വ്യാഴാഴ്‌ച, ഓഗസ്റ്റ് 07, 2008

പട്ടിപ്പേറിലെ രാഷ്ട്രീയം.

എച്ചിലിടുന്നേടത്തു കടിപിടി കൂട്ടിയിരുന്നവള്‍
പ്രസവന്തി വന്നപ്പോള്‍ പ്രാന്തിയായി അന്നം ഇട്ടെറിഞ്ഞോടി.
ചേറോടെ, കുണ്ടന്‍ കുടക്കുള്ളില്‍ ഈറ്റിനു കേറിയ കാളിയെപ്പോലെ!
അവളോടി വന്നെന്റെ മരക്കുടിലിനടിയിലേക്ക്‌ ഒറ്റപ്പൂകല്‍.

വയറൊഴിഞ്ഞിട്ടും മറു ചാടിപ്പോകാതെ, നാക്കു നീട്ടിയും, കിതച്ചും
പിന്നെ അവളെന്റെ അടുക്കള വാതിലിന്നു തൊട്ടു മുന്നിലെത്തി.
"പശിക്കുന്നു" എന്നാ കണ്ണുകള്‍ പലകുറി കേണിട്ടും കേള്‍ക്കാതെ,
എക്കണോമിക്സിലും അപ്ലയ്‌ഡ്‌ ഫൈനാന്‍സിലും ഒന്നാമനായെന്റെ
പിശുക്കു നീ പരീക്ഷിക്കുന്നോ "പട്ടിച്ചീ" എന്നു ചൊല്ലി,
ആഞ്ഞൊന്നു തൊഴിച്ചതവള്‍ക്കു കൊണ്ടില്ലന്നതു സത്യം, പക്ഷെ.

ഉറ്റുന്ന മുലയുമായിങ്ങനെ ഒരു പിടി വറ്റിനോ, വറ്റില്ലാകഞ്ഞിക്കോ
കാത്തിട്ടും കാര്യമില്ലന്നറിഞ്ഞപ്പോളവളെന്നെ ശപിച്ചെങ്ങോ പോയ്‌ മറഞ്ഞു.
കുനിഞ്ഞൊന്നു നോക്കിയപ്പോള്‍ കണ്ടതഞ്ചണ്ണം, കണ്ണു കീറാത്തവ.
ചുരത്തുന്നൊരു കാമ്പിനായി, കുരുടരായ്‌, ആ പൊടിമണ്ണില്‍ തപ്പുന്നു.

ഒരൊറ്റ പ്രസവത്തിലഞ്ചു സന്താനങ്ങളോ?
എന്നിലെ രാഷ്ട്രതന്ത്രജ്ഞന്റെ മസ്‌തിഷ്കരോദനമുടനുണര്‍ന്നു,
അഗോളതാപനം, ഭൗമദൃവ്യാ(സം)തുലിതാവസ്ഥ
ജൈവ-വിഭവ ധൂര്‍ത്ത്‌, അമിതചൂഷണം
എല്ലാം ഈ പെരുകുന്ന പട്ടിപ്പേറിനാലല്ലേ?

എന്നിലെ ലോകപോലീസിന്റെ രാഷ്ട്രീയമുണര്‍ന്നു.
മനുഷ്യക്കോലം കുടഞ്ഞിട്ടു ഞാനുടനൊരു കഴുകനായ്‌ വട്ടമിട്ടു.
"ഓ, ഷിറ്റ്‌!, ഒരിന്ത്യന്‍ പട്ടിക്കഞ്ചു ഡര്‍ട്ടി കിഡ്‌സോ?"
"അഞ്ചങ്കിള്‍ സാംസിന്റെ അന്നം കുറക്കുവാന്‍?"

പിന്നെ എന്നിലെണ്ണക്കച്ചവടക്കാരന്റെ രാഷ്ടീയമുണര്‍ന്നു.
മനുഷ്യക്കോലം വിട്ടു ഞാനൊരൊട്ടകമായി കഴുത്തു നീട്ടി.
"മാശാ അള്ളാ..! ഒരു ഹിന്ദി കെല്‍ബിനു അവ്‌ലാദഞ്ചോ?"
"മാഫി,മുശ്‌കില്‍, ബാരലു പേറാന്‍ കൂലിക്കോലങ്ങളെ പെറ്റോട്ടോളിനീം അനവധി".

അടുത്താതയെന്നില്‍ ഭായീ-ബൈബൈയുടെ രാഷ്ട്രീയമാണുണര്‍ന്നത്‌.
മനുഷ്യക്കോലം തന്നെ പക്ഷെ വ്യാളിയെപ്പോലിത്തിരി വാലു നീണ്ടെന്നു മാത്രം.
"ങ്യാ ഹൂ! ഒരിന്ത്യന്‍ പട്ടി, ഒന്നില്‍ നിന്നഞ്ചു കോപ്പിയെടുത്തോ?"
"നാക്കിട്ടെങ്ങാനും കുരച്ചാലുടന്‍ 'ടിയാന്‍മെന്‍സ്ക്വയറില്‍' കെട്ടിയിട്ടുണ്ട കേറ്റണം നെഞ്ചില്‍"

അടുത്തതായെന്നില്‍ "താലി നിരോധിച്ച" താടിക്കാരന്റെ രാഷ്ടീയം കേറി,
തലപ്പാവണിഞ്ഞ ഒരു കഴുതയായ്‌ മാറി ഞാന്‍ അമറി.
"പുരാവസ്തുക്കള്‍ തച്ചുടക്കട്ടെ! പൗരോഹിത്യം പുന:സ്ഥാപിക്കട്ടെ!"
"മുത:നജ്ജിസായാലും സബ്‌ കുത്തേക്കാ സുന്നത്ത്‌, അബി കര്‍വാദോ?"

സിംഗലന്റെ വാലുമുറിഞ്ഞ രാഷ്ടീയമാണു പിന്നെയെന്നെയുണര്‍ത്തിയത്‌.
മനുഷ്യക്കോലം മാറി ഞാനൊരു വാളേന്തിയ സംഹമായി മാറി.
"കത്താകറാന, ഒരിന്ത്യന്‍ പട്ടികഞ്ചു പിള്ളയാരണതുംഗ..!"
"അഞ്ചും തമിഴിലെങ്ങാനും മോങ്ങിയാല്‍ വിടമാട്ടേ! (ക)ലിംഗ വര്‍ദ്ധന:".

അതിന്നു പിറകിലായെന്നില്‍ ഭാര(ന:) കര്‍ഷകന്റെ രാഷ്ടീയമുണര്‍ന്നു.
കാളക്കോലത്തില്‍ കടക്കുടം ചുമക്കുന്നൊരു കിളവനായി ചോദിച്ചു ഞാന്‍,
"പെറ്റതഞ്ചും പെണ്ണാണോ?, പെണ്ണിനൊക്കെ മൊഞ്ചുണ്ടോ?"
"സ്ത്രീധനക്കമ്മിയില്‍ നഞ്ചു കഴിച്ചാല്‍ അഞ്ചുമൊരൊറ്റ ഫ്രൈമിലൊതുങ്ങുമോ?".

നനാത്വത്തില്‍ ഏകനെന്നഹങ്കരിച്ചുന്നം നോക്കി ഞാന്‍ പിന്നെയൊരു ചെന്നായായി.
ചിരികൊണ്ടെല്ലാ കാപട്യവും മറച്ച്‌, അമ്പേ(നി)യുടെ പ്രിയപ്പെട്ട വിശ്വസ്ഥ(നായ്‌).
മറ്റാരും കേള്‍ക്കാതെ, സ്വന്തം ഗുണ്ടാവലം(ബ)കൈയിനോടാജ്ഞാപിച്ചു.
"ആ അഞ്ചും നമ്മള്‍ക്കുള്ളതാ. വോട്ടര്‍ ലിസ്റ്റിലുടന്‍ പേര്‍ ചേര്‍ക്കണം?"

അവസാനമവസാനം എന്നിലെ മൃഗവും മനുഷ്യനും കൈകോര്‍ത്തൊരു കവിയായി,
കഥാകാരനായി, ചിത്രകാരനായി ഒരു തുടം കണ്ണീര്‍ പൊഴിച്ചതു,
വക്കു തിളങ്ങുന്നൊരു പളുങ്കു പാത്രത്തില്‍ നിറച്ചു വെച്ചു.
ഇനി ഇതു ബ്ലോഗില്‍ തളിച്ചതിനു പിറകെ നാളെ, നല്ല നാലു "തെറി" കേള്‍ക്കണം!"



കൂടുതല്‍ വായിക്കാന്‍, കഥയറിയാന്‍ http://thusahara.blogspot.com/2008/07/blog-post_8326.html

36582

12 അഭിപ്രായ(ങ്ങള്‍):

  1. പാമരന്‍ പറഞ്ഞു...

    ഉഷാര്‍!

  2. സുല്‍ |Sul പറഞ്ഞു...

    വൌ ഗ്രേറ്റ്.

    കരീം മാഷിലെ ഉറങ്ങികിടന്ന സിംഹം സടകുട.... അതാണൊ ഇത്.
    നന്നായിരിക്കുന്നു മാഷെ. മാഷിന് ഇത്രയും ഹാസ്യം വഴങ്ങുമെന്ന് ഇപ്പോഴാണറിയുന്നത്.
    -സുല്‍

  3. Areekkodan | അരീക്കോടന്‍ പറഞ്ഞു...

    മാഷെ നന്നായിരിക്കുന്നു.

  4. കരീം മാഷ്‌ പറഞ്ഞു...

    അഞ്ചും ദാ ഇവിടെയുണ്ട്‍!

  5. സൂര്യോദയം പറഞ്ഞു...

    മാഷേ... കിടിലന്‍.... നല്ല വൈബ്രേഷന്‍.. :-)

  6. തണല്‍ പറഞ്ഞു...

    കരീം മാഷേ........,
    മേക്കറ്റുപിടിച്ച മട്ടാണല്ലോ....!
    ഈ ലഹരി ഇരുന്നങ്ങോട്ട് മൂക്കട്ടിക്കാ‍ാ,:)

  7. Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

    വളരെ വ്യത്യസ്ഥമായിരിക്കുന്നു!
    ആശയവും അവതരണവും.
    വായിച്ചു മടുത്ത സ്ഥിരം പല്ലവികളില്‍ നിന്ന്
    വേറിട്ടതൊന്ന്!
    ആശംസകള്‍....

  8. അജ്ഞാതന്‍ പറഞ്ഞു...

    "പെറ്റതഞ്ചും പെണ്ണാണോ?, പെണ്ണിനൊക്കെ മൊഞ്ചുണ്ടോ?"
    "സ്ത്രീധനക്കമ്മിയില്‍ നഞ്ചു കഴിച്ചാല്‍ അഞ്ചുമൊരൊറ്റ ഫ്രൈമിലൊതുങ്ങുമോ?".

    കരീം സൂപ്പർ!
    ഫ്രൈം ക്യാമറയുടെതാവാം,
    മരിച്ചിട്ടു ചില്ലിട്ടു വെക്കുന്ന ഫോട്ടോയുടേതാവാം,
    അല്ലങ്കിൽ ശവപ്പെട്ടിയ്ടേതോ കല്ലറയുടേതോ ഖബറിന്റേതോ ആവാം
    “അഭിനന്ദനങ്ങൾ”

    അഷ്‌റഫ്.

  9. ഏറനാടന്‍ പറഞ്ഞു...

    കരിം മാഷേ അത്യാധുനിഗുഗ്രന്‍ ആയിത്!

  10. ചന്ദ്രകാന്തം പറഞ്ഞു...

    മാഷേയ്‌.. ഈ സംഭവം കൊള്ളാമല്ലോ...
    സംഗതികളുടെ കുത്തൊഴുക്ക്‌, ഉള്ളിലെ ആ ഒരു 'തിക്കുമുട്ട്‌' അനുഭവിപ്പിയ്ക്കുന്നു.

  11. Sureshkumar Punjhayil പറഞ്ഞു...

    Good Work...Best Wishes...!!!

  12. പ്രയാണ്‍ പറഞ്ഞു...

    ഭീകരാ.......കലക്കി.