വ്യാഴാഴ്‌ച, ഓഗസ്റ്റ് 31, 2006

മധുരനാരങ്ങ

പേര്‌           : മധുരനാരങ്ങ 

കാറ്റഗറി : (വിവരമുള്ളവരോടു ചോദിച്ചു പറയാം).
Photobucket - Video and Image Hosting

മേലേക്കളത്തില്‍ കുമാരേട്ടന്‍ മകന്‍ ഉണ്ണി ഈ കരീം മാഷിന്റെ ഹൈസ്ക്കൂള്‍ക്കാല സതീര്‍ത്ഥ്യനാണ്‌.

കുമാരേട്ടന്‌, ഇരുമ്പുഴി അങ്ങാടിയില്‍ ഒരു പഴക്കടയുണ്ടായിരുന്നു.
(ഫ്രൂട്ട്‌ ബസാറില്‍ ആകെ രണ്ടു പഴക്കട.   മറ്റേത്‌ R.T.ഓഫീസിലെ പ്യൂണ്‍ അലക്‌സിന്റെ ബിനാമി, മാനുപ്പ നടത്തുന്നത്‌).
ഒരു റോഡെന്ന റഫറിയെ നടുക്കു നിര്‍ത്തി പോരിനിറങ്ങുന്ന ഗുസ്തിക്കാരെപ്പോലെയായിരുന്നു ആ രണ്ടു കടകളും നേര്‍ക്കു-നേര്‍ നിന്നിരുന്നത്‌.


സ്‌കൂള്‍ വിട്ടു വന്നാല്‍ ഉണ്ണിക്കാണു കടയിലിരിക്കുന്ന ജോലി. 
ഞാനും ഒരു കമ്പനിക്കു വല്ലപ്പോഴും അവന്റെ കൂടെയിരിക്കും.

വൈകുന്നേരമാവുമ്പോള്‍ കുമാരേട്ടന്‍ പഴമിറക്കാന്‍ മഞ്ചേരി ചന്തയില്‍ പോകും.
സന്ധ്യക്കു ഗുണം കുറഞ്ഞ പഴങ്ങള്‍ കുറഞ്ഞ വിലക്കു കിട്ടും.

അക്കാലത്താണ്‌ ഞാന്‍ ആര്‍ത്തി തീരേ പഴം കഴിച്ചിട്ടുള്ളത്‌.
(കുമാരേട്ടന്‍ കടയിലില്ലത്തപ്പോള്‍).
സാധാരണ ഒരു പിക്‌അപ്പിനു ലേറ്റായി പഴം കൊണ്ടു വരുന്ന കുമാരേട്ടന്‍ ഒരു ദിവസം ഒരു ചാക്കും തൂക്കി പിടിച്ചു വളരെ നേരത്തെ ബസ്സിനു വന്നു പെടുന്നനെ കടയിലേക്കു കയറിയപ്പോഴാണ്‌ അത്രക്കും ഗതികെട്ടാല്‍ ഒരു ചെങ്കദളിപ്പഴം വേണമെങ്കില്‍ കടിക്കാതെയും ചവക്കാതെയും അണ്ണാക്കിലൂടെ ഇറക്കാം എന്നു എനിക്കും ഉണ്ണിക്കും ബോധ്യമായത്‌. 
ആലോചിക്കുമ്പോള്‍ ഇപ്പോഴും നെഞ്ചിനകത്ത്‌ അന്നത്തെ വിമ്മിഷ്ടം.

ചന്തയില്‍ നിന്നു കൊണ്ടു വന്ന പഴം പ്രാഥമിക തെരച്ചില്‍ നടത്തി, അതില്‍ നിന്നു ഒരു ഗതിയും പരഗതിയും ഇല്ലാത്തവ എടുത്തു ജ്യൂസ്‌ അടിച്ച്‌ ജാറില്‍ നിറച്ചു ഫ്രിഡ്‌ജിനകത്താക്കും,
ബാക്കിയുള്ള പഴങ്ങളെടുത്ത്‌ അതിന്റെ നല്ല ഭാഗം വിസിബിലിറ്റിയുള്ള റോഡിനഭിമുഖമായും,  കേടുള്ള ഭാഗം സെയില്‍മാനഭിമുഖമായും ഡിസ്‌പ്ലേ ചെയ്യാലാണ്‌ കുമാരേട്ടന്റെ 'സക്‌സസ്‌ഫുള്‍ സെയില്‍സ്‌മാന്‍ കരിയര്‍ഷിപ്പ്‌'.

ഇരുമ്പുഴി അങ്ങാടിയില്‍ ബസ്സിറങ്ങുന്ന യാത്രക്കാര്‍ കഴുത്തു വെട്ടിച്ചു, ഇടതും വലവും നോക്കി, ഒരു മിനിട്ടു മനസ്സിലെ തുലാസിലിട്ടു തൂക്കി, രണ്ടു കടകളേയും താരതമ്യം ചെയ്‌തു, അവസാനം കുമാരട്ടന്റെ കടയിലേക്കു തന്നെ കയറുമ്പോള്‍, കുമാരേട്ടന്‍ തന്റെ ഡിസ്‌പ്ലേ ഡിസ്‌ക്രീട്ടില്‍ ഉള്ളില്‍ ഊറ്റം കൊണ്ട്‌ ചിരിക്കുകയായിരിക്കും.

കുമാരേട്ടന്റെ കടയില്‍ ആളൊഴിഞ്ഞ നേരമില്ലാതായി.

തന്റെ ഈ വിരുതിന്റെ വിദ്യ പാരമ്പര്യ പ്രേക്ഷണ തത്ത്വപ്രകാരം കുമാരേട്ടന്‍ ഉണ്ണിയേയും പഠിപ്പിച്ചു.
ഇഷ്‌ടമില്ലങ്കിലും കുമാരേട്ടന്റെ നിര്‍ബന്ധപ്രകാരം ഉണ്ണിയും ഇതു ചെയ്‌തു വന്നു.

ക്രമേണ മാനുപ്പാക്കും ഈ ഡിസ്‌പ്ലേ രഹസ്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയപ്പോള്‍ അവനും ഈ രീതി സ്വകാര്യമായി, വിജയകരമായി അനുവര്‍ത്തിച്ചു.

പക്ഷെ കുഴപ്പം അവിടെയായിരുന്നില്ല.  മാനുപ്പയും ഇതേ രീതി പിന്തുടരുന്നുവെന്നു ഉണ്ണിക്കു മനസ്സിലാക്കാനായില്ല.
ഉണ്ണിക്ക്‌! "ഇന്‍ഫീരിയോ" പിടിപെട്ടു.
അവന്‍ എപ്പോഴും കാണുന്നതു സ്വന്തം കടയിലെ പഴങ്ങളുടെ കേടുവന്ന ഭാഗവും മാനുപ്പയുടെ കടയിലെ പഴത്തിന്റെ നല്ല ഭാഗവും.

എല്ലാറ്റിനും പുറമെ,
രാവിലെ കുമാരേട്ടന്റെ കയ്യില്‍ നിന്നു പഴങ്ങള്‍ വാങ്ങിച്ചു പോയ ചിലര്‍ വീട്ടിലെത്തി വഞ്ചിതരായ വിവരം മനസ്സിലാക്കി തിരിച്ചു വന്നു   ഫോണ്ടു മാറ്റി  പ്രശംസിക്കുമ്പോള്‍ ഒരക്ഷരം പോലും മിസ്സാവാതെ കേള്‍ക്കുന്നതു വൈകുന്നേരത്തെ ഷിഫ്‌റ്റില്‍ ഇരിക്കുന്ന ഉണ്ണിയായിരിക്കും.

കുമാരേട്ടന്റെ സാന്നിധ്യം ഉണ്ടായാലും ആളുകള്‍ വഴക്കു പറയുന്നതു ഉണ്ണിയുടെ നേരെ മുഖം തിരിച്ച്‌. കാരണം കുമാരേട്ടന്ന്‌ ചെവിയല്‍പ്പം കുറവാണെന്നെല്ലാര്‍ക്കുമറിയാം. why do we waste our energy? എന്നു കരുതി കുമാരേട്ടനുള്ളതും കൂടി ഉണ്ണിക്കു കൊടുക്കും.

ഈ പ്രശംസകള്‍ കേട്ട്‌ അവന്റെ മനസ്സു നിറഞ്ഞു.
അവനു് കടയില്‍ ഇരിക്കാന്‍ തന്നെ മടിയായി. അതിനാല്‍ കുമാരേട്ടന്റെ വായില്‍ നിന്ന്‌ വഴക്കൊഴിഞ്ഞ നേരമില്ലാതെയുമായി.
ഉണ്ണിക്കു കുമാരേട്ടനെ കണ്ണിനു നേരെ കാണാനരുതാതെയായി. കുമാരേട്ടനു തിരിച്ചും.

ഫലം, കട വമ്പന്‍ പരാജയമായി.കുമാരേട്ടന്‌ മഞ്ചേരി മാര്‍ക്കറ്റില്‍ ഒരുപാടു കടം കേറി.

അവരു പിന്നെ കട വമ്പിച്ച ലാഭത്തിനു വിറ്റു (വാങ്ങിയ ആള്‍ക്കു നല്ല ലാഭം).

കുമാരേട്ടന്‍ അഴുകിയ പഴങ്ങളെ വിട്ടു അതിനെക്കാള്‍ അഴുകിയ രാഷ്ട്രീയത്തില്‍ ചേര്‍ന്നു. പിന്നെ ഒരു പാടു കൊല്ലം ബ്ലോക്കു പഞ്ചായത്തു ഭരിച്ചു (ഇപ്പോള്‍ ബ്ലാക്കു മണികൊണ്ടു 'അസുഖമായി' ജീവിക്കുന്നു. ഗോതമ്പു കഞ്ഞിയും പാവക്ക ജൂസും ഇഷ്‌ടമല്ലങ്കിലും കാര്‍ത്ത്യയനി ചേച്ചി നിര്‍ബന്ധിച്ചു കുടിപ്പിക്കുന്നു.)

ഉണ്ണി പ്രീഡിഗ്രി പൂര്‍ത്തിയാക്കാതെ പട്ടാളത്തില്‍ ചേര്‍ന്നു. വല്ലപ്പോഴും ഞങ്ങളുടെ അവധി ഭ്രമണപഥങ്ങള്‍ തമ്മില്‍ സന്ധിക്കുമ്പോള്‍ ഞങ്ങള്‍ നാട്ടില്‍ വെച്ചു കാണാറുണ്ട്‌.

കണ്ടാലുടന്‍ ഞാന്‍ "ജയ്‌ ജവാന്‍" എന്നു വിളിക്കും. അപ്പോള്‍ ആ മുഖത്തെ ശോണിമയും കൈത്തണ്ടയിലെ രോമങ്ങളുടെ എഴുന്നേറ്റുനില്‍പ്പും ഒന്നു കാണേണ്ടതു തന്നെ!

പിന്നെ, എന്റെ തോളില്‍ കയ്യിട്ടു ചേര്‍ത്തു നിര്‍ത്തി പറയും "നിങ്ങള്‍ പ്രവാസികളും ജവാന്മാര്‍ തന്നെ, പിറന്ന നാടും നാട്ടാരെയും വിട്ട്‌ നാടിന്‌ നല്ല നാണയം (വൈറ്റ്‌ മണി) നേടിത്തരുന്ന കാവല്‍ക്കാര്‌.
അതു കേള്‍ക്കുമ്പോള്‍ എനിക്കും രോമാഞ്ചമുണ്ടാവും.ഇരുപത്തിനാലു ആരക്കാലുകളുള്ള അശോകചക്രം ആലേഖനം ചെയ്‌ത, ഒരുപാടു ത്രിവര്‍ണ്ണ പട്ടുപതാകകള്‍ എന്റെ മനസ്സില്‍ പാറിക്കളിക്കും.

(ഞാനും ഉണ്ണിയും ടുട്ടൂസ്‌ ഫ്രൂട്ടിയിലിരുന്ന്‌ ഫ്രൂട്ട്‌സാലഡു കഴിക്കുമ്പോള്‍ അബദ്ധത്തിലെത്തുന്ന കുമാരേട്ടന്‍ ഒരു "സുലൈമാനി വിതൗട്ട്‌" പറഞ്ഞു, പത്രത്തിലേക്കു നോക്കുന്ന വ്യാജേന ഞങ്ങളുടെ ഫ്രൂട്ട്‌സാലഡ്‌ പാത്രത്തിലേക്കു ആര്‍ത്തിയോടെ നോക്കും).


"രാജ്യത്തിന്റെ അതിര്‍ത്തിയിലും അതിര്‍ത്തിക്കപ്പുറത്തും നിന്നും നമ്മള്‍ രാജ്യം കാക്കുമ്പോള്‍ അതിര്‍ത്തിക്കുള്ളിലെ അധികാരികള്‍ നമ്മെ ഭരിക്കുകയാണൊ അതോ ഭക്ഷിക്കുകയാണോ?". എന്നു ചോദിച്ചു കൊണ്ടു ഞങ്ങള്‍ കാലിക രാഷ്ട്രീയം കുറേ നേരം ചര്‍ച്ച ചെയ്യും.
അവസാനമവസാനം ഒരുത്തരത്തിലുമെത്താതെ രാവേറെയായി എന്നു തിരിച്ചറിഞ്ഞു ഞങ്ങള്‍ ഈ മരുഭൂമികളിലേയും മഞ്ഞു മലകളിലേയും കാവല്‍ ജോലിക്കിടയില്‍ പിന്നെയെന്നെങ്കിലും ഉയിരു ബാക്കിയുണ്ടെങ്കില്‍ തമ്മില്‍ കാണാമെന്നു ചൊല്ലി പിരിയും.

"നമ്മുടെ നാടു നന്നാവുമോ?"
"എനിക്കറിയില്ല".

നമുക്കാഹ്ലദിക്കാന്‍ ഇത്തിരി സംഗീതവും,കലയും സാഹിത്യവും ചിത്രങ്ങളും ചില പത്രങ്ങളും മറ്റും മലിനപ്പെടാതെ ബാക്കിയുണ്ടെല്ലോ! അവയെ വളര്‍ത്താനും അവയാല്‍ വളരാനും ഇപ്പോള്‍ ബ്ലോഗുമുണ്ടല്ലോ!

ആശ്വാസം!.

ഇപ്പോള്‍ ഈ വൈകിയ രാത്രിയില്‍ ഞാന്‍ ഒ.എന്‍.വി.യുടെ വരികള്‍ ഉമ്പായിയുടെ കണ്ഠത്തിലൂടെ ഒന്നു കേട്ടുറങ്ങട്ടെ!.
നാളെ ഇന്റേര്‍ണല്‍ ഓഡിറ്റിനു ആ 'മണ്ടന്‍ മിസ്‌രി'ക്കു മുന്‍പില്‍ 'ഷണ്‌ഠന്‍'ആയി ഇരുന്നു കൊടുക്കേണ്ടതാണ്‌!

കരീം മാഷ്‌

http://tkkareem.blogspot.com/

27 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  [ശ്രീജിത്തിന്റെ പോസ്‌റ്റില്‍ ഞാന്‍ മധുരനാരങ്ങയെ പ്രതീകവല്‍ക്കരിച്ചതു മനസ്സിലായില്ലന്നു രണ്ടു പേരില്‍ നിന്നറിവായതിനല്‍ വിശദീകരണം തര്യപ്പെടുത്തുന്നതിനാണ്‌ ഈ കുറിമാനം എഴുതിത്തുടങ്ങിയത്‌. പക്ഷെ എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു കമന്റിനെക്കാള്‍ വലുതായി എന്നു തിരിച്ചറിഞ്ഞതിനാല്‍ ഇതൊരു ഒരു പോസ്‌റ്റാക്കാമെന്നു മാറ്റി ചിന്തിച്ചു]

 2. സു | Su പറഞ്ഞു...

  ഉണ്ണിയെ കണ്ടു. കുമാരേട്ടനെ കണ്ടു. മാനുപ്പായെ കണ്ടു.

  മധുരനാരങ്ങയുടെ ജ്യൂസ് കുടിച്ചപോലെയായി.

  :)

 3. റീനി പറഞ്ഞു...

  മേലേക്കളത്തില്‍ കുമാരേട്ടന്‍ മകന്‍ ഉണ്ണി അറിയുവാന്‍,.......

  പഴയ സുഹൃത്ത്‌ കരീം ധാരാളം പഴങ്ങള്‍ സ്പീഡില്‍ തിന്നു പരിചയിച്ചതുകൊണ്ടാണോ ആ സ്പീഡ്‌ എല്ലായിടത്തും മെയ്‌ന്റൈന്‍ ചെയ്യുന്നത്‌? ഞാന്‍ ഒരു പഴം തിന്നുന്ന സമയം കൊണ്ട്‌ ഉണ്ണീടെ സൂഹൃത്ത്‌ അടുത്ത കഥ എഴുതുന്നു.

  എന്ന്‌ ഒരു അഭ്യുതയകാംക്ഷി....

 4. Rasheed Chalil പറഞ്ഞു...

  കറീം ഭായി. ഈ ഓറഞ്ച് ജ്യൂസ് അസ്സലായി. കൂട്ടാത്തില്‍ ഇരുമ്പുഴി അങ്ങാടിയിലൂടെ ഒന്നു പോവാനും കഴിഞ്ഞു.

 5. സൂര്യോദയം പറഞ്ഞു...

  മാഷേ... രസകരമായിരിക്കുന്നു.. മാത്രമല്ല ഹൃദയത്തില്‍ തൊട്ട അനുഭവം...

 6. മുസ്തഫ|musthapha പറഞ്ഞു...

  "....പഴം കൊണ്ടുവന്നു പ്രഥമിക തെരച്ചില്‍ വഴി ഒരു ഗതിയും പരഗതിയും ഇല്ലാത്തവ ജ്യൂസ്‌ അടിച്ച്‌ ജാറില്‍ നിറച്ചു ഫ്രിഡ്‌ജിനകത്താക്കും.
  ബാക്കിയുള്ള പഴങ്ങളെടുത്ത്‌, അതിന്റെ നല്ല ഭാഗം വിസിബിലിറ്റിയുള്ള റോഡിനഭിമുഖമായും കേടുള്ള ഭാഗം സെയില്‍മാനഭിമുഖമായും ഡിസ്‌പ്ലേ ചെയ്യാലാണ്‌ ....."

  കുമാരേട്ടന്‍റെ കടയില്‍ ഉണ്ണിക്കു കൂട്ടിരുന്നതിന്, ഇതില്പരം വേറെന്ത് തെളിവ്..:)

  എപ്പോഴത്തേയും പോലെ ഇതും കലക്കന്‍

 7. അരവിന്ദ് :: aravind പറഞ്ഞു...

  കരീം മാഷെ..അതീവ രസകരം!
  എത്ര സരസമായാണ് താങ്കള്‍ എഴുതുന്നത്!
  സത്യന്‍ അന്തിക്കാടിന്റെ പഴയപടങ്ങളുടെ ഫസ്റ്റ് ഹാഫ് പോലെ..
  ലളിതം, മധുരം, സരസം....അങ്ങയെ നമിച്ചു. :-)

 8. Visala Manaskan പറഞ്ഞു...

  ഇതും നന്നായിട്ടുണ്ട് മാഷേ. ഇഷ്ടപ്പെട്ടു.

 9. വല്യമ്മായി പറഞ്ഞു...

  പതിവ് പോലെ മനോഹരം
  അകവും പുറവും ചീയാത്ത മധുരനാരങ്ങകള്‍ ഉണ്ടാവട്ടെ ഭൂമി മുഴുവനും

 10. സുമാത്ര പറഞ്ഞു...

  നന്നായിരിക്കുന്നു. കുമാരേട്ടന്റെ ഡിസ് പ്ലേ വിദ്യാ കൊള്ളാം.

 11. സഞ്ചാരി പറഞ്ഞു...

  അവതരണരീതിയും എഴുത്തിന്റെ ഒഴുക്കും. എനിക്കിഷ്ടപ്പെട്ടു.അതിര്‍ത്തി കാക്കുന്ന ഉണ്ണിക്കും,നമ്മുടെ സന്‍പ്ദ്ഘടനയെ താങ്ങിനിര്‍ത്തുന്ന കരീംമാഷ്ന്നും അഭിനന്ദങ്ങ്ങള്‍.

 12. asdfasdf asfdasdf പറഞ്ഞു...

  ലളിതം. മധുരനാരങ്ങ. കുമാരേട്ടനെ എവിടെയൊക്കെയോ കണ്ടിട്ടുള്ളതുപോലെ..നാട്ടില് പോയി പൊരുന്നു കോഴിയെ പോലെ വീട്ടിലടയിരിക്കുന്നവര്‍ക്കൊന്നും ഇങ്ങനെ കഥയെഴുതാനാവില്ല..നന്നായിട്ടുണ്ട്.

 13. Unknown പറഞ്ഞു...

  മാഷേ,
  രസകരമായിരിക്കുന്നു. :-)

 14. richumolu പറഞ്ഞു...

  മാഷേ നിങ്ങളുടെ കഥകള്‍ക്ക്‌ വേണ്ടി കാത്തിരിക്കുക പതിവായിട്ടുണ്ട്‌.
  കമറ്റില്‍ പോലും എന്തോ ഒരു മാജിക്ക്‌ ഉള്ളതു പോലെ...

  ഞാന്‍ ഫാനായി മാഷേ.....
  നാരങ്ങ വിശേഷം അതിഗംഭീരം

 15. കരീം മാഷ്‌ പറഞ്ഞു...

  എന്നെയും,ഉണ്ണിയേയും, കുമാരേട്ടനെയും ഞങ്ങള്‍ ജീവിക്കുന്ന ഇരുമ്പുഴിയെന്ന ചെറിയ ഗ്രാമത്തെയും അവിടെ ഇനിയും മരിക്കാത്ത നന്മയുണ്ടെന്നും തിരിച്ചറിഞ്ഞ എല്ലാര്‍ക്കും നന്ദി.
  നിങ്ങളുടെ കമന്റുകളാണ്‌ എന്റെ ഊര്‍ജ്ജം
  " (സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികള്‍ ഗംഭീരമാകുന്നു) ജഗദീഷ്‌.
  സു,

  കമന്റിയവര്‍ക്ക്‌:-
  റീനി,
  ഇത്തിരിവെട്ടം,
  സൂര്യൊദയം,
  അഗ്രജന്‍,
  അരവിന്ദ്‌,
  വിശാലമനസ്‌കന്‍,
  വല്ല്യമ്മായി,
  സുമാത്ര,
  സഞ്ചാരി,
  കുട്ടന്‍ മേനോന്‍,
  ദിര്‍ബാസുരന്‍,
  റിച്ചുമോളു.
  ഇനി കമന്റാന്‍ ബാക്കുയുള്ളവര്‍ക്ക്‌
  --* സ്‌നേഹ സാന്ദ്രമായ ഓണാശംസകള്‍ *--

 16. gfdgfdg പറഞ്ഞു...

  മാഷിണ്റ്റെ മറുപടിക്ക്‌ നന്ദി നന്ദി നന്ദി.....പിന്നെ ഒോണാശംസകളും..

 17. വേണു venu പറഞ്ഞു...

  നന്നായിരിക്കുന്നു മാഷേ,
  സരസമായി അവതരിപ്പിച്ചിരിക്കുന്നു.
  ഓണാശംസകള്‍.
  വേണു.

 18. Rasheed Chalil പറഞ്ഞു...

  ഓണാശംസകള്‍..

  അല്ലമാഷേ മുമ്പ് കമന്റിയവര്‍ക്ക് ഓണാശംസയില്ലേ...
  ഞാന്‍ എന്റെ കാര്യം പറഞ്ഞതല്ല. മൊത്തത്തില്‍ പറഞ്ഞതാ..(എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നുതോന്നുമോ)

 19. റീനി പറഞ്ഞു...

  കരീംമാഷേ, ഇത്ര കൊച്ചുവെളുപ്പാന്‍ കാലത്തേ എഴുന്നേറ്റോ? അലാറം വച്ച്‌ വെളുപ്പിനേ ബ്ലോഗുവാണോ?
  qw_er_ty

 20. റീനി പറഞ്ഞു...

  കരീംമാഷേ, പണിപ്പുരയിലാണോ?

 21. കരീം മാഷ്‌ പറഞ്ഞു...

  അതെ റിനീ തികച്ചും ആത്‌മാംശമുള്ള ഒരു കഥയുടെ അവസാന മിനുക്കു പണികളിലാണ്‌. ഇത്‌ പത്തു വട്ടം "നല്ലപാതി" തിരിച്ചയച്ചിരിക്കുന്നു. ഇതെന്റെ ഏറ്റവും നല്ലതായിരിക്കണം എന്നവള്‍ക്കു വാശിയുണ്ടത്രെ!.
  ഇതു വായിക്കുമ്പോള്‍ എല്ലാര്‍ക്കും എന്നോടു തോന്നുന്ന സ്‌നേഹവും അടുപ്പവും അവളോടാവുമോ എന്നാണിപ്പോ എന്റെ ശങ്ക.
  qw_er_ ty

 22. evuraan പറഞ്ഞു...

  qw_er_ ty എന്നടിച്ചിട്ടും വന്നതെന്താ എന്നൊരു നോട്ടത്തില്‍ നിന്നാണ് കരീം മാഷേ,

  er_ ഉം ty യ്ക്കും ഇടയിലൊരു ബ്ലാങ്ക് സ്പേസ് ഉണ്ടായതിനാലാ, ഇതിനെ suppress ചെയ്യാഞ്ഞത്.

  (ഫില്‍റ്റര്‍ പൊട്ടിയില്ല, ഹാവൂ, സമാധാനം..)

  അപ്പോള്‍ qw_ er_ ty എങ്ങിനെയാണെഴുതേണ്ടത് എന്നു മനസ്സിലായല്ലോ..!!

 23. കരീം മാഷ്‌ പറഞ്ഞു...

  നന്ദി എവൂരാന്‍, ഞാന്‍ ഈ കൊരട്ടി വള്ളി പൊട്ടി എന്റെ വള്ളിനിക്കര്‍ നടുറോട്ടില്‍ അഴിഞ്ഞു വീണതിന്റെ ജാള്യത്തിലായിരുന്നു. താഴെ വേറോന്നു കൂടിയുണ്ടായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഇനി കൊരട്ടി വള്ളി കൊണ്ടു നിക്കര്‍ നന്നായി കെട്ടിക്കോളാം. qwerty ഇത്ര സെന്‍സിറ്റീവാക്കണൊ? ആ ആറു അക്ഷരങ്ങള്‍ പോരെ? പോസ്‌റ്റുകളില്‍ അതു ഉപയോഗിക്കാനുള്ള ചാന്‍സ്‌ ഇല്ലല്ലോ! കീമാന്‍ ഉപയോഗിക്കുന്നവര്‍ അക്ഷരത്തെറ്റു കൂടുതല്‍ വരുത്തുന്നതു ഓണ്‍ലൈന്‍ ബദ്ധപ്പാടു കൊണ്ടാണ്‌. സന്ദര്‍ഭോചിതമായ സഹായങ്ങള്‍ക്കു നിറഞ്ഞ നന്ദിയുണ്ട്‌ എപ്പോഴും.

  എനിക്കു തെറ്റി എവൂരാന്‍ ഇതു പോസ്‌റ്റ്‌ ചെയ്യുന്നതിനു മുന്‍പ്‌ ഞാന്‍ അതു തിരിച്ചറിഞ്ഞു.(കൊരട്ടി സെന്‍സിറ്റീവായെ മതിയാവൂ) ഇല്ലങ്കില്‍ ഈ പോസ്‌റ്റ്‌ പിന്മൊഴിയില്‍ വരില്ല.

  (Bloging at home only so it make delay in reply sorry of delay)

 24. റീനി പറഞ്ഞു...

  മാഷെ, കൊരട്ടി മുറുക്കെ കെട്ടിക്കോണേ

 25. ഹേമ പറഞ്ഞു...

  (മോഹന്‍ലാലിന്‍റെ ദേവാസുരത്തിലെ ശബ് ദം):
  കരീം മാഷ് അല്ലേ.. ഇയാള് ഏതു സ്കൂളിലെതാ..
  ഒന്നു കാണണല്ലോ...റിനിയേ..അല്ല അബദ്ധം എന്‍റെ ഭാഗത്താച്ചാ.. ക്ഷമ പറയാം.
  24 കമന്‍റ്സ്... ഞാന്‍ ഒരു പാട് വൈകി ല്ലേ..
  (ഇന്നസെന്‍റിന്‍റെ ശബ് ദം):
  മാഷൊന്നുമല്ല..ഷാര്‍ജയില് കണക്കുത്തുകളൊക്കെ നടത്തുന്ന ഒരാളാ..പിന്നെ ഇടയ്ക്ക് എഴുതുന്നു മാത്രം..പിന്നെ ഒരു ഉണ്ണിയുണ്ട് .. കൂട്ടുകാരനാ.. പട്ടാളത്തിലാ..എവിടാ.. എന്താ‍ന്നൊന്നും അറിയില്ല. ഇപ്പൊ യുദ്ധമൊക്കെ കഴിഞ്ഞ് നാട്ടില്‍ വന്നിട്ടുണ്ട്. ഇന്നലെ ശിവന്‍റെ അമ്പലത്തില്‍ വച്ചൊരു നോട്ടം കണ്ടു. അസ്സലൊരു ഒരുപട്ടാളക്കാരന്‍.

  ഒരനുഭവമായ്ട്ടൊന്നും തോന്നിയില്ല. പിന്നെ നാട്ടില്‍ പോയി വന്ന ഒരു ഫീലിങ്സ് അത്രതന്നെ. ‘മധുര നാരങ്ങ’ നന്നായി.
  പിന്നെ ‘ഡിവോഴ്സ് വായിച്ചതില്‍ സന്തോഷം. എനിക്ക് വല്യ പരിചയമൊന്നും ഇല്ല എഴുത്തില്‍. ചുമ്മാ ട്രൈ ചെയ്തുന്ന് മാത്രം.

 26. കരീം മാഷ്‌ പറഞ്ഞു...

  സിമി കലക്കീര്‍ക്കുണു. ദേവാസുരം വീണ്ടും കണ്ട പ്രതീതി.
  ഫ്രണ്ട്സായീ,ഫ്രണ്ട്സായീ,ഫ്രണ്ട്സായീ...(ഇന്നച്ചന്‍ സ്‌റ്റൈള്ല്.
  പട്ടാളക്കരെ എനിക്കോരുപാടിഷ്ടാ...

 27. മുസാഫിര്‍ പറഞ്ഞു...

  മാഷെ,
  നാട്ടിലെ ഓരൊ ഗ്രാമങ്ങളും അങ്ങാടികളും നടന്നു കാണണമെന്നു ഒരു ആശയുണ്ടു മനസ്സില്‍.പ്രവാസ ജീവിതമവസാനിച്ചു കാശിക്കു പോകുന്നതിനു മുന്‍പു.മാഷിന്റെ നാടു മനസ്സിന്റെ ലിസ്റ്റില്‍ കുറിച്ചിടുന്നു.