ചൊവ്വാഴ്ച, ജൂലൈ 25, 2006

ഐ.ലവ്‌.യു.മിസ്‌രി മുദീറുല്‍ മുഹാസിബീനോട്‌ (അക്കൗണ്ട്‌സ്‌ മാനേജര്‍ )
 ഒരു യുദ്ധം കഴിഞ്ഞ്‌ ക്ഷീണിച്ച്‌, ഓഫീസില്‍ നിന്നു വീട്ടിലെത്തുമ്പോള്‍ മക്കള്‍ രണ്ടാളും വാതില്‍ക്കല്‍ തന്നെ കരഞ്ഞു കാത്തു നില്‍ക്കുന്നു. നാലു കണ്ണും കരഞ്ഞു കലങ്ങിയിരിക്കുന്നു.
ദൈവമെ! കാര്യമായ എന്തോ പ്രശ്‌നമുണ്ട്‌.
ഭാര്യയും തൊട്ടടുത്തുണ്ട്‌.(......
മനസ്സില്‍ പറഞ്ഞു അപ്പുട്ടാ...! ജുദ്ദം...! ദാ പിന്നെയും ജുദ്ദം...!)
ഫീസിന്റെ പ്രശ്‌നമാണോ? കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ ചെക്കു സ്കൂളിലെ മാഡത്തിന്റെ പേരില്‍ എന്റോര്‍സു ചെയ്‌തു കൊടുത്തതായിരുന്നു, അതെങ്ങാനും ബൗണ്‍സായോ?.

"എന്താ മോളെ പ്രശ്‌നം?"
(കുറക്കാവുന്നത്ര ബാസ്സു കുറച്ചു ചോദിച്ചു).

"പപ്പാ...! ഞങ്ങള്‍ ഇനി ആ സ്‌കൂളിലേക്കു പോകുന്നില്ല"
അവള്‍ തേങ്ങിക്കൊണ്ടാണ്‌ പൂര്‍ത്തിയാക്കിയത്‌.

"എന്തു പറ്റി ഇന്നലെ വരെ ആ സ്കൂളിനൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ?"
ഞാന്‍ ഭാര്യയോടു ചോദിച്ച.

 നല്ല കഴിവും ആത്മാര്‍ഥതയുള്ള ടീച്ചര്‍മാര്‍. രണ്ടാള്‍ക്കും ക്ലാസ്സില്‍ നല്ല റാങ്ക്‌, പിന്നെ ഇപ്പോള്‍ പുതുതായി എന്തു പറ്റി?  എന്റെ ചിന്ത നീണ്ടൂ.

കുട്ടികള്‍ രണ്ടാളും കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഉമ്മിയാണു നല്ലതെന്ന ഭാവത്തില്‍ അവളുടെ മുഖത്തേക്കു നോക്കി.
ഭാര്യ മുഖവുരയോടെ പറഞ്ഞു.

"ഇന്നു രണ്ടാളും ഒരു ബലൂചി പെണ്‍കുട്ടിയില്‍ നിന്ന്‌ പിടിപ്പത്‌ അടി വാങ്ങിയാ വന്നിരിക്കുന്നത്‌.......!
 ദേ! പിച്ചു കൊണ്ടയിടം ഇപ്പൊഴും ചുവന്നിരിക്കുന്നു".
ഭാര്യ എരിവു കേറ്റി. 
രണ്ടാളും പിച്ചു കിട്ടിയിടം ഡമോണ്‍സ്‌ട്രേറ്റു ചെയ്‌തു. ഞാന്‍ നോക്കി. ശരിയാണ്‌....., സംഗതി സീരിയസ്‌. കേന്ദ്രം ഇടപെടേണ്ട കേസ്സു തന്നെ.

"ഇക്കോലത്തില്‍ കുട്ട്യാളെ ഉപദ്രവിച്ചാലെങ്ങനെയാ ആ സ്‌ക്കൂളിലേക്കു ഞാന്‍ എന്റെ കുട്ട്യാളെ അയക്കുന്നത്‌?".
അവള്‍ അരിശം കൊണ്ടു.

എനിക്കും വല്ലാതെ നൊന്തു. ഉപദേശിക്കുകയല്ലാതെ ഞാനും ഇതുവരെ അവരെ ശിക്ഷിച്ചിട്ടില്ല. അതിന്ന്‌ അവര്‍ അവസരം ഉണ്ടാക്കിയിട്ടില്ല.
"എന്താണിപ്പോ ഈ സംഗതിക്കു കാരണം?. എന്താ ആ ബലൂചി കുട്ടിയുടെ പേര്‌". ഞാന്‍ ചോദിച്ചു.
"ആയിഷാ ഖുദാ ബക്ഷ്‌"

"എന്തിനാ അവള്‍ നിങ്ങളെ ഉപദ്രവിച്ചത്‌?".

വീണ്ടും ഭാര്യ തന്നെയാണു വിശദീകരിച്ചത്‌..
"സ്‌ക്കൂളില്‍ നിന്നു തിരിച്ചു വരുമ്പോള്‍ സ്‌ക്കൂള്‍ബസ്സില്‍ വെച്ച്‌ ഒരു മുതിര്‍ന്ന വികൃതി ബലൂചി ആണ്‍കുട്ടി ഒരു തുണ്ട്‌ കടലാസിലെന്തോ എഴുതി അതു കൊടുക്കാന്‍ നമ്മുടെ മോനോട്‌ പറഞ്ഞത്രെ. അനുസരണയുടെ നിറകുടമായ നിങ്ങളുടെ പൊന്നു മകന്‍ അതു കൃത്യമായി ആയിഷാ ഖുദാ ബക്ഷിനു തന്നെ കൊടുത്തു.
ആ തുണ്ടിനകത്തു "ഈ പുഴയും കടന്നു"വെന്ന സിനിമയില്‍ ദിലീപിന്റെ കാള വാലു പൊക്കിയപ്പോഴെ മന്‍ജു വാര്യര്‍ക്കു മനസ്സിലായ ഒരു വാക്യം ആയിരുന്നത്രെ!.
പക്ഷെ നമ്മുടെ കാളക്കുട്ടിക്കു വാല്‍ പൊക്കി ഓടാനറിയാത്തതിനാല്‍ ആയിഷാ ഖുദാ ബക്ഷെന്ന പശുവിന്റെ പിന്‍കാലു കൊണ്ടു ഉശിരന്‍ തൊഴി കിട്ടി.
ചോദിക്കാന്‍ ചെന്ന പുന്നാര ഇത്താക്കും കിട്ടി ആവശ്യത്തിന്ന്‌ തൊഴി".

അപ്പോള്‍ അതാണു കാര്യം.
"ഇപ്പോള്‍ തന്നെ വിളിക്ക്‌. ഹെഡ്‌മിസ്‌ട്രസ്സിനെ?"
ഞാന്‍ മൊബൈലു തപ്പി.
ഭാര്യ ഇടക്കു കയറി തടഞ്ഞു. "ടീച്ചറോടു പറഞ്ഞിട്ടു കാര്യമില്ല. സ്‌ക്കൂളില്‍ വെച്ചല്ല ഇതുണ്ടായത്‌ ബസ്സില്‍ വെച്ചാണ്‌. ബസ്സിന്റെ ഡ്രൈവറൊടും ക്ലീനറോടുമാ പറയേണ്ടത്‌".......
"ബസ്സിന്റെ ഡ്രൈവര്‍ തന്നെയാ ടീച്ചറുടെയും ...... അതിനാല്‍ ടീച്ചറോടു പറഞ്ഞാല്‍ മതി".
മക്കള്‍ ഇടപെട്ടു, "വേണ്ട പപ്പാ നമുക്കു ആ കുട്ടിയുടെ പാരന്റ്സിനോടു പറഞ്ഞാല്‍ മതി. അവളുടെ വീടു ഞങ്ങള്ക്കു‍ അറിയും"
"എന്നാലങ്ങനെയാവട്ടെ ഇപ്പോള്‍ തന്നെ പോകാം."
ഭാര്യ വിലക്കി.
 "നാളെ പോകാം.ഇന്നേരം ഒരു വീട്ടിലേക്കു പരാതിയുമായി പോകാന്‍ പറ്റിയ സമയമല്ല."
ഇന്നേരം പോയാല്‍ എന്റെ ഈ ക്ഷീണിച്ച അവസ്‌ഥയില്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറയുമോ എന്നു അവള്‍ ഭയപ്പെടുന്ന പോലെത്തോന്നി.
"ശരി, നാളെ രാവിലെ പോകാം"

പിറ്റേന്നു വെള്ളിയാഴ്ച്ച,
ഗള്‍ഫില്‍ അധികം പേരും അലാറം വെക്കാതെ നിഷേധിയാവുന്ന ദിവസം.
പക്ഷെ മക്കള്‍ ജീവിതത്തിലാദ്യമായി അലാറത്തിന്നു മുമ്പേ എണീറ്റു.
രണ്ടാളും എന്റെ നിരുത്തരവദിത്വമായ ഉറക്കത്തില്‍ രോഷാകുലരായി.
രണ്ടാള്‍ക്കും പല്ലുതേപ്പും കുളിയും ഒന്നും വേണ്ട. പക്ഷെ എനിക്കു പറ്റില്ലല്ലോ?
 ആദ്യമായി മക്കള്‍ പപ്പാന്റെ ശുചീകരണ പ്രക്രിയക്കു കാവല്‍ നിന്നു. എന്നും തിരിച്ചായിരിക്കും.
 ഞാനും എല്ലാം ധൃതിയില്‍ കഴിച്ചു. തലേന്നത്തെ രോഷം എനിക്കും അടങ്ങിയിട്ടില്ലായിരുന്നു.

"തല്ലും വക്കാണവും ഉണ്ടാക്കണ്ട. അന്യ നാടാ!..."
 ഭാര്യ ഇറങ്ങുമ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യമെടുത്തു."
കടിച്ചു കീറാന്‍ തോന്നി.
ഒരു രാത്രി മുഴുവന്‍ പിരികേറ്റിയിട്ട്‌ ഇപ്പോള്‍ വേദോപദേശം.
പക്ഷെ ഒന്നും പറഞ്ഞില്ല.
ഒരു കാര്യത്തിനു പോകുമ്പോള്‍ അരയത്തിപ്പെണ്ണു തപസ്സിരുന്നാലേ അരയന്‍ ആപത്തൊന്നും കൂടാതെ തിരിച്ചു വരൂന്നാ തകഴിയെന്ന മഹാന്‍ ചെമ്മീനെന്ന കിത്താബില്‌ പറഞ്ഞിരിക്കുന്നത്‌..,
 ഇതു യുദ്ധത്തിനാണ്‌ പോകുന്നത്‌.
 അതും ഓ"ഉമ്മുല്‍ ഖുവൈനിലെ മുത്തങ്ങ" എന്നു വിളിക്കുന്ന പ്രദേശത്ത്‌!
 ആദിവാസികളെക്കാള്‍ പ്രാകൃതരായ ബലൂചിസ്‌ഥാനികളുടെ ആവാസ സ്‌ഥലത്ത്‌!

കളരിപരമ്പര ദൈവങ്ങളുമായി ഒരു പരിചയവും ഇല്ലാത്തതിനാല്‍, ഒന്നര മാസം പോയി പിന്നെ കയ്യിന്റെ കെണുപ്പീന്നു തെറ്റിയപ്പോള്‍ പഠനം നിര്‍ത്തിയ,  മൗണ്ട് ടൂറിസ്റ്റിൻറെ ടെറസിലെ കരാ ട്ടേ ക്ലാസ്സിലെ ഗുരുവിന്റെ വസൂരിക്കലയുള്ള മുഖം ഓര്‍ത്തു.
റംലയിലെ ബലൂചി ഹൗസിഗ്‌ കോളനി ഒരുകണക്കിനു കോഴിക്കോട്ടെ ബംഗ്ലാദേശ്‌ കോളനി തന്നെ. ബംഗ്ലാദേശ്‌ കോളനിയില്‍ മയക്കുമരുന്നോ, ജലാറ്റിന്‍ സ്റ്റിക്കോ പിടിക്കാന്‍ പുതുതായി എത്തുന്ന വല്ല പോലീസെങ്ങാനും പോയാല്‍ പിന്നെ സ്‌റ്റേഷനിലെ ക്ലാര്‍ക്കിനു 'മെഡിക്കല്‍ റീ ഇമ്പേര്‍സ്‌മെന്റ്ബില്‍' എഴുതേണ്ട പണിയാവും.
ബലൂചി കോളനി എന്റെ കുട്ടികള്‍ക്കു നല്ല മന:പ്പാഠം.
 ആറരക്കു പിള്ളേരെ പിടിച്ചിട്ടു കോളനി മുഴുവന്‍ കറങ്ങി ബലൂചീകളെ മുഴുവന്‍ പെറുക്കി സ്കൂളിലെത്തുമ്പോള്‍ എട്ടുമണിയാവും.
ഒന്നര മണിക്കൂര്‍ അവര്‍ ഈ ബസ്സിനകത്തിരുന്നു ബലൂചി കോളനി നന്നായി കറങ്ങും.
 പിന്നെ അവര്‍ ബസ്സിനകത്തു കത്തു കൊടുപ്പു മാത്രമല്ല കല്യാണവും നടത്തിയില്ലങ്കിലേ അത്ഭുതമുള്ളൂ.

ചുറ്റിത്തിരിഞ്ഞു ആയിഷാ ഖുദാ ബക്ഷിന്റേതെന്നു മക്കള്‍ പറഞ്ഞ വീട്ടിന്റെ മുമ്പിലെത്തി.
 സമയം രാവിലെ ഏഴുമണി. ആരും എണീറ്റിട്ടുണ്ടാവില്ലന്നൂഹിച്ചു.
 എന്റെ ഉറക്കം കളഞ്ഞ്‌ ആയിഷാ ഖുദാ ബക്ഷിന്റെ തന്തേം തള്ളേം അങ്ങനെ സുഖിക്കണ്ട.
 കാളിംഗ്‌ ബെല്ല് നീട്ടിയടിച്ചു.
 കുറേ ഏറേ നേരം കഴിഞ്ഞപ്പോള്‍ ഗേറ്റ്‌ തുറക്കുന്ന "ക്രാ" എന്ന ഒച്ച കേട്ടു.
ഉറക്കച്ചടവുമായി വന്ന പെണ്‍കുട്ടി "ആയിഷാ ഖുദാ ബക്ഷു" തന്നെയെന്നു ഞാന്‍ മക്കളുടെ മുഖത്തെ ഭാവം കണ്ടു ഊഹിച്ചു.

അവരാദ്യമായി കണ്ടപ്പോള്‍ ഷേക്കമ്മാരു കാണുമ്പോള്‍ ചെയ്യുന്ന രീതിയില്‍ കെട്ടിപ്പിടുത്തവും "ഹലാക്കിന്റെ" ചുംബനവും. അതു കഴിഞ്ഞു അവള്‍ ഞങ്ങളെ വീട്ടിനകത്തേക്കു ക്ഷണിച്ചു.

 ആയിഷ ആദ്യം ഓടി അകത്തു കയറി.
എപ്പോള്‍ വേണമെങ്കിലും വാതില്‍ തുറന്നു പുറത്തു വരാനിടയുള്ള മിസ്‌റ്റര്‍ ആന്‍ഡ്‌ മിസിസ്സ്‌ ഖുദാ ബക്ഷുകള്‍ക്കു വേണ്ടി ഡയലോഗുകള്‍ മനസ്സിലുരുവിടുന്നേരം ടി.വി.യില്‍ സ്റ്റുഡിയോവിലിരുന്നു ലൈവു വാര്‍ത്തകള്‍ക്കു വേണ്ടി സംഘര്‍ഷമേഖലയിലുള്ള 'ഞങ്ങളുടെ പ്രതിനിധിയുമായി' ഫോണില്‍ ബന്ധപ്പെടുന്ന വിധത്തില്‍ ഭാര്യയുടെ ഇടക്കിടെയുള്ള ഫോണ്‍ വിളി അസഹ്യമായപ്പോള്‍ അതെടുത്ത്‌ ഓഫാക്കി.

അകത്തെ വാതില്‍ തുറന്നു വീണ്ടും ആയിഷാ ഖുദാ ബക്ഷു തന്നെ രംഗ പ്രവേശം ചെയ്‌തു.
 കയ്യില്‍ ഒരു ട്രേയില്‍ മാസാ ഡ്രിങ്ങ്സും ഒമാനി ഹലുവാ ചെറിയ കഷ്‌ണങ്ങളാക്കിയതും.
 അവള്‍ തന്നെ ഗ്ലാസ്സിലൊഴിച്ചു കുട്ടികള്‍ക്കു കെടുത്തു.
 അവര്‍ ചിരപരിചിതരെന്ന പോലെ എന്റെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാതെ ഒരു കൈ കൊണ്ടു മാസ കുടിക്കുകയും മറ്റെ കൈ കൊണ്ട്‌ ഹലുവ തിന്നുകയുമാണ്‌. ഞാന്‍ 'എയറു' പിടിച്ചു വീര്‍പ്പിച്ചു നിര്‍ത്തിയ ഗൗരവമെല്ലാം കാറ്റു പോയ ബലൂണിനെപ്പോലായി.

തീറ്റയും കുടിയും കഴിഞ്ഞു ആയിഷ ട്രേയുമായി അകത്തു പോയപ്പോള്‍ ഞാന്‍ ചോദിച്ചു.
"നമുക്കു എന്തിനാ അവള്‍ നിങ്ങളെ അടിച്ചതെന്നു ചോദിക്കെണ്ടെ?"

"ഈ പപ്പാക്കെന്താണ്‌? തീരെ ബുദ്‌ധി ഇല്ലേ?. ഞങ്ങള്‍ ഫ്രന്‍സ്‌ ആയതു പപ്പ കണ്ടില്ലെ.? അവള്‍ നമുക്കു സ്വീറ്റും ഡിങ്ക്സും തന്നില്ലേ. അവള്‍ നല്ല കുട്ടിയാണ്‌".

മോളുടെ ഉത്തരം കേട്ട്‌ ഞാന്‍ വളരെ ചെറുതായിപ്പോയ പോലെ തോന്നി.
ഇത്രയെങ്കിലും വിവേകം ലോകരാഷ്‌ട്രങ്ങളുടെ നേതാക്കള്‍ക്കുണ്ടായിരുന്നങ്കില്‍ ഒരൊ രാജ്യവും തങ്ങളുടെ ദേശീയ വരുമാനത്തിന്റെ പത്തും അറുപതും ശതമാനം പ്രതിരോധച്ചെലവുകള്‍ക്കു ധൂര്‍ത്തടിക്കേണ്ട കാര്യമുണ്ടോ?

ഉറങ്ങുന്ന രക്ഷിതാക്കളെ ശല്യപ്പെടുത്തണ്ടാന്നും പറഞ്ഞു, ആയിഷയോടു മഹസ്സലാമയും ചൊല്ലി, മന:സ്സമാധാനത്തോടെ, ഞങ്ങള്‍ മടങ്ങിപ്പോന്നു.

പക്ഷെ മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്തതിന്റെ പേരില്‍ പ്രഷറും പാല്‍പ്പിറ്റേഷനും കൂടിയ മറ്റൊരു കേസ്സു എന്നെത്തേടി വാതില്‍ക്കല്‍ തന്നെയുണ്ടായിരുന്നു.

21 അഭിപ്രായ(ങ്ങള്‍):

 1. രാജ് പറഞ്ഞു...

  ഉം ഗള്‍ഫെന്താണെന്നു ഗള്‍ഫന്മാരല്ലാത്തവര്‍ അറിഞ്ഞുതുടങ്ങുന്നേയുള്ളൂ. കരീമിന്റെ ബ്ലോഗ് ആ വഴിക്കുള്ള നല്ലൊരു വഴികാട്ടിയാണു്. ‘ഇത്രകാലവും’ എന്റെ മൂഢബുദ്ധിയില്‍ ഗള്‍ഫിലാരും ജീവിക്കുന്നില്ലെന്നായിരുന്നു ധാരണ.

 2. Sreejith K. പറഞ്ഞു...

  രസകരം കരിമാഷേ, കുട്ടികളുടെ സ്വഭാവം നന്നായി വരച്ച് കാട്ടിയിരിക്കുന്നു. അത് ഒരു ഉദാഹരണമായി എടുത്തതും മാതൃകാപരം.

 3. രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

  എന്തൊരു ഒഴുക്കാണു മാഷെ നിങ്ങളുടെ എഴുത്തിന്.
  തീരെ മടുപ്പില്ലാത്ത വായന. നല്ല വിഷയങ്ങള്‍.

 4. ബിജോയ്‌ മോഹന്‍ | Bijoy Mohan പറഞ്ഞു...

  സാക്ഷി പറഞ്ഞതിനോട്‌ ഞാന്‍ 100 ശതമാനം യോജിക്കുന്നു. എന്തൊരു ഒഴുക്കാ.......

 5. അരവിന്ദ് :: aravind പറഞ്ഞു...

  അതേയതേ..ഒട്ടും മടുക്കാത്ത വായന..
  രസകരമായി എഴുതിയീരിക്കുന്നു.

  ഇനിയും പ്രതീക്ഷിക്കുന്നു മാഷെ..:-)

 6. Unknown പറഞ്ഞു...

  ബൂലോഗത്ത് നിലവിലുള്ള ഒരു കൈയ്യിന്റെ വിരലിലെണ്ണാവുന്ന ‘ക്വാളിറ്റി’ എഴുത്തുകാരില്‍ ഒരാള്‍ താങ്കളാണ്. (എന്റെ കണക്കില്‍)

 7. അത്തിക്കുര്‍ശി പറഞ്ഞു...

  കരീം മാഷ്‌!!

  കഥ കൊള്ളാം.. നല്ല ആഖ്യാനം!!

  പിന്നെ, സമാനമായ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്‌!!

  പലതും കുട്ടികളില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു!!

  child is the father of man എന്നാണല്ലൊ!! (can be interpreted in this way too!)

  " ...ഒരു പാല്‍ച്ചിരി കാണുമ്പോഴതു മൃതിയെ മറന്ന് ചിരിച്ചേ പോകും! പാവം മാനവ ഹൃദയം!!"

 8. കരീം മാഷ്‌ പറഞ്ഞു...

  ഇന്നലെ രാത്രി ഉറക്കമൊഴിച്ചു വരമൊഴി വരച്ചതു വെറുതെയായില്ലന്നു അനുമോദനങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി. എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ആ കൊടകര ബസ്സു ഇനിയും കണ്ടില്ല (കൊഴകര,കൊഴകര,കൊഴകര,കൊഴകര.... സുന്ദരീടച്ചന്‍ കേറട്ടെ !,സുന്ദരീടച്ചന്‍ കേറട്ടെ ! സുന്ദരി കൂടെ കേറട്ടെ !

 9. bodhappayi പറഞ്ഞു...

  കൊള്ളാം മാഷേ, നല്ല വിവരണം... :)

 10. Visala Manaskan പറഞ്ഞു...

  അറിയാനും പറയാനും താമസിച്ചു.
  ഭൂലോഗം ഇപ്പോള്‍ എഴുത്തുകാരെക്കൊണ്ട് നിറയുകയാണ്.

  പണ്ട്, ഒരു പെരിങ്ങോടനും ഏവൂരാനും സൂവുമൊക്കെയേ ബ്ലോഗിന്റെ സ്വന്തം സാഹിത്യപുലികള്‍ എന്ന് പറയുവാന്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ അങ്ങിനെയല്ല.

  കരീം ബായിയുടെ എഴുത്തിന് വായനക്കാരനെ പിടിച്ചുനിറുത്താനുള്ള കഴിവുണ്ട്. അഭിനന്ദനങ്ങള്‍.

  താങ്കള്‍, കൊടകര വഴി വന്നതിലും കമന്റിയതിലും നന്ദി.

 11. myexperimentsandme പറഞ്ഞു...

  വളരെ നല്ല വിവരണം. ഇഷ്ടപ്പെട്ടു.

 12. Visala Manaskan പറഞ്ഞു...

  ...ആ കൊടകര ബസ്സു ഇനിയും കണ്ടില്ല (കൊഴകര,കൊഴകര,കൊഴകര,കൊഴകര.... സുന്ദരീടച്ചന്‍ കേറട്ടെ !,സുന്ദരീടച്ചന്‍ കേറട്ടെ ! സുന്ദരി കൂടെ കേറട്ടെ ..

  ഇത് വായിച്ചത്, ഞാന്‍ കമന്റിയതിന് ശേഷമായിരുന്നു!

 13. മുസാഫിര്‍ പറഞ്ഞു...

  നന്നായിട്ടു എഴുതിയിരിക്കുന്നു കരീം മാഷെ !
  ഈ ആയിഷാ ഖുദാ ബക്ഷ് ഡിപ്ലോമസിയില് കോണ്ടലിസ റൈസിനെ വെട്ടിക്കുംല്ലൊ .

 14. നന്ദു പറഞ്ഞു...

  കരീം മാഷെ,
  കഥ വളരെ നന്നായി.

  ജീവനുള്ള പ്രമേയം. വേണ്ടിടത്ത് വേണ്ടപോലെ പൊളിറ്റിക്കല്‍ കമന്റ്സ് കൊടുത്തതും കഥ ക്കു മിഴിവേകി.കുട്ടികള്‍ നിഷ്കളങ്കരാണ്. അവരുടെ കൊച്ചു കൊച്ചു പിണക്കങള്‍ കണ്ടില്ലെന്നു നടിക്കന്‍ ഒരു ഉപദേശവും ഈ കഥയിലുണ്ട്.
  തുടര്‍ന്നും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.


  നന്ദു.
  റിയാദ്

 15. Kalesh Kumar പറഞ്ഞു...

  കരീം ഭായ്, നിങ്ങളെ അങ്ങനെ വിളിക്കാനാ എനിക്കിഷ്ടം. കരിമാഷേ വേണ്ട. അങ്ങനെ വിളിക്കുമ്പോള്‍ എനിക്ക് മനസ്സില്‍ തോന്നുന്നത് “കരിപുരണ്ട മാഷേ“ എന്നാണ്.

  ഐ.ലവ്.യൂ സൂപ്പര്‍ ആയിട്ടുണ്ട്! രസകരം, അതേ സമയം നല്ല ഒഴുക്കും ഉള്ള വായന! കഥകള്‍ ഇനിയും പോരട്ടെ!

  ഉം അല്‍ കുവൈനിലെ മുത്തങ്ങയെക്കൂറിച്ച് അറിയാത്തവര്‍ക്കുവേണ്ടി ദാ ഇതൂടെ:

  ഇവിടെ ഉം അല്‍ കുവൈനില്‍ ടാക്സി ഓടിക്കുന്ന എന്റെയൊരു നാട്ടുകാരന്‍ സുഹൃത്ത് ഒരിക്കലെന്നോട് പറഞ്ഞു “ എടാ ഇന്ന് മുത്തങ്ങയിലേക്ക് ഒരു ഓട്ടം പോയി, അവിടെ ചെന്നിട്ട് അവസാനം ഓട്ടം വിളിച്ചവനുമായി ഉടക്കേണ്ടി വന്നു” എന്ന്. ഞാ‍നതുകേട്ട് അന്തം വിട്ടു. എവിടാ ഈ മുത്തങ്ങയെന്ന് ചോദിച്ചപ്പഴാ പുള്ളിക്കാരന്‍ പറഞ്ഞത്, “ബലൂച്ചി ഷാബിയ”യാ‍ണ് ടാക്സിക്കാരുടെ ഇടയില്‍ മുത്തങ്ങ എന്ന് അറിയപ്പെടുന്നത്.

  ഉം അല്‍ കുവൈനില്‍ നിന്ന് റാസ് അല്‍ ഖൈമയ്ക്ക് പോകുന്ന വഴിയില്‍ ഉം അല്‍ കുവൈന്‍ മെയിന്‍ റൌണ്ടെബൌട്ട് കഴിഞ്ഞ് മുന്നോട്ട് കുറേ ദൂരം പോകുമ്പോള്‍ റോഡിന്റെ ഇടത്തുവശത്തായാണ് ഈ സ്ഥലം. അവിടെ താമസിക്കുന്നവരില്‍ 90%വും പാക്കിസ്ഥാനികളാണ്. പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ നിന്നോ ഇറാനിലെ ബലൂച്ചിസ്ഥാനില്‍ നിന്നോ ഒക്കെ പണ്ടുകാലങ്ങളിലെങ്ങോ യു.ഏ.ഈയിലോട്ട് കുടിയേറിയവരാണിവര്‍.

  പണ്ടെങ്ങോ ദുബൈയില്‍ കുടിയേറി താമസിച്ചിരുന്ന ബലൂച്ചികളെ അവിടുത്തെ സര്‍ക്കാര്‍ കുടിയിറക്കിയപ്പോള്‍ അവര്‍ക്ക് പോകാന്‍ ഒരിടവുമില്ലായിരുന്നു. മറ്റെങ്ങും ആരും അവര്‍ക്ക് അഭയം കൊടുത്തില്ല. ഉം അല്‍ കുവൈനിലെ ഷെയ്‌ഖ് കാരുണ്യപൂര്‍വം അവര്‍ക്ക് ഉം അല്‍ കുവൈനില്‍ ഇടം കൊടുത്തു. അവര്‍ക്കായി പിന്നീട് ആ പ്രദേശം അനുവദിച്ചിട്ട് അവിടെ വീടുകളും വച്ചുകൊടുത്തു.

  “ബലൂച്ചി” ഭാഷ സംസാരിക്കുന്ന ഇവര്‍ ഇവിടെ യു.ഏ.ഈയില്‍ “മു-വത്തനി”കള്‍ (ജന്മനാടില്ലാത്തവര്‍) എന്ന് അറിയപ്പെടുന്നു. ഇവര്‍ക്ക് ഇവിടെ പൌരത്വം കിട്ടിയിട്ടില്ല. അതേ സമയം ഇവര്‍ക്ക് തിരിച്ച് പോകാന്‍ ഒരു നാടും ഇല്ല - കാ‍രണം ബലൂച്ചിസ്ഥാനില്‍ ഇവരുടെ സ്വന്തക്കാ‍ര്‍ ആരും ഉണ്ടാകില്ല. ഇവര്‍ തലമുറകളായി ഇവിടെ തന്നെ താമസിക്കുകയാണ്. ചിലരെയൊക്കെ ഇവിടുത്തെ സ്വദേശികള്‍ വിവാഹം കഴിച്ചു - അവര്‍ക്കൊക്കെ ഇവിടുത്തെ പൌരത്വം കിട്ടി. ഇവിടെ ഇവര്‍ ഇവിടുത്തെ പട്ടാളത്തിലുമൊക്കെ താഴ്‌ന്ന ജോലികള്‍ ചെയ്തും ഡ്രൈവറന്മാരായി ജോലി ചെയ്തും കൂലിപ്പണി ചെയ്തും ഒക്കെ അവര്‍ ജീവിക്കുന്നു. പഠിച്ച് ബിസ്സിനസ്സ് ചെയ്ത് നല്ല നിലയിലെത്തിയവരും
  അവര്‍ക്കിടയിലുണ്ട്.


  ഇറാനിലും അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമൊക്കെയായി പടര്‍ന്നുകിടക്കുന്ന ബലൂച്ചിസ്ഥാനാണ് ബലൂച്ചികളുടെ ജന്മനാട്. ഇസ്ലാം മതവിശ്വാസികളായ ബലൂച്ചികള്‍ സ്ഥിരവാസമില്ലാത്ത നാടോടി വംശജരാണ് ആണ്. ബലൂച്ചിസ്ഥാനില്‍ സ്ഥിരമായി ഉണ്ടായിക്കൊണ്ടിരുന്ന അധിനിവേശങ്ങളും യുദ്ധങ്ങളും ഒക്കെയാകാം അവരെ നാടോടികളാക്കിയതെന്ന് തോന്നുന്നു. മാറി മാറി ബലൂച്ചിസ്ഥാന്‍ ഭരിച്ചവര്‍ അതിന്റെ അതിരുകളെ കരണ്ട് കരണ്ട് ഇന്നത്തെ പരുവമാക്കി.1955ല്‍ പാക്കിസ്ഥാനോട് ബലൂച്ചിസ്ഥാനെ ചേര്‍ക്കുകയായിരുന്നു. ബലൂച്ചികള്‍ക്ക് അവരുടേതായ സംസ്കാരവും സാഹിത്യവും സംഗീതവും ഒക്കെയുണ്ട്. ബലൂച്ചിസ്ഥാനിലെ പരവതാനികള്‍ ലോകപ്രശസ്തമാണ്. ഓട്ടകങ്ങള്‍,ആട്,പശു എന്നിവയെയൊക്കെ മേയ്ക്കലാണ് ബലൂച്ചികളുടെ മുഖ്യ തൊഴില്‍.

  എന്തൊക്കെയാ‍യാലും ശരി, ഉം അല്‍ കുവൈനിലെ ഒരുമാതിരിപ്പെട്ട ടാക്സി ഡ്രൈവറുമ്മാരൊന്നും അവിടേയ്ക്ക് ഓട്ടം പോകില്ല - കാരണം അവിടെ താമസിക്കുന്നവര്‍ക്ക് വിവരം കുറവാണെന്നാ അവര്‍ പറയുന്നത്!

 16. Kumar Neelakantan © (Kumar NM) പറഞ്ഞു...

  ഇതും ഇഷ്ടമായി. എഴുത്തിന്റെ രീതി വളരെ ആകര്‍ഷണം. പെരിങ്ങോടന്‍ പറഞ്ഞപോലെ, ഞങ്ങളും അറിയട്ടെ ‘വാട്ടീസ് ഗള്‍ഫെന്ന്’

 17. ബിന്ദു പറഞ്ഞു...

  വളരെ നന്നായിട്ടുണ്ട്‌. :)

 18. ::പുല്ലൂരാൻ:: പറഞ്ഞു...

  കരീം ഭായ് ....
  കൊള്ളാം
  കഥ നന്നായി

 19. ::പുല്ലൂരാൻ:: പറഞ്ഞു...

  തങ്കള്‍ മനോഹരമായി എഴുതുന്നു.. വായിക്കാന്‍ നല്ല സുഖം

 20. മുല്ലപ്പൂ പറഞ്ഞു...

  ഈ കഥ ഇട്ടപ്പോള്‍ തന്നെ വായിച്ചതാ..
  കമെന്റ് ഇടാന്‍ പിന്നെ വരാംന്നു വെച്ച്..

  പക്ഷേ പിന്നെ ഏതു ബ്ലൊഗില്‍ ആണു വായിച്ചതെന്നു മറന്നും പോയി.

  കഥ പറയുന്ന രീതി വളരെ രസാവഹം ആണു...
  ശൈലി പെരുത്തിഷ്ടം.. :)

 21. അജ്ഞാതന്‍ പറഞ്ഞു...

  ജോറായിക്കണ് മാഷെ!!