ബുധനാഴ്‌ച, ജൂലൈ 16, 2008

കിലുക്കം നിലക്കും മുന്നെ...

ഫൈനലിയറിലെ പത്രാസുകാരിയുടെ പുതിയ ചുരിദാറു നോക്കി
"പെൺമണിയും പൊൻമണിയും കുറക്കാം മഹറു കൂട്ടല്ലെ കണ്മണീ! "
എന്ന നാലാളു കേൾക്കെയുള്ള പ്രശംസാചൊല്ലിനുപ്രത്യുപകാരമായവൾ
മറ്റാരും കാണാതെ തന്നൊരു ചോക്കളേറ്റും തീർന്നു
റാപ്പറും നാലു മുക്കിലും നക്കിതുടച്ചെറിഞ്ഞതിനു പിറകെ,
വീട്ടിലെത്താനുള്ള സി.ടി ചാർജ്ജിനു നിന്നെക്കൂടി വേണം
എന്നവളോടു ചോദിക്കുമ്പോൾ ഉളുപ്പില്ലായിരുന്നു എനിക്കൊട്ടും!.

തപ്പിത്തെരഞ്ഞവളുടെ തുകൽ സഞ്ചിയിൽ നിന്നു നിന്നെയെടുത്തെൻ കയ്യിൽത്തരുമ്പോൾ
"നാളേം ഞാനാ പിടക്കൂട്ടത്തിൽ നിൽക്കുമ്പോൾ അപ്പറഞ്ഞതൊന്നു കൂടി ആവർത്തിക്കണേ!"
എന്നു ചിരിച്ചോണ്ടു ചൊന്ന അവൾക്കും.
----------------------------------

ഹോണടിച്ചും കിതച്ചും ഞങ്ങളെ ഗ്രാമത്തിലെത്തിക്കാൻ
ഉരുണ്ടെത്തുന്ന ഘടികാരത്തിനായുള്ള പതിവായ കാത്തുനിൽപ്പിൽ
കാഴ്ച്ചാസുഖം തന്ന നീണ്ട മൂക്കുള്ളആ പ്രീഡിഗ്രി പെൺകുട്ടിയുടെ
തട്ടമിട്ടു,താഴിട്ടു പൂട്ടിയ മനസ്സിലേക്കു പെട്ടന്നു കയറിപ്പറ്റാനാണു
ഞാൻനിന്നെ പുറത്തെടുത്തതും, ചെരിഞ്ഞനോട്ടമെറിഞ്ഞു
സമയം കണക്കാക്കി മുന്നിലെ പിച്ചക്കാരന്റെ
അലൂമിനിയപാത്രത്തിലേറെ നേരം ഒച്ചയുണ്ടാക്കാൻ
നിന്നെക്കറക്കി തിരിച്ചു വിറപ്പിച്ചതിലെറിഞ്ഞു വീഴ്ത്തിയതും.

വട്ടം കറങ്ങി നീ തളർന്നാ പാത്രത്തിൽ വീണു നിശ്ശബ്ദനായപ്പോൾ
പിന്നേം പെടപെടപ്പുമാറാത്ത എന്റെ
ഖൽബിനവളുടെ ഉള്ളിലൊരു ദയാലുവായിക്കയറാൻ ഏറേ തിടുക്കം.
ഇല്ലാത്ത സമ്പന്നതയെ ചൊല്ലാതെ കാണിക്കാൻ
വല്ല്യൊരു ധർമ്മിഷ്ടന്റെ ചേരാത്ത കോട്ടണിയാനെനിക്കും.
-----------------------------------

ഇടതിന്റെ ഭരണത്തിൽ വലതും വലതിന്റെ ഭരണത്തിൽ ഇടതും
മാറിമാറി അലമ്പാക്കുന്ന കോളേജ്‌, ആർട്ട്സ്‌ ഡേ കളിൽ
മുന്നറിയിപ്പു കിട്ടുന്ന കാമിതാക്കൾക്കൊരു മിനിട്ടു
പെട്ടന്നണയുന്ന വിളക്കിനെ മൂടുന്ന നിശയുടെ
ഇരുട്ടുകനിഞ്ഞേകുന്നൊരു കൊക്കുരുമ്മലിനൊരു മറകിട്ടാൻ
ഒരു ഷോർട്ട്‌ സർക്ക്യൂട്ടായി,
‌ ഹോൾഡറിനകത്തു നീയൊളിച്ചിരുന്നു.
-----------------------------------
കൺസഷൻ കാർഡെടുക്കാൻ മറന്നു പോയ ദിനം
കാട്ടാളനാവാൻ ലൈസൻസു കിട്ടിയ കണ്ടക്ടർ
ഫുൾചാർജ്ജു വേണമെന്നുടൻ വാശിപിടിച്ചപ്പോൾ
നിന്റെയൊന്നിന്റെ കുറവു കൊണ്ടതിനാവാതായതും,
അവസരം പാഴാക്കാതെയയാൾ പാതിവഴിയിലിറക്കി വിട്ടതും,
നടന്നു തളർന്നൊരവർ കഴിഞ്ഞു ക്ലാസ്സിലെത്തിയപ്പോൾ
ലക്ചർ ചോദിച്ച "വാട്ട്‌ ഈസ്‌ യുവർ അംബീഷൻ റ്റു ബികം?"
എന്ന ചോദ്യത്തിനു "ആർ. ടി. ഒ" എന്നു ചൊല്ലിയതന്നേരം
അനുഭവിച്ചപമാനത്തിനു പകരം വീട്ടാനായിരുന്നെന്നു നിനക്കു മാത്രമറിയാം
-----------------------------

വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും
വെട്ടിപ്പിടിച്ചു ഞാൻ പ്രവാസയുദ്ധം കഴിഞ്ഞെത്തിയപ്പോൾ
വളരെ വൈകിയാണറിഞ്ഞത്‌ നേടിയതൊക്കെയും
എടുക്കാനാണയങ്ങളായിരുന്നെന്ന്!
-------------------------------------
---------------
35788


8 അഭിപ്രായ(ങ്ങള്‍):

 1. തണല്‍ പറഞ്ഞു...

  മാഷേ...
  കിലുക്കിക്കളഞ്ഞല്ലോ..:)

 2. ശ്രീലാല്‍ പറഞ്ഞു...

  കിലുക്കം നിലക്കുന്നില്ല സ്നേഹിതാ.

 3. Kaithamullu പറഞ്ഞു...

  കിലുകിലുക്കം!

 4. Unknown പറഞ്ഞു...

  കൊള്ളാം മാഷെ

 5. പാമരന്‍ പറഞ്ഞു...

  ഓട്ടക്കാലണ..!

 6. സാബി പറഞ്ഞു...

  ഘ്‌ർ...ഘ്‌ർ....

 7. ചാന്ദ്‌നി പറഞ്ഞു...

  വാരിക്കൂട്ടുന്ന നേരത്ത്‌ എല്ലാര്‍ക്കും കിലുക്കത്തിന്റെ സാന്ദ്രത കൂട്ടാനാണ്‌ വ്യഗ്രത. ഒടുക്കം തരം തിരിയ്ക്കുമ്പോള്‍..... പതിരാവും എണ്ണത്തില്‍ കൂടുതല്‍. എത്ര പഠിച്ചാലും ആരൊക്കെ പഠിപ്പിച്ചാലും ചില പാഠങ്ങള്‍ അങ്ങനെയാണ്‌; ഓര്‍ത്തുവയ്ക്കാനാവാതെ.

 8. നരിക്കുന്നൻ പറഞ്ഞു...

  കിടിലം...എറിഞ്ഞ് പിടിപ്പിക്കാൻ കിലുങ്ങാത്ത നോട്ടുകെട്ടുകൾ മാത്രം ഭാക്കിവച്ച് അവസാനം നിങ്ങൾ മടങ്ങിവന്നു അല്ലേ....