വ്യാഴാഴ്‌ച, ഫെബ്രുവരി 26, 2009

ജീവിതാന്ത്യം കാഥ്യം


http://thusharam.com/article.asp?artId=340
തുഷാരം ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു കഥ
ചീഫും ദാവൂദും
ചീഫിനെ കാണാനില്ല.
ഇന്നലെ വൈകുന്നേരം മുതലാണു അവൻ അപ്രത്യക്ഷനായിരിക്കുന്നത്‌.
വൈകിട്ടു അവന്റെ പാത്രത്തിലിട്ട ഭക്ഷണം അതേപടി കിടക്കുന്നുണ്ട്‌.
അങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല. പാത്രത്തിൽ വീഴുന്നതിന്റെ തൊട്ടടുത്ത നിമിഷം അതു അവന്റെ വയറ്റിലെത്താറാണു പതിവ്‌.

ഒരു വർഷമായി ചീഫ്‌ എന്റെ പ്രവാസജീവിതത്തിന്റെ ഭാഗമാണ്‌.അവനെ കിട്ടാനിടയാക്കിയ സാഹചര്യങ്ങൾ എന്റെ ബ്ലോഗിൽ പല തവണ വിഷയമായിട്ടുണ്ട്‌.
വളരെ പെട്ടന്നാണ്‌ അവൻ ഒത്ത ഒരു ശുനകനായത്‌.
കക്കാൻ വരുന്നവരേയും കബളിപ്പിക്കാൻ വരുന്നവരേയും കുരച്ചോടിക്കാൻ അവൻ ഉത്സാഹം കാണിച്ചന്നു മുതലാണ്‌ "ചൊക്ലി" എന്ന നിസ്സാരപ്പേരിൽ നിന്നും "ചീഫ്‌" എന്ന ബഹുമാന നാമത്തിലേക്കു ഞാനവനെ മാറ്റിയത്‌. അതിനവനു തികഞ്ഞ അർഹതയുണ്ടായിരുന്നു താനും.
കാവൽനായ, വേട്ടനായ എന്നൊക്കെ കേട്ടിട്ടേയുള്ളൂ. പക്ഷെ അവയുടെ നിയോഗം അനുഭവിച്ചറിഞ്ഞപ്പോൾ ശുനകവർഗ്ഗത്തിനോടൊട്ടാകെ ബഹുമാനം കൂടി.
വിശ്വസ്ഥത, യജമാനസ്നേഹം, തിരിച്ചറിവ്‌, ഊർജ്ജ്വസ്വലത, കർമ്മനിരത ,കൃത്യനിഷ്ഠ എന്നിവയിൽ അവൻ മാതൃകയായതോടെ ശരിക്കുമവനെന്നെ ലജ്ജിപ്പിക്കുക കൂടിയായിരുന്നു.
പരിചയമില്ലാത്ത ഒരാളെയും കമ്പനിയതിർത്തിക്കകത്തു കടക്കാൻ അനുവദിക്കില്ലായിരുന്നവൻ.
അനുവാദവും അർഹതയും ഉള്ളവരെ, അവൻ അതിഥിയെപ്പോലെ ബഹുമാനിക്കുന്നതും അനുഗമിക്കുകയും ചെയ്യുന്നതു കണ്ടാണു ഞാൻ അവനെ ആന്റി തെഫ്‌റ്റ്‌ സ്ക്വാർഡിന്റെ ചീഫാക്കിയത്‌.
കുറ്റവാസനയുള്ളവരെ കണ്ടാലുടൻ കുരക്കാൻ തുടങ്ങുന്ന അവനെ നോക്കി
"ഹോ വല്ലാത്തൊരു തിരിച്ചറിവ്‌!".
എന്നു ഞാൻ അത്ഭുതം കൂറിയിട്ടുണ്ട്‌.
ആ ചീഫാണു അപ്രത്യക്ഷനായിരിക്കുന്നത്‌.
ഞാൻ എങ്ങനെ സഹിക്കും.
ഞാൻ ജോലി കഴിഞ്ഞു ഇറങ്ങുന്നതും കാത്തു ടൈം ഓഫീസിന്റെ വാതിലിനു പുറത്തവനിരിക്കും. തൊട്ടടുത്തു തന്നെയുള്ള പാർപ്പിടത്തിലേക്കു ഞാൻ വന്നു കയറുമ്പോൾ അവൻ എനിക്കു മുൻപെ നടന്നു വീട്ടിന്റെ ചവിട്ടുപടികൾക്കു കീഴെ ശാന്തനായി കിടക്കും.
അവനറിയാം ഷൂ അഴിക്കാത്ത എന്റെ കാലു കൊണ്ടു മൃദുവായ ഒരു തലോടൽ അവന്റെ മേനിയിൽ സ്നേഹമായി ഉടൻ ഉറ്റി വീഴുമെന്ന്‌.
പലപ്പോഴും ഞാൻ കൊതിച്ചിട്ടുണ്ട്‌ എന്റെ കൈ കൊണ്ടു അവനെ ഒന്നു മെല്ലെ തടവാൻ.
തലമുതൽ വാലുവരെ മുതുകിലൂടെ, പതിയെ.., കൂടുതൽ സ്നേഹത്തോടെ!
എന്റെ വാൽസല്യം അവനെ അറിയിക്കാൻ!
പക്ഷെ, മതത്തിന്റെ മതിൽക്കെട്ടെനിക്കു മുന്നിലുണ്ട്‌.
നായകളെ തൊട്ടാൽ ഏഴു പ്രാവശ്യം കഴുകണമെത്രേ!
അതിലൊരു പ്രാവശ്യം തഹൂറായ (ശുദ്ധമായ) മണ്ണുകലക്കിയ വെള്ളം കൊണ്ടാണൂ വേണ്ടതെന്നു നിർബന്ധവും.
നായ നക്കിയാൽ മുതനജ്ജിസാണ്‌.(അശുദ്ധിയിൽ ഏറ്റവും കാഠിന്യമുള്ളത്‌)
നായകളോടു ഇസ്ലാം മതവിശ്വാസികൾ ഇത്രക്കും അകൽച്ച സൂക്ഷിക്കാൻ എന്തേ കാരണം എന്നു ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌.
നായകൾ കഴിക്കുന്നതിനെക്കാൾ വൃത്തികെട്ടവ ഭക്ഷിക്കുകയും വൃത്തികെട്ട സാഹചര്യത്തിൽ ജീവിക്കുന്ന പൂച്ച, കഴുത, കോഴി, മറ്റു പക്ഷികൾ എന്നിവയോടൊന്നും കാണിക്കാത്ത ഒരു വെറുപ്പ്‌ നായകളോടു പുലർത്തിപ്പോരുന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നതിനാൽ ഈയിടെയാണ്‌ ഞാൻ വയസ്സായ ഒരു ഇന്തോ-ഇറനി അറബ്‌ പണ്ഡിതൻ (മൂസാറസാ ഫറൂഖി) യോടു ചോദിച്ചു മനസ്സിലാക്കിയത്‌.
അദ്ദേഹത്തിന്റെ ഭാഷയിൽ അതിനു മനുഷ്യോൽപ്പത്തിയുടെതിനോളം പഴക്കമുണ്ട്‌.
ദൈവം മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിച്ച കാലം!.
മണ്ണുകൊണ്ടായിരുന്നൂ മനുഷ്യന്റെ രൂപകൽപ്പന ദൈവം തീരുമാനിച്ചത്‌.
എന്നാൽ മലക്കുകളെ (മാലാഖമാരെ) പ്രകാശം കൊണ്ടായിരുന്നു സൃഷ്ടിച്ചിരുന്നത്‌. മാലാഖമാരെക്കാൾ മനുഷ്യനു പ്രാധാന്യവും അംഗീകാരവും നൽകാൻ തീരുമാനിച്ച ദൈവം മലക്കുകളുടെ കൂട്ടത്തിൽ ശ്രേഷ്ഠനായിരുന്ന "ഇബ്‌ലീസിനോടു മനുഷ്യനെ വണങ്ങാൻ ആവശ്യപ്പെട്ടു.
മണ്ണുകൊണ്ടു പടച്ച മനുഷ്യനെ പ്രകാശത്താൽ പടക്കപ്പെട്ട ഞാൻ സുജൂദു ചെയ്യുകയോ? അസാധ്യം! എന്നു പറഞ്ഞു ഈഗോ പ്രകടിപ്പിച്ച ഇബ്‌ലീസ്‌ ആ മനുഷ്യരൂപത്തിൽ കാറിത്തുപ്പി അപമാനിക്കുക കൂടി ചെയ്തത്രേ!.
ആ ധിക്കാരത്തിനു ദൈവം ഇബ്‌ലീസിനു തക്ക ശിക്ഷ കൊടുത്തു.
ഇബ്‌ലീസിന്റെ തുപ്പൽ വീണ ഭാഗത്തെ മനുഷ്യരൂപത്തിലെ മണ്ണെടുത്തു ഒഴിവാക്കി. പിന്നീട്‌ ആ മണ്ണു കൊണ്ടു പടക്കപ്പെട്ട ജീവിയാണത്രേ നായ.
മനുഷ്യനെ പടക്കാനെടുത്ത മണ്ണിന്റെ അതേ ജൈവാംശങ്ങൾ അടങ്ങിയ മണ്ണുതന്നെയാണതിനെ പടക്കാനും കാരണമായത്‌ എന്നതിനാലാവും അതിനു മനുഷ്യരുമായി ഇണപിരിയാത്ത സഹവാസത്തിനു നിദാനമായത്‌.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നായയെ തൊടുന്നതിൽ വിരോധമില്ലന്നും അതിൽ നിന്നു നനവു പകരുന്നതിൽ മാത്രമാണു അശുദ്ധി എന്നുമാണ്‌.
ഏതായാലും ഒരു പരീക്ഷണത്തിനൊന്നും ഞാൻ തയ്യാറായിരുന്നില്ല.
മരണാനന്തര നന്മ-തിന്മ തൂക്ക തിട്ടപ്പെടുത്തൽ ചടങ്ങിൽ നായതൊട്ടശുദ്ധം മാറാത്ത പ്രാർത്ഥനകൾ "നൾ ഉം വോയ്ഡും" ആയി എഴുതിത്തള്ളാൻ ഇടവരുത്തേണ്ടല്ലോന്നു കരുതി.
അതിനാൽ ചീഫിന്നു എന്നും എന്റെ ഷൂവിട്ട കാലിൽ നിന്നു കിട്ടിയ മൃദുവായ തലോടലിൽ മാത്രം തൃപ്തിപ്പെടേണ്ടി വന്നു.
"ചീഫിനു" അതു മാത്രം മതിയായിരുന്നു താനും.
ആ ചീഫിനെയാണു എനിക്കു നഷ്ടപ്പെട്ടിരിക്കുന്നത്‌.

മിനിഞ്ഞാന്നു രാത്രിയാണു അവന്റെ പ്രോ-ആക്ടിവിസം അവസാനമായി കണ്ടത്‌.

ഒന്നുറങ്ങിയതേയുള്ളൂ "ചീഫിന്റെ" കുര എന്നെ ഉണർത്തി..
ശല്യം എന്നു പറഞ്ഞു കുറേ നേരം കാതടച്ചു കിടന്നു.
തണുപ്പിൽ നിന്നും അവന്റെ ശബ്ദത്തിൽ നിന്നും ഒളിക്കാൻ പുതപ്പിന്നുള്ളിൽ അടിമുടി ചുരുണ്ടുകൂടി കിടന്നതായിരുന്നു.
എന്നിട്ടും അകത്തു തുളച്ചു കയറുന്ന തണുപ്പും അവന്റെ കുരയും.
സഹിക്കാൻ കഴിഞ്ഞില്ല.
അവൻ വിടുന്ന കോലമില്ല.
ഇടക്കു ഓടിപ്പോകും തിരിച്ചതേ വേഗത്തിൽ വന്നു എന്നെ കുരച്ചുണർത്താൻ ശ്രമിക്കും.
അവസാനം ഞാൻ സഹിക്കെട്ടെണീച്ചു.
ടോർച്ചെടുത്തു അവന്റെ കൂടെ നടന്നു.
എനിക്കു മുൻപെ ഓടിയ അവൻ ചെന്നു നിന്നത്‌ വർക്കുഷോപ്പിന്റെ പിന്നിലെ മുള്ളുവേലിക്കരികിൽ.
വേലിക്കപ്പുറത്തേക്കു നോക്കി കുരച്ചു ശബ്ദമുണ്ടാക്കിയ അവൻ ഇടക്കു തല തിരിച്ചു എന്റെ മുഖത്തേക്കു നോക്കി.
അവനെതോ പറയാനുണ്ട്‌.
ഞാൻ അവിടെയൊക്കെ ടോർച്ചടിച്ചു നോക്കി.
മരുഭൂമിയുടെ ഭാഗത്തു നിന്നു മണലിലൂടെ ഒരു ഫോർവീലർ വന്നു നിർത്തിയതും തിരിച്ചുപോയതുമായ ടയറടയാളം കണ്ടു.
അങ്ങനെ ഒരു വണ്ടി അവിടെ വരാനും പോകാനുമായി ഒരു സാധ്യതയുമില്ല.
ഞാൻ ചിന്താകുഴപ്പത്തിലായി.
കുറേ നേരം അവിടമൊക്കെ അരിച്ചു പെറുക്കിയിട്ടും കാര്യമായി തെരഞ്ഞിട്ടും ഒന്നും കാണാൻ സാധിക്കാത്തതിനാൽ ഞാൻ ചീഫിനെയും കൂട്ടി തിരിച്ചു പോന്നു.
അപ്പോൾ ഞാൻ വെറുതെ ഓർത്തു, സ്‌റ്റോറിന്റെ പുറത്തു പുതിയ നാലു ടയറുകളിരിക്കുന്നതു പോലെ എനിക്കു തോന്നിയോ?
അതോ ഞാൻ ശരിക്കും കണ്ടുവോ?
വീണ്ടും പോയി നോക്കാൻ മടി തടസ്സമായി.
വർക്ക്ഷോപ്പ്‌ ഇൻ ചാർജ്ജു ഭാര്യക്കസുഖമായി എമർജ്ജൻസി ലീവിലിന്നലെ പോയതാണ്‌. സ്റ്റോക്ക്‌ എന്റർ ചെയ്തു റാക്കിൽ വെക്കാൻ വിട്ടു പോയതാവും.

സംശയങ്ങൾ കാരണം പിന്നെ ഉറക്കം വരാൻ താമസിച്ചു.
ഞാൻ പിന്നെ സമാധാനിച്ചു. ഇതൊക്കെ സ്‌റ്റോർകീപ്പറുടെ ജോലിയല്ലെ! ഞാനെന്തിനു ടെൻഷനാവണം.
ഉറങ്ങിയതെപ്പോഴാണെന്നറിയില്ല.
പിറ്റേന്നു രാവിലെ വർക്ക്ഷോപ്പ്‌ സ്റ്റോറിന്റെ ഭാഗത്തു വർക്ക്ഷോപ്പ്‌ യൂനിഫോം നീല കവറാൾ ധരിച്ച അവനു പരിചയമില്ലാത്ത ഒരാൾ നിൽക്കുന്നതു കണ്ടു കുര തുടങ്ങിയ ചീഫ്‌ ഞാനെഴുന്നേറ്റു അവിടെ ചെല്ലുന്നതു വരെ എന്നെ മറ്റൊരു പണിക്കും അനുവദിച്ചില്ല.
"അസ്സലാമു അലൈക്കും"
ഞാൻ അപരിചിതനോടു സലാം ചൊല്ലി.
സലാം മടക്കുന്നതിന്നു പകരം തിരിച്ചെന്നോടൊരു ചോദ്യം.

"തൂ കോൻ ഹെ?"
പരുക്കനായ ആ ഭാഷ എനിക്കൊട്ടും പിടിച്ചില്ല.
എന്നിട്ടും ഞാൻ ശാന്തനായി മറുപടി നൽകി.
"മൈം ഇദർക്കാ ചീഫ്‌ അക്കൗന്റണ്ട്‌ ഹൂം..മകർ ആപ്‌ കോൻ ഹെ?"
"മൈം ഭീ കമ്പനി കാ ആദ്മി ഹെ!"
"പഹലെ സൈറ്റ്‌ ഓഫീസ്‌ മേം ഥാ, കൽ സെ വർക്ക്ഷോപ്പ്‌ ഇൻ ചാർജ്ജ്‌ മൈ ഹൂം"
ജീ ആപ്കാ നാം ദാവൂദ്‌ ഖാൻ ഹെ?.
ഞാൻ ചോദിച്ചു. ഇന്നലെ മെമ്മോ യുടെ കോപ്പി എനിക്കും കിട്ടിയിരുന്നു.
"ജീ ഹാം"
അയാൾ ആദ്യമായി അൽപ്പം വിനയം കാണിച്ചു.
" യ കുത്താ ആപ്കാ ഹെ?"
യ മുജേ കാം കർനേ നഹി ചോഡ്ത്താ!. ഇസ്കോ സമ്പാലോ?"
അയാളുടെ ചൂടു ഇപ്പോഴും കുറഞ്ഞില്ലന്നു തോന്നി.
"മുശ്‌കിൽ നഹി, ആപ്‌ അജ്‌നബി ഹേനാ, ഇസലിയേ വഹ്‌ ബോംഗ്തീഹെ!"
"ബാദ്മെം വഹ്‌ ദോസ്ത്‌ ഹോജായേഗാ..!"

ദാവൂദ്‌ ഖാനുമായി എന്റെ കൈകൊടുക്കലും സംഭാഷണവും എല്ലാം കണ്ടിട്ടാവും ചീഫ്‌ പിന്നെ കുരച്ചു ബഹളമുണ്ടാക്കിയില്ല.
ദാവൂദ്‌ ധരിച്ചിരുന്ന കവറാളിന്റെ പോക്കറ്റിൽ നിന്നു ഒരു ബിസ്‌കറ്റെടുത്ത്‌ അവനു തിന്നാൻ കൊടുത്തു.
ചീഫ്‌ എന്റെ മുഖത്തേക്കൊന്നു നോക്കി. അതു തിന്നാൻ ആദ്യമൊന്നു മടിച്ചു.
അപ്പോൾ ആ പാക്കിസ്ഥാനി എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു യാതൊരു സങ്കോചവുമില്ലാതെ ചീഫിനടുത്തിരുന്നു അവന്റെ മുതുകിൽ തലോടി പെട്ടെന്നു അവന്റെ ഒരു ചിരകാല സുഹൃത്തെന്ന പോലെ മാറി.
ചീഫ്‌ ആ ബിസ്കറ്റു തിന്നുമ്പോൾ ദാവൂദ്‌ എന്നെ നോക്കി ഒന്നു ചിരിച്ചു.
എനിക്കു മനസ്സിലാക്കാൻ പറ്റാത്ത ഒരു ഗൂഢസ്മിതം.
അയാൾ അവനു വേണ്ടി ബിസ്കറ്റു കരുതി വന്നതു ചിന്തിച്ചപ്പോൾ എനിക്കും മനസ്സിലാക്കാൻ ഇത്തിരി പ്രയാസം വന്നു.

രാവിലെ ജോഗിംഗിനു പോകുമ്പോഴും തിരിച്ചു വന്നു പ്രാതൽ കഴിച്ചപ്പോഴും ഓഫീസിലേക്കു തിരിച്ചപ്പോഴും ചീഫ്‌ എന്റെ കൂടെയുണ്ടായിരുന്നു.
ഓഫീസു വിട്ടിറങ്ങുമ്പോൾ ടൈം ഓഫീസിനു മുന്നിൽ അവനെ കണ്ടില്ല. അതുഭുതം തോന്നി. താമസസ്ഥലത്തു ചവിട്ടുപടിക്കു കീഴെയെങ്കിലും അവനുണ്ടാവുമെന്നു കരുതി.
അവിടെയും കണ്ടില്ല.
നാലു ഭാഗത്തും കണ്ണോടിച്ചു.
എങ്ങും കാണാനൊത്തില്ല.
ആദ്യമായിട്ടാണു ഒരു വർഷത്തിനുള്ളിൽ അവന്റെ കൃത്യനിഷ്ഠ തെറ്റിക്കാണുന്നത്‌.
രാത്രി ഉറങ്ങാൻ കിടക്കുന്നതിന്നു മുന്നെ പലവട്ടം വാതിൽ തുറന്നു നോക്കി. വാതിലടച്ചിട്ടും അവന്റെ ഒരു കുര കേൾക്കാൻ കൊതിച്ചു.

ഒരു വർഷത്തിനിടയിൽ ആദ്യമായാണു ഈ വീട്ടിലെ വാതിലിനു മുന്നിൽ ചീഫിന്റെ കാവലില്ലാതെ ഞാൻ ഉറങ്ങാൻ കിടക്കുന്നത്‌.
വല്ലാത്തൊരു പേടി തോന്നി. എല്ലാ സുരക്ഷിതത്വവും നഷ്ടപ്പെട്ട പ്രതീതി.
നാളെ എങ്ങനെയെങ്കിലും അവനെ തേടിപ്പിടിക്കണം.
വയ്യ ഈ ഏകാന്തത സഹിക്കാൻ..!
ആലോചിച്ചു കിടക്കവേ ഉറങ്ങാൻ ഏറെ താമസിച്ചു.
രാവിലെ അവന്റെ കുരച്ചുണർത്തൽ ഇല്ലാത്തതിനാൽ അലാറം മറന്ന എനിക്കു നേരത്തിനെണീക്കാനും ജോഗിംഗിനു പോകാനും പറ്റിയില്ല.
നേരം നന്നെ വൈകിയിരിക്കുന്നു എന്നു മനസ്സിലാക്കി, ധൃതിയിൽ പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു ഓഫീസിലേക്കു ഇറങ്ങുമ്പോൾ ശരീരത്തിന്റെ ഒരു ഭാഗം റൂമിൽ വെച്ചു മറന്ന പ്രതീതി.
ഇന്നലെ വരെ ചീഫ്‌ എന്റെ മുന്നിലും പിന്നിലുമായി ഉന്മേഷവാനായി ഓടിച്ചാടി നടന്നതു എന്റെ പ്രഭാത സഞ്ചാരങ്ങളുടെ ഭാഗമായിരുന്നു.
ഓഫീസിലെ എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസപ്പെട്ടു.
കാബിൻ അടച്ചു ഞാൻ ഓഫീസിനു പുറത്തു കടന്നു. നേരെ വർക്ക്ഷോപ്പിലേക്കു നടന്നു.
അവിടെയെല്ലാം ഞാൻ ചീഫിനെ തെരഞ്ഞു.
ദാവൂദ്‌ ഖാൻ പെട്ടെന്നു മുന്നിൽ വന്നു പെട്ടു.

" ദാവൂദ്‌ ഖാൻ! ആപ്‌ ഇദർ കിദർ മേരാ കുത്തേ കൊ ദേഖാ?"
" നഹി, യഹ്‌ മേരാ കാം നഹി!"
എന്നു പറഞ്ഞു കൂടുതൽ സംസാരിക്കാനൊന്നും നിൽക്കാതെ അയാൾ ധൃതിയിൽ വേറെ എവിടെക്കോ പോയി മറഞ്ഞു.

അയാളുടെ പെരുമാറ്റത്തിൽ എനിക്കു നല്ല സംശയം തോന്നി.
ഞാനാഭാഗത്തൊക്കെ ചീഫിനെ തെരഞ്ഞു നടന്നു.
വർക്ക്ഷോപ്പിന്റെ പിൻഭാഗത്തു മുള്ളുവേലിക്കപ്പുറത്തു വണ്ടി വന്നു നിന്ന പുതിയ ടയർപ്പാടുകൾ വീണ്ടും കണ്ടു.
എനിക്കെന്തോ സംശയം കൂടുതലായി.
സ്റ്റോറിന്റെ മുന്നിൽ അന്നു കണ്ട ആ പുതിയ ടയറുകൾ ഇപ്പോഴും അവിടെയുണ്ടോ എന്നു നോക്കാനാണു എനിക്കു പിന്നെ തോന്നിയത്‌.
പക്ഷെ അവിടെ ഒന്നും ഇല്ലായിരുന്നു.
അതോടെ എനിക്കു കാര്യങ്ങൾ ഏകദേശം ഉറപ്പായി.
പിന്നെ ചീഫിന്റെ മൃതശരീരം എവിടെയെങ്കിലും കാണുമെന്ന രീതിയിലായി എന്റെ തെരച്ചിൽ.

മുള്ളുവേലിക്കപ്പുറത്തു മണലിലൂടെ എന്തോ വലിച്ചു കൊണ്ടുപോയ പാടു കണ്ടു. ഞാൻ വേലിയൂർന്നിറങ്ങി ആ പാടു പിന്തുടർന്നു.
മരുഭൂമിയിലേക്കേറെ ദൂരം കയറി വിജനമായ ഒരിടത്തു ആ അടയാളം അവസാനിച്ചു.
എന്റെ നിഗമനം ശരിയായിരുന്നു.
അന്വേഷണത്തിനൊടുവിൽ ഞാനവനെ കണ്ടെത്തുമ്പോൾ അവൻ കഴുത്തിൽ കുരുക്കിയ കയറുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുറ്റിക്കാട്ടിൽ മരണവും കാത്തു കിടക്കുകയായിരുന്നു.
ഞാൻ അടുത്തിരുന്നവനെ നിരീക്ഷിച്ചു.
കൈകാലുകളും വാലും എല്ലാം നിശ്ചലമായിട്ടുണ്ട്‌.
മിഴികൾ മാത്രം വിടപറയുന്ന ജീവന്റെ അവസാന ലക്ഷണം കാണിക്കുന്നു. കൺപോളകൾ ഇടക്കെപ്പോഴോ ഒന്നു മിന്നി.
ഞാൻ അവന്റെ കണ്ണിനടുത്തേക്കു കൂടുതൽ ചേർന്നിരുന്നു.
അവന്റെയും എന്റെയും കൃഷ്ണമണികൾ സമാന്തരരേഖയിൽ വന്ന ഒരു നിമിഷം ആ കണ്ണൊന്നു തിളങ്ങി. അപ്പോൾ എന്റെ കണ്ണിൽ നിന്നൊരിറ്റു ദു:ഖം താഴെ വീണു ചിതറി.
മതത്തിന്റെ എല്ലാ മതിൽക്കെട്ടും വിലക്കും ഞാൻ പെട്ടെന്നു മറന്നു.
മരണം കാർന്നെടുക്കുന്ന അവന്റെ ഉടലിൽ ശിരസ്സു മുതൽ വാലുവരെ പതിയെ തലോടിക്കൊണ്ടേയിരുന്നു. ആദ്യമായിട്ടാണ്‌ ഞാൻ അവനെ തൊടുന്നതും തലോടുന്നതും. അത്‌ അവൻ കാലങ്ങളായി ആഗ്രഹിച്ചിരുന്നതാണ്‌.
ആ തലോടലിന്റെ സുഖത്തിൽ ലയിച്ച അവൻ അവസാനമായി മിഴികൾ വളരെ പ്രയാസപ്പെട്ടു ഒന്നുകൂടി തുറന്നു.
ജലാർദ്രമായ ആ കണ്ണിൽ നിന്നും നന്ദിയുടെ ഒരു വെളിച്ചം മിന്നിയെന്നെനിക്കു തോന്നി.
ക്രമേണ ആ തിളക്കം കുറഞ്ഞു കുറഞ്ഞു വന്നു പ്രാണനെയും കൊണ്ടു മാലാഖ പറന്നകന്നു.
ആ മാലാഖ പോയ വഴിയിലേക്കു ഇമവെട്ടാതെ നോക്കിയ ആ മിഴി പിന്നെ അടഞ്ഞതേയില്ല.

അവന്റെ അന്ത്യ നിമിഷത്തിനു ഞാൻ സാക്ഷിയായി.
അവന്റെ മരണത്തിനു ഞാൻ കാവലും.
അവന്റെ കഴുത്തിൽ കുരുകിയ കയർ ഞാൻ അഴിച്ചു മാറ്റി.
പൂർണ്ണമായി മരിച്ചു കഴിഞ്ഞ അവന്റെ ജഡം ഞാൻ മറിച്ചിട്ടു പരിശോധിച്ചപ്പോഴാണു അതു കണ്ടത്‌.
തലക്കു പിറകിൽ ചെവിക്കു കീഴെ കനമുള്ള ഒരായുധം കൊണ്ടു ശക്തമായ അടി കിട്ടിയ പോലെ ആഴത്തിലൊരു മുറിവിന്റെ കുഴിയും അതിൽ കട്ടപിടിച്ച ചോരയും.
അവനെ കൊന്നതാണ്‌.
സൗഹൃദം ഭാവിച്ചു ചേർത്തു നിർത്തി ചതിച്ചു കൊന്നതാണ്‌.
ഇല്ലങ്കിൽ അവനെ ഒറ്റയടിക്കു കീഴ്‌പ്പെടുത്താനാർക്കും ആവില്ല. തീർച്ച.
അവന്റെ ഘാതകനെ കണ്ടു പിടിച്ചു തക്കശിക്ഷ വാങ്ങിക്കൊടുക്കുക എന്നതായിരുന്നു എനിക്കവനു കൊടുക്കാവുന്ന പരമാവധി ട്രിബ്യൂട്ട്‌.
ദാവൂദ്‌ ഖാനെ തന്നെയായിരുന്നു എനിക്കു സംശയം.
പക്ഷെ തെളിവൊന്നുമില്ല.
അയാൾ അറിയാതെ അയാൾക്കെതിരെ തെളിവു ശേഖരിക്കുകയായിരുന്നു എന്റെ പ്രഥമ ദൗത്യം.
ഓഫീസ്‌ ബോയിയെ വിട്ടു സൂത്രത്തിൽ അയാളുപയോഗിക്കുന്ന കമ്പനി കമ്മ്യൂണിക്കേറ്റർ പത്തുമിനിട്ടു നേരത്തേക്കു പൊക്കി.
മഹാ വിരുതനാണയാളെന്നു മനസ്സിലായി. ഡയലു ചെയ്തതും സ്വീകരിച്ചതുമായ എല്ലാ നമ്പറും മായ്ച്ചു കളഞ്ഞിരിക്കുന്നു.
അതു ഞാൻ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.
നമ്പരുകൾ ഡിലിറ്റു ചെയ്താലും ലോഗ്‌ ഫയലിൽ കാണുമെന്ന കാര്യം അയാൾക്കറിയാമായിരുന്നില്ല.
നോകിയ പി.സി.സ്യൂട്ടു വഴി കമ്മ്യൂണിക്കേറ്ററിലെ ലോഗ്‌ പേജ്‌ മുഴുവൻ പെട്ടെന്നു എന്റെ കമ്പ്യൂട്ടറിലെക്കു ഡൗൺലോഡു ചെയ്തു ഒരു സംശയവും തോന്നാത്ത വിധം പെട്ടെന്നു തിരിച്ചു കൊടുത്തു.
അതിലെ ഫോൺ നമ്പറുകൾ സോർട്ടു ചെയ്തു ജോലി സംബൻധമല്ലാത്തവ മാത്രം തെരെഞ്ഞെടുത്തു.
അഞ്ചെട്ടു നമ്പരുകൾ മാത്രം കമ്പനിയുമായി ബന്ധമില്ലാത്തത്‌.
ആ നമ്പരുകൾ സെർവ്വറിൽ സെർച്ചിനിട്ടപ്പോൾ ഒന്നു അയാളുടെ P.E.F(പേർസ്സണൽ എമ്പ്ലോയി ഫയലിൽ) നിന്നു അയാളുടെ വ്യക്തിഗത റഫറൻസിനായി തന്നിരുന്ന ഒരു നമ്പറുമായി മാച്ചായി.
ഒരു ടയർ റിപ്പയറിംഗ്‌ വർക്‌ൿഷോപ്പിലെ നമ്പർ.
ഞങ്ങൾക്കു സ്വന്തമായി വർക്‌ൿഷോപ്പും അതിൽ ടയർ റിപ്പയറിംഗിനു പ്രത്യേകം സെക്ഷനും ഉള്ളസ്ഥിതിക്കു ആ കടയുമായി ഒരു ബന്ധവും നിരന്തര സമ്പർക്കവും ഉണ്ടാകാൻ സാധ്യതയില്ല.
മാത്രമല്ല വിളിച്ചതു മുഴുവൻ ഓഫ്‌ ഡ്യൂട്ടി സമയത്തും.
പെട്ടെന്നു സ്റ്റോറിലേക്കാളെ വിട്ടു ടയറിന്റെ റിസർവ്വു സ്റ്റോക്കെടുത്തു. എണ്ണം മാച്ചാണ്‌.
വിശ്വാസം വരാതെ നേരിട്ടു പോയി ചെക്കു ചെയ്തപ്പോൾ നാലു പുതിയ ടയറിനു പകരം നാലു പഴയ വീൽലോഡർ ടയറുകൾ.
പുതിയതു മാറ്റി പഴയതു വെച്ചു കളിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞയാഴ്ച്ചയാണു വീൽലോഡറിന്നു നാലു വിലകൂടിയ ടയർ വാങ്ങിയതു പീച്ച്‌ ട്രീ അക്കൗണ്ടിൽ എന്റർ ചെയ്തത്‌.

വർക്ക്ഷോപ്പിന്റെ പിറകിലൂടെ വന്ന വണ്ടിയുടെ ടയർപ്പാടുകളും, ചീഫിന്റെ ഹത്യയും പാക്കിസ്ഥാനിയുടെ ഫോണിൽ നിന്നു ടയർഷോപ്പിലേക്കുള്ള അസമയത്തെ വിളികളും ചേർത്തു വായിച്ചപ്പോൾ എനിക്കു സംഗതികൾ ഏകദേശം പിടികിട്ടി.
നിരീക്ഷണങ്ങളെല്ലാം ഫയലിലെഴുതി മാനേജുമെന്റിനു സമർപ്പിച്ചപ്പോൾ നടപടികൾ ത്വരിതഗതിയിൽ രഹസ്യമായി നടന്നു. പോലീസു കേസായി. അവർക്കു അന്വേഷണം വളരെ എളുപ്പമായിരുന്നു.
ഷാർജ്ജയിലെ ആ ടയറു കടയിൽ നിന്നു ഞങ്ങളുടെ നാലു പുതിയ ടയറുകൾ പോലീസു കണ്ടെടെടുക്കുക കൂടി ചെയ്തപ്പോൾ മുഖ്യപ്രതിയായ ദാവൂദ്‌ ഖാനെ അറസ്റ്റു ചെയ്യാനെത്തിയ പോലീസിന്റെ കൂടെ അവിടെ ജോലി ചെയ്തിരുന്ന മറ്റു രണ്ടു പേരു കൂടിയുണ്ടായിരുന്നു.
പോലീസിനെയും കൂടെ കടയിലെ രണ്ടു പേരെയും കണ്ടപ്പോൾ ഞെട്ടിപ്പോയ ദാവൂദിനു ഓടിരക്ഷപ്പെടാൻ പറ്റുന്നതിനു മുൻപു ഞാൻ തന്നെയാണു അവനെ പോലീസിനു ചൂണ്ടി കാണിച്ചുക്കൊടുത്തത്‌.
ഒന്നു പ്രതിരോധിക്കാൻ പോലുമാവാതെ അയാൾ കീഴടങ്ങി. അടി കിട്ടുന്നതിന്നു മുൻപു അയാൾ കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞു. എന്നിട്ടും കിട്ടേണ്ടതു കിട്ടി.
പഴയ ടയറുകൾക്കു പകരം പുതിയ ടയറുകൾ കയറ്റിക്കൊണ്ടുപോയ വഴി അവർ പോലീസിനു ചൂണ്ടിക്കാണിച്ചു കൊടുത്തു.
അവർ വിരലു ചൂണ്ടിയതിനു കുറച്ചപ്പുറത്തായിരുന്നു ഞാൻ ചീഫിനെ അടക്കിയ സ്‌ഥലം.
ഞാൻ അവിടെത്തന്നെ നിന്നു കൊണ്ടു പതിയെ മുകളിലെ മേഘങ്ങളിലേക്കു നോക്കി.
ചീഫിന്റെ ആത്മാവു മേലെ മേഘപാളികളിൽ എവിടെയെങ്കിലുമുണ്ടായിരുന്നെങ്കിൽ!
എന്നു ഞാൻ ആഗ്രഹിച്ചു.
എങ്കിൽ അവൻ എനിക്കു നേരെ നോക്കി നന്ദി സൂചകമായി ഒന്നു വാലാട്ടുകയെങ്കിലും ചെയ്തിരിക്കുമെന്നെനിക്കുറപ്പാണ്‌.



തുഷാരത്തുള്ളികള്‍: പട്ടിപ്പേറിലെ രാഷ്ട്രീയം.
കഥയോടു ചേര്‍ത്തു വായിക്കാന്‍ ഒരു കവിത

4 അഭിപ്രായ(ങ്ങള്‍):

  1. വരവൂരാൻ പറഞ്ഞു...

    ഒത്തിരി വേദനിപ്പിച്ചല്ലോ മാഷെ, ഈ മനസ്സിനു ഒത്തിരി ഭാവുകങ്ങൾ

  2. Junaid പറഞ്ഞു...

    ithu adyame vayichathaa..
    nalla kadha

  3. പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

    കരീം മാഷേ
    രണ്ടും ഇപ്പോഴാണ് വായിച്ചത്... നന്നായിരിക്കുന്നു... ആശംസകള്‍.

  4. Sathees Makkoth | Asha Revamma പറഞ്ഞു...

    നല്ല രചന. ചീഫുമായിട്ടുള്ള അടുപ്പം മനസ്സിൽ തട്ടും വിധം എഴുതിയിരിക്കുന്നു