വെള്ളിയാഴ്‌ച, ഫെബ്രുവരി 23, 2007

വൈകി കിട്ടിയ ഒരാശംസാകാര്‍ഡ്‌

കലപ്പഴക്കം ചെന്ന കത്തുകള്‍,
നാട്ടിലെ സര്‍ക്കാരാപ്പീസില്‍ നിന്നും പ്രവാസിയെ പേടിപ്പിക്കാന്‍ "വളരെ പ്രധാനം" എന്നു ചുവപ്പിലെഴുതിയ പലതരം ഭീഷണികത്തുകള്‍,
ബാങ്കുകളില്‍ നിന്നയക്കുന്ന അടവു തെറ്റിയ ലോണുകളുടേയും ജപ്തി നോട്ടീസിന്റെയും മുന്നറിയിപ്പുകള്‍,
വല്ലപ്പോഴു സ്നേഹം വഴിതെറ്റിയെത്തുന്ന അപൂര്‍വ്വം ചില ഗ്രീറ്റിംഗ്‌ കാര്‍ഡുകള്‍,
കടപ്പാടുകളും കര്‍ത്തവ്യങ്ങളും കറന്‍സിയാക്കി പ്രിയപ്പെട്ടവര്‍ക്കു ഡ്രാഫ്ടയച്ചതിന്റെ തെളിവു മാത്രം ബാക്കിയാക്കിയ അസംഖ്യം രശീതികള്‍,

എല്ലാം വാരി വലിച്ചിട്ടു അത്യാവശ്യമെന്നു തോന്നുന്നവ വീണ്ടെടുക്കാനുള്ള അവസാനത്തെ പരിശോധനയിലാണു ഞങ്ങളെല്ലാം.
ഈ ഒരു ചടങ്ങിനാണ്‌ ഒരു വെള്ളിയാഴ്ച എല്ലാവരെയും ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയത്‌.
ഇന്നത്തോടെ ഞങ്ങള്‍ ഈ ഫ്ലാറ്റു വിടുകയാണ്‌.
ഞങ്ങളെന്നു പറഞ്ഞാല്‍ അശോകനും,അജയനും,ശംസുവും ഖിളരും ശശിയും അഗസ്റ്റിനും പിന്നെ ഞാനും.
എല്ലാവരും തരക്കേടില്ലാത്ത ജോലിയും മറ്റു താമസസൗകര്യങ്ങളും ഒപ്പിച്ചു ഈ ഫ്ലാറ്റു മാറിയിട്ടും ഫാമിലി സെറ്റപ്പായിട്ടും മാസത്തിലൊരിക്കല്‍ ഇവിടെ ഈ തറവാട്ടില്‍ കൂടാതിരുന്നിട്ടില്ല.
പുതുതായി ഒരാള്‍ നാട്ടില്‍ നിന്നെത്തുമ്പോഴും പഴയ ഒരാള്‍ നാട്ടില്‍ പോകുമ്പോഴും ഈ ഫ്ലാറ്റിലാണു ഞങ്ങള്‍ കൂടിയിട്ടുള്ളത്‌.
നാട്ടിന്‍പുറത്തെ നാല്‍ക്കവലയിലെ ആല്‍ത്തറപോലെ എല്ലാര്‍ക്കും അവകാശമുണ്ടായിരുന്നൊരിക്കാനിടമാണിനി നഷ്ടപ്പെടുന്നത്‌.
ഈ പഴയ ബില്‍ഡിംഗു പൊളിച്ചു ഫ്ലാറ്റു സമുച്ചയം വരുന്നതോടെ വാച്ച്‌മാനായ ഖിളറിന്റെ ജോലിയും ഞങ്ങളുടെ ഈ ആല്‍ത്തറയും എന്നന്നേക്കുമായി നഷ്ടപ്പെടുന്നു.
ഇനി ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണിയെന്താവും.
എല്ലാവരുടെയും എന്തെങ്കിലും ഒരു മൊമണ്ടൊ ആ സ്റ്റോര്‍ റൂമിലുണ്ടാവും.
പഴയ രക്സിന്‍ ബാഗോ,തകരപെട്ടിയോ,തുകല്‍ സഞ്ചിയോ അങ്ങനെ എന്തെങ്കിലും.അതൊക്കെ ക്ലീനാക്കി കൊടുക്കേണ്ട അവസാന അവധി ദിവസമാണിന്നു.

ഞാന്‍ കൂട്ടത്തില്‍ നിന്നു എന്റെ തുരുമ്പുപിടിച്ച പെട്ടി കണ്ടെടുത്തു.
കുറേ കത്തുകള്‍, അസുഖം വരുന്നതിന്നുമുന്‍പു ഉമ്മ എനിക്കു ആഴ്ചതോറും എഴുതിയിരുന്ന വടിവൊത്ത മലയാളത്തിലെ സ്നേഹം തുളുമ്പുന്ന വരികള്‍.
പത്തിരുപത്തഞ്ചു വര്‍ഷം ആ ചിറകിനടിയില്‍ നിന്നെവിടേയും പോകാതെ ചേര്‍ത്തു നിര്‍ത്തി, പെട്ടന്നൊരു ദിവസം പ്രവാസലോകത്തേക്കു മൂത്തമോന്‍ പറന്നകന്നപ്പോള്‍ ആ മാതൃഹൃദയമനുഭവിച്ച വേദന ഏതു മനസ്സിലും തറച്ചു കയറുന്ന പുത്രസ്നേഹമായി ആ വരികളില്‍ ലയിച്ചിരിക്കുന്നു.
ആ വരികളിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ വീണ്ടും ഒരു കുഞ്ഞായതുപോലെ, പൊക്കിള്‍കൊടി പച്ചച്ചു നില്‍ക്കുന്ന പിറന്നപടിയുള്ള ഒരു കുഞ്ഞ്‌.
പതിനാലു വയസ്സുകാരിയുടെ കുരുന്നു കാലുകളില്‍ കിടന്നു കരഞ്ഞും ചിരിച്ചും ജീവിതം തുടങ്ങിയ ഒരു പിഞ്ചു കുഞ്ഞ്‌.

എന്റെ പേനക്കു കരുത്തു തന്ന മാതൃത്ത്വം.
ബാലപംക്തിയിലേക്കയച്ച കഥ മതിയാവാത്ത സ്റ്റാമ്പോട്ടിച്ചില്ലന്നു പറഞ്ഞു പോസ്റ്റാഫീസിനപ്പുറം കടക്കാതെ തിരിച്ചുപ്പന്റെ കയ്യില്‍ വന്നപ്പോള്‍ അതിന്റെ കലി തിര്‍ത്തതു വടക്കോറത്തെ പുളിമരത്തിന്റെ കനമുള്ള ഒരു കൊമ്പും എന്നെ ചിറകിലൊളിപ്പിച്ച ഉമ്മാന്റെ വിളറി വെളുത്ത മേനിയും.

വിപരീത ധ്രുവങ്ങളിലേക്കു നിത്യവും അകന്നു പോവുമ്പോഴും ഒരിക്കലും സംഗമിക്കില്ലന്നറിഞ്ഞിട്ടും തീവ്രമായ ആഗ്രഹം മാത്രം ഉള്ളീല്‍ സൂക്ഷിച്ചു നല്ലൊരു നാളെ സ്വപ്നം കണ്ടിരുന്ന കാമുകിയുടെ ഉര്‍ദു ശേറും ശായിരിയും ഇടകലര്‍ത്തി എഴുതിയ പ്രണയകവിതകള്‍.
ഇതെന്തേ ഇനിയും ഞാന്‍ സാബിയുടെ ശേഖരത്തിലെത്തിച്ചില്ലന്നോര്‍ത്തു എനിക്കു കുറ്റബോധം വളര്‍ന്നു.
ഈ കത്തില്‍ മാത്രമാണല്ലോ ഞാന്‍ മറക്കാന്‍ എന്നും ശ്രമിക്കുന്ന എന്റെ അവസാന "കോളേജ്‌ഡെയുടെ" മഞ്ഞു വീണ ഒരു മൂവന്തിയുടെ ഓര്‍മ്മപ്പെടുത്തലുകളുടെ സ്വകാര്യതയുള്ളത്‌.
ഒരാലിംഗനത്തിന്റെ സ്പര്‍ശനസുഖമെങ്കിലും ഞാനവളില്‍ നിന്നൊളിക്കട്ടെയോ?.

ഇനി ആരും തുറക്കാത്ത അവകാശിയില്ലാത്ത ഒരു പെട്ടിമാത്രം ബാക്കിയുണ്ട്‌.
സഹദേവന്റെ പെട്ടി.
ഞങ്ങള്‍ അതു തുറന്നു.
കുറെ കത്തുകള്‍.
നാട്ടിലെ പായ്യാരങ്ങള്‍ വിശദമായി എഴുതിയ കത്ത്‌.
കൂടപ്പിറപ്പു ദേവയാനിയുടേ കല്ല്യാണത്തിനു പറഞ്ഞ സ്വര്‍ണ്ണം മുഴുവന്‍ സമയത്തിനു കിട്ടാഞ്ഞിട്ടു ചോദിച്ചു ശല്യപ്പെടുത്തുന്ന പുതിയ അളിയനെക്കൊണ്ടുള്ള ദുരിതങ്ങള്‍.
ആ കത്തവിടെ തന്നെയിട്ടു.

താഴെ ഒരു ഗ്രീറ്റിംഗ്‌ കാര്‍ഡ്‌,
പുതുമയെന്നു പറയാന്‍ അതിന്റെ നിര്‍മ്മിതി മാത്രം.
കൈകൊണ്ടു നിര്‍മ്മിച്ചത്‌. കടുംചുവപ്പു നിറമുള്ള ഒരു ആന്തോറിയത്തിനെ പൊതിഞ്ഞു ഒരിളമ്പച്ച ഇലയും പൂവിനു നടുവില്‍ ഇളമ്മഞ്ഞ പരാഗദണ്ഡും ചേര്‍ന്ന് സില്‍ക്കു തുണിയില്‍ വെട്ടി ഒട്ടിച്ചത്‌.
പ്രേമവും കാമവും രതിയും പ്രതിനിധീകരിക്കുന്ന ഒരു ശില്‍പം.
അല്ലങ്കിലും ആന്തോറിയത്തിനെ പ്രസിദ്ധനാക്കിയതീ പ്രതീകവല്‍ക്കരണം തന്നെയല്ലേ!

താഴെ വൃത്തിയായ കൈപ്പടയില്‍ ഉരുട്ടിയെഴുതിയ " എന്റെ ദേവനു ജന്മദിനാശംസകള്‍" എന്ന ഒരു വാചകം. അതിനും ലളിതമായി എഴുതിയ "കാര്‍ത്തിക" എന്ന നാമം.

ആ കാര്‍ഡു എന്റെ കയ്യില്‍ ഏറെ നേരമിരുന്നു.
എന്തേ ഇതു ആരും ഇതുവരെ ശ്രദ്ധിച്ചിക്കാതിരുന്നതു?.
സഹദേവനു ഒരു നിശബ്ദ പ്രേമമുണ്ടായിരുന്നോ?
ആര്‍ക്കും അറിയില്ല.
ആല്‍ത്തറ വിശേഷങ്ങളില്‍ ഇതാരും ചര്‍ച്ച ചെയ്തിട്ടില്ല.

സഹദേവനെക്കുറിച്ചുള്ള കാര്യങ്ങള്‍ നാട്ടിലും വീട്ടിലും ഇവിടേ ഷാര്‍ജ മുഴുവന്‍ എല്ലാര്‍ക്കുമറിഞ്ഞിട്ടും ഈ പ്രണയകഥ ആരുമറിയാതെ പോയതെന്തേ?

സഹദേവന്‍ ഞങ്ങളുടെ ഒരു വേദനയായിരുന്നു. വിധിയുടെ ക്രൂരമായ വിളയാട്ടത്തിനുമുന്‍പില്‍ അവസാനിച്ച ഒരു ജന്മം.
ഞാന്‍ നാട്ടില്‍ നിന്നു വന്നപ്പോള്‍ സഹദേവന്‍ ജയിലിലായിരുന്നു. അവന്റെ ദാരുണ കഥയാണ്‌ ഞാന്‍ വന്ന ആദ്യ വെള്ളിയാഴ്ചത്തെ ആല്‍ത്തറ വിശേഷങ്ങളില്‍ നിന്നു എന്റെ കരളിലേക്കാദ്യം തറച്ചു കയറിയത്‌.

പണത്തിനു വേണ്ടി, നാട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റാത്ത വിധമെത്തിയപ്പോഴാണ്‌, സഹദേവന്‍ അശോകന്‍ വഴി വിക്രമനെ ചെന്നു കാണുന്നത്‌. പാസ്പോര്‍ട്ട്‌ പണയം കൊടുത്താല്‍ അവന്റെ അറബിയില്‍ നിന്നും പതിനായ്യായിരം ദിര്‍ഹം പത്തു ശതമാനം പലിശക്കു വാങ്ങിത്തരാം എന്നവന്‍ ഏറ്റു. വിക്രമന്‍ അറബിയുടെ ഡ്രൈവറാണ്‌.
പറഞ്ഞതു പോലെ പാസ്പോര്‍ട്ടു കൊടുത്തപ്പോള്‍ അവന്‍ അറബിയില്‍ നിന്നു കാശു വാങ്ങി സഹദേവനു കൊടുത്തത്‌ പതിനാലായിരം ദിര്‍ഹം. ആയിരം അവന്റെ കമ്മീഷന്‍.

സഹദേവന്‍ കാശു നാട്ടിലയച്ചു അളിയന്റെ കടം തീര്‍ത്തു. കുറേശ്ശെയായി അറബിയുടേ കടം വീട്ടി കൊണ്ടിരുന്നു.

വിക്രമനെക്കുറിച്ചു കൂടുതലറിഞ്ഞതു പിന്നീടാണ്‌. ഹിന്ദിയില്‍ "ചാര്‍ സൗ ബീസ്‌" എന്ന ഒരു പ്രയോഗത്തിനു മലയാളത്തിലേറ്റം അനുയോജ്യനായതു വിക്രമനാണന്നപ്പോള്‍ തോന്നി.

എല്ലാ തിന്മകളുടേയും പര്യായമായ വിക്രമന്‍, കിളവനായ അറബിയുടെ യുവതിയായ ഭാര്യയുമായി അവിഹിത ബന്ധത്തിനിടെ അറബിയാല്‍ പിടിക്കപ്പെടുകയും അറബി പോലീസിനു ഫോണ്‍ ചെയ്യന്‍ ശ്രമിക്കവെ ആ ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി വിക്രമന്‍ അയാളെ കൊലപ്പെടുത്തുകയും ചെയ്തു.
അറബിയുടേ ഭാര്യയും വിക്രമനും ചേര്‍ന്നു കിളവന്റെ മരണം സ്വാഭാവിക മരണമാക്കി മാറ്റി.
ആദ്യം ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. എന്നാല്‍ ഗള്‍ഫില്‍ ജനാസസംസ്കരണ ചുമതല സര്‍ക്കാരാശുപത്രിയിലെ ഡോക്ടരുടേ മേല്‍നോട്ടത്തിലായതിനാല്‍ അവര്‍ മയ്യത്തിന്റെ കഴുത്തില്‍ ചുവന്ന അടയാളം കണ്ടു. അവര്‍ ഉടനെ സി. ഐ.ഡി വിഭാഗത്തെ അറിയിച്ചു.
സംഗതി മണത്തറിഞ്ഞ വിക്രമന്‍ വണ്ടിയെടുത്തു അറബിയുടെ വീട്ടില്‍ വന്നു പെട്ടി കുത്തിത്തുറന്നു അതിനകത്തുള്ള ഒരു പിടി പാസ്പോര്‍ട്ടുകളും പൈസയും വാരി സ്ഥലം വിടാന്‍ ഒരുങ്ങവേ ജാഗരൂഗരായ പോലീസു സംഘം അവനെ കയ്യോടേ പിടികൂടി. വിക്രമന്റെ പാസ്പോര്‍ട്ടിനു പുറമേ സഹദേവന്റെ പാസ്പോര്‍ട്ടും പിന്നെ മറ്റേതൊ ഒരു ഹതഭാഗ്യന്റെ പാസ്പോര്‍ട്ടു കൂടി പോലീസ്‌ അവന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്തതു വിനയായി. സംശയത്തിന്റെ പേരില്‍ അവരെ രണ്ടു പേരെയും പോലീസ്‌ അറസ്റ്റു ചെയ്തു.

പലവിധ പീഡനങ്ങള്‍ സഹിച്ചിട്ടും സഹദേവന്‍ കുറ്റം സമ്മതിച്ചില്ല. അവനൊന്നുമറിയില്ലന്നു കരഞ്ഞു പറഞ്ഞു.
ബാക്കി രണ്ടു പേരും നിരപരാധികളാണെന്നു വിക്രമന്‍ പോലീസിനോടു പറഞ്ഞിരുന്നങ്കില്‍ അവര്‍ക്കു അന്നേ സ്വതന്ത്രരാവാമായിരുന്നു. ഇതിനയാള്‍ ലക്ഷങ്ങളാണ്‌ അവരോടാവശ്യപെട്ടത്‌. മാത്രമല്ല കേസ്സിന്റെ ബലം കുറക്കാന്‍ നിരപരാധികളായ അവരും കുടുങ്ങേണ്ടത്‌ അയാളുടെ കുത്സിത ബുദ്ധിക്കാവശ്യമായിരുന്നു.

സഹദേവന്റെ കുറ്റസമ്മതമില്ലാതെ ശിക്ഷ വിധിക്കല്‍ സംഭവ്യമല്ലായിരുന്നതിനാല്‍ പല തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും സഹദേവന്‍ സത്യത്തില്‍ പിടിച്ചു നിന്നു.കൈവിരലിലെ നഖങ്ങള്‍ മുഴുവന്‍ പിഴുതെടുത്തിട്ടും അവന്‍ സത്യമല്ലാതെ ഒന്നും പറഞ്ഞില്ല.
എട്ടു വര്‍ഷത്തോളം അവന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.കേസ്സിന്റെ തീഷ്ണത കുറഞ്ഞു വന്നു. ശിക്ഷക്കു വേണ്ടി വാദിച്ചിരുന്ന അറബിയുടെ അനുജന്മാര്‍ അയാളുടെ അനന്തരാവകാശ സ്വത്തില്‍ തൃപ്തരായി.

ചെറു കുറ്റങ്ങള്‍ക്കു മാപ്പു കൊടുക്കുന്ന ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനു അവരെ വിട്ടയക്കുമെന്ന പ്രതീക്ഷയുണ്ടായി.ജയിലില്‍ ചില്ലറ ജോലി ചെയ്താല്‍ കിട്ടുന്ന പൈസ വല്ലപ്പോഴും ജയിലില്‍ സഹദേവനെ കാണാനെത്തിയിരുന്ന ഞങ്ങള്‍ക്കു തന്നു അവന്‍ നാട്ടില്‍ പോകാനാവശ്യമായ സാധനങ്ങള്‍ വാങ്ങിപ്പിച്ചു. അന്നവന്‍ കാര്‍ത്തികയെന്നു അഡ്രസ്സെഴുതിയ ഒരു കത്തു സ്റ്റാമ്പൊട്ടിച്ചു പോസ്റ്റു ചെയ്യാന്‍ തന്നതോര്‍ക്കുന്നു.

ഞങ്ങള്‍ അവന്റെ വരവിനായി ഫ്ലാറ്റു റഡിയാക്കി.അവനൊരു കട്ടിലൊഴിച്ചിട്ടു.

പക്ഷെ നവമ്പറിന്റെ ഒരവസാന ദിവസത്തില്‍ ഞങ്ങളെ ആകെ ഞെട്ടിച്ചു കൊണ്ട്‌ ആ കേസ്സിലെ മൂന്നു പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കിയ വിവരമാണ്‌ പിന്നെ ഞങ്ങള്‍ അറിഞ്ഞത്‌.ഡിസംബര്‍ 2 നു എല്ലാവരെയും വെറുതെ വിടുമെന്നു എല്ലാരും പ്രതീക്ഷിച്ചതായിരുന്നു. ശവശരീരം പോലും കാണാന്‍ ഞങ്ങള്‍ക്കാര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.

പിന്നീട്‌ ഒരുനാള്‍ ജയിലിന്റെ ഉള്ളില്‍ സിമണ്ടു പണിക്കു പോയ ഭാസ്കരേട്ടന്‍ പറഞ്ഞാണ്‌ ഞങ്ങള്‍ സഹദേവന്റെ അവസാന തീരുമാനങ്ങള്‍ അറിഞ്ഞത്‌.

"വിക്രമനെപ്പോലെ ഒരാള്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി ഇനിയും സമൂഹത്തില്‍ സുരക്ഷിതനായി ജീവിച്ചാല്‍ ഭൂമിയില്‍ തിന്മപെരുകും അതിനാല്‍ ഞാന്‍ എന്റെ ജന്മം ബലി കൊടുത്തു ആ ദുഷ്ടനെ നിഗ്രഹിക്കുകയാണ്‌ .അയാള്‍ രക്ഷപ്പെട്ടു കൂടാ"എന്നും സഹദേവന്‍ പറഞ്ഞ കാര്യം ഭാസ്കരേട്ടന്‍ ഞങ്ങളോടു പറഞ്ഞപ്പോള്‍ കാളകൂട വിഷം വിഴുങ്ങി പ്രപഞ്ചത്തെ രക്ഷിച്ച ശിവകര്‍ത്തവ്യം മാത്രമേ അന്നേരം ഒാര്‍മ്മവന്നുള്ളൂ.

ദൂരെ സഹദേവന്റെ വരവും കാത്തിരിക്കുന്ന കാര്‍ത്തികയെന്ന പെണ്‍കുട്ടിയുടെ കിനാവിന്റെ ബാക്കിയെന്തായി എന്നറിയാന്‍ ഒന്നു പാങ്ങു-പവറട്ടി വരെ പോകണമെന്നു വല്ലപ്പോഴും ഈ ഗ്രീറ്റിംഗ്‌ കാര്‍ഡു കാണുമ്പോള്‍ തോന്നറുണ്ട്‌.

പിന്നെ മറിച്ചു ചിന്തിക്കും അവളിപ്പോഴും സഹദേവന്‍ തിരിച്ചുവരുമെന്ന ചിന്തയില്‍ ഒന്നുമറിയാതെ കാത്തു കാത്തിരിക്കുന്നതു മനസ്സില്‍ കാണുന്നതാണീ കഥയുടെ നൊമ്പരപ്പെടുത്തുന്ന പരിണാമഗുപ്തിയെന്ന്.

http://tkkareem.blogspot.com/