വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2006

തേനീച്ചയും ഉറുമ്പുകളും

രുഭൂമിയുടെ കണ്ണെത്താദൂരത്തോളം ഫോര്‍ വീലറിനു മാത്രം പോകാന്‍ പറ്റുന്ന വിധം മോശമായ മണല്‍പ്പാത,
മാസത്തിലൊരിക്കല്‍ എനിക്കാവഴിയിലൂടെ പേകേണ്ടതുണ്ട്‌.
നഗരത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാണാദൂരത്തേക്കു മാറ്റി സ്ഥാപിച്ച കമ്പനിയുടെ അസ്ഫാള്‍ട്ട്‌ പ്ലാന്‍റ്റില്‍ റോ സ്റ്റോക്കെടുക്കാന്‍ എനിക്കവിടെ പോയേ മതിയാവൂ.
അങ്ങനെ മാസാവസാനം ഞാനങ്ങോട്ടു പുറപ്പെടുമ്പോള്‍ പുറത്തു നല്ല ചൂടായിരുന്നു.
എന്റെ വണ്ടിക്കു പുറകില്‍ ഒരാമ്പുലന്‍സ്‌ വളരെ പ്രയാസപ്പെട്ട്‌ വരുന്നതു ഞാന്‍ ശ്രദ്ധിച്ചു. ഈ വഴിയിലൂടെ ആമ്പുലന്‍സ്‌ വരുന്നതൊരല്‍ഭുതമായി. ഞാന്‍ സ്പീഡു കുറച്ചു അതിനു കടന്നു പോകാന്‍ ഇടമുണ്ടാക്കി കൊടുത്തു. പക്ഷെ ആമ്പുലന്‍സ്‌ ബ്രേക്ക്‌ ചവിട്ടി നിര്‍ത്തി ഡ്രൈവര്‍ ചോദിച്ചു
"സാര്‍ ഇദര്‍ കിദര്‍ ഏക്‌ കബര്‍സ്ഥാന്‍ ഹെ മാലൂം?".
ഞാന്‍ പറഞ്ഞു
"തോഡാ ആഗേ ജാവോ. ഉദര്‍ ഏക്‌ പേഠ്‌ ദേഖേ ഗാ ഇസ്കാ പാസ്‌ ഹെ".
ഞാനൂഹിച്ചു ഏതോ ഹതഭാഗ്യന്റെ ശരീരം അടക്കാന്‍ വന്നതാവൂം പോലീസ്‌ ഹോസ്പിറ്റലിന്റെ ആമ്പുലന്‍സ്‌.
കൂടെയിരിക്കുന്നയാള്‍ക്ക്‌ ഒരു മലയാളി മുഖം?. മറ്റൊരു മലയാളിയുടെ സ്വാഭാവിക കൗതുകം. ഒന്നു കൂടി നോക്കി ഉറപ്പു വരുത്താന്‍ ശ്രമിച്ചപ്പോഴേക്ക്‌ ഡ്രൈവര്‍ വണ്ടിയെടുത്തു. വെറുതെ തോന്നിയതാവുമെന്നു കരുതി. കാരണം അനാഥ ശവശരീരവും ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ കബന്‍ധങ്ങളും മാത്രം അടക്കുന്ന ഇവിടേക്ക്‌ മലയാളികളാരും തന്നെ അന്വേഷിച്ചു വരാറില്ല. ഞാനെന്റെ ജോലിയിലേക്കു ശ്രദ്ധ തിരിച്ചു.

അഗ്രിഗേറ്റിന്റെയും ബിറ്റുമിന്റെയും സ്റ്റോക്കു ചെക്കു ചെയ്തു മടങ്ങുമ്പോഴും ആമ്പുലന്‍സ്‌ തിരിച്ചു പോയിട്ടില്ല. ജിജ്ഞാസ അടക്കാന്‍ കഴിയാതെയായപ്പോള്‍ വണ്ടി ഖബറിസ്ഥാനിലേക്കോടിച്ചു. കുഴി എടുത്തു തീര്‍ന്നിരിക്കുന്നു. മൂന്നു പേരും ചേര്‍ന്ന്‌ ശവം എടുത്തു കുഴിയില്‍ വെക്കുകയും യാതൊരു മതാചാരങ്ങളും കൂടാതെ തന്നെ മണ്ണിട്ടു മൂടുകയുമാണ്‌. പണി തീര്‍ത്ത്‌ തിരിച്ചു പോകാന്‍ ധൃതികൂട്ടുന്ന ഡ്രൈവറെ ദയനീയമായി നോക്കുന്നയാളെ കുറിച്ചറിയാന്‍ ആഗ്രഹം തോന്നി. ഞാന്‍ അടുത്തു ചെന്നു ചോദിച്ചു

"മലയാളിയണോ.?"
"അതേ" എന്നയാള്‍ ആശ്വാസത്തോടെ പറഞ്ഞു. ഞാന്‍ പറഞ്ഞു.
"ആംമ്പുലന്‍സ്‌ പോയ്ക്കോട്ടേ നിങ്ങളെ ഞാന്‍ ഡ്രോപ്പു ചെയ്യാം"അയാള്‍ക്കു വളരെ ആശ്വാസമായി. പാക്കിസ്താനികൂലിക്ക്‌ കാശു കൊടുത്ത്‌ ഡ്രൈവറുടെ ചില പേപ്പറുകളില്‍ ഒപ്പിട്ടു കൊടുത്തു അവരെ പോകാനനുവദിച്ചു. കുഴിമാടത്തിനരികെ കുറച്ചുനേരം കുനിഞ്ഞു നിന്നയാള്‍ പ്രാര്‍ത്ഥിച്ചു. അവസാനം കണ്ണീരൊപ്പി വിടചൊല്ലി. കുഴിമാടത്തിലേക്കു അവസാനമായി ഒന്നു കൂടി തിരിഞ്ഞു നോക്കി അയാള്‍ വണ്ടിയില്‍ വന്നു കയറി. ഞാന്‍ അയാളുടെ അവസ്ഥ നന്നായി മനസിലാക്കി അയാള്‍ക്കൊരു ബോട്ടില്‍ തണുത്ത വെള്ളം കൊടുത്തു. അതു പാതി കുടിച്ചയാള്‍ നന്ദിയോടെ എന്റെ മുഖത്തേക്കു നോക്കി. അയാളെക്കുറിച്ചറിയാന്‍ എനിക്കു തിടുക്കമുണ്ടായിരുന്നങ്കിലും റിലാക്സ്‌ ചെയ്യാന്‍ ഞാന്‍ ആയാള്‍ക്ക്‌ കുറെ സമയം കൊടുത്തു അവസാനം രണ്ടും കല്‍പ്പിച്ച്‌ ഞാനയാളോട്‌ ചോദിച്ചു
"എനിങ്ങളുടെ ആരാണ്‌ മരിച്ചത്‌?".
"ആത്മഹത്യയായിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്‌ രവി. ഞാനായിട്ടാണ്‌ അവനെ ഇവിടെക്കു കൊണ്ടു വന്നതും ഇപ്പോള്‍ ഈ കൈ കൊണ്ടാണവനെ അടക്കം ചെയ്തതും". അയാള്‍ കരയാനുള്ള തുടക്കമായിരുന്നു.

ഞാന്‍ പന്നെ ഒന്നും ചോദിച്ചില്ല. അയാളെ അയാളുടെ വില്ലയില്‍ ഡ്രോപ്പു ചെയ്തപ്പോള്‍ രവിയുടെ ആത്മഹത്യയുടെ കാരണം അറിയാന്‍ പിന്നീടൊരു ദിവസം അവിടെ ചെല്ലണം എന്ന ഉദ്ദേശം ഉണ്ടായിരുന്നു. എനിക്കറിയേണ്ടതെന്തോ ഒന്ന്‌ ആ കണ്ണീരിലുണ്ടെന്ന ഒരു തോന്നല്‍.

പിറ്റേ വെള്ളിയാഴ്ച ഞാനയാളുടെ വില്ലയില്‍ ചെന്നപ്പോള്‍ ആയാളുടെ ദുഖത്തന്റെ കനം അല്‍പ്പം കുറഞ്ഞിട്ടുണ്ട്‌. ഏറെ നേരം അയാളുടെ മൗനത്തില്‍ ഞാന്‍ കൂടി പങ്കാളിയായപ്പോള്‍ എന്റെ കണ്ണുകള്‍ ചില്ലിട്ട ജാലകത്തിനപ്പുറത്തുള്ള ഉയരമില്ലാത്ത മരക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന ഒരു കൊച്ചു തേനീച്ചക്കൂട്ടിലായിരുന്നു.. കഴിഞ്ഞപ്രാവശ്യം ഇവിടെ വന്നപ്പോള്‍ ഈ തേനീച്ച കൂടെന്തേ എന്റെ ശ്രദ്ധയില്‍ പെടാതിരുന്നത്‌ എന്നു ഞാന്‍ വിസ്മയപ്പെട്ടു. ഓ അന്നിവിടെ ഒരു ചുറ്റുമതിലുണ്ടായിരുന്നല്ലോ അതൊക്കെ പൊളിച്ചു മാറ്റിയതെന്തിനാണാവോ? അതുപോയപ്പോഴാണ്‌ ഈ തേനീച്ചക്കുട്‌ നില്‍ക്കുന്നിടം ഇത്രക്കു തുറസായത്‌.
സ്കൂളില്‍ വെച്ചു തേനീച്ചകളെക്കുറിച്ചു പഠിച്ചതോര്‍ത്തു. തേനീച്ചക്കൂട്ടില്‍ റാണിയെക്കൂടാതെ മറ്റു രണ്ടു തരത്തിലുള്ള തേനീച്ചകളുണ്ടാവുമെത്രേ ആദ്യ വിഭാഗം അദ്ധ്വാനിച്ച്‌ കൂടു പണിയുകയും പൂവായ പൂവുകള്‍ തോറും കയറി കഷ്ടപ്പെട്ട്‌ പൂന്തേന്‍ ശേഖരിച്ച്‌ ക്ഷാമകാലത്ത്‌ സുഭിക്ഷമായ്‌ കഴിയാമെന്നു മോഹിക്കുന്ന അദ്ധ്വാനികളായ ജോലിക്കാര്‍. പിന്നെ മറ്റേ വിഭാഗം റാണിയുമായി ഇണചേരാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട മടിയന്‍മാര്‍.

കട്ടിലിനടിയിലെ ഒരു പെട്ടി വലിച്ചു നീക്കി അതു തുറന്നതിനകത്തെ സാധനങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തയാള്‍ കണക്കെടുക്കുകയായിരുന്നു.
"ഇന്ത്യന്‍ എംബസിയില്‍ നിന്ന്‌ ഒരു കത്തു വന്നിരിക്കുന്നു. മരിച്ചയാളുടെ ബാക്കിയുള്ള വിലപിടിപ്പുള്ളവയെക്കുറിച്ച്‌ ഉടനെ റിപ്പോര്‍ട്ട്‌ നല്‍കണമെത്രേ!.
"അധികമൊന്നുമില്ല വിവാഹത്തിന്നും മധുവിധുവിന്റെ നാളുകളിലും എടുത്ത ഫോട്ടോകള്‍ അടങ്ങിയ ഒരു ആല്‍ബവും ജ്യേഷ്മക്ക്‌ വേണ്ടി അവന്‍ സെലക്ട്‌ ചെയ്ത മുന്തിയ സാരികളും ചുരിദാറും പിന്നെ കുറേ കത്തുകളും. ഈ കത്തുകളും അവസാനമായി എനിക്കെഴുതിയ കത്തും പോലീസ്‌ കൊണ്ടുപോയിരുന്നു.. ലീഗല്‍ ട്രാന്‍സലേഷന്‍ ഡിപ്പാര്‍ട്ട്മൈന്റില്‍ നിന്ന്‌ ഈ കത്തിന്റെ റിസള്‍ട്ട്‌ വന്നിട്ടാണ്‌ എന്നെ പോലീസ്‌ റിലീസ്‌ ചെയ്തത്‌".ശരീരം നാട്ടിലേക്കു കൊണ്ടുപോകേണ്ടതില്ലന്നു കണിശമായി എഴുതിയ ആ കത്തിന്റെ മൂന്നു പകര്‍പ്പുകളാണ്‌ എംബസി ഉദ്യോഗസ്ഥന്‍ ഫയലില്‍ സൂക്ഷിക്കാനെടുത്തത്‌.
അയാള്‍ അറിയാവുന്നതും ഊഹിച്ചവയും ഇടകലര്‍ത്തി എന്നെ കേള്‍പ്പിക്കാന്‍ തയ്യാറായി. ഞാന്‍ കാതു കൂര്‍പ്പിച്ചു. അയാളുടെ വാക്കുകള്‍ക്കും വാചകങ്ങള്‍ക്കുമിടയില്‍ മുറിഞ്ഞു പോകാനിടയുള്ളവ സങ്കല്‍പ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്റെ മനസ്‌

"രവിക്ക്‌ ഞാനുമായുള്ള സൗഹൃദം കുഞ്ഞുനാളിലേ തുടങ്ങിയതതാണ്‌ എന്നാല്‍ ജ്യേഷ്മയുമായുള്ളത്‌ ബാംഗ്‌ളൂരിലെ സ്കൂള്‍ ഓഫ്‌ ആട്സില്‍ പഠിക്കുന്ന കാലത്തു ഇന്റര്‍നെറ്റ്‌ ചാറ്റിംഗ്‌ വഴി നേടിയതും. അവരുടെ പരസ്പര സ്നേഹം ആദ്യമൊക്കെ സൗന്ദര്യത്തോടു തോന്നുന്ന ആകര്‍ഷണമായിട്ടേ ഞാന്‍ കരുതിയുള്ളൂ . പിന്നീടതു പിരിയാന്‍ പറ്റാത്ത ബന്ധമായി വളര്‍ന്നപ്പോള്‍ ഒരു വെക്കേഷനു രവി ബാംഗ്ലൂരില്‍ നിന്നും അവളെയും കൂട്ടി തറവാട്ടില്‍ ചെന്നു കയറി. അച്ഛനും ഏട്ടന്‍മാരും ഈ ബന്ധം തറവാട്ടിനു ചേരില്ലന്നു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അമ്മ സ്നേഹത്തോടെ ഉപദേശിച്ചു. ഇത്രക്കും സൗന്ദര്യം കൂടിയ പുറം നാട്ടുകാരിയായ ഈ പെണ്ണിനെ മോനു വേണ്ട. മനസമാധാനത്തോടെ എന്റെ പൊന്നു മോനുറങ്ങാന്‍ കഴിയില്ല. രവിയില്‍ ഈ വാക്കുകളൊന്നും ഒരു ചലനവും ഉണ്ടാക്കിയില്ല. അവന്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കാത്തപ്പോള്‍ എല്ലാരും ചേര്‍ന്ന്‌ ഭീഷണിപ്പെടുത്തി. അവനും വാശിയായി. ആ വാശി അവനെ അവളോട്‌ കൂടുതല്‍ അടുപ്പിച്ചു.

"അവനു സുഹൃത്തായി ഞാന്‍ മാത്രമേയുള്ളൂ. ഞങ്ങള്‍ തമ്മിലാണങ്കിലോ വിശദീകരണത്തിന്നപ്പുറത്തുള്ള അടുപ്പവും. അതുകൊണ്ടാണു ജ്യേഷ്മയുമായുള്ള അവന്റെ പ്രണയം മുടക്കാന്‍ അവന്റെ ഏട്ടന്‍മാര്‍ എന്റെ വീട്ടില്‍ വന്നഭ്യര്‍ത്ഥിച്ചപ്പോള്‍ ഞാന്‍ വഴങ്ങാതിരുന്നതും അവസാനം എന്നെയും രവിയേയും ഒരു പാഠം പഠിപ്പിക്കുമെന്നവര്‍ ഭീഷണിപ്പെടുത്തി ഇറങ്ങിപ്പോയതും".

മമ്മിയുടെ മരണശേഷം ഒരു മാദാമയെ കെട്ടി സ്റ്റേറ്റ്സില്‍ സെറ്റിലായ പപ്പ അയയക്കുന്ന പണം കൊണ്ടു തന്നെ വളര്‍ത്തുന്ന ആന്റിക്ക്‌ ഒരു കത്തെഴുതി വെച്ച്‌ ഒരു ബ്രീഫ്കേസുമായി ഒലവക്കോട്‌ ട്രെയിനിറങ്ങി വന്ന ജ്യേഷ്മയേയും രവിയേയും തമ്മില്‍ കല്ല്യാണം നടത്തി വാടക വീടു തരമാക്കി രാത്രി ഞാന്‍ തനിച്ച്‌ എന്റെ വീട്ടിലേക്കു മടങ്ങുന്നേരം അവന്റെ ഏട്ടന്‍മാര്‍ എന്നോടു പകവീട്ടിയതും ഞാന്‍ ഒരാഴ്ച ആശുപത്രിയിലായതും എല്ലാം ഇന്നലെക്കഴിഞ്ഞപോലെ ഓര്‍ക്കുന്നു. വിസ വന്ന സമയമായതിനാല്‍ ഞാന്‍ പകരം വീട്ടാനൊന്നന്നും നിന്നില്ല.. ഹോസ്പിറ്റലില്‍ നിന്ന്‌ ഡിസ്ചാര്‍ജ്‌ ചെയ്തു പോരുന്നേരം ട്രാവല്‍സില്‍ കയറി ഷാര്‍ജയിലേക്കുള്ള ടിക്കറ്റും വാങ്ങി".

"ഗള്‍ഫില്‍ ഒരു വിധം സെറ്റിലായപ്പോള്‍ ആദ്യം ചിന്തിച്ചത്‌ രവിയെ എങ്ങനെയെങ്കിലും ഇക്കരെ കൊണ്ടു വരാനാണ്‌. നാട്ടിലെ അവന്റെ കഷ്ടപ്പാടുകളെക്കുറിച്ചും ഏട്ടന്‍മാരുടെ ഉപദ്രവങ്ങളെക്കുറിച്ചും വായിച്ച്‌ എനിക്കു വല്ലാത്ത വിഷമം തോന്നി. അച്ഛന്‍ മരിക്കുന്നതിന്നു മുമ്പ്‌ സ്വത്തൊക്കെ ഏട്ടന്‍മാര്‍ സ്വ്വന്തം പേരിലെഴുതി വാങ്ങിച്ചു സ്കൂള്‍ ഓഫ്‌ ആട്സിലെ ജീനിയസ്‌ എന്ന്‌ പ്രൊഫസര്‍ വിശേഷിപ്പിച്ച രവി ജ്യേഷ്മയെ പട്ടിണിക്കിടാതിരിക്കാന്‍ ഹൗസ്‌ പെയ്ന്റിംഗിന്‌ വരെ പോയി"."എന്റെ കമ്പനിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറുടെ ആവശ്യം വന്നപ്പോള്‍ ഞാന്‍ കൊടുത്ത അവന്റെ പാസ്പോര്‍ട്ട്‌ കോപ്പി അപ്രൂവലായി അവനുള്ള വിസകിട്ടി ടിക്കറ്റിനുള്ള പൈസ കൂടി വിസയുടെ കൂടെ ചെന്നപ്പോള്‍ ഒരു മാസത്തിനകം രവി എന്നെപ്പോലെ തന്നെ പ്രവാസിയായി".

"കണ്‍സ്ട്രക്ഷന്‍ കൊണ്ടും സ്ട്രക്ചര്‍ കൊണ്ടും വളരെ മോശം എന്ന്‌ ചീത്തപ്പേരു കേള്‍പ്പിച്ച്‌ ഹാന്റ്‌ ഓവറാകാതെ കിടന്നിരുന്ന കോര്‍ണീഷിന്നടുത്തുള്ള ഒരു വില്ലക്ക്‌ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനിംഗു വഴി മോടി കൂട്ടി പെയ്ന്റിംഗ്‌ റീഡിസൈന്‍ ചെയ്ത്‌ ഓണറെ പരിപൂര്‍ണ്ണ സംതൃപ്തനാക്കി കമ്പനിക്ക്‌ കാശു മുഴുവന്‍ വാങ്ങിച്ചു കൊടുത്തപ്പോള്‍ ഞങ്ങളുടെ അറബാബും രവിയെ വിളിച്ചത്‌ ജീനിയസ്‌ എന്നാണ്‌. അവനെ ഡിസൈനിംഗ്‌ എഞ്ചിനീയറാക്കി പ്രമോട്ടു ചെയ്തു അവെ‍ന്‍ ശബളം ഇരട്ടിയാക്കി".

"രവി നന്നായ്‌ സമ്പാദിച്ചു നന്നേ കുറച്ചു ചെലവഴിച്ചു ഒന്നായി നാട്ടിലയച്ചു കുറച്ചു കാലം കൊണ്ട്‌ കഠിനാദ്ധ്വാനം ചെയ്ത്‌ ഒരുപാടു കാശുണ്ടാക്കി നാട്ടില്‍ സെറ്റിലായി ജ്യേഷ്മയുമൊത്തൊരു സുഖജീവിതമായിരുന്നു രവിയൂടെ ജീവിതലക്ഷ്യം".രവി ഒരു കംപ്യൂട്ടര്‍ വാങ്ങിച്ചു. അവന്‍ ഇന്റര്‍നെറ്റു വഴി അവന്റെ ഫീല്‍ഡിലെ അറിവു അപ്ഡേറ്റു ചെയ്തു കൊണ്ടേയിരുന്നു. അവന്റെ അറിവും കഴിവും പരമാവധി ഉപയോഗിച്ചവന്‍ പണമുണ്ടാക്കികൊണ്ടിരുന്നു.

പാലക്കാടു ടൗണിലൊരു വീടും പുരയിടവും ജീസി കോംപ്ലക്സിന്റെ ഫസ്റ്റ്‌ ഫ്ലോറില്‍ ഒരു ഷോപ്പിംഗ്‌ റൂമുമായിരുന്നു അവന്റെ സ്വപ്നം.പാലക്കാട്‌ ടൗണിലെ പ്രോപ്പര്‍ട്ടി സെയിലിനെ കുറിച്ച്‌ അറിയാന്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ചു ചെയ്തപ്പോഴാണ്‌ അവന്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്മീഷന്‍ ഏജന്റ്‌ ഒരു മിസ്റ്റര്‍ മനോഹരന്റെ ഈമെയില്‍ അഡ്രസു കിട്ടിയത്‌.വീടും പുരയിടവും അന്വേഷിച്ചുകൊണ്ടെഴുതിയ മെയിലിനു മനോഹരന്‍ മാന്യമായ മറുപടി അയച്ചു.

.ടൗണില്‍ ഇരുപത്തഞ്ചു സെന്റു സ്ഥലവും അതിലൊരു നല്ല വീടും ചുളുവിലക്കു കിട്ടുമെന്നും അതിനടുത്തായി ഉടനെ ഒരു ലെതര്‍ പ്രൊഡക്ടറ്റ്‌ പ്രോസസിംഗ്‌ യൂണിറ്റ്‌ തുടങ്ങാന്‍ ഒരു എന്‍.ആര്‍.ഐ ജിമ്മിലൂടെ കരാറാക്കിയെന്നു കേട്ടപ്പോള്‍ ആ വീട്ടില്‍ താമസിച്ചിരുന്ന ഒരു പാവം ബ്രാമണന്‍ പൊല്ലാപ്പിനൊന്നും നില്‍ക്കാതെ കിട്ടുന്ന കാശിന്നു വീടും സ്ഥലവും ആര്‍ക്കെങ്കിലും കൊടുത്തു ചെര്‍പ്പുളശേരിയിലെ തറവാടു സ്ഥലത്തേക്കു മടങ്ങിപ്പോകാനിരിക്കയാണെന്നും ലെതര്‍ ഫാക്ടറി തുടങ്ങാനുള്ള സാധ്യതയില്ലന്നും ഇനി അഥവാ തുടങ്ങിയാല്‍ തന്നെ അതു പൂട്ടിക്കുന്ന കാര്യം എനിക്കു വിട്ടു തന്നാല്‍ മതിയെന്നും മനോഹരന്‍ മെയിലയച്ചു. രവി കുടുതലൊന്നും ചിന്തിച്ചില്ല. മെയിലില്‍ സൂചിപ്പിച്ച ഏരിയ ഏറെ പരിചയമുള്ളതാണ്‌. മറ്റാരെങ്കിലും കൈവശപ്പെടുത്തുന്നതിന്നു മുമ്പതു സ്വന്തമാക്കണം

മനോഹരനുമായുള്ള ഇടപാടുകള്‍ക്കു ജ്യേഷ്മക്കു പച്ചക്കൊടി കാട്ടിയത്‌ രവി ഒത്തിരി ആലോചിച്ചു തന്നെയാണ്‌. അതല്ലാതെ അയാള്‍ക്കു വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. സ്ഥലം വാങ്ങാനും അവളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനും മനോഹരനുമായി പുറത്തുപോകാന്‍ ജ്യേഷ്മയെ രവിക്ക്‌ വളരെ നിര്‍ബന്ധിക്കേണ്ടി വന്നു. ആദ്യ ദിവസങ്ങളില്‍ ജ്യേഷ്മ മനോഹരനെക്കുറിച്ച്‌ ആശങ്കയോടെ സംസാരിച്ചെങ്കിലും പിന്നീട്‌ അവളൊരു പരാതിയും പറഞ്ഞില്ല. അപ്പോള്‍ രവി ആശ്വസിച്ചു.

രവിയുടെ സ്വപ്നങ്ങള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ പോലെ ആയിത്തീര്‍ന്നത്‌ വളരെ പെട്ടന്നാണ്‌. അവന്‍ അതു തിരിച്ചറിഞ്ഞതു വളരെ വൈകിയും.ഒരു കല്ല്യാണ സിഡി കോപ്പി ചെയ്യാന്‍ വന്ന സിബിയിലൂടെയാണ്‌ ഞാന്‍ യാദൃശ്ചികമായി ജ്യേഷ്മയുടെ വഴിതെറ്റലിന്റെ കഥയറിയുന്നത്‌. ഞാന്‍ സിഡി ഇരട്ടിപ്പിക്കുന്നതിനിടയില്‍ സിബി അവിടെ കിടന്ന രവിയുടെ വിവാഹ ആല്‍ബം മറിച്ചു നോക്കുകയായിരുന്നു.. ജ്യേഷ്മയുടെ ക്ലോസപ്പിലെ ഒരു ഫോട്ടോയില്‍ നോക്കി അവന്‍ പെട്ടന്ന്‌ ചിന്താമഗ്നനായി. ആ മുഖം അവന്‍ എവിടെയോ കണ്ടപോലെ. ഏതായാലും ഒന്നും പറയാതെ സിബി പെട്ടന്നു പോയി.പിറ്റേന്ന്‌ രവി ഇല്ലെന്നുറപ്പു വരുത്തി അവന്‍ ഒരു വെബ്‌ സൈറ്റ്‌ ബ്രൗസു ചെയ്യണമെന്നു പറഞ്ഞു. അഡ്രസു കേട്ടപ്പോഴെ ഞാന്‍ വിലക്കി. അപ്പോള്‍ അവന്‍ സ്വകാര്യമായി ഒരു ചിത്രം എന്നെ കാണിച്ചു ശരീരാവയവങ്ങള്‍ മുഴുവന്‍ എക്സ്പോസ്‌ ചെയ്ത ഒരു പെണ്ണിന്റെ ചിത്രം. ആ ഫോട്ടോവില്‍ തന്നെ വെബ്‌ അഡ്രസും ഉണ്ട്‌. മുഖത്തേക്കൊന്നേ നോക്കിയുള്ളൂ കോപം നിയന്ത്രിക്കാനായില്ല. ഒറ്റച്ചവിട്ട്‌. സിബിയും കസേരയും മുറിയുടെ മറ്റേ അറ്റത്തെ മൂലയില്‍. ചോര ഒലിക്കുന്ന ചുണ്ട്‌ അമര്‍ത്തിപ്പിടിച്ച്‌ സിബി എണീറ്റു. പേടിച്ചു കൊണ്ടവന്‍ പറഞ്ഞു. സത്യമായും ഞാനൊന്നും ചെയ്തിട്ടില്ല. ഞാന്‍ നിന്നെ കാണിക്കാന്‍ നെറ്റില്‍ നിന്നും പ്രിന്റ്‌ ചെയ്യുക മാത്രമേ ചെയ്തുള്ളൂ സംശയമുണ്ടങ്കില്‍ നെറ്റിലെ ആ സൈറ്റ്‌ ഒന്ന്‌ ബ്രൗസ്‌ ചെയ്്തു നോക്കൂ. ഇന്നലെ കല്ല്യാണആല്‍ബം നോക്കിയപ്പോള്‍ ഈ ചിത്രം മുമ്പു എവിടെയോ കണ്ടതോര്‍മ്മ വന്നു.അവന്‍ പറഞ്ഞ വെബ്സൈറ്റില്‍ കയറാന്‍ ഇന്റര്‍നെറ്റ്‌ സെറ്റിംഗ്‌ എല്ലം മാറ്റി എമിറേറ്റ്സ്‌ റസ്ട്രിക്ഷന്‍ കുറുക്കുവഴിയിലൂടെ നീക്കി. പല എസ്കോര്‍ട്ടു സുന്ദരികളുടെയും ഫോട്ടോ കണ്ടു. എല്ലാം മലയാളി പെണ്‍കുട്ടികള്‍. പണക്കാരായ കക്ഷികളുടെ കൂടെ ഒരാഴ്ചയോ അധിലധികമോ കാലം ഗൈഡായും അതിനപ്പുറവും ഇടപഴകാന്‍ തയ്യാറായ മോഡേണ്‍ ഫ്രീക്ക്‌ ഔട്ട്‌ മൂഡുള്ള മലയാളി പെണ്‍കുട്ടികള്‍. അതില്‍ ഏറ്റവും സൗന്ദര്യമുള്ളതും ഏറ്റവും ആളുകള്‍ ഡബിള്‍ ക്ലിക്ക്‌ ചെയ്ത ചിത്രവും ജ്യേഷ്മയുടേതു തന്നെ. ഫേട്ടോകളെല്ലാം പ്രെഫഷണല്‍ ടച്ചുള്ളവ. ലൈറ്റ്‌ ആന്റ്‌ ഷേഡിന്റെ പെര്‍ഫക്ട്‌ കോംപിനേഷന്‍. മോര്‍ഫിംഗാകണേ എന്നാഗ്രഹിച്ചു പലരീതിയില്‍ ചെക്കു ചെയ്തു. അല്ലെന്നു വ്യക്തമായി എല്ലാം മിനിറ്റുകളോളം പോസുചെയ്ത്‌ പെര്‍ഫക്ടാക്കിയെടുത്തത്‌. സ്വബോധത്തോടെയും സമ്മതത്തോടെയും എടുത്തതെന്നു വ്യക്തം. വിശ്വസിക്കാനായില്ല. ഞങ്ങടെ കൂടെ മൂന്നു വര്‍ഷം ഫൈനാട്സിനു പഠിക്കുകയും രവിയുടെ വിശ്വസ്ത ഭാര്യയായി ഞങ്ങളെ അസൂയാലുക്കളാക്കി നിഷ്കളങ്കയെന്നു ഞങ്ങള്‍ വിശ്വസിച്ച അവളുടെ നികൃഷ്ടമായ ഈ മറ്റൊരു മുഖം എന്റെ ഉള്ളില്‍ ആഴത്തിലുള്ള ആത്മനിന്ദയുണര്‍ത്തി.

ഇതൊന്നുമറിയാത്ത രവിയിലെ ഭര്‍ത്താവിനെ ഓര്‍ത്തപ്പോള്‍ ഞാന്‍ സങ്കടം കൊണ്ട്‌ നീറി.കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ നാട്ടിലെ എന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ഏല്‍പ്പിച്ചു. അന്നു രാത്രി എനിക്കുറങ്ങാന്‍ ഞാന്‍ കഴിക്കുന്ന ഉറക്കഗുളികയുടെ എണ്ണം കുട്ടേണ്ടി വന്നു.

പിറ്റേന്ന്‌ സുഹൃത്തിനെ വിളിച്ചപ്പോള്‍ കാര്യങ്ങളേതാണ്ടു വ്യക്തമായി. ടൗണിലെ ആ വീട്ടിന്റെ ഉയരമുള്ള മതില്‍ക്കെട്ടിനും വലിയ ഗേറ്റിനും ഉള്ളിലാരാണ്‌ താമസിക്കുന്നതെന്നുപോലും ആര്‍ക്കുമറിയില്ല. വല്ലപ്പോഴും കാറുകള്‍ കയറാനും ഇറങ്ങാനുമല്ലാതെ ആ ഗേറ്റ്‌ തുറക്കാറില്ലത്രേ.. ഏതോ വലിയ നിലയിലുള്ള ഒരു സ്ത്രീ ആണ്‌ അവിടെ താമസമെന്ന്‌ അയല്‍വശത്തെ ഒരു തള്ള പറഞ്ഞത്രേ. ചിലപ്പോള്‍ നാലും അഞ്ചും ദിവസത്തെ പത്രങ്ങള്‍ മഴ നനഞ്ഞ്‌ ഗേറ്റിനടിയില്‍ കിടക്കുന്നതു കാണുമ്പോള്‍ ആ വീട്ടില്‍ കുറച്ചു കാലമായി ആരുമില്ലന്നു മനസിലാവും.റിയല്‍ എസ്റ്റേറ്റ്‌ കമ്മീഷന്‍ ഏജന്റ്‌ മനോഹരന്റെ കൂടെ അവളെ കണ്ടവരുണ്ട്‌. ഏല്ലാരും ചെയ്യാന്‍ പേടിക്കുകയും അറക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്തു കൊടുത്ത്‌ അയാള്‍ക്കു തോന്നിയത്‌ ചോദിച്ച്‌ വാങ്ങുകയാണ്‌ അയാളുടെ തൊഴിലിന്റെ രീതി. രജിസ്ട്രേഷനും വീടുമാറ്റവും കഴിഞ്ഞതോടെ മനോഹരന്‍ ജ്യേഷ്മയുമായി ഏറെ അടുത്തു. അവരു തമ്മില്‍ പങ്കുവെക്കാനൊന്നുമില്ലാതായി. മനോഹരന്‍ ജ്യേഷ്മയെ ആദ്യം കാമകണ്ണുകൊണ്ടും പിന്നീട്‌ കച്ചവടക്കണ്ണുകൊണ്ടും നോക്കി കണ്ടു. അവന്‍ ജ്യേഷ്മയെ പല ഉന്നതര്‍ക്കും പരിചയപ്പെടുത്തി. അവള്‍ സമ്പന്നതയുടെയും ആഢംബരത്തിന്റെയും രുചിയറിഞ്ഞു. തലസ്ഥാനത്തെ പേപ്പര്‍ വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ ജ്യേഷ്മ മനോഹരനുവേണ്ടി ഓവര്‍ടൈം ചെയ്തു. ടൗണിലെ ഒറ്റപ്പെട്ട ജീവിതവും ധാരാളം പണവും ചോദിക്കാനും പറയാനും തെറ്റും ശരിയും മനസിലാക്കി കൊടുക്കാനും ആരുമില്ലാത്ത അവസ്ഥയും അവളെ തെറ്റിന്റെ മാര്‍ഗത്തിലൂടെ ഏറെ ദൂരം കൊണ്ടു പോയി.

മനോഹരന്‍ ജ്യേഷ്മയെ ഫ്രീക്ക്‌ ഔട്ടാവുന്നതിന്റെ പരിഷ്കാരത്തെ കുറിച്ച്‌ മസ്തിഷ്ക പ്രക്ഷാളനം നടത്തുക വഴിഒരു തെറ്റു ചെയ്യുന്ന ഭാവം നഷ്ടപ്പെട്ട്‌ ആധുനീകതയുടെ ഉയരങ്ങളിലേക്കെത്താനുള്ള ശ്രമത്തിലേക്കവള്‍ വഴുതിപ്പോയി

രവിക്ക്‌ ഒരു സൂചനപോലും കിട്ടാതിരിക്കാന്‍ ഞാന്‍ കംപ്യൂട്ടറിലെ സെറ്റിംഗുകളെല്ലാം പഴയ പടിയാക്കി ഇന്റര്‍നെറ്റ്‌ ബ്രൗസിംഗ്‌ ഹിസ്റ്ററിയും താല്‍ക്കാലിക ഫയലുകളും ഡിലിറ്റു ചെയ്തു. സിബി കൊണ്ടുവന്ന പ്രിന്റ്‌ എന്റെ പെട്ടിയില്‍ ഇട്ട്‌ പൂട്ടി. ഒരാത്മാര്‍ത്ഥ സുഹൃത്തെന്ന നിലയില്‍ എന്താണുടനെ ചെയ്യേണ്ടതെന്ന സ്വയം ചോദ്യത്തിനുത്തരം കണ്ടത്താനെനിക്കു കഴിയാതിരുന്നപ്പോള്‍ എനിക്കെന്നൊടു തന്നെ പുച്ഛം തോന്നി.

ജ്യേഷ്മയിലെ മാറ്റങ്ങളൊന്നുമറിയാതെ രവി അപ്പോഴും സ്വപ്നലോകത്തു തന്നെയായിരുന്നു. കിടക്കയില്‍ കിടന്നു കൊണ്ടുള്ള അവന്റെ പുലര്‍ക്കാലത്തെ പുറുപുറുക്കല്‍ കേട്ടുണര്‍ന്നപ്പോഴൊക്കെ ഞാനൂഹിച്ചിരുന്നത്‌ അവന്‍ ഉറക്കത്തില്‍ പിച്ചും പേയും പറയുകയാണെന്നാണ്‌ പിന്നെപ്പിന്നെയാണ്‌ അതവളോടു ഫോണില്‍ സംസാരിക്കുകയാണെന്നന്നു മനസിലായത്‌ രവിയുടെ കാളുകള്‍ക്കു സെല്ലുലറിലൂടെ ഉത്തരം നല്‍കുക മാത്രമായിരുന്നു രവിക്കു വേണ്ടി അവള്‍ക്കു ചെയ്യേണ്ടിയിരുന്നത്‌.അവള്‍ മറുപടി നല്‍കുന്നത്‌ വിവിധ കിടപ്പറകളില്‍ നിന്നാണെന്നു മനസിലാക്കാനവനായില്ല. അവളുടെ സംഭാഷണങ്ങള്‍ ഒരു പ്രൊഫഷണല്‍ കാള്‍ഗേളിന്റെ നിലവാരത്തിലേക്കു താഴുന്നത്‌ തിരിച്ചറിയാന്‍ അയാള്‍ക്കു കഴിയാതിരുന്നത്‌ അയാളുടെ ശാപം. വീടും പുരയിടവും അന്വേഷിച്ചുകൊണ്ടു മനോഹരനയച്ച ആ ഈമെയില്‍ രവിയുടെ നാശത്തിന്റെ തുടക്കമായതവനറിഞ്ഞില്ല. തന്റെ കംപ്യൂട്ടറില്‍ നിരോധിക്കപെട്ട സൈറ്റുകള്‍ ബ്ലോക്കു ചെയ്തതിനാല്‍ മനോഹരന്റെ മറ്റു പ്രവര്‍ത്തനമേഖലകള്‍ അടങ്ങിയ വെബ്സൈറ്റുകള്‍ രവി കണ്ടില്ല. അതായിരുന്നു അയാളുടെ വിധി.

രവിയെ നാട്ടില്‍ പറഞ്ഞയക്കേണ്ടത്‌ അത്യാവശ്യമാണെന്നെനിക്കു തോന്നി. ഇക്കാര്യം രവിയോടു സൂചിപ്പിച്ചു. അവനൊന്നും മനസിലായില്ല. അവന്‍ എന്നെ സംശയിച്ചു. അവന്റെ വളര്‍ച്ചയില്‍ അസൂയമൂത്താണ്‌ ഞാനവനെ ഇന്റരപ്ട്‌ ചെയ്യുന്നതെന്നവന്‍ തെറ്റിദ്ധരിച്ചു എനിക്കു സത്യം പറയാനാകുമായിരുന്നില്ലല്ലോ. ഞാന്‍ നിസഹായനായി. അവനെ എങ്ങനെയെങ്കിലും നാട്ടിലയക്കേണ്ടത്‌ എന്റെ കടമയാണെന്നെനിക്കു തോന്നി. ഞാന്‍ പിറ്റേന്ന്‌ അറബാബിനെ കണ്ട്‌ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അദ്ദേഹത്തിനു കാര്യത്തിന്റെ ഗൗരവം മനസിലായി. ലോംഗ്‌ ലീവിന്‌ അനുമതിയായി. രവിക്കുള്ള ടിക്കറ്റും കൊണ്ട്‌ ഞാന്‍ റൂമില്‍ വന്നു കയറുമ്പോള്‍ രവി കയ്യില്‍ ലീവ്‌ മെമ്മോയും പിടിച്ചു കലിതുള്ളി നില്‍ക്കുന്നു. എന്റെ കഴുത്തില്‍ പിടിച്ച്‌ അലറി.

"ദുഷ്ടാ ഇതിനാണോ നീ എന്നെ കൊണ്ടു വന്നത്‌?".

എനിക്ക്‌ അസൂയയാണെന്നും മുതലാളിയോട്‌ പറഞ്ഞ്‌ അവനെ ലോംഗ്‌ ലീവിലയക്കാനുള്ള എന്റെ പാരക്ക്‌ മറുപടി തരുന്നതെന്റെ കയ്യു കൊണ്ടാണ്‌ എന്നു പറഞ്ഞെന്നെന്റെ നേര്‍ക്കു തിരിഞ്ഞു. കുറച്ചടിയൊക്കെ ഞാന്‍ തടുത്തു. മേലും മനസും നൊന്തപ്പോള്‍ അറിയിതെ വിളിച്ചു പറഞ്ഞു.

"എനിക്കു വേണ്ടിട്ടല്ലടാ നിന്നെ നാട്ടില്‍ വിടുന്നത്‌. പെഴച്ചുപോയ നിന്റെ പെണ്ണിനെ നന്നാക്കാന്‍ ഇനിയെങ്കിലും ഒരവസരം നിനക്കു കിട്ടട്ടേ എന്നു കരുതിയാണ്‌". "വിശ്വാസമാകുന്നില്ലങ്കില്‍ ഈ ഫോട്ടോയിലെ പെണ്ണേതാണെന്ന്‌ സൂക്ഷിച്ചു നോക്ക്‌?. അല്ലങ്കില്‍ ഈ വെബ്‌ സൈറ്റില്‍ കയറി ഒന്ന്‌ ചെക്ക്‌ ചെയ്യ്‌?."
പെട്ടിയില്‍ വെച്ച്‌ പൂട്ടിയിരുന്ന ഫോട്ടോ എടുത്തവന്റെ മുമ്പിലിട്ടു. ഇതൊക്കെ കേട്ട്‌ അന്തം വിട്ടു നില്‍ക്കുന്ന രവിയുടെ മുഖത്തേക്കു നോക്കാന്‍ കെല്‍പ്പില്ലാതെ ഞാന്‍ മുറി വിട്ടു പുറത്തു കടന്നു.അന്നു രാത്രി ഞാന്‍ സിബിയുടെ റൂമിലാണ്‌ കിടന്നത്‌ അതായിരുന്ന ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്‌. കൂടാതെ ലോക്കു ചെയ്യാതെ ഇട്ടുപോന്ന എന്റെ പെട്ടിയിലെ ഉറക്കു ഗുളികകളും.

പുലര്‍ച്ചെ ഓഫീസിലേക്കു പോകാന്‍ റൂമിലെത്തിപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ രവിയെ കണ്ടു. താഴെക്കിടക്കുന്ന അവന്റെ മൊബെയിലിലെ കൂടുതല്‍ കാള്‍ ദൈര്‍ഘ്യം കുടിയ നമ്പര്‍ ജ്യേഷ്മയുടേതും ഏറ്റവും അവസാനമായി വിളിച്ച നമ്പര്‍ രവിയുടെ ഏട്ടന്‍മാര്‍ അമ്മയെ പാര്‍പ്പിച്ചിരിക്കുന്ന വൃദ്ധസദനത്തിന്റെതും ആണെന്നു പോലീസിനുവേണ്ടി ഞാന്‍ തിരിച്ചറിഞ്ഞു.അതുകൊണ്ട്‌ എനിക്ക്‌ രവിയുടെ മരണവാര്‍ത്ത വൃദ്ധസദനത്തിലും ജ്യേഷ്മയുടെ സെല്ലുലറിലും വിളിച്ചു പറയേണ്ടി വന്നില്ല.അയാള്‍ പറച്ചിലിന്ന്‌ വിരാമമിട്ടു. ഞാന്‍ അയാളടെ മുഖത്തേക്കുള്ള നോട്ടത്തിനും.

പുറത്ത്‌ ചൂടു കാറ്റടിക്കാന്‍ തുടങ്ങിയതെപ്പോഴാണ്‌. ഒന്നുമറിഞ്ഞില്ല. കാറ്റു വളരെ ശക്തമായിരുന്നു. മരക്കൊമ്പിലെ തേനീച്ചക്കൂടവിടെ ഇല്ല. താഴെ ചില അവശിഷ്ടങ്ങള്‍ ബാക്കിയുണ്ട്‌. എന്റെ നോട്ടം കണ്ടയാള്‍ പറഞ്ഞു.

"ചുറ്റുമതില്‍ പൊളിച്ചുമാറ്റിയ നാള്‍ മുതല്‍ ഈ ചൂടുകാറ്റിന്റെ നേരിട്ടുള്ള ആക്രമണവും തേനീച്ചക്കൂടിന്റെ തകര്‍ച്ചയും മുന്‍കൂട്ടി കാണേണ്ടതായിരുന്നു".ഗ്ലോബലൈസേഷനുവേണ്ടി ധാര്‍മ്മികതയുടെ ചുറ്റുമതില്‍ പൊളിച്ചു നീക്കിയപ്പോള്‍ സെക്സ്‌ ടുറിസത്തിന്റെ ചുടുകാറ്റു വീശുന്ന ദൈവത്തിന്റെ സ്വന്തം നാടൊരു വേദനയായി മാറി. കെട്ടുറപ്പുണ്ടായിരുന്ന കുടുംബ ബന്ധങ്ങള്‍ തകര്‍ന്നടിയുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ നമ്മുടെ സ്വീകരണമുറികളിലത്തിക്കാന്‍ പരസ്പരം മത്സരിക്കുന്നു"

എന്റെ മനസു മരവിച്ചിരുന്നു.പ്രതികൂല സാഹചര്യം വന്നപ്പോള്‍ പുതിയ സഥലം അന്വേഷിച്ചു പോയ റാണിയും പരിവാരങ്ങളും അന്നമന്വേഷിച്ചുപോയ ജോലിക്കാരായ തേനീച്ചകളെ തെരക്കിയില്ല. അവര്‍ക്കുവേണ്ടി ആരും കാത്തിരുന്നില്ല. അവര്‍ തിരിച്ചു വന്നപ്പോള്‍ തകര്‍ന്നു പോയ കൂട്ടിനകത്തുനിന്നും തേന്‍ കട്ടെടുക്കാനെത്തിയ കട്ടുറുമ്പുകളെ കണ്ട്‌ പകച്ചു നിന്നുഅപ്പോള്‍ ഞാന്‍ നെടുവീര്‍പ്പിട്ടു
http://tkkareem.blogspot.com/