തിങ്കളാഴ്‌ച, നവംബർ 20, 2006

ഹൗവിസ്‌ ദാറ്റ്‌ (How is that)?

നാട്ടിലെത്തിയ ഉടന്‍ ഞാന്‍ ആദ്യം കാണാന്‍ പോയതു ശറഫുവിന്റെ ഉമ്മാനെയാണ്‌
എന്റെ ഒന്നാം ക്ലാസ്സുമുതല്‍ ബിരുദക്ലാസ്സുവരെയുള്ള ക്ലാസ്സുമേറ്റാണു ശറഫു.
ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങള്‍ തുടരുന്ന ദീര്‍ഘകാല ചങ്ങാത്തം ഈ കഥയെഴുതുന്നതു വരെ തുടരുന്നു.

പണ്ടു അവന്റെ ഉപ്പാന്റെ ഫേവര്‍ലുബ വാച്ചു കടം വാങ്ങി കെട്ടി, ആ വാച്ചു കെട്ടിയ എന്റെ ഇടത്തെകൈ, നെഞ്ചിനു കുറുകെ പൂണൂലുപോലെ ചെരിച്ചു വെച്ചെടുത്ത ഏഴാം ക്ലാസ്സിലെ ഗ്രൂപ്പു ഫോട്ടോ നോക്കി ഇപ്പോള്‍ എന്റെ മക്കള്‍ തക്കം കിട്ടിയാല്‍ എപ്പോഴുമെന്നെ കളിയാക്കും.
ശറഫു ഇപ്പോള്‍ സൗദിയില്‍ മെര്‍സിഡിസ്‌ കാറുകളുടെ സോള്‍ ഡീലേര്‍സായ ഒരു വലിയ കമ്പനിയില്‍ അക്കൗന്‍ഡ്‌സ്‌ മാനേജര്‍.
മുഖാതാവില്‍ കണ്ടിട്ടു വര്‍ഷങ്ങളായെങ്കിലും നിരന്തരമായ ഈമെയില്‍ ബന്ധം ഞങ്ങളെ കൂടുതല്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.

കുഞ്ഞുനാള്‍ മുതല്‍ എന്റെ ഉമ്മ അവന്റെതും അവന്റെ ഉമ്മ എന്റെതും കൂടിയാണ്‌.അതിനാല്‍ എന്റെ ആദ്യ സൗഹൃദസന്ദര്‍ശനം അങ്ങോട്ടു തന്നെ.
Photobucket - Video and Image Hosting
കൊട്ടാരം പോലുള്ള വീട്‌,
മുറ്റത്തു വിലകൂടിയ ഓര്‍ക്കിഡിന്റെ പൂന്തോട്ടം.
വെള്ള മാര്‍ബിളില്‍ കടഞ്ഞെടുത്ത തൂണുകളും,പളുങ്കു മണികളും വര്‍ണ്ണ ഗ്ലാസ്സുകളും കൊണ്ടു അലങ്കരിച്ച സിറ്റ്‌ഔട്ട്‌.
അതിലെ കാണാനഴകുള്ള കാളിംഗ്‌ ബെല്ലില്‍ പതിയെ തൊട്ടു.
ഉള്ളില്‍ സംഗീത മഴ.വാതില്‍ തുറക്കുന്നത്‌ കാത്തു നിന്നു.
മിനിട്ടുകള്‍ കഴിഞ്ഞിട്ടും ആരും വന്നില്ല.
വീണ്ടും നീട്ടിയൊന്നു കൂടി വിരല്‍ അമര്‍ത്തി,അകത്തു സംഗീതത്തിന്റെ ശ്രുതി മാറി, മറ്റൊരു തരം സംഗീതമാരി.
എന്നിട്ടും ആളനക്കമില്ല.പക്ഷെ ടി.വി. യുടെ ഒച്ച കേള്‍ക്കാനുണ്ട്‌.
ബെല്‍ ശബ്‌ദം കേള്‍ക്കാഞ്ഞിട്ടാവുമോ?
കൂടുതല്‍ നേരം ക്ഷമയും വിരലും അമര്‍ത്തി പിടിച്ചപ്പോള്‍ ചെവികേള്‍ക്കാത്ത പണിക്കാരിപ്പെണ്ണിനെ ചീത്ത പറഞ്ഞു കൊണ്ട്‌ ശറഫുവിന്റെ ഉമ്മ തന്നെ വന്നു വാതില്‍ തുറന്നു.
അത്‌ഭുതത്തോടെയും സന്തോഷത്തോടെയും എന്നെ അവര്‍ അകത്തേക്കു വിളിച്ചു.
ടി.വി.വെച്ച റൂമിലെ സോഫയിലേക്കു എന്നെ ആനയിച്ചു.
ടി.വി യില്‍ D.D.sports ഇന്ത്യാ-ഓസ്‌ട്രേലിയ ക്രിക്കറ്റു മാച്ചു കാണിക്കുന്നു, മൊഹാലിയില്‍ നിന്നുള്ള സീതാ പ്രസാരണ്‍.

ഉമ്മ അത്യാവേശത്താല്‍ സ്‌കോറു പറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗു തീര്‍ന്നു.249 റണ്ണുമാത്രമാണെടുത്തത്‌ അതിനിടയില്‍ 8 വിക്കറ്റും വീണു. ഓസീസ്‌ ബാറ്റിംഗു തുടങ്ങിയിരിക്കുന്നു. ആദ്യ ഓവറില്‍ തന്നെ അവരു തകര്‍ത്തടിക്കുന്നു. ഗില്‍ക്രിസ്‌റ്റും വാട്‌സണും,പോണ്ടിംഗും നല്ല ഫോമിലാണിന്നു.എന്നാലും ശ്രീശാന്തിന്റെ ബൗളിംഗിലാണൊറ്റ പ്രതീക്ഷ. ശ്രീശാന്തിന്റെ ബോളില്‍ രെയ്‌ന കാച്ചെടുത്താണ്‌ ഗില്‍ ക്രിസ്‌റ്റു പുറത്തായത്‌. മഴയുടെ തുടക്കമാണെന്നു കരുതുന്നു. ബാഡ്‌ ലൈറ്റാണെന്നു പറഞ്ഞു കളി ഒഴിവാക്കിയിട്ടും കാര്യമില്ല റണ്‍ ആവരേജിലും ഡക്കുവര്‍ത്ത്‌ ലൂയിസു മെത്തേഡിലും ജയത്തിനു ഒരു സാധ്യതയുമില്ല. ഇന്ത്യ ബൗണ്ടറിക്കു പുറത്തായതു തന്നെ!
ശറഫുവിന്റെ ഉമ്മ കരച്ചിലിന്റെ വക്കത്തെത്തി.

ഞാന്‍ അന്തം വിട്ടിരുന്നു.ഇവര്‍ എന്നു മുതലാണ്‌ ക്രിക്കറ്റിന്റെ സര്‍വ്വവിജ്ഞാനകോശമായത്‌ റബ്ബേ?.
വിക്കറ്റും ബിസ്‌കറ്റും തമ്മിലെ വ്യത്യാസമറിയാത്ത ഈ പാവം നാട്ടിന്‍പുറത്തുകാരി എങ്ങനെയാണിപ്പോ ഇക്കോലത്തിലായതു?. ഡക്കുവര്‍ത്ത്‌ ലൂയിസു മെത്തേഡൊന്നു പഠിക്കാന്‍ ഈയുള്ളവന്‍ വിക്കി മുഴുവന്‍ പരതിപ്പകര്‍ത്തീട്ടും അതൊന്നു തലയില്‍ കയറിയിട്ടില്ല.

ഞാന്‍ അന്തം വിട്ട്‌ ഡി.ഡി, സ്പോര്‍ട്‌സിന്റെ സ്‌ക്രീനിലേക്കു നോക്കിയിരുന്നപ്പോളണ്‌ പഴയ മലയാള ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ പടങ്ങളില്‍ ഫ്ലാഷ്‌ബാക്കു സീന്‍ കാണിച്ചിരുന്ന പോലെ ഒരുപാടു വൃത്തങ്ങള്‍ ചെറുതില്‍ നിന്നും വലുതായി വന്നു എന്റെ ഓര്‍മ്മകളെ റീവൈന്‍ഡു ചെയ്‌തെന്നെ ഫൈനല്‍ ബീകോം പരീക്ഷക്കു ശറഫുവിന്റെ വീട്ടില്‍ കമ്പൈന്‍ സ്റ്റഡീസിനു ഞാനെത്തിയിരുന്ന കൊടും വേനല്‍ക്കാലത്തേക്കുകൊണ്ടെത്തിച്ചത്‌.

ജലസംഭരണിയെന്നു വിളിക്കുന്ന നീര്‍പുല്ലാണി പോലും വെള്ളം കിട്ടാതെ ഉണങ്ങിക്കരിഞ്ഞ ഒരു അത്യുഷ്‌ണകാലം.

അതിരാവിലെ ഞാന്‍ അവന്റെ മുറിയില്‍ കയറിച്ചെന്നപ്പോള്‍ കണ്ടതു അവന്റെ വലം കയ്യിലൊരു പുതുതായി കെട്ടിയ ഒരു കറുത്ത ചരട്‌.
വിശ്വാസം വരാതെ ഞാന്‍ ചോദിച്ചു
"ഇതെന്താ മന്ത്രവാദത്തിലും വിശ്വാസം തുടങ്ങിയോ?"
അവന്‍ വിശദീകരിച്ചു.
"ഉമ്മ ഇന്നലെ എവിടുന്നോ ജപിച്ചു കൊണ്ടുവന്നതാണ്‌.ഇതു കെട്ടിയാല്‍ പരീക്ഷക്കെഴുതാന്‍ ആത്മവിശ്വാസം കിട്ടുമത്രേ!"
"എന്നാലും ശറഫൂ!, നമ്മളോക്കെ പഠിക്കുന്നതു ഇതുപോലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാനല്ലേ?"
ഞാന്‍ യുക്തിവാദിയുടേ മുഖമ്മൂടിയണിഞ്ഞു."
ആരു പറഞ്ഞു ഇതു അന്ധവിശ്വാസമാണെന്ന്‌ ഇതൊരു മനശാസ്‌ത്ര രീതിയാണ്‌,നീ കണ്ടിട്ടില്ലെ അസറുദ്ദീന്‍ ഇടക്കിടക്ക്‌ ടീഷര്‍ട്ടിനുള്ളില്‍ നിന്നു ഒരു മാലയില്‍ കോര്‍ത്ത ഏലസ്സ്‌ പുറത്തെടുത്തു ചുംബിക്കുന്നത്‌. അതു കഴിഞ്ഞാല്‍ പിന്നെ അസറിന്റെ മാസ്‌റ്റര്‍പീസായ "റിവേര്‍സ്‌ സ്വീപ്പില്‍ ഒരു ഫോര്‍ ഉറപ്പാ!.
മാത്രമല്ല കപിലിനും, സചിനും ശ്രീകാന്തിനും എല്ലാം ഉണ്ട്‌ ഓരോ ചരടവരുടെ കയ്യില്‍".
അവന്‍ ന്യായികരിക്കാന്‍ ക്രിക്കറ്റ്‌ താരങ്ങളെ ചൂണ്ടിക്കാണിച്ചു.

എന്തോ എനിക്കത്രക്കു വിശ്വാസം വന്നില്ല.
പണ്ടു എന്റെ അയല്‍വാസി കുഞ്ഞീരുമ്മ താത്ത പ്രസവവേദന കൊണ്ടു പുളഞ്ഞപ്പോള്‍ നേരം കഴിഞ്ഞിട്ടും പ്രസവം നടക്കാത്തപ്പോള്‍, എന്റുമ്മ ഒരു വൃത്തിയുള്ള പൊട്ടുന്ന പ്ലേറ്റ്‌ തന്നു യൂനുസ്‌മുല്ലയുടെ അടുത്തുനിന്നു ഉറുക്ക്‌ എഴുതികൊണ്ടുവരാന്‍ അയച്ചതും തിരിച്ചു വരുന്ന വഴി എന്റെ കൈയുടെ വിയര്‍പ്പു തട്ടി അതിലെ അറബിയെഴുത്തു മാഞ്ഞതും ഉപ്പാന്റെ ചീത്ത പറച്ചില്‍ പേടിച്ചു ഞാന്‍ എന്റെ മഷിപ്പേന കൊണ്ടു പണ്ടു സ്‌കൂളില്‍ വെച്ചു പഠിച്ച "അനഫി സുബ്‌ഹി തില്‍മീദിന്‍, വ ബഹ്‌ദ ദുഹ്‌രി നജ്ജാറുന്‍"(രാവിലെ ഞാനൊരു വിദ്യാര്‍ത്ഥി.!,ഉച്ചക്കു ശേഷം ഞാനൊരാശാരി.!) എന്ന അറബി പദ്യം (ആപ്പോള്‍ അന്നേരം മനസ്സില്‍ വന്നത്‌) എഴുതി ആ ഇരുട്ടുമുറിയില്‍ പുളയുന്ന ഗര്‍ഭിണിയേയും കിടത്തി ഈ ഉറുക്കെഴുതിയ ബസിക്കു കാത്തിരിക്കുന്ന ഒത്താച്ചിപ്പാത്തുവിന്നു കൈമാറുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നു. എങ്കിലും മലയാളവും അറബിയും വായിക്കാനറിയാത്ത ഒത്താച്ചിപ്പാത്തു, ബസിയിലുള്ളത്‌ കലക്കിക്കുടിപ്പിച്ചതിനു പിറകെ കുഞ്ഞീരുമ്മ 'മുടുക്കന്‍' ഒരാണ്‍ കുഞ്ഞിനെ പെറ്റു.പാത്തു പിന്നെ ഓടമുളയുടെ ചീളുകൊണ്ടു പൊക്കിള്‍ക്കൊടിയറുത്തു തള്ളയേയും പിള്ളയേയും വെവ്വേറെ പാത്രത്തിലാക്കി.(മെട്ടേര്‍ണിറ്റി- സ്‌പെഷ്യ്‌ലൈസ്‌ഡ്‌ ഹോസ്‌പിറ്റലിലേതിനെക്കാള്‍ സേഫായി).

അതില്‍ പിന്നെ പേത്താച്ചി പാത്തു പുറത്തു'റൗണ്ടിനു' പോയോടൊത്തൊക്കെ നീട്ടിയും കുറുക്കിയും യൂനുസ്‌ മൊല്ലയുടെ അപദാനങ്ങള്‍ വാഴ്‌ത്തി.
മൊല്ലാക്കയുടെ പോരിശകള്‍ കാട്ടുതീ പോലെ കത്തിപ്പടരുമ്പോള്‍ ഞാന്‍ മാത്രം സത്യം മൂടിവെച്ചു.(പറഞ്ഞിരുന്നെങ്കില്‍ ഇന്നു ഈ കഥയെഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല.
പക്ഷെ കുഞ്ഞീരുമ്മാത്താന്റെ ആ മുടുക്കന്‍ മോന്‍ സ്‌കൂളിലും പോയില്ല കൈത്തൊഴിലും പഠിച്ചില്ല എങ്കിലും അവനും ഇന്നു സൗദിയില്‍ നാലായിരം രിയാലിന്റെ ശമ്പളം വാങ്ങുന്നു).

ചരടും ഉറുക്കു പോലെ അന്ധവിശ്വാസം തന്നെ,എന്നാലും ശറഫു പറഞ്ഞപോലെ ഇതിനു മന:ശാസ്‌ത്രപരമായ ഒരു ഇംപാക്‌ട്‌ ഇല്ലേ?എനിക്കു സംശയം തോന്നി.(അതുല്ല്യേച്ചിന്റെ സോ കാള്‍ഡ്‌ ഒരു ഇമോഷണല്‍ ഔട്ട്‌ സോര്‍സിംഗ്‌ ഫ്രം ഇന്‍വിസിബിള്‍ മിറാക്കിള്‍സ്‌ പോലൊന്ന്‌)
ഫൈനല്‍ ബീകോം പരീക്ഷയാണ്‌. ഇതുവരെ തോറ്റാലും ആരുമറിയാന്‍ പോകുന്നില്ലായിരുന്നു. ഇനി തോറ്റാല്‍ നാട്ടാരറിയും,നാണക്കേടാവും. ഇതുവരെ നല്ല മാര്‍ക്കു വാങ്ങി കോളറു പോക്കിയാ അങ്ങാടിയിലൂടെ കേളേജിലേക്കു ബസ്സു കയറിയിട്ടുള്ളത്‌.

ശറഫുവിന്റെ മുന്നില്‍ ഞാന്‍ ഒരു പുരോഗമനവാദിയായി വാദിച്ചുവെങ്കിലും അവനില്ലാത്ത സമയം അടുക്കളയില്‍ കയറി അവന്റെ ഉമ്മാനോടു അനുനയത്തില്‍ ചോദിച്ചു.
"ഉമ്മാ! ശറഫൂന്റെ കയ്യില്‍ കെട്ടിയ അതുപോലോരു ചരടു എനിക്കും ജപിച്ചു വാങ്ങിത്തരോ?"
എനിക്കും പരീക്ഷയെ വല്ലാത്ത പേടി.
"മോനെ! നീ ഇതു അവനോടു പറയില്ലങ്കില്‍ ഞാന്‍ സത്യം നിന്നോടു പറയാം.അതു പരീക്ഷപ്പേടിക്കല്ല"."ഇന്നലെ അവന്‍ എന്നെ വല്ലാതെ പേടിപ്പിച്ചു. ഉച്ചക്കു അവന്റെ മുറിയില്‍ നിന്നു ഉച്ചത്തില്‍ സംസാരവും ആരെയോക്കെയോ ശപിക്കുന്ന ശബ്‌ദവും കേട്ടു കൊണ്ടാണ്‌ ഞാന്‍ കോണികയറി ചെന്നത്‌.പുറത്തു നിന്നു കൊണ്ടു തന്നെ കേട്ടു "നശിച്ച മഴ!,ഈ സമയത്തു തന്നെയാണ്‌ മഴക്കു പെയ്യാന്‍ കണ്ടത്‌? ഇപ്രാവശ്യം ജയിക്കുമെന്നുറപ്പിച്ചതായിരുന്നു."ഞാന്‍ കോണി ഓടിയിറങ്ങി പുറത്തു വന്നു നോക്കി.പടച്ചോനെ! മഴ പോയിട്ടു ഒരു മേഘത്തിന്റെ നിഴലു പോലുമില്ല. റബ്ബേ! എന്റെ കുട്ടിക്കെന്തു പറ്റി!. പഠിച്ചു പഠിച്ചു സമനില തെറ്റിയോ?","വീണ്ടും തിരിച്ചു കോണി കേറി എത്തിയപ്പോള്‍ എന്തോ എറിഞ്ഞുടക്കുന്ന ഒച്ച കേട്ടു. ഞാന്‍ 'മമ്പ്രത്തെ തങ്ങളേ'ന്നു വിളിച്ചു വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ എന്റെ കുട്ടി കട്ടിലില്‍ കമഴ്‌ന്നു കിടന്നു തേങ്ങിക്കരയുന്നു".തറയില്‍ ചിന്നി ചിതറിയ അവന്റെ കൊച്ചു റേഡിയോ!. സങ്കടം സഹിക്കാനാവാതെ അവന്‍ ഏങ്ങിക്കൊണ്ടു പറയുകയാണ്‌ " ഉമ്മാ ഇപ്രാവശ്യവും ജയിക്കില്ല. ഈ നശിച്ച മഴ കാരണം ഒരു അവസരം കൂടി നഷ്‌ടപ്പെട്ടു."ഈ ഉമ്മാക്കു അതു കേട്ടപ്പോള്‍ സഹിക്കാനായില്ല. കോമു കക്കാന്റെ മൂത്തമോന്നും വല്ല്യോടൂലെ മെയ്‌തീന്‍കുട്ടിക്കും മടത്തൊടി അബൂന്നും അക്കരത്തെ ദിവാകരനും പഠിച്ചു പഠിച്ചാണത്രേ പിരാന്തായത്‌".ഞാന്‍ നേരെ പോയത്‌ യൂനുസ്‌ മൊല്ലന്റെ അടുത്ത്‌,കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ഒരു ചരടൂതി തന്നു.പിന്നെ എന്നെ ആശ്വസിപ്പിക്കന്‍ പറഞ്ഞു. വിഷമിക്കണ്ടാ, പരീക്ഷക്കാലത്തിതു നടപ്പാ, പോരാത്തതിനു കൊടുഞ്ചൂടും,പറ്റുമെങ്കില്‍ രണ്ടിളന്നീരു വെട്ടിക്കൊടുക്കൂ, ചരടിലൊന്നും അവനു വിശ്വാസം കാണില്ല. എന്നാലും പരീക്ഷക്കു ആത്മവിശ്വാസം കിട്ടാന്‍ നല്ലതാണേന്നു പറഞ്ഞു വലതു കയ്യില്‍ കെട്ടിക്കൊടുത്താല്‍ മതി".അതു കെട്ടിയതിനു ശേഷം ആശ്വാസമുണ്ട്‌, ആക്രമണവും നശിപ്പിക്കല്‍ സ്വഭാവവും പിന്നെ കണ്ടിട്ടില്ല. എന്നാലും മോന്‍ ഒന്നു ശ്രദ്ധിക്കണേ?ഉമ്മ വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു.

അപ്പോഴാണ്‌ എനിക്കു സംഗതിയുടെ ഗുട്ടണ്‍സ്‌ പിടികിട്ടിയത്‌.

ഇന്ത്യാ-ഇംഗ്ലണ്ടു ക്രിക്കറ്റു മാച്ചിന്റെ കൃട്ടിക്കല്‍ വണ്‍ഡേ നാളെയാണെന്നും അതിനാല്‍ കമ്പൈന്‍ സ്‌റ്റഡിക്കു നീ നാളെ വരേണ്ടന്നും പറഞ്ഞ്‌ അവന്റെ പോക്കറ്റു റേഡിയോ തെരഞ്ഞെടുത്തു ബാറ്ററി പുതിയതിടുന്നതു ഞാന്‍ കണ്ടത്‌ മിനിഞ്ഞാന്നായിരുന്നല്ലോ എന്നോര്‍ത്തു.
കളിയില്‍ നന്നായി ബാറ്റു ചെയ്‌ത ഇന്ത്യ ജയിക്കുമെന്നുറപ്പായിരുന്നു.പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടു ബാറ്റിംഗിനിറങ്ങിയപ്പോള്‍ തകര്‍പ്പന്‍ മഴ കാരണം കളി മുടങ്ങി. ഇന്ത്യക്കു അനിവാര്യവും അനായാസവുമായ ഒരു വിജയം കപ്പിനും ചുണ്ടിനും ഇടക്കുവെച്ചു നഷ്‌ടമായി.
ക്രിക്കറ്റിനെ സ്നേഹിച്ചവരോക്കെ മഴയെ പ്രാകി കൊണ്ടു രണ്ടിറ്റു കണ്ണീര്‍ തൂകി. അതാണ്‌ ശറഫുവിന്നും പറ്റിയത്‌ ആ സങ്കടം തീരാതെയാണവന്‍ അരിശത്തോടെ കമണ്ടറി കേട്ടിരുന്ന പോക്കറ്റ്‌ റേഡിയോ എറിഞ്ഞുടച്ചത്‌.
ഉമ്മാക്കുണ്ടോ ഇതു വല്ലതും അറിയുന്നു.
"കാട്ടു കോഴിക്കെന്തു ചങ്കരാന്തി!" ബിസ്‌കറ്റും വിക്കറ്റും തമ്മില്‍ തിരിച്ചറിയാത്ത ഉമ്മ.

സംഭവങ്ങളെല്ലാം വ്യക്തമായ സ്‌ഥിതിക്കു ഞാന്‍ പിന്നെ ചരടുകെട്ടാനും പോയില്ല ശറഫു കെട്ടിയ ചരടഴിപ്പിക്കാനും പോയില്ല.
ആ കറുത്ത ചരടിന്റെ ബലത്തില്‍ കാലിക്കറ്റു യൂണിവേഴ്‌സിറ്റിയെ തോല്‍പ്പിക്കാന്‍ അവനു പറ്റുമെന്നൊന്നും എനിക്കു തോന്നിയില്ല.
മൂന്നു വര്‍ഷം ബീകോം ക്ലാസ്സിലായിരുന്നിട്ടും ഒറ്റ ക്ലാസ്സിലവന്‍ ഇരുന്നിട്ടില്ല.ക്രിക്കറ്റും,ഗ്ലാമര്‍ ടീമുമായി അവന്‍ അത്രക്കും ബിസിയായിരുന്നു.അവനെവിടെ ജയിക്കാന്‍!

സംഗതി ഞാന്‍ വിചാരിച്ച പോലെ തന്നെ, അവന്‍ തോറ്റു.ഞാന്‍ ജയിച്ചു. പക്ഷെ കോളേജില്‍ നിന്നിറങ്ങിയ അവന്‍ ഒരു കൊല്ലം കൊണ്ട്‌ എല്ലാ പേപ്പറും വീണ്ടുമെഴുതി എന്നെക്കാള്‍ ഒന്നാമനായി. ഇന്നവന്‍ എന്റെ മൂന്നിരട്ടി ശമ്പളമെടുക്കുന്നു.

"ഹൗവിസ്‌ ദാറ്റ്‌!"
Photobucket - Video and Image Hosting

ശറഫൂന്റെ ഉമ്മ രണ്ടു മുഷ്ടിയും ചുരുട്ടി മേല്‍പ്പോട്ടാക്കി, സോഫയില്‍ നിന്നു ചാടിയെണീറ്റപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
വാട്‌സണെ മോംഗിയ എല്‍.ബി.ഡബ്ലീ.യുവില്‍ കുടുക്കിയിരിക്കുന്നു.അപ്പീല്‍ ചെയ്യ്‌തിട്ടുണ്ട്‌. അമ്പയര്‍ തേര്‍ഡ്‌ അമ്പയര്‍ക്കു വിട്ടിരിക്കുന്നു.

ഞാന്‍ വാച്ചില്‍ നോക്കി സമയം ഒരുപാടായിരിക്കുന്നു.
"ഉമ്മാ ഞാന്‍ പോട്ടെ വീട്ടില്‍ പണിക്കാരുണ്ട്‌". യാത്ര പറഞ്ഞിറങ്ങിയപ്പോള്‍, തൊട്ടടുത്ത യൂനുസ്‌ മൊല്ലയുടെ വീട്ടില്‍ നിന്നും ഒരാരവം കേട്ടു
" ഉപ്പാ! വാട്‌സണ്‍ ഔട്ടായീ..!"

മൊല്ലയുടെ മക്കളാവും. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു,
ശറഫുവിന്റെ വീട്ടിലെ ഡിഷ്‌ ആന്റിനയില്‍ നിന്നും യൂനുസ്‌ മൊല്ലയുടെ വീട്ടിലേക്കു ഒരു ചരട്‌.
നീട്ടി വലിച്ച ഒരു കറുത്ത ചരട്‌.

http://tkkareem.blogspot.com/

29 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ആരു പറഞ്ഞു ഇതു അന്ധവിശ്വാസമാണെന്ന്‌ ഇതൊരു മനശാസ്‌ത്ര രീതിയാണ്‌,നീ കണ്ടിട്ടില്ലെ അസറുദ്ദീന്‍ ഇടക്കിടക്ക്‌ ടീഷര്‍ട്ടിനുള്ളില്‍ നിന്നു ഒരു മാലയില്‍ കോര്‍ത്ത ഏലസ്സ്‌ പുറത്തെടുത്തു ചുംബിക്കുന്നത്‌. അതു കഴിഞ്ഞാല്‍ പിന്നെ അസറിന്റെ മാസ്‌റ്റര്‍പീസായ "റിവേര്‍സ്‌ സ്വീപ്പില്‍ ഒരു ഫോര്‍ ഉറപ്പാ!.
  മാത്രമല്ല കപിലിനും, സചിനും ശ്രീകാന്തിനും എല്ലാം ഉണ്ട്‌ ഓരോ ചരടവരുടെ കയ്യില്‍".

  ഒരു പുതിയ ചെറുകഥ (അനുഭവങ്ങളുടെ ചൂടും ചൂരുമായി..)

 2. മുസാഫിര്‍ പറഞ്ഞു...

  കരിം മാഷെ,
  സുഖമായി തിരിച്ചെത്തിയല്ലോ അല്ലെ.ഞാന്‍ ഓഫീസില്‍ പണി തുടങ്ങുന്നതിനു മുന്‍പ് ഒറ്റ ഇരിപ്പില്‍ ഇതു വായിച്ചു തീര്‍ത്തു.അത്ര ഒഴുക്കുണ്ടു.ഇതു പോലെ ഇനിയും കാണുമല്ലോ അല്ലെ അവധിക്കാലത്തിന്റെ ബാക്കിപത്രങ്ങളായി ?
  സസ്നേഹം.

 3. Kalesh Kumar പറഞ്ഞു...

  കലക്കി കരീം ഭാ‍യ്!
  പതിവുപോലെ ഉഗ്രന്‍!

 4. Mubarak Merchant പറഞ്ഞു...

  കരീം മാഷെ,
  സൂപ്പറ് വിവരണം.
  ഇങ്ങനെയുള്ള കുറിപ്പുകളാണ് നമുക്കുവേണ്ടത്.
  ഇനിയും പ്രതീക്ഷിക്കുന്നു.

 5. അജ്ഞാതന്‍ പറഞ്ഞു...

  Kareem Mashey Valarey Nannayirikkunnu, Irumbuzhiyudey sameepakaala maattangal othiri sathyavum ithiri menpodiyum cherthu bhangiyaayi avatharippichirikkunnu.. Bhaavukangal..


  Nousher

 6. Raghavan P K പറഞ്ഞു...

  വിക്കറ്റും ബിസ്‌കറ്റും തമ്മിലെ വ്യത്യാസമറിയാത്ത ഉമ്മ.നല്ല sportsmaan spirit ഉള്ള അമ്മ! നന്നായി.

 7. ഏറനാടന്‍ പറഞ്ഞു...

  നല്ല ഉമ്മ! ഇത്‌ വായിച്ചപ്പം "പൂച്ചക്കൊരു മുക്കുത്തി" സിനിമയിലെ സുകുമാരി ക്രിക്കറ്റ്‌ കണ്ട്‌ "ഗോള്‍" എന്നലറി ചാടിയത്‌ ഓര്‍ക്കുന്നു. എന്നാലും ഈ ഉമ്മയാണ്‌ ഉമ്മ!

 8. തറവാടി പറഞ്ഞു...

  കരീം മഷെ ,

  വളരെ നന്നായി , പ്രത്യാകിച്ചും അവതരണം

 9. ലിഡിയ പറഞ്ഞു...

  കരീം മാഷേ, മാറ്റത്തിന്റെ ഈ മുഖഛായ നന്നായി തന്നെ വരച്ച് കാണിച്ചിരിക്കുന്നു, ഒഴിവുകാലത്തിന്റെ കാഴ്ചകള്‍ ഇനിയും ഉണ്ടാവുമെന്ന് കരുതുന്നു.

  -പാര്‍വതി.

 10. പുഞ്ചിരി പറഞ്ഞു...

  മാഷേ... എനിക്കാ അവതരണം നന്നായി പിടിച്ചു. പ്രത്യേകിച്ച് ആ ഫിനിഷിംഗ് പോയിന്റ്... ഹൌ... ഗംഭീരം തന്നെ...

  അതിരിക്കട്ടെ... നാട്ടീന്ന് എപ്പോ എത്തി?

 11. കരീം മാഷ്‌ പറഞ്ഞു...

  പൊന്നു കൂട്ടുകാരേ ഞാന്‍ നാട്ടില്‍ തന്നെ!
  തിരിച്ചെത്തിയിട്ടില്ല.
  എയര്‍ടെല്ലിന്‍റെ ഇന്റ്റെര്‍നെറ്റു കണക്‌ഷനില്‍ തുഷാരയിലിരുന്നു ബ്ലോഗുന്നു.
  ചൂടാറാതെ ഒരു കഥ ഇവിടിരുന്നു തന്നെ പോസ്‌റ്റു ചെയ്‌തു.
  ഫോട്ടോകള്‍ക്കു http://tusharam.blogspot.com
  സസ്‌നേഹം

 12. Siju | സിജു പറഞ്ഞു...

  കരീം മാഷേ,
  കഥയായാലും അനുഭവമായാലും നന്നായി പറഞ്ഞിരിക്കുന്നു

 13. മുസ്തഫ|musthapha പറഞ്ഞു...

  കരീം മാഷേ, നന്നായിരിക്കുന്നു വിവരണം.

  കലക്കനായി അവതരണം :)

 14. അജ്ഞാതന്‍ പറഞ്ഞു...

  ഞാന്‍ ഇടക്കിടെ ഇങ്ങോട്ടൊന്ന് തലയിട്ട് നോക്കും മാഷ് വല്ലതും ഒപ്പിച്ചിട്ടുണ്ടോന്നറിയാന്‍ .. അപ്പോഴാ ഒരു നീണ്ടചരട് കണ്ടത് .. പിന്നെ മാഷിന്‍റെ ഫ്ലാഷ്ബാക്കും കമന്‍ററിയും. അപ്പോഴാണ് ഞാനോര്‍ത്തത് അഞ്ച്കൊല്ലത്തെ പരോളില്ലാത്ത പ്രവാസത്തിനിടയില്‍ ഞാന്‍ നാട്ടെലെത്തിയ കാര്യം അന്ന് ഉമ്മയുടെ അനുജത്തിയുടെ വീട്ടില്‍‍ പോയപ്പോള്‍ എളിമ അകത്തളത്തിലിരുന്ന് മീന്‍ മുറിക്കുന്നു .. എന്താ മ്മ..ഇവിടെ ഇരുന്ന് മീന്‍ മുറിക്കുന്നത് അടുക്കള ഇങ്ങോട്ടേക്ക് മാറ്റിയോ.. ടാ പഹയാ ഇന്ന് ഇന്ത്യന്‍റേയും പാക്കിസ്ഥാന്‍റേയും കളിയല്ലേ... ആരുടേക്കയോ പേരും പറഞ്ഞു.. സത്യായിട്ടും ക്രിക്കറ്റിനെ ഒട്ടും ഇഷ്ടല്ലാത്ത എനിക്കുണ്ടോ അത് തലയില്‍ കയറുക .... രണ്ടാം ക്ലാസ്സുവരെ ആറുടേയോ അനുഗ്രഹംകൊണ്ട് പോയ എന്‍റെ ഏളീമ .. ഒത്തിരി പഠിച്ചു എന്നഹങ്കരിച്ചിരുന്ന എന്‍റെ തലക്ക് മുകളിലൂടെ സിക്സര്‍ അടിക്കുന്നു.... മാഷെ കഥ അസ്സലായി ട്ടോ..

 15. അരവിന്ദ് :: aravind പറഞ്ഞു...

  സൂപ്പര്‍ പോസ്റ്റ്.
  സൂപ്പര്‍ കഥ.
  കരീം മാഷെ താങ്കള്‍ എ.വണ്‍ എഴുത്തുകാരന്‍ തന്നെ.

  :-)

 16. ഇടിവാള്‍ പറഞ്ഞു...

  മാഷേ, തിരിച്ചു വരവു ഗംഭീരം

  ണപ്പ്‌ സ്റ്റയില്‍, എന്നു ഞങ്ങളു തൃശ്ശൂക്കാരു പറയുംട്ടാ ;)

 17. Unknown പറഞ്ഞു...

  പതിവു പോലെ മാഷ് ഗോളടിച്ചു കൊണ്ടേയിരിക്കുന്നു.
  നന്നായി എന്നു പറഞ്ഞ് ഞാന്‍ ഇതിന്‍റെ ഭംഗി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല.
  ഇഷ്ടമായി.

 18. ശെഫി പറഞ്ഞു...

  മാഷേ ഒരു മലപ്പുറം ബ്ലോഗ്‌ തുടങ്ങിയലൊ നമുക്ക്‌, ഒത്തിരി മലപ്പുറക്കാരുണ്ടല്ലൊ ബ്ലൊഗുലത്തില്‍.

 19. കരീം മാഷ്‌ പറഞ്ഞു...

  എന്റെ "ഹൗ ഈസ്‌ ദാറ്റ്‌" എന്ന ക്രിക്കറ്റ്‌ കഥ വായിച്ച എല്ലാര്‍ക്കും പ്രത്യേകിച്ചു അഭിപ്രായം രേഖപ്പെടുത്തിയ താഴെ പറയുന്ന ബ്ലോഗുവായനക്കാര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി.
  മുസാഫിര്‍,
  കലേഷ്‌,
  ഇക്കാസ്‌,
  നൗഷര്‍ ( ആളെ മനസ്സിലായി ശറഫുവിനോട്‌ ഈ കഥയെക്കുറിച്ചു പറയല്ലേ!) താങ്കള്‍ വരമൊഴി ഇന്‍സ്‌റ്റാള്‍ ചെയ്‌തു മലയാളത്തില്‍ ബ്ലോഗാന്‍ ശ്രമിക്കൂ)
  പി.കെ.രാഘവന്‍,
  ഏറനാടന്‍,
  തറവാടി,
  പാര്‍വ്വതി.
  പുഞ്ചിരി,
  സിജു,
  അഗ്രജന്‍,
  ആത്‌മകഥ,
  അരവിന്ദ്‌,
  ഇടിവാള്‍,
  രാജു ഇരിങ്ങല്‍,
  ശെഫി ( നമുക്കൊരു മലപ്പുറം ബ്ലോഗു തുടങ്ങണമെന്ന നിന്റെ ആശയത്തിനു പിന്തുണ.)

  ഏഴാനു ഞാന്‍ തിരിച്ചു ഇമാരാത്തിലേക്കു വരുന്നു. കാണാമെന്ന പ്രതീക്ഷയോടെ!

 20. അജ്ഞാതന്‍ പറഞ്ഞു...

  കാണാന്‍ കുറച്ചു വൈകിപ്പോയി...സുന്ദരം, ലളിതം...

  വായിച്ചപ്പോള്‍, ഞങ്ങളുടെ , പൂക്കോട്ടുമ്പാടത്തെ ഷാജഹാന്റെ വീട്ടിലെ കമ്പൈന്‍ സ്റ്റഡി ഓര്‍മ്മ വന്നു....

  --നന്ദി മാഷേ..

 21. അജ്ഞാതന്‍ പറഞ്ഞു...

  ഞാന്‍ ഇത്തിരി താമസ്സിച്ചു വരാന്‍
  പിന്നേ ഉമ്മയെ ഞാന്‍ ഇന്നലെ കണ്ടിരുന്നു
  “ഈ ക്രികറ്റ് കളിടെ ഇടയ്ക്കുള്ള പരസ്യം ഇല്ലാച്ചാ‍ല്‍, ഈ പണ്ടാരക്കളി വേഗം തീര്‍ന്ന്, മോന്തി ആവുമ്പോഴേക്കും നിസ്ക്കരിക്കായിരുന്നു”
  എന്നും പരഞ്ഞു

  ലോന

 22. കരീം മാഷ്‌ പറഞ്ഞു...

  കൊച്ചു ഗുപ്തന്‍,
  കമണ്ടിനു നന്ദി. ഞാന്‍ താങ്കളുടെ ബ്ലോഗു കണ്ടിരുന്നില്ല. നന്നായിരിക്കുന്നു.
  ഇനി വിടില്ല.

 23. അജ്ഞാതന്‍ പറഞ്ഞു...

  എന്റെ മാഷേ..

  ഇതെന്താപ്പതു കഥ.. പുതിയ കുഞ്ഞു പിറന്നിട്ടുണ്ടെങ്കില്‍ പേരിടല്‍ ചടങ്ങിനെങ്കിലും പങ്കെടുക്കാമെന്നു കരുതി കേറി നോക്കിയതാ. വന്നപ്പോ ദേ കിടക്കണ്‌ ഉള്ളതിലൊന്നിനെ നിഷ്‌കരുണം കഴുത്തു ഞെരിച്ചു കൊന്നേക്കുന്നു.. എവിടെ കെണിയിലേക്ക്‌ തുനിഞ്ഞിറങ്ങിയവന്‍..

  (അതോ ഇനി എന്നെ കണ്ട്‌ ഒളിച്ചിരിക്കുന്നതാണോ.)

  നൌഷര്‍

 24. അജ്ഞാതന്‍ പറഞ്ഞു...

  എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

 25. വിചാരം പറഞ്ഞു...

  മാഷിനും കുടുംബാംഗങ്ങള്‍ക്കും
  സ്നേഹവും സന്തോഷവും
  കരുണയും ദയയും
  നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
  പുതുവത്സരാശംസകള്‍
  നേരുന്നു

 26. അജ്ഞാതന്‍ പറഞ്ഞു...

  നമ്മിലെ നന്മകളെ ഉണര്‍ത്തുന്ന നല്ല വരികള്‍, കഥയും അതിഭാവുകത്വവുമില്ലാത്ത ഇവയെല്ലാം അനുഭവക്കുറിപ്പുകളാണെങ്കില്‍ വീണ്ടും വീണ്ടും വായിക്കുവാന്‍ ആഗ്രഹിക്കുന്നു, ചില നീണ്ടുപോകലുകള്‍ ഒഴിവാക്കുന്നത്‌ ഭങ്ങിയായിരിക്കുമെന്ന് തോന്നുന്നു...

  സ്നേഹത്തോടെ

 27. Unknown പറഞ്ഞു...

  കരീം മാഷെ,

  ബ്ലോഗില് വന്ന് ലിങ്ക് തന്നത് നന്നായി.. അല്ലെങ്കില്‍ ഈ കഥ ഞാന്‍ ഒരിക്കലും കാണുമായിരുന്നില്ല.. ഒരു ക്രിക്കറ്റ് മത്സരത്തിന്റെ രസം..

  അടിപൊളി കഥ..

  ഒരു സംശയം കൂടി.. ബ്ലോഗിലെ ചിത്രങ്ങള്‍ മാഷ്‌ടെ സൃഷ്‌ടിയാണോ..?? എതായാലും അവയും നന്നായിട്ടുണ്ട്..

 28. നന്ദന്‍ പറഞ്ഞു...

  മാഷെ, എന്റെ അനിയന്‍ ബാലു പറഞ്ഞാണ്‍ ഞാന്‍ ഇത് വായിച്ചത്.. നല്ല കഥ കേട്ടൊ.. :)

  അന്ധ വിശ്വാസങ്ങള്‍ക്ക് എനിക്കും കുറവില്ല. പക്ഷേ നമ്മുടെ ടീം കളിക്കു‌മ്പോഴെയുള്ളൂ എന്നു മാത്രം.. ഇന്ത്യ ബാറ്റ് ചെയ്യു‌മ്പോ ഞാന്‍ കഴിയുന്നതും സീറ്റില്‍ നിന്ന് അനങ്ങാറില്ല.. ഇന്നലെ ഒന്നെണീറ്റു.. യുവ്‌രാജ് ഔട്ടുമായി! :) എന്താ ചെയ്ക!

 29. കരീം മാഷ്‌ പറഞ്ഞു...

  ബാലുവും നന്ദനും നന്ദി.
  ഇതിനു ആത്മകഥാംശം ഏറെയുണ്ട്.
  ഈ പോസ്റ്റിലെമാത്രം ചിത്രം ഞാന്‍ ഫഹദെന്ന കൊച്ചു പയ്യനെ കൊണ്ടു വരപ്പിച്ചതാണ്. അവന്റെ കഴിവു ഞാന്‍ കണ്ടെത്തിയതു യാദൃശ്ചികമായിട്ടായിരുന്നു.
  താഴെ കൊടുത്ത ലിങ്കു നോക്കിയാല്‍ അവന്റെ മറ്റു ചിത്രങ്ങള്‍ കാണാം.

  ചിത്രത്തുണ്ടുകള്‍: ഫഹദെന്ന കൊച്ചു ചിത്രകാരന്‍ (Paintings)