വ്യാഴാഴ്‌ച, മേയ് 03, 2018

ഹാഫെകൊറോണ

ഹാഫ് എ കൊറോണ.
കഥ:  കരീം മാഷ്. തോണിക്കടവത്ത്.
----------------------------------------------------------
നട്ടപ്പാതിരാക്ക് മൂന്നാലു ഇടി ഒന്നിച്ചു വെട്ടിയപ്പോൾ ഡിറ്റക്ടീവ് മാർക്സ് ഞെട്ടിയുണർന്നു...

മഴ ....!
ശക്തമായ മഴ...!!
മാർക്സ് മുന്നിലെ ചുമരിലെ റേഡിയം ഡയലുള്ള ക്ലോക്കിൽ നോക്കി.
മെയ് 2ൽ നിന്നു മൂന്നിലേക്കു ചാടാൻ നിൽക്കുന്ന ദിവസവും, മണിക്കൂറും, മിനിറ്റും...!
കുളിരു കൂടിയപ്പോൾ ഡിറ്റക്ടീവ് മാർക്സിൻെറ വലതു കൈപ്പത്തി ബെഡ്ഡിൽ പതിയെ, നല്ലപാതിയെ തെരഞ്ഞു...
മാർക്സ് ഞെട്ടി....!
ബെഡിൽ അവളെ കാണാനില്ല.
മാർക്സിനു തൻെറ പടച്ചോൻ  കോട്ടയം പുഷ്പനാഥിനെ ഓർമ്മ വന്നു.
ഇന്നാ ദേഹം മണ്ണു സ്വീകരിച്ച ദിനമാണ്.
എവിടെ നിന്നോ കുറുനരികൾ ഓരിയിട്ടു. അകമ്പടിയായി മൂങ്ങയുടെ മൂളലും, കൂട്ടിനു  പട്ടികളുടെ തേങ്ങലും...!

ഒരു തണുത്ത പിശറൻ കാറ്റ് ആല്പസ് പർവ്വത നിരകളിൽ നിന്നും പറപ്പെട്ട് ഇരുമ്പുഴി ആല്യേപറമ്പിനെ തഴുകി വടക്കോട്ടു ചൂളം വിളിച്ചു കടന്നുപോയി.
അങ്ങ് ദൂരെ നിന്ന് ഒരു കുതിര കുളമ്പടി ശബ്ദം പോലെ കലയത്തെ  അവുളാക്കാൻെറ പശു സ്വന്തം  തൊഴുത്തിലെ പനമ്പാത്തിയിൽ മൂന്നു വട്ടം കുളമ്പടിച്ചു...
ടക് ടക് ടക്...

മെത്ത മുഴുവൻ തപ്പിയിട്ടും  മാഡത്തിൻെറ മേനിയുടെ ചൂടേൽക്കാതെ മാർക്സിൻെറ വിരൽ നിന്നു വിറച്ചു.
ഡിറ്റക്ടീവ് ഡിറ്റക്റ്റീവ് മാർക്സിൻ കിടന്ന കിടപ്പിൽ ബെഡ് സ്വിച്ചിലേക്കു വിരൽ നീട്ടി....
തമസ്സിനെയകറ്റാൻ ഒരു ജ്യോതിയും വന്നില്ല..
ഇരുട്ട് ആർത്തു ചിരിച്ചു.....
പരിഹാസത്തോടെ...!!
ഹ. ഹ. ഹാ.....!!!

ഡിറ്റക്റ്റീവ് മാർക്സിൻ അടക്കിപ്പിടിച്ച ഭയത്തോടെ.. എണീറ്റു...!
അതാ മുന്നിലൊരു കുഞ്ഞു വെട്ടം...!

സ്വന്തം ബെഡ്റൂമിലെ അറ്റാച്ച്ഡ് ബാത്ത് റൂമിൽ  നിന്നാണ്..
ഒരു  മിന്നാ മിനുങ്ങിൻെറ നുറുങ്ങു വെട്ടം.. !
അതിൻെറ വെട്ടമടിക്കുന്ന എതിർഭാഗത്തേക്ക് ഒന്നേ നോക്കിയുള്ളൂ. 
അവളുടെ മുഖം.. !
താടിയിൽ തുടങ്ങി നെറ്റിയിൽ ക്രമേണ അവസാനിക്കുന്ന. മഞ്ഞച്ച വെട്ടം....!!

"ഠീ..... നീ ഈ നട്ടപ്പാതിര നേരത്ത് എൻെറ മൊബൈൽ എടുത്ത് എന്താ നോക്കുന്നേ???. "
ഡിറ്റക്ടീവ് മാർക്സിനലറി.....!

"നിങ്ങൾ പകലും കൂടി മൊബൈൽ ടോയ്ലറ്റിൽ കൊണ്ടു പോകാൻ തൊടങ്ങ്യേൽ പിന്നെ എനിക്ക് നിങ്ങളെ ചെക്ക് ചെയ്യാമ്പറ്റിണില്യാ... ഇതിപ്പം അലാറം  വൈബ്രേഷനിൽ വെച്ച് എണീറ്റാ.. ഞാൻ രാത്രി നിങ്ങളറിയാതെ നിങ്ങളെ  നിരീക്ഷീക്കുന്നത്."

അവൾ അലറലോടലറൽ.....!

പിന്നെ അവൾ ശാന്തമായി....മയത്തോടെ...!!
"ഇതിലെ വാട്സ് ആപ്പിലെ പെണ്ണുങ്ങളൊന്നും ഒരു കുന്തവും പറയാറും എഴുതാറുമില്ലെ ?"
"ഫുൾ ബ്ലാങ്ക്...!"
"വെറുതെ എൻെറ സമയം പോയീ...."

അവൾ ഫോൺ ഡിറ്റക്ടീവ് മാർക്സിൻെറ  അടുത്തേക്കെറിഞ്ഞു....!
മാർക്സിൻ ഫോൺ എടുത്ത് അതിലെ വാട്സ് ആപ്പ് അരുമയോടെ തുറന്നു.

ഹാവൂ. ഭാഗ്യമായി... ഉറങ്ങുന്നതിന്നു മുമ്പ് സി. സി അടിച്ചതിന്ന്...!
സി.സി.ഓപ്ഷനെ കുറിച്ചവളറിയാതെ പോയതിന്.
😉

ഡിറ്റക്ടീവ് മാർക്സിൻെറ ഇടതു കൈ തൊട്ടകലെയുള്ള മങ്കയുടെ മേനിയുടെ ചൂട് കണ്ടെത്തിക്കഴിഞ്ഞു.
ഡിറ്റക്ടീവ് മാർക്സിൻ വലതു കൈ കൊണ്ടു ഹാഫ് എ കൊറോണ ആഷ്ട്രേയിൽ കുത്തിക്കെടുത്തി, ആ ചൂടിനടുത്തേക്കു പുതപ്പിനടിയിലുടെ ഇഴഞ്ഞുരുണ്ടു...

(തുടരും.....)

പ്രണാമം പ്രിയ എഴുത്തുകാരാ കോട്ടയം പുഷ്പനാഥ്... 😥