വെള്ളിയാഴ്‌ച, മേയ് 25, 2007

ഇത്തിരി തണലുമായെത്തുന്നവര്‍

നാലുമണിക്കു ശേഷമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാനെത്തുമ്പോള്‍ എനിക്കെന്നും വല്ലാത്ത നെഞ്ചിടിപ്പാണ്‌.
ആദ്യം ഷോപ്പിലെത്തേണ്ടതു ഞാനാണ്‌.
കട നില്‍ക്കുന്ന ബില്‍ഡിംഗില്‍ അക്കമഡേഷന്‍ തന്നതിന്റെ ശിക്ഷ.

ജോലിയില്‍ കയറിയതിന്റെ നാലാം ദിവസം വാതില്‍ തുറക്കാനുള്ള താക്കോല്‍ക്കൂട്ടമെടുത്തു കടയുടമ സല്‍മാന്‍ റാഷിദ്‌ അല്‍ ഉവൈസി കയ്യില്‍ പിടിപ്പിച്ചു അതടക്കം ഇറുക്കിയ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തരുമ്പോള്‍ എന്റെ വലത്തെ കൈ നന്നായി വേദനിച്ചു
ഈ പണിക്കു ഇത്രക്കും ടെന്‍ഷനുണ്ടാവുമെന്നു ഞാനന്നേരം കരുതിയില്ല.

സ്ട്രീറ്റില്‍ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ മൂര്‍ച്ചിക്കുന്നതിനു മുന്‍പു തന്നെ ഞാനെത്തി മൂന്നു താഴിട്ടു പൂട്ടിയ വാതില്‍ തുറന്നു ഗ്ലാസു ഷേഡുകള്‍ മാറ്റി കടയെ സജീവമാക്കുകയാണു പതിവ്‌.

സെയില്‍സ്‌ മാനേജര്‍ എന്ന തസ്തികയിലേക്കു ഗള്‍ഫ്‌ന്യൂസ്‌ ക്ലാസ്സിഫൈഡില്‍ ഒഴിവു കണ്ടു ചെന്നപ്പോള്‍ അതൊരു ഇന്‍റര്‍വ്യൂ ആവുമെന്നു ഊഹിച്ചില്ല. ഉര്‍ദുവും ഇംഗ്ലീഷും അത്യാവശ്യം അറബിയും സംസാരിക്കാനറിയാമെന്നു മനസ്സിലായപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലൂടെ അലക്ഷ്യമായി ഒന്നു കണ്ണോടിച്ച സല്‍മാന്‍, ഒഴിഞ്ഞ കസേര ചൂണ്ടി കാണിച്ചു പറഞ്ഞു.

"നഹം, ഇജ്‌ലിസ്‌, അന്‍ത അലൈന്‍ ലി ഷുഹള്‍"
(ഒ.കെ. ഇരുന്നോളൂ, താന്‍ ഇപ്പോള്‍ മുതല്‍ ഡ്യൂട്ടിയിലാണ്‌)

ഒരാള്‍ തലേന്നു ഇരുന്നെഴുന്നേറ്റു പോയ പോലെ ഒരു കസേര. മുന്നില്‍ 386 ന്റെ ഒരു കമ്പ്യൂട്ടറും അതില്‍ വേര്‍ഡ്സ്റ്റാറും ലോട്ടസ്‌ 123 യും.ഡിബേസ്‌ ത്രി പ്ലസില്‍ എഴുതിയ ഒരു അക്കൗണ്ടിംഗ്‌ പാക്കേജും സ്റ്റോര്‍ രജിസ്റ്റരും.

സിഗററ്റിന്റെ ഹോള്‍സെയിലാണ്‌‌. കടയും ഓഫീസും ഒന്നിച്ചാണു‌. 296 തരം വിവിധ ബ്രാന്‍ഡ്‌ സിഗററ്റുകള്‍ സ്റ്റോക്കുണ്ട്‌. അവയുടെയൊക്കെ മിനിമം മാക്സിമം സ്റ്റോക്ക്‌ ലവല്‍ കാത്തു ലവല്‍ താഴുന്നതിന്നു മുന്‍പു പര്‍ച്ചേര്‍സ്‌ ഓര്‍ഡര്‍ കൊടുക്കണം. എല്ലാം ലളിതം.കാര്യങ്ങള്‍ നന്നായി പഠിച്ചു തന്നെ ചെയ്തു.കാര്യമായ ജോലികള്‍ രാവിലെ 10 മണി മുതല്‍ 1 മണിവരെ മാത്രം. 4 മണിക്കു ശേഷം ചില നിയന്ത്രിത വി.ഐ.പി വ്യക്തികള്‍ക്കു ചില്ലറ വില്‍പ്പന മാത്രം.

ഈ സീറ്റില്‍ മുന്‍പിരുന്നയാള്‍ വളരെ നന്നായി ഫയലിംഗു നടത്തിയിരിക്കുന്നു. ഹാതിഫ്‌ എന്ന നൈനിത്താളുകാരനാണ്‌. നല്ല കയ്യക്ഷരം, അതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമായി. മുന്‍ഗാമിയോടു വളരെ ബഹുമാനം തോന്നി.

പത്തു പതിനഞ്ചു സെയില്‍സ്‌മാന്‍മാരുണ്ട്‌. ഫാക്സില്‍ വരുന്ന ഓര്‍ഡറിനനുസരിച്ചു സാധനം ബില്ലാക്കി സ്റ്റോര്‍കീപ്പറെ ഏല്‍പ്പിക്കേണ്ട പണിയേയുള്ളൂ. സ്റ്റോര്‍ കീപ്പര്‍ ഒരു ബംഗാളിപ്പയ്യന്‍. അവനു ചില തരികിടകള്‍ ഉണ്ടെന്നു അവന്റെ ധാരാളിത്തം കണ്ടപ്പോഴേ എനിക്കു തോന്നി. സിഗരറ്റു ബള്‍ക്കു പര്‍ച്ചേര്‍സിന്റെ കൂടെയുള്ള പല ഗിഫ്റ്റ്‌/കോമ്പ്ലിമന്റ്‌ സാധനങ്ങള്‍ കിട്ടിയില്ലന്ന പല കസ്റ്റമേര്‍സിന്റെയും പരാതി ഫയലില്‍ കണ്ടതോര്‍മ്മിച്ചു.

കടക്കു മുന്നില്‍ ഇത്തിരി നിരപ്പുയര്‍ന്ന റോഡില്‍ വാഹനങ്ങളുടെ സ്പീഡു കുറക്കാനിട്ട ഒരു ഹംബ്‌ കാരണം എല്ലാ വാഹനങ്ങളും നിര്‍ബന്ധിതരായി സ്പീഡു കുറക്കുമ്പോള്‍ കടയിലേക്കു യാദൃശ്ചികമായി നോക്കുന്ന അതിലെ യാത്രക്കാര്‍, അവരാദ്യം കാണുന്നതു എന്റെ ശുഷ്കിച്ച വലത്തെ കവിള്‍, അങ്ങനെയാണല്ലോ പണ്ടു പ്രീഡിഗ്രിക്കു കൂടെ പഠിച്ച പ്രമോദിനും ജാഫറിനും ഞാന്‍ ഇവിടെയാണു ജോലിചെയ്യുന്നതെന്നു മനസ്സിലായതും അവര്‍ കടയിലേക്കിടക്കിടക്കു വരാന്‍ തുടങ്ങിയതും.

പോക്കുവെയിലിന്റെ തീഷ്ണത സ്ഥിരമായി വലത്തു കവിളില്‍ തന്നെ പതിക്കുന്നതു അസഹ്യമായപ്പോള്‍ ഫ്രണ്ടു ഗ്ലാസ്സില്‍ ഒരു കൂളിംഗ്‌ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതു അനിരുദ്ധനാണു തടസ്സം പറഞ്ഞത്‌.
കടയിലെ സിഗരറ്റിന്റെ ഡിസ്‌പ്ലേ മങ്ങുമെത്രേ! അതു ശരിയെന്നു മനസ്സിലായപ്പോള്‍ ഷെല്‍ഫില്‍ വെറുതെ കിടന്ന ഒരു 'പി'ക്യാപ്പെടുത്തു തലയില്‍ വെച്ചു നെറ്റിയില്‍ പതിക്കുന്ന വെയിലു തടുത്തു.

വലത്തെ കവിളില്‍ പതിക്കുന്ന വെയില്‍ അപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നു. മര്‍ത്ഥ്യന്റെ ആരംഭവും അവസാനവും അവന്റെ വലത്തെ കവിളുവഴിയെന്ന മൗലവിയുടെ പ്രഭാഷണത്തിലെ വരികള്‍ സന്ദര്‍ഭത്തിനു നിരക്കാത്ത രൂപത്തില്‍ എന്റെ ഉള്ളില്‍ ഓളം തുള്ളിയെന്നെ വല്ലാതെ ഭീതിപ്പെടുത്തി.

നാലഞ്ചു ദിവസമായി ഒരു ഹോണ്ടാ സിവിക്‌ കാര്‍, കടക്കു മുന്നിലെ ഹമ്പു കടക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതു എന്റെ കവിളില്‍ പതിക്കുന്ന സൂര്യതാപത്തെ അതു ഛേദിക്കാനെടുക്കുന്ന സമയ ദൈര്‍ഘ്യത്തിന്റെ സുഖം അനുഭവിച്ചു കൊണ്ടു ഞാനറിഞ്ഞു.
അങ്ങിനെയൊരു കൗതുകത്തോടെയാണു ഞാന്‍ ആ കാറിലേക്കു നോക്കിയത്‌. ഒരു പെണ്‍കുട്ടിയാണാ കാറു ഡ്രൈവു ചെയ്യുന്നത്‌.അവള്‍ എന്നെ തന്നെ നോക്കികൊണ്ടാണു പതിയെ ആ ഹമ്പു കടക്കുന്നതു. തെരക്കില്ലാത്ത സമയമായതിനാല്‍ ടാക്സികളുടേയും വികൃതികൂടിയ അറബിപയ്യന്മാരുടേയും പിറകില്‍ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഹോണടി അവള്‍ക്കു കേള്‍ക്കേണ്ടി വരുന്നില്ല.

നീല നിറത്തിലെ കണ്ണുകള്‍ കാറിന്റെ ചില്ലുകളെ ഭേദിച്ചു പീക്യാപ്പിനടിയിലെ എന്റെ ജീവനില്ലാത്ത മിഴികളില്‍ വന്നു മുട്ടിയപ്പോള്‍ ഞാന്‍ ശരിക്കും ഭയപ്പെട്ടു മിഴികള്‍ പിന്‍വലിച്ചു. ഈ നോട്ടം മുന്‍പൊരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ്‌. ദൃഷ്ടിയില്‍ നിന്നും ദൃഷ്ടിയിലേക്കുള്ള തരംഗങ്ങളുടെ ആവൃത്തി അവയുടെ സ്വാഭാവികത കടന്നു പോയാല്‍ അതിന്റെ കൂടെ പതിക്കുന്നതു പ്രേമമെന്ന വികാരം. കൃഷ്ണമണിയില്‍ നിന്നാണതു ജനിക്കുന്നതും പ്രസരിക്കുന്നതും. ആ മായിക വികാരം അതിന്റെ എല്ലാ തീവ്രഭാവങ്ങളും ചടുല താളങ്ങളുമായി ഒരുപാടു നൊമ്പരങ്ങള്‍ കൊണ്ടേന്നെ ഡിപ്രഷന്റെ അടിമയാക്കിയതിന്റെ പഴയ കെട്ടു വിട്ടുമാറിയിട്ടില്ലിനിയും. ആ ഓര്‍മ്മക്കൊരു ഭ്രംശം വരട്ടെയെന്നു നിനച്ചിട്ടണെന്റെ പിതാവെന്നെ ഈ കരക്കാണാക്കടലിനക്കരക്കു നാടുകടത്തിയതും.

പെട്ടന്നാണു ഫോണ്‍ മണിയടിച്ചതു, ഞാന്‍ വാച്ചിലേക്കു നോക്കി 4.10 മിസ്‌ ഷീല വരാന്‍ ഇനിയും 20 മിനിട്ടു കഴിയും. ഞാന്‍ തന്നെ ഫോണ്‍ എടുത്തു.
"ഷാര്‍ജ സ്മോക്കേര്‍സ്‌ സെന്റര്‍, കരീം സ്പീക്കിംഗ്‌!"

"അസ്സലാമു അലൈക്കും ജീ",

ഒരു പെണ്‍ ശബ്ദമാണ്‌ "വ അലൈക്കും മുസ്സലാം " ഞാന്‍ അഭിവാദനം മടക്കി, .

"ആപ്‌കാ നാം കരീം ഹെ ജി ?"

"അച്ചാ! വഹ്‌ ക്യാപ്‌ ആപ്‌ ഹമേശാ രഖിയേ! മുജേ അച്ചി ലഗി!"
കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പെട്ടന്നു തോന്നിയ പേടിയില്‍ ടെലഫോണ്‍ കട്ടു ചെയ്തു.

സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നു മൊബെയിലുപയോഗിച്ചാണു സംസാരമെന്നു മനസ്സിലായി. കാളര്‍ ഐ.ഡി ഇല്ലാത്ത ടെലഫോണായതിനാല്‍ നമ്പറു കാണാന്‍ പറ്റിയില്ല.
ഇതു ആ പെണ്ണു തന്നെ!
ഹോണ്ടാ സിവിക്കിലിരുന്നു തുറിച്ചു നോക്കിയ പെണ്ണ്‌!!.
പക്ഷെ അവള്‍ക്കെങ്ങിനെ കടയുടെ നമ്പര്‍കിട്ടി! ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നെ ഞാന്‍ എന്നെ തന്നെ വിഡ്ഢിയെന്നു വിളിച്ചു. കടയുടെ ബോര്‍ഡിലുണ്ടല്ലോ നമ്പര്‍ എന്നതു ഞാന്‍ ഓര്‍ക്കാത്തതില്‍..
അവള്‍ എന്തിനാണു എന്നോടു സംസാരിച്ചതു?.
അവള്‍ക്കു ഞാന്‍ ആ പീക്യാപ്പു വെച്ചതു നന്നായി പിടിച്ചെത്രേ!
ഇതു കേസ്സു മറ്റേതു തന്നെ!,
അല്ലങ്കില്‍ എന്നെ വട്ടം കറക്കുകയെന്നതു തന്നെയായിരിക്കും ഉദ്ദ്യേശ്യം.
ഞാന്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ടിയിരിക്കുന്നു.

സംഗതി പക്ഷെ ആരോടും പറഞ്ഞില്ല.
പിറ്റേന്നു ആ സമയത്തു യാതൊരു കാരണവശാലും പുറത്തേക്കു നോക്കില്ലെന്ന വാശിയില്‍ ഇരുന്നു.
പിക്യാപ്പ്‌ ദൂരെ മാറ്റി വെച്ചു.
കൃത്യസമയം എന്റെ മുഖത്തേക്കടിക്കുന്ന പോക്കുവെയില്‍ മറച്ചുകൊണ്ടു ആ ഹോണ്ടാ സിവിക്‌ ഹംബിനടുത്തു വന്നു നില്‍ക്കുന്നതും ഒച്ചിനെപ്പോലെ അരിച്ചരിച്ചു നീങ്ങുന്നതും ഞാന്‍ അറിഞ്ഞു.
നോക്കാതിരിക്കാനായില്ല. നീല നയനങ്ങള്‍ തന്നെയാണാദ്യം കണ്ണില്‍ പെട്ടത്‌. പിണങ്ങിയ മുഖ ഭാവം കണ്ണില്‍ തങ്ങി നിന്നു. ഇറ്റു വീഴാന്‍ കാത്തു നിന്ന രണ്ടിറ്റു കണ്ണീര്‍തുള്ളികളുടെ തിളക്കം ഗ്ലാസ്സുകള്‍ കടന്നെന്റെയുള്ളില്‍ മുറിപ്പെടുത്തി.
അന്നു കാറു കടന്നു പോകാന്‍ പതിവിലും സമയമെടുത്തു.

പതിവു പോലെ ഫോണ്‍ ബെല്ലടിച്ചു. എടുക്കാണോ വേണമോ എന്നു ശങ്കിച്ചു ഒരു നിമിഷം നിന്നു. ഫോണില്‍ സല്‍മാനാണങ്കില്‍ എടുത്തില്ലങ്കില്‍ ഞാന്‍ വന്നിട്ടില്ലന്നു കരുതുമെന്നു പേടിച്ചു ഫോണ്‍ എടുത്തു പതിവു സ്വാഗതവാക്യമോതി.

"ഷാര്‍ജ സ്മോക്കേര്‍സ്‌ സെന്റര്‍, കരീം സ്പീക്കിംഗ്‌!"
"ജീ ആപ്‌ നെ വൊ ക്യാപ്‌ ക്യോം നഹി രഖാ?”.
അവള്‍ തന്നെ!
“മുജേ ബഹുത്‌ ദു:ഖ്‌ ഹോ ഗയി! ആപ്‌ മുജേ ഗലത്‌ നഹി സോച്ചോ?“
“മൈം ഏക്‌ ദിന്‍ ആപ്‌സെ മില്‍നേ ആവൂംഗീ!"
പൊള്ളലേറ്റന്ന പോലെ ഞാന്‍ ഫോണ്‍ താഴെയിട്ടു.

എനിക്കു അസ്വസ്ഥത കൂടി വന്നു. അന്നു ജോലിയില്‍ ഒരു പാടു തെറ്റു വരുത്തി അപ്രൂവു ചെയ്ത ഇന്‍വോയിസ്‌ രണ്ടു പ്രാവശ്യം മാറ്റി അടിച്ചു.

അനിരുദ്ധനും ബംഗാളിപയ്യനും അതു പറഞ്ഞെന്റെ തലയിലാദ്യമായി കയറാന്‍ വന്നു.
ഞാന്‍ ആശയക്കുഴപ്പത്തിലായി, എല്ലാം ഇവരോടു പറഞ്ഞാലോ?, അല്ലങ്കില്‍ വേണ്ട വെറുതെ സംശയിക്കും.അതു പിന്നെ തലയില്‍ കയറാനുള്ള മറ്റൊരു കോണിയാക്കും.
കീഴുദ്യോഗസ്ഥരോടു മനസ്സു തുറന്നാല്‍ ഗോസിപ്പുകളുടെ വാതില്‍ തുറക്കുന്ന ഫലമായിരിക്കും.

ഒരുമാസം കടന്നു പോയതു ഞാനറിഞ്ഞില്ല. ശമ്പളം കിട്ടിയപ്പോള്‍ മനസ്സു തണുത്തു.നാട്ടിലേക്കു ആദ്യമായി അയക്കുന്ന പണം ആരുടെ പേരിലയക്കണം ഡ്രാഫ്റ്റ്‌ എടുത്തപ്പോള്‍ നാവില്‍ വന്നതു ഉമ്മാന്റെ പേരാണ്‌. അതാണു എല്ലാ ആപല്‍ഘട്ടത്തിലും ആദ്യം നാവിലും മനസ്സിലും‍ വന്നിട്ടുള്ളത്‌.പോസ്റ്റുമാന്‍ കൊടുക്കുന്ന കവറു വാങ്ങി അതില്‍ തുന്നിച്ചേര്‍ത്ത ഒരു തുണ്ടു പേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ പേരെഴുതി ഒപ്പിടുന്ന ഉമ്മാന്റെ രൂപം മനക്കണ്ണില്‍ കണ്ടപ്പോള്‍ അന്നത്തെ എന്റെ ഉറക്കം വളരെ ശാന്തമായിരുന്നു, ഉമ്മയുടെ കൈവട്ടത്തു തൂക്കിയിട്ട തുണിത്തൊട്ടിലിലാണെന്നു ഞാന്‍ കിടക്കുന്നതെന്നു തോന്നി.

പിറ്റേന്നു എല്ലാ സ്റ്റാഫും ഓഫീസില്‍ വന്നു. അന്നാണവര്‍ക്കു ശമ്പളദിനം. സല്‍മാന്‍ ചെക്കു മാറി എന്നെ ഏല്‍പ്പിച്ച കാശു ഞാന്‍ വൗച്ചറൊപ്പിട്ടു എല്ലാര്‍ക്കും കൊടുക്കുന്ന നേരം, അവളുടെ ഹോന്‍ഡാ സിവിക്കു വന്നു ഞങ്ങളുടെ പാര്‍ക്കിംഗില്‍ നിര്‍ത്തി. ഞാന്‍ എണ്ണികൊണ്ടിരുന്ന നോട്ടുകള്‍ എന്റെ കയ്യിലിരുന്നു വിറച്ചു. അവള്‍ കാറില്‍ നിന്നിറങ്ങി. കടയിലേക്കു തന്നെയാണു വരുന്നത്‌. എന്റെ ഉള്ളില്‍ പറയാനും പ്രകടിപ്പിക്കാനും പറ്റാത്ത പേടി. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലന്നും പറഞ്ഞിട്ടില്ലന്നുമുള്ള ധൈര്യം മാത്രം കൂട്ടിനുണ്ട്‌. പക്ഷെ എന്താ കാര്യം ഇവിടെ പെണ്ണു പറയുന്നതേ എല്ലാരും വിശ്വസിക്കൂ.

കടയിലേക്കു കയറി വന്നവളാദ്യം സല്‍മാനു സലാം ചൊല്ലി. പിന്നെ എല്ലാരെയും നോക്കി വിഷ്‌ ചെയ്തു. എല്ലാവര്‍ക്കും അവളെ നന്നായി അറിയാമെന്നു തോന്നുന്നു.

" ആപ്‌ ലോഗ്‌ കോ മാലൂം ഹെ നാ, കല്‍ ബായി കാ ചാലീസ്ദിന്‍ ഹെ! ആപ്‌ സബ്‌ ലോഗ്‌ കല്‍ രാത്ത്‌ നൗ ബജേ ഗര്‍മേം ആനേ കേ ലിയേ ദഹ്‌വാ കര്‍ത്താഹെ!"

അവള്‍ പിന്നെ എന്റെ അടുത്തേക്കു വന്നു. കണ്ണുകള്‍ക്കു നേരെ നോക്കി ഇംഗ്ലീഷില്‍ പറഞ്ഞു

"Mr. Kareem, I am Hasifa,"
"Hatif's sister",

പിന്നെ ഇത്തിരി ഗദ്ഗദത്തോടെ!

"Hope you aware that he is no more with us, We were twins and very much attached, like close friends. I used to drope & pick him up from here".

ചില്ലിലൂടെ തുളച്ചെത്തുന്ന തീഷ്ണതയുള്ള വെയില്‍ നാളങ്ങളെ നോക്കി കൊണ്ടു അവള്‍ തുടര്‍ന്നു.

"He always complained about the afternoon sunlight falling on his cheek through this glass . When ever I pass this way I will slow down my car for some time and make the shadow fall on his face. He always enjoyed that".

പീക്യാപ്പു ചൂണ്ടിക്കാണിച്ചു കൊണ്ട് അവളെന്റെ കണ്ണുകളിലേക്കു നോക്കികൊണ്ടു തന്നെ പറഞ്ഞു.

"I had given this P-cap and told him to wear. Recently, When I saw you wearing this, I felt so glad and that was the reason for watching you while going this way".

"ആപ്‌ ബീ ഇന്‍ ലോകോം കെ സാത്ത്‌ ഫംഗ്‌ഷന്‍ മേം ആയിയേ!"

ഞാന്‍ വല്ലാതായി.ആ കണ്ണിലെ നിഷ്കളങ്കതയില്‍ ഒരു ഉടപ്പിറപ്പിനെ തിരയുന്ന വേദന ഞാന്‍ കണ്ടു.
ഞാന്‍ എന്റെ മുന്‍വിധികളില്‍ സ്വയം ശപിച്ചു, മനുഷ്യവികാരങ്ങളുടെ വിവിധ തലങ്ങള്‍ മനസ്സിലാക്കാന്‍ നാമൊക്കെ എത്രകാലം ജീവിക്കേണ്ടി വരും?. എത്ര ജന്മമെടുക്കേണ്ടി വരും?.
സ്നേഹം നിറഞ്ഞ ഒരു നോട്ടത്തില്‍ നിന്നും വാത്സല്യം പൂണ്ട ഒരു തലോടലില്‍ നിന്നു പോലും കാമവും പ്രേമവും അല്ലാതെ മറ്റൊരു വികാരവും വായിച്ചറിയാനാകാത്തതു നാം കടന്നു പോകുന്ന കാലം നമ്മുടേ മസ്തിഷ്ക്കത്തില്‍ തേച്ചുപിടിപ്പിക്കുന്ന മാലിന്യങ്ങള്‍ കാരണമല്ലെ!
നഷ്ടപ്പെട്ടു പോയ ആങ്ങളയെ എന്നില്‍ കണ്ടെത്താനുള്ള ആ പെണ്‍കുട്ടിയുടെ മനസ്സു വായിച്ചറിയാന്‍ കഴിയാത്ത ഞാന്‍ ഒരു വിഡ്ഢി തന്നെ!

പിറ്റേന്നു മരണാനന്തര ചടങ്ങിനു അവളുടെ വീട്ടിലേക്കു സല്‍മാന്റെ മെര്‍സിഡിസില്‍ പോകുമ്പോള്‍ അനിരുദ്ധനാണു ബാക്കി കഥകള്‍ പറഞ്ഞു തന്നത്‌.

ഹാത്തിഫും ഹഫ്‌സയും ഇരട്ടപെറ്റവര്‍, ജനിച്ചതും വളര്‍ന്നതും ഇവിടെ,കൂട്ടുകാരെ പോലെയുള്ള കൂടപിറപ്പുകള്‍.
അവളെ കാറിലിരുത്തി ഷോപ്പിംഗ്‌മാളില്‍ നിന്നു അവള്‍ക്കെന്തോ വാങ്ങി വരുന്ന വഴി നിയമം തെറ്റി വന്ന ഒരു കാറാണു അവനെ ഇടിച്ചു തെറിപ്പിച്ചത്‌. അവിടെ വെച്ചു തന്നെ അവന്‍ പിടഞ്ഞ്‌ പിടഞ്ഞു മരണപ്പെട്ടു.
കാറിനകത്തിരുന്നു അവള്‍ ഇതു കണ്ടു ബോധശ്യൂന്യയായി.

രാത്രി ഏറെ നേരം കഴിഞ്ഞാണ്‌ വീട്ടുകാര്‍ അന്വേഷിച്ചു സംഭവസ്ഥലത്തു പാര്‍ക്കു ചെയ്ത കാറിനകത്തു നിന്നും ബോധശ്യൂന്യയായ അവളെ കണ്ടെത്തിയത്‌.

മരണാനന്തര നാല്‍പതാമത്തെ ദിവസത്തിലുള്ള പ്രാത്ഥനയും ഭക്ഷണവും കഴിഞ്ഞു മടങ്ങുമ്പോള്‍ അവള്‍ എന്റെ മനസ്സില്‍ മറ്റൊരു പെങ്ങളായി പുനര്‍ജനിച്ചിരുന്നു.

ഹമ്പു കടക്കാന്‍ ഏറെ സമയമെടുക്കുന്ന ആ ഹോണ്‍ടാ സിവിക്‌ കാറും അതിലെ സ്നേഹം തിളങ്ങുന്ന രണ്ടു നീല നയനങ്ങളും വൈകുന്നേരവെയിലിന്റെ തീഷ്ണത കുറക്കാനെന്നുമെത്തിയപ്പോള്‍ ആ പീ ക്യാപ്പ്‌ ഞാന്‍ അന്നേരം മാത്രം തലയില്‍ വെച്ചു പിന്നീടെടുത്തു പൊന്നു പോലെ കാത്തു വെച്ചു.

ദുബൈ വാട്ടര്‍ ആന്‍ഡ്‌ ഇലക്റ്റ്രിസിറ്റിയിലെ എഞ്ചിനീയറായിരുന്ന അവളുടെ പിതാവു റിട്ടയര്‍ ചെയ്തപ്പോള്‍ ഉത്തരാഞ്ചലിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ നൈനിത്താളിലെ അവരുടെ ഗ്രാമത്തിലേക്കവര്‍ തിരിച്ചു പോകും വരെ ആ ഫോണ്‍ കാളുകള്‍ ഞാന്‍ ഒരു സഹോദരന്റെ സ്വാതന്ത്യത്തോടെ അറ്റന്‍ഡു ചെയ്തിരുന്നു.

ഒമ്പതു തടാകങ്ങളുള്ള ആ പര്‍വ്വതോല്ലാസ കേന്ദ്രത്തിലെ ടിഫ്ഫിന്‍ ടോപ്പിലേക്കു റൊപ്പ്‌വേയിലൂടെ സഞ്ചരിക്കാനും, ചൈനാപീക്കീലേക്കു കുതിരപ്പുറത്തു കയറിയെത്താനും എന്നില്‍ കൊതി ജനിപ്പിച്ചതവളുമായുള്ള ആ സൗഹൃദസംഭാഷണങ്ങള്‍ തന്നെയായിരുന്നു.

ഉത്തരേന്ത്യയിലെ ഏതെങ്കിലും ടൂറിസ്റ്റു കേന്ദ്രം കാണാന്‍ എനിക്കു ഭാഗ്യം കിട്ടിയാല്‍ ഏതാവും ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക?.
യാതൊരു സംശയവും വേണ്ട, നൈനിറ്റാള്‍ തന്നെ. അവിടെ ഞാന്‍ കുടുംബത്തോടൊപ്പം താമസിക്കുക ഹാസിഫയുടെ വീട്ടിലും.
http://tkkareem.blogspot.com/

39 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ഒരു വര്‍ഷം തികക്കുന്ന ബ്ലോഗിംഗിനും,
  കഥയെഴുത്തു ഈ ബ്ലോഗില്‍ നിന്നകറ്റിയ എന്റെ മൂന്നു മാസത്തിനും,
  25 തികക്കുന്ന എന്റെ ബ്ലോഗുകഥകള്‍ക്കും,
  14 തികയുന്ന ഞങ്ങളുടെ ദാമ്പത്യത്തിനും,
  അനോണി കമന്റുകള്‍ ഒഴിവാക്കാന്‍ ടെമ്പ്ലേറ്റില്‍ "Anonymous Tracking" എന്നെഴുതിവെച്ചാല്‍ ‍ മതിയെന്നുപദേശിച്ച പാരയായ ഒരു "ഐ.ടി."പണ്ഡിതനും,
  അയാളുടെ ഉപദേശം കേട്ട വിഡ്ഡിയായ എനിക്കു തന്നെയും,
  ഒരര്‍ത്ഥവുമില്ലാത്ത ആ ടെക്സ്റ്റു കണ്ടിട്ടും കൂസാതെ കിണ്ണം കട്ടവന്റെ കയ്യിലേ കരി കാണൂ എന്ന തിരിച്ചറിവിനാല്‍ അതിനു ശേഷം ഇട്ട പോസ്റ്റുകളിലും വന്നു കമണ്ടിട്ടു എന്നെ തിരിച്ചു വരുത്തിയ വായനക്കാര്‍ക്കും,
  ആ കരിയില്‍ കറുപ്പു മാത്രമേയുണ്ടായിരുന്നു വിഷമുണ്ടായിരുന്നില്ലന്ന ഭാവത്താല്‍ പിന്നെ തിരിച്ചു വന്നവര്‍ക്കും,

  സര്‍വ്വോപരി ഒമാനിലെ കസബില്‍ നിന്നും ഷാര്‍ജയിലെ ഇന്റലിജന്‍സിലെ പഴയ ലാവണത്തില്‍ നിന്നും വീശിയെത്തുന്ന തണല്‍കാറ്റിനും ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.

  ഇതിലും സത്യത്തിന്റെ ഒരു പാടു അംശങ്ങള്‍ ഉണ്ടെന്ന സാക്ഷ്യപ്പെടുത്തലോടെ!

  ഇനി കഥകളുമായി ഇവിടെയൊക്കെ തന്നെ കാണും. ജാഗ്രത!

 2. ആഷ | Asha പറഞ്ഞു...

  കറിയ്ക്കരയ്ക്കാന്‍ വെച്ചിരിക്കുന്ന തേങ്ങ എടുത്തിട്ടാണിവിടെ അടിക്കുന്നത്. ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

  മനോഹരമായിരിക്കുന്നു കഥ.
  മുന്‍‌‌ധാരണ പലപ്പോഴും കാര്യങ്ങള്‍ നേരായി കാണാന്‍ തടസ്സമാവാറുണ്ട്.

  ആ ക്യാപ്പ് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലേ :)

 3. സു | Su പറഞ്ഞു...

  കഥ, അല്ല, അനുഭവം നന്നായി. വിചാരിക്കുന്നതൊന്ന്, ശരിക്കുള്ളത് വേറൊന്ന്. ചിലരുടെയൊക്കെ കാര്യം ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നാറുണ്ട്. ആദ്യം തന്നെ ഒരു തീര്‍പ്പ് കല്‍പ്പിച്ചുവെയ്ക്കും ചിലര്‍. എന്നിട്ട് പോകുന്നിടത്തൊക്കെ, അതും കെട്ടിച്ചുമന്ന് ചെല്ലും.

  ഹോ...എന്നാലും, എന്തൊക്കെയാ ചിന്തിച്ചുകൂട്ടിയത് അല്ലേ? ;)

 4. ദിവാസ്വപ്നം പറഞ്ഞു...

  കരീം ഭായ്,

  കഥ ഇഷ്ടപ്പെട്ടു. ട്വിസ്റ്റും. :) ഏറ്റവും സ്വാഭാവികതയോടെ കഥ വായിച്ചിരിക്കാന്‍ പറ്റിയ ബ്ലോഗാണ് തുഷാരത്തുള്ളികള്‍. ഇരുപത്തഞ്ച് പോസ്റ്റുകള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും വരാനിരിക്കുന്നവയ്ക്ക് എല്ലാ ആശംസകളും.


  btw; പെണ്ണുങ്ങള്‍ സംസാരിക്കുമ്പോള്‍ “മൈം ഏക്‌ ദിന്‍ ആപ്‌കോ മില്‍നേ ആവൂംഗാ“ എന്ന് പറയില്ല. (“... ആപ് സേ മില്‍നേ ആവൂംഗി”).

  അതേപോലെ, “വഹ്‌ ക്യാപ്‌ ആപ്‌ ഹമേശാ രകിയേ!“ എന്ന് വായിച്ച് ഞാന്‍ സാമാന്യം നല്ല തോതില്‍ കണ്‍ഫ്യൂ ആയി (രഖിയേ)

  ആഹ ഒരു നല്ല പോസ്റ്റില്‍ ഹിന്ദി ഗ്രാമര്‍ പറയാന്‍ എന്തുരസം

  :-)

 5. Sapna Anu B.George പറഞ്ഞു...

  മാഷേ, ജീവിതത്തിലെ ഇത്തരം തൂത്താലും മാച്ചാലും മായാ‍ത്ത ചില അനുഭവങ്ങള്‍ വന്നെത്തു , അവ എന്നെന്നും ഒരനുഭവമായി,ഓര്‍മ്മയായി. ഇവക്ക് അതിന്റേതായ പ്രധാന്യവും വിലയും കല്‍പ്പിക്കുന്ന മാഷിനു പ്രണാമം.

 6. സാജന്‍| SAJAN പറഞ്ഞു...

  കരീം മാഷേ, ഈ കഥ വായിച്ച കൂട്ടത്തിലാണ് മാഷിന്റെ ചില കഥകളുംകൂടെ വായിക്കാന്‍ എനിക്കു കഴിഞ്ഞത്..:)
  വായിച്ചതെല്ലാം ഒന്നിനൊന്നു മെച്ചം!
  ഈ കഥയും നല്ല നിലവാരം പുലര്‍ത്തുന്നത് തന്നേ..
  ആശംസകള്‍!!!
  ആശംസകള്‍!!!

 7. മുസ്തഫ|musthapha പറഞ്ഞു...

  എവിടേയോ വായിച്ച ഒരു കഥ ഓര്‍മ്മ വന്നു...

  നോട്ടുബുക്കില്‍ അതിമനോഹരമായ ഒരു കണ്ണിന്‍റെ ചിത്രം വരച്ചുകൊടുത്ത് ടീച്ചര്‍ പറഞ്ഞു ‘ഈ കണ്ണിന്‍റെ ഉടമയെ എന്നെങ്കിലും കണ്ടെത്തുമെന്ന്...’

  വര്‍ഷങ്ങള്‍ക്ക് ശേഷം, തന്നെ എപ്പോഴും ശ്രദ്ധിച്ച് നോക്കുന്ന ഒരു സ്ത്രീയെ അയാള്‍ പരിചയപ്പെടുകയുണ്ടായി... ടീച്ചര്‍ പണ്ട് വരച്ചുകൊടുത്തതു പോലെയുള്ള മനോഹരമായ കണ്ണുകളായിരുന്നു അവള്‍ക്ക്.

  അവള്‍ തന്നെ എപ്പോഴും ശ്രദ്ധിച്ചു നോക്കുന്നതില്‍ നിന്നും അവള്‍ക്ക് തന്നോട് പ്രേമമാണെന്ന് അയാള്‍ ധരിച്ചു.

  പിന്നീടാണറിഞ്ഞത്, അവള്‍ വിവാഹിതയും അമ്മയുമാണെന്ന്... പിന്നെയെന്തിനായിരുന്നു എന്ന ചോദ്യത്തിനവള്‍ പ്രതികരിച്ചത് ‘തനിക്കും എന്‍റേതുപോലുള്ള കണ്ണുകളാണല്ലോ എന്ന അത്ഭുതം കാരണമാണ് തന്‍റെ കണ്ണുകളിലേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കിയിരുന്നത്’ എന്നായിരുന്നു. (ആ കഥയുടെ രത്നചുരുക്കം... സ്വയം തിരിച്ചറിയാത്തവര്‍ എന്നത് തന്നേയാവണം).

  പക്ഷെ, ഇവിടെ നോട്ടത്തിലെ തെറ്റിദ്ധാരണകളെ കുറിച്ച് പറഞ്ഞു വന്നപ്പോള്‍ ആ കഥ ഓര്‍ത്തുപോയെന്ന് മാത്രം.

  മാഷെ, ഇരുപത്തിയഞ്ചാം പോസ്റ്റിന്‍ ആശംസകള്‍ :)

 8. Areekkodan | അരീക്കോടന്‍ പറഞ്ഞു...

  കഥ മനോഹരമായിരിക്കുന്നു

 9. നിമിഷ::Nimisha പറഞ്ഞു...

  കരീം മാഷിന്റെ തിരിച്ച് വരവിന് ഇരട്ടി മധുരം നല്‍കുന്നു ഈ പോസ്റ്റ്! മാഷേ വളരെ നന്ദിയുണ്ട് എഴുത്ത് വീണ്ടും തുടങ്ങിയതിന്. ഈ പോസ്റ്റ് വായിച്ചിട്ട് മാഷിനോട് ഒരു സഹോദരനോടെന്ന പോലെ സ്നേഹം തോന്നിയത് ഈ വരികളിലെ ഭംഗി വെളിവാക്കുന്നു :)

 10. കരീം മാഷ്‌ പറഞ്ഞു...

  ദിവാ...!
  വളരെ നന്ദി.
  തെറ്റുകള്‍ തിരുത്തിയിരിക്കുന്നു. ബ്ലോഗെഴുത്തിന്റെ ഏറ്റവും നന്മയും മേന്മയും ഇതു തന്നെ! ഭാവിയിലും സഹകരണം പ്രതീക്ഷിക്കുന്നു. കഥ ഇഷ്ടപ്പെട്ടു വെന്നതില്‍ വളരെ സന്തോഷം.

 11. sandoz പറഞ്ഞു...

  നന്നായി....ശരിക്കും ഫീല്‍ ചെയ്തു തന്നെ വായിച്ചു.
  സ്നേഹം നിറഞ്ഞ്‌ നില്‍ക്കുന്നു മാഷിന്റെ പോസ്റ്റില്‍.
  അഭിനന്ദങ്ങള്‍.

 12. Sathees Makkoth | Asha Revamma പറഞ്ഞു...

  നല്ല നിലവാരം പുലര്‍ത്തുന്ന മാഷിന്റെ കഥകളിലേയ്ക്ക് മറ്റൊരു അനുഭവ കഥ കൂടി.വളരെ നന്നായിരിക്കുന്നു.

 13. പോക്കിരി പറഞ്ഞു...

  മാഷെ വൈകി എത്തിയ ഒരു വായനക്കാരനാണു ഞാന്‍. എല്ലാ കഥകളും വായിച്ചു തീര്‍ന്നില്ലെങ്കിലും രണ്ടു മൂന്നെണ്ണം തീര്‍ത്തു. എല്ലാം ഒന്നിനൊന്നു മിച്ചം....
  തുടരട്ടെ യാത്ര, ആശംസകള്‍...

 14. Rasheed Chalil പറഞ്ഞു...

  ഒരു വര്‍ഷം തികയുന്ന ബ്ലൊഗിംഗ്... തിരിഞ്ഞ് നോക്കുമ്പോള്‍ അഭിമാനിക്കാവുന്ന ഒരു ബ്ലോഗ്. ഇനിയും ഒത്തിരി കാലം ഈ ലോകത്ത് പ്രകാശമാവാന്‍ കഴിയട്ടേ എന്ന് ആശംസിക്കുന്നു

  ചില ഓര്‍മ്മകള്‍ ജീവിതത്തിലെ മറന്ന് പോയ ഏടുകളിലേക്ക് വെളിച്ചം വീശാറുണ്ട്. ഈ പോസ്റ്റ് അത് പോലെയായി. ജീവിതത്തില്‍ മറക്കാന്‍ തുടങ്ങിയ ഒരു കാലത്തേക്ക് പതുക്കെ കൈപിടിക്കുന്നു.

  മാഷേ ഒരു പാട് ഇഷ്ടമായി ഈ പോസ്റ്റ്. മറ്റ് പോസ്റ്റുകളേ പോലെ തന്നെ. തുടരുക. ആശംസകള്‍. അഭിനന്ദങ്ങള്‍

 15. തറവാടി പറഞ്ഞു...

  മാഷുടെ ഇഷ്ടപ്പെട്ട രചനകളില്‍ ഒന്ന്
  നല്ല , വായനാ സുഖം തരുന്ന , എഴുത്ത്

  അഭിനന്ദനങ്ങള്‍

 16. തമനു പറഞ്ഞു...

  പ്രിയ കരീം മാഷേ,

  പിടിച്ചിരുത്തി വായിപ്പിച്ചു മാഷിന്റെ വരികള്‍. നമ്മുടെ മനസില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതേ വികാരത്തോടെ മറ്റുള്ളവരുടെ മനസിലേക്കെത്തിക്കാന്‍ കഴിവുള്ള കുറേ എഴുത്തുകാരുണ്ട് ബൂലോഗത്ത്‌. അതില്‍ പ്രഥമ സ്ഥാനത്ത്‌ നില്‍ക്കുന്നവരില്‍ ഒരാളാണ് കരീം മാഷ്‌.

  വളരെ ഹൃദയസ്പര്‍ശിയായി ഓരോ വരികളും..

  മാഷിനും, ആ കൂടപ്പിറപ്പിനും ആശംസകള്‍.

  ഓടോ: അവസാന വരി ഹിന്ദിയില്‍ എഴുതണമെന്ന്‌ കരുതിയതാ. പക്ഷേ ആ ദിവായെ പേടിച്ചാ മലയാളത്തിലാക്കിയേ ..!! :)

 17. :: niKk | നിക്ക് :: പറഞ്ഞു...

  "നഷ്ടപ്പെട്ടു പോയ ആങ്ങളയെ എന്നില്‍ കണ്ടെത്താനുള്ള ആ പെണ്‍കുട്ടിയുടെ മനസ്സു വായിച്ചറിയാന്‍ കഴിയാത്ത ഞാന്‍ ഒരു വിഡ്ഢി തന്നെ!"

  ആണോ..അല്ലേ...ഉവ്വോ...യ്യൊ!

  കൊള്ളാം കരീംഭായ്.

  ആ പീക്യാപ് എവിടെ ഇപ്പോള്‍? :P

 18. kichu / കിച്ചു പറഞ്ഞു...

  സമര്‍പ്പന്ണത്തിലെ മുഴുവന്‍ ആത്മാര്‍ത്തതയും ഉള്‍ക്കൊള്ളുന്നു.

  എല്ലാ ആശംസകളും

 19. അപ്പു ആദ്യാക്ഷരി പറഞ്ഞു...

  സ്നേഹം നിറഞ്ഞ ഒരു നോട്ടത്തില്‍ നിന്നും വാത്സല്യം പൂണ്ട ഒരു തലോടലില്‍ നിന്നും കാമവും പ്രേമവും അല്ലാതെ മറ്റൊരു വികാരവും വായിച്ചറിയാനാകാത്തതു നാം കടന്നു പോകുന്ന കാലം നമ്മില്‍ തേച്ചുപിടിപ്പിക്കുന്ന മാലിന്യങ്ങളല്ലെ!
  നഷ്ടപ്പെട്ടു പോയ ആങ്ങളയെ എന്നില്‍ കണ്ടെത്താനുള്ള ആ പെണ്‍കുട്ടിയുടെ മനസ്സു വായിച്ചറിയാന്‍ കഴിയാത്ത ഞാന്‍ ഒരു വിഡ്ഢി തന്നെ!

  കരീം മാഷേ..ഉള്ളില്‍ത്തട്ടി ഈ കഥ. മാഷും, സാബിത്തായും മത്സരിക്കുകയാണല്ലോ എഴുത്തില്‍. ചക്കിക്കൊത്ത ചങ്കരന്‍!! അഭിനന്ദനങ്ങള്‍.

 20. വല്യമ്മായി പറഞ്ഞു...

  നല്ല കഥ.ഇരുപത്തിയഞ്ചാം പോസ്റ്റിനാശംസകള്‍.

 21. മൂര്‍ത്തി പറഞ്ഞു...

  കൊള്ളാം മാഷെ..വായിക്കാന്‍ ഇത്തിരി വൈകി..
  qw_er_ty

 22. [ nardnahc hsemus ] പറഞ്ഞു...

  മാഷേ, കഥ വായിച്ചു...അവതരണം നല്ലത്‌.. മാഷിന്റെ വ്യാകുലതയോട്‌ ചേര്‍ന്നു നില്‍ക്കുന്നതിലുപരി ഞാനെന്റെ ഒരഭിപ്രായം ഇവിടെ കുറിയ്ക്കുന്നു... മനുഷ്യനെ മനുഷ്യനാക്കുന്നത്‌ അവന്‍ ചുറ്റുപാടുകളോടും സഹജീവികളോടും തുറന്നു സംവദിയ്ക്കുമ്പോഴാണ്‌... അല്ലാതെ അവര്‍ എന്നെക്കുറിച്ച്‌ എന്തുകരുതും അല്ലെങ്കില്‍ അവരെക്കുറിച്ച്‌ ഞാന്‍ ഇങ്ങനെയാണല്ലോ ധരിച്ചത്‌.. ആ കുട്ടി എന്നെ ഒരാങ്ങളയായെ കണ്ടിരുന്നുള്ളുവെങ്കില്‍, അത്‌ വേണ്ട രീതിയില്‍ പ്രകടിപ്പിയ്ക്കുകയും ചെയ്യേണ്ടത്‌ അവശ്യം തന്നെയെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു...

 23. പുള്ളി പറഞ്ഞു...

  മാഷേ 25ന് അഭിവാദ്യങ്ങള്‍.

 24. കരീം മാഷ്‌ പറഞ്ഞു...

  ഇരുപതഞ്ചാമത്തെ എന്റെ ബ്ലോഗു കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.നമസ്കാരം.
  1.ആഷ (കറിക്കരക്കാനുള്ള തേങ്ങയെടുത്തെറിയുമ്പോള്‍ സതീശിനോടോന്നു ചോദിക്കണേ!(ഇല്ലങ്കില്‍ പൂച്ചക്കൊരു മൂക്കുത്തിയില്‍ സുകുമാരിയും നെടുമുടി വേണുവും റിക്കര്‍ഡ്‌പ്ലേറ്റുകൊണ്ടു എറിയുന്ന പോലാവും)
  2.സു (വേണ്ടാത്തതു ചിന്തിച്ചു കാടു കേറുന്നതു തന്നെയാണു പ്രശ്നം - പക്ഷെ അങ്ങനെയായാലല്ലെ നമുക്കു എഴുതാനെന്തെങ്കിലും കിട്ടൂ)
  3.ദിവാ :- (കഥയുടെ സ്വാഭാവികത തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷം)
  4. സ്വപ്ന :-(തൂത്താലും തുടച്ചാലും പോകാത്ത ചില ഓര്‍മ്മകള്‍ തനിച്ചിരിക്കുമ്പോള്‍ തരുന്ന നൊമ്പരം കുറച്ചൊന്നുമല്ല ആശാജി)
  5.സാജന്‍ :-( അഭിപ്രായത്തിനു നന്ദി)
  6.അഗ്രജന്‍ :- ( കണ്ണുകള്‍ പ്രണയത്തിന്റെ പ്രഥമ വാതില്‍)
  7.അരീക്കോടന്‍ :- നന്ദി
  8.നിമിഷ :- ( സഹോദര-സഹോദരി സ്നേഹം തന്നെയായിരുന്നു ഞാന്‍ ഈ കഥയിലൂടെ പകര്‍ന്നതു.നിമിഷയും അതില്‍ പെടുന്നു.
  9.സാന്‍ഡോസ്‌ :- ( യവന്റെ ആദ്യത്തെ ഒരു വൈകാരികമായ ഫീല്‍ ചെയ്ത ഒരു കമണ്ടു എന്റെ പോസ്റ്റിലാണു കിട്ടിയതെന്ന അഭിമാനം)
  10.സതീശ്‌ :- ( ഇതു പോലെ നിലവാരം കാത്തു സൂക്ഷിക്കാന്‍ തുണയാകുക. താഴുമ്പോള്‍ ഉപദേശിക്കുക. നന്ദി)
  11.പോക്കിരിവാസു :- (പേരു കേട്ടു പേടിച്ചു പക്ഷെ ഫോട്ടോ കണ്ടു വാല്‍സല്യം തോന്നി. നന്ദിണ്ടുട്ടോ?)
  12.ഇത്തിരി ( വളരെ നന്ദി. ബാല്യത്തിലെ പേജുകള്‍ ധൃതിയില്‍ മറിച്ചിരുന്നോ എന്നു സംശയമുണ്ട്‌. കൗമാരത്തില്‍ പതുക്കെയേ പേജുകള്‍ മറിച്ചത്‌. അതിനാല്‍ എല്ലാം ഓര്‍മ്മയുണ്ട്‌.ഇപ്പോള്‍ ബാല്യത്തെ ഓര്‍ത്തു സങ്കടപ്പെടും.കുറച്ചു കൂടി കാലം കുഞ്ഞാവാമായിരുന്നെങ്കില്‍!)
  13.തറവാടി :- ( എന്റെ നല്ല രചനയില്‍പ്പെടുന്നു ഇതും എന്ന അഭിപ്രായത്തിനു വളരെ നന്ദി)
  14.തമനു :- ( ഈ കമന്റ്‌ "ബെസ്റ്റ്‌ കമണ്ട്‌ ഓഫ്‌ തെ പോസ്റ്റ്‌ ആയി ഞാന്‍ സ്വീകരിക്കുന്നു. താന്‍ക്സ്‌)
  15.നിക്ക്‌:- പിക്യാപ്പ്‌ ഞാന്‍ താഴെ വെച്ചിരുന്നു കണ്ടില്ലെ?
  16.കിച്ചു :- മുല്ലപ്പൂവിന്റെ മണമുള്ള ഈ തണല്‍ കാറ്റിനോടു ഞാന്‍ നന്ദി പറഞ്ഞാല്‍ അതു നന്ദികേടാവും)
  17.അപ്പു :- (അഭിപ്രായത്തിനു നന്ദി)
  18. മൂര്‍ത്തി :- (വായിച്ചു കമണ്ടിയതിനു നന്ദി)
  19.സുമേഷ്‌ ചന്ദ്രന്‍ ( ജീനിയസ്‌ കമണ്ട്‌- ഞാന്‍ എഴുതാന്‍ വിട്ടു പോയ ചില വരികള്‍ ഓര്‍മ്മിപ്പിച്ച നല്ല ഒരു കമണ്ട്‌. മെനി മെനി താങ്ക്സ്‌. ഞാന്‍ എഡിറ്റു ചെയ്യുന്നുണ്ട്‌. അപ്പോള്‍ താങ്കളുടെ ഈ കമണ്ടിന്റെ വാല്യു എനിക്കു കിട്ടി)
  20.പുള്ളി ( കഥ വായിച്ചെഴുതിയ ഈ കമണ്ടിനു നന്ദി)

 25. കരീം മാഷ്‌ പറഞ്ഞു...

  നന്ദി പറയാന്‍ വിട്ടു പോയ വല്യമ്മായിക്കു എന്‍റെ വിനീതമായ സഹോദര തുല്യമായ കൂപ്പു കൈ

 26. കണ്ണൂസ്‌ പറഞ്ഞു...

  മാഷേ, ഇന്നലെ വെറുതേ മനസ്സില്‍ വിചാരിച്ചിരുന്നു കരീം മാഷിന്റെ ഒരു കഥ കണ്ടിട്ട്‌ ഒരുപാട്‌ കാലമായല്ലോ എന്ന്. അതിനും അഞ്ച്‌ ദിവസം മുന്‍പേ ഇതിവിടെ വന്നിരുന്നത്‌ അറിഞ്ഞിരുന്നില്ല. 25-ആം കഥക്ക്‌ ആശംസകള്‍. പതിവുപോലെ ഉള്ളില്‍തട്ടുന്ന അനുഭവം.

 27. മുസാഫിര്‍ പറഞ്ഞു...

  മാഷുടെ കഥകളും അനുഭവക്കുറിപ്പുകളും വളരെ രസിച്ച് വായിക്കാറുണ്ടായിരുന്നു.വിഷമിപ്പിക്കുന്നതും എന്നാല്‍ ഇടക്കുമാത്രം ചിരിപ്പിക്കുന്നതും ആയിരുന്നെന്നാണു ഓര്‍മ്മ.ഇടക്കു കൂറച്ചു നാള്‍ വായിക്കാന്‍ പറ്റിയില്ല.
  എന്തായാലും പോസ്റ്റിന്റെ രജത ജൂബിലിയുടെയും ബ്ലോഗിന്റെ വാര്‍ഷികത്തിന്റേയും ആശംസകള്‍.

 28. ടി.പി.വിനോദ് പറഞ്ഞു...

  കഥ ഇഷ്ടമായി കരീം മാഷേ .നല്ല ഒഴുക്കുള്ളതും ജീവിതഗന്ധിയുമായ എഴുത്ത്.
  ബ്ലോഗിംഗിനും കഥയെഴുത്തിനും ആശംസകള്‍..

 29. Sherlock പറഞ്ഞു...

  mashe, ee kadhayum enikku peruth eshatyi.

  aashamsakal..

 30. വേഴാമ്പല്‍ പറഞ്ഞു...

  സ്നേഹം നിറഞ്ഞ ഒരു നോട്ടത്തില്‍ നിന്നും വാത്സല്യം പൂണ്ട ഒരു തലോടലില്‍ നിന്നു പോലും കാമവും പ്രേമവും അല്ലാതെ മറ്റൊരു വികാരവും വായിച്ചറിയാനാകാത്തതു നാം കടന്നു പോകുന്ന കാലം നമ്മുടേ മസ്തിഷ്ക്കത്തില്‍ തേച്ചുപിടിപ്പിക്കുന്ന മാലിന്യങ്ങള്‍ കാരണമല്ലെ!
  എത്ര സത്യമായ വാക്കുകള്‍ ,മാഷെ മറ്റു അനുഭവ കുറിപ്പുകളെ പ്പോലെ ഇതും വളരെ നന്നായിരിക്കുന്നു

 31. ശ്രീ പറഞ്ഞു...

  കരീം മാഷെ...

  കഥ ഇഷ്ടപ്പെട്ടു...
  :)

 32. ...പാപ്പരാസി... പറഞ്ഞു...

  മാഷേ,
  ഏറെ കാലത്തിനു ശേഷം ഞാന്‍ വായിച്ച,ഹൃദയത്തില്‍ തട്ടിയ മനോഹരമായ കഥ.ഒന്നുറപ്പിച്ചു ഇനി മാഷ്‌ നെ വിടാതെ പിന്തുടരുക...ഞാന്‍ ഇനി ഇവിടെയൊക്കെ കാണും....പിന്നെ ആ അപ്പു മാഷ്‌ നെ ചങ്കരന്‍ എന്ന് വിളിച്ചേക്കുന്നു...സാബിറാത്താനെ ചക്കീന്നും.(മാഷ്‌ ഇതൊന്നും കണ്ടില്ലെങ്കീന്ന് കരുതി പറഞ്ഞതാ...,അപ്പൂ ഞാന്‍ ഓടി ദൂരെ എത്തി...കല്ലെടുക്കല്ലേ ഞാന്‍ നിന്നു തരാം!)

 33. ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

  കരീം മാഷേ :)
  ഇഷ്ടമായി കഥ.

  ധാരാളം കഥകളും ചിത്രങ്ങളും ആ തൂലികയില്‍ നിന്നും വിരിയട്ടെ!

  പ്രാര്‍ഥനയോടേ,
  ജ്യോതിര്‍മയി.
  (ഇവിടെ വരുമ്പോള്‍ ഇന്നും ഒരു കുറ്റബോധം:(

 34. കരീം മാഷ്‌ പറഞ്ഞു...

  ടീച്ചരേ ഞാന്‍ ആ കുറ്റബോധം എന്നന്നേക്കുമായി മായ്ച്ചു കളയട്ടയോ?
  ടീച്ചറുടെ വിഷമം എനിക്കു സഹിക്കാന്‍ കഴിയിണില്യാ..
  പക്ഷെ അതുപോയാല്‍ അതിനു ശേഷമുള്ള കമന്റുകള്‍ക്കു പ്രസക്തി കുറയും.
  അല്ലങ്കില്‍ ഞാനതു ഡ്രാഫ്റ്റാക്കണമോ?
  ടീച്ചറിന്റെ ഇഷ്ടം.
  മറ്റൊരു തണല്‍ക്കാറ്റുകൂടി ഞാനാഗ്രഹിച്ചോട്ടെ!

 35. Unknown പറഞ്ഞു...

  കരീം മാഷേ,
  പോസ്റ്റ് വളരെ നന്നായിരിക്കുന്നു. മനസ്സില്‍ തട്ടി.

 36. കുട്ടിച്ചാത്തന്‍ പറഞ്ഞു...

  ചാത്തനേറ്:

  സഹോദരസ്നേഹം ഒന്നുവേറേ തന്നെയാ...

 37. കരീം മാഷ്‌ പറഞ്ഞു...

  22. ബ്ലോഗു വാര്‍ഷികത്തോടനുബന്ധിച്ചു തുഷാരത്തുള്ളികള്‍ക്കു വേണ്ട ബാക്ക്ഗ്രൗണ്ട്‌ ചിത്രം തന്ന അപ്പുവിന്നു പ്രത്യേക നന്ദി.
  23.കണ്ണൂസ്‌:- വയിച്ചതിന്നും കമണ്ടിട്ടതിനും നന്ദി.കണ്ണൂസിന്റെ കടമ്പകടന്നാല്‍ കഥ നന്നായി എന്ന കോണ്‍ഫിഡന്‍സ്‌ ഉണ്ട്‌.
  24.മുസാഫിര്‍ :- എന്റെ എല്ലാകഥകളുടെയും നല്ല വിമര്‍ശകന്‍. നന്ദി
  25.ലാപുട :- അക്ഷരങ്ങളെ വികാരങ്ങളാക്കുന്ന കവിതയുടെ മാന്ത്രികന്‍ (നന്ദി),
  26. ജിഹേഷ :- എന്റെ കഥകളെ ഇഷ്ടപ്പെട്ട പുതിയ തലമുറയിലെ സഹൃദയനായ ബ്ലോഗര്‍ (നന്ദി)
  27.വേഴാമ്പല്‍ :- ഒരുപാടു നല്ല എഴുത്തുകള്‍ ഒളിച്ചു വെച്ച ബ്ലോഗര്‍ (കാത്തിരിക്കുന്നു നല്ല ഓജസ്സുള്ള രചനകള്‍ക്കായി)
  28.ശ്രീ:- പുതിയ തലമുറയിലെ നല്ല്ല ഒരു ബ്ലോഗര്‍ (നന്ദി)
  29.പാപ്പരാസി :- ഞാന്‍ വൈകി വായിച്ചു തുടങ്ങിയ ബ്ലോഗര്‍ ( നന്ദി)
  30.ജ്യോതിര്‍മയി:- നന്ദി ടീച്ചറേ
  31.ദില്‍ബാസുരന്‍:- എന്റെ എല്ലാ കഥകളുടെയും നല്ല വായനക്കാരനായ ഈ അസുരനു നന്ദി.
  32.കുട്ടിച്ചാത്തന്‍ :- അസല്‍ അറിയില്ലങ്കിലും അപകടകാരിയല്ലന്നറിയാവുന്നതിനാല്‍ വായനക്കു നന്ദി.

 38. Unknown പറഞ്ഞു...

  Kareem Mash....Story is excellent....

 39. M. Ashraf പറഞ്ഞു...

  എഡ്വിനയേയും നെഹ്‌റുവിനെയും കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ വായിച്ചതിനു പിന്നാലെയാണ്‌ കരീം മാഷിണ്റ്റെ കഥ ഞാന്‍ ഒറ്റയിരിപ്പിന്‌ വായിച്ചത്‌.
  യഥാര്‍ഥ സാഹിത്യകാരന്‍ കഥകള്‍ രചിക്കുകയല്ലെന്നും കഥകള്‍ കണ്ടെത്തുകയാണെന്നും ബയോഡാറ്റയല്ല കഥാകൃത്തിനെ വിലയിരുത്തേണ്ട മാനദണ്ഡമെന്നുമുള്ള സുകുമാര്‍ അഴീക്കോടിണ്റ്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലേക്കാണ്‌ എന്നെ ഈ കഥ അല്ലെങ്കില്‍ അനുഭവം അല്ലെങ്കില്‍ സത്യം എന്നെ കൊണ്ടുപോയത്‌. ഏതായാലും എഡ്വിനയുടെ കഥ കൂടി ഈ കമണ്റ്റിലിരിക്കട്ടെ. കാണാതെ പോയ ആര്‍ക്കെങ്കിലും വായിക്കാമല്ലോ.
  മാഷേ, മുസാഫിര്‍ എണ്റ്റെ തൊട്ടടുത്ത്‌ തന്നെയാണ്‌ ഇരിപ്പ്‌. ഇപ്പോള്‍ മഴ കാണാന്‍ നാട്ടില്‍ പോയിരിക്ക്യാ. നാട്ടില്‍ നിന്ന്‌ മടങ്ങിയെത്തിയ മറ്റൊരു ചാങ്ങാതി വിഡിയോവില്‍ പകര്‍ത്തിക്കൊണ്ടുവന്ന മഴ കാണാന്‍ എന്നെ ക്ഷണിച്ചിട്ടുണ്ട്‌.
  നെഹ്‌റുവിന്‌ എഡ്വിനയുമായി ഉണ്ടായിരുന്നത്‌ വിശുദ്ധ പ്രണയം
  ന്യൂദല്‍ഹി: ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൌണ്ട്‌ ബാറ്റണ്റ്റെ ഭാര്യ എഡ്വിനയുമായി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ അഗാധമായ പ്രണയമായിരുന്നുവെന്ന്‌ മൌണ്ട്‌ ബാറ്റണ്റ്റെ മകള്‍ പമേലയുടെ വെളിപ്പെടുത്തല്‍. ഇരുവരും തമ്മിലെ ബന്ധം ലൈംഗികാസക്തിയിലേക്ക്‌ വളരാത്ത പരിശുദ്ധ പ്രണയമായിരുന്നുവെന്നും പമേല സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യ ഓര്‍മിക്കപ്പെടുന്നു: അധികാര കൈമാറ്റവേളയില്‍ മൌണ്ട്‌ ബാറ്റന്‍മാരെക്കുറിച്ച വ്യക്തിവിവരണം എന്ന ശീര്‍ഷകത്തിലുള്ള പുസ്തകത്തിലാണ്‌ ഇപ്പോള്‍ 78 വയസ്സുള്ള പമേല, മാതാവും നെഹ്‌റുവും തമ്മിലെ 'വിശിഷ്ട ബന്ധ'ത്തിണ്റ്റെ ഉള്ളറകളിലേക്ക്‌ വെളിച്ചം വീശുന്നത്‌. പതിനേഴാം വയസ്സിലാണ്‌ താന്‍ മാതാപിതാക്കളോടൊപ്പം ഇന്ത്യയിലെത്തിയതെന്ന്‌ മൌണ്ട്‌ ബാറ്റണ്റ്റെ ഇളയ മകള്‍ പറയുന്നു. നേരത്തേ നിരവധി കാമുകന്‍മാരുണ്ടായിരുന്ന മാതാവിന്‌, ഇന്ത്യയിലെത്തുമ്പോള്‍ പ്രായം 44 ആയിരുന്നുവെന്നും നെഹ്‌റുവുമായുള്ള അവരുടെ വിശുദ്ധ പ്രണയത്തില്‍ പിതാവിന്‌ സന്തോഷമായിരുന്നുവെന്നും പമേല അനുസ്മരിക്കുന്നു. അധികാരകൈമാറ്റ, വിഭജന പ്രക്രിയ സുഗമമാക്കുന്നതിന്‌ ഈ ബന്ധത്തെ മൌണ്ട്‌ ബാറ്റന്‍ ഉപയോഗപ്പെടുത്തിയിരുന്നു. 48 ല്‍ ഇന്ത്യ വിട്ട ശേഷവും വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും, നെഹ്‌റുവും മാതാവും തമ്മില്‍ സംഗമിക്കാറുണ്ടായിരുന്നു. 58 -ാമത്തെ വയസ്സില്‍ എഡ്വിന മരിക്കുമ്പോള്‍ നെഹ്‌റുവിണ്റ്റെ ഏതാനും കത്തുകള്‍ ശയ്യക്കരികെയുണ്ടായിരുന്നുവെന്നും പമേല ഓര്‍ക്കുന്നു.