന് രഹസ്യായിട്ട് ‌ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ആ ക്ക്യൂ‌ആര്‍‌ട്ടി ഇട്ടിട്ടൊ പറഞ്ഞാല്‍ മതി...:-) ഞാന്‍ അത് കേട്ട് ഒന്ന് നെഗളിക്കട്ടെ അപ്പൊ!! ഇതിപ്പൊ എല്ലാരും വായിച്ച് കര്‍ത്താവെ എല്ല്ലരും കൂടി ഉറക്കെ എന്നെ കളിയാക്കി ചിരിക്കണ ചിരി എനിക്ക് കേക്കാം.
  ശ്ശൊ! സത്യായിട്ടും കൂട്ട് വെട്ടി. പൊട്ട കഥ
  എഴുതണ മാഷ്.. ഞാന്‍ സെറ്റും മുണ്ടും ഒക്കെ മാറ്റി ജീന്‍സ് ഇടാന്‍ പോവാണ്!!!

  qw_er_tu

 29. അജ്ഞാതന്‍ പറഞ്ഞു...

  ഹൌ!!!!

  qw_er_ty
  qw_er_ty
  qw_er_ty
  qw_er_ty

 30. കരീം മാഷ്‌ പറഞ്ഞു...

  God Promise It is truuuuuuuuu..
  Inji Penne

 31. രാവണന്‍ പറഞ്ഞു...

  കരീം മാഷേ,

  കഥ വളരെ ഇഷമായി.. എന്നാലും ഒരു സംശയം, ആ പെണ്‍കുട്ടിക്ക്‌ ഇത്തിരി പക്വത കൂടുതല്‍ തോന്നിക്കുന്നില്ലേന്ന്?

 32. അജ്ഞാതന്‍ പറഞ്ഞു...

  അയ്യോ ഞാന്‍ വെറുതെ പറഞ്ഞതാ മാഷേ...
  ചുമ്മാ കൂട്ട് വെട്ടീന്ന് കാണിക്കാന്‍..

  ഇങ്ങിനെ ഒരു മാഷിന്റെ കഥകള്‍ വായിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമാണ് മാഷെ എന്റെയൊക്കെ.
  അത് 100% സത്യമായിട്ടാണ് ഞാന്‍ പറയണെ.
  എനിക്കങ്ങിനെ വെറുതെ ഒന്നും സുഖിപ്പിക്കാനൊ പറയാനൊ സത്യായിട്ടും അറിയില്ല മാഷെ...
  നേരു പറയാ...എന്റെ ബ്ലോഗില്‍ നിന്ന് ഞാന്‍ വളരെ കുറച്ച് ലിങ്കേ കൊടുത്തിട്ടുള്ളൂ..അത് ഒന്ന് മാഷിന്റെയാണ്...

  മാഷിന്റെ എല്ലാ കഥകള്‍ വായിക്കുമ്പോഴും എന്റെ കണ്ണ് അറിയാണ്ട് നെറയാറുണ്ട്..

  ഇനി ഇപ്പൊ അത് ഞാന്‍ വീട്ടില് നേരെ പൊടി അടിക്കാഞ്ഞൊട്ടാണൊ? :-) ഹിഹിഹി

  സസ്നേഹം...

  qw_er_ty

 33. കരീം മാഷ്‌ പറഞ്ഞു...

  രാവണന്റെ സംശയം പെണ്‍കുട്ടിക്കു പക്വത കൂടുതല്‍ തോന്നിക്കുന്നില്ലേ എന്നല്ലേ?.

  പറയാം.

  അവളെന്റെ മോളാണ്‌ അവളെ എനിക്കറിയാം. ഇന്നത്തെ തലമുറ നമ്മുടെയൊക്കെ കാലത്തെപ്പോലല്ല.

  ഒരു ഡിജിറ്റല്‍ ക്യാമറ കൊണ്ട്‌ 25 ഫോട്ടോ എടുത്ത്‌ കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡു ചെയ്‌തെടുത്ത്‌ jpg ഫോര്‍മാറ്റിലേക്കു മാറ്റി സിബ്ബു ചെയ്‌ത്‌ ഈ മെയിലു ചെയ്‌തയക്കാന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന മോള്‍ക്കു ഒരു മണിക്കൂര്‍ മതി.

  (പക്ഷെ നാട്ടിലെ ഈമെയില്‍ "സ്ലോ"വായതിനല്‍ അതെനിക്കു കിട്ടുവാന്‍ പിന്നെയും ഒരു മണിക്കൂറെടുത്തു).
  നമ്മളൊക്കെ പഠിച്ചിരുന്ന കാലത്തെപ്പോലെ വിരല്‍ മുകളിലേക്കുയര്‍ത്തി പിടിച്ചു കെമിസ്‌ട്രി മാഷ്‌ പറഞ്ഞിരുന്ന "suppose this is a Test tube" കാലമൊക്കെ കഴിഞ്ഞു.

  ഞാന്‍ എന്റെ കഥകളില്‍ ആത്‌മാംശം കലര്‍ത്തുന്നതു തന്നെ അസത്യങ്ങളെയും അബദ്ധങ്ങളെയും പരമാവധി ഒഴിവാക്കാന്‍ കൂടിയാണ്‌.
  എന്റെ മരച്ചീനി കഥയിലെയും, I Love You കഥയിലെയും മകളുടെ പ്രായം ഈ കഥ വായിച്ചപ്പോള്‍ രാവണനെ സ്വാധീനിച്ചതാവാം കാരണം.

  Now clear?, Then goto your Class.

 34. രാവണന്‍ പറഞ്ഞു...

  കരീം മാഷേ,

  എല്ലാം വളരെ ക്ലിയര്‍, ഞാന്‍ ഇപ്പോള്‍ താങ്കളുടെ ക്ലാസിലിരിക്കുന്നു, പുതിയ കഥകളും പ്രതീക്ഷിച്ച്‌....

 35. viswaprabha വിശ്വപ്രഭ പറഞ്ഞു...

  എവുരാ,

  ഈ qw _er_tyയെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല.

  I really really need all comments in my mailbox!

  ഒരു second channel-ലേക്കു ഫീഡ് ചെയ്തൂടേ?

  Let those who want it, subscribe separately!

  You may even think of adding extra strings and filters (say categorised/ customised/ favourite lists) as a solution for selective reading!

 36. മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

  കരീം മാഷേ,
  പ്രായമേറുമ്പോള്‍ മറ്റുള്ളവരുടെ ഇഷടാനിഷ്ടങ്ങള്‍ക്കയി സ്വയം മാറാന്‍ നിര്‍ബ്ബന്ദിപ്പിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയെ കുറിച്ച്‌ ഇനിയും നമുക്കേറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  അതുകൊണ്ട്‌ തന്നെ ഈ കഥ ഒരു ഓര്‍മ്മിപ്പിക്കല്‍ കൂടിയാണു.

 37. അജ്ഞാതന്‍ പറഞ്ഞു...

  Oru padu peru comments paasakki ya sthidhikku njan ende comment engineya parayuka. Achummavan paranjathu pole ellam Swagatha prasangikan paranju kazhinju. Ennalum Mashe..ithu vare evide olichirikuka aayirinnu? Ee kadha ivide maathram discuss cheyyanullathalla. Oru pazhamayum oppam puthumayum ulla nalla kadha. But oru kariyam maashe adutha kadha koodi nookatte. engine maashine njan, Mashinde ezhuthine love cheyyano ennu decide cheyyam.
  snehapoorvam Bahrain yil ninnum
  Raju Komath.
  raju.komath@shawgrp.com

 38. Physel പറഞ്ഞു...

  മാഷേ, ഞാന്‍ ബ്ലോഗില്‍ പുതിയതാ...മാഷുടെ ഈ കഥ മനോഹരമായിരിക്കുന്നു. ബ്ലോഗ്‌ വഴിത്താരയിലെ ഒരു അഞ്ചു വിളക്കു ജംഗ്ഷന്‍ എന്നാണ്‌ എനിക്കു മഷെ വിഷേഷിപ്പിക്കാന്‍ തൊന്നുന്നത്‌...ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു

  www.physel-poilil.blogspot.com

 39. മുസാഫിര്‍ പറഞ്ഞു...

  കരീം മാഷെ,പോസ്റ്റു ചെയ്തു ഒന്നര വര്‍ഷത്തിന് ശേഷം ഈ അനുഭവം വായിച്ചു.ഓരോ അരിമണിയുടെയും ഉടമസ്ഥന്റെ കഥ പറഞ്ഞപോലെ (പടിപ്പുരക്ക് നന്ദീ ) ഓരോ കഥയിലും ഒളിഞ്ഞു കിടപ്പുണ്ടാ‍കും അത് വായിക്കാന്‍ പോകുന്നവരുടെ പേരുകള്‍ എന്നു തോന്നുന്നു.നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു വായനയായിരുന്നു ഇത്.
  ചന്ദ്രകാന്തത്തിന്റെ കവിതയിലൂടെയാണ് ഇതിലെത്തിപ്പെട്ടത്.ലിങ്ക് ഇട്ടത് നന്നായി.

 40. Sherlock പറഞ്ഞു...

  മാഷേ, കഥ ഇഷ്ടമായി..


  (മാഷിന്റെ തന്നെ ഒരു കമെന്റിന്റെ വാലില്‍ തൂങ്ങി എത്തിയതാ ഇവിടെ)

  qw_er_ty

 41. ചന്ദ്രകാന്തം പറഞ്ഞു...

  മാഷെ,
  വളരെ നന്ദി. സമാനചിന്തകളെ കൂട്ടിയിണക്കുന്ന കണ്ണികള്‍ എന്റെ കമന്റ്‌ പേജില്‍ ബാക്കിവച്ചതിനും,
  ഈ കഥാസാഗരത്തില്‍ ഒഴുകിനിറഞ്ഞ അഭിപ്രായങ്ങളില്‍ നിന്നും ജീവസ്സുറ്റ തുള്ളികള്‍ അവിടെ പകര്‍‌ന്നു തന്നതിനും.
  ബ്ലോഗ് എന്നൊരു മാധ്യമത്തെപ്പറ്റി ഞാന്‍ കേട്ടിട്ടുപോലുമില്ലാത്ത കാലത്ത്‌, പിറന്ന ഈ കഥ, ഒന്നില്‍ച്ചില്വാനം വര്‍ഷങ്ങളുടെ പേജുകള്‍ക്കിപ്പുറം വന്ന്‌ വായിയ്ക്കാന്‍ അവസരം തന്നതില്‍.... അതിരില്ലാത്ത സന്തോഷം ഇവിടെ ഞാനൊന്നറിയിച്ചോട്ടെ..

 42. Manoj Vellanad പറഞ്ഞു...

  നന്നായി എഴുതി.. :)