തിങ്കളാഴ്‌ച, ഡിസംബർ 18, 2006

കെണിയിലേക്കു തുനിഞ്ഞിറങ്ങിയവന്‍.

ഇതു വെറും കഥയാണ്‌ (കഥ മാത്രം)
മലപ്പുറത്തു പുതുതായി വന്ന പാസ്പോര്‍ട്ട്‌ ഓഫീസിന്റെ മഹിമകളായിരുന്നു നാട്ടില്‍ പോകാന്‍ നേരം വര്‍ത്തമാന പത്രങ്ങളിലും മറ്റു വാര്‍ത്താ-ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നത്‌.
അതു കണ്ടിട്ടാണ്‌ എനിക്കെന്റെ മൂര്‍ദ്ധാവില്‍ ഒരു വിനാശകാലേ വിപരീതബുദ്ധി തോന്നിയതും അതെന്റെ അവധിയെ കാര്‍ന്നു തിന്ന അശനിപാതമായി ഭവിച്ചതും.
ഇരുപത്തിനാലു മണിക്കൂറിനകം ദുബൈയിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്റെ പാസ്‌പോര്‍ട്ട്‌ പുതുക്കിത്താരാമെന്നു പറഞ്ഞ പി.ആര്‍.ഒ.വിനോട്‌,സോറി, ഞാനിത്തവണ നാട്ടില്‍ നിന്നു പുതുക്കിക്കൊള്ളാമെന്നു പറഞ്ഞൊഴിഞ്ഞപ്പോള്‍ എന്റെ കണ്ണിലന്നേരം മിന്നിക്കത്തിയ ഒരു അഹങ്കാരത്തിന്റെ കനല്‍ തട്ടി അയാള്‍ക്കൊന്നു ചെറുതായി പൊള്ളിയെന്നു എനിക്കപ്പോഴേ തോന്നിയിരുന്നു.
തിന്മയുടെ ചാകരയും ദുരിതങ്ങളുടെ കൊയ്‌തുകാലവും വന്നെന്ന്‌ മനുഷ്യരെ പ്രലോഭിക്കാന്‍ നിയോഗിക്കപ്പെട്ട പിശാചുക്കളുടെ നെറ്റ്‌വര്‍ക്കിനു പോലും അന്നേരം വിവരം കിട്ടിക്കാണില്ല, അറിഞ്ഞിരുന്നങ്കില്‍ അവരുടെ വാമപ്പു കണ്ട്‌ എനിക്കെന്റെ ആറാമിന്ദ്രിയം ഒരു സൂചനയെങ്കിലും തന്നേനെ!.
വിമാനമിറങ്ങി പത്തിരുപതു കിലോമീറ്റര്‍ അകലെയുള്ള എന്റെ വീട്ടിലേക്കു ഫാമിലിയുമൊത്തു ആഹ്ലാദത്തോടെ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യയുടെ പുതിയ പാസ്പോര്‍ട്ട്‌ ഓഫീസ്‌ മലപ്പുറത്തിനു അനുവദിച്ച കേന്ദ്രമന്ത്രിക്കഭിവാദ്യങ്ങള്‍ എന്നെഴുതിയ ബോര്‍ഡുകള്‍ വഴിയോരങ്ങളിലുടനീളം കണ്ടു ഞാന്‍ എന്റെ യുക്തിപരമായ തീരുമാനത്തില്‍ അഭിമാനം കൊണ്ടു.
പുല്ലൂരാന്റെ കല്ല്യാണത്തില്‍ പങ്കെടുത്തതിന്നു പിറ്റേന്നു ഞാന്‍ പാസ്‌പോര്‍ട്ട്‌ ഓഫീസിലെത്തിയത്‌ രാവിലെ എട്ടു മണിക്കായിരുന്നു.വിശ്വസിക്കാനാവാത്ത ഒരു കാഴ്‌ചയാണു കണ്ടത്‌. രാവിലെ ആറര മുതല്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍, ചൈനീസ്‌ ഡ്രാഗനെപ്പോലെ വളഞ്ഞു പുളഞ്ഞു ആരിലും വിസ്മയത്തിനു വക നല്‍കുന്ന നീണ്ട വരി.
ഞാനും വരിയുടെ വാലില്‍ കേറി നിന്നു. പത്തര വരെ വരിയില്‍ നിന്നു നിന്നു വേരിറങ്ങുന്നതിന്നു തൊട്ടു മുന്‍പു കൗണ്ടര്‍ തുറന്നു ഉദ്യോഗസ്ഥന്‍ സീറ്റിലിരുന്നു.ഓരോരുത്തര്‍ക്കായി ടോക്കണ്‍ കൊടുത്തു. ആദ്യം ടോക്കണ്‍ എടുക്കുക പിന്നീട്‌ പ്രശ്നം അവതരിപ്പിക്കുക എന്നതാണവിടത്തെ രീതി. നിശ്ചിത ടോക്കണ്‍ കൊടുത്തപ്പോള്‍ അന്നത്തെ വിതരണം നിര്‍ത്തി ബാക്കിയുള്ളവരോട്‌ പിറ്റേന്നു വരാന്‍ അരുളപ്പാടുണ്ടായി. ഞാന്‍ നില്‍ക്കുന്നതിന്റെ പത്തു പതിനഞ്ചാളുകള്‍ക്കു മുന്‍പില്‍ വെച്ചു വരിക്കു വിലയില്ലാതായി.
നിരാശതോന്നിയെങ്കിലും ഞാന്‍ ആശ്വസിച്ചു. എനിക്കു മുന്‍പേ ആറുമണിക്കു വന്നവര്‍ക്കാണല്ലോ ടോക്കണ്‍ കിട്ടിയത്‌ സാരമില്ല.
ചുരുങ്ങിയപക്ഷം പാസ്‌പോര്‍ട്ട്‌ പുതുക്കാനുള്ള അപേക്ഷയെങ്കിലും വാങ്ങി മടങ്ങിപ്പോകാമെന്നു കരുതി അതുകിട്ടുന്നിടം തെരക്കിയപ്പോള്‍ ഒരു ഉദ്യോഗസ്‌ഥന്‍ റോഡിനപ്പുറത്തെ സ്വകാര്യ ട്രാവല്‍സുകള്‍ ചൂണ്ടിക്കാണിച്ചു തന്നു. എനിക്കല്‍ഭുതം തോന്നി.പാസ്പോര്‍ട്ടു കാര്യങ്ങളില്‍ നിന്നു സ്വകാര്യ സ്ഥാപങ്ങളെ മാറ്റി എന്നു പറഞ്ഞിട്ടും ഫോം വിതരണം ഇപ്പോഴും അവരിലൂടെ തന്നെ. ഇതു കൊണ്ടെന്നു മാറ്റം.എല്ലാ നിയന്ത്രണവും സ്വകാര്യ സ്ഥാപനങ്ങള്‍ക്കു തന്നെ!
ഞാന്‍ അവിടേക്കു നടന്നു.ഫോം ചോദിച്ചപ്പോള്‍ അവര്‍ പാസ്‌പോര്‍ട്ടു ചോദിച്ചു. പാസ്പോര്‍ട്ട്‌ വാങ്ങിച്ചയുടന്‍ ഒരുത്തന്‍ ഉടനെ തീരെ ഭംഗിയില്ലാത്ത കൈയ്യക്ഷരത്തില്‍ ഫോം പൂരിപ്പിക്കുകയാണ്‌. ഞാന്‍ തടഞ്ഞു കൊണ്ടു പറഞ്ഞു.വേണ്ടാ ഞാന്‍ പൂരിപ്പിച്ചോളാം.
അയാള്‍ പറഞ്ഞു."ഫോം മാത്രമായിട്ടു തരാന്‍ പറ്റില്ല ഫില്‍ചെയ്തു 100 രൂപ്‌ ചാര്‍ജു ചെയ്യും". ഞാന്‍ പറഞ്ഞു. "എനിക്കു ഫോം വേണ്ടാ".
"അതു പറ്റില്ല ഞങ്ങള്‍ കുറച്ചു പൂരിപ്പിച്ചു അതിനാല്‍ ഫോം വേസ്റ്റായി. ഇനി വേണ്ടങ്കിലും പൈസ തന്നേ മതിയാവൂ".
വഴക്കുണ്ടാക്കാന്‍ മാന്യത സമ്മതിച്ചില്ല. അവസാനം ഗത്യന്തരമില്ലാതെ 100 രൂപ കൊടുത്തു.
പിറ്റേന്ന് ആറരക്കു തന്നെ ഞാന്‍ പുരിപ്പിച്ച ഫോമും പഴയ പാസ്പോര്‍ട്ടും കൊണ്ടു ക്യൂവില്‍ നിന്നു.10.30 നാണ്‌ എനിക്കു ടൊക്കണ്‍ കിട്ടിയത്‌. അതും കയ്യില്‍ വെച്ചു ഞാന്‍ ഊഴത്തിനായി കാത്തിരുന്നു. എന്റെ നമ്പര്‍ വിളിച്ചു. ഞാന്‍ പഴയ പാസ്പോര്‍ട്ടും അപേക്ഷയും കൗണ്ടറില്‍ കൊടുത്തു. പാസ്പോര്‍ട്ടില്‍ വാലിഡ്‌ വിസയുണ്ടെന്നു ഓഫീസരെ ഓര്‍മ്മപ്പെടുത്തി.അവര്‍ പാസ്‌പോര്‍ട്ട്‌ ക്യാന്‍സല്‍ സീല്‍ അടിച്ചു തിരിച്ചു തന്നു. പിന്നെ പറഞ്ഞു. രണ്ടരമാസംത്തില്‍ കൂടുതല്‍ സമയം എടുക്കും. താങ്കള്‍ ഇതിന്നു മുന്‍പു ദുബൈയില്‍ നിന്നാണ്‌ പുതുക്കിയത്‌ അതിനാല്‍ പുതിയ പാസ്പോര്‍ട്ട്‌ എടുക്കുന്നതുപോലെയുള്ള എല്ലാ പ്രൊസീജിയറും വേണം.
ഞാന്‍ ഞെട്ടിക്കൊണ്ടു പറഞ്ഞു.എനിക്കിനി ഒരുമാസത്തെ ലീവേയുള്ളൂ.അതിനിടയില്‍ പുതിയ പാസ്‌പോര്‍ട്ടു കിട്ടാഞ്ഞാല്‍ എന്റെ ജോലിയെ ബാധിക്കും.
എങ്കില്‍ നിങ്ങള്‍ എസ്‌.പി. ഓഫീസില്‍ പോയി പ്രത്യേക വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടു വാങ്ങി കൊണ്ടുവന്നാല്‍ പതിനഞ്ചു ദിവസത്തിനകം തരാം.
ഞാന്‍ ആശ്വാസത്തോടെ ഉടനെ തന്നെ നേരിട്ടു എസ്‌.പി. ഓഫീസില്‍ പോയി.
അവിടെ ചെന്നപ്പോളാണ്‌ സംഗതിയുടെ കോമ്പ്ലിക്കേഷന്‍ മനസ്സിലായത്‌.ഒരു ഫഹദെന്ന ഏതോ ഒരു പാക്കിസ്ഥാനിക്കു ഇന്ത്യന്‍ പാസ്‌പോര്‍ട്ടു ഇഷ്യൂ ചെയ്ത്തതിന്റെ അന്വേഷണം പൊടിപൊടിക്കുകയാണവടെ.
എന്റെ വില്ലേജ്‌ ഓഫീസില്‍ നിന്നു ഒരു നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റും എന്റെ പോലീസ്‌ അതിര്‍ത്തിയിലെ സ്‌റ്റേഷനില്‍ നിന്നു പോലീസ്‌ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും വേണം.
വില്ലേജ്‌ ഓഫീസിലെ നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റു കിട്ടാന്‍ SSLC ബുക്കു ഒറിജിനല്‍ വേണം.ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഭദ്രമായി എന്റെ U.A.E. യിലെ വില്ലയില്‍ പെട്ടിയില്‍ വെച്ചു പോന്നതാണ്‌. അറ്റസ്‌റ്റു ചെയ്ത ഫോട്ടോസ്‌റ്റാറ്റു കോപ്പി ഞാന്‍ കാണിച്ചു കൊടുത്തങ്കിലും സ്വീകരിച്ചില്ല.നിരാശനായി വീട്ടിലെത്തിയ എനിക്കു യു.എ.യിലെ കസിന്റെ ഫോണ്‍ കിട്ടി. നാളെ നാട്ടിലേക്കൊരാള്‍ വരുന്നു എന്തെങ്കിലും വേണോ?
ഞാന്‍ ദൈവത്തെ സ്തുതിച്ചു. എന്റെ റൂം തുറന്നു SSLC ബുക്കു എടുത്തു അതു കൊടുത്തു വിടാന്‍ ഞാന്‍ അവനോടു പറഞ്ഞു. അതിനാല്‍ പിറ്റേന്നു തന്നെ SSLC ബുക്കു കിട്ടി. ഒരിജിനല്‍ സര്‍റ്റിഫിക്കറ്റു കാണിച്ചു കൊടുത്തപ്പോള്‍ വില്ലേജു ഓഫീസരില്‍ നിന്നു നാറ്റിവിറ്റി സര്‍റ്റിഫിക്കറ്റു കിട്ടി.ഇനി പോലീസ്‌ സ്‌റ്റേഷനില്‍ നിന്നു പോലീസ്‌ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടു കിട്ടണം. സഹായിക്കാനും റക്കമെന്റു ചെയ്യാനും ഒരുപാട്‌ പേരുണ്ടായിട്ടും രണ്ടുദിവസം ഞാന്‍ പോലീസ്‌സ്‌റ്റേഷനില്‍ കാത്തിരുന്നു. ലോക്കപ്പിനഭിമുഖമായ കസേരയില്‍ കാത്തിരുന്നു മുഷിഞ്ഞപ്പോള്‍ എന്റെ വിലപ്പെട്ട അവധിദിനങ്ങള്‍ കൊഴിഞ്ഞു വീഴുന്നതു സങ്കടത്തോടെ കണ്ടു.ലോക്കപ്പിന്റെ തൊട്ടു മുന്‍പിലെ കസേരയില്‍ മൂന്നു ദിവസം നാലഞ്ചു മണിക്കൂര്‍ വീതം അസ്വസ്ഥനായി ഇരുന്നപ്പോള്‍ എന്റെ അതിബുദ്ധിയെ ഞാന്‍ ശപിച്ചു. തുരുമ്പു പിടിച്ച ജയിലഴികള്‍ എന്റെ കണ്ണില്‍ പേടിയുടെ കുന്തം കൊണ്ടു ഇടക്കിടെ കുത്തി. മനസ്സിനിത്തിരി ആശ്വാസം തരുന്ന എന്തെങ്കിലും ദൃശ്യം അന്വേഷിച്ച കണ്ണുകള്‍ക്ക നിരാശ മാത്രം കിട്ടി. നാടോടിക്കാറ്റ്‌ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ശ്രീനിവാസനു കാണിച്ചു കൊടുത്ത ഗാന്ധിചിത്രം ചുമരിലെവിടെയെങ്കിലും കാണുമെന്നു മോഹിച്ചു.
പിന്നെയാണ്‌ ഓര്‍ത്തത്‌ സ്വന്തം പോക്കറ്റിലെ രിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഗ്യാറന്റി ഒപ്പിട്ട കടലാസില്‍ ഗാന്ധിയുടെ പടമിരിക്കുന്നുണ്ടല്ലോ. പോക്കറ്റില്‍ നിന്നു ഗാന്ധിയെ എടുത്തു നോക്കി മനസ്സു തണുപ്പിച്ചു. ജയിലഴികളെ മറച്ചു പിടിക്കാന്‍ ഞാന്‍ ഗാന്ധിയുള്ള കടലാസു മറയാക്കി. പെട്ടന്നാണ്‌ റിപ്പോര്‍ട്ടെഴുതുന്ന പോലീസുകാരന്‍ സീറ്റില്‍ നിന്നു ഒരു ഹര്‍ഡില്‍സും ചാടി എന്റെ കസേരക്കടുത്തെത്തിയത്‌. ഞാന്‍ ഞെട്ടി. ഗാന്ധി ചിത്രം പോക്കറ്റിലെക്കിടുന്നതിന്നു മുന്‍പ്‌ അയാള്‍ അതില്‍ പിടുത്തമിട്ടു. എന്നോടു പറഞ്ഞു. ഇതുണ്ടായിരുന്നങ്കില്‍ എന്തേ നേരത്തെ പറയാതിരുന്നത്‌. ഇത്ര നേരം കാത്തിരിക്കണമായിരുന്നോ?
അയാള്‍ക്കും ഗാന്ധിയെ കണ്ടപ്പോഴായിരിക്കും ആശ്വാസം കിട്ടിയത്‌. അയാള്‍ക്കു ആശ്വാസം കിട്ടിയപ്പോള്‍ എനിക്കു വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും കിട്ടി. ഞാന്‍ ഗാന്ധിജിക്കു നന്ദി പറഞ്ഞു.
റിപ്പോര്‍ട്ടു കൊണ്ടു ഞാന്‍ നേരെ എസ്‌ .പി. ഓഫീസിലേക്കു പോയി. അവിടെ ഡി.വൈ.എസ്‌.പി.യുടെ ഒപ്പിനായി കുറേ നേരം കാത്തിരുന്നു. അവസാനം അതു കിട്ടി. ക്ലാര്‍ക്ക്‌ അപേക്ഷ വാങ്ങി മറ്റൊരു ഫയല്‍ എന്റെ കയ്യില്‍ തന്നു പറഞ്ഞു. ഇനി സ്‌പെഷല്‍ ബ്രഞ്ച്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റു വേണം. ആതിനു വീണ്ടും പതിന്‍ഞ്ചു കി.മി.തിരിച്ചു യാത്ര ചെയ്യണം. ഞാന്‍ അങ്ങോടു തിരിച്ചു.
അവിടെ ചെന്നപ്പോള്‍ അയാള്‍ ഫീല്‍ഡില്‍ പോയിരിക്കുന്നു. വൈകുന്നേരം നാലു മണിക്കേ വരൂ. കാത്തു നിന്നു. പത്തു പതിനഞ്ചാളുകള്‍ ക്യൂവിലുണ്ടായിരുന്നു.മരിച്ചെന്നു എയര്‍ ഇന്ത്യ സാക്ഷ്യപ്പെടുത്തിയ "നവരപ്പായസവും" ക്യൂവില്‍ ‍.“നവര്‍പ്പായസ"ത്തിന്റെ ഊഴമെത്തിയപ്പോള്‍ സംഗതിയുടെ കോമ്പ്ലിക്കേഷന്‍ കണ്ടു ഓഫീസര്‍ മൂഡ്‌ ഔട്ടായി.അയാള്‍ ബാക്കിയുള്ളവരോട്‌ പിറ്റേന്നേക്കു വരാന്‍ പറഞ്ഞു.
എന്നോട്‌ എന്റെ ഹൈസ്ക്കൂളില്‍ പോയി റിക്കാര്‍ഡുകള്‍ ചെക്കു ചെയ്യണമെന്നും സ്‌കൂളിലേക്കു പോകാന്‍ പിറ്റേന്നു വണ്ടിയുമായി വരണമെന്നും പറഞ്ഞു. ഞാന്‍ പിറ്റേന്നു രാവിലെ തന്നെ വണ്ടിയുമായി അയാളുടെ ഓഫീസിലെത്തി. അയാളേയും കയറ്റി ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയ എന്റെ സ്‌കൂളിലെത്തിച്ചു. അവിടെ ഞാനറിയുന്ന അധ്യാപകരെല്ലാം മാറിയിരിക്കുന്നു. ഏങ്കിലും ഏട്ടാം ക്ലാസ്സു മുതല്‍ ഞാന്‍ പഠിച്ചിരുന്ന റിക്കാര്‍ഡുകള്‍ പരിശോധിച്ചു ഹെഡ്‌ടീച്ചര്‍ എഴുതി തന്ന സര്‍ട്ടിഫിക്കറ്റും വങ്ങി ഓഫീസര്‍ എനിക്കുള്ള റിപ്പോര്‍ട്ട്‌ എഴുതി തന്നു. അയാളും കഠിന ഗാന്ധി ഭക്തന്‍.
ആ റിപ്പോര്‍ട്ട്‌ ഞാന്‍ വീണ്ടും എസ്‌ പി ഓഫീസില്‍ കൊടുത്തു. അപ്പോഴേക്കു ഫഹദു പ്രശ്നത്തില്‍ അതേ ഓഫീസിലെ ഒരുദ്യോഗസ്ഥനെ പിടിച്ചിരുന്നു.അതിനാല്‍ എസ്‌.പി. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കര്‍ശ്ശനമായ നിയന്ത്രണങ്ങള്‍ വെച്ചു. ഞാന്‍ എന്റെ ദയനീയ അവസ്ഥ നേരില്‍ കണ്ടു പറഞ്ഞു. ഞാന്‍ കഴിഞ്ഞ പതിനേഴു കൊല്ലമായി വിദേശത്തു ജോലി നോക്കുന്നയാളാണെന്നും ആദ്യമായിട്ടാണു പാസ്പോര്‍ട്ടു പുതുക്കാന്‍ നാട്ടില്‍ കൊടുത്തത്‌ എന്നും ഞാന്‍ യാതൊരു തീവ്രവാദ പ്രവര്‍ത്തനത്തിനും പോയിട്ടില്ലന്നും ഞാന്‍ ഒരു ദേശസ്‌നേഹിയാണെന്നും ഞാന്‍ വിനീതമായി പറഞ്ഞു.
എസ്‌.പി ചോദിച്ചു.
"നിങ്ങള്‍ ഒരു ദേശസ്നേഹിയാണെന്നും ഭീകരവാദിയല്ലന്നും നിങ്ങള്‍ക്കെങ്ങനെ തെളിയിക്കാനാവും?
ഞാന്‍ ഒരു നിമിഷം വല്ലാതായി. ഞാന്‍ എങ്ങനെ അതു തെളിയിക്കും. ഇപ്പോള്‍ ഓരോ മുസ്ലിം നാമധാരിയുടെയും ബാധ്യതയാണ്‌ താന്‍ തീവ്രവാദിയല്ലന്നും ദേശസ്നേഹിയാണെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്തല്‍.
ഞാന്‍ എങ്ങനെ ഹൃദയം തുറന്നു കാണിച്ചു കൊടുക്കും.
പെട്ടന്നാണു എനിക്കു പറയാന്‍ തോന്നിയത്‌. " സാര്‍ എനിക്കൊരു മലയാളംബ്ലോഗുണ്ട്‌. അതു വായിച്ചാല്‍ എന്റെ വ്യക്തിപരമായ കുറേ വിവരങ്ങള്‍ കിട്ടും".
ബ്ലോഗോ? അയാള്‍ കൂടുതല്‍ സംശയാലുവായി. ഈയിടെ ബ്ലോഗിലൂടെയും ഇന്‍റ്റര്‍നെറ്റിലൂടെയുമാ കൂടുതല്‍ ഭീകരപ്രവര്‍ത്തനവും കുറ്റകൃത്യങ്ങളും നടക്കുന്നത്‌.അതിനാല്‍ നിന്റെ ബ്ലോഗു നന്നായി ചെക്കു ചെയ്തിട്ടേ സര്‍ട്ടിഫിക്കറ്റു തരൂ.
രണ്ടു ദിവസം കഴിഞ്ഞു വരൂ. അയാള്‍ എന്റെ ബ്ലോഗിന്റെ അഡ്രസ്സ്‌ ആ ഫയലില്‍ ചുവന്ന മഷിയില്‍ എഴുതി വെച്ചു.
ഞാന്‍ കഠിനമായ ദു:ഖത്തോടെ കോണിപ്പടികള്‍ ഇറങ്ങി ബ്ലോഗിനെക്കുറിച്ചു പറയേണ്ടിയിരുന്നില്ല. വെളുക്കാന്‍ തേച്ചതു പാണ്ടായിപ്പോയി. പറ്റിപ്പോയില്ലേ! സഹിച്ചല്ലെ മതിയാവൂ.
എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം എനിക്കു എസ്‌ പി യുടെ പോലീസു വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടു കിട്ടി.അതിന്നു മുകളില്‍ applicant to see me എന്ന ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ഞാന്‍ ഗോവണി കയറിച്ചെന്നു. അനുവാദം ചോദിച്ചു അകത്തു കയറി. എന്നെ കുറിച്ചു ഓര്‍മ്മപ്പെടുത്തി.
ആദ്യമായി കാക്കിയണിഞ്ഞ രൂപത്തിനു ഗാന്ധിജിയുടെ ഒരു പുഞ്ചിരിക്കുന്ന മുഖം കണ്ടു.
നിങ്ങളുടെ ബ്ലോഗു ഞാന്‍ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ചെക്കു ചെയ്യിച്ചു. നിങ്ങള്‍ നല്ലതു ചെയ്യുന്നു, ക്ഷമിക്കുക, ഇപ്പോള്‍ എല്ലാരെയും സംശയിക്കേണ്ട കാലമാണ്‌. ബുദ്ധിമുട്ടുകള്‍ക്കു ക്ഷമിക്കുക.
സന്തോഷത്തോടെ ഞാന്‍ ഗോവണികള്‍ ഇറങ്ങിയതു മനം തുള്ളിക്കളിച്ചു കൊണ്ടായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്റെതിനെപ്പോലെ!
റിപ്പോര്‍ട്ട്‌ പാസ്പോര്‍ട്ട്‌ ഓഫീസില്‍ സമര്‍പ്പിച്ചു. കൂടെ പ്രത്യേക ഫീസായ 1500 രൂപയും ( ആദ്യം കൊടുത്ത 1500 രൂപക്കു പുറമെ)
പിന്നെ പതിനഞ്ചു ദിവസത്തിനു ശേഷം ചെല്ലാന്‍ ഒരു റസീറ്റും കിട്ടി.
പതിനഞ്ചു ദിവസത്തിനു ശേഷം വീണ്ടും ഒരു നാലു മണിക്കൂര്‍ ക്യൂവില്‍ നിന്നു എനിക്കു പുതുക്കിയ പാസ്പോര്‍ട്ടു കിട്ടി. ദൈവത്തിനു സ്‌തുതി.
ഞാന്‍ ഗള്‍ഫിലേക്കു മടങ്ങിപ്പോരുന്ന ദിവസം വീണ്ടും എന്നെ തെരഞ്ഞു സ്‌പെഷല്‍ ബ്രാഞ്ച്‌ ഓഫീസരുടെ ഒരു പ്യൂണ്‍ വീട്ടില്‍ വന്നു അവനും ഗാന്ധിയെ ഇഷ്ടമാണെന്നു പറഞ്ഞു. എന്റെ ഉള്ളിലെ ഗാന്ധി അന്നേരം ഗോദ്‌സെയായി രൂപാന്തരപ്പെട്ടീരുന്നതിനാല്‍ ഞാന്‍ എന്റെ ഉപ്പാന്റെ മലപ്പുറം കത്തി ഓര്‍ത്തു കുറച്ചു നേരം കാത്തു നിന്നയാള്‍ എന്തിക്കെയോ പിറുപിറുത്തു സ്‌ഥലം വിട്ടു.
നാല്‍പത്തഞ്ചു ദിവസത്തെ അവധിയില്‍ പതിനഞ്ചു ദിവസം ഞാന്‍ ഈ പ്രശ്നത്തിനു ടെന്‍ഷനായി ഓടിനടന്നു.വിലപ്പെട്ട മൂന്നിലൊന്നു അവധിക്കാലം. വല്ലാത്ത ഒരനുഭവം.ഒരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ!

15 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    നാല്‍പത്തഞ്ചു ദിവസത്തെ അവധിയില്‍ പതിനഞ്ചു ദിവസം ഞാന്‍ ഈ പ്രശ്നത്തിനു ടെന്‍ഷനായി ഓടിനടന്നു.വിലപ്പെട്ട മൂന്നിലൊന്നു അവധിക്കാലം. വല്ലാത്ത ഒരനുഭവം.ഒരാള്‍ക്കും സംഭവിക്കാതിരിക്കട്ടെ!

  2. അജ്ഞാതന്‍ പറഞ്ഞു...

    തിന്മയുടെ ചാകരയും ദുരിതങ്ങളുടെ കൊയ്‌തുകാലവും വന്നെന്ന്‌ മനുഷ്യരെ പ്രലോഭിക്കാന്‍ നിയോഗിക്കപ്പെട്ട പിശാചുക്കളുടെ നെറ്റ്‌വര്‍ക്കിനു പോലും അന്നേരം വിവരം കിട്ടിക്കാണില്ല, അറിഞ്ഞിരുന്നങ്കില്‍ അവരുടെ വാമപ്പു കണ്ട്‌ എനിക്കെന്റെ ആറാമിന്ദ്രിയം ഒരു സൂചനയെങ്കിലും തന്നേനെ!.

    ചൈനീസ്‌ ഡ്രാഗനെപ്പോലെ വളഞ്ഞു പുളഞ്ഞു ആരിലും വിസ്മയത്തിനു വക നല്‍കുന്ന നീണ്ട വരി.

    മാഷേ.. ഉംം.. പുലി പുപ്പുലിയാവണുണ്ട്‌ ട്ടാ.. Keep it up

    നൌഷര്‍

  3. Kalesh Kumar പറഞ്ഞു...

    കരിംഭായ്, കലക്കി!
    തിരിച്ചെത്തീട്ട് പോസ്റ്റൊന്നും കാണാഞ്ഞപ്പോൾ തിരക്കായിരിക്കുമെന്ന് കരുതി.
    നാട്ടിലെ പാസ്സ്പോർട്ട് ഓഫീസിലൊക്കെ പോയി ആരെലുമൊക്കെ എന്തേലും ചെയ്യുമോ?
    റീമയുടെ പേര് എന്റെ പാസ്സ്പോർട്ടിൽ ചേർക്കാൻ ഞാനൊന്ന് പോയ പാട് എനിക്കറിയാം!

  4. asdfasdf asfdasdf പറഞ്ഞു...

    കരീം ഭായ് നന്നായിട്ടുണ്ട്. ബ്ലോഗുകൊണ്ട് ഇങ്ങനെ ചില ഗുണങ്ങളുമുണ്ടല്ലേ. എനിക്കത്ര ധൈര്യം പോര. :)

  5. Mubarak Merchant പറഞ്ഞു...

    നന്നായി.

  6. അരവിന്ദ് :: aravind പറഞ്ഞു...

    കൊടകരപോസ്റ്റുകളും ഇടിഗഡിയുടേ കമന്റുകളും (പിന്നെ എന്റെ സ്വന്തം പോസ്റ്റുകളും) വായിച്ച് ചിരിക്കുന്നതിനേക്കാള്‍ ചിരിച്ചു കേട്ടോ മാഷേ, ഗാന്ധിപ്രയോഗവും , ഗോഡ്സെയും മറ്റും വായിച്ച്!

    സൂപ്പര്‍ എഴുത്ത്....മാഷാണ് മാഷ്! :-))

    ബൈ ദ ബൈ, എസ്.പി ഓഫീസില്‍ വേരിഫിക്കേഷന്‍ കിട്ടാന്‍ ഞാനും പോയിട്ടുണ്ട്. വെയിറ്റ് ചെയ്യണം എന്നറിഞ്ഞപ്പോള്‍ നേരെ പോയി ഒരു രാഷ്ട്രീയക്കാരനെകണ്ട് അങ്ങേരെക്കൊണ്ട് എസ്.പിയെ വിളിപ്പിച്ചു “ഡേയ് നമ്മടെ ചെക്കനാടേ, സെര്‍ട്ടിഫിക്കേറ്റ് പെട്ടെന്ന് കൊട്” എന്ന് പറയിപ്പിച്ചു.
    ഉടനെ കൊടുക്കാം സാര്‍ എന്ന് പറഞ്ഞ എസ്.പി ഞാന്‍ തിരിച്ച് റൂമിലെത്തിയപ്പോള്‍
    “ആവശ്യമില്ലാത്ത പണിക്ക് എന്തിനാ മോനേ പോയത്? നീ ഇനി പോയി മുഖ്യനെ കണ്ടേച്ച് വാ, സര്‍ട്ടിഫിക്കറ്റ് ഞാന്‍ തോന്നുമ്പം തരും” എന്ന് പറഞ്ഞു.
    ആകെ ഞെട്ടിയ ഞാന്‍ “പൊന്നേശ്‌മാനേ, അപത്തം പറ്റ്യ്യതാണേ....സെര്‍ട്ടിഫിക്കേറ്റ് തരണേ” എന്ന് താണ് വീണപേക്ഷിച്ചതിനാല്‍, ഒരാഴ്ച കഴിഞ്ഞപ്പോ കിട്ടി.
    അതിനു ശേഷം ഞാന്‍ ശുപാര്‍ശക്ക് പോയിട്ടില്ല.

  7. ദേവന്‍ പറഞ്ഞു...

    ദൈവമേ!

    കത്തിച്ച വിറകിന്റെ രശീതിയും പിന്നെ മരിച്ചയാള്‍ ജീവിച്ചിരുന്നെന്നതിനു തെളിവും ജീവിച്ചിരുന്നശേഷം മരിച്ചെന്നതിനു തെളിവും ആനന്ദിന്റെ മരണസര്‍ട്ടിഫിക്കേറ്റില്‍ ചോദിക്കുന്നതുപോലെ.

  8. മുസ്തഫ|musthapha പറഞ്ഞു...

    അത് ശരി അപ്പോ പാസ്പോര്‍ട്ട് പുതുക്കാനാ നാട്ടീ പോയത് അല്ലേ :)

  9. Physel പറഞ്ഞു...

    മാഷേ, ഇദിപ്പം പോസ്റ്റിയത് മലപ്പുറത്തൂന്നോ.. ദുബായീന്നോ. കുറച്ചീസമായ്യി ഇവിടത്തെ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ലാരുന്നു. പോസ്റ്റ് വായിച്ച് അത്ഭുതമൊന്നും തോന്നീല്യ....മാഷക്ക് പതിനഞ്ചീസമല്ലേ പോയുള്ളൂ. 45 ദിവസത്തെ അവധി തികയാഞ് പത്ത് ദിവസം വേറെയും അതിലൊരു ഒന്നര ദിവസം ജയിലിലും കിടന്നിട്ടുണ്ട് ഞാന്‍. ചുമ്മാ ഒരു നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഒപ്പീടിക്കാന്‍ പോയിട്ട്! (എന്റെ കയ്യിലിരുപ്പിന്റെ ഗുണം അല്ലാണ്ടെന്താ?)

  10. കരീം മാഷ്‌ പറഞ്ഞു...

    ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു എല്ലാ പ്രവാസികള്‍ക്കും വേണ്ടിയാണ്‌. ആരെങ്കിലും നാട്ടില്‍ പോയി പാസ്‌പോര്‍ട്ടു പുതുക്കാന്‍ ആഗ്രഹിക്കുന്നുണ്ടങ്കില്‍ നീണ്ട ലീവും കീശ നിറച്ചു കാശും ഉണ്ടായാല്‍ മാത്രം പോര നല്ല സഹന ശേഷിയും കൂടെ വേണം. സത്യം സത്യമായി ഏഴുതാന്‍ വേണ്ടി കഥയുടെ മേലങ്കിയണിഞ്ഞു.
    കമണ്ടിറ്റില്ലങ്കിലും വായിപ്പിക്കേണ്ടത്‌ അനിവാര്യമെന്നു എന്റെ മനസാക്ഷിക്കു തോന്നിയതിനാല്‍ വരും വരായ്‌കകള്‍ ആലോചിക്കാതെ പോസ്‌റ്റു ചെയ്‌തു ( ഇനി ഇതിലും മീതെ എന്തൊരോ വരാനാ....!)

  11. അജ്ഞാതന്‍ പറഞ്ഞു...

    ഹൊ ഇത്രേം പാടാ നാട്ടില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍?

    ഞാനിവിടന്ന് പുതുക്കി കഴിഞ്ഞ വര്‍ഷം. ആപ്ലിക്കേഷനും പഴയ പാസ്പോര്‍ട്ടും ഒരു കവറിലിട്ട് അയക്കേണ്ടിടത്തേക്കയച്ചു, 4-6 വീക്സ് എന്നു പറഞ്ഞിട്ട് മൂന്നാമത്തെ ആഴ്ച ഫെഡെക്സ്കാരന്‍ കൊണ്ടുവന്നു, പുതിയ പാസ്പോര്‍ട്ട്! ഇത്രേയുള്ളോ കാര്യമെന്ന് ഞാന്‍ വിചാരിച്ചതാ അന്ന്.

  12. കരീം മാഷ്‌ പറഞ്ഞു...

    പുല്ലൂരാനെ,
    ആ വിരലിലൂടെ ഒഴുകിവന്ന ഈ അക്ഷരങ്ങള്‍ എന്റെ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ വല്ലാത്തോരു സന്തോഷം.
    മനീഷയെ വല്ലാതെ മിസ്സു ചെയ്യുന്നുണ്ടാവും അല്ലേ!
    കൂടുതല്‍ താമസിക്കാതെ മനീഷ അവിടെയെത്താന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു.

  13. ശെഫി പറഞ്ഞു...

    മൊത്തം ചില്ലറ, കൊടകര പുരാണം,പെരിങ്ങോടന്റെ കഥകള്‍ തുടങ്ങിയവ pdf ഫോര്‍മാറ്റില്‍ കിട്ടി.മറ്റേതങ്കിലും ബ്ലോഗുകള്‍ അത്തരത്തില്‍ pdf ഫോര്‍മാറ്റില്‍ ഡൌണ്‍ലോട്‌ ചെയ്യാന്‍ സാധ്യമാണോ ഏതെങ്കിലും വെബില്‍ ലഭ്യമാണോ? url????????????????

  14. കരീം മാഷ്‌ പറഞ്ഞു...

    ഷെഫീ,
    എന്റെ കഥകള്‍ താഴെപ്പറയുന്ന യാഹൂ ഗ്രൂപ്പില്‍ ജോയന്‍ ചെയ്താല്‍ പി.ഡി. എഫ്. ഫോള്‍ഡരില്‍ നിന്നു കിട്ടും.
    മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.

    http://groups.yahoo.com/group/Sabnam/

  15. jamalcp പറഞ്ഞു...

    i had another experience from abu dhabi indian embassy,, but dubai indian conslte did the solution in my case.... anyway every should know that dont try to catch flying bird after released the bird in hand