ഞായറാഴ്‌ച, മാർച്ച് 23, 2008

പരിച്‌ഛേദനം

യൂബാജിക്കു ആലക്കാട്ടു അംശം ദേശത്തും മറ്റത്തൂര്‍ മഹല്ലില്ലും മായ്ച്ചാലും മറച്ചാലും പോകാത്ത വിധം പെരുമയുള്ള ഒരു പേരുണ്ടായിരുന്നു.
ഒറ്റ ദിവസം കൊണ്ടാണതു കീഴ്‌മേല്‍ മറിഞ്ഞത്‌.
അതും പന്തലിട്ടു ദേശക്കാരെയെല്ലാം ക്ഷണിച്ചു വരുത്തിയ ഒരു വിശേഷ ദിവസത്തിലാണതു സംഭവിച്ചത്‌.
പുന്നാര ബീടര്‍ ബീപാത്തുവിന്റെ ഒറ്റ പ്രസ്താവന കാരണം.

അഞ്ചാണിനേയും മൂന്നു പെണ്ണിനേയും അയ്യൂബാജിക്കു സമ്മാനിച്ച ബീപാത്തു തന്റെ അവസാനത്തെ മകന്‍ അന്‍സാറിന്റെ സുന്നത്തു കല്യാണത്തിന്റെ അന്നാണ്‌ തന്റെ ഒരു തിരുമൊഴി സ്വന്തം നാക്കില്‍ നിന്നു നിനക്കാതെ തന്നെ വഴുതി വീണല്ലോ തമ്പുരാനെ! എന്നു വൈകി തിരിച്ചറിഞ്ഞു ഒരു ഞെട്ടലോടെ നന്നായിട്ടൊന്നു പൊട്ടിവിയര്‍ത്തത്‌.

ഇത്തിരിക്കഴിഞ്ഞു മണ്ടയിലെ ട്യൂബു മിന്നിമിന്നി, മങ്ങിമങ്ങി കത്തിയപ്പോള്‍ തന്റെ തിരുമൊഴിയൊരു മൊഴിചൊല്ലിനു വരെ കാരണമായേക്കാമല്ലോ കളഞ്ഞുപോയ ബോധം എന്ന വൈകി തിരിച്ചു കിട്ടിയപ്പോഴാണു ബീപാത്തു
"ഖോജരാജാവയ തമ്പുരാനെ ഈ ഞാനെന്താ ഈ പറഞ്ഞത്‌?"
എന്നു പശ്ചാത്തപിച്ചു ഉള്ളാക്കിട്ടു നിലവിളിച്ചു രണ്ടു കയ്യും മുട്ടു മടക്കി മൂര്‍ദ്ദാവിലേക്കുയര്‍ത്തി പത്തായമിട്ട മുറിക്കകത്തേക്കു പാഞ്ഞു കയറിയത്‌.
വാതിലടച്ചു ഉള്ളിലേക്കോടാമ്പിലയിട്ടുവെങ്കിലും ഉടനെ വരാനിടയുള്ള മൊഴിചൊല്ലലും അതിന്റെ ഇദ്ദയും ശിഷ്ടകാലത്തേക്കു കഷ്ടപ്പാടു മാത്രം ബാക്കിയാക്കാന്‍ ഇടയാവും വിധം തൊട്ടപ്പുറത്തു നിന്ന ഒസാന്‍ കുഞ്ഞാലുവിന്റെ കാതിലേക്കാമൊഴി അതിനകം കൃത്യമായി ചെന്നു വീണിരുന്നു.
കുയ്യലു കൊണ്ടു കുപ്പിയിലേക്കു എണ്ണയൊഴിക്കുന്നതു പോലെ!

ഒസ്സാന്‍ കുഞ്ഞാലുവിന്റെ നാവിലൂടെ,
സുന്നത്തു-കല്യാണ പന്തലില്‍ ഏമ്പക്കം വിടാന്‍ കെല്‍പ്പുള്ള ഒരു മോന്തിച്ചോറിനായി കൊതിപൂണ്ടിരുന്ന മഹല്ലിലെ കുഞ്ഞുകുട്ടി പരാധീനങ്ങളിലേക്കെല്ലാം അതു പടര്‍ന്നു കയറി.
എരി തീയില്‍ എണ്ണ പകര്‍ന്നപ്പോലെ!

അന്‍സാറിന്റെ സുന്നത്തു കല്യാണത്തിനു തേങ്ങാച്ചോറും കാളയിറച്ചി വരട്ടിയതും തിന്നാന്‍ കൊതിമൂത്തു വന്ന ദേശക്കാരെല്ലാം അതു കേട്ടപ്പോള്‍ മൂക്കത്തു വിരലു വെച്ചു.

ഇനി ഇതു കാരണത്താല്‍ വെച്ച വെന്തചോറു വിളമ്പാതിരിക്കുമോ?
എന്നാണു നാട്ടുകാര്‍ ആദ്യം തെരക്കിയത്‌.

അവരൊന്നടങ്കം അടക്കം പറഞ്ഞു.
അറിഞ്ഞവരറിഞ്ഞവര്‍ ഈണത്തിലതു പാട്ടാക്കി.
ഇനിയും കേള്‍ക്കാന്‍ ഭാഗ്യം കിട്ടാത്തവരെയെല്ലാം തേടിപ്പിടിച്ചതു കേള്‍പ്പിച്ചു.

ചെക്കന്റെ കാര്യം ബീപാത്തുവിന്നും അവളുടെ ആങ്ങളമാര്‍ക്കും വിട്ടു കൊടുത്ത്‌ കാളയുടെ കാര്യത്തിനു മേല്‍നോട്ടം നോക്കാന്‍ പോയ അയ്യൂബാജി പക്ഷെ അതൊക്കെക്കഴിഞ്ഞിട്ടും ഇതൊന്നുമറിയാതെ ചെമ്പിനടുത്തു വേവു നോക്കാന്‍ നില്‍ക്കുകയായിരുന്നു.
കിഴക്കോറത്തു നിന്നും ഇടക്കിടക്കു വടക്കോറത്തെത്തുന്ന ചിലരുടെ കുശുകുശുക്കലിലൂടെ അയ്യൂബാജിയുടെ കാതിലും ചിലതൊക്കെ ചെന്നു വീണു.
പക്ഷെ മുഴുവനായിട്ട്‌ ചോദിച്ചറിയാന്‍ അയാളുടെ ദുരഭിമാനവും, പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ അയാളുടെ മുന്‍കോപവും നാട്ടുകാര്‍ക്കും അയാള്‍ക്കുമിടയില്‍ വലിയൊരു വിലങ്ങുതടിയായി നിന്നു.

വെപ്പുകാരന്റെ ചുണ്ടില്‍ നിന്നും അയാളുടെ കയ്യാളുടെ കണ്ണില്‍ നിന്നും ഒരു പരിഹാസത്തിന്റെ കരിഞ്ഞ മണമടിച്ചപ്പോള്‍ അയ്യൂബാജി കാര്യമെന്താണെന്നറിയാന്‍ അടുക്കളപ്പുറത്തു നിന്നും പതിയെ ഉമ്മറത്തേക്കെത്തി.
ഉമ്മറത്തപ്പോള്‍ ആകെ ഒരു'ജഗപൊഗ'.

സുന്നത്തിനു പിടിച്ചിരുത്തിയ ചെക്കന്‍ ഒസ്സാനെ ചവിട്ടി മലര്‍ത്തി കുണ്ടനിടവഴിയിലിറങ്ങി ദൂരെ തീവണ്ടിയാപ്പീസു കണക്കാക്കി ഓടിയിരിക്കണെത്രേ!

വസ്ത്രം എന്നു പറയാന്‍ അവന്റെ അരയിലൊരന്ന ചരടു മാത്രം.
(അതും താഴത്തെ വൈദ്യരു കെട്ടിക്കൊടുത്തത്‌.ആര്‍ത്തി പൂണ്ട തീറ്റ കാരണം വീര്‍ത്തു വരുന്ന വയറിനെ നിയന്ത്രിക്കാന്‍ കെട്ടിയ ഒരു ഡേഞ്ചര്‍ ലൈന്‍. അന്ന നിയന്ത്രണ ചരട്‌.)

ഒന്നരമാസമായി കൂട്ടുകാരെല്ലാം ചെക്കനെ പറഞ്ഞു പേടിപ്പിക്കുകയായിരുന്നു.
വെട്ടു കത്തി കൊണ്ടു ഒരൊറ്റ വെട്ടായിരിക്കുമെന്നു മാര്ക്കകല്യാണം മുന്‍പൊരിക്കലും കാണാത്ത മാടമ്പി അപ്പൂട്ടന്‍ വരേ അതിന്റെ ഭീകരത വര്‍ണ്ണിച്ചും പൊലിപ്പിച്ചും പറഞ്ഞുള്ളില്‍ പേടികേറ്റിയപ്പോള്‍ അന്‍സാറിനു എങ്ങനെയെങ്കിലും അതിന്നു മുമ്പെ നാടു വിട്ടു പോണമെന്നു തോന്നി തുടങ്ങിയിരുന്നു.

ഉമ്മാനെ ഓര്‍ത്താണു മുന്‍പു പലപ്പോഴും അവന്‍ ഓടിപ്പോകാതിരുന്നത്‌.
ഉമ്മാക്കു മറ്റാരെക്കാളും പിരിശം അവനോടാണെന്നു പലകുറി ബീപാത്തു മറ്റു മക്കളു കേള്‍ക്കെ നയം വ്യക്തമാക്കിയിട്ടുണ്ട്‌.
അതിനവര്‍ക്കു ന്യായവും ഉണ്ട്‌. അവനു ചെറുപ്പത്തില്‍ മറ്റുള്ളവര്‍ക്കു കിട്ടിയപോലെ വേണ്ടത്ര മുലകുടി കിട്ടിയിട്ടില്ലത്രേ!
മുലപ്പാലു കുറഞ്ഞപ്പോള്‍ ഇനി എന്നെക്കൊണ്ടു പെറാന്‍ വയ്യന്നു ബീപാത്തു ഉറക്കെ പറഞ്ഞതു അലക്കാന്‍ വരുന്ന മണ്ണാത്തി മാതു വഴി നാട്ടുകാരൊക്കെ അറിഞ്ഞതു ഏഴു കൊല്ലം മുന്‍പായിരുന്നു.

ചന്ദനത്തിരിയും പുകച്ച മണവും കുന്തിരിക്കത്തിന്റെ പുകയും റാത്തീബിന്റെയും മൗലൂദിന്റെയും മന്ത്രണങ്ങളും കൊണ്ടു മദ്രസയിലെ മൊല്ലാക്കമാര്‍ കിഴക്കോറത്തു ഒരു മായാലോകം സൃഷ്ടിച്ചപ്പോള്‍ അപകടം മണത്തു അവിടന്നു മുങ്ങിയ അന്‍സാറിനെ ബീപാത്തു ചെന്നു വിളിച്ചില്ലായിരുന്നെങ്കില്‍ അവന്‍ ഒളിച്ചിരുന്നിടം ആരും കാണുമായിരുന്നില്ല.

ഉമ്മ ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല. കിഴക്കേ അവുത്തെ മുറിയിലേക്കു തോളില്‍ കയ്യിട്ടു കൂട്ടികൊണ്ടു പോയ ഉമ്മ അവനകത്തു കയറിയ ഉടന്‍ പെട്ടന്നു പിന്‍വാങ്ങിയതും വല്യാക്ക വാതിലടച്ചതും മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയുടെ ഭാഗമായിരുന്നു.
അതൊന്നു മറിയാതെ അകത്തു പെട്ട അന്‍സാര്‍ കണ്ടതു,
ഒരു കാളയെ അറുക്കാനുള്ള ആള്‍ക്കൂട്ടം.
അമ്മോന്‍ ആലിയുടെ ബലിഷ്ടമായ കയ്യില്‍ പെട്ടതും ഒസ്സാന്‍ കുഞ്ഞാലു മുണ്ടുരിഞ്ഞതും പെട്ടന്നായിരുന്നു.

ഉയര്‍ന്ന കാലുള്ള ഒരു മരക്കസേരയില്‍ പിടിച്ചു ബലമായിരുത്തിയപ്പോള്‍ കണ്ടു, കീഴെ കിണ്ണത്തിലെ വെള്ളത്തില്‍ തിളങ്ങുന്ന ഒരു കത്തി.
പെട്ടന്നു തൊട്ടു മുന്നെ അറുക്കാന്‍ തള്ളിയിട്ടു അമര്‍ത്തിപ്പിടിച്ച ആള്‍ക്കൂട്ടത്തെയും ആ പാവം കാളക്കുട്ടനെയും ഓര്‍മ്മ വന്നു.
കണ്ണുപൊത്താന്‍ ഒരു കൂട്ടര്‍, കയ്യും കാലും ബലമായി അമര്‍ത്തിപ്പിടിക്കന്‍ വേറൊരു കൂട്ടര്‍, ആരൊക്കെയാണെന്നു മാത്രം മനസ്സിലായില്ല.
എങ്കിലും തന്റെ വലത്തെ കാലില്‍ പിടിച്ചിരിക്കുന്ന ആ കൈക്കത്ര കരുത്തുപോരന്നു തിരിച്ചറിഞ്ഞ നിമിഷം സകല ശക്തിയുമെടുത്തൊരുഗ്രന്‍ തൊഴിയായിരുന്നു.

താഴെ കുനിഞ്ഞിരുന്നു കത്തി കയ്യിലെടുത്തു ഊഴം കാത്തിരുന്ന ഒസ്സാന്‍ കുഞ്ഞാലുവിന്റെ താടിയെല്ലു തകരുന്ന ഒച്ചയും ആ തകര്‍ന്ന താടിയെല്ലിനിടയിലൂടെ ശ്രുതിയും താളവും തെറ്റിയ "അള്ളോ" എന്ന ഒരു നീട്ടിയുള്ള ഒരാലാപനവും.
പുറത്തു ഒരു ഒറ്റുകൊടുപ്പിന്റെ കുറ്റബോധവും പേറി കണ്ണും ചിമ്മി ദു:ഖം കടിച്ചു പിടിച്ചു നിന്ന ബീപാത്തുവിനോടോപ്പം സദ്യക്കു വന്ന ദേശക്കാരൊക്കെ കുഞ്ഞാലുവിന്റെ ഈണം തെറ്റിയുള്ള ആ നിലവിളി കേട്ടു.

ആലക്കാട്ടംശം ദേശത്തിതുവരെ സുന്നത്തു ക്രിയക്കിടയില്‍ കര്‍ത്താവു കരയുന്നതു ആരും കേട്ടിരുന്നില്ല.
മറിച്ചു കര്‍മ്മകാരകങ്ങളുടെ കരച്ചിലൊരുപാടു കേട്ടിട്ടുണ്ട്‌.

കരച്ചിലിന്റെ പല്ലവിക്കും അനുപല്ലവിക്കും ഇടക്കുള്ള "സംഗതികളും" എടുത്തു പറഞ്ഞു പിന്നീടു കളിയാക്കാന്‍ പലരും അതു കാതോര്‍ത്തു കേട്ടോര്‍മ്മവെക്കാറുണ്ട്‌.
ആ ഒരൊറ്റ നിമിഷത്തില്‍ മറ്റു കിരാതരുടെയെല്ലാം പിടിയൊന്നയഞ്ഞപ്പോള്‍ അന്‍സാര്‍ ഞെട്ടിക്കുതറി പിടഞ്ഞെണീറ്റു പുറത്തെക്കുള്ള വാതില്‍ തുറന്നു ഒരൊറ്റയോട്ടമായിരുന്നു.

ഇരുട്ടു വീണ കുണ്ടനിടവഴിയിലൂടെ ചിരപരിചിതനായ അന്‍സാര്‍ തീവണ്ടിയാപ്പീസു കണക്കാക്കി ഓടുമ്പോള്‍ വഴിയും വരുംവരായ്മകളും അറിയാത്ത അമ്മോന്മാര്‍ ഇനി എന്തു ചെയ്യണമെന്നറിയാതെ ഒരു മിനിട്ടു ഇതികര്‍ത്തവ്യാമൂഢരായി നിന്നു.

താടിയെല്ലിലെ താങ്ങുവിടാതെ,
"എവടെ ആ ഇബ്‌ലീസ്‌?"
എന്നു ചോദിച്ചു പുറത്തു ചാടിയ ഓസ്സാന്‍ കുഞ്ഞാലുവിന്റെ കൂടെ

"ആ ധിക്കാരിയെ വിടരുത്‌"
എന്നു പറഞ്ഞു ഉശിരു കാട്ടാനിറങ്ങിയ സ്വന്തം ആങ്ങളമാരെ തടഞ്ഞു കൊണ്ടു ബീപാത്തു പറഞ്ഞു

" വേണ്ടാ! ഒന്നങ്ങനെ ബാപ്പാനെപ്പോലെയും കെടക്കട്ടെ!"
30250

8 അഭിപ്രായ(ങ്ങള്‍):

  1. സുല്‍ |Sul പറഞ്ഞു...

    അതു കലക്കീലോ കരീമാഷേ...

    എന്നാലും ഞമ്മള് കരുതി ഇനി ഓന്റെ ബാപ്പ ബേറെയായിരിക്കൂന്നാണോ ങ്ങള് പറഞ്ഞ് ബര്ണേന്ന്. യേത്........
    -സുല്‍

  2. കരീം മാഷ്‌ പറഞ്ഞു...
    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
  3. yousufpa പറഞ്ഞു...

    കരീം മാഷേ....
    എന്തിത്താത്......?
    ഇങ്ങളാള്, മോസല്ലാട്ടാ....കലക്കി ന്‍റെ ചെങ്ങായേ...

  4. simy nazareth പറഞ്ഞു...

    akalakki :) nalla katha

  5. Ramesh Cheruvallil പറഞ്ഞു...

    hi
    Cute thoughts in a well arranged manner..

    keep it up..

    pls do visit my blog at http://rameshcheruvallil.blogspot.com

  6. ഗുപ്തന്‍ പറഞ്ഞു...

    ഹഹഹ കൊള്ളാം :)

  7. Junaid പറഞ്ഞു...

    its too Good...
    Kareem mash kalakkunnund..
    Othan kunhaliyeyum mannathi madiye yum njaan kanunnund ee kada parayaan...

  8. Junaid പറഞ്ഞു...

    njaan mashude nattukaran thanne; nammal thammil palappozhum kantittumundavaam..
    9995765576