വെള്ളിയാഴ്‌ച, ജനുവരി 12, 2007

ഒരു തൊപ്പിക്കഥ

രു തൊപ്പി ഒരിക്കലെന്റെ ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ട്. പിന്നെ അതു തന്നെ എന്റെ ജീവന്‍ കാത്തിട്ടും ഉണ്ട്‌.
വെറും ഡ്യൂക്കിലി തൊപ്പിയല്ല, ക്രിക്കറ്റ്‌ താരങ്ങള്‍ അണിയുന്ന തൊപ്പി.
പാകിസ്‌ഥാനിലെ പ്രസിദ്ധ സ്‌പോര്‍സ്‌ മെറ്റീരിയല്‍ ബിസിനസ്‌ കമ്പനിയായ AJ sports ന്റെ വിലയേറിയ ഒരു ക്യാന്‍വാസ്‌ തൊപ്പിയാണ്‌ ഞാന്‍ ഗള്‍ഫില്‍ വന്നതിന്നു ശേഷം ആദ്യമായി വാങ്ങിയ ആഢംഭരവസ്തു. ഫ്ലക്‍സിബിളായ അതിന്റെ സണ്‍ഷേഡു നമുക്കിഷ്‌ടപ്പെട്ട ആകൃതിയില്‍ വളച്ചെടുക്കാമെന്നതായിരുന്നു അതിന്റെ പറയാനേറെയുള്ള പ്രത്യേകതകളിലൊന്ന്‌.

ക്രിക്കറ്റു ജ്വരം സിരകളില്‍ കിടന്നു തിളക്കുന്ന കാലത്താണ്‌ ഞാന്‍ ഗള്‍ഫിലെക്കു പറിച്ചു നടപ്പെട്ടത്‌.
ഇരുമ്പുഴിയില്‍ നിന്നും ആറു കിലോമീറ്ററിലധികം ദൂരമുള്ള മലപ്പുറത്തങ്ങാടിയിലെ ഏക ടി.വി. കടയിലെ പുറത്തേക്കെടുത്തുവെച്ച ബ്ലക്ക്‌&വൈറ്റ്‌ ടിവിയില്‍ നിറഞ്ഞ ഗ്രൈന്‍സിനിടയിലൂടെ രവിശാസ്ത്രിയെന്നും, കപിലെന്നും വെംഗ്‌സര്‍ക്കരെന്നും തോന്നിപ്പിക്കുന്ന രൂപങ്ങള്‍ സിക്‍സര്‍ അടിക്കുന്നതു കണ്ട്‌ ഞാന്‍ നിലം വിട്ടു ചാടിത്തിമര്‍ത്തിട്ടുണ്ട്‌. അസറുദ്ദീന്റെ റിവേര്‍സ്‌ സ്വീപ്പിലെ ഫോറു കണ്ടു ആനന്ദം കൊണ്ടിട്ടുണ്ട്‌.
അങ്ങനെയുള്ള ഞാന്‍ ഷാര്‍ജയിലെത്തിയപ്പോള്‍ എന്റെ കമ്പനി നില്‍ക്കുന്നത്‌ പ്രസിദ്ധമായ ഷാര്‍ജ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിന്റെ തൊട്ടടുത്ത്‌.
മോണിറ്ററില്‍ നിന്നും മിഴി മാറ്റിയാല്‍ മുന്നില്‍ കാണുന്നതു ക്രിക്കറ്റേര്‍സ്‌ ബെനിഫിറ്റ്‌ ഫണ്ട്‌ സിരീസ്‌ എന്ന വലിയ ബോര്‍ഡും അതിന്നു മുകളില്‍ ബാറ്റ്സ്മാന്റെ ഒരു കൂറ്റന്‍ ലോഗോയും.
ആനന്ദലബ്‌ദിക്കു ഇതില്‍പ്പരമെന്തു വേണം.
രാവിലെ ഓഫീസിലേക്കു പോകുന്നതിന്നു മുന്‍പു വെറുംവയറ്റിലും ഓഫീസു സമയം കഴിഞ്ഞു ക്ഷീണിതനായ്‌ വെറുംകാലിലും ഞാന്‍ സ്‌റ്റേഡിയത്തിന്റെ മുന്നിലൂടെ നടക്കും.
CBFSന്റെ അടഞ്ഞു കിടക്കുന്ന ഗേറ്റിലൂടെ ഒഴിഞ്ഞു കിടക്കുന്ന ഗാലറി നോക്കി നില്‍ക്കും.
റോത്ത്‌മാന്‍ കപ്പും, ഷാര്‍ജാ കപ്പും പെപ്സി കപ്പും നടന്ന സ്ഥലം.
മുന്‍പു റ്റി.വി. സ്ക്രീനില്‍ മാത്രം കണ്ട സ്റ്റേഡിയം.

അങ്ങനെയിരിക്കെയാണ്‌ സ്റ്റേഡിയത്തിന്റെ മെയിന്റനന്‍സ്‌ കോണ്ട്രക്ട്‌ ഞങ്ങളുടെ കമ്പനിക്കു കിട്ടുന്നത്‌.ഗാലറിയുടെ റീ കണ്‍സ്ട്രക്ഷന്‍ ആണ്‌ ഞങ്ങള്‍ക്കു കോണ്ട്രാക്ട്‌ കിട്ടിയത്‌. 15 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന നിലവാരത്തോടെ പണിതു കൊടുക്കണമെന്നു മാത്രമേ കോണ്ട്രാക്ടിലുണ്ടായിരുന്നുള്ളൂ. ഒരു ഇന്‍റ്റര്‍നാഷണല്‍ മത്സരം തുടങ്ങുന്നു.

പണി പരിശോധിച്ചു കമ്പ്ലീഷന്‍ സര്‍ട്ടി ഫിക്കറ്റു തരാന്‍ "ബുകാതിര്‍" ഷൈക്കു വരുന്ന ദിവസം ഞാനുമുണ്ടാവുമെന്ന് ഞങ്ങളുടെ മലയാളിയായ എന്‍ജിനീയരോട്‌ ഞാന്‍ അഭ്യര്‍ത്ഥിച്ചു.

പന്ത്രണ്ടു ദിവസത്തിനകം ഞങ്ങള്‍ പണിതീര്‍ത്തു. അബ്ദുറഹിമാന്‍ ബുകാതിറിനെ കുറിച്ചു സ്പോര്‍ട്‌സ്‌ സ്റ്റാറിലും സ്പോര്‍ട്‌സ്‌ പേജുകളിലും വായിച്ചിരുന്നതല്ലാതെ നേരില്‍ കണ്ടിട്ടില്ല. അതിനുള്ള ഭാഗ്യം കിട്ടിയിരിക്കുകയാണ്‌. അറേബ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിനു വിത്തിട്ടു വളമിട്ട മഹാരഥന്‍. ഫുഡ്ബോളല്ലാതെ മറ്റൊരു ബാളിനെക്കുറിച്ചും അറിയാത്ത അറബികള്‍ക്കു ക്രിക്കെറ്റെന്താണെന്ന് സ്റ്റേഡിയം പണിതു പഠിപ്പിച്ചു കൊടുത്ത ഷൈക്ക്‌.
അബ്ദുറഹിമാന്‍ ബുകാതിറെന്ന ക്രിക്കറ്റ്‌ ഗോഡ്ഫാദറെ നേരില്‍ കാണാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാ.
കമ്പനിയില്‍ എന്റെയത്രക്കും ക്രിക്കറ്റ്‌ ക്രേസായിട്ടുള്ള ഒരാളും ഇല്ലാത്തതിനാല്‍ അവസരം എനിക്കു തന്നെ തന്നു.

ഷേക്കിനെ ഇമ്പ്രസ്സ്‌ ചെയ്യിക്കാന്‍ ഞാന്‍ ഒന്നൊരുങ്ങി. AJ Sports ന്റെ ആ തൊപ്പി വാങ്ങി. ഇമ്രാന്‍ ഖാന്‍ അണിയുന്ന ബ്രാന്റ്‌. കാശിത്തിരി കൂടിയാലെന്താ ആ ഗമക്കു കാശൊരു പ്രശ്നമല്ലന്നെനിക്കു തോന്നി.
കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ എന്‍ജിനീയറുടെ കൂടെ CBFSന്റെ സ്റ്റേഡിയത്തിനകത്തു കടന്നപ്പോള്‍ എന്റെ തൊപ്പി വെച്ച തല ഞാന്‍ ആവശ്യത്തിലധികം ഉയര്‍ത്തി പിടിച്ചിരുന്നു.
നിര്‍ഭാഗ്യമെന്നു പറയട്ടെ ബുകാതിറിനു പകരം അദ്ദേഹത്തിന്റെ പി.എ ആണ്‌ വന്നത്‌.

നിരാശയോടെ ഞാന്‍ മടങ്ങാന്‍ നേരം എന്റെ ഭാഗ്യത്തിനു ഇന്ത്യന്‍ ടീമംഗങ്ങള്‍ പിച്ചു പരിശോധിക്കാനും പ്രാക്ടീസിനും എത്തി. അസറിനെയും കപിലിനെയും രവിശാസ്ത്രിയേയും നേരില്‍ കണ്ടു. കപിലിനെ തൊട്ടു. അസറിനോടു ഏറെ നേരം സംസാരിച്ചു. കിട്ടിയ സമയം കൊണ്ട്‌ എന്റെ ആ തൊപ്പിയില്‍ ഒരു മാര്‍ക്കര്‍ പേന കൊണ്ടു അസറിന്റെ ഒപ്പു വാങ്ങി. കൂടെ നിന്നു ഫോട്ടോ എടുത്തു. വളരെ സന്തോഷവും, അഭിമാനവും തോന്നിയ ദിവസമായിരുന്നു അന്ന്‌.

ആ തൊപ്പി ഞാന്‍ പൊന്നു പോലെ കാത്തു. സ്പോര്‍ട്‌സ്‌ സംബന്ധമായ വല്ല പരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്നെന്റെ തലയില്‍ ആ തൊപ്പി കാണുമായിരുന്നു.

അങ്ങനെയിരിക്കയാണ്‌ ഇന്ത്യന്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ഒരവധി ദിനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ മൂന്നു ബസ്സില്‍, അല്‍ഐന്‍ ഫണ്‍സിറ്റിയിലെക്കൊരു പിക്‍നിക്‌ പോകുന്നുണ്ടന്നു അറിഞ്ഞത്‌. പലപ്പോഴായി പലതവണ അവിടെ പോയതാണെങ്കിലും ഇത്ര വിപുലമായ രീതിയില്‍ ഫാമിലികളോടു കൂടെ പോകുന്നതു ഒരനുഭവം തന്നെയെന്നു നിനച്ചു വിവാഹിതനായിട്ടും ബാച്ചിലറായ ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ ജേക്കബും പിക്നിക്കിനു ചേര്‍ന്നു.
പുരുഷന്മാരും സ്തീകളും സുന്ദരികളും സുന്ദരന്മാരും ബാലികകളൂം ബാലന്മാരുമായി ഇരുനൂറോളം ആളുകള്‍. ഞാന്‍ ആസ്വദിച്ച ട്രിപ്പുകളില്‍ ഏറ്റവും രസകരമായ ഒരു ട്രിപ്പ്‌.
യാത്രയില്‍ പാട്ടും ഡാന്‍സും മത്സരങ്ങളുമായി ദൂരയാത്ര അറിഞ്ഞതേയില്ല.
ഫണ്‍സിറ്റിയിലെത്തിയിട്ടാണ്‌ സ്പോര്‍ട്സ്‌ മത്സരം തുടങ്ങിയത്‌. നാലു ഹൗസുകളായി തിരിച്ചു. ഹൗസുകള്‍ തരം തിരിഞ്ഞു വന്നപ്പോഴാണ്‌ മത്സരവും തലതിരിഞ്ഞത്‌.
ഡയമണ്ട്‌ ഹൗസും എമറാള്‍ഡ്‌ ഹൗസും തമ്മില്‍ രാഷ്ടീയ കുടിപ്പകയുണ്ടെന്നു മനസ്സിലായത്‌ അതിലെ അംഗങ്ങള്‍ തമ്മിലെ കുശുകുശുക്കലില്‍ നിന്നാണ്‌.

കരുണാകരനെ വലിച്ചിട്ടു ആന്റണിയെ വിമാനത്തില്‍ കൊണ്ടുവന്നു മുഖ്യമന്ത്രിയാക്കി കേറ്റിയിരുത്തിയ കാലം.കരുണാകരന്‍ മുരളിയെക്കാള്‍ കോണ്‍ഗ്രസ്സിനെ സ്നേഹിക്കുകയും, തിരിച്ചു അണികള്‍ കോണ്‍ഗ്രസ്സിനെക്കാള്‍ കരുണാകരനെ സ്നേഹിക്കുകയും ചെയ്ത കാലം.
ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും ഉത്തമശിഷ്യര്‍ പരസ്പരം പണിയാതെ വെച്ച ആ പാരകള്‍ കരുണാകരവിഭാഗത്തിനെതിരെ പ്രയോഗിക്കാന്‍ ഒന്നിച്ചു നിന്ന കാലം.
ആ രണ്ടു ഗ്രൂപ്പുകളാണ്‌ എമറാള്‍ഡും ഡയമന്റും.രണ്ടു വിഭാഗത്തിനും തുല്യ ശക്തി. സ്പോര്‍ട്സ്‌ മത്സരങ്ങളില്‍ അതു വ്യക്തമായി കണ്ടു.

ആര്‍പ്പും വിളിയും അട്ടഹാസങ്ങളും കാരണം ഫണ്‍സിറ്റിയില്‍ നിന്നു ഞങ്ങളെ എപ്പോ വേണങ്കിലും പിടിച്ചു പുറന്തള്ളുകയോ അറസ്റ്റു ചെയ്യുകയോ ചെയ്യാവുന്ന അവസ്ഥ.

ഞാന്‍ ഇതില്‍ നിന്നും ഇത്തിരി മാറി പുല്‍ത്തകിടിയില്‍ അസ്വസ്ഥനായിരുന്നു. ഇതുവരെ ആസ്വദിച്ചതൊക്കെ "അണ്‍ഡു" ചെയ്യെണ്ടി വരുമോ എന്ന ഭീതിയാര്‍ന്ന തോന്നല്‍.
ഫണ്‍സിറ്റിയില്‍ നിന്നു ജഢങ്ങളോ പരിക്കേറ്റ ശരീരങ്ങളോ എടുത്തു മാറ്റന്‍ കൂടേണ്ടി വരുമെന്നു തോന്നി.

സ്പോര്‍ട്‌സ്‌ മത്സരങ്ങള്‍ വാശിയായി നടക്കുകയാണ്‌ ഡയമന്റും, എമറാള്‍ഡും പോയന്‍ടില്‍ ഒപ്പത്തിനൊപ്പം.
ഇനി 100 മീറ്റര്‍ ഓട്ടത്തിന്റെ പുരുഷന്മാരുടെ വാശിയേറിയ മത്സരം മാത്രം ബാക്കിയുണ്ട്‌.
അതു കഴിഞ്ഞാലറിയാം ഓവറാള്‍ വിന്നറായ ഹൗസിനെ!.
ആകാംക്ഷയുടെ മുള്‍മുനയിലാണ്‌ ടൂര്‍ സംഘാടകരും.

അതിനിടയിലാണ്‌ നാട്ടിലെ കെ.ഡി. ലിസ്റ്റിലുള്ളവനും രണ്ടു മൂന്നു രാഷ്ട്രീയ കേസുകള്‍ തീര്‍പ്പാകുന്നതിന്നു മുന്‍പ്‌ ജാമ്യത്തിലിറങ്ങി ഗള്‍ഫിലെത്തിയവനുമായ "ഒറോമ്പുറം മാധവന്‍" സബ്‌ റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു കണ്ടെത്തി എമറാള്‍ഡ്‌ ഹൗസ്‌ പ്രശ്നമുണ്ടാക്കിയത്‌.
ആ സബ്‌ റഫറിയെ വെച്ചു മത്സരം നടത്താന്‍ സമ്മതിക്കില്ലന്നു അവരും, അവരു പറഞ്ഞ മറ്റൊരു റഫറിയെ വെച്ചു നടത്താന്‍ ഡയമണ്ടും വിട്ടുകൊടുക്കില്ലന്നു കൊലവിളിയായി.

രണ്ടു കൂട്ടര്‍ക്കും സമ്മതനായ ഒരാളെ കണ്ടെത്തി ഈ വയ്യാവേലി ഒന്നു തീര്‍ത്താല്‍ മതിയെന്നായി മെയിന്‍ റഫറിക്ക്‌.

എന്റെ കഷ്ടകാലത്തിനാണ്‌, ആരവങ്ങളിലൊന്നും പങ്കെടുക്കാതെ പക്ഷം ചേരാതെ തലയില്‍ തൊപ്പിയുമായി ഇരിക്കുന്ന എന്നെ മെയിന്‍ റഫറി കണ്ടത്‌.
അയാള്‍ എന്റെ അടുത്തേക്കു ഓടി വന്നു.
ഞാന്‍ പേടിച്ചു “നിങ്ങള്‍ക്കു ഒരു സബ്‌റഫറിയായി നില്‍ക്കാമോ?“
ഞാന്‍ നിഷേധിച്ചു.
അയാള്‍ പറഞ്ഞു. "നിങ്ങള്‍ രണ്ടാമതായി ഫിനിഷു ചെയ്യുന്ന ആളുടെ കയ്യില്‍ പിടിച്ചാല്‍ മാത്രം മതി. പ്രഖ്യാപനം ഞാന്‍ ചെയ്തോളാം. ഒന്നു കൊണ്ടും പേടിക്കണ്ടാ".

അയാള്‍ എന്റെ തൊപ്പി കണ്ടു ഓവര്‍ എസ്റ്റിമേറ്റു ചെയ്തു എന്നെ ഒരു കായികതാരമെന്നു തെറ്റിദ്ധരിച്ചതാണ്‌.
അയാളുമാത്രമല്ല എമറാള്‍ഡും,ഡയമന്റും എന്നെ എകകണ്‍ഠമായി എന്നെ അംഗീകരിച്ചതായിരുന്നു മറ്റൊരത്യാഹിതം.
എന്റെ തൊപ്പിക്കു കിട്ടിയ ഒരംഗീകാരം.

ഞാന്‍ വരുംവരായ്കകളെ കുറിച്ചു തീരെ ഓര്‍ക്കാതെ സമ്മതിച്ചു.
ഇത്തിരി ഗമയോടെ!

ഓട്ടമത്സരത്തിനു താരങ്ങള്‍ ലൈന്‍ അപ്പായി. നാലുപേരും നല്ല മല്ലന്മാര്‍. ഒന്നിനൊന്നു മെച്ചം.
വിസിലു മുഴങ്ങി.
ഓട്ടം തുടങ്ങി.
ആരാദ്യം എന്നു തീരുമാനിക്കാന്‍ സമയമില്ല.
എല്ലാം ഒപ്പത്തിനൊപ്പം.

രണ്ടമനെന്നു ഒരു നിമിഷം തോന്നിയ ഒരുത്തന്റെ കയ്യില്‍ കടന്നു പിടിച്ചു
ഞാന്‍ തീരുമാനമെടുക്കുകയായിരുന്നു.

അപ്പോഴാണ്‌ അതേ ആളിനെ തന്നെ ഒന്നാം സ്ഥാനത്തിനുള്ള ആളെ തെരഞ്ഞെടുക്കുന്ന സബ്‌ റഫറിയും അവന്റെ മറ്റേ കൈ പിടിച്ചു പൊക്കുന്നത്‌ ഞാന്‍ കണ്ടത്‌.
ഞാന് അവന്റെ കൈ വിട്ടു.

ജനക്കൂട്ടം ഫിനിഷിംഗ്‌ പോയന്റ്‌ കയ്യേറി.
മറ്റു മത്സരാര്‍ത്ഥികള്‍ ജനക്കൂട്ടത്തില്‍ ലയിച്ചിരിക്കുന്നു.
തിരിച്ചറുയാന്‍ അവര്‍ക്കാര്‍ക്കും ട്രാക്ക് സൂട്ടൊന്നും ഇല്ലല്ലോ!
എന്റെ കയ്യിലാരുമില്ല.
ഞാന്‍ അപകടം മണത്തറിഞ്ഞു.
പതിയെ തൊപ്പിയൂരി.
കയ്യിലെടുത്തു.
സോഫ്റ്റ്‌ ക്യാന്‍വാസായതിനാല്‍ ചുരുട്ടി പാന്‍സിന്റെ പോക്കറ്റിലിട്ടു.
ഉടനെ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി.

തിരിച്ചറിയാനുള്ള മറ്റൊരടയാളങ്ങളും എന്നില്‍ നിന്നാര്‍ക്കും ഓര്‍ത്തുവെക്കാന്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സുരക്ഷിതനായി നിന്നു.

രണ്ടാം സ്ഥാനക്കാരനെയും കൊണ്ട്‌ ഉടന്‍ വരണമെന്ന മെയിന്‍ റഫറിയുടെ ഉച്ചത്തിലുള്ള ദയനീയമായ അഭ്യര്‍തഥനകള്‍ പിന്നെ അവിടെ നടന്ന പിടിവലിക്കിടയില്‍ അലിഞ്ഞില്ലാതെയായി.
ആരുടെയൊക്കെയോ “അയ്യോ! അമ്മേ ! രക്ഷിക്കണേ!” എന്ന വിളികളില്‍ നിന്നു റഫറിയുടെ ശബ്ദം ഞാന്‍ പ്രത്യേകം തിരിച്ചറിഞ്ഞു.

നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്ന ഞങ്ങളെ പിന്നെ ഫണ്‍സിറ്റി സെക്യൂരിറ്റി ഓടിച്ചിട്ടടിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാരും ഓടി ബസ്സില്‍ കയറി.

പിക്നിക്‌ പ്ലാന്‍ ചെയ്തതിനെക്കാള്‍ നാലുമണിക്കൂര്‍ മുന്‍പേ മതിയാക്കി ഷാര്‍ജയിലേക്കു തിരിച്ചു. ബസ്സിലിരുന്നു എല്ലാരും ആ അപ്രത്യക്ഷനായ തൊപ്പിക്കാരന്‍ റഫറിയുടെ ദുരൂഹത ചര്‍ച്ച ചെയ്യുകയായിരുന്നു. കൂടെ ഞാനും ജേക്കബും.

റഫറിയുടെ തിരോധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്റെ ഡയലോഗുകള്‍ ചിലരൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ജേക്കബ്‌ കൈയില്‍ നുള്ളികൊണ്ടു മുന്‍സീറ്റിലേക്കു ചൂണ്ടിക്കാണിച്ചു തന്നു.
"ഒറോമ്പുറം മാധവന്‍"
പിന്നെ ആ നീണ്ടയാത്രയിലുടനീളം ഞാന്‍ "കാമാ"ന്നക്ഷരങ്ങള്‍ ഉരിയാടിയില്ലന്നു മാത്രമല്ല “ജാക്കിച്ചാന്‍“ പ്ലയിനിന്റെ പുറത്തു സാഹസീകയാത്ര ചെയ്യുന്ന ഷോട്ടെടുക്കാന്‍ മുഖം മെയ്ക്കപ്പിട്ടതു പോലെ ഞാന്‍ എന്റെ മുഖം മാക്സിമം വികൃതമാക്കി ഐഡണ്ടിറ്റി മറച്ചു വെക്കാന്‍ പണിപ്പെട്ടു.

ബസ്സിലെ ആരും എന്നെ തിരിച്ചറിഞ്ഞില്ലന്നതു ആ തൊപ്പി എനിക്കു നല്‍കിയ പരിവേഷത്തിന്റെ മറ്റൊരു ഗുണമായിരുന്നു. എല്ലാരും എന്റെ തൊപ്പി മാത്രമേ മുന്‍പു ശ്രദ്ധിച്ചിരുന്നുള്ളൂ മുഖമായിരുന്നില്ല അതിനാല്‍ ഇതെഴുതാനുള്ള വിധി എനിക്കും വായിക്കാനുള്ള ഗതികേടിന്റെ വിധി നിങ്ങള്‍ക്കും ഉണ്ടായി.

http://tkkareem.blogspot.com/

19 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  കരുണാകരനെ വലിച്ചിട്ടു ആന്റണിയെ വിമാനത്തില്‍ കൊണ്ടുവന്നു മുഖ്യമന്ത്രിയാക്കി കേറ്റിയിരുത്തിയ കാലം.കരുണാകരന്‍ മുരളിയെക്കാള്‍ കോണ്‍ഗ്രസ്സിനെ സ്നേഹിക്കുകയും, തിരിച്ചു അണികള്‍ കോണ്‍ഗ്രസ്സിനെക്കാള്‍ കരുണാകരനെ സ്നേഹിക്കുകയും ചെയ്ത കാലം.ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും ഉത്തമശിഷ്യര്‍ പരസ്പരം പണിയാതെ വെച്ച ആ പാരകള്‍ കരുണാകരവിഭാഗത്തിനെതിരെ പ്രയോഗിക്കാന്‍ ഒന്നിച്ചു നിന്ന കാലം.
  ആ രണ്ടു ഗ്രൂപ്പുകളാണ്‌ എമറാള്‍ഡും ഡയമന്റും.രണ്ടു വിഭാഗത്തിനും തുല്യ ശക്തി.

  “എന്റെ പുതിയ കഥ”

 2. അജ്ഞാതന്‍ പറഞ്ഞു...

  തേങ്ങാ ഞാനുടയ്ക്കുന്നു
  ഠേ!!!
  ഇതിപ്പോ ജയിച്ചു തൊപ്പിയിട്ടല്ലോ മാഷേ.
  കോള്ളാം

  വിവി

 3. അജ്ഞാതന്‍ പറഞ്ഞു...

  "ബസ്സിലിരുന്നു എല്ലാരും ആ അപ്രത്യക്ഷനായ തൊപ്പിക്കാരന്‍ റഫറിയുടെ ദുരൂഹത ചര്‍ച്ച ചെയ്യുകയായിരുന്നു. കൂടെ ഞാനും ജേക്കബും" ഇഷ്ടായി. ഇപ്പൊഴും തൊപ്പി കയിലില്ലേ കരിം മാഷേ?.

 4. അജ്ഞാതന്‍ പറഞ്ഞു...

  ഹഹഹഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹഹ്ഹാ!!!

 5. ഷാ... പറഞ്ഞു...

  വായിച്ചു മാഷേ...
  അല്ലാ ആ തൊപ്പി ഇപ്പൊഴും കൈയ്യിലുണ്ടോ?..
  ചുമ്മാ ചോദിച്ചതാ..

 6. കരീം മാഷ്‌ പറഞ്ഞു...

  അചൂസേ,
  ബത്തേരിയാ..

  ആ തൊപ്പി ഇപ്പോഴും സൂക്ഷിക്കുന്നു.
  (അതിന്റെ ദിര്‍ഹം വാല്യൂ ആലോചിച്ചു മാത്രം)
  പക്ഷെ അതിലെ അസറിന്റെ ഒപ്പു ഞാന്‍ ബ്ലാക്കു ഇന്ത്യനിങ്കു ഉപയോഗിച്ചു മായിച്ചു കളഞ്ഞത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്ട്രോള്‍ ബോര്‍ഡ്‌ അസറിനെയും,ജഡേജയെയും മറ്റും match fix കോഴ കുറ്റം തെളിയിച്ചു ശിക്ഷിച്ചപ്പോഴായിരുന്നു.

  പക്ഷെ ആ ക്യാപ്പു വെച്ചു പിന്നെ ഞാന്‍ പുറത്തിറങ്ങിയിട്ടില്ല.

  അസറിന്റെ കൂടെ നിന്നെടുത്ത ഫോട്ടോ എന്റെ പ്രിയതമ ആല്‍ബത്തില്‍ നിന്നെടുത്ത്‌ അടുപ്പിലിട്ടത്‌, അസറുദ്ധീന്‍ നിഷ്കളങ്കയായ സുന്ദരിയായ ഒരു ഗ്രാമീണ ഭാര്യയേയും രണ്ടു മക്കളേയും ഉപേക്ഷിച്ചു മൂന്നാമനോ നാലാമനോ അതോ n ആയോ ഹിന്ദി നടി സംഗീതാബിജലാനിയെ പരിണയിക്കാതെ പങ്കാളിയാക്കുകയും പിന്നെ മൗലിക വാദികളെ പേടിച്ചു പേരിനു മതം മാറ്റി മംഗല്യം ചെയ്ത്‌ എല്ലാവരെയും വഞ്ചിക്കുകയും ചെയ്തുവെന്നു പറഞ്ഞായിരുന്നു.

 7. Siju | സിജു പറഞ്ഞു...

  തൊപ്പി ജീവന്‍ രക്ഷിച്ചെന്നൊക്കെ പറഞ്ഞപ്പോള്‍ എന്തോ വെടി വന്നപ്പോള്‍ തൊപ്പി വെച്ചു തടുത്തൂന്നാ ഞാന്‍ കരുതിയത്
  ഇതു തൊപ്പി ഊരി മാറ്റിയാണല്ലേ രക്ഷപെട്ടത്

 8. sandoz പറഞ്ഞു...

  ഈ സൈസ്‌ റഫറിമാരെ ബൂലോഗത്തിനു ആവശ്യം ഉണ്ട്‌.അടുത്ത ബൂലോഗ വിവാദത്തില്‍ മാഷ്‌ ഈ തൊപ്പിയുമായി വരണമെന്ന് അപേക്ഷിക്കുന്നു.[ഇവിടെയാകുമ്പോ തൊപ്പി സ്വയം ഊരേണ്ടി വരില്ലാ ആരെങ്കിലും ഊരിക്കോളും]

 9. sreeni sreedharan പറഞ്ഞു...

  സാന്‍റോസിനെ കമന്‍റിനു കൊള്ളാം.
  അതു നല്ല ഐഡിയയാ കരീം മഷേ.
  നോക്കുന്നോ?

  :)

 10. sreeni sreedharan പറഞ്ഞു...

  ഇതിനു മുകളിലത്തെ കമന്‍റിനു അക്ഷര പിശാശ് കൂടി.
  (സാന്‍റോസിന്‍റെ കമ്മന്‍റ് കൊള്ളാം)
  ഉറക്കപ്പിച്ചായതു കൊണ്ടാ...സോറീ

 11. അജ്ഞാതന്‍ പറഞ്ഞു...

  മഷേ തൊപ്പിക്കഥ വളരെ ഇഷ്ട്മായി. എന്നാലും ഒപ്പു മായ്ചതും ഫോട്ടോ കത്തിച്ചതും ശരിയായി തോന്നിയില്ല.


  Nousher

 12. sandoz പറഞ്ഞു...

  പച്ചൂ,
  ഊവ..ഊവേ.ലഡു അണ്ണാക്കില്‍ തടഞ്ഞ്‌ ശ്വാസം മുട്ടി,ഞാന്‍ കുറച്ച്‌ വെള്ളത്തിനായി കരഞ്ഞിട്ട്‌...ദുഷ്ടാ.ഈ പ്രശ്നം തീര്‍ക്കാന്‍ കരീം മാഷിന്റെ തൊപ്പി വേണ്ടി വരും.

 13. ശാലിനി പറഞ്ഞു...

  തൊപ്പികഥ നന്നായി.

 14. മുസ്തഫ|musthapha പറഞ്ഞു...

  ഹഹഹ... ഇതു കൊള്ളാലോ മാഷെ... മാഷ് പിടിച്ച രണ്ടാം സ്ഥാനക്കാരന്‍ മാഷ് പിടി വിട്ടപ്പോള്‍ ഒന്നാം സ്ഥാനക്കാരനായി...

  ഈ സംഭവത്തിന് ശേഷമാണോ ‘ഒന്നു വിട്ടു പിടി മാഷെ’ എന്ന പ്രയോഗമുണ്ടായത് :)

  തൊപ്പിക്കഥ നന്നായി :)

  സാന്‍ഡോസ്: ഗിഡിലന്‍ കമന്‍റ് കേട്ടോ :)

 15. Rasheed Chalil പറഞ്ഞു...

  ഇതാണല്ലേ മാഷ് പിടിച്ച പുലിവാല്...

  എന്നാലും ഒരു പാവം തൊപ്പി.

 16. അജ്ഞാതന്‍ പറഞ്ഞു...

  Paara Part Nande Bodhichu....wow


  brijviharam.blogspot.com

 17. കുട്ടിച്ചാത്തന്‍ പറഞ്ഞു...

  മാഷേ : തൊപ്പിക്കഥ ഉഗ്രന്‍. ഞാന്‍ ആദ്യമായിട്ടാ ഈ വഴി...

 18. paarppidam പറഞ്ഞു...

  കരീം മാഷെ നന്നായിരിക്കുന്നു. തൊപ്പി സൂത്രം കൊള്ളാം.

 19. Jayasree Lakshmy Kumar പറഞ്ഞു...

  thoppi kadha assalaayi. azharinte photo kathicha mrs. kariminu oru shake hand