തിങ്കളാഴ്‌ച, ജൂൺ 09, 2008

സ്ത്രൈണതയുടെ മുക്കും മൂലയും

നീണ്ട മൂക്കുള്ള പെണ്ണുങ്ങളെ അയാള്‍ക്കു വളരെ ഇഷ്ടമായിരുന്നു.
അവര്‍ ഭാഗ്യമുള്ളവരാണെന്നും ഒപ്പമുള്ളവര്‍ക്കു പോസിറ്റീവ്‌ എനര്‍ജി പ്രദാനം ചെയ്യുകവഴി അവര്‍ ഭാഗ്യം കൊണ്ടു വരുന്നവരാണെന്നും അയാള്‍ വളരെ ചെറുപ്പത്തിലേ വായിച്ചറിഞ്ഞിരുന്നു.

മാറു മറച്ചു ശീലമില്ലാത്ത മുണ്ടിപ്പെണ്ണിന്റെ പുന്നാരിക്കലിനിടയിലവരുടെ നീണ്ടമൂക്കിന്നഗ്രം കൊണ്ടു കുഞ്ഞിക്കവിളിലും ചുണ്ടിലും തൊട്ടുരസിയുള്ള ആ മുത്തമിടലിലൂടെ കുഞ്ഞായിരുന്നപ്പോഴേ അനുഭവിച്ചു ശീലിച്ച ഇക്കിളിയും കുളിരുമാണിപ്പോഴുമയാളുടെ വിട്ടുമാറാത്ത ഈ ബലഹീനതയുടെ ഉറവടം.
മൂക്കു വിട്ടു മൂക്കു പിടിക്കുന്നതിനിടക്കുള്ള കാലത്തു കണ്ട നീണ്ട മൂക്കുള്ള കുട്ടുകാരികളെയയിരുന്നു ബാല്യകാലത്തോടൊപ്പം അയാള്‍ ഇന്നു കൂടുതല്‍ ഓര്‍ക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും.

അന്നു വൈക്കം മുഹമ്മത്‌ ബഷീറിന്റെ "വിശ്വവിഖ്യാതമായ മൂക്ക്‌" എന്ന ഒരു പാഠം മലയാള പാഠവലിയില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ പത്താം ക്ലാസ്സില്‍ പഠിച്ചിട്ടേയില്ല എന്നയാള്‍ ചിന്തിച്ചേനെ!
ഇടതു വശത്തിരുന്ന പെണ്‍കുട്ടിയുടെ നീണ്ട മൂക്കിലേക്കു തന്നെ നോക്കിയിരുന്നു സ്ഥലകാല ബോധം നഷ്ടപ്പെട്ടതു വഴി നേടിയ ചൂരലടിയുടെ വേദനയെക്കാള്‍ അയാളുടെ ഉള്ളില്‍ തിണര്‍ത്തു കിടന്നതു ആ ടീച്ചറുടെ ചപ്പിയ മൂക്കുള്ള നിര്‍ജ്ജീവമായ മുഖമായിരുന്നു.

നമ്മുടേയും അയല്‍രാജ്യങ്ങളിലും അധികാരത്തിലിരുന്ന എല്ലാ രാഷ്ടവനിതാനേതാക്കള്‍ക്കും സാമാന്യം സുന്ദരമായ മൂക്കുണ്ടായിരുന്നു. കാലാകാലങ്ങളില്‍ ലോകം തുടികൊട്ടിപ്പാടിയ ലേഡീ-സെലിബ്രറ്റികള്‍ക്കും നീണ്ട മൂക്കുണ്ടായിരുന്നു.

തന്റെ പതിഞ്ഞ മൂക്കു പ്ലാസ്‌റ്റിക്‌സര്‍ജറി നടത്തി നീളം വെപ്പിച്ചതിനു ശേഷമാണൊരു ദക്ഷിണേന്ത്യന്‍ നടിക്കു ബോളിവുഡിന്റെ റാണിയായി വിലസാന്‍ സാധിച്ചതെന്നയാള്‍ നാക്കിനെക്കുറിച്ചുള്ള ചര്‍ച്ചയാണെങ്കില്‍പ്പോലുമതു മൂക്കത്തുവിരല്‍ വെച്ചു മൂകരായിരുന്നു കേള്‍ക്കുന്ന കേള്‍വിക്കാരോടു പലവട്ടം പറഞ്ഞു കേട്ടതവര്‍ക്കു നന്നേ മടുത്തിരുന്നു.
തത്തച്ചുണ്ടുപോലെ ഒത്തിരി നീണ്ടു, ഇത്തിരി താഴോട്ടു വളഞ്ഞു, പാതിമുറിച്ച ഒരു പച്ചമുന്തിരി ഒട്ടിച്ചു വെച്ചപോല്‍, മാര്‍ദ്ദവമായ ഒരര്‍ധമുകുളം ലയിച്ചു ചേര്‍ന്ന ചുവന്നു തുടുത്ത, നാസികാഗ്രവുമുള്ളതായിരുന്നു അയാള്‍ തന്റെ വധുവിനു സങ്കല്‍പ്പിച്ച മൂക്കിന്റെ രൂപഭംഗി.
അതേറെക്കാലം വരച്ചും ഗണിച്ചും അയാള്‍ സ്വപ്നങ്ങള്‍ നെയ്തു.അങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെ തേടി വര്‍ഷങ്ങള്‍ ഒരുപാടു വൃഥാവ്യയം ചെയ്താണു അവസാനം അയാള്‍ വിവാഹത്തിനു തയ്യാറായത്‌.വിധിവൈപര്യം എന്നു പറയട്ടെ! ഏറെ തെരച്ചിലുകള്‍ക്കുമവസാനം അയാള്‍ക്കു വിധിച്ച പെണ്ണിന്റെ മൂക്കിന്റെ വലിപ്പം ശരാശരിയിലും വളരെ താഴെയായിരുന്നു.
അല്ലങ്കിലും കൊതിച്ചതു കിട്ടുകയില്ലന്ന പ്രപഞ്ചസത്യമാണല്ലോ ആഗ്രഹങ്ങളെ സജ്ജീവമായി ചാക്രികമാക്കുന്നത്‌.

ആദ്യരാത്രിയില്‍ സി.എഫ്‌.എല്‍ ലാമ്പിന്റെ വെട്ടത്തില്‍ അവളുടെ കുറിയ മൂക്കിലേക്കു തന്നെ നിര്‍വ്വികാരനായി നോക്കിയിരുന്നിട്ടാണയാള്‍ നിരാശയോടെ നേരം വെളുപ്പിച്ചത്‌.
ആദ്യമൊന്നും അയാളുടെ നിരാശയുടെ കാരണം അവള്‍ക്കു മനസ്സിലായില്ല. പിന്നെ പിന്നെ കാലം കടന്നു പോകവേ അവള്‍ക്കെല്ലാം മനസ്സിലായി.
നീളം കുറഞ്ഞ മൂക്കാണു സൗന്ദര്യപ്രതീകം എന്നു വിശ്വസിക്കുകയും അതിനെ എഴുതിപ്പരത്തുകയും പറഞ്ഞു നീട്ടുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നവള്‍.
]തടിച്ചതോ നീണ്ടതോ ആയ മൂക്കുകള്‍ ദൃശ്യങ്ങളെ മറയ്ക്കുന്നുവെന്നും തന്റെ തന്നെ അസ്തിത്ത്വത്തിനെ മായ്ക്കുന്നുവെന്നും അവള്‍ വിശ്വസിച്ചു.
മുഖം നിറഞ്ഞു നില്‍ക്കുന്ന നീണ്ടമൂക്ക്‌ ശരിയായ കാഴ്ച്ചക്കും കാഴ്ച്ചപ്പാടിനും വിഘാതം സൃഷ്ടിക്കുന്നുവെന്നുമവള്‍ ഇടം കിട്ടിയിടത്തൊക്കെ എഴുതി വെച്ചു.
തന്റേടത്തോടെ എവിടേയും തള്ളിക്കയറാന്‍ വലിപ്പം തീരെക്കുറഞ്ഞ മൂക്കാണു നല്ലതെന്നും വീറോടെ അവള്‍ പ്രസംഗിച്ചതു കൊണ്ടാണ്‌ സീസോണ്‍, ഇന്റര്‍സോണ്‍ മത്സര പ്രസംഗവേദികളില്‍ അവള്‍ക്കു മറ്റുള്ളവരെ മറികടന്നു സമ്മാനം നേടാനായതെന്നും ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ഒരിടം കിട്ടാനിവന്നതെന്നും അവള്‍ ഇടക്കിടെയവനെ ഓര്‍മ്മിപ്പിച്ചു.
മൂക്കു നീണ്ടവള്‍ക്കു തലയിലൊന്നുമുണ്ടാവില്ലന്നവള്‍ ന്യായം പറഞ്ഞു.
മൂക്കുത്തിയും മുല്ലപ്പൂവും കീഴ്പ്പെട്ട പെണ്ണിന്റെ പ്രതീകങ്ങളാണെന്നവള്‍ വാദിച്ചു.


മൂക്കില്ലാരാജ്യത്തു മുറിമൂക്കി രാജ്ഞിയായതല്ലെ എന്നവളെ പരിഹസിക്കാനയാളാഞ്ഞതാണ്‌.
പക്ഷെ പ്ലാസ്റ്റിക്‌ സര്‍ജറിയുടെ സാധ്യതകളെ പറ്റി പലവുരു ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കാനാണയാള്‍ ശ്രമിച്ചത്‌. സര്‍ജറി നടത്തിയാല്‍ നിന്റെ സൗന്ദര്യം പതിന്മടങ്ങു വര്‍ദ്ധിക്കുമെന്നും അതു വഴി തനിക്കും ഐശ്വര്യവും ഭാഗ്യവും കൈവരുമെന്നും അയാള്‍ അവളെ പറഞ്ഞതു വിശ്വസിപ്പിക്കാന്‍ ശ്രമിക്കവേ
"ബ്രൈന്‍ വാഷിനു ശ്രമിക്കല്ലെ!"
എന്ന ഒറ്റ ഒരു വാചകം മാത്രം മറുപടി പറഞ്ഞവള്‍ അയാള്‍ക്കൊരു മൂക്കടപ്പന്‍ അടി നല്‍കി.
അതോടെ അയാള്‍ ആ ഏക പ്രതീക്ഷയും പാടെ കൈവിട്ടു.

പക്ഷെ എവിടെയെങ്കിലും നീണ്ട മൂക്കുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അയാള്‍ ഭാര്യയറിയാതെ അവരെ ഒളിഞ്ഞു നോക്കി ആസ്വദിക്കും. തനിക്കു സ്വന്തമാക്കാന്‍ സാധിക്കാത്ത ഭാഗ്യമാണല്ലോ ആ മുഖത്തു നീണ്ടു കിടക്കുന്നത്‌ എന്നോര്‍ത്തു നൊമ്പരപ്പെടും.
പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലാവുമെന്ന കാര്യം സത്യമാകും വിധം അയാളുടെ ഈ ഒളിഞ്ഞു നോട്ടം പലതവണ തുടരവേ ഒരു നാള്‍ അയാള്‍ ഭാര്യയുടെ പിടിയിലായി.
അവളുടെ കുറിയ മൂക്കിനു തുമ്പത്തുറഞ്ഞു കൂടിയ ശുണ്ഠി തെളിഞ്ഞ കണ്ണീര്‍ത്തുള്ളിയായി ഉറ്റി വീഴുന്നതു അന്നാദ്യമായി അയാള്‍ കണ്ടു.അതയാളില്‍ വിതച്ചതു കുറ്റ:ബോധമല്ലാതെ മറ്റൊന്നുമല്ലായിരുന്നു.
പകലു മുഴുവന്‍ നീണ്ടു നിന്ന കുറ്റ:ബോധവും രാത്രിയില്‍ കിടപ്പുമുറിയിലെ അസ്വസ്ഥതകളും മനസ്സമാധാനക്കുറവുമായിരിക്കാമയാളെ പിന്നീടാനോട്ടമുപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്‌.


അയാള്‍ക്കു കുറ്റബോധം തോന്നേണ്ട കാര്യം ഒന്നുമില്ലായിരുന്നു.നിര്‍ദ്ദോഷമായ ഒരു നോട്ടം കൊണ്ടു അയാള്‍ അവരുടെ ചാരിത്ര്യമൊന്നും കവര്‍ന്നെടുക്കുന്നുണ്ടായിരുന്നില്ല.
മാത്രമല്ല പല നീണ്ട മൂക്കുള്ള സ്ത്രീകളും ആ നോട്ടത്തെ ഒരഭിനന്ദനമായി കണ്ടു അഭിമാനത്തോടെ സ്വന്തം മൂക്കൊന്നുകൂടി വിറപ്പിച്ചതയാളെ കാണിച്ചു കൊതിപ്പിക്കാറാണു പലപ്പോഴും.
എന്നിട്ടും ആ കള്ളനോട്ടം പൂര്‍ണ്ണമായി നിര്‍ത്താന്‍ അയാള്‍ക്കു കഴിഞ്ഞില്ല . അതിനു മറ പിടിക്കാന്‍ പുതുതായി വാങ്ങിയ ഒരു കറുത്ത കണ്ണടവെച്ചാണു പിന്നീടയാള്‍ നീണ്ട മൂക്കുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ ചെരിഞ്ഞു നോക്കിയത്‌.
അതില്‍പിന്നെ അയാളുടെ കള്ളത്തരം അവള്‍ക്കു മനസ്സിലായില്ല. അതിനാല്‍ പലപ്പോഴും ക്ഷീണിതനായി കിടപ്പറയിലെത്തുന്നയാള്‍ സ്വസ്ഥമായി ഉറങ്ങാന്‍ തുടങ്ങി. അവള്‍ അയാളെ ഉറങ്ങാന്‍ വിട്ടുവെന്നു പറയുന്നതാവും ശരി.

ഇന്നു സന്ധ്യവരെ ആ കറുത്ത കണ്ണട അയാളുടെ സമാധാനവും മാനവും ശാന്തിയും കാത്തു സൂക്ഷിച്ചു.
പക്ഷെ ഏതു അഭിശപ്ത നിമിഷത്തിലാണാവോ അയാള്‍ക്കു ഒരൊഴിവുദിനത്തിന്റെ സന്ധ്യയില്‍ ഭാര്യയുമായി അബ്രയിലെ നീണ്ട കോര്‍ണീഷിലൂടെ നടക്കാനിറങ്ങണമെന്ന തോന്നലുണ്ടായത്‌!.

ക്രീക്കില്‍ ബഹളംവെച്ചു വന്നിറങ്ങുകയും പറന്നുയരുകയും ചെയ്യുന്ന നരച്ച നിറമുള്ള കടല്‍ക്കാക്കകളെ കണ്ടു കണ്ടവള്‍ക്കും അയാള്‍ക്കും മടുപ്പേറേയുണ്ടായിട്ടും ഒന്നിച്ചു നടക്കാന്‍ കിട്ടിയ അപൂര്‍വ്വ സന്ദര്‍ഭം നഷ്ടപ്പെടുത്തേണ്ടെന്നു കരുതീട്ടാവും അവള്‍ എതിരൊന്നും പറയാതെ മാക്സി മാറ്റി ചുരിദാറിട്ടു കൂടെയിറങ്ങിയത്‌.

കോര്‍ണീഷിന്റെ ഒരറ്റത്തു കാറൊതുക്കിയിട്ടു പതിയെ നടക്കാന്‍ തുടങ്ങുമ്പോള്‍ തോളുകള്‍ ഒരേ വരയില്‍ വരുത്താന്‍ ശ്രമിച്ചിട്ടും താന്‍ അടിക്കടി വരതെറ്റി കൂടുതല്‍ മുന്നോട്ടു പോകുന്നുവെന്നവള്‍ക്കു തോന്നി.
നടത്തത്തിന്റെ വേഗം കുറച്ചു. തോളു തോളോടു ചേര്‍ന്നപ്പോള്‍ പരസ്പരം കൈവെള്ളകള്‍ ചേര്‍ത്തു പിടിച്ചു.
അവക്കിടയിലെ വായുവകന്നു പോയപ്പോള്‍ പരസ്പരം ഒട്ടിച്ചേര്‍ന്നതു പോലെ ഒരാകര്‍ഷണം.
ആദ്യമായി ഒരു സുരക്ഷിതത്വം തോന്നി. നാലാം വിരലിലെ വിവാഹമോതിരം പരസ്പരം തൊട്ടറിഞ്ഞപ്പോള്‍ ഉള്ളില്‍ ഉരുകിയൊലിച്ച ഒരു മഞ്ഞുമല.അവര്‍ ചിന്തകളില്ലാതെ നടന്നു.
സ്വപ്നത്തിലെന്ന പോലെ!

കോര്‍ണീഷിന്റെ അറ്റത്തു വരെ പോയി തിരിച്ചു കാറിനടുത്തെത്തണം അതാണു ഈ സന്ധ്യാനടത്തത്തിന്റെ ലക്ഷ്യം.

പെട്ടന്നാണയാള്‍ ഇണചേര്‍ന്നാലസ്യത്തിലെന്നപോലെ മയങ്ങുന്ന മറ്റേ കൈയിന്റെ പിടുത്തം പൊടുന്നനെ വിടുവിച്ചു
പോക്കറ്റില്‍ നിന്നു തന്റെ കറുത്ത കണ്ണടയെടുത്തു മൂക്കിനു മുകളില്‍ വെച്ചു കണ്ണിലൊരു കള്ളത്തരം ഒളിക്കാന്‍ ഒരുങ്ങിയത്‌.

കേവല സ്പര്‍ശനരതത്തിനു ലയഭംഗം വന്ന ഭാര്യ സംശയത്തോടെ അയാളെ തുറിച്ചു നോക്കി.
പിന്നെ എന്തോ പിടികിട്ടിയെന്ന രീതിയില്‍ തൊട്ടു മുന്നിലേക്കു നോട്ടം നീട്ടി എറിഞ്ഞു.

ദൂരെ നിന്നു നടന്നു വരുന്ന സുന്ദരിയായ ഒരു പതിനേഴുകാരി. നീബോട്ടം ജീന്‍സും ശരീരത്തോടു ഒട്ടിയ ബനിയനും വേഷം.
കാതില്‍ സംഗീതം, നടത്തത്തില്‍ നടനം, കാലില്‍ സ്പോര്‍ട്സ്‌ ഷൂവും, കണ്ണില്‍ ഫോസ്ഫറസും.
അതിനെക്കാളേറെ നിറഞ്ഞു നില്‍ക്കുന്നത്‌, ആ മുഖത്തെ നീണ്ടിത്തിരിവളഞ്ഞ, അഷ്ട ലക്ഷണമൊത്ത മൂക്കു തന്നെ!

തന്റെ ഭര്‍ത്താവ്‌ ഇത്ര ധൃതിയില്‍ മുഖത്തു കറുത്ത കണ്ണടവെച്ചതെന്തിനാണെന്നവള്‍ക്കൂ ഏകദേശം മനസ്സിലായി.

അതവള്‍ക്കൊരു പുതിയൊരറിവായിരുന്നു.
തന്റെ മൂക്കിനു കീഴെ കാര്യങ്ങള്‍ തന്റെ പിടിവിട്ടു പോകുന്നതു അവള്‍ക്കു സഹിക്കാനായില്ല.
പക്ഷെ ആ കള്ളത്തരം അതവിടെ വെച്ചണോ അതോ കിടപ്പു മുറിയില്‍ വെച്ചാണോ അനാവരണം ചെയ്യേണ്ടത്‌ എന്നൊരു തീമാനമെടുക്കാനാവാതെ അവള്‍ അങ്കലാപ്പിലായി.

പക്ഷെ പെണ്‍കുട്ടി തൊട്ടു മുന്നില്‍ എത്തിയ നിമിഷം, ഒരനന്തര്‍പ്രേരണയാല്‍ അവന്റെ മുന്നിലേക്കു ചാടി അവന്റെ മുഖം മറഞ്ഞു നിന്നു കടലിലെ കലപിലകൂട്ടുന്ന നരച്ച നിറമുള്ള കടല്‍ക്കാക്കകളിലേക്കു കൈ ചൂണ്ടി കൃത്രിമമായി ആഹ്ലാദം അഭിനയിച്ചു കൊണ്ടവള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി.

"നോക്കൂ! അതാ അവക്കു എന്തൊരു ഭംഗി"

കാത്തിരുന്ന ഒരു നിമിഷം കളഞ്ഞു പോയല്ലോ എന്ന നഷ്ടബോധത്തോടെ അവള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്തേക്കു അനിഷ്ടത്തോടെ നോക്കുമ്പോള്‍ അയാള്‍ കണ്ടത്‌, പലപ്പോഴും അവള്‍ "നാശങ്ങള്‍" എന്നു മാത്രം വിളിച്ചു ശപിച്ച വൃത്തികെട്ട ശബ്ദത്തില്‍ കരയുന്ന കുറേ കടല്‍കാക്കകള്‍.

യുവതി പിന്നിട്ടു പോയപ്പോള്‍ ഇനിയൊന്നു തിരിഞ്ഞു നോക്കാന്‍ അയാളിലെ മാന്യത മടിച്ചെങ്കിലും അയാളുടെ ഭാര്യ അത്രനേരം കൊണ്ടു കടല്‍ക്കാക്കകളെ അവയുടെ വഴിക്കു വിട്ടിട്ടു ആ സുന്ദരിയെ അടിമുടി അസൂയക്കണ്ണുകള്‍ കൊണ്ടു ഒപ്പിയെടുക്കുകയായിരുന്നു.
അതൊന്നുമറിയാതെ അയാള്‍ ഭാര്യയെ നോക്കുമ്പോള്‍ അവളുടെ കണ്ണില്‍ കണ്ട കുശുമ്പിന്റെ കറ, ഒളിപ്പിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ലന്നതു തന്നെയായിരുന്നു സത്യം.

അതോടെ കടല്‍ക്കാക്കകളോടു അവള്‍ക്കു തോന്നിയ കൗതുകത്തിന്റെ കളി അയാള്‍ക്കു വ്യക്തമായി.
മൂക്കു കൊണ്ടു "ക്ഷ" വരപ്പിക്കാനും, തനിക്കു മൂക്കുകയറിടാനുമാണു ഇവളുടെ ശ്രമമെന്ന സംശയം ബലപ്പെട്ടപ്പോള്‍ അയാളുടെ നടത്തത്തിന്റെ വേഗത അറിയാതെ കുറഞ്ഞു.
അതോടെ തോളുമായി ചേര്‍ന്നു നടക്കാന്‍ അവള്‍ വീണ്ടും ശ്രമിച്ചതു വിഫലമായി. അയാളുടെ വേഗത വീണ്ടും കുറഞ്ഞതോ അതോ തന്റെ വേഗത കുറച്ചു കൂടിയോ എന്നു തിരിച്ചറിയാതെ അവള്‍ വിഷമിച്ചു.
മുമ്പത്തെപ്പോലെ തന്റെ ഉള്ളം കൈ ആ കയ്യിനോടു ചേര്‍ത്തു കൂട്ടിപ്പിടിക്കാന്‍ വീണ്ടും ശ്രമിച്ചു.
പഴയപോലെ അവക്കിടയിലെ വായു ശൂന്യമാകുന്നില്ല,
കൈവെള്ളകള്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നില്ല.
അവള്‍ കാറിനടുത്തു തിരിച്ചെത്തുന്നതുവരെ അതിനു പരിശ്രമിച്ചു പരാജയപ്പെട്ടു കൊണ്ടേയിരുന്നു.

നടത്തം അവസാനിപ്പിക്കുന്നതിനകം അവള്‍ തീരുമാനത്തിലെത്തിയിരുന്നു.
സ്റ്റാര്‍ട്ടാക്കുന്നതിന്നു മുന്നേ അവള്‍ സീറ്റിലേക്കൊന്നു ചാരിയിരുന്നു അയാളുടെ കൈ സ്വന്തം കവിളില്‍ അമര്‍ത്തി വെച്ചു പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു
"ഡാര്‍ലിംഗ്‌ നമുക്ക്‌ നല്ല ഒരു പ്ലാസ്റ്റിക്‌ സര്‍ജനെ കാണണം. ഉടനെ!"

17 അഭിപ്രായ(ങ്ങള്‍):

 1. അപ്പു ആദ്യാക്ഷരി പറഞ്ഞു...

  മാഷേ, ഞാന്‍ ഒറ്റയിരിപ്പിനു വായിച്ചു. വരികള്‍ക്കിടയില്‍ എന്തെങ്കിലും അര്‍ത്ഥം ഒളിഞ്ഞിരുപ്പുണ്ടോ എന്നൊന്നും നോക്കിയില്ല. വായിച്ചു. ഇഷ്ടപ്പെട്ടു. ഒഴുക്കോടേ വായിക്കാന്‍ പറ്റിയ ഒരു മൂക്ക് കഥ!

 2. Kaithamullu പറഞ്ഞു...

  നല്ല ഒഴുക്കുള്ള ശൈലി.
  വായിച്ച് തീര്‍ന്നതറിഞ്ഞില്ല.

  പതിവായി ദുബായ് ക്രീക്കിലൂടെ നടക്കാന്‍ പോകുന്നത് കൊണ്ട് ആ അനുഭവവും ഹൃദ്യം!

  അവസാന വരിയോട് യോജിക്കാനായില്ല, എന്നിട്ടും!

 3. Kaithamullu പറഞ്ഞു...

  "സ്ത്രൈണ്യതയുടെ മുക്കും മൂലയും"

 4. കരീം മാഷ്‌ പറഞ്ഞു...

  3 comments:
  ബീരാന്‍ കുട്ടി said...
  മാഷെ,
  ഒരു തേങ്ങ, ദാ, ഇവിടെ വെച്ചിട്ട്‌ പോവ്വാ. അല്ലെങ്കി വേണ്ട, ആരെങ്കിലും അടിച്ച്‌ മാറ്റും.

  08 June, 2008

  ബീരാൻ കുട്ടി എഴുതിയപോലെ സംഭവിച്ചു,
  ഗണപതിക്കു വെച്ചതു ഗൂഗിളുതന്നെ കൊണ്ടു പോയി

  കഷ്ടം ബ്ലോഗർ വിഴുങ്ങി.

 5. കരീം മാഷ്‌ പറഞ്ഞു...

  ഫസല്‍ said...
  ഇത് ആരെങ്കിലും ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതില്‍ താങ്കള്‍ക്കുള്ള എതിര്‍പ്പ് എത്രമാത്രം എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
  നന്നായിട്ടുണ്ട്, ആശംസകള്‍

  08 June, 2008

  ഫസൽ
  ചൈനീസ് ഭാഷയിലേക്കു വിവർത്തനം ചെയ്യാൻ മൂക്കു മുറിച്ചു മാറ്റി മലയാളത്തിൽ തന്നെ ഒന്നു വായിച്ചൽ മതി,

 6. കരീം മാഷ്‌ പറഞ്ഞു...

  മുസാഫിര്‍ said...
  കരീം മാഷെ , കക്കാന്‍ അറിഞ്ഞാല്‍ പോരാ നിക്കാനും അറിയണം.ഹ ഹ.

  08 June, 2008

  മുസാഫിർ, ഇനി കട്ടാൽ വിവരം അറിയും
  ഗൂഗിളുവെച്ചു മലയാളം തെരയാൻ നല്ല സുഖമാ! ആരു കട്ടാലും പിടിക്കാം

 7. കരീം മാഷ്‌ പറഞ്ഞു...

  കൈതമുള്ളു കഥയുടെ ട്രാക്കിൽ കയറി

 8. പാമരന്‍ പറഞ്ഞു...

  ഇഷ്ടായി മാഷെ. വിഖ്യാതമായ മൂക്ക്‌..

 9. M. Ashraf പറഞ്ഞു...

  മൂക്കിലേറെ നീളമുണ്ടെങ്കിലും ഒറ്റയിരിപ്പിനു വായിച്ചു. പിന്നെ മെല്ല മൂക്കൊന്ന്‌ തടവി നോക്കി. ധൈര്യമുണ്ടെങ്കില്‍ മൂക്കിലൊന്ന്‌ തൊടാന്‍ ആരെങ്കിലും വെല്ലവിളിച്ചിട്ടുണ്ടോ മാഷേ...

 10. Jayasree Lakshmy Kumar പറഞ്ഞു...

  ശ്ശെടാ..ഒരു മൂക്കുണ്ടാക്കുന്ന പ്രശ്നങ്ങളേ..

 11. പാര്‍ത്ഥന്‍ പറഞ്ഞു...

  മൂക്കിന്റെ - നീളം ഇത്തിരി കൂടിപ്പോയിട്ടും, ശ്ശി പിടിച്ചു. പക്ഷെ, (അവര്‍ ഭാഗ്യമുള്ളവരാണെന്നും ഒപ്പമുള്ളവര്‍ക്കു പോസിറ്റീവ്‌ എനര്‍ജി പ്രദാനം ചെയ്യുകവഴി അവര്‍ ഭാഗ്യം കൊണ്ടു വരുന്നവരാണെന്നും അയാള്‍ വളരെ ചെറുപ്പത്തിലേ വായിച്ചറിഞ്ഞിരുന്നു.)
  ഇതിന്റെ ശാസ്ത്രം മനസ്സിലായില്ല.

  സൗന്ദര്യം ഏതു മുക്കിലും മൂലയിലും കണ്ടാലും അന്യോന്യം അസൂയയില്ലാതെ കാണിച്ചു കൊടുക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ എത്രപേരുണ്ടാകും ഈ ബൂലോകത്ത്‌. ഉണ്ടെങ്കില്‍ ഇതിന്റെ അടിയില്‍ പേര്‍ ചേര്‍ക്കുക. ഒരു മാനസിക അപഗ്രഥനം നടത്തിനോക്കുകയുമാവാം. ഞങ്ങള്‍ ഒന്നും ഒഴിവാക്കാറില്ല.

 12. കരീം മാഷ്‌ പറഞ്ഞു...

  പാമരന്‍,
  എം.അഷ്റഫ്,
  lakshmy
  പാര്‍ത്ഥന്‍.
  (അവര്‍ ഭാഗ്യമുള്ളവരാണെന്നും ഒപ്പമുള്ളവര്‍ക്കു പോസിറ്റീവ്‌ എനര്‍ജി പ്രദാനം ചെയ്യുകവഴി അവര്‍ ഭാഗ്യം കൊണ്ടു വരുന്നവരാണെന്നും അയാള്‍ വളരെ ചെറുപ്പത്തിലേ വായിച്ചറിഞ്ഞിരുന്നു.)
  ഇതിന്റെ ശാസ്ത്രം (വാത്സ്യായനെ വായിക്കുക)

  സൗന്ദര്യം സൗന്ദര്യമായി കണ്ടും ആസ്വദിച്ചും ജീവിക്കുന്നവര്‍ വിരളം.
  നല്ലതിനോടും തന്നെക്കാള്‍ മികച്ചതിനോടുമൊക്കെ അസൂയതോന്നുന്ന വിധമാണെന്നു തോന്നുന്നു മനുഷ്യജന്മം പണിതീര്‍ത്തിട്ടുള്ളതെന്നു തോന്നുന്നു. മൃഗങ്ങള്‍ക്കെങ്ങിനെയാണാവോ?

 13. അജ്ഞാതന്‍ പറഞ്ഞു...

  This is a nice blog. I like it!

 14. ചന്ദ്രകാന്തം പറഞ്ഞു...

  ആദ്യാവസാനം രസം‌പിടിച്ച്‌ വായിച്ചു. സൗന്ദര്യാസ്വാദനത്തിന്റെ തലങ്ങളിലുള്ള വ്യത്യാസങ്ങള്‍ വരുത്തുന്ന പുകിലുകള്‍...!
  കുറച്ച്‌ സഹിഷ്ണുതയുടെ കുറവല്ലേ ഇതൊക്കെ കാണിയ്ക്കുന്നത്‌ എന്നു തോന്നാതിരുന്നില്ല.

  (ഓഫ്‌ ടോപിക് : മൃഗങ്ങളില്‍ ഇത്തരം അസൂയകള്‍ ഉണ്ടാവാന്‍ തരമില്ല. അവയ്ക്ക്‌ വിശേഷബുദ്ധിയില്ലെന്ന്‌ പറയുമെങ്കിലും, ജൈവപരമായ അനിവാര്യതയ്ക്കാവും മുന്‍‌തൂക്കം എന്നുതോന്നുന്നു.)

 15. deepdowne പറഞ്ഞു...

  മൂക്കുപുരാണം രസകരമായിരിക്കുന്നു!
  സ്ത്രൈണതയുടെ മൂക്കും മുലയും എന്നിടണമായിരുന്നു തലക്കെട്ട്‌! :P

 16. കരീം മാഷ്‌ പറഞ്ഞു...

  deepdowne
  powerball lottery
  ചന്ദ്രകാന്തം
  "Thanks for Reading and creative Advices".

 17. Nachiketh പറഞ്ഞു...

  )-