ചൊവ്വാഴ്ച, ഫെബ്രുവരി 05, 2008

ഞെരിച്ചുമ്മവെക്കുന്നവര്‍


മോളുടെ മേനിക്കു നിത്യേന കൂടിവരുന്ന തിളക്കവും വെളുപ്പും കൂട്ടിയത്‌ എന്നുള്ളിലൊരാഹ്ലാദമായിരുന്നില്ല, മറിച്ച്‌ നെഞ്ചിലാധിയും ചങ്കിലുപെടപെടപ്പുമായിരുന്നു.

കുഞ്ഞായിരുന്നപ്പോള്‍ അവളുടെ ചെമപ്പുനിറമുള്ളകാലടികള്‍ തറയെ അളന്നു മുറിച്ചു ആടിയാടിയുള്ള നടത്തം കൗതുകത്തോടെയും കൊതിയോടെയുമാണു ഏറെ നേരം നോക്കി നിന്നിട്ടുള്ളത്‌.
ഇന്നവള്‍ ഒരുപാടു വളര്‍ന്നു.

താഴെ ചേരിയില്‍ താമസിക്കുന്ന ഒറ്റക്കണ്ണന്‍ ചോട്ടു ബിഹാരിക്കു അമരീഷ്‌ പുരിയുടെ മുഖച്ഛായയണ്‌. ചോട്ടു ബിഹാരി ഒറ്റക്കണ്ണനാണെങ്കിലും അവന്റെ ഇരകളെ കാണാനും കെണിയില്‍ വീഴ്‌ത്താനും അവനു അതുതന്നെ ധാരാളം.

വീണ്ടും ജനുവരിയാണ്‌.
ജനുവരിയും ആഗസ്റ്റും മകളെ കാത്തു സൂക്ഷിക്കേണ്ട മാസങ്ങള്‍.
ചോട്ടുവിന്റെ ദൃഷ്ടിവെട്ടത്തു വന്നാല്‍ അവന്‍ കെണി വെക്കും.അവന്റെ കണ്ണില്‍പെട്ടാല്‍ പിന്നെ മോളുടെ കാര്യം ആലോചിക്കാനെ വയ്യ. അവളെ എന്നന്നേക്കുമായി എനിക്കു നഷ്ടപ്പെടും.

കഴിഞ്ഞ ജനുവരിയില്‍ ലാല്‍കില്ലയില്‍ നിന്നേറെ ദൂരത്തു താമസിക്കുന്ന സ്വന്തം കൂടെപ്പിറപ്പിനു ഇതുപോലെ പ്രായം തെകഞ്ഞ രണ്ടെണ്ണം നഷ്ടപ്പെട്ടതു എവിടെയും ഒരു വാര്‍ത്തപോലുമായില്ല.

ഇക്കഴിഞ്ഞ ജനുവരിയിലും ആഗസ്റ്റിലും മോളെ അവന്റെ ഒറ്റകണ്‍വെട്ടത്തു നിന്നും അകറ്റി നിര്‍ത്താന്‍ ഞാന്‍ പെട്ട പാടിനു കണക്കില്ല.

പണ്ടു സഫ്ദര്‍സിംഗ്‌ മാര്‍ഗില്‍ നിന്നു വെടിയൊച്ച കേട്ടന്നു ജീവനും കൊണ്ടോടിയപ്പോള്‍ നഷ്ടപ്പെട്ടതു മോളുടെ പിതാവിനെയായിരുന്നു.
ഈ ബില്‍ഡിംഗിന്റെ ഏറ്റവും മുകളിലേക്കു താമസം മാറുമ്പോള്‍ സുരക്ഷിത്വം മാത്രമേ ആഗ്രഹിച്ചുള്ളൂ.അന്നേ,
താഴത്തെ ചേരിയിലെ ചോട്ടു ബിഹാരിയെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.
അവന്റെ ഒറ്റക്കണ്ണിലൂടെയുള്ള തലചെരിച്ചുള്ള കള്ളനോട്ടം കാണുമ്പോള്‍ തന്നെ പേടി തോന്നും.

ഒന്നും അവന്റെ താല്‍പര്യത്തിനല്ല.
ഉപജീവനത്തിനു മാത്രം. അവന്‍ പിടിച്ചു മറ്റാര്‍ക്കോ മറിച്ചു വിറ്റു കാശു വാങ്ങും.
മാനസീകോല്ലാസം തേടിയെത്തുന്നവര്‍ക്കു ചില നിമിഷങ്ങളുടെ നിര്‍വൃതിക്കു വേണ്ടി മാത്രം സമര്‍പ്പിക്കപ്പെടുന്നതൊരു കൂട്ടതോടെയാണ്‌.

അവരൊക്കെ സമൂഹത്തിലെ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍, ഭരണചക്രം തിരിക്കുന്നവര്‍,രാഷ്ട്രനായകര്‍.തിരുവായ്‌ക്കു എതിര്‍വായ്‌ ഇല്ലാത്തവര്‍.

ഉന്നതരുടെ നൈമിഷികാനന്ദത്തിനു വേണ്ടി മാത്രം ഓരോ തവണയും പിടിക്കപ്പെടുന്നവര്‍ അനേകമാണ്‌.

പക്ഷെ കാര്യം കഴിഞ്ഞതിനു ശേഷം വിട്ടയക്കപ്പെടുമ്പോള്‍ സുരക്ഷിതരായി ഒറ്റത്തൂവലും നഷ്ടപ്പെടാതെ തിരിച്ചെത്തുന്നവര്‍ വളരെ വിരളം.
വഴിതെറ്റപ്പെട്ടവര്‍ പിന്നീടു വീടുകളിലെത്താറില്ലന്നതു തന്നെയാണു സത്യം. അവരെ അന്വേഷിച്ചാരും തെരക്കാറില്ലന്നതു മറ്റൊരു സത്യവും.

പലവര്‍ഷങ്ങള്‍ തടവറയില്‍ കിടന്നവസാനം സ്വാതന്ത്ര്യം നേടിയ ഒരു വിദേശിക്കു സ്വീകരണം നല്‍കാനും മാനസീകോല്ലാസം പ്രദാനം നല്‍കാനും വേണ്ടി കൂടുതല്‍ മേനിയഴകും വെളുത്തു സൗന്ദര്യമുള്ളവയെ മാത്രം നോക്കി പിടിക്കാനായിരുന്നു ചോട്ടുബീഹാരി അന്നു ലവേര്‍സ്‌ പാര്‍ക്കില്‍ കെണിവെച്ചിരുന്നത്‌.

സംഗതിയുടെ അത്യാവശ്യമാവും, സമയസ്ഥലകാലഭേദമില്ലാതെ കൂടുതല്‍ തുക പറ്റി ആ നേരം കെട്ട നേരത്തയാള്‍ പുതിയ ഒരു കെണിവെച്ചിരുന്നതിരുന്നത്‌.

പക്ഷെ ഞാന്‍ അതറിയാതെ അതില്‍ ചെന്നു വീഴുകയായിരുന്നു.

ലവേര്‍സു പാര്‍ക്കിലെ ഓക്കുമരത്തണലിലിരിക്കുന്ന ആ സുന്ദരകുട്ടനെ തനിച്ചാദ്യമായി കാണുകയായിരുന്നു.
മുന്‍പൊക്കെ അവന്‍ ചോട്ടു ബിഹാരിയുടെ വീട്ടിനകത്തെവിടെയോ ആയിരിക്കണം.
പല ദിവസങ്ങളിലും അവന്റെ വേദന കലര്‍ന്നുള്ള കരച്ചില്‍ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയിരുന്നു.
അയാള്‍ അവരെ വേദനിപ്പിച്ചും പട്ടിണിക്കിട്ടും പരിശീലിപ്പിച്ചെടുത്തതാണ്‌.

അവനിലൂടെയാണ്‌ അയാള്‍ ഇരകളെ കെണിവെച്ചു പിടിച്ചിരുന്നതെന്നു എനിക്കതുവരെ അറിയാമായിരുന്നില്ല.
അവന്‍ വശപ്പെട്ടു എന്നു തോന്നിയ നാള്‍ മുതല്‍ അയാള്‍ അവനു നല്ല ഭക്ഷണവും പരിചരണവും നല്‍കി.
ആദ്യമാദ്യം, ബിഹാറിയുടെ കൂട്ടാളി എന്ന ചിന്തയാല്‍ ഞാന്‍ അവനില്‍ നിന്നകന്നു നിന്നതായിരുന്നു.
എന്നാല്‍ വേദന തിന്നുന്നവന്‍, ഒറ്റപ്പെട്ടവന്‍ എന്ന കോണിലൂടെ നോക്കിയപ്പോള്‍ ഒരേ കൂട്ടത്തില്‍ പെട്ടവനെന്നു തിരിച്ചറിഞ്ഞു.
അപ്പോള്‍ കൂടുതല്‍ അടുത്തറിയാനാഗ്രഹിച്ചതു എന്റെ സഹജീവി സ്നേഹം.
അവന്‍ കരുത്തുള്ള ഒരു ആണാണെന്നു തിരിച്ചറിഞ്ഞവനോടു കൂട്ടു കൂടാന്‍ മനം കൊതിച്ചതു എന്റെ സ്ത്രൈണബലഹീനത.
ചോട്ടു ബീഹാരിയുടെ താമസസ്ഥലത്തു വെച്ചവനെ പലകുറി കണ്ടിട്ടുണ്ടായിരുന്നു.
തിളങ്ങുന്ന മേനിയഴകിനും മാധുര്യമുള്ള ശബ്ദത്തിനും മുന്നില്‍ പലതവണ എന്റെ സ്ത്രൈണത എന്റെ നിയന്ത്രണം ഭേദിച്ചു പോകുമെന്നു ഭയപ്പെട്ടതായിരുന്നു.

അവന്‍ കാണുമ്പോഴൊക്കെയും കണ്ണുചിമ്മിയിരിക്കുന്നതായേ തോന്നിയിട്ടുള്ളൂ.
അവന്റെ സ്ഥായിയായ വികാരം വിഷാദമാണ്‌.
പാര്‍ക്കിലെ ഓക്കു മരച്ചോട്ടില്‍ നേരമേറെയായിട്ടും കൂടണയാതെ, തനിച്ചിരിക്കുന്ന അവന്റെ വിഷാദഗാനം കേട്ടില്ലെന്നു നടിക്കാനായില്ല.
ഇപ്പോഴും അവന്‍ കണ്ണുകള്‍ അടച്ചിരുന്നു തന്നെയാണു പാടുന്നത്‌. പാര്‍ക്കിലേക്കു വരുന്നവരെ നോക്കുകയോ തലയിളക്കുകയോ ചെയ്യാതെ ആ വേദന മാത്രം പകരുന്ന ഗാനം ഒരു കുറുകലു പോലെ ഉള്ളിലേക്കു തുളച്ചു കയറുകയാണ്‌.
ഇനിയും എനിക്കെന്നെ തടയാനാവില്ല. ഒറ്റപ്പെടലിന്റെ വേദന എനിക്കല്ലാതെ മറ്റാര്‍ക്കിത്രയാഴത്തില്‍ മനസ്സിലാക്കാനാവും.
എന്നെ എനിക്കു തന്നെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴാണു ഞാന്‍ അവന്റെ കാന്തികശേഷിയെക്കുറിച്ചു ബോധവതിയായത്‌.

പക്ഷെ അതൊരു കെണിയാണെന്നു മനസ്സിലായതു അവനിരിക്കുന്നതിനടുത്തു ചെന്നിരുന്നപ്പോള്‍ എവിടെ നിന്നോ ഓടി വന്ന ഒറ്റക്കണ്ണനെ കണ്ടപ്പോഴായിരുന്നു.
ഞാന്‍ രക്ഷപ്പെടാനാവാത്തവിധം കുടുങ്ങിയെന്നറിഞ്ഞപ്പോള്‍ തളര്‍ന്നു പോയി.

അവനെന്നെ രക്ഷപ്പെടുത്തുമെന്നു കരുതിയതു വെറുതെയായി.
അവന്റെ ഇമകള്‍ തുറന്നപ്പോള്‍ ഞാന്‍ കണ്ടു മിഴികളുടെ സ്ഥാനത്തു രണ്ടു ദ്വാരങ്ങള്‍ മാത്രം.
പിന്നത്തെ കുറുകലിനു പൊറുക്കുക എന്നൊരു തേങ്ങല്‍!

ഞെട്ടിപ്പോയ ഞാന്‍ അപ്പോഴേക്കും ചോട്ടുബിഹാരിയുടെ പിടിയിലകപ്പെട്ടിരുന്നു.
കെണിയില്‍ നിന്നു വേര്‍പ്പെടുത്തിയ എന്നെ വെളിച്ചത്തില്‍ നോക്കിയപ്പോഴാണു ചോട്ടു ബിഹാരിക്കു അമളിപിണഞ്ഞെന്നു മനസ്സിലായത്‌.

" "ശ്ശേ! നാശം, നാശം!"
പിന്നെ വലിച്ചൊരേറായിരുന്നു.

തറയില്‍ പതിച്ചു തലചിതറുന്നതിന്നു മുന്നേ ചിറകു വിരിച്ചു ഞാന്‍ മാനത്തേക്കു പറന്നു.

ശാപമെന്നു പലപ്പോഴും തോന്നിയ മേനിക്കറുപ്പും പാണ്ടു പടര്‍ന്ന പുള്ളികളും എനിക്കൊരു അനുഗ്രഹമായെന്നു തിരിച്ചറിഞ്ഞതു അവന്‍ വെച്ച കെണിയില്‍ വീണിട്ടും "ശ്ശേ ! നാശം" എന്നു പറഞ്ഞു എന്നെ സ്വതന്ത്രയാക്കിയപ്പോഴായിരുന്നു.

അവനു മേനിയഴകുള്ള വെളുത്തപ്രാവുകളെ മാത്രം മതിയത്രേ!

സമാധാനത്തിന്റെ വെള്ളപ്രാവുകളെ പിടിക്കാന്‍ കെണിവെച്ചിരിക്കുന്നിടത്തു ഈ കറുത്ത പാണ്ടുള്ള പക്ഷിക്കെന്തു കാര്യം!.


28488

27 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  പെരിമ്പലത്തെ കുശവന്‍ കുമാരു വിന്നു പ്രാവുപിടുത്തമായിരുന്നു ഹോബി.

  അവന്‍ വളര്‍ത്തുന്ന പ്രാവിന്റെ രണ്ടും കണ്ണു കുത്തിപ്പൊട്ടിച്ചു ചക്കപ്പശതേച്ച ഒരു കുന്തത്തിന്റെ ഒരറ്റത്തിരുത്തും. പരിശീലനം കിട്ടിയ അവന്റെ പ്രാവു കുറുകുമ്പോള്‍ ആ കുറുകല്‍ കേട്ടു പ്രണയ്പരവശതയോടെ ഇണ വന്നിരിക്കുമ്പോള്‍ പശയിലൊട്ടുന്ന കാലുകള്‍.
  കുമാരു കയ്യില്‍ പിരിഞ്ഞു നിശ്ചലമാകുന്ന അതിന്റെ കഴുത്ത്‌.
  ശ്വാസം നിലച്ച ശരീരം മടിക്കുത്തില്‍ ഒളിപ്പിച്ചു അടുത്ത ഇരക്കായി കാണാത്തിടത്തൊളിച്ചു കാത്തിരിക്കുന്ന കുമാരു.
  മരിച്ചപ്രാവുകളും കുന്തത്തിന്റെ അറ്റത്തു തൂക്കിയിട്ട കൂട്ടില്‍ കുരുടനായ വേട്ടപ്രാവുമായി കുമാരു മടങ്ങുമ്പോള്‍ ഞങ്ങള്‍ ഉരുളന്‍ കല്ലെറിഞ്ഞു വേലിക്കു കീഴെ തല താഴ്‌ത്തിയിരുന്ന ബാല്യകാലത്തിന്റെ ഒരോര്‍മ്മ.

  റിപബ്ലിക്ദിനത്തിനും സ്വാതന്ത്ര്യദിനത്തിനും ആകാശത്തേക്കു പറത്താന്‍ സമാധാനത്തിന്റെ വെള്ളപ്രാവുകളെ സപ്ലൈ ചെയ്യുന്ന ഒരു ചോട്ടു റാം എന്ന ബീഹാരിയെക്കുറിച്ചുള്ള ഫീച്ചര്‍...

  നെല്‍സന്‍ മണ്ടേലെയെ സ്വീകരിക്കാന്‍ സംഘടിപ്പിച്ച യോഗത്തിലാണു ഏറ്റവും വെള്ളപ്രാവുകളെ മാനത്തേക്കു പറത്തി വിട്ടത്‌ എന്ന വാര്‍ത്ത വായിച്ചന്നു മുതല്‍ ഈ ചടങ്ങിനോടുള്ള അമര്‍ഷം, വേദന ഇതെല്ലാം ചേരുമ്പോള്‍ ഈ "കഥ" യാവുന്നു.

 2. Anoop Technologist (അനൂപ് തിരുവല്ല) പറഞ്ഞു...

  വളരെ നന്നായി എഴുതി.

 3. മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

  മാഷെ നന്നായിരിക്കുന്നു പ്രത്യേകിച്ച് അടുക്കും ചിട്ടയും എന്നെ വായനയില്‍ സുഖപ്രധാനം നല്‍കി.

 4. ഹരിത് പറഞ്ഞു...

  ഭീതി തോന്നി. പിന്നെ മനസ്സ് മഥിച്ചു...
  ഇഷ്ടപ്പെട്ടു...എങ്ങനെയെങ്കിലും ഇനി മറക്കണം ഈ കഥ

 5. Gopan | ഗോപന്‍ പറഞ്ഞു...

  കരീം മാഷേ,
  കഥ പറഞ്ഞ ശൈലി വളരെ ഇഷ്ടമായി..
  അവസാനവരി വരെ ജിജ്ഞാസയോടെ
  വായിക്കേണ്ടി വരുന്ന ഒരു വ്യത്യസ്തമായ കഥ..
  വളരെ നന്നായിരിക്കുന്നു !

 6. പാമരന്‍ പറഞ്ഞു...

  കരീം മാഷെ.. ഒരു കഥ.. അതോ രണ്ട്‌ കഥകളോ?? രണ്ടു വായന തീര്‍ച്ചയായും ഉണ്ട്..

  വളരെ ഇഷ്ടപ്പെട്ടു...

 7. അജ്ഞാതന്‍ പറഞ്ഞു...

  ഇഷ്ടമായി..:) :)

 8. simy nazareth പറഞ്ഞു...

  കഥ നന്നായിട്ടുണ്ട്!

 9. Pongummoodan പറഞ്ഞു...

  കരീം മാഷേ,
  നന്നായിഷ്ടപ്പെട്ടുകെട്ടോ...

 10. Rajeend U R പറഞ്ഞു...

  കൊള്ളാം നന്നായിരിക്കുന്നു...

 11. ഏകാകി പറഞ്ഞു...

  മനോഹരമായി എഴുതിയിരിക്കുന്നു...

 12. ദമനകന്‍ പറഞ്ഞു...

  മാഷേ, നന്നായി.

 13. സുല്‍ |Sul പറഞ്ഞു...

  മാഷേ
  കഥ നന്നായി എഴുതിയിരിക്കുന്നു.
  വ്യത്യസ്തതയുള്ള പ്രമേയം വ്യത്യാസത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഇരുത്തി വായിപ്പിക്കുന്ന എഴുത്ത്.

  -സുല്‍

 14. siva // ശിവ പറഞ്ഞു...

  What an interesting story.... I like it so much....thanks a lot for this lovely story..

 15. aneezone പറഞ്ഞു...

  hm.. something new!
  നന്നായിട്ടുണ്ട്.

 16. Kaithamullu പറഞ്ഞു...

  മാഷെ,
  നന്നായി പറഞ്ഞിരിക്കുന്നു.

  തലക്കെട്ട് കണ്ടപ്പോഴേ തോന്നി ഇതൊര് കെണിയാണെന്ന്. എന്നിട്ടും നമ്മുടെ മാഷല്ലേ എന്ന് വിചാരിച്ച്, അറിഞ്ഞോണ്ട് തന്നെ വന്ന് പെട്ടതാ.

  കമെന്റ് കഥയാ കൂടുതല്‍ ഇഷ്ടായെ!

 17. Rafeeq പറഞ്ഞു...

  നന്നായിട്ടുണ്ട്‌..

 18. ചെറുശ്ശോല പറഞ്ഞു...

  വളരെ നന്നായിരിക്കുന്നു , ഇനിയും ഇത്തരം കഥകള് പ്രതീക്ഷികുന്നു

 19. മന്‍സുര്‍ പറഞ്ഞു...

  മാഷേ...

  ഒന്നും പറയുന്നില്ല...കമന്‍റ്റുകള്‍ സാക്ഷി


  നന്‍മകള്‍ നേരുന്നു

 20. സാക്ഷരന്‍ പറഞ്ഞു...

  നന്നായിരിക്കുന്നു

 21. ശെഫി പറഞ്ഞു...

  പലവഴി സഞ്ചരിക്കുന്ന ഒരു കഥ

 22. വേണു venu പറഞ്ഞു...

  മോളുടെ മേനിക്കു നിത്യേന കൂടിവരുന്ന തിളക്കവും വെളുപ്പും കൂട്ടിയത്‌ എന്നുള്ളിലൊരാഹ്ലാദമായിരുന്നില്ല, മറിച്ച്‌ നെഞ്ചിലാധിയും ചങ്കിലുപെടപെടപ്പുമായിരുന്നു.

  ഈ വരികളാണേന്നെ കഥ വായിപ്പിച്ചത്. കഥ ഇഷ്ടമായി.
  മുകളിലെ വരികളിലെ പെണ്മക്കളുള്ള പിതാ മനസ്സിന്‍റെ ചുമ്മാതുള്ള വിഭ്രാന്തമായ ചിന്തകള്‍‍‍ക്ക് ഒരു സാര്വലൊകികത്വം ഉണ്ട്. ആശംസകള്‍.:)

 23. ശ്രീനാഥ്‌ | അഹം പറഞ്ഞു...

  നന്നായിരിക്കുന്നു.. വളരെ നന്നായിരിക്കുന്നു.

 24. Sandeep PM പറഞ്ഞു...

  നന്നായിട്ടുണ്ട് ...

 25. പപ്പൂസ് പറഞ്ഞു...

  കാണാന്‍ വൈകി... ഇഷ്ടമായി..

 26. കരീം മാഷ്‌ പറഞ്ഞു...

  കഥ വായിക്കുകയും അഭിപ്രായം കുറിക്കുകയും ചെയ്ത സഹര്‍ദയരായ ബ്ലോഗു സുഹ്ര്^ത്തുക്കള്ക്കു നന്ദി.

  അനൂപ് തിരുവല്ല
  മിന്നാമിനുങ്ങുകള്‍ //സജി.
  ഹരിത്,
  Gopan (ഗോപന്‍),
  പാമരന്‍,
  Nousher
  (ഓര്മ്മയുണ്ടൊ കുശവന്‍ കുമ്മാരുവിനെ?),
  സിമി,
  പോങ്ങുമ്മൂടന്‍,
  Rajeend U R,
  ദില്‍,
  ദമനകന്‍
  (ഒരുപാടു കാലത്തിനു ശേഷം കണ്ടതില്‍ പെരുത്തു സന്തോഷം )
  സുല്‍ |Sul
  (ഒരു പരീക്ഷണമായിരുന്നു സുല്‍ ! :) )
  sivakumar ശിവകുമാര്‍
  aneezone
  kaithamullu : കൈതമുള്ള്
  (വായന ഞാന്‍ വഴിതെറ്റിച്ചില്ലന്നു തോന്നുന്നു. അല്ലെ കൈതേ! :)
  RaFeeQ
  ചെറുശോല
  മന്‍സുര്‍
  സാക്ഷരന്‍
  ശെഫി
  വേണു venu ( ഒരേ തൂവല്‍ പക്ഷികള്‍ )
  ശ്രീനാഥ്‌ | അഹം
  ദീപു
  പപ്പൂസ്

  സമാധാനത്തിന്റെ വെള്ളപ്രാവുകള്ക്കു മാത്രം എവിടെയും ഒരിക്കലും സമാധാനമില്ല.

 27. തോന്ന്യാസി പറഞ്ഞു...

  കരീം മാഷുടെ ബ്ലോഗിലേക്ക് ആദ്യായിട്ടാ വരുന്നത്,

  ഇനി ഞാനിവിടുത്തെ നിത്യ സന്ദര്‍ശകനായിരിക്കും

  അത്രയേറെ ഇഷ്ടായി മാഷ്‌ടെ രീതി