ശനിയാഴ്‌ച, മേയ് 26, 2018

സപ്രൈസ് ഗിഫ്റ്റ്

മൂസാക്കാന്റെ മൊബൈലിലെ  കലണ്ടറാപ്പിൽ ഒരു  ഓർമ്മപ്പെടുത്തൽ മെസേജ് വന്നു.
25ാമത് വിവാഹവാർഷികമാണ് നാളെ..
മൂസാക്ക ചിന്തിച്ചു.
ഇക്കുറി എന്തെങ്കിലും സമ്മാനം വാങ്ങിക്കൊടുക്കണം. പാത്തൂനോടു തൊഴിലൊറപ്പ് പണിക്ക് പോണ്ടാന്ന് പറഞ്ഞു വെലക്ക്യേത് ഞാനാ...!
വരുമാനം മുട്ട്യ ഓളോട് വിവാഹ വാർഷികാഘോഷത്തിനു തുല്യ ബാധ്യതയാണെന്ന് പറഞ്ഞൊഴിയാൻ പറ്റില്ല.
ഇപ്രാവശ്യം ഒരു സാരി വാങ്ങിക്കൊടുക്കണം. സാരിയായാൽ വേറൊരു മെച്ചവുമുണ്ട്.  ഇപ്പ ഡ്രസ്സെടുത്താൽ പെരുന്നാൾക്കു വേറെ പുത്തൻ കോടി വാങ്ങേണ്ട.
സർപ്രൈസ് ഗിഫ്റ്റാക്കാം.
പക്ഷെ അവളു സെലക്ട് ചെയ്തതല്ലാത്ത വസ്ത്രം അവൾക്കു പിടിക്കില്ല. വാങ്ങിയവൻ മടക്കി കൊടുത്ത് ഊരയുളുക്കുമെന്ന് മൂസാക്കാക്ക് നല്ല പരിചയമുണ്ട്.
എന്താ ഒരു പോംവഴി...?
മൂസാക്ക ചിന്തയിലാണ്ടു.

(മൂസാക്ക ഇരു കയ്യുകൊണ്ടും സ്വന്തം തുടയിലടിച്ചു. നീട്ടി വിളിച്ചു)
*യുറേക്കാ...!*
പാത്തൂ...പാത്തൂ നീ ഒന്നിങ്ങട്ട്  വാ..!
പത്തിരി പരത്തുന്ന കുഴലുമായി പാത്തു പാഞ്ഞു വന്നപ്പോൾ മൂസാക്ക ആദ്യമൊന്നു പേടിച്ചു. പിന്നെ അനുനയത്തിൽ പറഞ്ഞു.
"ജ്ജ് ന്റെ കൂടെ തുണിഷോപ്പിൽക്ക് ഒന്നു പോരണം. ന്റെ ചങ്ങായിക്ക്, ഓന്റെ കെട്ട്യോൾക്ക് ഒരു സാരി വാങ്ങിക്കൊടുക്കണം. സർപ്രൈസ് ഗിഫ്റ്റാണ്. ഓന് സെലക്ഷനൊന്നും അറീല്യാ...അതാ അന്നോട് വാങ്ങിക്കൊടുക്കാൻ പറഞ്ഞത്. കായൊന്നും ഓന് പ്രശ്നല്ല."

പുതുതായി തുടങ്ങ്യ വെഢ്ഢിംഗ് മാളിലെ ഈദ് ഡക്കറേഷൻ കാണാലോന്ന സന്തോഷത്തിൽ പാത്തു കുളീം നനേം വേഗം തീർത്ത് പൗഡറിട്ടിറങ്ങി.
മൂസാക്ക മീൻ നാറുന്ന എം80 സ്റ്റാർട്ടാക്കാൻ തുടങ്ങ്യേപ്പൊ പാത്തു പറഞ്ഞു...
വേണ്ടാ...!
ഞാൻ ബസ്സിനു വന്നോളാം.
പാത്തൂനെ ഒറ്റക്ക് ബസ്സിൽ വിടാൻ ധൈര്യം വരാത്ത മൂസാക്കയും പിറകെ ബസ്സിനു കേറി.
വെഡ്ഡിംഗ് മാൾ ഒരു മുഗൾ കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു. വാതിൽക്കൽ കിന്നരിത്തലപ്പാവു വെച്ച കാവൽക്കാർ,
കയറിച്ചെന്നാൽ സ്വീകരിക്കാൻ വെട്ടിത്തിളങ്ങുന്ന വസ്ത്രമണിഞ്ഞ പരിചാരകർ.
പരിചാരികമാർ നയിച്ചു, മൂന്നാം നിലയിലാണ് സാരി വിഭാഗം.
പാത്തു പറഞ്ഞു "സാരി ഞാനൊറ്റക്ക് പോയെടുത്തോളാം. അവടെ മുയ് വൻ പെങ്കുട്ട്യാളെ തെരക്കായിരിക്കും. ഇങ്ങള് ആ മാസികേം നോക്കി ഇവടെ ഇരിക്കീൻ."
രണ്ടു മണിക്കൂർ കഴിഞ്ഞു ഒരു പൊതിയുമായി സെയിൽസ്മാൻ വന്നു. പിറകെ പാത്തുവും.
കൗണ്ടറിൽ പൈസയടക്കുമ്പോൾ മൂസാക്ക ബില്ലിലേക്കു നോക്കി.
ഓ.....! വലിയ തുകയൊന്നുമില്ല. ആശ്വാസമായി...!
അവളുടെ ഇഷ്ടത്തിന്ള്ള സാരി...!
മിതമായ വില...!
മൂസാക്ക കോളടിച്ച സന്തോഷത്തിൽ നടന്നു.
വീട്ടിലേക്കു വഴിയിൽ മൂസാക്ക പറഞ്ഞു
"നീ നടന്നോ..ഞാനിതു കൂട്ടുകാരനു കൊടുത്തിട്ടു വരാം."
പാത്തു വീട്ടിൽ പോയി ബാക്കി പണികളിൽ മുങ്ങിപ്പൊങ്ങി.
മൂസാക്ക വീട്ടിലെത്തിയത് പാത്തു കണ്ടില്ല, കയ്യിലെ സമ്മാനവും.
രാത്രി നോമ്പു തുറന്നപ്പോൾ മൂസാക്ക പ്രേമപൂർവ്വം പാത്തൂനെ ചാരെ വിളിച്ചു ചോദിച്ചു.
"പാത്തൂ നാളെത്ത ദിവസത്തിന്റെ പ്രത്യേകതയറിയുമോ?"
വെള്ളക്കോഴിനെ  പൊരുത്തിനു വെച്ച മുട്ട വിരിയുന്ന ദിവസമല്ലേ?"
അല്ലടീ..ബട്ക്കൂസേ..!
നാളെയാണ് നമ്മുടെ വിവാഹ വാർഷികം. അതും 25മത്തെ. അയിനു സിൽവർ ജൂബിലീന്നാ പറ്യാ.."
ഞാനതിന് അനക്കൊരു ഗിഫ്റ്റ് തരുണുണ്ട്, നീ ഇങ്ങോട്ടടുത്ത്ക്ക് ബാ"
പാത്തു അജബായി...!
ലോണിന്റെ അടവും കറന്റ് ബില്ലടക്കുന്ന തിയതിയും ഓർക്കാത്ത ഈ മനുഷ്യനിതെങ്ങനെ ഇത്ര കൃത്യമായി തിയതി ഓർത്തു വെക്കുന്നു?
മൂസാക്ക  ഗിഫ്റ്റ് പേപ്പറിൽ പുതുതായി പൊതിഞ്ഞ സാരിയെടുത്തു നീട്ടുന്നു. പാത്തു ആകാംക്ഷയോടെ റാപ്പർ വലിച്ചു കീറുന്നു.
നവരസങ്ങളിലെ ഭാവങ്ങൾ ആ മുഖത്തു വിടരുന്നതു കണ്ണിമ വെട്ടാതെ മൂസാക്ക നോക്കി നിൽക്കുന്നു.
പെട്ടെന്ന്..
കരുണം...
ശൃംഗാരം....
അത്ഭുതം... കഴിഞ്ഞ്
സാരി പുറത്തെടുത്തപ്പോൾ
രൌദ്രം....
ഭയാനകം...
ബീഭത്സത്തിൽ ക്രമം തെറ്റി വന്ന ഭാവമാറ്റം അവിടെ ഫുൾസ്റ്റോപ്പിട്ടു നിന്നു.
പിറകെ വന്നത് കുറച്ചു കഥകളിപ്പദങ്ങൾ.
#₹%#₹%&@
"ഇത് എനിക്ക്യേയിരുന്നോ? മനുഷ്യാ...! ?
ഇങ്ങളെ ഒരു ഒടുക്കത്തെ ഒരു സർപ്രൈസ് ഗിഫ്റ്റ്...!
പടച്ചോനെ...! ഒരു സൂചന തന്നില്ലല്ലോ നീയ്...!
എത്ര നല്ല നല്ല  സാരിണ്ടായിരുന്നവിടെ...!

പാത്തു സാരി ഒരു മൂലക്കെറിഞ്ഞു താടിക്കു കയ്യും കൊടുത്തു തന്നത്താൻ ശപിക്കാൻ തുടങ്ങി.

1 അഭിപ്രായ(ങ്ങള്‍):

  1. ഗൗരിനാഥന്‍ പറഞ്ഞു...

    ബല്ലാത്ത സർപ്രൈസായിപോയി