ഞായറാഴ്‌ച, ഡിസംബർ 02, 2007

ആര്‍ദ്രമായ ഒരു സ്നേഹമുദ്ര

"മോന്‍, ഷാര്‍ജയിലേക്ക്യാ..?"

ഞാന്‍ ചോദ്യം വന്ന ദിക്കിലേക്കു നോക്കി.
ഒരു മധ്യവയസ്ക,

എന്റെ ലഗേജിലെ "കാലിക്കറ്റ്‌ - ഷാര്‍ജ" എന്ന വരി നോക്കിയായിരിക്കും അവര്‍ ഞാന്‍ ഷാര്‍ജയിലേക്കാണെന്നു മനസ്സിലാക്കിയത്‌.

"അതെ"
ഞാന്‍ തീരെ താല്‍പര്യമില്ലാതെ മറുപടി പറഞ്ഞു.

"എന്റെ മരുമോളേം പൊടിക്കുഞ്ഞിനേം ഒന്നു അവടെ കെട്ട്യോന്റെ അടുത്തെത്തിക്ക്യോ?"
കക്ഷി ആരാന്നറിയാന്‍ ഞാന്‍ അവരുടെ പിന്നിലേക്കു നോക്കി.
കുട്ടിത്തം വിട്ടുമാറാത്ത ഒരു അമ്മ.
കൈകുഞ്ഞിനെ മാറോടു ചേര്‍ത്തു വലിയ ഒരു ലഗേജും വലിച്ചു കൊണ്ടു ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്റെ നടവഴിയില്‍ നിന്നു എന്റെ മുന്നിലേക്കു മാറി നിന്നു.

എനിക്കു പാവം തോന്നി. ഈ പിഞ്ചു കുഞ്ഞിനെയും കൊണ്ടു പക്വതയില്ലാത്ത ഈ പെണ്‍കുട്ടിയെ ഒപ്പമാരുമില്ലാതെ ഒരു വിമാനയാത്രക്കു ഒരുക്കിയ ആ സ്ത്രീയോടു ഇത്തിരി പരിഹാസത്തോടെ തന്നെ ഒത്തിരി ഗൗരവം കൂട്ടികലര്‍ത്തി ചോദിച്ചു.

"ഷാര്‍ജയില്‍ എവിടെയാണു ഞാന്‍ ഈ "കുട്ടികളെ" എത്തിക്കേണ്ടത്‌?"

അവര്‍ ഒരു ഫോണ്‍ നമ്പര്‍ തന്നു.
"ഷാര്‍ജയിലെത്തി ഈ നമ്പറില്‍ വിളിച്ചാല്‍ എന്റെ മകന്‍ വരും അവനെ ഏല്‍പ്പിച്ചാല്‍ മതി"

അവര്‍ നീട്ടിയ രണ്ടു പാസ്പോര്‍ട്ടും ടിക്കറ്റുകളും വാങ്ങി ഞാന്‍ എന്റെ ലഗേജിന്റെ കൂടെ അവരുടെ ലഗേജും തള്ളി തിരക്കു കുറഞ്ഞ ടിക്കറ്റു കൗണ്ടറു നോക്കി നടന്നു.

20 കിലോ ലഗേജു അഡള്‍ട്ട്‌സിനും 10 കിലോ കുഞ്ഞിനും അനുവദിക്കുന്ന എയരിന്ത്യാ എക്സ്പ്രസ്സില്‍ എന്റെ ലഗേജിനു 10 കിലോവില്‍ കുറവായതിനാല്‍ മൊത്തം ലഗേജു തൂക്കിയാല്‍ എക്സ്ട്രാ ഉണ്ടാവില്ലന്ന കണക്കു കൂട്ടലില്‍ എല്ലാ ടിക്കറ്റും ഒന്നിച്ചു കൊടുത്തു.
ലഗേജു തൂക്കി നോക്കുന്നതിനിടെ പാസ്പോര്‍ട്ടു നോക്കി ഒരു ഫാമിലിയല്ലന്ന കാര്യം പറഞ്ഞു ടിക്കറ്റിംഗ്‌ സ്റ്റാഫ്‌ എന്റെ പാസ്പോര്‍ട്ടും ലഗേജും വേറെ തൂക്കി. അവരുടെ ലഗേജില്‍ 7 കിലോ യുടെ അധികം പറഞ്ഞു എക്സ്റ്റ്രാ ലഗേജിനു ചാര്‍ജിട്ടപ്പോള്‍ കൊടുക്കാനവളുടെ കയ്യില്‍ ഒറ്റക്കാശില്ല.

ആ തള്ളയെ പുറത്തെങ്ങാനും കാണുമോന്നറിയാന്‍ സെക്യൂരിറ്റിയുടെ കാലുപിടിച്ചു പുറത്തു വന്നു നോക്കിയപ്പോള്‍ അവരുമില്ല അവരു നിന്നിടത്തവരുടെ ഒരു പൂടപോലുമില്ല. സാധാരണ യാത്രയയക്കാന്‍ വരുന്നവര്‍ ബോര്‍ഡിംഗു പാസു കിട്ടുന്നതു വരെയെങ്കിലും കാത്തു നില്‍ക്കുന്ന ഒരു പതിവുണ്ട്‌. ഇതതു പോലുമില്ല.

കാശു ആ കൊച്ചിന്റെ കെട്ട്യോന്റെ കയ്യില്‍ നിന്നു ദിര്‍ഹമായി വാങ്ങാമെന്നു കരുതി ഞാനാ ചാര്‍ജടച്ചു ബാഗുകള്‍ കണവേയറിലിട്ടു.

എമിഗ്രേഷന്‍ കാര്‍ഡുകള്‍ പൂരിപ്പിച്ചു ക്ലിയറന്‍സിനായി വരിയില്‍ കാത്തു നിന്നപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ അതിന്റെ പാരമ്യതയിലെത്തിയിരുന്നു.

കുഞ്ഞിനിത്തിരി പാലുകൊടുക്കാമോ എന്നു ചോദിച്ചപ്പോഴാണു അവള്‍ അവളുടെ ബാഗു തെരഞ്ഞത്‌.
അവളുടെ ചെറിയ ബാഗു കാണാനില്ലന്നു പറഞ്ഞു ആധിയോടെ കരച്ചിലായി.
അതിലാണത്രേ പാലു കുപ്പി.
ആ ബാഗും വണ്ടിയില്‍ വെച്ചു മറന്നതോ അതോ വീട്ടില്‍ നിന്നെടുക്കാന്‍ മറന്നതോ ആണെന്നവള്‍ക്കു നല്ല തിട്ടമില്ല.
ഞാനവളുടെ കയ്യില്‍ ഒരു ബാഗു കണ്ടതായേ ഓര്‍ക്കുന്നില്ല.

ഇതിനിടയില്‍ എന്റെ പാസ്പോര്‍ട്ടിലും അവളുടെ പാസ്പോര്‍ട്ടിലും എക്സിറ്റ്‌ സീല്‍ അടിച്ചിരുന്നു.

പാസ്പോര്‍ട്ടില്‍ സീല്‍ അടിക്കാനായി കുഞ്ഞിന്റെ പുതിയ വിസയുടെ ഒറിജിനല്‍ ചോദിച്ചപ്പോഴാണു അതു ടിക്കറ്റിന്റെയും പാസ്പോര്‍ട്ടിന്റെയും കൂടെ ഇല്ല എന്നു മനസ്സിലായത്‌.

അതു ചോദിച്ചപ്പോഴാണവള്‍ കൂടുതല്‍ പരിഭ്രാന്തിയായി കരഞ്ഞു കൊണ്ടു പറഞ്ഞത്‌.

"അതും ആ ബാഗിലാണു"

എനിക്കു തലകറങ്ങുന്നതു പോലെയായി. രക്തസമ്മര്‍ദ്ദം ഉയരുന്നതു സ്വയം മനസ്സിലാക്കി. വേണ്ടാത്ത ഒരു വണ്ടിയും വലയും വലിച്ചു തോളില്‍ കയറ്റിയ പോലെ.

എന്നാലും ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല.
ശങ്കിച്ചു നില്‍ക്കാന്‍ തീരെ സമയമില്ല.
ഇനി എന്തൊക്കെ ചെയ്യാനാവുമെന്നു പെട്ടന്നു ചിന്തിച്ചു.

ഒന്നുകില്‍ ആ അമ്മക്കു വേണമെങ്കില്‍ കുട്ടിയെ ഉപേക്ഷിച്ചു ഒറ്റക്കു കെട്ട്യോന്റെ അടുത്തേക്കു പോകാം.
അല്ലെങ്കില്‍ അടിച്ച exit സീല്‍ ക്യാന്‍സല്‍ ചെയ്യിച്ചു പോക്കു മാറ്റിവെച്ചു അവളെയും കുഞ്ഞിനെയും വീട്ടില്‍ തിരിച്ചെത്തിക്കാം.
മൂന്നാമത്തേ മാര്‍ഗ്ഗം, എനിക്കു വേണമെങ്കില്‍ ആ അമ്മയെയും കുഞ്ഞിനേയും അവിടെ കളഞ്ഞിട്ടു എന്റെ സ്വന്തം കാര്യം മാത്രം നോക്കി പോകാം.
(പക്ഷെ പിന്നെ ഞാന്‍ എങ്ങനെ ശാന്തനായി ഉറങ്ങും. മനുഷ്യനെന്ന പേരിനു പിന്നെ ഞാന്‍ അര്‍ഹനാണോ?)

ഏതായാലും കൂടുതല്‍ സമയം കളയാനില്ല. എമിഗ്രേഷന്‍ ഉദ്യോഗസ്ഥനോടു കാര്യം പറഞ്ഞു.
“വിസ കയ്യിലില്ല, വീട്ടിലോ കാറിലോ ആണ്‌. കാറു ഇവരെ യാത്രയയച്ചു തിരിച്ചു പോയിരിക്കുന്നു. വിസ എടുത്തു കൊണ്ടുവരാനുള്ള സമയം തരണം“ .

എയര്‍ ഇന്ത്യാ എക്സ്പ്രസ്സിനു ഈയിടെ യാത്രക്കാരില്‍ നിന്നു നന്നായി പഴി കിട്ടുന്ന നേരം.
പല ഷെഡ്യൂളുകളും ക്യാന്‍സലാവുകയും നേരം വൈകുകയും ചെയ്യല്‍ പതിവായതിനാല്‍ ഞാനടക്കമുള്ളവര്‍ തീഷ്ണമായി പ്രതിഷേധിക്കുന്ന സമയം.

അതിനാല്‍ ഒരു വിട്ടു വീഴ്ച്ചക്കും അവര്‍ തയ്യാറല്ല.

“പുറപ്പെടാന്‍ 45 മിനിട്ടു ബാക്കിയുണ്ട്‌. അതിനിടയില്‍ വിസ എത്തിച്ചാല്‍ പോകാം, വിമാനം വൈകിക്കുന്ന പ്രശ്നമേയില്ല“

ഞാന്‍ ഞൊടിയിടയില്‍ കര്‍ത്തവ്യനിരതനായി.
ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നു വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി.
എന്റെ ഫോണില്‍ നിന്നു അവരുടെ വീട്ടിലേക്കു വിളിച്ചു.

ആ കുട്ടിയുടെ നാത്തൂനാണു ഫോണെടുത്തത്‌.
ഉടനെ ഞാന്‍ ബാഗിന്റെ കാര്യം തെരക്കി. ബാഗു വീട്ടില്‍ തന്നെയുണ്ടായിരുന്നു.
വീട്ടില്‍ നിന്നു എയര്‍പോര്‍ട്ടിലേക്കു 50 കിലോമീറ്റര്‍ ദൂരമുണ്ട്‌.

ഞാന്‍ പറഞ്ഞു.
"വിമാനം പുറപ്പെടാന്‍ മുക്കാമണിക്കൂര്‍ ബാക്കിയുണ്ട്‌. അതിനകം ആ ബാഗു എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സംഗതി നടക്കും. ഇല്ലങ്കില്‍ അമ്മയെയും കുഞ്ഞിനെയും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കു കൊണ്ടുപോകാന്‍ ഒരാള്‍ എയര്‍പോര്‍ട്ടിലേക്കു മടങ്ങി വന്നേ മതിയാവൂ".

എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച കാര്‍ വീട്ടിലെത്താന്‍ വീണ്ടും പത്തുമിനിട്ടെടുത്തു. വിവരമറിഞ്ഞയുടന്‍ ആ സ്ത്രീ ബാഗുമായി തിരിച്ചു എയര്‍പോര്‍ട്ടിലേക്കു പായുകയായിരുന്നു.

അവള്‍ പറഞ്ഞു തന്ന ടെലഫോണ്‍ നമ്പരില്‍ അവരുടെ 'വൊഡാഫോണ്‍' മൊബെയിലില്‍ ഓരോ അഞ്ചുമിനിട്ടിനിടയിലും വിളിച്ചു എവിടെവരെ എത്തിയെന്നു തിരക്കി കൊണ്ടേയിരുന്നു.

എയറിന്ത്യാ എക്സ്പ്രസ്സു ഉദ്യോഗസ്ഥന്മാരുടേയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ കരയാതെ പിടിച്ചു നില്‍ക്കാന്‍ ആ കുട്ടിയെ ഞാന്‍ എങ്ങനെയൊക്കെയാണൂ ആശ്വസിപ്പിച്ചതു എന്നു എനിക്കു തന്നെ അറിയില്ല. [

മിനിട്ടുകള്‍ കടന്നു പോകുന്തോറും എന്റെയും നെഞ്ചിടിപ്പു കൂടി കൂടി വന്നു.
വിമാനത്തിലേക്കുകയറാനുള്ള അവസാനവിളിയും കഴിഞ്ഞപ്പോള്‍ എന്റെയും അവസാന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.
“ഇയാളു മാത്രം പോകുന്നോ? അതോ ഇല്ലെയോ? എന്ന കുഴക്കുന്ന ചോദ്യം പലവുരു കേട്ടില്ലന്നു നടിച്ചപ്പോള്‍
ഞങ്ങളുടെ ലഗേജുകള്‍ തിരിച്ചിറക്കാനും മാറ്റി വെക്കാനും ഉത്തരവായി.
എന്തു ചെയ്യണമെന്നൊരു തീരുമാനമെടുക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി.

എനിക്കു പോകണമെങ്കില്‍ അമ്മയെയും കുഞ്ഞിനെയും വിശ്വസിച്ചാരെയെങ്കിലും ഏല്‍പ്പിക്കണം.
അതിന്നായി എയര്‍പോര്‍ട്ടു സെക്യൂരിറ്റിയെ സമീപിക്കുന്നതിനു തൊട്ടു മുമ്പാണു എന്റെ ഫോണ്‍ അടിച്ചത്‌.

ആ സ്ത്രീയുടെ ശബ്ദം.

അവര്‍ ബാഗുമായി എയര്‍പോര്‍ട്ടു എന്‍ട്രന്‍സില്‍ എത്തിയിരിക്കുന്നു.
ഞാന്‍ ദൈവത്തിനു ഒരായിരം നന്ദി പറഞ്ഞു. ഓടിച്ചെന്നു ആ ബാഗു വാങ്ങി സ്ക്രീന്‍ ചെയ്യിച്ചു. അതില്‍ നിന്നു വിസയെടുത്തു എമിഗ്രേഷന്‍ കൗണ്ടറില്‍ കൊടുത്തു.
കുഞ്ഞിന്റെ പാസ്പോര്‍ട്ടില്‍ എക്സിറ്റു സീല്‍ ചെയ്തു നേരെ വിമാനത്തിലേക്കു നടന്നു കയറി.
സീറ്റു നമ്പര്‍ നോക്കി.
മൂന്നു സീറ്റുള്ള സൈഡു നിരയാണ്‌. ജനലിനടുത്തെ സീറ്റ്‌ ഒരു ഹിന്ദിക്കാരിയുടെതാണ്‌. നടുക്കുള്ളതവളുടേതും വഴിയോടു ചേര്‍ന്നതെന്റെതും.
ആശ്വാസമായി.
ഇരുന്നു ബെല്‍റ്റു കെട്ടുന്നതു കാണിച്ചു കൊടുത്തു.
കുഞ്ഞിന്റെ കരച്ചില്‍ അപ്പോഴും മാറിയിട്ടില്ല.
ബാഗില്‍ നിന്നു ആ പാല്‍കുപ്പിയെടുത്തു കൊടുത്തു. അതു വായിലേക്കു വെച്ചതേയുള്ളൂ അവന്റെ എല്ലാ നിലവിളിയും നിന്നു. ആശ്വാസമായി.

ഞാന്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്കു നോക്കി. പേടി കൊണ്ടും വെപ്രാളം കൊണ്ടും അതിനൊന്നും മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
ഞാന്‍ ബാഗില്‍ നിന്നു വെള്ളമെടുത്തവള്‍ക്കാദ്യം നല്‍കി.അവള്‍ വെള്ളം കുടിച്ചു അത്യന്തം ആശ്വാസത്തോടെ എന്നെ നോക്കി.

കുഞ്ഞു പാലു കുടിച്ചു ഒന്നു മയങ്ങാനുള്ള പുറപ്പാടിലാണെന്നു ഞാന്‍ മനസ്സിലാക്കി.കുഞ്ഞിനെ ഉറക്കാനുള്ള അവളുടെ പരിചയക്കുറവു കണ്ടപ്പോള്‍ ഞാന്‍ തന്നെ കുഞ്ഞിനെ വാങ്ങി എന്റെ മടിയില്‍ വെച്ചു.
കുഞ്ഞു എന്റെ മാറില്‍ ചേര്‍ന്നു സുരക്ഷിതനായി ഉറങ്ങി.

ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയുടെ നീണ്ട പാസ്സേജിലൂടെ കൈകുഞ്ഞായിരുന്ന ശാബുവിനെ മാറോടു ചേര്‍ത്തു കാറിലേക്കു നടന്ന കാലം ഒരോര്‍മ്മയായി മനസ്സിന്റെ വാതിലില്‍ മുട്ടിവിളിച്ചു.

അവളുടെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും മാത്രമേ കുറച്ചു നേരത്തേക്കു വെളിയില്‍ വന്നുള്ളൂ.
അവക്ക്‌ കുറച്ചു കൂടി റിലാക്സാവാന്‍ അവസരമുണ്ടാക്കി.

ഞാന്‍ പോക്കറ്റില്‍ നിന്നു എന്റെ ഫോണ്‍ എടുത്തു അവളുടെ അമ്മായിയമ്മക്കു ഡയലു ചെയ്ത നമ്പര്‍ വീണ്ടും അമര്‍ത്തി ഫോണ്‍ കൊടുത്തു പറഞ്ഞു.

"ഇനി അമ്മായിയമ്മയോടു പറഞ്ഞോളൂ എല്ലാം ശരിയായി എന്നും വിമാനത്തിനകത്തിരുന്നാണു വിളിക്കുന്നതെന്നും ഒന്നു കൊണ്ടും വിഷമിക്കേണ്ടതില്ലന്നും".
അവള്‍ ഫോണ്‍ വാങ്ങി സംസാരിച്ചു.
അമ്മായിയമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്‌. അതിലിനി ക്രഡിറ്റു വളരെ കുറച്ചെ കാണൂ. എനിക്കൊന്നു സാബിയെ വിളിക്കാന്‍ അതിലിനി ഒന്നും ബാക്കിയുണ്ടാവില്ലന്നു തോന്നി.

സീറ്റിനെകുറിച്ചുള്ള ചോദ്യത്തിനാവും അവള്‍ അമ്മയിയമ്മയോടു മറുപടി പറയുന്നുണ്ട്‌.

"അടുത്തടുത്ത സീറ്റാണെന്നും തൊട്ടപ്പുറത്തൊരു ഹിന്ദിക്കാരിയാണു"
അവള്‍ പറയുന്നതു ഞാന്‍ കേട്ടു.
പിന്നെ എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ക്കവള്‍ മൂളിക്കേട്ടു കൊണ്ടിരുന്നു.

ഞാന്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു എന്റെ എയര്‍റ്റെല്ലിന്റെ ക്രഡിറ്റു തീരുന്നതു വരെ ആ സ്ത്രീ അവളോടു കത്തിവെച്ചു.
ഫോണ്‍ മിണ്ടാതായപ്പോള്‍ അവള്‍ അതെനിക്കു തിരിച്ചു തന്നു.

സാബിയെ ഞാന്‍ വിളിക്കാത്തതിനാലാവണം അവളുടെ ഒരു കാള്‍ വന്നതു ഭാഗ്യമായി. "മൊബെയില്‍ നിരന്തരം എന്‍ഗേജായിരുന്നതെന്തേ?"
എന്ന ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യത്തിനു ഉത്തരമായി നടന്നതൊക്കെ വിശദമായി പറയേണ്ടി വന്നു.

എയര്‍ഹോസ്റ്റസു വന്നു ഫോണ്‍ ഓഫാക്കണമെന്നു പറഞ്ഞു ഹിന്ദിയിലും ഇംഗ്ലീഷിലും ശകാരിക്കുന്നതു വരെ, പറയാന്‍ മാത്രം സംഭവബഹുലമായിരുന്നു കാര്യങ്ങള്‍. അവളുടെ മറ്റൊരു ആശ്വാസനിശ്വാസവും കൂടി കേട്ടതിനു ശേഷം ഞാന്‍ ഫോണ്‍ കട്ടാക്കി.

വിമാനം ഉയരാന്‍ തുടങ്ങുന്നതിന്നു മുന്നെ കുഞ്ഞിന്റെ ചെവിയില്‍ പഞ്ഞി വെച്ചു ഞാന്‍ അവനെ അവന്റെ പ്രഥമ ആകാശാവരോഹണത്തിനൊരുക്കി.
പിഞ്ചു കുഞ്ഞിനെ കൂടുതല്‍ വിഷമിപ്പിക്കാതെ വിമാനം മണ്ണുവിട്ടുവിണ്ണിലേക്കുയര്‍ന്നു.
വിമാനം തിരശ്ചീന തലത്തിലായി.

ലഘുഭക്ഷണത്തിനു ശേഷം വിമാനത്തിലെ വിളക്കുകള്‍ അണഞ്ഞു.
യാത്രക്കാരില്‍ ഒന്നു മയങ്ങാനുള്ളവര്‍ക്കു അതിനുവേണ്ട സൗകര്യമൊരുക്കുകയാണു എയര്‍ഹോസ്റ്റസുമാര്‍.

സീറ്റു പിന്നിലേക്കു താഴാനുള്ള ബട്ടണമര്‍ത്തി ഞാന്‍ ഒന്നു കൂടി നന്നായി ചാരിയിരുന്നു. ശാന്തനായി ഉറങ്ങുന്ന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു, എന്റെ കൈകള്‍ കൊണ്ടവനെ ഒന്നു കൂടി നന്നായി ആലിംഗനം ചെയ്തു. ഞാനും ഒന്നു കണ്ണടക്കാന്‍ തുടങ്ങി.

വല്ലാത്ത ക്ഷീണമുണ്ട്‌. രണ്ടുദിവസമായി പ്രിയപ്പെട്ടവരുമായുള്ള പിരിച്ചിലിന്റെ തീവൃമായ മാനസീക വിഷമത്തിലുമാണ്‌.
ഞാന്‍ പതിയെ ഉറക്കം പിടിച്ചു.
ശീതികരണിയുടെ തണുപ്പില്‍ ഞാന്‍ ക്ഷീണം മറന്നു നന്നായി ഉറങ്ങിപ്പോയി.

തൊട്ടടുത്തുറങ്ങാതിരിക്കുന്ന ഒരു നെഞ്ചിങ്കൂടില്‍ നിന്നൊരുരു വറ്റാത്ത നന്ദിയുടെ കുറുകല്‍ സ്വപ്നത്തിലെന്നപോലെ കേട്ടതായി തോന്നി.
ഒടപ്പെറന്നോളുടെ മനം നിറഞ്ഞ വിളി പോലെ തോന്നിയ ഒന്ന്.

ഒരു കുഞ്ഞുപെങ്ങളുടെ വിളി,
അകാവുന്നിടത്തോളം സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞു തുളുമ്പുന്ന നേര്‍ത്ത സ്വരത്തിലെ ഒരു വിളി
"ഏട്ടാ!"
ഞാന്‍ ഒന്നു കണ്ണു തുറക്കാന്‍ പോലും പറ്റാത്തവിധം തളര്‍ന്ന മയക്കത്തിലായിരുന്നു. എങ്കിലും തൊട്ടടുത്തെത്തിയ കണ്ണീരിന്റെ നനവുള്ള നിശ്വാസവായുവിന്റെ സാമീപ്യം എന്റെ മുഖപേശികള്‍ വായിച്ചെടുത്തു.
ഒപ്പം ക്ഷൗരം ചെയ്യാനൊരു ദിവസം വൈകിപ്പോയ എന്റെ ശുഷ്കിച്ച കവിളില്‍ റോസാമലറിന്റെ തളിരിതള്‍ കൊണ്ടൊരു നേര്‍ത്ത സ്പര്‍ശനം.
തികച്ചും ആര്‍ദ്രമായ ഒരു ചുംബനം.

എന്നെ ഉണര്‍ത്താതെ, സമൂഹത്തിന്റെ പഴിവാക്കുകളേയും കള്ളക്കണ്ണുകളേയും ഒളിച്ചു ആ സ്നേഹമുദ്ര എന്റെ കവിളില്‍ പകര്‍ന്നിട്ടു പതിയെ അവള്‍ പിന്‍വാങ്ങിയെന്നു മനസ്സിലാക്കി.

ഞാന്‍ കണ്ണു തുറക്കാതെ തന്നെ കിടന്നു.
എന്റെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും അയവു വന്നു.
ഞാനെന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടിയെ എന്റെ ചോരയായി തന്നെ കണ്ടു.

വിമാനമിറങ്ങുന്നതിന്നു മുന്നെ ഞാന്‍ എയര്‍ടെലിന്റെ SIM മാറ്റി പകരം ഇത്തിസാലാത്തിന്റെ SIM ഇട്ടു.
ആ സ്ത്രീ തന്ന നമ്പറില്‍ അവരുടെ മകനെ വിളിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ അവരെ തിരിച്ചറിഞ്ഞു സ്വീകരിച്ചു.
എനിക്കു ആശ്വാസമായി.
അവര്‍ യാത്ര പറഞ്ഞു അവരുടെ വാഹനത്തിനടുത്തേക്കു നീങ്ങി.
നടക്കുമ്പോള്‍ ആ പെണ്‍കുട്ടി നന്ദിപൂര്‍വ്വം ഒരുപാടു വട്ടം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

എന്നെ കൊണ്ടു പോകാന്‍ വന്ന കാറിലേക്കു ഞാനും നടന്നു.
ലഗേജിന്റെ പൈസ ചോദിക്കാന്‍ അന്നേരം എനിക്കു തോന്നിയില്ല.
-------------------------------------------------

ന്നു ഞാന്‍ എന്റെ ഫോണില്‍ ശബിയും ശാബുവും സേവു ചെയ്ത sound clip കളിലെ കുസൃതികള്‍ ഓരോന്നായി കേട്ടു കൊണ്ടിരിക്കുമ്പോള്‍ അവസാനത്തേതായി ആ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
അവള്‍ വിമാനത്തിനകത്തു നിന്നും അമ്മായിയമ്മയുമായി നടത്തിയ സംഭാഷണം.
അതിനിടക്കു അറിയാതെ വോയ്സ്‌ റിക്കാര്‍ഡര്‍ ഓണായപ്പോള്‍ റിക്കാര്‍ഡായതാണത്‌.

ഒരു കൗതുകം തോന്നിയപ്പോള്‍ അതു മുഴുവന്‍ കേട്ടു.
പിന്നെ, വേണ്ടിയില്ലായിരുന്നു എന്നു തോന്നി.

അതിലെ ആ സ്ത്രീയുടെ ഒരു ഉപദേശം, അതെന്നെ വല്ലാതെ തളര്‍ത്തി.
നന്മചെയ്യാനും സഹജീവിയെ സഹായിക്കാനുമുള്ള എന്റെ ഉള്ളിലെ ജന്മവാസനയെയും ശീലത്തെയും എന്നന്നേക്കുമായി കരിച്ചു കളയാന്‍ കഴിയുന്ന ഒരു വാചകം.

"ആ ഹിന്ദിക്കാരിയെ നടുക്കിലേക്കു മാറ്റി നീ ആ അറ്റത്തെ സീറ്റിലേക്കു മാറിയിരുന്നോളൂ. ചെയ്തു തന്നതിനൊക്കെ ഒരു നന്ദി പറഞ്ഞു ആ ബന്ധം മുറിഞ്ഞേക്കൂ.
ആണുങ്ങളെ ഒന്നിനെയും നമ്പാന്‍ പറ്റില്ല.
പ്രത്യേകിച്ചു ഇങ്ങനെ എല്ലാം മറന്നു സഹായിക്കുന്ന പുരുഷന്മാരെ.
മറ്റെന്തെങ്കിലും കണ്ടിട്ടായിരിക്കും അയാള്‍ അതിനു നില്‍ക്കുന്നത്‌".

ഇതു കേട്ട നിമിഷം മുതല്‍ ഞാന്‍ വല്ലാത്ത ദു:ഖത്തിലായിരുന്നു.
ഇക്കാലത്തു അപരിചിതര്‍ക്കു നന്മ ചെയ്യാനും സഹായിക്കാനും ആളുകള്‍ മടിക്കുന്നതെന്തു കൊണ്ടു എന്നു ഞാന്‍ അനുഭവിച്ചറിഞ്ഞു.

പക്ഷെ ഈ ഉപദേശം കേട്ടിട്ടും സീറ്റു മാറാതിരിക്കുകയും ആങ്ങളയെന്നു നിനച്ചു എന്നിലര്‍പ്പിച്ച ആ വിശ്വാസവും അതു സാക്ഷ്യപ്പെടുത്താന്‍ ഞാനൊന്നുറങ്ങിയപ്പോള്‍ അവള്‍ എന്റെ കവിളില്‍ പതിപ്പിച്ച സ്നേഹമുദ്രയും മാത്രമാണു എന്നെ വീണ്ടും ശുഭാപ്തിവിശ്വാസക്കാരനാക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ആ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലിലൂടെ ഇതു ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നതും.

26316

4 അഭിപ്രായ(ങ്ങള്‍):

  1. അജ്ഞാതന്‍ പറഞ്ഞു...

    ഷിപ്പിങ് ഷെഡൂളും, സ്സെയില്സ് ഇന്വൊയ്സും, സ്റ്റോക്കും ബുദ്ദിയെ മരവിപ്പിക്കുകയും മനസിനെ വിരസമാക്കുകയും ചെയ്തപ്പൊള് റിഫ്രെഷ് ആകാന് ബ്ലോഗുന്ഡ് എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച സുഹ്ര്തിനു എന്ന്റ്റെ നന്ദി.

    വിരസതയുടെ കാണാക്കയങളില് നിന്നു എന്നെ ക്കൈപിടിച്ചുയര്തിയ കരീം ഭായികും എന്റ്റെ നന്ദി.

    നിങ്ങള് ഒരു നല്ല് കg പറയലുകാരന് തന്നെ

  2. Sathees Makkoth | Asha Revamma പറഞ്ഞു...

    നന്മയുള്ള മനസ്സിനും ഒരുപാടര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്ന സമൂഹം:(

  3. അജ്ഞാതന്‍ പറഞ്ഞു...

    A nice one...

  4. Kalesh Kumar പറഞ്ഞു...

    ദുനിയാ!