വെള്ളിയാഴ്‌ച, മാർച്ച് 20, 2009

ഷക്കീല

"ലീവില്‍ വന്നാലും ഇങ്ങനെ ഈ ഇന്റര്‍നെറ്റിനു മുന്നിലിരുന്നു സമയം കളയാതെ കുറച്ചൊക്കെ വീട്ടുകാര്യങ്ങളിലിലും കൂടി ഒന്നു ശ്രദ്ധിക്കൂ, ഇക്കാ..!"
"അരയ്ക്കാനുള്ള തേങ്ങ തീര്‍ന്നിട്ടു ദിവസങ്ങളായി. ഈ റെഡിമെയ്ഡ്‌"കോക്കനട്ട്‌ പൗഡര്‍" കറിക്കിട്ടാല്‍ ഒരു ഗുണവുമില്ല. തറവാട്ടിലിന്നലെ തോട്ടത്തിലെ തേങ്ങയിടീപ്പിച്ചു മുറ്റത്തു കൂട്ടിയിട്ടുണ്ട്‌. കുറച്ചു ഒരു ഗുഡ്‌സിലിട്ടു കൊടുന്നാല്‍ മതി".

ഭാര്യയുടെ സംയമനം വിടാതെയുള്ള പരിവേദനമാണ്‌.

അവള്‍ക്കു തമാശകലര്‍ന്ന മറുപടി രസിക്കുന്ന മൂഡല്ല. അല്ലെങ്കില്‍ ഞാന്‍ ചോദിച്ചേനെ !
"ഈ പോസ്റ്റില്‍, സുല്ലിട്ട തേങ്ങ മതിയോ?"
പറഞ്ഞില്ല.
എന്തിനാ എന്റെ കൊള്ളരുതായ്മക്കു "സുല്ലിനെ" പഴികേള്‍പ്പിക്കണം.
തറവാട്ടില്‍ നിന്നു കൊണ്ടു വന്ന തേങ്ങ, ടെറസ്സിലേക്കു കയറ്റി ഒന്നു ഊര നിവര്‍ത്തിയതേയുള്ളൂ, അപ്പോള്‍ മറ്റൊരാവശ്യമുണ്ട്‌ ക്യൂവില്‍!.
നാളെയാണു മോളുടെ P.C.M. Exam.
മലബാര്‍ സ്പെഷ്യല്‍ പോലീസ്‌ സ്കൂളാണു സെന്റര്‍.
അറിയാലോ?. യു.പി സ്കൂളില്‍ നിന്നു അവള്‍ക്കു കിട്ടുന്ന അവസാന ചാന്‍സാ..!

രാവിലെ അവളെയും കൂട്ടി M.S.P.സ്കൂളില്‍ പോകണം. എക്സാം കഴിയുന്നതു വരെ അവിടെ കാത്തു നിന്നു തിരിച്ചവളെയും കൂട്ടി മടങ്ങണം. രണ്ടു മൂന്നു മണിക്കൂറു സ്കൂളിന്റെ മുറ്റത്തു കാത്തുകെട്ടിക്കടക്കണം.
നാളത്തെ ഒരു ദിവസം സ്വാഹ!

മറുത്തൊന്നും പറഞ്ഞില്ല. വര്‍ഷത്തില്‍ ഒരു മാസം മാത്രമേ ഇത്തരം ഗതികേടുള്ളുവല്ലോ എന്നാലോചിച്ചപ്പോള്‍ മാത്രമാണു ഇത്തിരി ആശ്വാസം തോന്നിയത്‌.
അതില്‍ പിന്നെയാണു ഞാന്‍ ചിന്തിച്ചത്‌.
"അല്ലാ എന്താ ഈ P.C.M. Exam ?".
എന്റെ നാട്ടുകാര്യ വിവരമില്ലായ്മ ഗള്‍ഫുകാരനായതിന്റെ ശിക്ഷയായി കിട്ടിയതാണ്‌ എന്നറിഞ്ഞു തന്നെയാണു വീണ്ടും ഭാര്യയോടു അതേപ്പറ്റി ചോദിച്ചത്‌.
"അതെന്നേടു ചോദിക്കണോ? നേരം വെളുത്തു പിന്നേം വെളുക്കുന്നതു വരെ ആ ഇന്റര്‍നെറ്റിനു മുന്നിലല്ലേ?"
"ഗൂഗിള്‍ സേര്‍ച്ചില്‍ ഇട്ടാല്‍ കിട്ടാവുന്നതല്ലേയുള്ളൂ..?"
ഞാന്‍ പിന്നേയും അപമാനിതനാവുന്നു.
പറഞ്ഞപോലെ P.C.M എന്നു ഗൂഗില്‍ സേര്‍ച്ചിലിട്ടപ്പോള്‍ ഒട്ടനവധി ലിങ്കുകള്‍.
Progressive Curriculam Management Certificate Examination എന്നു കണ്ട ലിങ്കില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ കിട്ടി.
എല്ലാ സ്കൂളുകളില്‍ നിന്നും തെരെഞ്ഞെടുക്കുന്ന വളരെ കുറച്ചു വിദ്യാര്‍ത്ഥി/വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ചു നടത്തുന്ന വിദ്യാഭ്യാസ ജില്ലാ ലെവലിലുള്ള പരീക്ഷയില്‍ റാങ്കു കിട്ടുന്നവര്‍ക്കു സ്കോളര്‍ഷിപ്പു നല്‍കുന്ന ഒരു നൈപുണ്യ-പ്രോല്‍സാഹന പദ്ധതിയാണിത്‌.

ഈ ഇന്റര്‍നെറ്റും ടെലിവിഷന്‍/ഫോണ്‍ നെറ്റുവര്‍ക്കുകളും ഇല്ലായിരുന്നെങ്കില്‍ പ്രവാസികളൊക്കെ ഏതോ "ഗൊണ്ടാനാമോ" ജയിലില്‍നിന്നു വന്നവര്‍ എന്നു നിസ്സംശയം പറയാം.

നെറ്റില്‍ നിന്നു ആവശ്യത്തിനു വിവരം ശേഖരിച്ച ശേഷം ഞാന്‍ അടുത്ത ഘട്ടത്തിന്റെ ചുമതല ഏറ്റെടുത്തു.എന്റെ മോളെയാണു അവളുടെ സ്കൂളില്‍ നിന്നു ഈ പരീക്ഷക്കു തെരഞ്ഞെടുത്തതെന്ന വിവരം പോലും ഞാന്‍ അറിഞ്ഞിരുന്നില്ല.
നാളെ അവളെയും കൊണ്ടു എം.എസ്‌.പി സ്കൂളില്‍ പോകണം പരീക്ഷ കഴിയുന്നതു വരെ അവിടെ ഇരിക്കണം. കഴിഞ്ഞിട്ടു തിരിച്ചവളേയും കൊണ്ടു മടങ്ങണം.
ആലോചിച്ചു കിടന്നു രാത്രി എപ്പോഴാണു ഉറങ്ങിയതറിഞ്ഞില്ല.
രാവിലെ മോളേയും കൊണ്ടു പരീക്ഷാ സെന്ററിലേക്കു തിരിക്കുമ്പോള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ചിദംബരസ്മരണ" കയ്യിലെടുത്തു. (വെറുതെ കളയുന്ന ഒന്നുരണ്ടു മണിക്കൂര്‍ വിലപ്പെട്ടതാക്കാന്‍ ഇതൊരമൃതാണ്‌).
പടിയിറങ്ങുന്നതു വരെ പലവട്ടം പാണീഗൃഹീതിയുടെ പിന്‍വിളി കേട്ടു കേട്ടു സഹികെട്ടപ്പോള്‍ " എന്നാ നീയങ്ങു പോ?" എന്നു പറയാനാഞ്ഞതാണ്‌.
"ഇതാ എന്റെ സെല്ലുറര്‍ ഫോണ്‍. എനിക്കിടക്കിടക്കിടെ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കാമല്ലോ?"
അവള്‍ പിറകെ ഓടി വന്നതന്റെ കയ്യില്‍ പിടിപ്പിച്ചു.
സഹിക്കാനാവാതെ, നല്ല ഒരു മറുപടി ഉള്ളില്‍ നിന്നും വന്നതാണ്‌.
അന്നത്തെ ദിവസത്തിന്റെയും മൂഡു പോകുമെന്നോര്‍ത്തപ്പോള്‍ പറയാന്‍ വന്ന വാക്യം ചങ്കില്‍ തന്നെ കെട്ടിയിട്ടു.

സ്കൂളിലെത്തി ഹാള്‍ടിക്കറ്റു നോക്കി ക്ലാസും സീറ്റു നമ്പറും കണ്ടു മകളെ പരീക്ഷക്കിരുത്തിയപ്പോള്‍ രണ്ടു മണിക്കൂര്‍ കഴിയാതെ ഇനി ആ പരിസരത്തു കണ്ടുപോകരുത്‌ എന്നു പറഞ്ഞ ആ ടീച്ചര്‍ക്കു ഒരു മയവുമില്ലായിരുന്നു.
സ്കൂള്‍ ഗ്രൗണ്ടിന്റിന്റെ മൂലയില്‍ തളിര്‍ത്തു നില്‍ക്കുന്ന അറബിച്ചീനിയുടെ കീഴെയിട്ട ഒരു സിമന്റു ബെഞ്ചിലിരുന്നു "ചിദംബരസ്മരണ"യില്‍ ലയിക്കാന്‍ ഇടം കണ്ടുവെച്ചതായിരുന്നു.
പക്ഷെ അടുത്തെത്തിയപ്പോള്‍ കണ്ടു. ആ ബെഞ്ചിലൊരു സ്ത്രീ ഇരിക്കുന്നു.മുഖം പാതി മറക്കുന്ന കണ്ണടക്കു ഫ്രൈമില്ലാത്ത ഒരു ഡേ-നൈറ്റ്‌ ഗ്ലാസ്സ്‌, വെളുത്തു മെലിഞ്ഞ ശരീരം, ഏകദേശം എന്റെയത്ര പ്രായം, കയ്യിലൊരു കാറിന്റെ കീചെയിന്‍, കഴുത്തില്‍ ഒരു സിംബിള്‍ ഡയമണ്ട്‌ നക്‍ലസ്‌.
അവര്‍ ഒന്നു അഡ്ജസ്റ്റു ചെയ്തിരുന്നാല്‍ എനിക്കും ആ ബെഞ്ചിലിരിക്കാം..
അടുത്തു ചെന്നു വിനയത്തോടെ ചോദിച്ചു.
"പ്ലീസ്‌ ഒന്നു ആ അറ്റത്തേക്കു നീങ്ങിയിക്കുമെങ്കില്‍ എനിക്കും ഇവിടെ ഇരിക്കാമായിരുന്നു".
അവര്‍ പുഞ്ചിരിയോടെ അറ്റത്തേക്കു നീങ്ങിയിരുന്നു. പിന്നെയും പിന്നേയും ആ കണ്ണുകള്‍ എന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോഴാണു ഞാനും ആ മുഖത്തേക്കു ശ്രദ്ധിച്ചു നോക്കിയത്‌.
അവര്‍ കണ്ണടയെടുത്തു മാറ്റി.
മൈ ഗോഡ്‌!
ഇതു ഷക്കീലയല്ലേ!
"ഓ..! കര്യേ..!"
"എന്തൊരത്ഭുതം!"
രണ്ടാളും ചിന്തിച്ചതും പറഞ്ഞതും ഒന്നിച്ചായിരുന്നു.
ഞങ്ങള്‍ അവസാനമായി കണ്ടിട്ടു പത്തിരുപത്തെട്ടു വര്‍ഷമായിക്കാണും
പത്താം തരത്തിലെ. ക്ലാസ്സുപരീക്ഷകളില്‍ എനിക്കെന്നും മത്സരിക്കാനുണ്ടായിരുന്നതു ഇവളോടായിരുന്നു.
ഏറ്റവും ബ്രൈറ്റായ ക്ലാസ്സുമേറ്റ്‌, ഉമ്മക്കു ചിത്തഭ്രമം വന്നപ്പോള്‍ ഉപ്പയുടെ രണ്ടാം വിവാഹം കാരണം ഉമ്മ മരിക്കാതെ തന്നെ അനാഥയായി ജീവിതം അനുഭവിച്ചു തുടങ്ങിയ നിഷ്കളങ്കയായ എന്റെ അയല്‍വാസി.
അതിരിലെ വേലിക്കല്‍ നില്‍ക്കുന്ന ഞങ്ങളുടെ മാവില്‍ നിന്നും കാറ്റത്തു വീഴുന്ന കിളികൊത്താത്ത മാങ്ങകള്‍ വേലിക്കപ്പുറത്തേക്കിട്ടു കൊടുത്തിരുന്ന എന്റെ ഔദാര്യം അവള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവണം.
എളേമ്മയുടെ ഏഷണിക്കൊടുക്കം ഉപ്പാന്റെ വിധി വരുമ്പോള്‍ ശിക്ഷക്കു വിധേയയാവാന്‍ വടിയൊടിച്ചു കൊണ്ടുവരലും കൂടി ഉള്‍പ്പെടുമ്പോള്‍ അതിന്നായി ആ വളയിടാത്ത കൈകള്‍ വേലിക്കലെ കാട്ടുചെടികളില്‍ പിടിച്ചു വലിക്കുമ്പോള്‍ വേലിക്കപ്പുറം എന്നെ കണ്ടു തേങ്ങലടക്കാന്‍ പണിപെട്ടിരുന്ന അതേ കണ്ണുകള്‍. ഷക്കീല!.
ഞാന്‍ അന്നു പതിഞ്ഞ ഒച്ചയില്‍ പറഞ്ഞ സാന്ത്വനവചനങ്ങള്‍ക്കു കാതോര്‍ത്തിര്‍ത്തിരുന്നിടും വിധം നന്ദി പൂര്‍വ്വം ഇന്നും എന്നെത്തന്നെ നോക്കിയിരിക്കുന്ന ഈ ചന്തമുള്ള മുഖത്തിനിരുവശത്തെ കാതുകളിത്രക്കും വില കൂടിയ ഇയറിംഗുകള്‍ അന്നുണ്ടായിരുന്നില്ല.

ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലെത്തുന്ന മൃഗഡോക്ടറായ അവളുടെ പിതാവു വരുന്നവഴി, കടപ്പുറത്തെ മുക്കുവരുടെ കയ്യില്‍ നിന്നു നേരിട്ടൊന്നിച്ചു വാങ്ങിയ മീന്‍കൊട്ടയില്‍ നിന്നു എനിക്കിഷ്ടമായ ചെമ്മീന്‍ മാത്രം പെറുക്കി ആരും കാണാതെ വേലിക്കിപ്പുറത്തേക്കു തന്നിരുന്ന അവളുടെ സ്നേഹം.
എന്റെ ഉള്ളം തുറന്നു കാണിക്കാതെ തന്നെ ഇനിയും അസതമിക്കാത്ത സ്നേഹത്തിന്റെ ആത്മാര്‍ത്ഥത ആഴത്തില്‍ വായിക്കാന്‍ കഴിയുന്ന നിഷ്കളങ്കത ഇനിയുമവള്‍ക്കു നഷടപ്പെടാത്തതു, വന്നവഴികളിലെ മുള്ളുകളും മുനകളും മറക്കാന്‍ അവള്‍ക്കാവുമായിരുന്നില്ല എന്നതിനാലാവണം.

ഞാന്‍ ചിദംബരസ്മരണ തിരിച്ചു ബാഗിലേക്കു തന്നെ വെച്ചു
ആദ്യമെന്റെ മനസ്സണു എന്നോടു പറഞ്ഞത്‌
"വായനയെക്കാള്‍ എത്രയോ സുന്ദരമാണു ഷക്കീലയുമായുള്ള ഈ നിമിഷങ്ങള്‍!"

പിന്നെ എന്റെ ജിജ്ഞാസയാണു അവളോടു സംസാരിച്ചത്‌.
" ഞാന്‍ ഗള്‍ഫില്‍ നിന്നു വെക്കേഷനിലാണ്‌, ഇന്നു ഇവിടെ മോളുമായി P.C.M Examനു വന്നതാണ്‌."
"ഞാനും എന്റെ മോളുമായി അതേ പരീക്ഷക്കു വന്നതാണ്‌".
"ഹസ്‌ബെന്‍ഡ്‌?"
"അന്‍സാര്‍.. ബാബുവെന്നു വിളിക്കും".
"ജോലി തിരുവനന്തപുരത്ത്‌!"
ഭര്‍ത്താവു ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പേരു പറഞ്ഞപ്പോള്‍ ചാരവൃത്തിക്കേസില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു കുടുംബംകുളമാക്കിയ രണ്ടു ശാസ്ത്രജ്ഞന്മാരെയാണു ആദ്യം ഓര്‍മ്മ വന്നത്‌!.
നീ എന്തു ചെയ്യുന്നു എന്നു ചോദിക്കുന്നതിനു മുന്നേ അവള്‍ പറഞ്ഞു.
"ഞാനിപ്പോള്‍ ഒരു പ്രൈവറ്റ്‌ മൊബെയില്‍ ഫോണ്‍ സ്ഥാപനത്തില്‍ മാനേജര്‍ ആണ്‌"
സിമന്റുബെഞ്ചു ഷെയര്‍ ചെയ്യാന്‍ പിന്നെയും രക്ഷിതാക്കള്‍ എത്തിയപ്പോള്‍, സ്വസ്ഥമായി സംസാരിക്കാന്‍ മറ്റൊരിടം ആവശ്യമാണെന്നു മനസ്സു പറഞ്ഞു. അല്‍പ്പം സങ്കോചത്തോടെയെങ്കിലും തിരസ്കരിക്കില്ലന്ന ധൈര്യത്തില്‍ തന്നെ ചോദിച്ചു.
" തൊട്ടു താഴെയല്ലേ ഉണ്ണ്യേട്ടന്റെ "മഹേന്ദ്രപുരി"
രണ്ടു മണിക്കൂര്‍ സമയം ഇവിടെ ഇടുങ്ങിയിരിക്കുന്നതിനുപകരം എന്റെ കൂടെ പ്രാതല്‍ അവിടെയാവുന്നതില്‍ വിരോധമുണ്ടോ?"
"കെരീയുടെ കൂടെയിരിക്കുന്നതില്‍ വിരോധമോ? എവിടെയായായും ഒരു വിരോധവും ഇല്ല"
അവളാണു ആദ്യം എഴുന്നേറ്റത്‌.
മഹേന്ദ്രപുരിയിലേക്കു എം.എസ്‌.പി യില്‍ നിന്നു നടക്കാനുള്ള ദൂരമേയുള്ളൂവെങ്കിലും അവള്‍ കാറെടുത്തു.
മഹേന്ദ്രപുരി ബാറുള്ള ഹോട്ടലാണ്‌. അതറിഞ്ഞു തന്നെയാണു ഏതു ബ്രാന്‍ഡു വേണമെന്ന ചോദ്യം ഒഴിവാക്കാന്‍ ഞാന്‍ ഓപ്പണ്‍ ഏരിയയില്‍ ഷക്കീലയുമൊത്തിരുന്നത്‌.
ഞാനാണു ഓര്‍ഡര്‍ കൊടുത്തത്‌
ചെമ്മീന്‍ മസാലയും ചപ്പാത്തിയും
"ഷുഗറുണ്ട്‌ അല്ലേ?"
അവള്‍ ചപ്പാത്തിയിലേക്കു നോക്കി ചോദിച്ചു.
"അതെ, പക്ഷെ തുടക്കം മാത്രം!".
"ഡയറ്റിംഗിലും വാക്കിംഗിലും തീര്‍ക്കാവുന്നത്‌".
"പക്ഷെ ചെമ്മീന്‍ മസാല നിനക്കാണ്‌".
"പണ്ടു നിന്റെ ഫാദറിന്റെ മീങ്കൊട്ടയില്‍ നിന്നു ചെമ്മീന്‍ മാത്രം പെറുക്കി ഉറയിലാക്കി വേലിക്കിപ്പുറത്തേക്കു തന്നിരുന്ന ആ കാലത്തിന്റെ ഓര്‍മ്മക്ക്‌!".
"ഒന്നും മറന്നിട്ടില്ല അല്ലേ?"
"ഇല്ല ഒന്നും മറന്നിട്ടില്ല".
"എന്നെ അത്രക്കും ഇഷ്ടമായിരുന്നോ?"
"അതെ!"
"പിന്നെ എന്തേ എന്നെ പ്രേമിക്കാതിരുന്നത്‌?"
"നിന്നോടു പ്രേമം തോന്നിയിരുന്നില്ല.മറിച്ചു അനുകമ്പ മാത്രമായിരുന്നു".
"പത്താം ക്ലാസ്സിലെ നല്ല വിജയത്തിനു ശേഷം ഉമ്മാന്റെ വീട്ടിലേക്കു പോയ നീ എന്തേ പിന്നെ തിരിച്ചൊരിക്കലും എന്റെ അയല്‍പക്കത്തെ ആ പഴയ വീട്ടില്‍ വരാതിരുന്നത്‌?"
ഞാന്‍ വിഷയം ഒന്നു തല്‍ക്കാലത്തേക്കു ദിശമാറ്റാന്‍ എന്റെ എക്കാലത്തേയും ആ സംശയം ചോദിച്ചു.
"എളേമ്മയുടെ സ്വഭാവം പിന്നെ ആ വീട്ടില്‍ തുടരാന്‍ പറ്റുന്ന രീതിയിലല്ലായിരുന്നു. അമ്മാവന്മാരുടെ നിര്‍ബന്ധവും, അകാലത്തില്‍ മരണപ്പെട്ട ഭ്രാന്തുള്ള ഉമ്മാന്റെ കണക്കില്ലാത്ത സ്വത്തുക്കളും ഒക്കെ ഓരോ കാരണങ്ങളായി".

"ഹലോ മിസ്സിസ്‌ ബാബു ഹൗ ആര്‍ യു?"
"ആര്‍ യു ഓഫ്‌ ടു ഡെ?"
ഇതിനിടയില്‍ ആരോ അവളുടെ പരിചയക്കാര്‍ വന്നു, വിഷ്‌ ചെയ്തിട്ടു പോയി
അവരാരും "ഷക്കീല" എന്ന അവളുടെ നാമം പറയുന്നില്ലന്നതു എന്നെ അത്ഭുതപ്പെടുത്തി.
അവരൊക്കെ പിരിഞ്ഞതിനു ശേഷവും ഞങ്ങള്‍ ഏറെ നേരം സംസാരിച്ചിരുന്നു.
എന്തൊക്കെയാണോ പരസ്പരം ചോദിച്ചറിഞ്ഞത്‌ എന്നു ഓര്‍മ്മയില്ല.പക്ഷെ ഇരുപത്തെട്ടു കൊല്ലത്തെ ഇന്‍ഫോര്‍മേഷന്‍ ഗ്യാപ്പു തീര്‍ക്കാന്‍ ഇരുമണിക്കൂര്‍ ഇടതടവില്ലാതെ സംസാരിക്കേണ്ടിവന്നുവെന്നു മാത്രം.

പക്ഷെ ഭാര്യയുടെ ഫോണ്‍ വന്നു സംസാരം മുറിയുന്നതു വരെ ഒരു ചെമ്മീന്‍ മസാലക്കും ചപ്പാത്തിക്കും ഇത്രക്കു ടാല്‍ക്കിംഗ്‌ റ്റൈം കൊടുക്കേണ്ടി വരുമെന്നു ആ വെയിറ്റര്‍ ആദ്യമായിട്ടാണു മനസ്സിലാക്കിയിരിക്കുക.

സമയകാല ബോധം രണ്ടാള്‍ക്കും നഷ്ടപ്പെട്ടപ്പോള്‍ വീണ്ടെടുക്കാനെന്നവിധമായിരുന്നു കെട്ട്യോളുടെ ആ ഫോണ്‍ മണി.
"കാശ്മിര സന്ധ്യകളെ കൊണ്ടു പോരൂ എന്റെ ഗ്രാമസുന്ദരിക്കൊരു നീല സാരി.!"
നാട്ടില്‍ പോരാന്‍ നേരം പെട്ടികെട്ടുന്നതിനിടെ ഒരു കാശ്മീര്‍ പട്ടുസാരി കൂടി കൊണ്ടു വരണം എന്നു പറയാതെ പറഞ്ഞയച്ച അതേ എസ്‌.എം.എസിന്റെ റിംഗ്‌ടോണ്‍ വേര്‍ഷന്‍!.
" ഇക്കാ നിങ്ങള്‍ എവിടെയാ... ?
മോളു പരീക്ഷ തീര്‍ന്നെന്നും, തിരിച്ചു വരാന്‍ നിങ്ങളെ കാണുന്നില്ലെന്നു പറഞ്ഞു സ്കൂളിനു മുന്നിലെ പേഫോണ്‍ ബൂത്തില്‍ നിന്നു ഇപ്പോള്‍ ഇങ്ങോട്ടു വിളിച്ചിരുന്നു".

"ഞാന്‍ ഒരു ഫ്രണ്ടിന്റെ കൂടെ "മഹേന്ദ്രപുരി"യിലാണ്‌ ഇതാ ഇപ്പോള്‍ തന്നെ അവിടെയെത്തും"
(ഫ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ വാക്കിനു ലിംഗഭേദമില്ലന്ന കൗശലത്തോടെയൊന്നുമല്ല ഷക്കീലയെ ഫ്രണ്ട്‌ എന്നു പറഞ്ഞത്‌. അവള്‍ എന്നും എനിക്കു ഫ്രണ്ടു മാത്രമായിരുന്നു)
"അവള്‍ക്കു നിന്നെ വിളിച്ചറിയിക്കുന്നതിനു പകരം എന്താ എന്നെ നേരിട്ടു ഒന്നു വിളിച്ചാല്‍? നിന്നെപ്പോലെ തന്നെ നിന്റെ മോളും!."
ഞാന്‍ അവളുടെ സംശയരോഗത്തിനൊരു പാര വെച്ചു.

"സെല്ലുറലിലേക്കു വിളിച്ചാല്‍ ചാര്‍ജു കൂടുമെന്നു അവള്‍ക്കറിയാം അതാവും വീട്ടിലെ ലാന്‍ഡുനമ്പറിലേക്കു വിളിച്ചത്‌"
"പിശുക്കിന്റെ കാര്യത്തില്‍ അവള്‍ ഇക്കായുടെ മോള്‍ തന്നെ!"

അവള്‍ എന്റെ സംശയ റാണിത്തുരുപ്പിനെ പിശുക്കുജാക്കിത്തുരുപ്പിട്ടു വെട്ടി.
ഷക്കീല ഹോട്ടല്‍ ബില്‍ പേ ചെയ്തു പുറത്തിറങ്ങുമ്പോഴും സത്യമായിട്ടും എന്റെ കൈകഴുകിത്തീര്‍ന്നിട്ടില്ലായിരുന്നു.
ഷക്കീലയുടെ കാറില്‍ സ്കൂളിന്റെ മുന്നിലെ പേഫോണ്‍ ബൂത്തിനു മുന്നില്‍ വന്നിറങ്ങുമ്പോള്‍ മകളുടെ ഒരു പ്രത്യേക നോട്ടം!.
പക്ഷെ അവള്‍ അപ്പോഴൊന്നും പറഞ്ഞില്ല. ഏഴാം ക്ലാസ്സുകാരിയും അത്ര സാമൂഹ്യവബോധമില്ലാത്തവളൊന്നുമായിരിക്കില്ല എന്നു ഞാന്‍ മനസ്സില്‍ കണ്ടതാണ്‌.
പ്രതീക്ഷ തെറ്റിയില്ല, വീടെത്തും വരേ ക്ഷമിക്കാന്‍ അവള്‍ക്കായില്ല. അതിനു മുന്‍പേ അവള്‍ ചോദിച്ചു.
"പപ്പായെ ഡ്രോപ്പു ചെയ്ത ആ ആന്റി ആരായിരുന്നു?"
ഞാന്‍ മറുപടി പറഞ്ഞു
"മിസിസ്‌ ബാബു"
"മിസിസ്‌ ബാബു എന്നു പറഞ്ഞാല്‍ ആരാ ?"
"അവര്‍ക്കൊരു പേരില്ലേ ?"
മകളുടെ ചോദ്യത്തിനു പിന്നില്‍ ഞാന്‍ ഭാര്യയുടെ കണ്ണുകളാണു കണ്ടത്‌.
അതിനാല്‍ പെട്ടെന്നു ദേഷ്യം വന്ന ഞാന്‍, മൂക്കു വിറപ്പിച്ചു, കണ്ണുരുട്ടി, ബ്ലോഗു ഭാഷയില്‍ തന്നെ ചോദിച്ചു.
"എന്താ നീ "ഉമ്മി"ക്കു പഠിക്കുവാണോ?"

എന്റെ മൂഡു ശരിയല്ലന്നു മനസ്സിലാക്കി അവള്‍ മൗനം പാലിച്ചു.
ഞാന്‍ "ഷക്കീല" എന്ന അവളുടെ പേരു പറഞ്ഞാല്‍ അതതുപോലെ അവളുടെ നാവില്‍ നിന്നും കേള്‍ക്കുമ്പോള്‍ നൊസ്റ്റാള്‍ജിയക്കു പകരം ഒരു മാദകനടിയുടെ മാത്രം ഓര്‍മ്മ വരുന്ന ഞാനൊഴികെയുള്ള പലരില്‍ എന്റെ പാണീഗൃഹീതിയും ഉള്‍പ്പെടുമല്ലോ എന്ന ഭീതിപൂണ്ടചിന്തയിലായിരുന്നു ഞാനപ്പോള്‍ എന്നതവള്‍ക്കറിയില്ലല്ലോ?.

44830

21 അഭിപ്രായ(ങ്ങള്‍):

 1. Babu Kalyanam പറഞ്ഞു...

  മരിച്ചവര്‍? :-(

  ഷക്കീല എന്ന് പേരുണ്ടായി അത് മാറ്റിയ ഒരുപാടു പേര്‍ കാണുമായിരിക്കും...

  ഓടോ:
  ചിദംബരസ്മരണ എനിക്കും വളരെ ഇഷ്ടപ്പെട്ട പുസ്തകം ആണ്. ഇത്രയും സത്യസന്ധത എഴുത്തില്‍ മറ്റാരും കാണിക്കില്ല.

 2. കൂട്ടുകാരന്‍ | Friend പറഞ്ഞു...

  സമയം ഉണ്ടെങ്കില്‍ ഇവിടെ ഒന്ന് ക്ലിക്കി ഓരോ അഭിപ്രായങ്ങള്‍ പറഞ്ഞു പോകുക. തല്ക്കാലം നോട്ടീസുകള് പൊതു സ്ഥലങ്ങളിലും, ചര്‍ച്ചാ വേദികളിലും, വീടുകളിലും ഈ വിധത്തില്‍ എത്തിക്കുന്നു. ആദ്യ സംരഭം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 3. പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

  കരീം മാഷെ... നാട്ടില്‍ പോയാലും മര്യാദക്ക് നടക്കില്ല അല്ലെ... ഹഹ...
  രസിച്ചു ഈ വായന... ആശംസകള്‍...

  പണ്ടൊരിക്കല്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ഒരു സ്റ്റോപ്പില്‍ ഒരു കുട്ടി ഇറങ്ങിയിട്ട് ഉമ്മ ഇറങ്ങിയിട്ടില്ല.. "ഇറങ്ങി വാ ഉമ്മാ" "ഇറങ്ങി വാ ഉമ്മാ" എന്ന് വിളിച്ചു പറയുന്നു... കിളി ചോദിക്കുന്നു .. ഉമ്മയുടെ പേര് പറ എന്ന്... ഏറെ പ്രാവശ്യം ചോദിച്ചപ്പോള്‍ കുട്ടി വളരെ രഹസ്യമായി കിളിയുടെ ചെവില്‍ പേര് പറഞ്ഞു... കിളി ഒറ്റ അലര്‍ച്ച... " ഷക്കീല " .. ബസ്സില്‍ കൂട്ടച്ചിരി... എന്ത് ചെയ്യാം ആ പാവം സ്ത്രീ തല കുനിച്ചു ഇറങ്ങി പോകുന്നത് കണ്ടു മനസ്സ് നൊന്തു ...

 4. വിന്‍സ് പറഞ്ഞു...

  ഞങ്ങള്‍ വായനക്കാരുടെ മനസ്സു വായിച്ചതു പോലുണ്ടല്ലോ മാഷേ അവസാനത്തെ വാക്യങ്ങള്‍.....എന്താണു ഷക്കീലയുടെ പുതിയ ന്യൂസെന്നറിയാന ഞാനും വന്നതു. നന്നായി എഴുതിയിരിക്കുന്നു.

 5. പ്രിയ പറഞ്ഞു...

  കരിം മാഷിന്റെ ബ്ലൊഗ്ഗില്‍ 'ഷക്കീല' റ്റൈറ്റില്‍ കണ്ടപ്പോ മനസ്സിലായിരുന്നു അതു മിസ്സിസ് ബാബുവിനെ കുറിച്ചാവും എന്ന്. :) ഗൊമ്പറ്റീഷനില്‍ മനസ്സിലായില്ലെലും.

  ആ ചൊദ്യവും ഉത്തരവും കണ്ടതിനു ശേഷം പക്ഷെ ഞാന്‍ ആലോചിക്കുന്നതതല്ലാ. സില്‍ക്ക് സ്മിത ഒരിക്കലും 'സ്മിത' എന്ന പേരിന് ഒരു മോശം ഇമേജ് ഉണ്ടാക്കിയില്ല. അനുരാധ, രേഷ്മ, സിന്ധു തുടങ്ങിയവരെല്ലാം ഇത് തന്നെ ആണെങ്കിലും എന്തേ 'ഷക്കീല' മാത്രം ഇത്രക്കു പരിഹസിക്കപ്പെടുന്ന പേരായി. ഈ പേരത്ര കൊമണ്‍ അല്ലാത്തതിനാല്‍ ആയിരിക്കുമോ?

 6. smitha adharsh പറഞ്ഞു...

  പോസ്റ്റും,തലക്കെട്ടും കലക്കി...
  പാവം ഷക്കീലമാര്‍!

 7. Anil cheleri kumaran പറഞ്ഞു...

  രസായിരിക്കുന്നു ഷക്കീല

 8. രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

  ഷക്കീല!

 9. തോന്ന്യാസി പറഞ്ഞു...

  ഈ പോസ്റ്റ് വായിച്ചപ്പോ ആദ്യം ഓര്‍മ്മ വന്നത്, തൃശ്ശൂര്‍ ഒളരിക്കര ബ്രാഞ്ചില്‍ ജോലിചെയ്തിരുന്ന കാലത്ത്, കാഷ് കൌണ്ടറിനരികെ വന്ന് പതിയെ പേര് പറയുന്ന ഷക്കീല ബഷീറിനെയാണ്. കസേരകള്‍ ഒഴിഞ്ഞു കീടക്കുകയാണെങ്കിലും പുള്ളിക്കാരി കാഷ് കൌണ്ടറിനടുത്ത് നില്‍ക്കും. ഒടുവില്‍ അവരോട് ഉറക്കെ പേര് വിളിച്ചു പറയില്ല എന്ന ഉറപ്പിന്മേലാണ്, അവര്‍ കാത്തിരിയ്ക്കാന്‍ തുടങ്ങിയത്.

  ഓ.ടോ. കള്ളുണ്ണ്യേട്ടന്റെ ‘മഹേന്ദ്രപുരി’ മ്മടെ സ്വന്തം സ്ഥലാണ്‌ട്ടോ...

 10. kichu / കിച്ചു പറഞ്ഞു...

  മുന്‍പ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ പുതിയതായി വന്ന സെയിത്സ് മാനേജര്‍..

  കുറച്ചു നാളുകള്‍ക്കു ശേഷം സംഭാഷണ മദ്ധ്യേ, ഭര്യയുടെ പേരു ചോദിച്ചു. ആളൊരു രസികനാണെങ്കിലും അപ്പോള്‍ ഒഴിഞ്ഞു മാറി.

  പിന്നീടാവര്‍ത്തിച്ചപ്പോള്‍ മൂപ്പര്‍ മൊഴിഞ്ഞു.” പേരൊക്കെ ഫേമസ് ആണ് എല്ലാവര്‍ക്കുമറിയാം പക്ഷെ പുറത്തു പറയാന്‍ ഒരു മടി“എന്നിട്ട് വളരെ ശബ്ദം താഴ്ത്തി പറഞ്ഞു “ ഷക്കീല”.
  നല്ലൊരു പേരിനു വന്ന ഗതികേട് നോക്കണേ..

  മാഷിന്റെ എഴുത്ത് രസിച്ചു.

 11. സുല്‍ |Sul പറഞ്ഞു...

  കൊള്ളാം മാഷെ.
  ഗോമ്പറ്റീഷന്‍ കൊണ്ടുള്ള ഓരോ ഗുണങ്ങളേയ്.

  -സുല്‍

 12. കരീം മാഷ്‌ പറഞ്ഞു...

  ബാബു കല്യാണം/Baabu kalyaanam
  വായനക്കു നന്ദി. മരിച്ചവര്‍ (അതൊരു സ്വകാര്യമാണ്‌,അതങ്ങനെത്തന്നെ കിടക്കട്ടെ! അറിയാവുന്ന ചിലരുണ്ട്‌.അവരും അതു മറച്ചു വെക്കട്ടെ!)
  ചിദംബരസ്മരണയില്‍ എനിക്കു ഏറ്റവും മനസ്സില്‍ തട്ടിയതു "തീപ്പാതി" യാണ്‌.
  പകല്‍ക്കിനാവന്‍/Day dreamer
  നാട്ടിലെത്തിയിട്ടില്ല.ഓഡിറ്റിംഗു തീരാന്‍ കാത്തിരിക്കുന്നു. പുതിയ ഒരു പ്രൊജക്ടു കിട്ടാന്‍ സാധ്യതയുണ്ട്‌. കിട്ടിയാല്‍ ലോങ്ങ്‌ലീവു ക്യാന്‍സലാവും എന്നും കേള്‍ക്കുന്നു.(ഇതു കഴിഞ്ഞ ലീവു കാലത്തെ ഓര്‍മ്മയില്‍ എഴുതിയത്‌. കൈപ്പള്ളിയുടെ "ഗോമ്പറ്റീഷന്‍" എന്ന ബ്ലോഗ്‌ ഈവന്റില്‍ ചോദിച്ച ഒരു ചോദ്യത്തില്‍ ഷക്കീല എന്ന നാമം കണ്ടപ്പോള്‍ വീണ്ടും മനസ്സിലേക്കു വന്ന ഒരു നൊസ്റ്റാള്‍ജിയയുടെ ബാക്കിപത്രം).
  വിന്‍സ്‌
  വിന്‍സു പറഞ്ഞതു തന്നെയാണു ഈ കഥയുടെ തീം. വഴിതെറ്റി വന്നിട്ടും വായിച്ചശേഷം വ്യക്തിത്വം വെളിവാക്കി ഒരു കമണ്ടിട്ടതില്‍ ആ ഹിപ്പോക്രസിയില്ലാത്ത വ്യക്തിത്വത്തിനൊരു സല്യൂട്ട്‌.

  പ്രിയ.
  അഭിപ്രായത്തിനു നന്ദി. "ഗോമ്പറ്റീഷന്‍' പോസ്റ്റില്‍ സുല്ലിനു നേര്‍വഴി പറഞ്ഞു മനസ്സിലാക്കികൊടുക്കുന്നതു കണ്ടിരുന്നു. അവിടെ നന്ദിപറയാന്‍ പറ്റിയില്ല (നന്ദി) ശരിയാണു ഈ ഷക്കീലപ്പേരിനു തന്നെയാണു വല്ലാത്തൊരു ഇമേജ്‌. ഈ കമന്റിനും നന്ദി.

  സ്മിത ആദര്‍ശ്‌.
  വായനക്കും അഭിപ്രായത്തിനും നന്ദി.

  കുമാരന്‍.
  കമന്റിനു നന്ദി.

  രാമചന്ദ്രന്‍ വെട്ടിക്കാട്ട്‌
  വായനക്കും കയ്യൊപ്പിനും നന്ദി.
  തോന്ന്യാസി.

  വായനക്കും അനുഭവം പങ്കുവെച്ചതിനും നന്ദി.
  മലപ്പുറത്തു കാവുങ്ങലാണോ വീട്‌? അറിഞ്ഞില്ല. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. മെയിലയക്കുക.

  കിച്ചു
  വായനക്കും അനുഭവം പങ്കുവെച്ചതിനും വളരെ നന്ദി. ഈ തലമുറയില്‍ ആരും ആ പേരു കുട്ടികള്‍ക്കിടില്ലന്നുറപ്പാണ്‌. ഒരാള്‍ മാത്രം വിചാരിച്ചാല്‍ സമൂഹത്തില്‍ എത്രമാത്രം ഇംപാക്ട്‌ ഉണ്ടാക്കാന്‍ കഴിയും എന്ന ഒരു ചിന്ത നകുന്നില്ലേ ഈ പോസ്റ്റ്‌.
  തിരിച്ചും ഉണ്ട്‌.മമ്മുട്ടി എന്ന നടന്‍ ഫേമസാവുന്നതു വരെ മമ്മുട്ടി എന്ന പേരുണ്ടായിരുന്ന ഒരു രാഷ്ട്രീയനേതാവുണ്ടായിരുന്നു എന്റെ ഒപ്പം കോളേജില്‍. അന്നൊക്കെ അവന്‍ പേരു ചോദിച്ചാല്‍ മുഹമ്മതുകുട്ടി എന്നേ പറയുമായിരുന്നുള്ളൂ. എന്നാല്‍ നടന്‍ മമ്മുട്ടി ജനപ്രിയനായപ്പോള്‍ അവന്‍ മുഹമ്മതുകുട്ടി എന്ന പേരു വിട്ടു, വെറും മമ്മുട്ടി എന്നെത്ര അഭിമാനത്തോടെയാണു പറഞ്ഞിരുന്നെതെന്നു ഇന്നും ഓര്‍ക്കുന്നു.

  സുല്‍ |Sul നന്ദി.
  ഗോമ്പറ്റീഷന്‍ കൊണ്ടുള്ള ഓരോ ഗുണങ്ങളേയ്.

 13. Sathees Makkoth | Asha Revamma പറഞ്ഞു...

  മാഷേ,
  അവസാ‍നം പറഞ്ഞതുപോലെ തന്നെയാണ് വായിക്കുന്നതിന് മുന്നേ തോന്നിയത്.
  എന്തായാലും വർഷങ്ങൾക്ക് ശേഷം ഒരു പഴയ കാല സുഹൃത്തിനെ കണ്ടുമുട്ടുമ്പോഴുള്ള മാനസ്സികാവസ്ഥ ഒന്നു വേറെ തന്നെയാണ്.

 14. കരീം മാഷ്‌ പറഞ്ഞു...

  സതീഷ് കണ്ടതില്‍ വളരെ സന്തോഷം :)
  എവിടെയായിരുന്നു കുറേ കാലം?
  നാട്ടില്‍ പോയിരുന്നോ? അതോ റിസഷന്‍!
  The words in your comments are worth one Million.

  "എന്തായാലും വർഷങ്ങൾക്ക് ശേഷം ഒരു പഴയ കാല സുഹൃത്തിനെ കണ്ടുമുട്ടുമ്പോഴുള്ള മാനസ്സികാവസ്ഥ ഒ0ന്നു വേറെ തന്നെയാണ്".

 15. പാര്‍ത്ഥന്‍ പറഞ്ഞു...

  പറയാൻ മാത്രം പൂർവ്വകഥകൾ ഒന്നും ഇല്ലെങ്കിലും, കാലങ്ങൾക്കു ശേഷം ഒരു സുഹൃത്തിനെ കാണുന്നത് ഒരു അനുഭവം തന്നെയാണ്. ഇവിടെ ഇത്തിരി സഹതാപമെങ്കിലും ഉണ്ടാ‍യിരുന്നല്ലൊ.

  കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ, ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയം, എന്നെകടന്നുപോയ മുഖം ഓർമ്മിച്ചെടുത്തു. ഡിഗ്രിക്ക് ഒപ്പം പഠിച്ച പെൺകുട്ടി. 25 കൊല്ലം കഴിഞ്ഞിട്ടും കണ്ണടയില്ലാതെത്തന്നെ തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല, എന്റെ പ്രിയതമയും ഒന്ന് ഊതിയോന്നൊരു സംശയം ഉണ്ടാവാതിരുന്നില്ല.

 16. thoufi | തൗഫി പറഞ്ഞു...

  കാലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്ന പഴയ സുഹൃത്തിനെ, അതും അവിചാരിതമാകുമ്പൊള്‍ ഓര്‍മ്മകള്‍ക്ക്, ഗൃഹാതുരതക്ക് മാധുര്യമേറും. ആ മാധുര്യം അതിന്റെ തനിമ വിടാതെ ഈ വരികളില്‍ തെളിഞ്ഞുകാണുന്നു.

  ഉപ്പാന്റെ മീങ്കൊട്ടയിലെ ചെമ്മീന്‍ ആരും കാണാതെ കവറിലൊളിപ്പിച്ച് വേലിപ്പുറത്തെത്തിക്കുന്ന സീന്‍ പറഞ്ഞുപോകുമ്പോള്‍ അറിയാതെ ബേപ്പൂര്‍ സുല്‍ത്താന്റെ ബാല്യകാല സഖി മനസ്സിലൂടെ കടന്നുപോയി.

  ഓ.ടൊ-1 ): മരിച്ചവരെക്കുറിച്ചു കഥയെഴുതുന്നതു പാപമാണൊ..? അത് സെന്‍സേഷണലിസത്തിനു വേണ്ടി വില്പനക്ക് വെക്കുമ്പോള്‍ മാത്രമല്ലെ പാപമായി കാണേണ്ടതുള്ളൂ..? മനസ്സില്‍ വിങ്ങലായി കിടക്കുന്ന ഓര്‍മ്മകള്‍ സദുദ്ദേശ്യത്തോടെ പങ്കുവെക്കുന്നതില്‍ എവിടെയാണ് പാപം.?

  ഓ.ടോ-2): എം എസ് പി ക്യാമ്പ് കഴിഞ്ഞുള്ള ആ വളവിലെ മഹേന്ദ്രപുരിക്കു മുന്നിലൂടെ പലവട്ടം കടന്നുപോയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അവിടെക്ക് പോയിട്ടില്ല, പലപ്പോഴായി ആഗ്രഹിച്ചിട്ടുണ്ടെങ്കിലും.ഇനിയേതായാലും ആ വഴി പോകുമ്പൊള്‍ അവിടെയും ഒന്ന് കയറിനോക്കണം.

 17. കരീം മാഷ്‌ പറഞ്ഞു...

  പാര്‍ത്ഥന്‍ :)
  പറയാതെ വിട്ടതെന്തൊക്കെയോ... ആ മൂക്കിനു കീഴെ മൗനമായി വായിക്കാനാവുന്നു...:)

  മിന്നാമിനുങ്ങ്‌ :)
  ഒടോ കളാണു കൂടുതല്‍ ആഴത്തില്‍ വായിച്ചത്. അല്ലേ!
  ഞാന്‍ ആ സൂചന തരുന്ന കമണ്ടുകള്‍ ഡിലിറ്റാക്കട്ടെ!
  നന്ദി

 18. നരിക്കുന്നൻ പറഞ്ഞു...

  നല്ല വായനാ സുഖം നൽകുന്ന എഴുത്ത്. ഈ അവതരണം ഏറെ ഇഷ്ടപ്പെട്ടു.

  നമ്മുടെ ഉണ്ണിയേട്ടന്റെ മഹേന്ദ്രപുരി ഏതോ പാണ്ടികൾക്ക് വിറ്റെന്നാണല്ലോ കേട്ടത്. സത്യമാണോന്നറിയില്ല.

 19. കരീം മാഷ്‌ പറഞ്ഞു...

  നരിക്കുന്നാ നന്ദി
  ഉണ്ണ്യേട്ടന്റെ മഹേന്ദ്രപുരി പാണ്ടികള്‍ക്കു വിറ്റോ എന്നു ഞാന്‍ നാട്ടില്‍ എത്തി തെരക്കിയിട്ടു ഇവിടെ കമണ്ടാം

 20. Unknown പറഞ്ഞു...

  നന്നായി എഴുതിയിരിക്കുന്നു
  പാവം ഷക്കീലമാര്‍
  എനിക്കും മാഷിന്റെ അഭിപ്രായങ്ങള്‍ പറഞ്ഞു തരുക

 21. C.K.Samad പറഞ്ഞു...

  (ഫ്രണ്ട്‌ എന്ന ഇംഗ്ലീഷ്‌ വാക്കിനു ലിംഗഭേദമില്ലന്ന കൗശലത്തോടെയൊന്നുമല്ല ഷക്കീലയെ ഫ്രണ്ട്‌ എന്നു പറഞ്ഞത്‌. അവള്‍ എന്നും എനിക്കു ഫ്രണ്ടു മാത്രമായിരുന്നു)........... മാഷേ.... ഈ ഭാഗം എഴുതിചേര്‍ത്തത് നന്നായി. ഇല്ലെങ്കില്‍ ഞാന്‍ തെറ്റിധരിചേനെ!!!