തിങ്കളാഴ്‌ച, മേയ് 28, 2018

മുദ്ര മോതിരം

കാനോൺ ക്യാമറക്ക്  18-55mm സെക്കന്റ് ഹാൻഡ് ലെൻസ് കിട്ടുമോന്നു തപ്പി ഒ.എൽ.എക്സിൽ. തെരഞ്ഞപ്പോഴാണ് ആ മോതിരം കണ്ടത്..!.
അതേ മോതിരം....!
അറേബ്യൻ സിൽവറിൽ ഇരട്ട ലൗ കല്ലു ചേർത്തു വെച്ച സ്ലിം റിംഗ് മോതിരം....!
സൂം ചെയ്തു വലുതാക്കി നോക്കി,
അതെ അതു തന്നെ...!
ഞാനെത്രയോ പ്രാവശ്യം കയ്യിലെടുത്തോമനിച്ചതാണത്.
ജില്ലാശുപത്രിയിലെ പ്രസവം കോംപ്ലിക്കേറ്റായ രോഗിക്കു ചോര കൊടുത്തപ്പോൾ അവളുടെ ഗൾഫുകാരനായ ഭർത്താവ് കീശയിലിട്ടു തന്ന കാശിനു വാങ്ങിയതാണ്.
അതിന്റെ ഒരു വശത്തു ഞാനുണ്ടാക്കിയ, എന്നിലുണ്ടാക്കിയ നിരാശയുടെ  പോറൽ...!
ഫോട്ടാവിൽ പോലും അത് വ്യക്തമായി കാണാം.
വിലയിട്ടതു നോക്കി. ₹2000.
കൂടെ ചേർത്ത നമ്പറിൽ വിളിച്ചു.
കാര്യങ്ങൾ അന്വേഷിച്ചു. ഒരു പയ്യനാണ്. എന്റെ തന്നെ നഗരത്തിലെ ഞാനറിയുന്ന ഒരു  അംഗനവാടിക്കടുത്തെ പെട്ടിപ്പീടികക്കാരൻ.
അവൻ കമ്മീഷൻ ഏജൻറാണ്.
സെക്കനെന്റ് സാധനങ്ങൾ ഒ.എൽ.എസിലിട്ടു വിറ്റാൽ അവനു കമ്മീഷൻ കിട്ടും.
"മോതിരം ഒരു ചേച്ചിയുടേതാണ്. 2000 രൂപക്ക് വിൽക്കാനാ പറഞ്ഞത്, 5% എനിക്കു കമ്മീഷൻ കിട്ടും ഒരാഴ്ചയായി പരസ്യമിട്ടിട്ട്, സാറാ ആദ്യം വിളിക്കുന്നത്."
അവൻ ബിസ്നസ് സംസാരിച്ചു.
"മോതിരം എനിക്കു വേണം. ഞാൻ രണ്ടു ലക്ഷം തരാം. അതിനു അതിലും മൂല്യമുണ്ട്, പക്ഷെ ഇപ്പോൾ അതു തരാനെ എനിക്കു നിർവ്വാഹമുള്ളൂ. പക്ഷെ വില നിന്റെ കമ്മീഷൻ കഴിച്ചു ബാക്കി മുഴുവൻ ആ ചേച്ചിക്ക് കൊടുക്കണം"
അവനു അത്ഭുതം കൊണ്ടും സന്തോഷം കൊണ്ടും വാ വിടർന്നിരിക്കണം. പതിനായിരം രൂപ ഒരു ഡീലിനു  കമ്മീഷൻ..! 
ഡീൽ സമയമുറപ്പിച്ചു...!
മോതിരം വാങ്ങി കാശു കൊടുക്കുമ്പോൾ ഒരു വട്ടം കൂടി ഓർമ്മിപ്പിച്ചു.
"വാങ്ങിയത് ആരാണെന്നു നീയും ആ ചേച്ചിയും അറിയേണ്ടാ..
ഒരു ലക്ഷത്തി തൊണ്ണൂറായിരം ആ ചേച്ചിക്കു കൊടുത്തില്ലെന്നു ഞാനറിഞ്ഞാൽ പിന്നെ നീ എന്നെ ശരിക്കറിയും."
പയ്യൻ ശരിക്കും പേടിച്ചിട്ടുണ്ടെന്നു തോന്നുന്നു. എല്ലാ ദുരൂഹതകളും  അവനെ അസ്വസ്ഥനാക്കി,
രണ്ടായിരം വിലയിട്ട മോതിരത്തിനു രണ്ട് ലക്ഷം തരിക, ആളാരാണെന്നു തെരക്കാതിരിക്കുക, അവനൊരധോലോകം ഡീൽ മണത്തു. പിന്നെ കമ്മീഷൻ തുക മാത്രമവനെ തൃപ്തനാക്കിയിരിക്കണം. അവൻ ഒ.കെ പറഞ്ഞു തലയാട്ടി.

മോതിരം സ്വന്തമാക്കി വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ ചിന്തിച്ചു
ഇനിയും എനിക്കെന്താണവളെ വെറുക്കാനാവാത്തത്?

മുപ്പത്തിമൂന്നു വർഷം മുമ്പാണീ മോതിരമണിയിക്കാൻ ക്ഷണിച്ചു വരുത്തിയ  ശാന്തമായിടത്ത് അതുവരെയില്ലാത്ത ഒരു വുഡ്ബിയുമായി വന്നു കയറി അവൾ  എന്റെ എല്ലാ ശാന്തിയും തകർത്ത്  വിട ചൊല്ലിയത്.
എല്ലാം മറക്കാൻ വർഷങ്ങളെടുത്തു. പ്രിയപ്പെട്ടതെല്ലാം വിട്ടു പാലായനം ചെയ്യേണ്ടി  വന്നു...!
പ്രവാസിയായി...!
എല്ലാം തേയ്ച്ചു മായ്ച്ചു വീണ്ടുമെഴുതി ജീവിതാക്ഷരങ്ങൾ മുമ്പത്തേതിനെക്കാൾ മികവായി..!
ജീവിതം നന്നായ് ആസ്വദിക്കുന്നതിനിടയിൽ...!
പിന്നെയുമവളെന്റെ ജീവിതത്തിലേക്കു പാളി നോക്കാൻ വന്നതെന്തിനായിരുന്നു?
മനസ്സിൽ തുറക്കാതെ പൊടി പിടിച്ചു കിടന്ന പ്രഥമപ്രണയ പുസ്തകം മുന്നിലേക്കു നീക്കി വെച്ചതെന്തിനായിരുന്നു.?
ഒരിക്കൽ കൂടി കാണണമെന്നു ആശ പറഞ്ഞതെന്തിനായിരുന്നു.?
അവളു പറഞ്ഞ സ്ഥലത്തേക്കു തനിച്ചു പോയതെന്തിനായിരുന്നു?
എല്ലാം മറന്നിട്ടും ഇരട്ടക്കല്ലുള്ള ആ മോതിരം അന്നേരം വീണ്ടും ഞാൻ  സൂക്ഷിച്ചതെനിതിനായിരുന്നു?
ആശയെ പട്ടിണിക്കിട്ടു കൊന്നിട്ടും ഉള്ളിലെ പ്രണയം മരിച്ചിട്ടില്ലെന്നു അവളെ  ബോധ്യപ്പെടുത്താനോ?
ഒന്നും എനിക്കറിയില്ല. എല്ലാം ആരോ തോന്നിച്ചതാണ്.
മോതിരം കാട്ടിയപ്പോൾ അവൾ ശരിക്കു കരഞ്ഞതല്ലേ..!
തന്നെ തിരസ്കരിച്ചതിന്റെ ഫലമാണ് ഞാനി ന്നനുഭവിക്കുന്ന ദാരിദ്ര്യ ശാപമെന്നു തുറന്നു പറഞ്ഞതാത്മാർത്ഥതയോടെയല്ലേ?
അതു കൊണ്ടല്ലേ ആ മോതിരം ഇനിയെങ്കിലും  എനിക്കു സമ്മാനിക്കാമോ എന്നു ചോദിച്ചപ്പോൾ ആ അഭ്യർത്ഥന ഒരു  പ്രണയവഞ്ചനയുടെ പശ്ചാതാപമെന്നു കരുതി ഞാൻ സമ്മാനിച്ചത്.
ഞാനൊരു പാവം.
വെറും പാവം.
ദാരിദ്യം കൊണ്ട് എന്തും വിൽപ്പിക്കുന്ന  അവസ്ഥയിലെത്തിയ അവളല്ലേ എന്നെക്കാൾ പാവം. !

1 അഭിപ്രായ(ങ്ങള്‍):

  1. ഗൗരിനാഥന്‍ പറഞ്ഞു...

    ദാരിദ്ര്യം പ്രളയം പോലെയാണ്.. ഒന്നുംബാക്കിവെക്കാതെ മുക്കി കളയും