ഞായറാഴ്‌ച, ജൂലൈ 29, 2007

ഏലസ്സ്‌

ഈയാഴ്ച ഇതു നാലാമത്തെ തവണയാണു നസീമാന്റെ മിസ്‌ കാളിനു ഞാന്‍ മൊബെയിലിലെ ക്രെഡിറ്റു കളയുന്നത്‌. ഒരു കാര്യവുമില്ല. റജബ്‌ 13 എന്ന തിയതിയും അതിന്റെ അപകടവും ഓര്‍മ്മിപ്പിക്കാനാണ്‌.

അന്നാണു അവളു കെട്ടിയ ആ ഏലസ്സിന്റെ ശക്തി ക്ഷയിക്കുന്ന ദിവസം.

രണ്ടു എയര്‍പോര്‍ട്ടിലും മെറ്റല്‍ ഡിക്റ്റേറ്റര്‍ അപകടസൂചന നല്‍കിയ ബീപ്‌ ബീപ്‌ ശബ്ദം പുറപ്പെടുവിച്ചതു ആ ചെമ്പിന്റെ ഏലസ്സു കാരണമായിരുന്നു . കോഴിക്കോട്ടതു കണ്ട ഉദ്യോഗസ്ഥന്‍ നിസ്സാരമട്ടില്‍ "പോ" എന്നു ചൊല്ലി. എന്നാല്‍ ദുബൈയില്‍ അതു കേട്ടു ഓടി വന്നതു ഒരു കൂട്ടം സെക്യൂരിറ്റി പോലീസുകാരായിരുന്നു. തന്റെ അരയില്‍ കെട്ടിയ ലോഹനിര്‍മ്മിത ഏലസ്സു അഴിച്ചെടുത്തു സംശയത്തോടെ കുത്തിത്തുറന്ന പ്രധാന പോലീസുകാരന്‍ ചുരുട്ടി മടക്കിയ ഒരു കടലാസു അതിനുള്ളില്‍ നിന്നു പുറത്തെടുത്തു പണിപ്പെട്ടു നിവര്‍ത്തിയപ്പോള്‍ അതില്‍ നിറയെ കള്ളിവരച്ചതിനുള്ളിലെ അറബിയക്ഷരം പോലെ തോന്നിക്കുന്നവ കണ്ടു രഹസ്യകോഡുകളാണെന്നയാള്‍ സംശയിച്ചതില്‍ അയാളെ കുറ്റപ്പെടുത്താനാവില്ല.
ഒന്നും മനസ്സിലാവാഞ്ഞിട്ടാവും അതിന്റെ ഒരുഫോട്ടോസ്റ്റാടുത്ത്‌ അതിലെന്റെ പാസ്പോര്‍ട്ടു നമ്പറും സ്പോണ്‍സറുടെ ഫോണ്‍ നമ്പറുമെഴുതിയെടുത്തു അയാള്‍ കൗണ്ടറിലിരുന്നയാള്‍ക്കു കൊടുത്തു, എന്റെ മുഖത്തെ കൂസലില്ലായ്മ നിരീക്ഷിച്ചു ഒരു പുച്ഛരസത്തോടെ ബാക്കിയൊക്കെ എന്റെ കയ്യിലേക്കിട്ടു തന്നു.

റൂമിലെത്തി, സുഖമായെത്തിയ വിവരം പറയാന്‍ നസീമയെ വിളിച്ചപ്പോള്‍ പുലര്‍ച്ചെ നാലുമണിയായിരുന്നു.
ദുബൈ പോലീസു ഏലസ്സു തുറന്ന വിവരം ഒരു തമാശയോടെ പറഞ്ഞപ്പോള്‍ അവള്‍ വല്ലാതെ പേടിച്ചു ചോദിച്ചു.

"എന്നിട്ടതു അപ്പോള്‍ തന്നെ അടച്ചില്ലേ?"
"അതിനകത്തെ ലിഖിതം വെളിച്ചം കാണിക്കാന്‍ പാടില്ല. ഉടനെ ആ കടലാസു നന്നായി മടക്കി ഏലസ്സിനുള്ളിലാക്കി അടച്ചു സീല്‍ ചെയ്യണം. ഇല്ലങ്കില്‍ അതു പുറത്തായ സമയം അതിനു ഫലം ഉണ്ടാവില്ല. പകരം, ഇനി വരുന്ന എല്ലാ അതേ 'തിഥി'കളിലും അതിനു വിപരീത ഫലം തീര്‍ച്ചയായും ഉണ്ടാവും".

പേടിച്ചു കൊണ്ടല്ല ഞാന്‍ അതു ചുരുട്ടി ലോഹകൂടിനകത്താക്കി അടച്ചു സൂപ്പര്‍ ഗ്ലൂ കൊണ്ടു സീല്‍ ചെയ്‌തതു, മറിച്ചു അവള്‍ ആദ്യമായി വളരെ ഗൗരവത്തോടെ അഭ്യര്‍ത്ഥിച്ച ഒരു കാര്യം തള്ളിക്കളയാന്‍ എനിക്കവളൊടുള്ള സ്നേഹം സമ്മതിക്കാത്തതതു കൊണ്ടു മാത്രമായിരുന്നു.

അങ്ങനെയാണ്‌ റജബു 13ന്റെ തിഥി (ഏഴാമത്തെ ചന്ദ്രമാസത്തിന്റെ ഒരു രാവും പകലും)അവള്‍ക്കു പേടിസ്വപ്നമായ രാപ്പകല്‍ ആയത്‌.

അന്ധവിശ്വാസങ്ങളുടെ ആലയമാണു തന്റെ വീടെന്നതു അയാളെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്‌.ഒരു പനി വന്നാലും നാലു തുമ്മല്‍ ഒന്നിച്ചു തുമ്മിലായാലും ആദ്യമോര്‍ക്കുക ആരെങ്കിലും ചെയ്യാനിടയുള്ള ആഭിചാരത്തെക്കുറിച്ചായിരിക്കും. വീട്ടിലെ ഉപ്പും മുളകും കടുകും ഏറ്റവും ഉപയോഗിച്ചിട്ടുണ്ടാവുക പാചകത്തിനാവില്ല, മറിച്ചു ഉഴിഞ്ഞും മന്ത്രിച്ചും അടുപ്പിലിടാനായിരിക്കും.

ഉമ്മയുടെ ഏകമകനായ താന്‍ ഒരു ബേക്കറിയിലെ കണക്കെഴുത്തു ജോലിക്കാരനായി കര്‍ണ്ണാടകയിലെഷിമോഗയിലേക്കു പോകുന്നതു വരെ എന്റെ മാതാവിനു ഇത്തരം തീവ്രമായ വിശ്വാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ചെലവു ചുരുക്കണമെന്ന ബുദ്ധിയില്‍ ബേക്കറിക്കു പിന്നിലെ ഒരു വീട്ടില്‍ പേയിംഗ്‌ ഗസ്റ്റായി ചേര്‍ന്നപ്പോള്‍ ആ വീട്ടില്‍ ഒരു വിധവയും മൂന്നു പെണ്‍കുട്ടികളും മാത്രമേയുള്ളൂവെന്നതാദ്യം അറിയില്ലായിരുന്നു.

കിടക്കാനും കുളിക്കാനും സൗകര്യവും മൂന്നു നേരം ഭക്ഷണവും നാന്നൂറു രൂപക്കു ഏര്‍പ്പാടാക്കി തന്ന ബേക്കറിയുടമക്കു ഞാന്‍ ആദ്യം നന്ദി പറഞ്ഞു. ചില്ലറ ചെലവു കഴിഞ്ഞു ബാക്കിയായ രണ്ടായിരം രൂപ മാസാമാസം വീട്ടിലയച്ചു.

പിന്നെ എപ്പോഴാണു ഞാന്‍ എന്റെ വീട്ടിലേക്കു കാശയക്കുന്നതു കുറഞ്ഞു കുറഞ്ഞ്‌ വന്നതെന്നോര്‍ക്കുന്നില്ല. പിന്നെ പിന്നെ അവസാനം അതു തീരെയില്ലാതെയായി. അപ്പോഴേക്കും ഞാന്‍ അവരുടെ ചായ്പ്പില്‍ നിന്നു അകത്തെ മുറിയിലേക്കു മാറിയിരുന്നു. ആ വീട്ടുകാര്‍ എന്നെ ആ വീട്ടിലെ അംഗത്തെപ്പോലെ കരുതുന്നുവെന്നെനിക്കു താന്നി.
ആ വീട്ടിലെ സാമ്പത്തിക ബാധ്യതയുള്ള ഏതൊരു കാര്യത്തിലും അവസാന തീരുമാനമെടുക്കാന്‍ അവരെന്നെ കാത്തിരിക്കുമായിരുന്നു. ആ സ്ത്രീ എന്റെ ആരായിരുന്നു?,ആ മൂന്നു പെണ്മക്കള്‍ എന്റെ ആരായിരുന്നു?. എനിക്കൊരോര്‍മ്മയുമില്ല. പക്ഷെ ശമ്പളം കിട്ടുന്ന ദിവസം ഞാന്‍ അവരെ ഓര്‍ത്തു വല്ലാതെ സങ്കടപ്പെടും. അന്നവരുടെ കണ്ണില്‍ നിന്നൊരുപാടു കണ്ണീര്‍ ഒഴുകി എന്റെ ചോറ്റില്‍ വീഴും. പിന്നെ ഒന്നുമോര്‍ക്കാതെ, രണ്ടാമതൊന്നു ചിന്തിക്കാതെ, അമര്‍ത്തിപ്പിടിച്ച നോട്ടുകള്‍ അവര്‍ക്കു നല്‍കും. അവരോടു തോന്നിയ വികാരമെന്തായിരുന്നു. ലൈംഗികചിന്തയണോ, ദയയാണോ, അതോ വിധേയത്വമോ തീര്‍ച്ചയില്ല. ഒന്നും എനിക്കറിയില്ല. ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങള്‍.
പക്ഷെ ഇനിയുള്ളത്‌ എന്റെ ഉമ്മയും ഉമ്മയില്‍ നിന്നു ഭാര്യ കേട്ടതുമായ കാര്യങ്ങള്‍.

അഞ്ചു വര്‍ഷത്തോളം എന്നെക്കുറിച്ചു യാതൊരു വിവരവും പൈസയും കിട്ടാത്തതു കൊണ്ടാണു എന്റെ വീട്ടുകാര്‍ ആദ്യമായി ഏന്തീന്‍ മൊല്ലയുടെ അടുത്തു പോയതെത്രേ!

ഞാന്‍ കൈവിഷത്തിനടിമപ്പെട്ടു വെന്നും തിരിച്ചു കൊണ്ടു വരിക വിഷമം പിടിച്ചതാനെന്നും അയാള്‍ മഷിനോക്കി പറഞ്ഞെത്രേ,. തീവ്രമായ ആഭിചാരത്തിലൂടെ എന്നെ നൊസ്സനാക്കി മാത്രമേ തിരിച്ചു കൊണ്ടുവരാന്‍ പറ്റൂ എന്നയാള്‍ മുന്നറിയിപ്പു കൊടുത്തത്രേ!

എങ്ങനെയെങ്കിലും എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയാല്‍ മതിയെന്നായി ഉമ്മ.

അതിന്നായി മൊല്ല, മന്ത്രം ചൊല്ലി ഊതിയ ഒരു മഴുക്കാമ്പ്‌ നല്‍കി. അതു പതുക്കെ ചൂടാക്കാന്‍ പറഞ്ഞു. ഷിമോഗയില്‍ നിന്നു ഒരാള്‍ നാട്ടിലെത്താന്‍ എടുക്കുന്ന സമയം കണക്കു കൂട്ടി പതുക്കെ മാത്രമേ ചൂടാക്കാന്‍ പാടുള്ളൂ എന്നും ആള്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അതു വെള്ളത്തിലിട്ടു തണുപ്പിക്കണമെന്നും, എത്തിയ ഉടന്‍ ആളെ പൂട്ടിയിടണമെന്നും മൊല്ല നിര്‍ദ്ദേശം നല്‍കി. അതിനു ശേഷമുള്ള ചികില്‍സ മൊല്ലയെ വിവരമറിയിച്ചതിനു ശേഷം അയാള്‍ നേരിട്ടു ചെയ്യാമെന്നും പറഞ്ഞത്രേ.

ഭ്രാന്തനായിട്ടാണു ഞാന്‍ ഷിമോഗയില്‍ നിന്നു നാട്ടിലെത്തിയതെന്നു സത്യം.
ബേക്കറിയിലെ കൗണ്ടരില്‍ നിന്നു കിട്ടിയ കാശു വാരിയെടുത്തു കണ്ട വാഹനത്തിനൊക്കെ കയറി നാട്ടിലെ വീട്ടിലെത്തുന്നതു വരെ ഭക്ഷണം പോലും കഴിക്കണമെന്നു തോന്നിയിരുന്നില്ല.
അതിനു മുന്‍പ്‌ കുറച്ചു പൈസ അഡ്വാന്‍സു ചോദിച്ചിട്ടും തരാത്ത മുതലാളിയുമായി വഴക്കായി അയാളെ പിടിച്ചു തള്ളിയപ്പോള്‍ അയാള്‍ ചെന്നു വീണതു ഉരുക്കുകൊണ്ടുള്ള പാക്കിംഗ്‌ മെഷീനില്‍. തല പൊട്ടിയോ ബോധം പോയോ എന്നൊന്നും ശ്രദ്ധിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച എനിക്കന്നേരം എന്തു ഭ്രാന്താണെന്നറിയില്ലായിരുന്നു.

നട്ടപ്പാതിരക്കു വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അപ്പോഴും ഉമ്മ കാത്തിരിക്കുകയായിരുന്നു. എന്നെ സ്വീകരിച്ചൊരുമുറിയില്‍ കൂട്ടികൊണ്ടിരുത്തി ആ മുറി പുറത്തു നിന്നും സൂത്രത്തില്‍ പൂട്ടിയ ഉമ്മ നേരെ പോയതു അടുപ്പില്‍ നിന്നു ചുട്ടുപഴുത്ത്‌ മഴുത്തായയെടുത്തു വെള്ളത്തില്‍ മുക്കാനായിരുന്നു.
പെട്ടന്നു ഒരു ബാധ ഒഴിഞ്ഞെന്നപോലെ ഞാന്‍ തളര്‍ന്നു വീണു.

എന്റെ ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ വീണ്ടും ഷിമോഗയെക്കുറിച്ചും അവിടത്തെ നിരാലംബരായ നാലു മനുഷ്യരെക്കുറിച്ചും ഓര്‍ത്തു. എനിക്കവിടെ പോകാന്‍ തിടുക്കമായി. പക്ഷെ കരഞ്ഞു പറഞ്ഞിട്ടും ആരും വാതില്‍ തുറന്നു തന്നില്ല. വീണ്ടും ഞാന്‍ കരഞ്ഞു തളര്‍ന്നുറങ്ങിപ്പോയി.പൂജാമന്ത്രങ്ങളും കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും മണവും അനുഭവിച്ചാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌. തൊട്ടു മുന്നില്‍ കര്‍മ്മം നടത്തുന്ന മൊല്ല. എന്റെ കൈകാലുകളില്‍ ബന്ധിച്ച ചങ്ങല.മാസങ്ങള്‍ നീണ്ടു നിന്ന ചികില്‍സ. ഞാന്‍ പൂര്‍വാ സ്ഥിതിയിലേക്കു മാറിയെന്നവര്‍ക്കു ബോധ്യമായി.

അപ്പോഴേക്കും ഞാന്‍ ഷിമോഗയിലെ പണിയെക്കുറിച്ചും അവിടത്തെ മനുഷ്യജീവികളെക്കുറിച്ചും ഏതാണ്ടു മറന്നു കഴിഞ്ഞിരുന്നു.

എന്നില്‍ നിന്നു കൈവിഷത്തിന്റെ കെട്ടു വിട്ടുപോയി എന്നു പൂര്‍ണ്ണമായി ബോധ്യപ്പെട്ടപ്പോഴാണ്‌ നസീമയുമായുള്ള വിവാഹം നടത്തിയത്‌.നസീമാന്റെ ദുബൈയിലുള്ള സഹോദരന്റെ സഹായത്തോടെയാണു ഞാന്‍ ഗള്‍ഫില്‍ എത്തിയത്‌.

ഉമ്മയില്‍ നിന്നു ചൊരിഞ്ഞ ആഭിചാരകഥകളുടെ കടുത്ത ചായക്കൂട്ടുകള്‍ മനസ്സില്‍ പതിഞ്ഞതു കൊണ്ടാവണം നസീമാക്കു ഉമ്മയെക്കാള്‍ അന്ധവിശ്വാസങ്ങള്‍ കൂടുതലായിരുന്നു. അതിന്റെ പ്രകടോദാഹരണമായിരുന്നു നാട്ടില്‍ നിന്നു പുറപ്പെടുന്നദിവസം അരയില്‍ കെട്ടിത്തന്ന ഈ ഏലസ്സ്‌.

ഇന്നു റജബുമാസം 13 വ്യാഴാഴ്ചയാണ്‌.ദുബൈ പോലീസു എന്റെ ഏലസ്സു കുത്തിത്തുറന്ന നേരം. ഉച്ചതിരിഞ്ഞു 4 മണി. ഇനി വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലു മണി വരെ ചന്ദ്രമാസത്തിലെ തിഥിയാണ്‌. വെള്ളിയാഴ്ച്ചരാവു പ്രേതങ്ങള്‍ക്കും പ്രവാസികള്‍ക്കും പ്രിയപ്പെട്ട ദിവസം.

ഞാന്‍ അരയില്‍ നിന്നു ഏലസ്സു അഴിച്ചെടുത്തു. ഇന്നെങ്കിലും ഇതിന്റെ തടസ്സമില്ലതെ ഒന്നു സ്വതന്ത്രനാവണം. ശക്തിയില്ലാത്ത ഇതു ഇന്നു ശരീരത്തില്‍ കെട്ടിനടക്കുന്നതില്‍ കാര്യമില്ല. ഞാന്‍ അതു കട്ടിലിനു മീതെ ചുമരിലെ ആണിയില്‍ തൂക്കി. പ്രതിഷേധമെന്നോണം അതു ആ ആണിയില്‍ കിടന്നു അസ്വഭാവികതയോടെ പെന്‍ഡുലം കണക്കെ കുറേ നേരം ആടി.

ആട്ടം നിന്നപ്പോള്‍ എനിക്കിന്നു ബീച്ചില്‍ പോകണമെന്നു തോന്നി.സാധാരണ വ്യാഴാഴ്ച രാത്രി ഞാന്‍ ആ ബീച്ചില്‍ പോകാറില്ല. അന്നു അവിടം മുഴുവന്‍ ബീറടിക്കാന്‍ വരുന്ന താഴെക്കിടയിലെ തൊഴിലാളികളും കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്ന ശ്രീലങ്കന്‍ ഹൗസ്‌മേഡുകളും അവരുടെ കാമുകന്മാരും രാവേറെ ചെല്ലുന്നതു വരെ ആ കടപ്പുറത്തു നിറഞ്ഞിരിക്കും.

അത്യുഷ്ണം ബാക്കിയാക്കിയിട്ടു പോയ ചുടുബാഷ്പവും ജനക്കൂട്ടം ബാക്കിയാക്കിയിട്ടു പോയ നിശ്വാസവായുവും പൊട്ടിയ മദ്യക്കുപ്പികളും എന്നെ സാധാരണ വ്യാഴാഴ്ചകളില്‍ അങ്ങോട്ടു പോകാന്‍ പ്രേരിപ്പിക്കാറില്ല.

അരമണിക്കൂര്‍ നടക്കാനുള്ള ദൂരം വെറും പത്തുമിനിട്ടു കൊണ്ടു താണ്ടി ഞാനവിടെയെത്തി.സൂര്യന്‍ തിരക്കിട്ടു അസ്തമിക്കുകയാണ്‌. കടലലകള്‍ക്കു ചുടു ചോരയുടെ നിറം. ആള്‍ക്കൂട്ടം മിക്കവാറും പിരിഞ്ഞു പോയിരിക്കുന്നു.

ഞാന് ഉയര്‍ന്നു നില്‍ക്കുന്ന ആ പാറക്കെട്ടിന്റെ മുകളിലിരുന്നു കടലിലേക്കു നോക്കി ഏറെ നേരമിരുന്നു.നേരം വളരെ വൈകിയിരിക്കുന്നു. എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. എനിക്കു എന്നിട്ടും പേടി തോന്നിയില്ല. വിജനമായ കടപ്പുറം പ്രതീക്ഷിച്ചാണു ഞാന്‍ അത്രനേരം അവിടെയെരുന്നതെന്നു തന്നെയെനിക്കു തോന്നി.

പെട്ടന്ന് ഞാനിരിക്കുന്ന പാറയുടെ മറുവശത്തു നിന്നും ഒരു പാടു സ്ത്രീകളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും ഇടക്കിടക്കു വേദനപൂണ്ടെന്നപോലെയുള്ള അലറിക്കരച്ചിലുകളും എനിക്കു കേള്‍ക്കാനായി. ആകാശത്തില്‍ പൂര്‍ണ്ണചന്ദ്രനുണ്ട്‌.

ഞാന്‍ പതിയെ നടന്നു പാറക്കു മറുവശം ചെന്നു. അവിടെ ഒരു കാഴ്ച കണ്ടു ഞാന്‍ പേടിച്ചു വിറച്ചു. ആ പാറക്കു ഒരു ഗുഹയുള്ളതായും അതിന്റെ വശങ്ങള്‍ അസ്ഥികള്‍ പതിച്ചു മോടിപിടിപ്പിച്ചതായും ഗുഹയുടെ ഏറ്റവും അറ്റത്തു നിന്നും വരുന്ന തീവൃമായ പ്രകാശത്താല്‍ വെട്ടിത്തിളങ്ങുന്ന അനേകം മനുഷ്യ തലയോട്ടികള്‍ നിരന്നു കിടക്കുന്നതും ഞാന്‍ കണ്ടു.



എന്റെ കാലുകള്‍ എന്റെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെട്ടു ആ ഗുഹാമുഖത്തേക്കു എന്നെ നയിക്കുകയാണ്‌. എന്റെ തലയും കൈകളും കഴിയുന്ന വിധം എതിര്‍ത്തു നോക്കുന്നുണ്ട്‌. പക്ഷെ എന്തു കാര്യം. കാലിനാണു മണ്ണിനെ തൊടാനാവുന്നത്‌. ഗുഹയിലെത്തി നടത്തം നിര്‍ത്തി. പിന്നെ കയ്യിന്റെ ഊഴമായി. അതു താഴെകിടക്കുന്ന ഒരു തലയോട്ടി കുനിഞ്ഞെടുത്തു വെണ്ണപോലെ മൃദുലം, കണ്ണാടി പോലെ മിനുസം.

എന്റെ കാലുകള്‍ തിരിഞ്ഞു നടക്കുകയാണ്‌.മണലിലെ പൊട്ടിയ കുപ്പിച്ചില്ലുകള്‍ തട്ടി എന്റെ പാദങ്ങളില്‍ നിന്നു ചോരയൊലിക്കുന്നതു ഞാന്‍ കൂസുന്നില്ല. റൂമിലെത്തിക്കഴിഞ്ഞാണു കറന്റില്ലെന്നു മനസ്സിലായത്‌.എമര്‍ജന്‍സി ലൈറ്റു തപ്പാന്‍ വിരലുകള്‍ നിവര്‍ത്തിയപ്പോഴാണു എന്റെ കയ്യില്‍ നിന്നു ആ തലയോട്ടി കിടക്കയില്‍ വീണത്‌. ഞാന്‍ അതെടുത്തു മേശപ്പുറത്തു വെച്ചു. എമര്‍ജന്‍സി ലൈറ്റ്‌ സാധാരണ വെക്കുന്ന സ്ഥലത്തൊന്നും കണ്ടില്ല.
പെട്ടന്നാണു തലയോട്ടിയില്‍ നിന്നും പ്രകാശധാര വന്നു മുറിയെ വെളിച്ചത്തില്‍ കുളിപ്പിച്ചത്‌. ഇത്രക്കും പ്രകാശം ഈ മുറി നേരത്തെ അനുഭവിച്ചിട്ടില്ല.

ആണിയില്‍ തൂക്കിയ ഏലസ്സു വീണ്ടും പെന്‍ഡുലം പോലെ സ്വയം ആടാന്‍ തുടങ്ങി. ഫാനുപോലും ചലിക്കുന്നില്ല. എനിക്കത്ഭുതം തോന്നി.
ഞാന്‍ ടോയ്‌ലറ്റില്‍ പോയി അംഗശുദ്ധി വരുത്തി ഉറങ്ങാനുള്ള തയ്യാറെടുപ്പുമായി തിരിച്ചു വന്നപ്പോള്‍ എന്റെ ലാപ്റ്റോപ്പ്‌ ഓണായി കിടക്കുന്നു.മേശപ്പുറത്തു ഞാന്‍ വെച്ച തലയോട്ടി ഒരു മൗസിനെപ്പോലെ എന്റെ കമ്പ്യൂട്ടറിനെ സ്വയം നിയന്ത്രിക്കുന്നു. കഴ്‌സര്‍ ഇന്‍റ്റര്‍നെറ്റിലേക്കു കടന്നു ഒരു വെബ്‌സൈറ്റില്‍ ചെന്നു നില്‍ക്കുന്നു.ഞാന്‍ അടുത്തു വന്നു സ്ക്രീനില്‍ നോക്കി.എട്ടു വര്‍ഷം മുന്‍പു മിസ്സിംഗായ ഒരു ഫിലിപ്പിനോ യുവതിയെക്കുറിച്ചുള്ള വിവരങ്ങളാണ്‌ ആ സൈറ്റില്‍ .ഞാന്‍ ആ വിവരങ്ങള്‍ മുഴുവന്‍ ക്ഷമയോടെ വായിച്ചു. ഫേവരേറ്റില്‍ സേവു ചെയ്യണമെന്നു കരുതിയതേയുള്ളൂ. അതു സംഭവിച്ചു.നേരം ഒരുപാടായിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ തീരെ തോന്നിയില്ല. ക്ഷീണം കാരണം എനിക്കുറക്കം വന്നു.അതോടേ ലാപ്റ്റോപ്പ്‌ ഷട്ട്ഡൗണാകുന്നതും അടക്കുന്നതും ഞാന്‍ കണ്ടു.



ഉറങ്ങാന്‍ കിടന്നപ്പോഴും ആണിയില്‍ തൂക്കിയ ഏലസ്സു കിടന്നാടുകയായിരുന്നു.
കിടന്നപ്പോള്‍ എന്നെ ചുമരിന്റെ വശത്തേക്കു തള്ളിനീക്കിയപോലെ എനിക്കു വേദനിച്ചു. ഞാന്‍ ചുമരിനോടു ചേര്‍ന്നു കിടന്നു. അപ്പോള്‍ ഏലസ്സിന്റെ കറക്കം 360 ഡിഗ്രിയായി. അതിലേക്കു നോക്കിക്കിടന്ന എനിക്കു തലകറങ്ങുന്നതു പോലെ തോന്നി. ഞാന്‍ മയക്കത്തിലേക്കു വീണു.
എന്റെ അരക്കെട്ടിലെന്തോ ഭാരം അനുഭവപ്പെട്ടു കൊണ്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.എല്ലാ ലൈറ്റുകളും പ്രകാശിക്കുന്നു. കിടന്നു കൊണ്ടു തന്നെ വാച്ചിലേക്കു നോക്കി നേരം നാലു മണി. താഴെ തറയില്‍ പൊട്ടിത്തകര്‍ന്ന തലയോട്ടിയുടെ നുറുങ്ങുകള്‍ ചിതറിക്കിടക്കുന്നു .ആണിയിലെ ഏലസ്സവിടെ കണ്ടില്ല. അതെന്റെ അരയിലേക്കു വീണിരിക്കുന്നു.

ഞാന്‍ ചാടി ഏണീറ്റു. ആദ്യമായി ഏലസ്സെടുത്തു അരയില്‍ ഭദ്രമായി കെട്ടി. വല്ലാത്തൊരാശ്വാസം. കമ്പ്യൂട്ടര്‍ ഇപ്പോള്‍ ബാറ്ററിയിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഫേവറെറ്റു നോക്കി. ആ ലിങ്കവിടെ കാണുന്നില്ല. ഞാന്‍ കണ്ടതൊരു സ്വപ്നമായിരുന്നോ? ആയിരുന്നങ്കില്‍ ഈ പൊട്ടിപൊടിഞ്ഞ തലയോടെങ്ങനെ തറയില്‍ വന്നു?. എനിക്കൊരു പിടുത്തവും കിട്ടിയില്ല.
കൃത്യം 4.10നു പുലര്‍ച്ചെ നസീമയുടെ കാള്‍ വന്നു. ഹലോ എന്നു പറയാന്‍ എനിക്കു അവസരം കിട്ടുന്നതിന്നു മുന്‍പെ അവള്‍ പറഞ്ഞു
" രക്ഷപ്പെട്ടു അല്ലെ! ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു."

20 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ഏലസ്സ് (പ്രേതകഥ) പുതിയ പോസ്റ്റ്.

  2. Satheesh പറഞ്ഞു...

    മാന്ത്രിക കഥകളില്‍ ഇപ്പോ പാല മരത്തിനും നിലവിളക്കിനും പകരം ലാപ്‌ടോപ്പും ഇന്റര്‍നെറ്റുമൊക്കെയാണല്ലേ :-)
    എന്തായാലും സംഗതി നന്നായിട്ടുണ്ട്!

  3. സാല്‍ജോҐsaljo പറഞ്ഞു...

    ഈ-e-കഥ കൊള്ളാം.

  4. അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

    :)

  5. asdfasdf asfdasdf പറഞ്ഞു...

    കുറെ കാലത്തിനു ശേഷം കരീമാഷിന്റെ നല്ല ഒരു കഥ. വ്യത്യസ്ഥതയാര്‍ന്ന അവതരണം.

  6. വള്ളുവനാടന്‍ പറഞ്ഞു...
    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
  7. വള്ളുവനാടന്‍ പറഞ്ഞു...
    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
  8. Unknown പറഞ്ഞു...

    ലളിതമായ അവതരണം, ഭാഷയുടെ ഭംഗി, ആദ്യാവസാനം വരെ ഒരേ ഒഴുക്ക്, ഇതൊക്കെയാണ് ഈ കഥയെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. absurd എന്ന് തോന്നിയേക്കാവുന്ന ‘റിയലിസം’ പുതിയൊരു അനുഭവമായി.

    പരത്തിപ്പറയുകയായിരുന്നെങ്കില്‍, ഷിമോഗയിലെ വീട്ടുകാരെപ്പറ്റിയും അവിടന്ന് നാട്ടിലേക്കുള്ള മടക്കവും രണ്ടോ മൂന്നോ പേജ് വരുമായിരുന്നു. അതൊഴിവാക്കി, കാപ്സ്യൂളൈസ് ചെയ്തത് വളരെ നന്നായി. അതിനാല്‍ ഒറ്റയിരിപ്പിന് വായിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞു.

    ആശംസകള്‍.

  9. Kaithamullu പറഞ്ഞു...

    മാഷെ,

    വളരെ വ്യത്യസ്ഥമാ‍യ ഒരനുഭവം.
    പറഞ്ഞതില്‍ കൂടുതല്‍ പറയാതെ മാറ്റിവച്ച ഒരു കഥ!(!)

    (എന്റെ അരയിലും, ഏറെക്കാലം, ഒരേലസ്സുണ്ടായിരുന്നു, അതിപ്പോ എവിടെയാണോ എന്തോ.)

  10. Rasheed Chalil പറഞ്ഞു...

    നാട്ടുമ്പുറത്തുകാരന്‍ കേള്‍ക്കേണ്ടി വരുന്ന കഥകളുടെ പുതിയ വേര്‍ഷന്‍ നന്നായിരിക്കുന്നു.

  11. Visala Manaskan പറഞ്ഞു...

    ഗുഡ് വണ്‍ മാഷെ. നന്നായി എഴുതിയിട്ടുണ്ട്.

    നൈസ്. ഇന്ന് ഞാന്‍ ഉച്ചക്ക് ഈ ഏലസു കൂട്ടിയാണ് ഊണ് കഴിച്ചത്. സ്വസ്ഥമായി, സമാധാനത്തോടെ വായിച്ച് വായിച്ച് വന്ന് അവസാനമായപ്പോള്‍ എന്റെ ഉള്ള മനസമാധാനം പോയിന്ന് പറഞ്ഞാ മതീല്ലോ!!

    :)

    രണ്ടുദിവസായിട്ട് എന്നെ നോക്കി താഴെ ബില്‍ഡിങ്ങില്‍ താമസിക്കുന്ന ഒരു ചൈനക്കാരി ഭയങ്കര ചിരി ചിരിക്കുന്നുണ്ട്.

    “അമ്മായിയേ... നമ്മളെ വിട്ട് പിടി. നമ്മള്‍ ആ ടൈപ്പല്ലാ..“

    എന്ന് കുറെ പറഞ്ഞു നോക്കി. ഇനി നാട്ടീന്ന് ഏലസ് വരത്തേണ്ടി വരുമോ ആവോ?’

    :)

  12. കരീം മാഷ്‌ പറഞ്ഞു...

    ആ ചൈനാ പെണ്‍കുട്ടി ലാല്‍ജോസിന്റെ അറബിക്കഥയിലെ Zshumin ന്റെ അഭിനയം കണ്ടിട്ടു ഇനിമലയാളം സിനിമയാണു ചൈനീസ്‌ പെണ്‍കുട്ടികളുടെ ഭാവിയെന്നു മനസ്സിലാക്കി ഇറങ്ങിയതാവും,വിശാല ലോഹിയുടെ ബന്ധുവാണെന്നു ആരോ പറഞ്ഞു കൊടുത്തു കാണും. ചാന്‍സു ചോദിച്ചാവും ഒന്നു റക്കമെന്‍ണ്ടു ചെയ്യാന്‍...!

  13. :: niKk | നിക്ക് :: പറഞ്ഞു...

    അന്നാണു അവളു കെട്ടിയ ആ ഏലസ്സിന്റെ ശക്തി ക്ഷയിക്കുന്ന ദിവസം.


    എവളു?

  14. അജ്ഞാതന്‍ പറഞ്ഞു...

    മാഷെ നല്ല കഥ. ഇതൊക്കെ പഴയതുപോലെ ഒരുപാടുപേര്‍ വായിച്ച നല്ല കമന്റുകള്‍ എഴുതണം എന്നുണ്ട്. പണ്ട് എല്ലാവരും കണ്ടിരുന്ന പിന്മൊഴി പൂട്ടി എങ്കിലും മറ്റൊരു മൊഴി ഉണ്ട്. മറുമൊഴി. അതിലേക്ക് തിരിച്ചുവിട്ടുകൂടേ കമന്റ്? ഇവിടെ ഇങ്ങനെ ആളനക്കം ഇല്ലാതെ കിടക്കുന്നതിലുള്ള വിഷമം കൊണ്ടാണ് ചോദിച്ചത്.ഇപ്പോള്‍ ഞങ്ങളുമൊക്കെ മറുവഴിയിലൂടെ പോകുന്നു.

  15. സുന്ദരന്‍ പറഞ്ഞു...

    പ്രേതകഥകളുകണ്ടാല്‍ ഞാന്‍ വായിക്കാതെ വിടില്ലാ...
    വായിച്ചുകഴിഞ്ഞാല്‍ കുറേനാളത്തേയ്ക്ക് പ്രേതം എന്നേം വിടില്ലാ...

    കരീം‌മാഷെ കഥ ഇഷ്ടമായ്...ഇനി ഒരു ഏലസുകിട്ടാന്‍ എന്താവഴി

  16. ഉറുമ്പ്‌ /ANT പറഞ്ഞു...

    nannaayi

  17. ഏറനാടന്‍ പറഞ്ഞു...

    കരിം മാഷിന്റെ കഥ വിറച്ചിരുന്നാണ്‌ വായിച്ചത്‌. വല്ലാത്തൊരു ഭീതി തോന്നി ദീര്‍ഘശ്വാസം വിട്ടുനോക്കിയപ്പോള്‍... മേശമേല്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ കിടന്നുവിറക്കുന്നു! 360 ഡിഗ്രിയില്‍ വട്ടം കറങ്ങുന്നു. വാപൊളിച്ചു നോക്കി മാറിനിന്നു.

    പിന്നീടാ അബദ്ധം മനസ്സിലായത്‌ - ഫോണ്‍ വൈബ്രേഷന്‍ മോഡിലായിരുന്നെന്നത്‌! :)

  18. കരീം മാഷ്‌ പറഞ്ഞു...

    ഏലസ്സു വായിച്ചവര്‍ക്കു നന്ദി.
    അഭിപ്രായം കുറിച്ച സതീഷ്‌, സാല്‍ജോസ്‌, കുട്ടന്‍ മേനോന്‍, മഹിം, കൈതമുള്ള്‌, ഇത്തിരിവെട്ടം, വിശാലമനസ്കന്‍, നിക്ക്‌, മൊഴിയന്‍, സുന്ദരന്‍,ഉറുമ്പ്‌, ഏറനാടന്‍ എന്നിവര്‍ക്കു പ്രത്യേക നന്ദി.

    പറയാന്‍ വിട്ടത്‌:-
    "ഞാനിക" പ്രയോഗത്തിലെഴുതുന്നതെല്ലാം ആത്മകഥയായിരിക്കണമെന്നില്ല.
    ഇക്കഥ ആത്മകഥയല്ല, എന്നാല്‍ കുഞ്ഞുന്നാളിലേ കേട്ട ഒരു കൈവിഷത്തിന്റെയും സ്വന്തം മകനെ തിരിച്ചു കൊണ്ടുവരാന്‍ ആഭിചാരം ചെയ്ത ഒരമ്മയുടെയും അനുഭവം മായാതെ മനസ്സില്‍ കിടന്നതു, അന്ധവിശ്വാസങ്ങളെ എതിക്കുന്ന മനസ്സിനെ ഇടക്കിടക്കു ചോദ്യം ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഈ കഥയുടെ ആദ്യ ഭാഗമായി.
    രണ്ടാമത്തെ ഭാഗത്തിലെ ഏലസ്സ്‌ ദാമ്പത്യജീവിതത്തിന്റെ പരസ്പരവിശ്വാസത്തിന്റെ സിമ്പലാണ്‌.
    ചഞ്ചലമായ ചിത്തമുള്ളവന്റെ ഏലസ്സു ഇവിടെ എയര്‍പോര്‍ട്ടില്‍ കാലെടുത്ത്‌ വെക്കുമ്പോള്‍‍ തന്നെ പൊളിക്കപ്പെടും.ഒരിക്കല്‍ അതിനകപ്പെട്ടാല്‍ വീണ്ടും വീണ്ടും ആ ദിനവും തെറ്റും ആവര്‍ത്തിക്കപ്പെടും.

    മധുവിധുവിന്റെ മണം മായും മുന്‍പു വധുവിനെ തനിച്ചാക്കി ദുബൈയില്‍ വന്നിറങ്ങിയ മണവാളന്‍ അന്നു തന്നെ അപഥസഞ്ചാരത്തിനു അറസ്റ്റിലായ സംഭവവും,
    കൂടുതല്‍ കാശു കൊടുത്തു ഒരു രാത്രിയിലേക്കു ഫ്ലാറ്റിലേക്കു കൂട്ടികൊണ്ടു വന്ന കാള്‍ഗേളിനെ, (ചുമരില്‍ തൂക്കിയ ഭാര്യയുടെ ഫോട്ടോവിലേക്കു നോക്കിയതു കാരണം) പ്രാപിക്കാന്‍ കഴിയാതെ പറഞ്ഞു വിട്ട ഒരു കുറ്റ:ബോധിയുടെ കുമ്പസാരവും ഈ കഥക്കു ഹേതുവായി.

    ഇതെഴുതി ഞാന്‍ കഥയുടെ ത്രില്‍ കളഞ്ഞോ?
    ശ്ശേ! വേണ്ടായിരുന്നു.

  19. സാല്‍ജോҐsaljo പറഞ്ഞു...

    ഏറെക്കുറെ ഞാന്‍ ശരിയായി വായിച്ചു മാഷെ.
    പക്ഷേ പൂര്‍ണ്ണമായി എന്ന് പറയാന്‍ പറ്റില്ല. അല്പം കൂടി കാര്യങ്ങളെ കാല്പനികമാക്കിയാല്‍ നന്നാവും. (ഒരഭിപ്രായം മാത്രമാണേ)


    എപ്പോഴും എന്തിനും സംശയത്തിന്റെ ഏലസിടുന്നത് ഭാര്യമാരുണ്ട് (ഇവിടെ പ്രസ്താവിതം). ഒരു ക്യാമറയിലെന്നപോലെ ‘ഞാന്‍ എല്ലാം കണ്ടിരുന്നു‘ എന്ന് വായിച്ചപ്പോള്‍ വെളുപ്പാന്‍കാലത്ത് സംശയം മൂത്ത് ഉറങ്ങാനാവാതെ കിടന്ന ഒരു ഭാര്യയെ പിടികിട്ടിയിരുന്നു. പക്ഷേ, കുറെ വികാരങ്ങളായാണ് ആ തലയോട്ടി വന്നതെന്ന് മനസിലായില്ല.

    എല്ലാവാ‍യനക്കാരെയും പറ്റിച്ചത് ആ പേരാണ്.! മറ്റെന്തെങ്കിലും (കഥാതന്തുവുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ള-ഇവിടെ ഏലസല്ലല്ലോ പ്രതിപാദ്യം-) ആയിരുന്നു എങ്കില്‍ ഒരുപക്ഷേ കൂടുതല്‍ നന്നായേനെ.

    ആ വിവരണം കൂടിയായപ്പോള്‍ ആശയം നന്നായിരിക്കുന്നു. അവതരണത്തില്‍ അല്പം കൂടി ശ്രദ്ധ ആവാമെന്ന് തോന്നുന്നു.

    സ്നേഹത്തോടെ

    ജോ

  20. മെലോഡിയസ് പറഞ്ഞു...

    കരീം മാഷേ..നന്നായി എഴുതിയിരിക്കുന്നു. ലളിതം..സുന്ദരം. ആ‍ശംസകള്‍