ശനിയാഴ്‌ച, മേയ് 09, 2009

ശൈത്താൻ കൂക്ക്‌

ഓത്തുപള്ളിക്കാലം കഴിഞ്ഞതില്‍ പിന്നെ ഞാന്‍ കുഞ്ഞാമിനുവിനെ കണ്ടിട്ടേയില്ല.
അവളെ സ്കൂളില്‍ ചേര്‍ത്തിയിട്ടേയില്ലായിരുന്നു.
എന്നാലും ഓത്തുപള്ളീയിലെ ആ ചുരുങ്ങിയ കാലം കൊണ്ടു സമകാലീനരുടെയെല്ലാം സഹപാഠിയായിരുന്നു അവള്‍. എല്ലാരും ആ ക്ലാസ്സില്‍ നിന്നു കയറ്റം കിട്ടിപ്പോകുമ്പോഴും പുതിയവരെ സ്വാഗതം ചെയ്യാന്‍ കുഞ്ഞാമിനു എല്ലാ കൊല്ലവും ആ മൂലയില്‍ തന്നെയുണ്ടാവും.
ഉസ്താതിന്റെ കളിയാക്കലിനു കാതു കൊടുക്കാതെ കല്‍വരക്കുത്തുവീണ സ്ലേറ്റില്‍ വെള്ളത്തണ്ടു കൊണ്ടു വീണ്ടും വീണ്ടും മായ്ച്ചു അവള്‍ അതു കേള്‍ക്കാത്ത മട്ടിലിരിക്കും.
തോല്‍ക്കുന്നതു ഓളുടെ ഉമ്മാക്കിഷ്ടാത്രേ!
നെല്ലുകുത്താന്‍ തറവാട്ടില്‍ വരുന്ന അവളുടെ ഉമ്മ ഇത്തിക്കുട്ടി പറയും.
"ഇക്കുറിയും ഓളു തോറ്റാ മതിയായിരുന്നു!".
"പുതിയ പുസ്തകം വാങ്ങണ്ടേല്ലോ!"
നോമ്പുകാലത്തു നേരത്തെ മദ്രസ വിട്ടു കതാഞ്ചീരിക്കുന്നു കയറി വളഞ്ഞു തിരിഞ്ഞു വന്നിരുന്ന കാലം കുഞ്ഞാമിനുവിന്റെ കൊത്തക്കല്ലാടല്‍ സംഘത്തില്‍ ഒരു പൈതല്‍ പദവിയില്‍ ഞാനും ഉണ്ടായിരുന്നു.
എഴാട്ടിം കുട്ടീം കളിക്കാന്‍ വേണ്ട പാകൊത്ത കല്ലുകള്‍ തെരയാന്‍ ഞാനും ആ കൂട്ടത്തില്‍ കൂടിയിരുന്നു.
കളിയില്‍ തോറ്റവര്‍ക്കു കൈത്തണ്ടയില്‍ രണ്ടു വിരല്‍ നിവര്‍ത്തി ആട്ടിയും ഒറ്റവിരല്‍ നിവര്‍ത്തി കുട്ടിയും അടിച്ചു കടം തീര്‍ക്കുമ്പോള്‍ കുഞ്ഞാമിനുവില്‍ നിന്നു എനിക്കു കിട്ടിയിരുന്ന അടിക്കു കോഴിത്തൂവലുകൊണ്ടു കാതില്‍ പിടപ്പിച്ച ഒരു ഇക്കിളിയേ തോന്നിയിരുന്നുള്ളൂ.
വെച്ചീടപ്പിലും വാരിപ്പൊത്തിയിലും തുഞ്ചിയിലും കൊത്തിമലര്‍ത്തിലും ഒന്നും ഒരിക്കലും നൈപുണ്യം നേടാതിരുന്ന എനിക്കു അതിലൊക്കെയും അഗ്രഗണ്യയായിരുന്ന കുഞ്ഞാമിനയുടെ കോഴിത്തൂവല്‍പ്പെട വാങ്ങാനായിരുന്നിഷ്ടം.

റുഖ്യമ്മായിനെ കടിഞ്ഞിപേറ്റിനു കൂട്ടികൊണ്ടു വന്നീന്റെ പിറ്റേ മാസമാണു എണ്ണപ്പാത്തീലൊഴിക്കാനുള്ള എണ്ണ കരുതീട്ടില്ലല്ലോ റബ്ബേ! എന്നു വല്യുമ്മാക്കോര്‍മ്മ വന്നത്‌.
അന്നു തൊട്ടു ഇത്തിക്കുട്ടിക്കു എന്നും പണിയായിരുന്നു.
തൊടി മുഴുവന്‍ നടന്നു നോക്കി നല്ല തൊടമുള്ള തേങ്ങ പറഞ്ഞു ഇടീക്കലും അതു പെറുക്കിക്കൂട്ടി പൊളിച്ചു വെട്ടി, വെയിലത്തു വെച്ചു ഒണക്കി കൊപ്പരയാക്കലും അതു വരെ കണ്ണാടി കാട്ടി കാക്കയെ ആട്ടലും കക്കാന്‍ വരുന്ന കുട്ട്യാളെ ബയക്കു പറയലും എല്ലാം ഇത്തിക്കുട്ടിയുടെ പണിയുടെ ഭാഗമായി.

ഇത്തിക്കുട്ടിയെ ദിവസം മുഴുവന്‍ തറവാട്ടില്‍ കാണാന്‍ തുടങ്ങിയ അക്കാലത്താണു പെട്ടൊന്നൊരു ദിവസം മുതല്‍ കുഞ്ഞാമിനുവിനെ മദ്രസയിലേക്കു തീരെ കാണാതായത്‌.

എള്ളും, പാകത്തിനൊണങ്ങിയ കൊപ്പരയുമായി മദ്രസന്റെ മതിലിന്നപ്പുറത്തൂടെ എടങ്ങേറായി പോകുന്ന ഇത്തിക്കുട്ടിയെ വെറ്റിലയില്‍ നൂറു തേക്കുന്നതിനിടയില്‍ കണ്ട മൊല്ലാക്കക്കു പെട്ടെന്നു ബോധോദയമുണ്ടായി.
കുഞ്ഞാമിനാനെ നാലഞ്ചു നാളായി ഓത്തിനു കാണുന്നില്ലല്ലോ എന്നു തെരക്കാന്‍ മൊല്ലാക്ക കുറേ "ശൂയ്‌" "ശൂയ്‌" ന്നു വിളിച്ചു.
ഇത്തിക്കുട്ടി അതൊന്നും കേട്ടില്ല. ഓളുടെ മനസ്സിലപ്പോള്‍ കുട്ടിമാന്‍കാക്ക ചക്കില്‍ നിന്നു കാളകളെ കെട്ടഴിച്ചു തീറ്റാന്‍ കൊണ്ടു പോയ്‌ക്കാണുമോ എന്ന ബേജാറായിരുന്നു.
ഏറെ നേരം തപ്പിയിട്ടും കാണാത്ത മെതിയടി ഇനി വേണ്ടാന്നു വെച്ചു മൊല്ലാക്ക ആണിയുള്ള കാലു ചരലു വിരിച്ച നിലത്തു കുത്തി തുള്ളിത്തുള്ളി മതിലിനടുത്തെത്തേക്കു മണ്ടിയെത്തിയപ്പോള്‍,
തന്റെ നേര്‍ക്കു വരുന്ന മൊല്ലാക്കാനെ കണ്ട ഇത്തിക്കുട്ടിക്കു മൊല്ലാക്കാക്കു എന്താവും ചോയിക്കാനുണ്ടാവുക എന്നതു മുന്‍കൂട്ടി സൂചന കിട്ടി.

തന്റെ നടത്തത്തിന്റെ താളം തെറ്റാതെ മൊല്ലാക്ക കേള്‍ക്കാന്‍ മതിലിനപ്പുറത്തേക്കു ഇത്തിരി മുഖം തിരിച്ചു ഇത്തിക്കുട്ടി ഒറക്കെ പറഞ്ഞു
"മൊല്ലാക്കാ കുഞ്ഞാമിന ഇനി മുതല്‍ ഓത്തിനു വരൂല!
ഓളു ബുലൂവായിരിക്കുന്നു".

മൊല്ലാക്കാന്റെ തുള്ളിത്തുള്ളിയുള്ള നടത്തം നോക്കി ചിരികടിച്ചമര്‍ത്തി നിന്ന ഓത്തുപള്ളീയിലെ എല്ലാ കുട്ടികള്‍ക്കും ഇരട്ടച്ചാക്കു തലയിലേറ്റിയ ഇത്തിക്കുട്ടിയുടെ ഉറക്കെയുള്ള ആ വിശദീകരണം കേട്ടപ്പോള്‍ വന്ന ചിരി പറ്റെ നിന്നു.
എന്താണാവോ ഈ "ബുലൂവാകല്‍"? ആര്‍ക്കും ഒന്നും മനസ്സിലായില്ല.
പക്ഷെ മൊല്ലാക്കാക്കു എല്ലാം മനസ്സിലായി.
അതോടെ അയാള്‍ തിരിച്ചും അതേ പോലെ തുള്ളിത്തുള്ളി വന്നു, ബാക്കിയുള്ള വെറ്റിലയില്‍ നൂറു തേച്ചു.
ഓത്തുപള്ളിന്നു വന്ന ഉടനെ സംശയം തീര്‍ത്തു തരാന്‍ പറ്റിയ ഒരാളെ തെരയുകയായിരുന്നു. പത്തും തെകഞ്ഞതിന്റെ ആലസ്യത്തില്‍ പണിയൊന്നും ചെയ്യാതെ ഉമ്മറത്തു പക്ഷിപ്പാട്ടും പാടിയിരുന്ന റുഖ്യമ്മായിയോടാണു സംശയം ചോദിച്ചത്‌.
അമ്മായി " ഈ ബുലൂവാകുക എന്നാലെന്താ?"
"ചെലക്കാണ്ടെ പോകുണുണ്ടോ അവിടന്ന്! മുട്ടീന്ന് വിരിഞ്ഞില്ല! അപ്പോഴേക്കു ബുലൂവാകലും ജിമാആക്കലും എന്തൊക്കെയാ നിനക്കറിയേണ്ടത്‌?"
ഓങ്ങിയ കൈ മേനിയില്‍ വീണില്ല. അതിനു മുന്‍പേ ഓടി.
പിന്നെ ആരോടും ചോദിച്ചില്ല.
പല ചോദ്യങ്ങളും ഖബറടക്കിയ ഖല്‍ബില്‍ അതിനും കൂടി ഒരിടം കിട്ടി.
കര്‍ക്കടം അതിന്റെ എല്ലാ തുര്‍ക്കടവും കാണിച്ച കാലത്താണു റുഖ്യമ്മായിക്കു നൊമ്പരം തുടങ്ങിയത്‌.
കീറിയ തൊപ്പിക്കൊട ചായ്പ്പിനു പുറത്തു തൂണില്‍ ചെരിച്ചു വെച്ചാണു ആകെ നനഞ്ഞൂറ്റിയ ഒത്താച്ചിപ്പാത്തു നേരം കെട്ട നേരത്ത്‌ അറയിലേക്കു കയറിയത്‌.
ഒത്തിരി നേരം കഴിഞ്ഞിട്ടും അമ്മായിയുടെ നെലോളിക്കൊരു അറുതി കാണാത്തപ്പോള്‍ വാതിലില്‍ മുട്ടിയ വല്യുമ്മാനെ നോക്കി, ഒത്താച്ചിപ്പാത്തു അകത്തറയില്‍ നിന്നു തല മാത്രം പുറത്തേക്കിട്ടു പറഞ്ഞു
" മുത്തീബി, ഇതു എന്നെക്കൊണ്ടു കൂട്ട്യാ കൂടൂല, ഇജ്ജ്‌ ആ താഴത്തെ വൈദ്യരെ ഒന്ന് വിളിച്ചാളാ..!"
വൈദ്യരെ വിളിക്കാന്‍ ഇറങ്ങിയ ആളെ കിഴക്കേ അവത്തുണ്ടായിരുന്ന ആരോ കണ്ണുകാട്ടി പേടിപ്പിച്ചു. അതോടെ പിന്നെ ആരും പുറത്തു പോയില്ല.
പിന്നെ കേട്ടതൊരു കൂക്കലായിരുന്നു.
കുട്ട്യാളോക്കെ അവിടെ കൂടി നില്‍ക്കാതെ കിഴക്കോറത്തേക്കു പോക്വാ..?
"ഓക്കു ചെയ്ത്താന്‍ കൂക്കു തുടങ്ങിയിരിക്ക്യാ...!"
വല്യുമ്മ കുട്ട്യാളെയൊക്കെ അവിടന്നാട്ടി.

എന്താ ഈ ചെയ്ത്താന്‍ കൂക്ക്‌? സംശയം ഉയര്‍ന്നു വന്നതാണ്‌. ചോദിച്ചാല്‍ മേനിയില്‍ അടി വീഴുമോ എന്ന ഭയത്താല്‍ അതും ഖല്‍ബില്‍ ഖബറടക്കി.
ഉറക്കം വന്നില്ല. അമ്മായിയുടെ ശൈത്താന്‍ കൂക്കു പുലരും വരേ തുടര്‍ന്നു. രണ്ടൂന്നു കിലോവുള്ള ഒരു മിടുക്കിപ്പെണ്‍കുട്ടി അറയില്‍ നിന്നു ഒത്താച്ചിപ്പാത്തു വഴി വല്യുമ്മാന്റെ ശുഷ്കിച്ച കയ്യിലെത്തുന്നതു വരെ!

"എന്തൊരു കൂക്കായിരുന്നു റുഖ്യാ..ഇന്നലെ?"
"എനിക്കൊന്നുമറീല്യമ്മാ...!"
ശൈത്താന്‍ കൂക്കിനെകുറിച്ചെന്തെങ്കിലും അറിയാമെന്നു കരുതീട്ടാണു വാതില്‍ക്കൊടിക്കൊളിഞ്ഞു നിന്നീ സംഭാഷണം ശ്രദ്ധിച്ചത്‌.
അമ്മായിക്കതിനെക്കുറിച്ചൊന്നുമറിയില്ലെന്നു കേട്ടപ്പോള്‍ ഏറെ സങ്കടം എനിക്കായി.
"നെന്റെ നിക്കാഹിന്റെ പുതുക്കകാലത്തും ഇതുപോലെ കൂക്കുണ്ടായിരുന്നെന്നു നെന്റെ പുത്യാപ്ല ആരോടൊക്കെ പരാതി പറഞ്ഞതു കേട്ടീരുന്നു".
"പെണ്ണാണെങ്കില്‍ ഇത്തിരി അടക്കം വേണം. പറഞ്ഞില്ലാന്നു വേണ്ട! നാട്ടേരെ കൊണ്ടു പറയിപ്പിക്കരുത്‌?"
"ഉമ്മാ! എനിക്കറിയാണ്ടെ വന്നതല്ലേ?"

വാതില്‍ക്കൊടിയില്‍ ഒച്ചയുണ്ടാക്കാതെ ഒളിച്ചു നിന്നു കേട്ടപ്പോള്‍ ചിന്തിച്ചു.
നിക്കാഹിന്റെ സമയത്തു റുഖ്യമ്മായിക്കു പെരുത്തു സന്തോഷായിരുന്നല്ലോ?
സന്തോഷം വന്നാലും ശൈത്താന്‍ കൂക്കു വരുമോ?
ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ഖബറടക്കിയ ഖല്‍ബുമായി ഞാന്‍ ഗള്‍ഫുകാരനായി.

അറബു നാട്ടില്‍ രണ്ടു പതിറ്റാണ്ടു പണി ചെയ്തപ്പോഴൊന്നും തന്നെ പെണ്ണുങ്ങളുടെ ഈ ശൈത്താന്‍ കൂക്കിനെക്കുറിച്ചു ഓര്‍ക്കാന്‍ ഇടവന്നിട്ടില്ല. അവിടയൊക്കെ അറബിപ്പെണ്ണുങ്ങളാണു തന്റെ കെട്ട്യോനെ "ഉസ്‌കുത്‌" എന്നു പറഞ്ഞു വായടപ്പിക്കുന്നത്‌ എന്നതിനാലാവാണം.

പ്രവാസത്തിനിടക്കു അടിയന്തിരാവധിയില്‍ നാട്ടില്‍ വന്ന സമയത്താണു ശൈത്താന്‍ കൂക്കു വീണ്ടും ഓര്‍മ്മയുടെ അറ തുറന്നു മീസാന്‍ കല്ലിലേറിയത്‌.

മൊബെയില്‍ ഫോണും, ഇന്റര്‍നെറ്റും, വീട്ടിനു തൊട്ടടുത്തു വിമാനത്താവളവും, വീട്ടില്‍ സ്വന്തമായി വാഹനവും എല്ലാം ഉണ്ടായതിനു ശേഷം തന്നെയായിരുന്നു വല്യുപ്പാന്റെ മരണം നടന്നത്‌.
കുളിപ്പിച്ച തുള്ളികള്‍ തുണിതുടച്ചുണക്കിയ മയ്യിത്തിനെ കുന്തിരിക്കം പുകയിച്ച മൂന്നു കണ്ടം വെള്ളത്തുണിയില്‍ കഫന്‍ ചെയ്തു മയ്യത്തു കട്ടില്‍ കിടത്തി, കൂടിനിന്നോരൊക്കെ ഒരോ യാസീനോതി ദുആ ഇരന്നു.
ഉറ്റവര്‍ അടുത്തു വന്നു കട്ടില്‍ പൊക്കി തോളിലേക്കു വെച്ചു കഴിഞ്ഞിട്ടാണു നാട്ടിലെത്താനായത്‌.
"ലാ ഇലാഹ ഇല്ലള്ളാ" എന്ന വാക്യമുരുവിട്ടു ആദ്യ ചുവടു വെക്കുമ്പോള്‍ പിറകില്‍ നിന്നാണു പിന്നെ ആ കൂക്കു കേട്ടത്‌.
ആരോ ചെവിയില്‍ മന്ത്രിച്ചു
" ശൈത്താന്‍ കൂക്കാ.. വല്യുമ്മയാ..."
പണ്ടത്തെ ഖബറു തുറന്നു ആ സംശയം വീണ്ടും ഒരു റൂഹാനിയായി മീസാന്‍ കല്ലില്‍ വന്നിരുന്നു. പല്യാളിയും ഇടവഴിയും കടന്നു ചെമ്മണ്‍ നിരത്തിലൂടെ പള്ളിപ്പറമ്പിലേക്കു പാദങ്ങള്‍ ചലിക്കുമ്പോഴും അനവധി ചുണ്ടുകളിലൂടെ സ്ത്രോത്രങ്ങള്‍ വല്യുപ്പാക്കു യാത്രാമൊഴി പറയുമ്പോഴും എന്റെയുള്ളില്‍ ആ ശൈത്താന്‍ കൂക്കിന്റെ രഹസ്യം വീര്‍പ്പുമുട്ടി.
പേടിപ്പിച്ചും ദണ്ഢിപ്പിച്ചും അമര്‍ത്തി വെപ്പിക്കുന്ന അതി സങ്കടവും തീവൃസന്തോഷവും അവര്‍ അറിയാതെ പൊട്ടിപ്പുറത്തു വരുമ്പോള്‍ അതിനെ ശൈത്താന്‍കൂക്കെന്നു പേരിട്ടു വിളിക്കുന്നതിലെ അജ്ഞതയെ ഇനിയും എന്റെ ഖല്‍ബിലെ ഖബറിനകത്തു ദഫന്‍ ചെയ്യാന്‍ മനസ്സു സമ്മതിക്കാതെ ഞാന്‍ വല്യുമ്മാന്റെ ദുഖം കുറക്കാണേ! എന്നു പടച്ചോനോടു വീണ്ടും വീണ്ടും തേടി.




47385

14 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    അറബു നാട്ടിൽ രണ്ടു പതിറ്റാണ്ടു പണി ചെയ്തപ്പോഴൊന്നും തന്നെ പെണ്ണുങ്ങളുടെ ഈ ശൈത്താൻ കൂക്കിനെക്കുറിച്ചു ഓർക്കാൻ ഇടവന്നിട്ടില്ല. അവിടയൊക്കെ അറബിപ്പെണ്ണുങ്ങളാണു തന്റെ കെട്ട്യോനെ "ഉസ്‌കുത്‌" എന്നു പറഞ്ഞു വായടപ്പിക്കുന്നത്‌ എന്നതിനാലാവാണം.

    പേടിപ്പിച്ചും ദണ്ഢിപ്പിച്ചും അമർത്തി വെപ്പിക്കുന്ന അതി സങ്കടവും തീവൃസന്തോഷവും അവർ അറിയാതെ പൊട്ടിപ്പുറത്തു വരുമ്പോൾ അതിനെ ശൈത്താൻകൂക്കെന്നു പേരിട്ടു വിളിക്കുന്നതിലെ അജ്ഞത.

  2. kichu / കിച്ചു പറഞ്ഞു...

    മലബാറിന്റെ ശൈലിയിലുള്ള ഈ എഴുത്ത് മാഷിനു സ്വന്തം..

    :) :)

  3. പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

    ഇഷ്ടമായി മാഷെ ...
    കിച്ചു പറഞ്ഞത് പോലെ ഈ ശൈലിയും...

  4. shams പറഞ്ഞു...

    നന്നായിട്ടുണ്ട് മാഷേ...

  5. SunilKumar Elamkulam Muthukurussi പറഞ്ഞു...

    കരീം,

    നല്ലതായിരിക്കുന്നു. പഴയ നാടിനേയും നാട്ടാരേയും ഓർമ്മവന്നു.
    ന്നാലും അവസാനം ഒന്നു കൂടെ മിനുക്കായിരുന്നു, ട്ടൊ.
    -സു-

  6. ചന്ദ്രകാന്തം പറഞ്ഞു...

    ആദ്യായിട്ടാ ഇങ്ങനൊരു പ്രയോഗം കേക്കണ്‌ത്‌.
    എഴുത്തുരീതി ഇഷ്ടമായി.

  7. നിലാവ്.... പറഞ്ഞു...

    " ശൈത്താന്‍ കൂക്കാ.. വല്യുമ്മയാ..."
    :)

  8. Junaid പറഞ്ഞു...

    :)
    :)
    :)

    i will say more, later

  9. ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

    ഓര്‍മ്മകളുടെ കടലിരമ്പം കേള്‍പ്പിക്കുന്ന പോസ്റ്റിനു നന്ദി...

  10. ബാജി ഓടംവേലി പറഞ്ഞു...

    നന്നായിട്ടുണ്ട് മാഷേ...

  11. C.K.Samad പറഞ്ഞു...

    "പേടിപ്പിച്ചും ദണ്ഢിപ്പിച്ചും അമർത്തി വെപ്പിക്കുന്ന അതി സങ്കടവും തീവൃസന്തോഷവും അവർ അറിയാതെ പൊട്ടിപ്പുറത്തു വരുമ്പോൾ അതിനെ ശൈത്താൻകൂക്കെന്നു പേരിട്ടു വിളിക്കുന്നതിലെ അജ്ഞത"...

    കുറുക്കിളകി കയ്യും കാലും വിറങ്ങലിച്ചു ഉപ്പാന്‍റെ ക്ലീനിക്കിലേക്ക് കൊണ്ട് വരുന്ന അത്തരം സ്ത്രീകള്‍ക്ക് അമോണിയ പോലത്തെ stringent smell ഉള്ള കെമിക്കല്‍ മൂക്കില്‍ വാസനിപ്പിക്കുന്നത് ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. മാഷിന്റെ കഥ വായിച്ചപ്പോള്‍ എനിക്ക് അതാണ്‌ ഓര്‍മ്മ വന്നത്. വളരെ നന്നായിട്ടുണ്ട് മാഷേ........

  12. കരീം മാഷ്‌ പറഞ്ഞു...

    കിച്ചു
    വായനക്കും അഭിപ്രായത്തിനും നന്ദി.( മലബാറിന്റെ ശൈലിയിലെഴുതാൻ കൂടുതൽ അഭ്യാസവും ശ്രദ്ധയും വേണ്ട. കേട്ടു തഴങ്ങിയതങ്ങു എഴുതിയാൽ വഴങ്ങും)
    പകൽക്കിനാവൻ :- വായനക്കു നന്ദി.
    ഷംസ്‌:- വായനക്കും കമന്റിനും നന്ദി.
    -സു-(sunil)
    നാടിനേയും നാട്ടാരേയും അതേ തീവൃതയോടെ ഓർക്കാനാണു പേരു പോലും മാറ്റാതിരുന്നത്‌.അവസാനം നന്നായിട്ടില്ലന്നു ശരിക്കറിയാം. അതിന്റെ ക്രെഡിറ്റു ഞാൻ ഒരു എലിക്കു കൊടുക്കുന്നു.( എലികൾ സാധാരണ അവക്കിഷ്ടമുള്ള ഭാഗത്തു നിന്നേ കരണ്ടു തിന്നാറുള്ളൂ. ഈ എലി അതിനിഷ്ടമില്ലാത്ത ഭാഗത്തു നിന്നാണു കരണ്ടെടുക്കുന്നത്‌).കരണ്ടഭാഗം പൂർത്തിയാക്കാൻ അവസാനം ഒരു ക്രാഷ്‌ലാണ്ടിംഗ്‌ നടത്തിയതായിരുന്നു.(നല്ല ഒരു അവസാനം ആശയം കിട്ടുമ്പോൾ എഴുതി പൂർത്തിയാക്കും. ആഴത്തിൽ വായിച്ചതിന്നു നന്ദി.)

    ചന്ദ്രകാന്തം. :-
    വായിച്ചതിന്നും അഭിപ്രായം കുറിച്ചതിന്നും നന്ദി.ഈ പ്രയോഗം ഞാൻ എന്റെ കുട്ടിക്കാലത്തു പലപ്പോഴും കേട്ടിട്ടുണ്ട്‌. പക്ഷെ ഇതുവരെ അതിന്റെ യഥാർത്ഥ കാരണം കിട്ടിയിട്ടില്ല. അതിനെ കുറിച്ചു കൂടുതൽ വിശദീകരിക്കാനോ ചോദ്യം ചെയ്യാനോ പാടില്ലന്നാണു ശാസന.( ശൈത്താൻ പിന്നെ നമ്മുടെ മേലേക്കു കയറുമെത്രേ!)

    നിലാവ്‌:-
    യഥാർത്ഥ തീമിന്റെ ക്വാട്ടിംഗിനു ഒരു ഷേക്ക്‌ ഹാൻഡ്‌.

    ജുനൈദ്‌:-
    കഥാപാത്രങ്ങളുടെ യഥാർത്ഥപേരിൽ നിന്നു കൂടുതൽ ആസ്വദിക്കാനാവുന്നുണ്ടാവും. പക്ഷെ എനിക്കു നാട്ടിലേക്കു വരാനാവുമോ എന്നാണു ഓരോ പോസ്റ്റിംഗു കഴിയുമ്പോഴുമുള്ള ഭീതി.

    hAnLLaLaTh:- വായനക്കും കിടിലൻ കമണ്ടിനും നന്ദി.

    ബജി ഓടംവേലി:-
    നന്ദി, അഭിപ്രായത്തിനും സാന്നിദ്ധ്യമറിയിച്ചതിന്നും.

    സമദ്‌ ഇരുമ്പുഴി.:-
    വായനക്കും കമണ്ടിനും നന്ദി.
    സമദു പറഞ്ഞ ആ പ്രതിഭാസം കുറുക്കനിളകലാവും( അപസ്മാരം) ഇതു അതല്ല.
    ഇതു അതിതീവൃമായ ദുഖമോ സന്തോഷമോ വരുമ്പോൾ വളരെയധികം മാനസീക നിയന്ത്രണങ്ങൾ ശീലിച്ച സ്ത്രീകളിലും മറ്റുള്ളവരാൽ നിയന്ത്രണങ്ങളിൽ അടിമകളാക്കപ്പെട്ട സ്ത്രീകളിലും (കൂടുതൽ) അവർ അറിയാതെ പുറപ്പെടുവിക്കുന്ന അപശബ്ദമാണിത്‌.
    ഇപ്പോൾ ഇതു വളരെ കുറവാണ്‌. സ്ത്രീകൾ സങ്കടവും സന്തോഷവും പ്രകടിപ്പിച്ചു തന്നെ തീർക്കുന്നു. അല്ലാതെ പണ്ടത്തെപ്പോലെ ഒതുക്കിയമർത്തിവെച്ചിരുന്നില്ല.
    കൂടുതൽ അറിയാവുന്നവർ ആരെങ്കിലും കാണുമെന്ന വിശ്വാസത്തിലാണു ഇതു ബ്ലോഗിലിട്ടത്‌.
    നിനക്കും ഒരു റിസർച്ചാവാം...:)

  13. C.K.Samad പറഞ്ഞു...
    രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
  14. C.K.Samad പറഞ്ഞു...

    മാഷേ..വളരെ ശരിയാണ്.ഞാന്‍ ഉദ്ദേശിച്ചതും അത് തന്നെ. "കുറുക്കനിളകുക" എന്ന് ഞാന്‍ ഉദ്ദേശിച്ചത് പ്രഷര്‍കുക്കര്‍ പോലെ പൊട്ടി പുറത്തു വരുന്ന അവസ്ഥയാണ്. (But not EPILEPSY). (മാഷ്‌ പറഞ്ഞ സന്തോഷത്തില്‍ വരുന്ന out burst ഞാന്‍ ഇവിടെ പറയുന്നില്ല.) എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍ ചില സ്ത്രീകളില്‍ കാണുന്ന ഒരു തരം മാനസിക അവസ്ഥയാണ്‌. അവയില്‍ മിക്കവയും ഒരുതരം അഭിനയ മാണെന്നും അവരുടെ മുതിര്‍ന്നവരില്‍ കണ്ട പ്രകടനങ്ങള്‍ അനുകരിക്കുകയാണ് ചെയ്യുന്നതെന്നും ആണ് ഞാന്‍ അന്ന് അറിഞ്ഞത്. അതിനാലാണ് മാനസികവും അല്പം അഭിനയവും കൂടിയ അത്തരം അവസ്ഥയില്‍ നിന്ന് റിക്കവര്‍ ആവാന്‍ അമോണിയ പോലുള്ള sringent smell ഉള്ള രാസവസ്തു മണപ്പിക്കുന്നതുo,അതോടെ അവര്‍ പെട്ടന്ന് ഭോധം തെളിയുന്നതും.
    ഞാന്‍ പറയുന്നത് മുഷിപ്പിക്കുന്നില്ല എന്ന വിശ്വാസത്തില്‍ തുടര്‍ന്നോട്ടെ.
    ലോകത്തിലെ ആത്മഹത്യയുടെ തലസ്ഥാനമാണ് സൌത്ത് ഇന്ത്യ. അതില്‍ മുന്നില്‍ നില്‍ക്കുന്നത്‌ നമ്മുടെ സാക്ഷര കേരളമാണ്. മുമ്പുള്ള ഒരു കണക്കനുസരിച്ച് ഓരോ ദിവസവും 32പേരാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നത്. അതില്‍ സ്ത്രീകളാണ് മുന്നില്‍.(Reported in THE LANCET, British Medical Journal).ഈ ഒരു ഭയാനക മായ അവസ്ഥയുടെ കാരണങ്ങളിലേക്ക് കേരളതിലെ മെന്റല്‍ ഹെല്‍ത്ത്‌ പ്രോഗ്രാമിന്റെ നോടല്‍ ഓഫീസറും, ഏക്സ്പെര്‍ട്ടു മായ ഡോക്ടര്‍ വിജയചന്ദ്രന്‍ കണ്ണോടിചതില്‍..family conflict, domestic violence, accadamic failure, and un fulfiled romantic ideas...എന്നിവയാണ്. ഇത് കേരളത്തെ മൊത്തമായി പറഞ്ഞതാണ്. എന്നാല്‍ മലപ്പുറം പോലുള്ള മുസ്ലിം മതവിശ്വാസികള്‍ കൂടുതലുള്ള പ്രദേശത്ത് ആത്മഹത്യാ നിരക്ക് താരതമ്മ്യേന കുറവായിരിക്കും. മുസ്ലിം സ്ത്രീകളില്‍ പ്രതേകിച്ചും.(അവരില്‍ മതവിശ്വാസ തീവ്രത കൂടുതലുള്ളതും ഖുറാന്‍ പാരായണവും അതുപോലെ ജീവഹത്യ ദൈവ നിഷേധ മായതിനാലും) മുന്‍ കാലങ്ങളില്‍ അത് അതിലും കുറവായിരുന്നിരിക്കും. അതിനാല്‍ അവരുടെ family conflict, domestic violance എന്നീ വിഷയങ്ങളില്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്തപെട്ടത് ഒരു അവസ്ഥ യില്‍ out burst ആയാല്‍ .........! "പേടിപ്പിച്ചും ദണ്ഢിപ്പിച്ചും അമർത്തി വെപ്പിക്കുന്ന അതി സങ്കടവും തീവൃസന്തോഷവും അവർ അറിയാതെ പൊട്ടിപ്പുറത്തു വരുമ്പോൾ അതിനെ ശൈത്താൻകൂക്കെന്നു പേരിട്ടു വിളിക്കുന്നതിലെ അജ്ഞത"........