ചൊവ്വാഴ്ച, നവംബർ 26, 2019

ടിക്ടോക്ക് കാലം

പാത്തു ഇന്നലെ അതിരാവിലെ ബസ്സിൽ മഞ്ചേരിയിൽ പോകുകയായിരുന്നു. യാത്ര ധൃതിയിലായിരുന്നതിനാൽ മെയ്ക്കപ്പിനും മെയ്ക്കോവറിനും സമയമില്ലാതെ ഉട്ടുടുത്ത മാക്സിക്കു മേൽ പർദ്ദ ഇറക്കിയായിരുന്നു വേഷപ്പകർച്ച. ബസ്സ് കിട്ടി. സീറ്റ് കിട്ടിയില്ല.  മേലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചപ്പോൾ കീഴെ കാലുകൾ നിലം വിട്ടു. കലക്ട്രേറ്റ് തൊടിയിലെ വവ്വാലിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടുമാടിക്കളിക്കുന്നേരം പിറകിലെ സീറ്റീൽ നിന്നു പാത്തൂന്റെ സീറ്റിന്മേലാരോ തോണ്ടി. 
ഒരു #metoo മാറ്റർ എന്നു ചിന്തിച്ചു പാത്തു തിരിഞ്ഞു നോക്കുമ്പോൾ ഒരു കന്യക. വൃക്ഷികത്തിന്റെ കുളിരും, നെറ്റിയിൽ ചന്ദനത്തിന്റ വരയും, തുമ്പപ്പൂവിന്റെ വിശുദ്ധിയുമുള്ള, പട്ടു പാവടയുടുത്ത പുലർകാല ബാലിക.
സ്വന്തം സ്വീറ്റ് സീറ്റ് മുറിച്ചെടുത്ത് മീറ്റ് ഓഫർ ചെയ്യുന്ന 'ശബരി'യാണോ ഈ ബാലിക എന്നു കരുതി കമ്പിയിലെ പിടുത്തം വിട്ടു ഭൂമിയിൽ ലാൻഡ് ചെയ്തു. 
ബാലിക സ്നേപൂർവ്വം നീട്ടിയ കയ് ഷൈക്കാതെ ഹാൻഡിൽ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പാത്തു അവളിൽ നിന്നു അതു കേട്ടു.
"നബിദിനാശംസകൾ"
പാത്തുവിന്നു കണ്ണിൽ രണ്ടു തുള്ളി നിയന്ത്രണം വിട്ടുറ്റി.
ജീവിതതിതിലാദ്യമായാണ്.....!
സ്വന്തം ഖൗമീങ്ങളിൽ  പോലുമിന്നേവരെ ഉണ്ടായിട്ടില്ല.
ബാലിക പിടുത്തം വിട്ടു.
പാത്തു അവളുടെ മറ്റേ കയ്യിലേക്കു നോക്കി. സ്മാർട്ട് ഫോൺ, അതിൽ ഇഫക്ടുകൾ എനേബിൾ ചെയ്ത ടിക് ടോക്കിന്റെ ലൈവ് വീഡിയോ അപ്ലോഡ് വിൻഡോ..!
പാത്തു പ്ലിങ്ങി....വീണ്ടും ബസ്സിലെ കമ്പിയിൽ തൊങ്ങിക്കിടന്ന 'വേതാള'മാകാൻ, ഉയർന്നു നിലം വിട്ടു.