വെള്ളിയാഴ്‌ച, ഒക്‌ടോബർ 10, 2008

കുള്ളനും കെട്ട്യോളും

ബാലനു ആ പേരിട്ടതു സ്വന്തം തള്ളയും തന്തയും തന്നെ.
വല്ലാത്തൊരറം പറ്റിയ നാമകരണമായിരുന്നത്‌.
കലികാലം.
ആറ്റുനോറ്റുണ്ടായ പൈതലിനു വിനയനെന്നു പേരിട്ടാല്‍ ഭാവിയില്‍ അവന്‍ ധിക്കാരിയായി മാറില്ലന്ന അതിമോഹത്തിനു യാതൊരു ഗ്യാരണ്ടിയുമില്ലാന്നു തെളിയിച്ച കലികാലമാണിന്ന്..
മാതാപിതാക്കളുടെ മോഹം കാരണം അവന്‍ മുപ്പതാം വയസ്സിലും ബാലനായി തന്നെ തുടര്‍ന്നു. പേരിലും ഉയരത്തിലും.
മൂന്നടിയും പിന്നെ കുറച്ചു ഇഞ്ചും.
ഉയരക്കുറവുകാരണം ക്ലാസിലെന്നും അവനു മുന്‍ബെഞ്ചു തന്നെ ചോദിക്കാതെ കിട്ടിയിരുന്നെങ്കിലും പഠനത്തില്‍ എന്നും പിന്നിലായിരുന്നു.
ഭാരതത്തിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പേരു പറയാന്‍ പഠിച്ചതു മാത്രമാണ്‌ അവനിപ്പോള്‍ സ്കൂള്‍ പഠനത്തെക്കുറിച്ചു നന്ദിപൂര്‍വ്വം സ്മരിക്കുന്നത്‌. കാരണം അതിപ്പോള്‍ അവന്റെ ജോലിയുടെ ഭാഗമായിരിക്കുന്നു.
രാവിലെ പശുവിനെ കറന്നു സ്ഥിരം ഉപഭോക്താക്കള്‍ക്കു ശരിയായ അംശബന്ധത്തില്‍ നേര്‍പ്പിച്ചു നല്‍കിയാല്‍ പിന്നെ ഉപതൊഴിലായ "ലോട്ടറി ടിക്കറ്റു വില്‍പ്പന"ക്കിറങ്ങും. മുന്‍പു പഠിച്ച ആ സംസ്ഥനങ്ങളുടെ പേരുകള്‍ അവനു സഹായകമാകുന്നതപ്പോഴാണ്‌.
ഉയരമില്ലായ്മ മാത്രമേ അവനൊരു പോരായ്മയുണ്ടായിരുന്നുള്ളൂ.
പുറമേ നാട്ടുകാരുടെ "ബാലാ.." എന്ന നിസ്സാരനാക്കിയുള്ള വിളിയും
അവന്‍ ഒന്നുറച്ചു.
തന്റെ വിധി തന്റെ മകനുണ്ടാവരുത്‌.
അതിനു ഉയരം കൂടിയ പെണ്ണിനെ തന്നെ കല്യാണം കഴിക്കണം.
ആഗ്രഹം നമ്പ്യാരോടാണു പറഞ്ഞത്‌. നമ്പ്യാരോടു മാത്രമേ അവന്‍ ഹൃദയം തുറന്നു സംസാരിക്കാറുള്ളൂ.
പല സ്ഥലത്തു രണ്ടാളും പോയി പെണ്ണു കണ്ടു. അവനു പെണ്ണിനെ ഇഷ്ടമാവും. പക്ഷെ പെണ്ണിനു അവനെ ഇഷ്ടമാവില്ല. കാരണം ഉയരക്കുറവു തന്നെ!
അവസാനം കൂടെ നടന്നു മടുത്ത നമ്പ്യാരാണു അവനു ഐഡിയ പറഞ്ഞു കൊടുത്തത്‌.
ചെരുപ്പുകുത്തിയുടെ അടുത്ത്‌ പറഞ്ഞു ഹീലു വളരെ കൂടിയ ഒരു ചെരുപ്പ്‌ നിര്‍മ്മിച്ചു.
അതിട്ടു ബെല്‍ബോട്ടം പാന്‍സും ഇട്ടാല്‍ അമിതാബ്‌ ബച്ചനായില്ലങ്കിലും ഒരു അസ്രാണി ലുക്കപ്പ്‌.
അതിട്ടു പെണ്ണുകാണാന്‍ പോയി. കല്യാണം ശരിയായി.
കല്യാണത്തിനും ചടങ്ങുകള്‍ക്കും ആ ചെരിപ്പു വലിച്ചു നടക്കാന്‍ കഷ്ടപ്പെട്ടു പാവം.
അറിയാവുന്നവര്‍ അവന്റെ പെണ്ണു തെരച്ചിലിന്റെ (അലച്ചിലിന്റെ) പ്രയാസം അറിയാവുന്നതിനാല്‍ പാവം എന്നു കരുതി ഒന്നും പുറത്തു പറഞ്ഞതുമില്ല.
പക്ഷെ ആദ്യരാത്രിയില്‍ തന്നെ രഹസ്യം പുറത്തായി. കട്ടിലില്‍ തന്റെ കൂടെ കിടക്കുന്ന അപൂര്‍വ്വ ജീവിയെ ഇരുട്ടത്തു തപ്പിനോക്കിയിട്ടും തിരിച്ചറിയാത്തതിനാലാവും വധു അലറലോടലറല്‍,
സ്വിച്ചിട്ടു വെട്ടത്തില്‍ നോക്കിയ അവള്‍ കണ്ടു കട്ടിലില്‍ തന്റെ പകുതി ഉയരമുള്ള കണവനും, കട്ടിലിനടിയില്‍ ഒരടി ഉയരത്തില്‍ രണ്ടു ചെരിപ്പുകളും.
അവള്‍ക്കു കാര്യം പെട്ടന്നു മനസ്സിലായി.
കൂട്ടുകാര്‍ വാതില്‍ പുറത്തു നിന്നു താഴിട്ടടച്ചതിനാല്‍ വാതിലു തുറന്ന് അവള്‍ക്ക്‌ ഓടി രക്ഷപ്പെടാനും പറ്റിയില്ല.
അന്നു തുടങ്ങിയതാണു അവരുടെ ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകള്‍.
പിണക്കങ്ങളും പുലഭ്യം പറച്ചിലുമായി ആ ദാമ്പത്യ വല്ലരി വളര്‍ച്ചമുറ്റി നിന്നു.
"തകര" എന്ന സിനിമക്കു പോയി വന്ന ആ രാത്രിയിലാണു ബാലന്‍ താന്‍ കേവലമൊരു ബാലന്‍ അല്ല എന്നു തെളിയിച്ചത്‌.
പത്തുമാസത്തിനു ശേഷം അവനൊരു ഉണ്ണി പിറന്നു.
പക്ഷെ ബാലന്റെ കണക്കൂട്ടലുകളെ തെറ്റിച്ചു കൊണ്ടു
ആ കുട്ടിയും ബാലനെപ്പോലെ "ഷോര്‍ട്ട്‌ ലഗ്‌"
അതു കൂടി കണ്ടപ്പോള്‍ ശ്രീമതിയുടെ കലി കൂടി.
ഇനി ഒരു നിലക്കും മുന്നോട്ടു പോകില്ലന്ന അവസ്ഥ വന്നപ്പോള്‍ ബാലനും മടുത്തിരുന്നു.
അവനും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.
കാലം അധികം കടന്നു പോയതൊന്നുമില്ല.
പക്ഷെ വഴക്കും വക്കാണവും നിത്യവും കൂടികൂടി വരികയല്ലാതെ കുറഞ്ഞില്ല തന്നെ!
അവസാനത്തെ മുട്ടന്‍ വഴക്കു കഴിഞ്ഞു അവര്‍ തമ്മില്‍ മിണ്ടിയിട്ടു രണ്ടു ദിവസമായി.
പിണക്കം പാരമ്യതയിലെത്തിയപ്പോള്‍ പുലരുന്നതിന്നു മുന്നെ അവള്‍ കുഞ്ഞിനെ ഒക്കത്തു വെച്ചു ആദ്യബസ്സിനു കണക്കാക്കി ബാലന്റെ വീട്ടില്‍ നിന്നു ചോദിക്കാതെയിറങ്ങി.
വെളിച്ചം വീഴുന്നതിനു മുന്നേയുള്ള ആദ്യബസ്സിനു പിടിച്ചാല്‍ നേരിട്ടു തന്റെ വീട്ടിലിറങ്ങാം.എന്നാല്‍ നാട്ടുകാരോടു കൂടുതല്‍ ചരിത്രം പറയേണ്ടി വരില്ല. അവള്‍ ഇരുട്ടത്തു തപ്പിത്തപ്പി നടന്നു.
ബസ്സ്റ്റോപ്പില്‍ അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല.
ബസ്സു വന്നപ്പോള്‍ കുഞ്ഞിനേയും കൊണ്ടു വലിഞ്ഞു കയറി.
ഒരാള്‍ ദയാപൂര്‍വ്വം ഒഴിഞ്ഞു തന്ന സീറ്റിലിരുന്ന് ടിക്കറ്റു കാശ്‌ എടുത്തു കൊടുക്കവേ കണ്ടക്ടര്‍ ബസ്സിനുള്ളിലെ വെളിച്ചം തെളിച്ചു.
അന്നേരം അവള്‍ ഉറക്കം തൂങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്കൊന്നു നോക്കി.
പിന്നെ "കുള്ളന്‍ കുരുപ്പേ..!" എന്ന ഒരലര്‍ച്ച.
അതിനു ശേഷം പിന്നെ ഒന്നും മിണ്ടാതവളു തല കറങ്ങി വീണു.
38815

15 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ധൃതിയില്‍ തന്റെ കുഞ്ഞാണെന്നു കരുതി ഒക്കത്തെടുത്തു വെച്ചത്‌ ഭര്‍ത്താവായ ബാലനെയായിരുത്രേ!
  (നമ്പ്യാരു പറഞ്ഞു പുറത്തായതിനു പിറകെ ഞങ്ങള്‍ അതു പിന്നെ നാട്ടില്‍ പാട്ടാക്കി)
  ഉപരിപഠനത്തിനു ഇംഗ്ലണ്ടില്‍ പോയ അഡ്വ: സമദിനിനു (എന്‍റെ അക്ഷര ശിഷ്യന്‍) ഈ കഥ സമര്‍പ്പിക്കുന്നു.
  (ഓര്‍ക്കൂട്ടു വഴി ഈ സംഭവം ഓര്‍മ്മിച്ചതിന്‍റെ സകല ക്രഡിറ്റും അടിയും ഞാന്‍ അങ്ങോട്ടു നേദിക്കുന്നു)
  സ്വാഹ.

 2. Sarija NS പറഞ്ഞു...

  :)

 3. Unknown പറഞ്ഞു...

  കരക്കിടത്തില് ജനിച്ച മകനു കാർക്കോടകന എന്നു പേരിട്ട പോലെ അല്ലെ മാഷെ

 4. Babu Kalyanam പറഞ്ഞു...

  :-)

 5. smitha adharsh പറഞ്ഞു...

  കഥയാണെങ്കില്‍ നന്നായി ചിരിക്കാം..പക്ഷെ,ജീവിതമാകുമ്പോള്‍,ചിരി...???
  പക്ഷെ,സംഭവത്തിലെ നര്‍മ്മം ആസ്വദിച്ചു കേട്ടോ..
  നല്ല പോസ്റ്റ്.

 6. കരീം മാഷ്‌ പറഞ്ഞു...

  കഥ വായിച്ചവര്‍ക്കും അഭിപ്രായമെഴുതിയ സരിജ,അനൂപ്,ബാബു കല്യാണം,സ്മിത എന്നിവര്‍ക്കു നന്ദി.

  സ്മിത. ഇതു കഥ മാത്രം. പക്ഷെ കഥാബീജം ഒരു യഥാര്‍‍ത്ഥ സംഭവത്തില്‍ നിന്ന്.
  കുഞ്ഞിനെ എടുത്തു പിണങ്ങിപ്പോവലും അതു ബാലനാനെന്നു പിന്നീടു മനസ്സിലാവലുമെല്ലാം നമ്പ്യാരുടെ ഗോസിപ്പ്. കാരണം ബാലന്‍ ഡേറ്റ് ഓവറായ ലോട്ടറി ടിക്കറ്റു വിറ്റു പല പാവങ്ങളെയും പറ്റിച്ചിരുന്നത്രേ!
  അതില്‍ നമ്പ്യാരും പെട്ടപ്പോള്‍ അയാളും അവന്‍റെ ശത്രുവായി ഈ കഥ പറഞ്ഞുണ്ടാക്കി.
  ബാലനെ വായിക്കുമ്പോള്‍ തോന്നുന്ന സിമ്പതി, നേരില്‍ കാണുമ്പോള്‍ തോന്നില്ല.

 7. Appu Adyakshari പറഞ്ഞു...

  മാഷേ അല്പം ഫാന്റസി നിറഞ്ഞ ഈ കഥ രസിച്ചു വായിച്ചു. അവധി എങ്ങനെ? എന്നാ തിരികെ മടക്കം?

 8. Kaithamullu പറഞ്ഞു...

  വായിച്ചു, അവസാനം ചിരിക്കേം ചെയ്തു.
  - അത് മതി!

 9. മുസാഫിര്‍ പറഞ്ഞു...

  വ്യത്യസ്തനായ ഒരു ബാലന്‍ ആയിരുന്നു അല്ലെ ?

 10. കരീം മാഷ്‌ പറഞ്ഞു...

  അപ്പു, കൈതമുള്ള്, മുസാഫിര്‍.
  വായനക്കും കമണ്ടിനും നന്ദി.
  അപ്പു :- ഇമ്മാസം അവസാനം മടങ്ങും.
  കൈതമുള്ള് :- ഇക്കഥ ഞാനും കേട്ടതാണ്. കേട്ടപ്പോള്‍ ചിരി വന്നു. അതിനാല്‍ ഷെയര്‍ ചെയ്യാമെന്നു കരുതി.
  മുസാഫിര്‍:- എവിടെയും ഒന്നോ രണ്ടോ വ്യത്യസ്ഥനായ ബാലന്മാര്‍ കാണും..(എഴുത്തുകാര്‍ക്കു തട്ടിക്കളിക്കാനായി..)

 11. ചന്ദ്രകാന്തം പറഞ്ഞു...

  വായിച്ചുവരുമ്പോൾ..ഇങ്ങനെയൊരവസാനം വിചാരിച്ചില്ല.
  :)

 12. Junaid പറഞ്ഞു...

  Eee balane manassilayilla..Neril kanumpol thirakkaam..
  Narmam aswadichu..

 13. കരീം മാഷ്‌ പറഞ്ഞു...
  രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
 14. Sathees Makkoth | Asha Revamma പറഞ്ഞു...

  ചിരിപ്പിക്കുന്നല്ലോ മാഷേ.

 15. അജ്ഞാതന്‍ പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.