ഞായറാഴ്‌ച, ഒക്‌ടോബർ 08, 2006

മുംതാസിത്ത ബ്ലോഗു വായിക്കുന്നു

കഴിഞ്ഞ വ്യാഴാഴ്ച്ച ഞാന്‍ നോമ്പു തുറക്കാന്‍ ഒരു ഫാമിലി ഫ്രന്‍ഡിന്റെ വീട്ടിലായിരുന്നു.
പതിനാലു വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച ഏക മരുന്നു രണ്ടാളും കൂടെ താമസിക്കുക എന്നതായതിനാല്‍ അറബിക്കു കാശുകൊടുത്ത്‌ ഫാമിലി വിസ എടുത്തതാണ്‌ മുനീറിക്ക.
വന്നതിന്റെ എട്ടാം മാസം മുംതാസിത്താന്റെ വയറ്റിനകത്തു മുനീരിക്കാന്റെ കുഞ്ഞിന്റെ ഒരു ചവിട്ടുകിട്ടി.

രണ്ടാളും വലിയ ഖുഷിയിലാണ്‌. ആ സന്തോഷം പങ്കിടാനും കൂടിയാണ്‌ ഈ സല്‍ക്കാരം.
മുനിറിക്ക എന്നോടു ചോദിച്ചു.

" അല്ലാ! ഫാമിലി നാട്ടില്‍ വിട്ടതിന്നു ശേഷം നോമ്പു തുറയും,അത്താഴവുമൊക്കെ ഇപ്പോ എങ്ങനെയാ?"
"ഫാമിലി ഇല്ലാതായാല്‍ വലിയ പാടല്ലെ?"

ഞാന്‍ പറഞ്ഞു
“മുനീറിക്ക G.C.Cയില്‍ വെറും 19% മാത്രമാണ്‌ ഫാമിലിയായി കഴിയുന്ന മലയാളികള്‍, ഞാനിപ്പോ ബാക്കി 81%ന്റെ കുടെയാണ്‌ മുനീരിക്ക 8 മാസത്തിന്നു മുന്‍പത്തെ ജീവിതം ഇത്ര വേഗം മറന്നോ?.
പിന്നെ നോമ്പിനു നല്ല സുഖമാണ്‌ ഡ്യൂട്ടി നേരത്തെയുള്ളതിന്റെ മൂന്നില്‍ രണ്ടു സമയം.
നോമ്പു തുറക്കാന്‍ മര്‍ഹും ഷേക്കു സായിദിന്റെ ഓര്‍മ്മക്കായി യു.ഏ.ഇ മുഴുവന്‍ ഇപ്പോള്‍ ഇഫ്‌ത്താര്‍ ടെന്‍ടുകള്‍ ഉണ്ട്‌. അവിടന്നു ഒരു പാക്കറ്റു എന്നും റൂമിലെത്തും.
അത്താഴത്തിനു ഹോട്ടല്‍ തന്നെ രക്ഷ.

അതെന്താ നിനക്കു ഭക്ഷണമുണ്ടാക്കിയാല്‍?
ഇപ്പോള്‍ വലിയ പണിയാണിക്കാ!.
ഓഫീസിലെ പണികഴിഞ്ഞു ബ്ലോഗെഴുതണം,വായിക്കണം,അതിനു തര്‍ക്കിക്കണം.പരിഭവം കേള്‍ക്കണം.ഒരു മുട്ട പുഴുങ്ങുന്നതു പോലും ഇപ്പോ വിക്കി,വിക്കിയാ..!

“അതെന്നാ പണിയാ! പണ്ടു നീ ഇലക്‌ഷന്‍ കാലത്തു എല്ലാ പാര്‍ട്ടിക്കും കൂലിക്കു ബോര്‍ഡും ബാനറും എഴുതീന പോലെയാണോ?.
ഓവര്‍ റ്റൈം കാശു കിട്ടുമോ?“

“അതോന്നും ഇക്കാക്കു പറഞ്ഞാല്‍ മനസ്സിലാവില്ല“.

“ശരിയാ! ഈയിടെ എനിക്കോന്നും മനസ്സിലു കേറൂല, കേറ്യാലും നിക്കുല്ല്യ“.

“ഉദാഹരണത്തിന്ന്‌, ഏഴ്‌ അത്ഭുതങ്ങളില്‍ പെട്ടതൊന്നു ഭാരതത്തിലുണ്ടല്ലോ എന്താ അതിന്റെ പേര്‌?“

ഞാന്‍ പറഞ്ഞു
“ അതും മറന്നോ ‘താജ്‌ മഹല്‍‘‘

“ആരാ അതു പണികഴിപ്പിച്ചത്‌?“

“എന്താ! മുനീരിക്കാ ബുദ്ധി പണയം വെച്ചോ? "ഷാജഹാന്‍"“

“എന്താ അയാളുടെ പ്രിയതമയുടെ പേര്‌?‘

“മുനീരിക്കാ കളിയാക്കല്ലെ " മുംതാസ്‌"“

ആ ശരി, ഇപ്പോ ഓര്‍മ്മ കിട്ടി,

മുംതാസേ!.
ഒന്നിങ്ങു വന്നേ!
“അതു ശരി ആക്കിയതാണല്ലെ!”

ഞങ്ങളുടെ സംഭാഷണമെല്ലാം കേള്‍ക്കുന്ന മുംതാസിത്ത ഒരു ചെറു പുഞ്ചിരിയുമായി അടുക്കളയില്‍ നിന്നു ഉന്നക്കായക്കു പൊടി കുഴച്ച കയ്യു മാറ്റിപ്പിടിച്ചു വന്നു എന്നിട്ടു ചോദിച്ചു.
“എന്തെ ഇക്കാ!“
"നീ അതിങ്ങെടുത്താ?"
"ഏതിക്കാ?"
"ആ പ്രിന്ററിന്റെ സൈഡില്‍ നിന്നു ആ കടലാസിങ്ങു കൊണ്ടുവാ?"
ഇത്ത ഒരു പ്രിന്‍ടുമായി വന്നു.
മുനീരിക്ക അതെനിക്കു തന്നു.
പടച്ചോനെ എന്റെ തുഷാരത്തുള്ളികള്‍: കൊഴുകൊഴുത്ത മായിന്‍ മൊല്ലാക്ക (ചെറുകഥ)
ഇവര്‍ എന്റെ ബ്ലോഗു വായിച്ചിട്ടുണ്ട്‌.

മൂനീരിക്ക എന്റെ ബ്ലോഗു ലീലകള്‍ അറിഞ്ഞാല്‍ ഇതു പിന്നെ നാട്ടിലോക്കെ പാട്ടായതു തന്നെ.ഇപ്രാവശ്യത്തെ വെക്കേഷന്‍
മാനുപ്പയുടെ കയ്യോണ്ടും കുമാരേട്ടന്റെ കേസ്സോണ്ടും തീരില്ല വീട്ടിനകത്തല്ലെ മുഖ്യ ശത്രുവിനെ ഉണ്ടാക്കി വെച്ചിരിക്കുന്നത്‌. അല്ലങ്കിലേ പരമേശ്വരകൈമളു ഭയം അതിലൂടെ മായിന്‍ മൊല്ലാക്കയും.

മുംതാസിത്ത ചോദിച്ചു
" ഈ മായിന്‍ മൊല്ലാക്ക ആരാന്നറിയോ? എന്റെ സ്വന്തം ഉപ്പ. പക്ഷേ ഞാന്‍ എന്റെ ഉപ്പാനെ കണ്ടത്‌ എന്റെ നിക്കാഹിന്റന്ന് ജനലിലൂടെ,
ഉമ്മാനെ മൊഴി ചൊല്ലി പോയിട്ടു എന്റെ നിക്കാഹിനു മുനീരിക്കാന്റെ ഉപ്പ വിളിച്ചിട്ടാ പിന്നെ ഞങ്ങളുടെ വീട്ടില്‍ കാലു കുത്തിയത്‌ മൊഴി ചൊല്ലിയാലും മകളെ കെട്ടിക്കാന്‍ അവകാശമുള്ളത്‌ ഉപ്പാക്കാണല്ലോ?"

"അതും ഞങ്ങള്‍ അയാള്‍ക്കു പതിനായിരം രൂപ കൈക്കൂലി കൊടുത്തിട്ടാ അയാള്‍ മുംതാസിനെ എനിക്കു വധുവാക്കി തന്നു എന്നെന്നോട്‌ സമ്മതിച്ചത്‌".മുനീരിക്കാ കൂട്ടിച്ചേര്‍ത്തു.

"നിങ്ങള്‍ ഈ ബ്ലോഗിംഗൊക്കെ എങ്ങനെ അറിഞ്ഞു?". ഞാന്‍ നാണക്കേടോടെ ചോദിച്ചു.

ഇപ്പോ റേഡിയോ തുറന്നാലും,ടി.വി. വെച്ചാലും എന്തിന്‌ ഏതു മാസിക വങ്ങിയാലും ബ്ലോഗിനെക്കുറിച്ചല്ലേ വാര്‍ത്ത, അതും മലയാളം ബ്ലോഗിംഗ്‌.

എന്നാ ഇക്കയും ഇത്തയും ചേര്‍ന്ന്‌ ഒരു ബ്ലോഗു തുടങ്ങ്‌ ഞാന്‍ എല്ലാ സഹായവും ചെയ്യാം.

വേണ്ട കരീമേ, ഇപ്പൊ ഇവളുടെ വയറ്റിലൊരു ബ്ലോഗുണ്ട്‌, അതു കഴിഞ്ഞിട്ടു മതി ബ്ലോഗിംഗ്‌.
നിങ്ങള്‍ നിങ്ങളുടേ ബ്ലോഗുകളില്‍ എല്ലാരും നല്ലതു പോസ്‌റ്റ്‌ ചെയ്യ്‌ ഞങ്ങള്‍ വായിക്കാം, ആസ്വദിക്കാം.

മുംതാസിത്ത പറഞ്ഞു, എല്ലാ ബ്ലോഗര്‍മാരോടും പറയുക.

ഒരു ഗര്‍ഭിണി ഇതു വായിക്കുന്നുണ്ട്‌ ഒരുപാടു ലോലമനസ്‌കര്‍ ഇതു വായിക്കുന്നുണ്ട്‌ (കമണ്ടിടാതെ), എന്ന വിചാരത്തോടെ എഴുതുക.
ഓട്ടോറിക്ഷക്കാരോട്‌ പറയുന്നപോലെ ഗര്‍ഭിണികളെയും ഹൃദയരോഗികളേയും കയറ്റിയ ഓട്ടോവാണ്‌ നിങ്ങള്‍ ഓടിക്കുന്നത്‌ എന്നു വല്ലപ്പോഴും ചിന്തിക്കുക.
വെളിച്ചവും സുഗന്ധവുമുള്ള മുറിയില്‍ എല്ലാരും കയറാനിഷ്ടപ്പെടും, ഇരുട്ടും ദുര്‍ഗന്ധവും,ചവറും നിറഞ്ഞ മുറിയില്‍ കയറാന്‍ ആരും കാശു ചെലവാക്കില്ല.

http://tkkareem.blogspot.com/

13 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    മുംതാസിത്താന്റെ ബ്ലോഗ്!
    മുനീരിക്കാന്റെയും.
    ചെറിയ, വളരെ ചെറിയ ഒരനുഭവം.

  2. asdfasdf asfdasdf പറഞ്ഞു...

    കഥാപത്രങ്ങളെ മനസ്സിലിട്ട് താലോലിക്കാം. പക്ഷേ ഇത് കഥാപാത്രങ്ങളെ നേരില്‍ സംവദിക്കുന്ന അവസ്ഥ കരീം മാഷ്ക്ക് സ്വന്തം. നല്ല അനുഭവം

  3. അജ്ഞാതന്‍ പറഞ്ഞു...

    മാഷ്‌ടെ കൊറേയൊക്കെ പോസ്റ്റൂ്‌കളു് വായിച്ചു. മാഷൊരു കലക്കന്‍ ബ്ലോഗ്ഗര്‍ തന്നേ..

    കരിങ്കല്ല്

  4. Rasheed Chalil പറഞ്ഞു...

    നല്ല അനുഭവം... അതിന്റെ നല്ല വിവരണവും.

    മാഷേ നന്നായി.

  5. റീനി പറഞ്ഞു...

    കരീം മാഷെ, ചെറിയൊരു അനുഭവത്തിന്റെ ചെറിയൊരു വിവരണം. നന്നായിരിക്കുന്നു.

  6. അജ്ഞാതന്‍ പറഞ്ഞു...

    ഒരു നല്ല സ്വപ്നം കണ്ട പ്രതീതി മാഷെ. ഒന്നുകൂടെ പുതച്ചു മൂടി കിടക്കാനുള്ള ഒരു കൊതിയില്ലേ.. അതുപോലെ ഒരു അനുഭവം. മുനീറിക്കയും മുംതാസ്സും കരീം മാഷും. പിന്നെ ബ്ലോഗും. ഇത്തിരിയെങ്കിലും.. ഇഷടമായി. മാഷിനെ പോലെ..

  7. Kalesh Kumar പറഞ്ഞു...

    കരിംഭായ്,പതിവു പോലെ തന്നെ നന്നായിട്ടുണ്ട്!
    മുംതാസ് ഇത്തയോട് പറ, നല്ലതും ചവറും എവിടെയും ഉണ്ടാകും, നല്ലത് സ്വീകരിക്കുക, ചവറിന് അതിന്റെ പ്രാധാന്യം മാത്രം കൊടുക്കുക എന്ന്!

  8. ഇടിവാള്‍ പറഞ്ഞു...

    നന്നായി മാഷേ !

  9. വല്യമ്മായി പറഞ്ഞു...

    നല്ല അനുഭവം മാഷേ.ദേവേട്ടന്‍റെ ആ പൊസ്റ്റ് മുനീറ കണ്ടിരുന്നോ

  10. കരീം മാഷ്‌ പറഞ്ഞു...

    മുംതാസിത്ത നിയാലിന്‍റെ ബ്ലോഗു വായിക്കാനിടവരല്ലെ എന്നും,
    നിയാല്‍ (ഭാറതാംബ) ക്കു സൌഖ്യമാകട്ടെ എന്നും പുണ്യമാസത്തില്‍ പടച്ചവനോട്‌ ഹൃദയം വിങ്ങി തേടുന്നു.

  11. കാളിയമ്പി പറഞ്ഞു...

    കരീം മാഷേ...നിയാലങ്ങനെ അനക്കമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ടൊരുപാടു നാളായി...
    വഴിപാടു പോലെ എന്നും പോയി ഹിറ്റുകളുടെ എണ്ണം കൂട്ടുന്നുണ്ടല്ലേ...ഞാനുമതേ...

    എന്തായാലും..മാഷ്ടെ പോസ്റ്റ് രസിച്ചു..

  12. വേണു venu പറഞ്ഞു...

    മാഷേ ഞാനും പോസ്റ്റിട്ടിരുന്നു.
    അനുഭവത്തിന്‍റെ നെരിപ്പോടില്‍ നിന്നുള്ള വിവരണം.
    മാഷേ നന്നായി.

  13. റഊഫ് ഇരുമ്പുഴി പറഞ്ഞു...

    വളരെ നന്നായിരിക്കുന്നു.