തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2007

സ്വര്‍ണ്ണപ്പല്ലുള്ള നാടോടി

വധിക്കാലത്തു ഞാന് നാട്ടിലെത്തിയ ഉടനെ
ഇപ്രാവശ്യത്തെ സ്കൂള് പി.ടി.എ മീറ്റിംഗിനു പപ്പ തന്നെ വരണമെന്നു കുട്ടികളെക്കാള് നിര്‍ബന്ധം അദ്ധ്യാപകര്‍ക്കായിരുന്നു.
അതൊരു കെണിയാണെന്നു മുന്നറിയിപ്പു തന്നതു ശ്രീമതി.
പണി നടക്കുന്ന പുതിയ സ്കൂള് കെട്ടിടത്തിനു പിരിവുണ്ട്. N.R.I ക്കാരുടെ മക്കള്‍ക്കു കൊടുക്കേണ്ട സംഖ്യ N.R.K ക്കാരുടെ മക്കള് കൊടുക്കേണ്ട തിനെക്കാള് കുറച്ചു വലിയതാണ്. R.K.മക്കളുടെ സംഖ്യ അതിലും കുറവ്.

അതിനാല് ശ്രീമതിയെ തന്നെ പറഞ്ഞയച്ചു. അവള് കുറച്ചു കൊല്ലമായി R.K. യാണ്.

നാട്ടില് ജീവിക്കുന്നതിന്‍റെ ഒരു പ്രധാന മെച്ചം സ്വയം നേടുന്ന ആര്‍ജിത പ്രതിരോധ ശേഷിയാണ്.
പലവിധം കൊതുകുകളില് നിന്നും പകര്ച്ചവാധികളില് നിന്നും നേടുന്ന ആര്‍ജ്ജിത രോഗപ്രതിരോധ ശേഷി സ്വായത്തമാക്കാന് നാട്ടില് കുറേക്കാലം ജീവിക്കുക തന്നെ വേണം.
ചൂയിന്ഗം പോലെ വീര്‍ത്തു വരുന്ന കൊതുകുകടിപ്പാടുകള് എനിക്കു മാത്രമേയുള്ളൂ വെന്നു കരുതി ഞാന് ഗള്‍ഫില് നിന്നു അവധിക്കെത്തിയ രണ്ടുമൂന്നു കൂട്ടുകാരോടു അന്വേഷിച്ചപ്പോള് അതേ ചുറ്റളവുള്ള കുമിളകള് അവര്‍ക്കുമുണ്ടന്നറിഞ്ഞതോടെ എനിക്കു മനസ്സമാധാനമായി. (തൊട്ടടുത്ത കണ്ടത്തിലെ നെല്ലുണങ്ങിയപ്പോള് തന്‍റെ നെല്ലുണങ്ങിയ ഖേദം തീര്‍‍ന്നെന്നു പറഞ്ഞപോലെ!)

കറന്‍സി റേറ്റു താഴ്ച്ച ഗള്‍ഫുകാരന്‍റെ ദുര്‍വ്യയത്തിന്‍റെ നട്ടെല്ലൊടിച്ചപ്പോള് സകലമാര്‍ക്കറ്റിലും ജ്വല്ലറികളിലും, ഫാന്‍സി,ഫര്‍ണ്ണിച്ചര് കടകളിലും കറന്‍സികൊണ്ടുള്ള നീരാട്ടു നല്ലോണം നിന്നിരിക്കുകയാണിപ്പോള്.

വിലപേശലാണു പ്രവാസിക്ക് നഷ്ടപ്പെട്ട മറ്റൊരു ആര്‍ജ്ജിത പ്രതിരോധ ശേഷി.
നാട്ടിലെത്തിയാല് നാട്ടുകാരെപ്പോലെയല്ലാതെ വ്യത്യാസമായി (?)നടക്കാന് ആഗ്രഹിക്കുന്ന ഏതൊരു പ്രവാസിക്കും നിലവിലുള്ള വിലയെക്കാള് മൂന്നും നാലും മടങ്ങു വിലക്ക് സാധനങ്ങള് വാങ്ങേണ്ടി വരുന്നതു ‘വിലപേശല്ശേഷി‘ അശേഷം ഇല്ലാത്തതിനാലാണ്.

ശ്രീമതി തിരിച്ചെത്തുമ്പോഴേക്കും ക്രിയാത്മകമായി നല്ലതു വല്ലതും ചെയ്തുവെക്കണമല്ലോ എന്നു കരുതിയിരിക്കുമ്പോഴാണു ഒരു തമിഴന് നാടോടി മനോഹരമായി നെയ്ത അഞ്ചാറു കുട്ടകള് വില്‍ക്കാന് വീട്ടില് വന്നു കയറിയത്.

അയാളുടെ വിടര്‍ന്ന ചിരിയില് തെളിഞ്ഞു വന്ന മൂന്നു സ്വര്‍ണ്ണപ്പലുകള് കണ്ടപ്പോഴേ അയാളെ ഒന്നു ക്യാമറയിലാക്കാന് കൌതുകം തോന്നി.
ഒരു പാടു കാലമായി ഇത്തരം ഭംഗിയുള്ള ചൂരല് കൊട്ടകള് കണ്ടിട്ട്. അതു കണ്ടപ്പോള് ഒരാശയും ഐഡിയയും തോന്നി.
അവയുടെ കൈവള്ളി മുറിച്ചു കളഞ്ഞു വാര്‍ണീഷടിച്ചാല് ഇന്‍റേണല് പ്ലാന്‍‍ടിംഗിനുപയോഗിക്കാം.
സ്വീകരണമുറിയില് അലങ്കാര സസ്യം നട്ടു വളര്‍ത്താം.

വിടര്‍ന്ന കണ്ണോടെ വിലചോദിച്ച എന്നെ അയാള് ഒന്നു വിലയിരുത്തിയ ശേഷം പറഞ്ഞു
“രണ്ടണ്ണത്തിനു നൂറു രൂപ“.

എന്‍റെ നാക്കില് നിന്നു രണ്ടണ്ണത്തിനു 60 രൂപയാണെങ്കില് തരാമെന്ന മറുപടി വന്നപ്പോള് ആ ഓഫര് ഇത്തിരി ഉയര്‍ത്താന് അയാള് ഒത്തിരി ശ്രമിച്ചു.
ഞാന് മസിലുപിടിക്കാന് തുടങ്ങിയപ്പോള് പിന്നെ ബാക്കിയുള്ളതെല്ലാം ഞാന് പറഞ്ഞവിലക്കു തരാന് ഒരു ശ്രമം നടത്തി.
പക്ഷെ എന്നിട്ടും ഞാന് രണ്ടണ്ണം മാത്രമേ വങ്ങിയുള്ളൂ.

നൂറു രൂപയുടെ സാധനം അറുപതു രൂപക്കു സ്വന്തമാക്കിയ ഞാന് എന്‍റെ സാമ്പത്തിക നിയന്ത്രണ ശേഷിയില് ഭാര്യയുമായി ഒരു സം‌വാദത്തിനു വിഷയം കിട്ടിയ സന്തോഷത്തിലും കൂടിയായിരുന്നു.


കൊട്ടയുടെ കൈവള്ളി മുറിച്ചു മാറ്റി,
ഓടിന്നു അടിക്കാന് വാങ്ങിയ ചെമന്ന പെയ്‍‍ണ്ടിലെ ബാക്കി കൊണ്ടു അതിനു ചായം കൊടുത്തു.
ടോംസ്വയറിന്‍റെ വേലി പെയ്ണ്ടടിക്കുന്ന കൌശലം ഉപയോഗിച്ച് (ഇതെന്തോ വലിയ കാര്യമാണെന്നും അപാര സിദ്ധിയുള്ളവര്‍ക്കു മാത്രമേ ഇതു സാധിക്കൂ എന്നും തെറ്റിദ്ധരിപ്പിച്ച്) കുട്ടികളെ കൊണ്ടു ആ ചായമടി പൂര്‍ത്തിയാക്കിച്ചു.


വൈറ്റ് സിമന്‍‍ടു കൊണ്ടു അകവശം ദ്വാരങ്ങള് അടച്ചു ഉണക്കിയെടുത്തപ്പോള് കൈവിരലിലെ നാലു വിരലിലും തൊലി പോയതു മിച്ചം.


നന്നായി വളരുന്ന ഒരു ചെടി പുറത്തു തോട്ടത്തില് നിന്നും പറിച്ചെടുത്തു ചകിരിയും, കരിയും ഉരുളന് കല്ലുകളുമിട്ട് മണ്ണും മണലും കലര്‍ത്തി കൊട്ടയില് മുറിക്കകത്തു നട്ടു പിടിപ്പിച്ചു സ്വീകരണമുറിയില് വെച്ചു.

നാലടി പിന്നോട്ടു നടന്നു ഭംഗി കണ്ടു നിന്നപ്പോള് ഗേറ്റു തുറന്നു ശ്രീമതി വരുന്ന ശബ്ദം കേട്ടു.

ജനലിലൂടെ പാളിനോക്കിയപ്പോള് കണ്ടു വണ്ടിയില് നിന്നിറങ്ങുന്ന എനിക്കു പരിചയമില്ലാത്ത രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും, അവളുടെ കൂടെ!.

കൈകഴുകി സിറ്റൌട്ടിലെത്തിയപ്പോള് ചമ്മലോടെ എന്നെ നോക്കിയ ശ്രീമതി ആ ചമ്മിയമുഖം അവരിലേക്കു തിരിച്ചു പുഞ്ചിരിയാക്കി പറഞ്ഞു.
“സ്കൂളിലെ ടീച്ചേര്‍സാ..
നിങ്ങള് ബിസിയാണെന്നു പറഞ്ഞപ്പോള് മീറ്റിംഗു കഴിഞ്ഞയുടന് അവര് എന്‍റെ കൂടെ പോന്നു. അവര്‍ക്കു നിങ്ങളെ കാര്യമായി ഒന്നു കാണണമെത്രേ!“
“പുതിയ സ്കൂള് കെട്ടിടത്തിന്‍റെ പണി വഴിക്കു മുടങ്ങിക്കിടക്കുകയാണത്രേ!“

ചെക്കുബുക്കിലെ ആകെയുണ്ടായിരുന്ന അവസാനത്തെ ലീഫില് എന്.ആര്.ഐ ക്കരുടെ താരിഫിനെക്കാള് കൂടിയ ഒരു തുക എഴുതി ഒപ്പിട്ടതു കീറിക്കൊടുക്കേണ്ടി വന്നു.
അവര് പടിയിറങ്ങുമ്പോഴും എന്‍റെ കൈയിന്‍റെ വിറച്ചില് നിന്നിട്ടിലായിരുന്നു..

എന്നാലും ഭാര്യയുടെ അഭാവത്തില് വീട്ടില് ക്രിയാത്മകമായി നല്ലതൊന്നു ചെയ്തിട്ടുണ്ടല്ലോ എന്നു ഊറ്റം കൊണ്ടു ഞാന് ശ്രീമതിയോടു പറഞ്ഞു.
“സ്വീകരണമുറിയിലേക്കൊന്നു പോയി നോക്ക്!“


പുതിയ ‘അന്തേവാസിയായ‘ ഇന്‍റ്‍ണല് പ്ലാന്‍‍ട് കണ്ടപ്പോള് ആദ്യമവള് ഒന്നു അതിശയപ്പെട്ടങ്കിലും അടുത്തു പോയി നോക്കിയപ്പോള് എന്നെ നോക്കി, സങ്കടത്തോടെ ചോദിച്ചു. ഈ കുട്ട ചൂരലുകൊണ്ടുണ്ടാക്കിയതാണെന്നയാള് പറഞ്ഞോ?
ഇതു വെറും ഓലമെടലില് നിന്നു ചീന്തിയെടുത്തുണ്ടാക്കുന്നതാണ്. ഏറിപ്പോയാല് ഒരാഴ്ച്ച ഇങ്ങനെ നില്ക്കും. ഉണങ്ങിയാല് ചുങ്ങിപ്പോവും പിന്നെ ഒന്നിനും കൊള്ളില്ല.
ഞാന് ഞെട്ടിപ്പോയി. അടുത്തു ചെന്നു നോക്കി.
ശരിയാണ്. തെങ്ങോല മടലു ചീന്തി നെയ്തതാണീ കുട്ട.
ഉണങ്ങിയാല് അഞ്ചു പൈസക്കു മുതലില്ല.
എനിക്കയാളെ കിട്ടിയയല്‍ കടിച്ചു തിന്നാന് തോന്നി. കൂനിന്മേല് കുരുവെന്ന കണക്കിനു അയാള് ബാക്കിതന്ന 20 രൂപയുടെ രണ്ടു നോട്ടും കീറിയതാണെന്നു കണ്ടുപിടിച്ചതു എന്‍റെ മോനായിരുന്നു.
ക്യാമറയില് നോക്കി അയാളുടെ ഫോട്ടോവിനോടു പല്ലിറുമ്മുന്ന എന്‍റെ പിറകില് വന്നു നോക്കി
ശ്രീമതി ചോദിച്ചു.

“ഈ സ്വര്‍ണ്ണപ്പല്ലുകള് കണ്ടാലെങ്കിലും സാമാന്യ ബുദ്ധിയുള്ളവര്‍ക്കറിയാമല്ലോ അയാള് ഒരു ഫ്രോഡാണെന്ന്. അല്ലങ്കില് അയാള്‍ക്കെങ്ങിനെ ഈ കുട്ട വിറ്റു അതിനുള്ള കാശു കിട്ടീന്ന് ചിന്തിച്ചൂടെ?“
ഞാനു സ്വയം പറഞ്ഞു.
“ശരിയാ സ്വര്‍ണ്ണത്തിനെന്താപ്പോ വെല!“
നാടോടികള്‍ക്കും വഴിവാണിഭക്കാരനുമേ ഇപ്പോള് സ്വര്‍ണ്ണം വാങ്ങാന് പറ്റൂ.
24393