ഞായറാഴ്‌ച, ജൂലൈ 23, 2006

കൊഴുകൊഴുത്ത മായിന്‍ മൊല്ലാക്ക

ഇതു പത്തുമുപ്പതു കൊല്ലം മുന്‍പു നടന്ന കഥയാണേ.
മഹല്ലിലെ (ഇടവകയിലെ) എല്ലാ വീട്ടില്‍ നിന്നും ചാക്രികാവസരമെന്ന രീതിയിലായിരുന്നു മുദരിസ്സിന്നു(മുഖ്യ പുരോഹിതനു) ശാപ്പാട്‌.
ആറു തട്ടുള്ള കണ്ടയ്നറില്‍(ചോറ്റു പാത്രം) ഇമാമിനു ഭക്ഷണം വന്നാല്‍ ഇമാം വളരെ കുറച്ചെ കഴിക്കാറുള്ളൂ.
ബാക്കി മുഴുവന്‍ കാലിയാക്കുന്നതും പാത്രം കഴുകി വെക്കുന്നതും മായിന്‍ മൊല്ലാക്കയുടെ പണി.
എല്ലാ ദിവസവും ആടും കോഴിയും താറാവുമായി മായിന്‍ മൊല്ലാക്കക്ക്‌ ഭക്ഷണം കുശാല്‍.
അതിനാല്‍ മായിന്‍ മൊല്ലാക്ക മതിവരുവോളം തിന്നു തടിച്ചു.

മായിന്‍ മൊല്ലാക്കക്ക്‌ മഹല്ലിലെ എല്ലാ വീടുകള്‍ തോറും പരദൂഷണം വിളമ്പലും ആ വീട്ടുകാര്‍ വിളമ്പിയതു കഴിക്കലും അല്ലാതെ വേറെ കാര്യമായ പണിയൊന്നുമില്ല.
പണ്ടൊക്കെ പള്ളിമുറ്റം അടിച്ചു വാരലും ബാങ്കു വിളിക്കലും ഹൗളില്‍ (അംഗ ശുചീകരണത്തിനുള്ള ജലസംഭരണിയില്‍) വെള്ളം നിറക്കലും എല്ലാം മുക്രിയുടെ ജോലിയായിരുന്നു.
മായിന്‍ മൊല്ലാക്ക മുക്രിയായതോടെ മഹല്ലുകളിലെ വീടുകള്‍ തോറും ചെന്ന്‌ ഭക്ഷണം കൊണ്ടുവരുന്ന ജോലി മാത്രം ഏറ്റെടുത്ത്‌ ബാക്കിയുള്ളവ മുദരിസ്സാവാന്‍ വന്ന അപ്രണ്ടീസുകള്‍ക്ക്‌ ദയാപൂര്‍വ്വം വിട്ടു കൊടുത്ത്‌ മായിന്‍ മൊല്ലാക്ക തിന്നു മദിച്ചു തടിച്ചുകൊഴുത്തു .

കാ-പണിയും മുക്കാ-പാരയുമായി നടന്ന മായിന്‍ മൊല്ലാക്ക പള്ളിയും പടപ്പുകളെയും അടക്കി ഭരിച്ചു. ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അയാളെ പേടിയും വെറുപ്പുമായിരുന്നു.
നിസ്സാര കാര്യങ്ങള്‍ക്കുപോലും വല്ലാതെ വഴക്കു പറയും.
പൊതു ചടങ്ങുകളില്‍ വെച്ച്‌ തക്കം കിട്ടിയാല്‍ എല്ലരെയും അപമാനിക്കും.

അങ്ങനെ നാട്ടിലെ ഒരു പണക്കാരന്റെ വീട്ടില്‍ എല്ലാര്‍ക്കും ദിക്‍റിനു (70000 പ്രാവശ്യം സ്‌ത്രോത്രം ചൊല്ലുക) ക്ഷണം കിട്ടി.
മരണവീട്ടില്‍ നാല്‍പതാം ദിവസമാണു ദിക്‍ര്‍ ഉണ്ടാക്കുക.
70000 ത്തെ വന്നിട്ടുള്ള ആളുകളുടെ എണ്ണവുമായി ഹരിച്ച്‌ അത്രയും പ്രാവശ്യം സ്‌ത്രോത്രം ചൊല്ലിയാല്‍ മരിച്ചയാളുടെ ചെറുപാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് വിശ്വാസം (പണമുള്ളവരുടെ) .

ദിക്‍റിനു (പ്രാര്‍ത്ഥനക്കു)പോയാല്‍ കാശും മുട്ടന്‍ ശാപ്പടും കിട്ടും.
ചെമ്പില്‍ വെന്ത ചോറു ചെറു കുന്നു പോലെ കൂട്ടിയിട്ട്‌ അതിനു മുകളില്‍ കോണ്‍ക്രീറ്റ്‌ മിക്സിനു വെള്ളമൊഴിക്കാന്‍ കുഴിക്കുന്നതു പോലെ കുഴി കുത്തി അതില്‍ മോരൊഴിച്ച്‌ ചുറ്റും വട്ടമിട്ടിരുന്നു കഴിക്കുന്ന സദ്യ.
പപ്പടവും ഇറച്ചിയും കൈകടുപ്പവും നൈപുണ്യവും ഉള്ളവര്‍ക്ക്‌ പറഞ്ഞത്‌.
പപ്പടം മുകളില്‍ നിന്നിടുമ്പോഴേ ശൂന്യതയില്‍ അപ്രത്യക്ഷമാകും.

ഇനി കാശു വിതരണത്തിന്റെ കാര്യം.
മുന്നിലെ വരിയിലുള്ളവര്‍ക്ക്‌ കൂടുതല്‍ കാശും പിറകിലേക്കു വരുന്തോറും അവരോഹണക്രമത്തിലായിരിക്കും കിട്ടുന്ന സംഖ്യ .
കാരണം മുമ്പിലുള്ളവര്‍ ആദ്യം വന്നവരും ഏറെ നേരം ദിക്‍ര്‍ ചൊല്ലിയവരുമായിരിക്കും.
അവസാനം വരുന്നവര്‍ കാശു വിതരണത്തിന്റെ സമയം കണക്കാക്കി എത്തുന്ന വിരുതന്മാര്‍.

മായിന്‍ മൊല്ലക്ക എപ്പോഴും വൈകിയേ എത്താറുള്ളൂ.
കാരണം ദിക്‍റില്‍ അയാള്‍ക്ക്‌ താല്‍പര്യക്കുറവും കാശില്‍ തല്‍പര്യക്കൂടുതലും ആണല്ലോ.
പതിവുപോലെ മായിന്‍ മൊല്ലാക്ക ദിക്‍റു കഴിയുന്നതുവരെ പുറത്തു ചെമ്പിനടുത്തും, അടുക്കളയിലും കറങ്ങി നടന്നു.
കാശു വിതരണത്തിന്റെ തൊട്ടു മുന്‍പ്‌ മുന്‍ നിരയില്‍ ഒരു പഴുതു തേടി നടന്നു.
അവസാനം ഞങ്ങള്‍ കുട്ടികള്‍ ഇരിക്കുന്നതിനിടയില്‍ ഒരു ചെറിയ പഴുതു അയാള്‍ സൂക്ഷ്മദൃഷ്ടികൊണ്ടു കണ്ടു പിടിച്ചു.
ആ ഒഴിവിന്നിടയില്‍ ഇരുകയ്യും ഇട്ടു അകറ്റി ഇടമുണ്ടാക്കി അയാള്‍ അവിടെക്കയറിയിരുന്നു.
അതോടെ ഞങ്ങള്‍ രണ്ടു പേര്‍ വരിയില്‍ നിന്ന്‌ പുറത്തേക്കു മുഴച്ചു നിന്നു.
ബാലന്‍സു കിട്ടതെ ഇപ്പോള്‍ ജയനെ മിമിക്രിക്കാരു കാട്ടുന്നതു പോലെ ഞങ്ങള്‍ ആടിയുലഞ്ഞു. ദേഷ്യത്തോടെ മായിന്‍ മൊല്ലാക്കാനെ നോക്കിയപ്പോള്‍ അയാളുടെ വിശദീകരണം ഇത്തിരി ഉച്ചത്തിലായിരുന്നു.

"പ്രാര്‍ത്ഥനക്കുള്ള വരികള്‍ക്കിടയില്‍ ഗ്യാപ്പുണ്ടാവാന്‍ പാടില്ലന്നറിയില്ലേ? ഗ്യാപ്പുണ്ടായാല്‍ അവിടെ ഇബ്‌-ലീസു (പിശാച്‌) കേറി നില്‍ക്കുമെന്ന് നിങ്ങള്‍ പഠിച്ചിട്ടില്ലേ?"
അയാളുടെ ഉണ്ടക്കണ്ണുകള്‍ ഒന്നു കൂടി ഉരുട്ടി ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കി.

എനിക്കു വല്ലതെ ദേഷ്യം വന്നു.
ചെയ്യുന്നതോ അനീതി, അതിന്ന്‌ ഹദീസിന്റെ (പ്രവാചക വചനത്തിന്റെ) ദുര്‍വ്യഖ്യാനവും.
പെട്ടന്നാണു വരും വരായ്കള്‍ അറിയാതെ ഉടനെ ഉച്ചത്തില്‍ പ്രതികരിച്ചത്‌.
" അറിയാമായിരുന്നു. പക്ഷെ ഇപ്പോളാണു ബോധ്യമായത്‌".

അതു കേട്ടു മരണവീട്ടില്‍ ദിക്‍റിനു വന്നവരെല്ലാം പരിസരം മറന്നു ചിരിയോടു ചിരി.
ആരെങ്കിലും മൊല്ലക്കാക്കൊരു കൊട്ടു കൊടുക്കുന്നതു കാത്തിരിക്കുകയായിരുന്നു എല്ലാരും.

മായിന്‍ മൊല്ലാക്കാക്കു ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ ആദ്യം മനസ്സിലായില്ല.
പക്ഷെ ഇത്തിരി കഴിഞ്ഞപ്പോള്‍ മണ്ടക്കകത്തെ ട്യൂബ്ല് ലൈറ്റ്‌ കത്തി.
ഇവന്‍ എന്നെ ഇബ്‌ലീസാക്കിയല്ലോ എന്ന് അയാള്‍ക്ക്‌ മനസ്സിലായി.
ചുവന്നു തുടുത്തു ആപ്പിളു പോലിരുന്ന മൊല്ലക്കാന്റെ മുഖം കുമ്പളങ്ങ പോലെ വിളറി വെളുത്തു.

6 അഭിപ്രായ(ങ്ങള്‍):

 1. ചില നേരത്ത്.. പറഞ്ഞു...

  ഇതെവിടെ നടന്ന കഥയാ? ചോദിക്കാന്‍ കാരണം ഇത്തരമൊരു ആചാരം എന്റെ നാട്ടില്‍ (മലപ്പുറം -തിരൂര്‍) ഇല്ലായിരുന്നു..രസകരമായ വിവരണം..മൊല്ലാക്കയുടെ സ്വാഭാവം വളരെ സാമ്യം തോന്നുന്നു.

 2. പാപ്പാന്‍‌/mahout പറഞ്ഞു...

  ഇതും നല്ല വിവരണം. മായിന്‍ മൊല്ലാക്കയെ അസ്സലായി വര്‍‌ണ്ണിച്ചിരിക്കുന്നു.

 3. Kalesh Kumar പറഞ്ഞു...

  നന്നായിട്ടുണ്ട് കരീംഭായ്!

 4. ഫാര്‍സി പറഞ്ഞു...

  ." അറിയാമായിരുന്നു. പക്ഷെ ഇപ്പോളാണു ബോധ്യമായത്‌".
  ഇതു പോലെ കുറെ മോല്ലാക്കമാര്‍ ന്മ്മുടെ നാട്ടിലുണ്ട്...പരിചയവുമുണ്ട്.കഥയ്ക്ക് നന്ദി...

 5. അജ്ഞാതന്‍ പറഞ്ഞു...

  ഹഹഹ...നല്ല രസണ്ട് വായിക്കാനേക്കൊണ്ട്..

 6. അജ്ഞാതന്‍ പറഞ്ഞു...

  കഥ രസകരമാണ് . ഇത്തരം മോല്ലക്കമാര്‍ ദാരാളം സമൂഹത്തില്‍ ഉണ്ട് . പക്ഷേ എല്ലാ മോല്ലക്കമാരും ഒരുപോലെ അല്ലല്ലോ . മുനീര്‍ തുരുത്തി