ചൊവ്വാഴ്ച, ഡിസംബർ 25, 2007

മടക്കയാത്ര

നസ്സു നിയന്ത്രണത്തിലല്ലാത്ത ഏതോ ഒരു അഭിശപ്ത നിമിഷത്തിലാണു ഞാന്‍ റിമോട്ടിലല്ലാതെ കാറിന്റെ ഡോറടച്ചത്‌.
ധൃതിയിലിറങ്ങി, വാതില്‍ വലിച്ചടച്ചപ്പോള്‍ വിരലെടുക്കുന്നതിനിടക്കുള്ള ടൈമിംഗ്‌ തെറ്റി.
"അയ്യോ" എന്ന എന്റെ അറിയാതെയുള്ള നിലവിളി ശബ്ദം കേട്ടു, കാതുപൊട്ടനെന്നു ഞാന്‍ പലകുറി കളിയാക്കിയ ലിഫ്റ്റ്‌മാന്‍ പോലും ഓടി വന്നു.

ജാള്യം മറച്ചു വെച്ചു ധൃതിയില്‍ ഹീലും ടിപ്പും ബാലന്‍സു ചെയ്യാന്‍ നില്‍ക്കാതെ മാര്‍ബിള്‍ സ്റ്റപ്പുകള്‍ കേറി ലിഫ്റ്റിനകത്തേക്കു ഓടി ഒളിച്ചു.
കുത്തിനിര്‍ത്തിയ ശവപ്പെട്ടിയെ ഓര്‍മ്മിപ്പിക്കുന്ന ലിഫ്റ്റിന്നുള്ളിലെ സ്വകാര്യതയില്‍,
വേദനിക്കുന്ന വിരലുകള്‍ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു.
നന്നായി ചതഞ്ഞിരിക്കുന്നു. പക്ഷെ പൊട്ടിയിട്ടില്ല.

നിറയെ നീല നിറം കല്ലിച്ചു കിടക്കുന്ന ഈ വിരലുകള്‍ കൊണ്ടു കുറച്ചു കാലത്തേക്കു ഡ്രൈവു ചെയ്യാനും പേന പിടിക്കാനും,കീബോര്‍ഡിലും മൗസിലും അമര്‍ത്താനും ആവില്ലന്നു തീര്‍ച്ച.

ഓഫീസിലെ കാര്യങ്ങള്‍ അസിസ്റ്റന്‍ഡിനെ പറഞ്ഞേല്‍പ്പിച്ചു,
കുറച്ചു ദിവസത്തേക്കവധിയെടുക്കാതെ വയ്യ.
അവന്‍ തന്നെയാണു ഡ്രൈവു ചെയ്തു ക്ലിനിക്കില്‍ കൊണ്ടു പോയതും, തിരിച്ചവിടെന്നു വില്ലയില്‍ വിട്ടു തന്നതും.

ഒരാഴ്ച്ചയായി ജീവിതത്തിലാകെയും അപശകുനങ്ങളാണ്‌!.
പണ്ടൊക്കെ അതിലൊന്നും ഒരു വിശ്വാസമുണ്ടായിരുന്നില്ല. കടലുകടന്നു പോകുമെന്നു പണ്ടു കുറത്തി നാവോറു പാടി കേട്ട കുട്ടിക്കാലത്തും,
വിദേശത്തുജോലിക്കും വിദേശിയുമൊത്തുള്ള കുടുംബജീവിതത്തിനും ഭാഗ്യമുണ്ടെന്നു വായിച്ച ജാതകഫലങ്ങള്‍ക്കും പുല്ലുവിലകൊടുത്ത ധാര്‍ഷ്ട്യം നിറഞ്ഞ കൗമാര കാലമായിരുന്നു കാമ്പസിലെ വേറിട്ട എന്റെ വ്യക്തിത്വം.

നാട്ടാരും ടീച്ചര്‍മാരും കൂച്ചു വിലങ്ങിട്ടു പൂട്ടിയ ഗ്രാമത്തിലെ സ്കൂളില്‍ നിന്നും,
നിയന്ത്രിക്കാനാരുമില്ലാത്ത നഗരത്തിലെ കോളേജിലേക്കും ഹോസ്റ്റലിലേക്കും ജീവിതം പറിച്ചു നട്ടപ്പോള്‍ അതുവരെ കെട്ടി വരിഞ്ഞ ശാലീനതയുടെ മേലങ്കി വലിച്ചു പൊട്ടിച്ചു പുറത്തു ചാടാനായതു പറ്റിയ സാഹചര്യങ്ങള്‍ കിട്ടിയപ്പോഴാണ്‌.
ഫിറ്റ്‌നസ്സ്‌ സെന്‍റിലും ബ്യൂട്ടിപാര്‍ലറിലും മുടങ്ങാതെ പോയി രൂപപ്പെടുത്തിയെടുത്ത മേനിക്കു ആകര്‍ഷണത്തെക്കാള്‍ അസൂയക്കാരെയാണുണ്ടാക്കി തന്നത്‌. അതോടൊപ്പം ആ അസൂയയെ നേരിടാനുള്ള ചങ്കൂറ്റവും.
ഒരു പെണ്ണിനു പറഞ്ഞതിനെക്കാള്‍ തന്റേടം കൂടെ കൊണ്ടുനടന്നതിനാല്‍ പ്രണയവുമായി ആരും അടുത്തില്ല,
ഈ തന്തോന്നിപെണ്ണിനെ ഹൃദയം കൊണ്ടു കീഴടക്കാന്‍ മാത്രം നായകഗുണമൊന്നും അന്നൊരു വീരനിലും കണ്ടതുമില്ല.

എല്ലാവരോടും വെറുപ്പായിരുന്നു!. ആകെ രക്തബന്ധമുള്ള പെറ്റ തള്ളയോടു പോലും!.
കറുത്തു കരുവാളിച്ച മുഖവും, ചുക്കി ചുളിഞ്ഞ കൈകാലുകളുമുള്ള അമ്മയെ ഓര്‍ക്കുമ്പോള്‍ വെറുപ്പിനെക്കാള്‍ അറപ്പാണുണ്ടാക്കിയിരുന്നത്‌.
സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ അമ്മയെ തീരെ ഇഷ്ടമില്ലായിരുന്നു.
ധൃതിപിടിച്ചു വീട്ടില്‍ നിന്നിറങ്ങുന്ന തന്റെ പിറകെ മറന്നുവെച്ച ചോറ്റുപാത്രവും കൊണ്ടു ബസ്‌സ്റ്റോപ്പിലേക്കു കുറുക്കു വഴിയിലൂടെ കിതച്ചുകൊണ്ടോടിവരുന്ന അമ്മയെ വേറെയാരും കാണരുതെയെന്നാണു പലപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നത്‌.


ഇവര്‍ എന്റെ അമ്മ തന്നെയാണോ എന്നു പലപ്പോഴും ചിന്തിച്ചിരുന്നു.
അമ്മയെ വേലക്കാരിയായിട്ടു മാത്രമേ കണ്ടിട്ടുള്ളു. എക്കാലവും!.
അതിനപ്പുറത്തു അവരൊന്നും ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല താനും!.വെളുത്തു തുടുത്ത എന്റെ ഈ ശരീരത്തെ ഗര്‍ഭം ധരിച്ചതു ഈ സ്ത്രീ തന്നെയാണോ !
എന്നു ചോദ്യത്തിനുത്തരം തരാന്‍ പറ്റിയ ആരെയും കിട്ടാത്തതിനാല്‍ മാത്രം ആ ചോദ്യമെപ്പോഴും ചോദിക്കാചോദ്യമായി മനസ്സിനുള്ളില്‍ കൊണ്ടു നടന്നു.

എവിടെ നിന്നോ വന്നു പാര്‍ത്തവര്‍ എന്നു മാത്രമേ നാട്ടുകാര്‍ക്കു തങ്ങളുടെ വീട്ടുകാരെ ക്കുറിച്ചറിയുമായിരുന്നുള്ളൂ. വേരുകളെക്കുറിച്ചോ, വീട്ടുകാരെ കുറിച്ചോ അമ്മ ഒരക്ഷരം മിണ്ടിയിട്ടില്ല. അച്ഛന്റെ പെന്‍ഷന്‍ കിട്ടിയിരുന്നതിനാല്‍ നിയമപ്രകാരമാണു അമ്മയുടെ വിവാഹം നടന്നതെന്നു മാത്രം ഊഹിച്ചു. യുദ്ധത്തില്‍ മരണപ്പെട്ട ഭടന്റെ മകള്‍ക്കുള്ള ആനുകൂല്യം പഠനകാലത്തുടനീളം അനുഭവിക്കാനതു കൊണ്ടു തരമായി.

ഉടുത്ത തുണികൊണ്ടു മുഖം തുടച്ചു പടിക്കലേക്കു ഓടി വരുന്ന കരിയും പൊടിയും പുരണ്ട ഒരു സ്ത്രീയെ എന്റെ അമ്മയായി ആരുമറിയാനിടവരേണ്ട എന്നു ഉള്ളിലുണ്ടായിരുന്നതിനാല്‍, ഒഴിവുദിവസങ്ങളില്‍ പോലും വീട്ടില്‍ പോകാന്‍ താന്‍ മടിച്ചു.
വെറുതെ ഹോസ്റ്റലിലും ബീച്ചിലും അലഞ്ഞു തിരിഞ്ഞു ചെലവഴിച്ചു.

അച്ഛനെ ജീവനോടെ കണ്ട ഓര്‍മ്മയില്ല.
പെന്‍ഷന്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍, അച്ഛന്റെ യൂണിഫോമിലുള്ള ഫോട്ടോക്കു മുന്നില്‍ കൈകൂപ്പി കണ്ണടച്ചു ഇത്തിരി സമയം നില്‍ക്കുന്ന അമ്മ മാത്രമേ വല്ലപ്പോഴും അവളുടെ മനസ്സിനെ സ്പര്‍ശിച്ചിരുന്നുള്ളൂ. കാരണം ആ കണ്ണുതുറക്കുന്നതിനു പിറകെയാണു, കിട്ടിയ കാശില്‍ നിന്നു വളരെ കുറച്ചു മാത്രമെടുത്തു ബാക്കി മുഴുവന്‍ അവളുടെ കയ്യില്‍ വെച്ചു കൊടുക്കുന്ന ചടങ്ങ്‌.
കൃത്യമായി ഹോസ്റ്റലിലേക്കു മണിയോര്‍ഡര്‍ അയക്കാന്‍ അമ്മയെ ശീലിപ്പിച്ചതിനാല്‍ പിന്നെ ആ സെന്റിമെന്‍സുകൂടി സഹിക്കേണ്ടതില്ലാതായി.

മൊബെയിലില്‍, ജാനറ്റിന്റെ നമ്പര്‍ ബ്ലിംഗു ചെയ്തപ്പോള്‍ ആവേശത്തോടെ ഇടത്തെ കൈവിരലു കൊണ്ടമര്‍ത്തി ഫോണെടുത്തു.

"ഹായ്‌ മമ്മീ, ഡോണ്ട്‌ എക്‍സ്പെക്‍ട്‌ മി ഇന്‍ കമിംഗ്‌ വീക്കെന്‍ഡ്‌സ്‌, ഐ മൂവ്ഡ്‌ ടു ജോണ്‍സ്‌ വില്ല. ഹി വാണ്ട്‌ മി റ്റു ലിവ്‌ വിത്ത്‌ ഹിം ഫോര്‍ എവര്‍. നെക്സ്റ്റ്‌ മന്‍ത്‌ വി പ്ലാനെഡ്‌ റ്റു മാരി".
എന്റെ മോളുടെ ശബ്ദം തന്നെയോ?
അവള്‍ക്കു എന്നെ കൂടാതെ ജീവിക്കാന്‍ കഴിയുമോ?

പിന്നീട്‌ അവള്‍ പറഞ്ഞതൊന്നും കേട്ടില്ല.
കണ്ണിലിരുട്ടായിപ്പോയി.
കാതുകള്‍ കൊട്ടിയടഞ്ഞു.
കൈകാലുകള്‍ക്കു വല്ലാത്ത കനം.
ഫോണ്‍ ഓഫാക്കുന്നതിന്നു മുന്‍പെ ഇടതു കയ്യില്‍ നിന്നതു നിലത്തു വീണു
ബെഡിലേക്കു വീഴുന്നതുവരെ പ്രജ്ഞ നിലനിര്‍ത്താനായതു ഭാഗ്യം.
ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ തറയില്‍ വീണു പോയേനെ.

ബോധം തിരിച്ചു കിട്ടിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു.സന്ധ്യ ഇരുണ്ടിട്ടും വെളിച്ചം തെളിയിക്കാന്‍ തോന്നിയില്ല.ഇരുട്ടിനെ ഇഷ്ടപ്പെടേണ്ടിയിരിക്കുന്നു.

ഷോക്കില്‍ നിന്നു വിടുതി കിട്ടിയപ്പോള്‍ സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. സമാധാനിച്ചു. അവള്‍ക്കത്രയെങ്കിലും വിളിച്ചു പറയാന്‍ ക്ഷമയുണ്ടായല്ലോ!
ഞാനെന്താണു ചെയ്തത്‌.
ടൂറിസ്റ്റെന്ന നിലയില്‍ പരിചയപ്പെട്ട ജാക്കുമായി ഒരു കൊല്ലത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂരിലെ പഠനകാലത്തു വൃന്ദാവനില്‍ വെച്ചാണു നേരിട്ടു കണ്ടതും കൂടുതലടുത്തതും.
പരിചയം വിവാഹത്തിലെത്തിയപ്പോള്‍ കേവലം ഒരു ഇന്‍ലന്റിലാണു അമ്മയെ വിവരമറിയിച്ചത്‌. കല്യാണം കഴിഞ്ഞെന്നും ഹോളണ്ടിലേക്കു പറക്കുകയാനെന്നും എഴുതിയ ആ കത്തു കിട്ടിയപ്പോള്‍ അമ്മയിലെന്തു വികാരമാണുണ്ടായിരിക്കുകയെന്നു ഊഹിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. അമ്മയെ ജാക്കിനെ പരിചയപ്പെടുത്താനും കാണിക്കാനും ഒരു വര്‍ഷത്തെ സമയമെനിക്കുണ്ടായിരുന്നിട്ടു കൂടി അമ്മയെ അറിയിക്കല്‍ ഒരാവശ്യമാണെന്നു എനിക്കു തോന്നിയില്ല.

ജാക്കുമൊത്തുള്ള ജീവിതം രസകരമായിരുന്നു. മകളുണ്ടാവുന്നതു വരെ.
ഗ്ലാമറും സ്മാര്‍ട്ട്‌നസും ജോലിയിലെ അര്‍പ്പണബോധവും തനിക്കു ജാക്കിനെക്കാള്‍ കൂടുതല്‍ പ്രൊഫഷണല്‍ ഉയര്‍ച്ചയും പ്രമോഷനും സമ്മാനിച്ചപ്പോള്‍ എന്റെ വാക്കിനു കനം കൂടുന്നു എന്നു ജാക്കു ആദ്യമായി വിളിച്ചു പറഞ്ഞതു അയാള്‍ക്കു ലഹരി തലക്കു കയറിയപ്പോഴാണ്‌. അപ‍കര്‍ഷതാബോധം അയാളെ മുഴുക്കുടിയനാക്കിയപ്പോള്‍ പിന്നെ പിന്നെ അതും അതിനപ്പുറം പലതും അയാള്‍ പലവട്ടം ഉറക്കെ വിളിച്ചു പറഞ്ഞു. സഹികെട്ട ഒരു ദിവസം കൈ നിവര്‍ത്തി ഒന്നു കൊടുത്തു, കോളേജിലെ വോളിബോള്‍ കോര്‍ട്ടില്‍ ധാരാളം കയ്യടി കിട്ടിയിരുന്ന പഴയ ഒരു സ്മാഷായിരുന്നു അന്നേരം മനസ്സില്‍.
ഭാര്യയുടെ കൈകരുത്തു കവിളില്‍ ഏറ്റു വാങ്ങിയ വേദനയെക്കാള്‍ ജാക്കിനെ വേദനിപ്പിച്ചത്‌ മകളുടെ മുന്നില്‍ വെച്ചു അപമാനിതനാക്കപ്പെട്ടതിനാലാണ്‌. ഓഫീസിലെ കീഴ്ജീവനക്കാരിയുടെ ഫ്ലാറ്റിലേക്കു താമസം മാറ്റി ഡിവേര്‍സ്‌ നോട്ടീസയച്ചാണതിനദ്ദേഹം പകരം വീട്ടിയത്‌.
ഒരു കോമ്പ്രമൈസിനു മനസു വഴങ്ങാത്തതിനാല്‍ വിവാഹമോചനം സമ്മതിച്ചപ്പോള്‍ അന്നേരം ഒരു വേദനയും തോന്നിയില്ല.
ജാനറ്റു എന്റെ കൂടെ താമസിക്കാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ജാക്കിനെ തോല്‍പ്പിച്ച സുഖത്തില്‍ അവനെ അഭിമുഖീകരിക്കുമ്പോഴൊക്കെ സദാ പ്രസന്നയാവാന്‍ ശ്രദ്ധിച്ചു.

ജാക്കു പിരിഞ്ഞു പോയിട്ടു വര്‍ഷമൊന്നായിട്ടും പിടിച്ചു നിന്നു.
ഇന്നു മകളുടെ ഈ ഫോണ്‍ കാള്‍ കിട്ടുന്നതു വരെ,
മുടങ്ങാതെ വീക്കെന്‍ഡുകളില്‍ വരുന്ന മകളെ പ്രതീക്ഷിച്ചായിരുന്നു മറ്റു ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്‌.

ജീവിതത്തില്‍ ബാക്കിയായ ഏക വെളിച്ചമായിരുന്നു അവള്‍.
ഇനി മകളെ കാത്തിനി എനിക്കിരിക്കേണ്ടതില്ലന്ന തിരിച്ചറിവു എന്നെ മൂടിയ ഇരുട്ടിനെ കൂടുതല്‍ കറുപ്പുള്ളതാക്കി.
വാതായനത്തിലൂടെ പോലും ഒരു വെളിച്ചക്കീറുമായി വന്നു കയറാനൊരാളില്ലാത്ത ഈ വില്ല എന്റെ ശവക്കല്ലറയായി പരിണമിക്കുന്നതു ഞാന്‍ ഭീതിയോടെ അറിഞ്ഞു തുടങ്ങി.

കണ്ണാടിയിലേക്കു നോക്കി ഏറെ നേരം നിന്നു.
ഏജിംഗിനെ പിടിച്ചു നിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന കെമിക്കല്‍ ലേപനങ്ങള്‍ നല്‍കിയ പൊള്ളലുകള്‍ മുഖത്തിന്റെ തിളക്കം കുറച്ചിരിക്കുന്നു.
തൊലിയില്‍ അവിടവിടെ മാത്രമുണ്ടായിരുന്ന പാടുകളും ചുളിവുകളും ഇപ്പോള്‍ ഇരട്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ചുളിഞ്ഞു തുടങ്ങിയ കവിളുകളും ഡൈ ചെയ്യാന്‍ മറന്നു പോയ മുടിയും അമ്മയുടെ ഓര്‍മ്മ എന്നില്‍ എറിഞ്ഞിട്ടു പോയതെപ്പോള്‍?.
അപ്പോള്‍ ഞാന്‍ അമ്മയെ അനുകമ്പയോടെ ഓര്‍ത്തു,
ജീവിതത്തിലാദ്യമായി ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറായി.

എന്റെ കണ്ണുകളിലെ ധിക്കാരം കൊഴിഞ്ഞു തീരുകയാണോ? .
ഈ തോന്നല്‍ എപ്പോള്‍ മുതലെന്നില്‍ കുടിയേറി?
മകള്‍ പുതിയ ബോയ്‌ഫ്രന്‍ണ്ടിനെ കണ്ടു പിടിച്ചു എന്നില്‍ നിന്നകന്നു മാറിപ്പോയതു മുതലോ?
അതോ വിരലിലെ വേദന വരാനിരിക്കുന്ന ഒരു ഭയാനകമായ ശരീരിക ബലഹീനതയെ ഓര്‍മ്മപ്പെടുത്തിയതു മുതലോ?
എന്റെ ശരീരത്തില്‍ സ്നേഹത്തോടെ മറ്റൊരാള്‍ സ്പര്‍ശിച്ചിട്ടൊരു വര്‍ഷം പിന്നിടുന്നുവെന്ന തിരിച്ചറിവോ?അതോ ഇവയെല്ലാം ചേര്‍ന്നതോ?
എനിക്കറിയില്ല.

അമ്മയുടെ ശാപമാവാം.
അവര്‍ക്കതിനു കഴിയുമായിരുന്നില്ലങ്കില്‍ കൂടി.

പിന്നെ പിന്നെ, പ്രതിഫലനമുള്ള ഏതൊരു പ്രതലത്തിലേക്കു നോക്കിയാലും അമ്മയെ കാണാന്‍ തുടങ്ങി.
വേദനയിലും പുഞ്ചിരിച്ചിരുന്ന ആ വിണ്ടു കീറിയ വരണ്ട ചുണ്ടുകള്‍ എന്റെ ഉറക്കം കെടുത്തി.

കുറ്റബോധത്തിന്റെ കറുത്ത പുക വന്നെന്റെ ശവപ്പെട്ടിയിലിരുട്ടു കുത്തിനിറക്കുന്നതു ഞാന്‍ അനുഭവിച്ചറിഞ്ഞു.
എനിക്കുറക്കം കിട്ടാതായി.

വൈകിയുണര്‍ന്ന ഒരു ദിവസം ശരിക്കടയാതെ കിടന്ന ഒരു ജനല്‍ പഴുതിലൂടെ അരിച്ചെത്തുന്ന ഒരു വെളിച്ചകീറില്‍ അറ്റം മടങ്ങിയ ഒരു പഴയ്‌ ബുക്കു കണ്ടു.
അതെന്റെ പഴയ ഫോണ്‍ നമ്പര്‍ ബുക്ക്‌.
ആ ബുക്കിനെ എന്റെ കണ്‍വെട്ടത്തു നിന്നും മറച്ച അഞ്ചാറു ബാങ്കു ക്രഡിറ്റുകാര്‍ഡുകള്‍ കൊണ്ടു നടക്കുന്ന ലതറിന്റെ ഒരു വാലറ്റ്‌ അതിന്നു മുകളില്‍.
ബുക്കിലെന്റെ അമ്മയെ വിളിക്കാനുള്ള നമ്പരുണ്ടാകും.
ഞാന്‍ പിടഞ്ഞെണീറ്റു.

അയല്‍വാസിയുടെ വീട്ടിലേക്കു വിളിച്ചു അമ്മയുമായി സംസാരിച്ചതു പത്തിരുപതു വര്‍ഷത്തിനിടക്കു ഒന്നോ രണ്ടോ പ്രാവശ്യം മാത്രം.
ധൃതിയില്‍ ഞാന്‍ അമ്മയുടെ അയല്‍വാസിയുടെ പേരോര്‍ക്കാന്‍ ശ്രമിച്ചു.
ആവുന്നില്ല.

പിന്നെ അമ്മയുടെ പേരോരോര്‍ക്കാന്‍ ശ്രമിച്ചു.
പലവട്ടം അപ്ലിക്കേഷനുകളില്‍ എഴുതിയതാണ്‌.
"തള്ളേ" എന്നേ വിളിച്ചിട്ടുള്ളൂ,
ശരിക്കുള്ള പേരിന്റെ ഒരോര്‍മ്മ പോലും വരുന്നില്ല.

നിരാശയോടെ ഓരോ പേജിലെ പേരുകളും സമയമെടുത്തു വായിച്ചു.
ഒന്നും അമ്മയുടെ പേരായി തോന്നിയില്ല.
പിന്നെ കെയറോഫ്‌ വെച്ചെഴുതിയ നമ്പറുകള്‍ മാത്രം തെരെഞ്ഞെടുത്തു.
അങ്ങനെയുള്ള നാലു നമ്പറുകള്‍ ഉണ്ട്‌.

അവസാനം ആ നമ്പറുകളിലെല്ലാം ഓരോന്നായി വിളിച്ചു പരാജയപ്പെട്ടിട്ടവസാനത്തെ നമ്പറില്‍ വിളിച്ചു ആളെ കിട്ടിയപ്പോള്‍ ഹോളണ്ടില്‍ താമസിക്കുന്ന മകളുള്ള ഒരു വിധവയായ സ്ത്രീ അടുത്താണോ താമസം എന്നു ചോദിച്ചു.
മറുപടി ആദ്യം ആശയും പിന്നെ നിരാശയുമേകി.

"നിങ്ങള്‍ ഉദ്ദേശിക്കുന്നതു വിലാസിനിയമ്മയെ ആണെങ്കില്‍ ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ അവരിപ്പോള്‍ ഏതോ ഒരു വൃദ്ധസദനത്തിലെ അന്തേവാസിയാണ്‌. അവര്‍ക്കൊരു മകളുള്ളതായി ഞങ്ങള്‍ക്കറിയില്ല. പക്ഷെ അവര്‍ നിങ്ങള്‍ പറഞ്ഞ പോലെ അവര്‍ ഒരു പട്ടാളക്കാരന്റെ വിധവയാണെന്നു തോന്നുന്നു. ഇത്രയുമേ ഞങ്ങള്‍ക്കറിയൂ. കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഞങ്ങള്‍ അന്വേഷിച്ചു പറയാം".

അപരനെ സഹായിക്കാനുള്ള ഗ്രാമീണചിന്തകള്‍ക്കിപ്പോഴും അപക്ഷയം സംഭവിച്ചിട്ടില്ലന്നു കണ്ടപ്പോള്‍ ഇത്തിരി സമാധാനം തോന്നി.

ഞാന്‍ എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു പെട്ടന്നു ഒരു കാറ്റു വന്നു ആ ജനല്‍പ്പാളിതള്ളിത്തുറന്നകത്തു കയറാന്‍ ശ്രമിച്ചപ്പോള്‍ വെളിച്ചക്കീറിന്റെ വ്യാസം വര്‍ദ്ധിച്ചു ആ വെളിച്ചം കുറച്ചു കൂടി എനിക്കു പ്രാപ്യമായി.
കണ്ണീര്‍ തുള്ളിയില്‍ തട്ടി ആ സൂര്യകിരണങ്ങള്‍ ഞാന്‍ നോക്കുന്നിടത്തെല്ലാം മഴവില്ലിലെ നിറങ്ങള്‍ എനിക്കു സമ്മാനിച്ചു.

പിറ്റേന്നു ടെലിഫോണ്‍ ശബ്ദം കേട്ടുണരുമ്പോള്‍ ഞാന്‍ തലേന്നു സംസാരിച്ച അയല്‍വാസി തന്നെ ലൈനില്‍. അമ്മയെ പാര്‍പ്പിച്ച സദനത്തിന്റെ പേരും,സ്ഥലവും ഫോണ്‍നമ്പറും തന്നു. നന്ദിയോടെ ഫോണ്‍ വെക്കുമ്പോള്‍. അവര്‍ ചോദിച്ചു.
"വിലാസിനിയമ്മയുടെ മകളാണല്ലെ!"
അതെ എന്നുത്തരം പറയുമ്പോള്‍ മനസ്സിലൊരപകര്‍ഷതയും തോന്നിയില്ല.

മുന്‍പെന്നത്തേയുമെന്ന പോലെ ഒരു തീരുമാനമെടുക്കുമ്പോള്‍ ആരോടെങ്കിലും അനേഷിക്കാനും, യാത്രചോദിക്കാനും ഉണ്ടായിരുന്നില്ല. ജാനറ്റിനോടൊഴിച്ച്‌,
അവളോടു പറഞ്ഞു
"മീ ടു ഡെ ലീവിംഗ്‌ റ്റു കേരള! ഐ ആം ഗോയിംഗ്‌ ടു ലിവ്‌ വിത്ത്‌ മൈ മദര്‍ ഹിയര്‍ ഓര്‍ ദേര്‍, അക്കോര്‍ഡിംഗ്‌ റ്റു ഹേര്‍ വിഷ്‌!".

അവള്‍ വെറുമൊരു ഓ.കെ യില്‍ വാക്കൊതുക്കിയപ്പോള്‍ കൂടുതല്‍ സംസാരിക്കാനില്ലാതെ ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.
അവള്‍ എന്റെ തനിപ്പകര്‍പ്പു തന്നെ!.

ഫ്ലൈറ്റില്‍ ചാരിയിരുന്നൊന്നു മയങ്ങാന്‍ ശ്രമിക്കുമ്പോള്‍ അമ്മയുടെ നെഞ്ചിന്റെ ചൂടും കണ്ണീരിന്റെ നനവുമായിരുന്നു ഉള്ളില്‍ നിറയെ.
അതിന്റെ സമ്മിശ്രസുഖം എന്റെ ഉറക്കം ശാന്തമാക്കി.
അപ്പോള്‍ ഞാന്‍ അമ്മയുടെ ചുക്കിച്ചുളിഞ്ഞ കൈവിരലുകലുടെ സ്പര്‍ശനസുഖമേറ്റു ആ മടിയില്‍ കിടന്നു മയങ്ങുന്ന ഒരു കുഞ്ഞായി മാറി.
27190

17 അഭിപ്രായ(ങ്ങള്‍):

 1. മൂര്‍ത്തി പറഞ്ഞു...

  കൊള്ളാം മാഷെ..
  ക്രിസ്തുമസ് നവവത്സര ആശംസകളും...

 2. Sathees Makkoth | Asha Revamma പറഞ്ഞു...

  മാഷേ, പതിവ് പോലെ മനോഹരം! അമ്മ -പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിഷയം.

 3. വേണു venu പറഞ്ഞു...

  :)
  കൊള്ളാം.
  ക്രിസ്തുമസ് നവവത്സര ആശംസകള്‍!

 4. Gopan | ഗോപന്‍ പറഞ്ഞു...

  കരീം മാഷേ,
  വളരെ നന്നായിരിക്കുന്നു..ഇതു യാഥാര്‍ത്യമാണോ അതോ സങ്കല്പ്പമോ..
  എനിക്കറിയാവുന്ന ഒരാളുടെ ജീവിത കുറിപ്പ് പോലെ തോന്നി.. ഒരു പക്ഷെ യാദ്രിശ്ചികമായിരിക്കാം
  സസ്നേഹം,
  ഗോപന്‍

 5. Unknown പറഞ്ഞു...

  കണ്ണു നനഞ്ഞു പോയി
  ആരെയൊക്കെയോ ഓര്‍മ്മ വന്നു.

 6. അലി പറഞ്ഞു...

  നന്നായിരിക്കുന്നു!

  പുതുവത്സരാശംസകള്‍.

 7. ചീര I Cheera പറഞ്ഞു...

  മാഷേ, ഒരു മടക്കയാത്ര തന്നെ!
  രന്ടമ്മമാരേയും ഇഷ്ടമായി..
  ഇത് വീണ്ടും ആവര്‍ത്തിയ്ക്കുമോ, ജാനറ്റിലൂടെ?

 8. Sherlock പറഞ്ഞു...

  മാഷേ.. എന്നത്തേയും പോലെ ഇതും നന്നായിരിക്കുന്നു...


  നവവത്സര ആശംസകള്‍...

 9. പാമരന്‍ പറഞ്ഞു...

  ഇഷ്ടപ്പെട്ടു, മാഷെ.. ഇനിയും പോരട്ടെ..!

 10. കരീം മാഷ്‌ പറഞ്ഞു...

  മൂര്‍ത്തി
  സതീശ് മാക്കോത്ത് | sathees makkoth
  വേണു venu
  ഗോപന്‍
  ആഗ്നേയ
  അലി
  P.R
  ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh|
  പാമരന്‍.

  മടക്കയാത്ര വായിച്ചവര്‍ക്കും കമണ്ടിട്ടവര്‍ക്കും വളരെ നന്ദി.ക്രിസ്തുമസ് നവവത്സര ആശംസകളും...

  ഗോപന്‍ ആദ്യമായി കണ്ടതിനും അഭിപ്രായത്തിനും നന്ദി. ഇതൊരു യാഥാര്‍ത്ഥ സംഭവത്തിന്റെ കഥാവിഷ്ക്കാരം തന്നെ.
  പേരും ഊരും മാറ്റിയെന്നു മാത്രം.പക്ഷെ മകള്‍ തെറ്റുമനസ്സിലാക്കി തിരിച്ചെത്തിയപ്പോള്‍ അമ്മയുണ്ടായിരുന്നില്ലന്നു മാത്രം.(പകരം അച്ഛന്റെ പെന്‍ഷന്‍ തുക ഒട്ടും കുറയാതെ അങ്ങനെ ബാങ്കില്‍ ഡിപ്പോസിറ്റു ചെയ്ത ഒരു ബാങ്ക്‌ അക്കൗന്റ്‌ പാസ്ബുക്കും സ്ഥലത്തിന്റെ അധാരവും മകള്‍ എന്നെങ്കിലും തിരിച്ചു വന്നാല്‍ കൊടുക്കാനായി ആ സദനത്തില്‍ ഏല്‍പ്പിച്ചിരുന്നു).
  അതെഴുതാന്‍ മനസ്സു സമ്മതിച്ചില്ല. ഒരു പ്രതീക്ഷ ബാക്കിയാക്കുന്ന രചനകളെ ഞാന്‍ ഇഷ്ടപ്പെടുന്നതിനാലാവാം.ആ ഭാഗം വിട്ടുകളഞ്ഞു.

 11. സജീവ് കടവനാട് പറഞ്ഞു...

  നന്നായി അവതരിപ്പിച്ചിരിക്കുന്നു മാഷേ. ആ കമന്റിലെ വിശദീകരണം ഒടുവില്‍ തന്ന പ്രതീക്ഷയില്ലാതാക്കിയല്ലോ.

 12. കരീം മാഷ്‌ പറഞ്ഞു...

  കിനാവിന്റെ അഭിപ്രായത്തിനു നന്ദി.
  ബ്ലോഗിലെ കഥയെഴുത്തു എനിക്കു ഒരു ഡിസ്കഷന്‍ ടേബിളിന്റെ ഇഫക്ടാണു നല്‍കുന്നതു. ഫൈനല്‍ പ്രൊഡക്ടാവുന്നതു വരെ ബ്ലോഗു സുഹൃത്തുക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചും ചര്‍ച്ച ചെയ്തും പലപ്പോഴും രചനകളില്‍ ഒരുപാടു മാറ്റം വരുത്താനെനിക്കതിനാല്‍ കഴിയുന്നു. അതിനു എല്ലാവരോടും നന്ദിയുണ്ട്‌.
  അതിനാല്‍ ബ്ലോഗു സൗഹൃദത്തിനു മുന്നില്‍ കഥയുടെ ഹേതു വെളിവാക്കുന്നതു കൂടുതല്‍ നന്നാക്കാനാവശ്യമായ ഫീഡ്ബാക്കിനു കാരണമാകുന്നു.
  ഒരു പ്രത്യേകകാലം കഴിഞ്ഞാല്‍ ഞാന്‍ കമണ്ടു ജാലകം കൊട്ടിയടക്കുകയാണു പതിവ്‌. അതു എനിക്കു മാത്രം സ്വകാര്യമായി സൂക്ഷിക്കും.

 13. Binu പറഞ്ഞു...

  മാഷെ,

  വളരെ നന്നായി. അങ്ങയ്ക്കും കുടുംബത്തിനും നവ വല്‍സരാശംസകള്‍!

 14. Unknown പറഞ്ഞു...

  ഭംഗിയായി തന്നെ എഴുതിയിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.

 15. കരീം മാഷ്‌ പറഞ്ഞു...

  ബിനുവിന്നു നന്ദി. നവവല്‍സരാശംസകള്‍.

  കുരുരാന്‍, കമണ്ടിനു നന്ദി. പുതിയ ബ്ലോഗറാണെന്നു തോന്നുന്നു. ഞാന്‍ താങ്കളുടെ ബ്ലോഗിലൊന്നു വന്നു നോക്കട്ടെ!
  ആശംസകള്‍.

 16. സമയം ഓണ്‍ലൈന്‍ പറഞ്ഞു...

  nice blog

  visit www.samayamonline.in

 17. കുഞ്ഞായി | kunjai പറഞ്ഞു...

  ബൂലോകത്ത് പുതിയ‌ആളാണ് ഞാന്‍.അതുകൊണ്ട് പലരുടെയും എഴുത്തുകള്‍ പരിചയപ്പെട്ട് വരുന്നെ ഉള്ളൂ.
  മാഷിന്റെ ‘മടക്കയാത്ര’ വായീച്ചു.വളരെ നന്നായിട്ടുണ്ട്.
  സമയം കിട്ടുമ്പോള്‍ ബാക്കി വായിക്കാം.