തിങ്കളാഴ്‌ച, നവംബർ 24, 2008

കുഞ്ഞളിയന്‍

സീന്‍ 1.
സ്ഥലം :മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവളം.
സമയം : പകല്‍, പ്രഭാതം.
ഫ്‌ളൈറ്റില്‍ നിന്നും ലഗേജുകള്‍ ഇറക്കുന്ന ദൃശ്യം.
മുംബെ ടു ജിദ്ദ എന്നെഴുതിയ ലഗേജുകള്‍.
പശ്ചാതലത്തില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ്‌ വിമാനം.സീന്‍ 2.വിമാനത്താവളത്തിനുള്ളിലെ ലഗേജ്‌ സ്കീനിംഗ്‌ പോയന്റ്‌ വണ്‍.

കണ്‍വെയറിലൂടെ കടന്നു വരുന്ന ലഗേജുകള്‍ കമ്പ്യൂട്ടറില്‍ വീക്ഷിക്കുന്ന അറബികളായ ഉദ്യോഗസ്ഥര്‍, കൂട്ടത്തില്‍ ഏക മലയാളി ഉദ്യോഗസ്ഥന്‍ നൗഫലിനെ പ്രത്യേകം കാണിക്കുന്ന ക്യാമറ.
നൗഫല്‍ എന്നും ഇംഗ്ലീഷിലും അറബിയിലും എഴുതിയ നെയിം പ്ലേറ്റില്‍ വന്നു നില്‍ക്കുന്ന ക്ലോസപ്പ്‌ ഷോട്ട്‌.
കര്‍മ്മ നിരതനാവുന്ന നൗഫല്‍.

സീന്‍ 3.ലഗേജ്‌ സ്ക്രീനിംഗ്‌ പോയന്റ്‌ റ്റു.
കമ്പ്യൂട്ടറിലെ മോണിറ്ററില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഡോബര്‍മാന്റെ മുഖം.
മയക്കുമരുന്നിനടിമയാക്കിയ അതിനെ രണ്ടു ദിവസം മയക്കുമരുന്നു കൊടുക്കാതെ നിര്‍ത്തിയതിന്റെ അസ്വസ്ഥതയും അമര്‍ഷവും ആ പ്രകടമാവുന്ന അതിന്റെ കിതക്കുന്ന മൂക്കിന്‍ തുമ്പ്‌.
മുന്നിലെ കണ്‍വെയറിലൂടെ ഒഴുകി നീങ്ങുന്ന ലഗേജുകളുടെ നിഴല്‍മാത്രം നായയുടെ മുഖത്തൂടെ കടന്നു പോകുന്നു.

സീന്‍ 4.


ഡോബര്‍മാനെ അടച്ചിട്ട കമ്പിയഴികളുള്ള കൂട്‌.
മുന്നിലൂടെ കടന്നു പോകുന്ന ലഗേജിനടുത്തേക്കു തലയിട്ടു മണം പിടിക്കുന്ന ഡോബര്‍മാന്‍.
നായയുടെ തുറിച്ച കണ്ണും, വിറക്കുന്ന മൂക്കും, തൂക്കിയിട്ട നാക്കും ജാഗ്രതയോടെ നിരീക്ഷിക്കുന്ന നൗഫല്‍.
നായ പെട്ടെന്നു അസ്വസ്ഥനാവുന്നു. അവന്റെ കിതപ്പിന്റെ വേഗത കൂടുന്നു.
കണ്‍വെയറിലൂടെ നീങ്ങുന്ന ഒരു ബാഗിനു മണം പിടിച്ചു കൂടിനു പുറത്തേക്കു ചാടാന്‍ ശ്രമിക്കുന്ന ഡോബര്‍മാന്‍.
നൗഫലും സംഘവും അലര്‍ട്ടാവുന്നു. കണ്‍വെയര്‍ ഓഫാക്കുന്നു.
നൗഫലിനെ കൂടാതെ മഫ്ടിയിലുള്ള മറ്റു നാലഞ്ചു പേര്‍ പലഭാഗത്തു നിന്നുമായി കണ്‍വെയറിനടുത്തേക്കു ഓടിയെത്തുന്നു.

നൗഫല്‍ ബാഗ്‌ എടുത്തു പിറകിലേക്കു വെച്ചു, കണ്‍വെയര്‍ ഓണ്‍ ചെയ്തു വീണ്ടും നായയെ നിരീക്ഷിക്കുന്നു.
ഡോബര്‍മാന്റെ വെപ്രാളം കൂടുതലാവുന്നു.
നിഗമനം ഉറപ്പു വരുത്തുന്നു.
സംശയമുള്ള ബാഗിന്റെ അഡ്രസ്‌ എഴുതിയ ഭാഗം പരിശോധിക്കുന്ന നൗഫല്‍.
അഡ്രസ്സു വായിച്ചു ഞെട്ടുന്നു.


സീന്‍ 5


ലഗേജ്‌ സ്ക്രീനിംഗ്‌ പോയന്റ്‌ ത്രീ.

ബാഗില്‍ ഇലക്ട്രോണിക്‌ ടാഗു ചെയ്യുന്ന യൂണിഫോമിട്ട ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍.
ബാഗു ഒരു പ്രത്യേകതയും തോന്നിക്കാത്ത വിധത്തില്‍ മറ്റു ലഗേജുകളുടെ കൂട്ടത്തില്‍ കണ്‍വെയറിലൂടെ കടന്നു പോകുന്നതു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ടു വീണ്ടും ഞെട്ടുന്ന നൗഫല്‍.
കഠിനമായ മാനസീക സംഘര്‍ഷം പ്രകടമാകുന്ന മുഖം.

മൊബെയില്‍ ഫോണ്‍ വെച്ചേടത്തു കാണാതെ വിഷമിക്കുന്ന നൗഫലിന്റെ മുഖം.
അവിടവിടെയും ഇവിടെയും ഫോണ്‍ പരതി നടക്കുന്നു.
ജോലി തുടരാനാവാതെ സീറ്റിലേക്കു മറ്റൊരാളെ ക്ഷണിച്ചു പ്രയര്‍ റൂമിലേക്കു നടക്കുന്ന നൗഫല്‍.

സീന്‍ 6


സ്ഥലം. പ്രാര്‍ഥന മുറി.

നമസ്കാര സമയമല്ലാത്തപ്പോള്‍ ഒരാളെ കണ്ട അങ്കലാപ്പില്‍ തുറിച്ചു നോക്കുന്ന ക്ലീനിംഗ്‌ സ്റ്റാഫ്‌.
അവന്റെ കയ്യില്‍ നൗഫലിന്റെ മൊബെയില്‍ ഫോണ്‍.

"യ ആപ്‌ കാ ഹെ?"

അവന്‍ നീട്ടിയ മൊബെയില്‍ വാങ്ങി തന്റേതു തന്നെയെന്നു ഉറപ്പു വരുത്തി പോക്കറ്റിലിടുന്ന നൗഫല്‍.
വുളുവെടുത്തു സുന്നത്തു നമസ്കരിക്കാന്‍ തുടങ്ങുന്നു.
വൈബ്രേറ്ററിലിട്ട ഫോണില്‍ നിന്നു നമസ്കാരത്തെ തടസ്സപ്പെടുന്നവിധം പ്രകമ്പനം.
അസ്വസ്ഥതയോടെ സുജൂദിന്റെ സമയം ചുരുക്കി നമസ്കാരം പെട്ടന്നു തീര്‍ത്തു സലാം വീട്ടുന്ന നൗഫല്‍.
പോക്കറ്റില്‍ നിന്നു ഫോണ്‍ എടുത്തു നമ്പര്‍ നോക്കി ബേജാറാവുന്നു.
"മൈ ഗോഡ്‌, ചീഫ്‌!"
അത്തഹിയ്യാത്തിലിരുന്നേടത്തു തന്നെ തിരിച്ചു വിളിക്കുന്നു.

"സബാഹന്നൂര്‍"
" അന ഈജി അലൈന്‍"
ധൃതിയില്‍ എഴുന്നേറ്റു പുറത്തേക്കു നടക്കുന്ന നൗഫല്‍.
ഫോണ്‍ ഓഫാക്കുമ്പോള്‍ കണ്ടു.
വേറേയും രണ്ടു മൂന്നു മിസ്‌ കാളുകള്‍.
ഒരു മെസ്സേജും.
മെസ്സേജ്‌ ഭാര്യ നജീമയുടേതാണ്‌
നടത്തത്തിനിടെ തന്നെ ഇന്‍ബോക്സ്‌ തുറന്നു വായിച്ചു.
KUNHUMON MAY COME 2DAY VIA MUMBAY I GAVE U6 PHONE NO.HE WILL CALL U


സീന്‍ 7.


ഫ്ലാഷ്‌ ബാക്ക്‌
കേരളത്തിലെ ഗ്രാമത്തിലെ മാപ്പിളത്തറവാട്‌
ലീവു തീര്‍ന്നു ഗള്‍ഫിലേക്കു മടങ്ങുന്ന നൗഫല്‍.
യാത്ര പറഞ്ഞു പിരിയുന്ന രംഗം.
നൗഫലിന്റെ കൈകള്‍ തന്റെ കൂപ്പുകയ്യിനകത്താക്കി കെഞ്ചുന്ന നജീമ.
"കുഞ്ഞിമോന്റെ കാര്യം മനസ്സിന്നു പോകരുത്‌".
"അവന്‍ ചീത്തകൂട്ടുകെട്ടിലകപ്പെട്ടിരിക്കയാണ്‌. എത്രയും വേഗം ഒരു വിസ അയച്ചു ഇവിടെ നിന്നും കടത്തണം. അവന്‍ ബോംബെക്കെന്നു പറഞ്ഞു ഇടക്കിടക്കു പോകുന്നുണ്ട്‌. ഉമ്മാക്കൊരു സമാധാനവുമില്ല. കയ്യിലാണെങ്കിലൊരുപാടു കാശുണ്ട്‌.
പേടിയാവുണുണ്ട്‌".
"എല്ലാം എനിക്കറിയാം നജീമാ.. ഞാന്‍ മറന്നിട്ടില്ല".
"എത്തിയാല്‍ ആദ്യമായി ചെയ്യാനുള്ളത്‌ അതു തന്നെ".
കണ്ണീരില്‍ കുതിര്‍ന്ന ഒരാലിംഗനത്തിനു ശേഷം ബലം പ്രയോഗിച്ചു ഭാര്യയുടെ പിടുത്തം വിടുവിക്കുന്ന നൗഫല്‍
(ഫ്ലാഷ്‌ ബാക്ക്‌ അവസാനിക്കുന്നു)


സീന്‍ 8.


ചീഫിന്റെ മുറി.

അനുവാദം ചോദിച്ചു ഉപചാരം പറഞ്ഞു അകത്തു കടക്കുന്ന നൗഫല്‍.
"നൗഫല്‍, ഫള്ളല്‍"
(നൗഫല്‍, സ്വാഗതം)
ചൂണ്ടിക്കാട്ടിയ കസേരയിലിരിക്കുന്ന നൗഫല്‍.
ക്ലോസ്‌ഡ് ‌ സര്‍ക്ക്യൂട്ട്‌ ടി.വി.യില്‍ പരിശോധനാമുറിയിലെ ദൃശ്യങ്ങള്‍.

സീന്‍ 9.


പരിശോധനാ മുറി.

കഴുത്തില്‍ നിന്നു തൂക്കിയ ചങ്ങലയില്‍ കയ്യും കാലും പൂട്ടിയ നിലയില്‍ നില്‍ക്കുന്ന ഒരു യുവാവ്‌.
ബാഗു തുറന്നു പുറത്തു വെച്ച സാധനങ്ങള്‍. ഒരു അച്ചാറു കുപ്പിയില്‍ നിന്നു പുറത്തെടുത്ത പ്ലാസ്റ്റിക്‌ കവറില്‍ വെളുത്ത പൊടി.
യുവാവിന്റെ തല ഇടക്കൊന്നുയര്‍ന്നപ്പോള്‍ അവന്റെ മുഖം വ്യക്തമായി കാണാം.
"കുഞ്ഞിമോന്‍"


സീന്‍ 10.(ഫ്ലാഷ്‌ ബാക്ക്‌ സീന്‍)
മലബാറിലെ പുരാതന തറവാട്ടിലെ ഒരു കല്ല്യാണ രംഗം.

സന്തോഷവാന്മാരായ ഒരു സംഘം ചെറുപ്പക്കാരുടെ ഘോഷയാത്ര.
സംഘത്തിനു നടുവില്‍ വെളുത്ത വസ്ത്രമിട്ടു കഴുത്തില്‍ മാലയുമിട്ട്‌ ആരോ പിടിച്ച ഒരു കുടക്കീഴില്‍ തലയില്‍ തൂവെള്ള ഉറുമാലുമായി മണവാളന്‍ "നൗഫല്‍" .
വധൂഗൃഹത്തിനു മുന്നില്‍ ഒരു കിണ്ടിയില്‍ വെള്ളവുമായി കാത്തു നില്‍ക്കുന്ന ഒരു മെലിഞ്ഞ പയ്യന്‍.
അളിയനെ കിണ്ടിയിലെ വെള്ളം ഒഴിച്ചു കൊടുത്തു, കാല്‍ കഴുകിച്ചു അവന്‍ വീട്ടിലേക്കു സ്വീകരിച്ചാനയിക്കുന്നു.
അളിയാക്ക കിണ്ടിയിലിട്ട സ്വര്‍ണ്ണനാണയത്തിനായി കയ്യിടുന്ന പയ്യന്‍.

സീന്‍ 11.

ചീഫിന്റെ മുറി.

നെഞ്ചമര്‍ത്തി പണിപ്പെട്ടു ശ്വാസമെടുക്കവെ
നൗഫല്‍ അറിയാതെ വീണ്ടും പറയുന്നു .


"കുഞ്ഞിമോന്‍"

നൗഫലിന്റെ ചുണ്ടുകളിലേക്കു തന്നെ നോക്കിയിരിക്കുന്ന ചീഫ്‌.
"ഹാദാ ഹറാമി.. അന്‍ത അര്‍ഫ്ഹൂ."
(ആ ഹറാമിയെ നീ അറിയുമോ?)
"വഹുവ ഖുല്‍ ഇസമന്‍ത:, ഹുവ അഹ്‌തീ രകമുല്‍ ഹാത്തിഫ്‌ മഹല്‍ അന്ത. അന ഫികൃ ഹുവ ലില്‍ ഇലാഖ മഹല്‍ അന്‍ത"
(അവന്‍ നിന്റെ പേര്‍ പറഞ്ഞു. അവന്‍ നിന്റെ ഫോണ്‍ നമ്പരു തന്നു. നിന്റെ അതേ സ്ഥലത്തു നിന്നുള്ളവനാണോ എന്നു ഞാന്‍ സംശയിക്കുന്നു? )
"റീദ്‌ ഷൂഫ്‌ ഹുവ?"
(നിനക്കവനെ കാണണോ?)
"ലാ അന മാ റീദ്‌ ശൂഫ്‌ ഹുവ"
(വേണ്ട എനിക്കവനെ കാണേണ്ട)
"സൈന്‍"
(നല്ലത്‌)
"ലാകിന്‍ അന രീത്‌ തര്‍ജുമാഹ്‌ ഹാദാ റിസാല"
(പക്ഷെ എനിക്കു നീ ഈ കത്തൊന്നു പരിഭാഷപ്പെടുത്തിത്തരണം).
"ഹറാമി ഖുല്‍, വഹുവ മാ അറഫ്‌, അന റീദ്‌ കുല്ലു ശൈത്താന്‍ ദായിം"
(ആ ഹറാമി പറയുന്നത്‌ അവനിതിനെക്കുറിച്ചൊരു അറിവുമില്ലന്നാണ്‌. എനിക്കു വേണം ഇതിന്റെ പിന്നിലുള്ള എല്ലാ ശൈത്താന്മാരെയും).
ചീഫ്‌ തുറന്ന കവറില്‍ നിന്നൊരു മലയാളത്തിലെഴുതിയ കടലാസെടുത്തു നീട്ടുന്നു.
കത്തു വായിക്കാന്‍ തുടങ്ങുന്ന നൗഫല്‍.

സീന്‍ 12.

സ്ഥലം. :ചീഫിന്റെ മുറി.

മേശപ്പുറത്തുള്ള എയർപ്പോർട്ട്‌ സെക്യൂരിട്ടി ഓഫീസറുടെ പോസ്റ്റിലേക്കുള്ള അപ്രൂ ചെയ്ത വിസാ അപേക്ഷഫോറത്തിലെ ഫോട്ടോയും ക്ലോസ്‌ഡ്‌ സർക്ക്യൂട്ട്‌ ടി.വി.യിലെ കുഞ്ഞിമോന്റെ മുഖത്തേക്കും മാറി മാറി നോക്കി സാദൃശ്യം ഉറപ്പു വരുത്തുന്ന ചീഫ്‌.

മലയാളത്തിലെ കത്തു അറബിയിലേക്കു പരിഭാഷപ്പെടുത്താന്‍ തുടങ്ങുന്ന നൗഫല്‍.
എഴുതാന്‍ തുടങ്ങുന്ന പേപ്പര്‍ വലുതായി അതില്‍ തെളിഞ്ഞു വരുന്ന ഒരു ദൃശ്യം
തലവെട്ടു ശിക്ഷ നടപ്പാക്കുന്ന തുറസ്സായ സ്ട്രീറ്റ്‌.സീന്‍ 13.


സമയം : പകല്‍.
സ്ഥലം : തലവെട്ടു ശിക്ഷ നടപ്പാക്കുന്ന സ്ട്രീറ്റ്‌ .

വെള്ളിയാഴ്ച്ച പ്രാര്‍ഥന കഴിഞ്ഞു പള്ളിയില്‍ നിന്നു തിരിച്ചു പോകുന്ന ജനം.
ഒരു കാഴ്ച്ച കാണാന്‍ കൂടി നില്‍ക്കുന്ന മനക്കട്ടിയുള്ള ചിലര്‍.
ദൂരെ നിന്നും ദൃശ്യമാകുന്ന ഒരു അശ്വാരൂഢന്‍.
കുതിര ചെന്നെത്തി നില്‍ക്കുന്നിടത്തു
കൈകള്‍ പിന്നിലേക്കു ബന്ധിച്ചു കഴുത്തു കുഴഞ്ഞു തല ഒട്ടും പൊക്കാനാവാതെ നില്‍ക്കുന്ന കുഞ്ഞിമോന്‍.
ആരാച്ചാര്‍ കുതിരപ്പുറത്തിരുന്നു തന്നെ വാളൂരി കുഞ്ഞിമോന്റെ പിന്നില്‍ നട്ടെല്ലിനൊരു കുത്തു കൊടുക്കുന്നു.
പെട്ടെന്നു തീവ്രവേദനയോടെ തലയുയര്‍ത്തുന്ന കുഞ്ഞിമോന്‍.
ആ ഒരൊറ്റ നിമിഷം സൂക്ഷ്മതയോടെ കൃത്യമായി കഴുത്തിനു നേരെ വീശുന്ന വാള്‍.
ഉടലിനു മുന്നെ നിലത്തു പതിക്കുന്ന കുഞ്ഞിമോന്റെ തല.
തലയും ഉടലും രണ്ടായി വേര്‍പ്പെട്ടുവെന്നുറപ്പു വരുത്തി ജോലി തീര്‍ത്തു കുതിരയോടിച്ചു പോകുന്ന ആരാച്ചാര്‍.


സീന്‍ 14.
ചീഫിന്റെ മുറി
കടലാസിലേക്കു തിരിച്ചു വരുന്ന ക്യാമറ.

കത്തിലെ വരികളിലൂടെ കടന്നു പോകുന്ന ക്യാമറ.
"ഈ ചെക്കന്‍ പുതിയ വിസയില്‍ വരുന്നതാണ്‌. ഇവന്റെ അളിയന്‍ എയര്‍പോര്‍ട്ട്‌ ലഗേജ്‌ സ്ക്രീനിംഗ്‌ ഡിപ്പാര്‍ട്‌മെന്‍ടിലാണ്‌. പരിചയപ്പെട്ടാല്‍ പിന്നീടുള്ള കടത്തലിനു ഉപകരിക്കും. കടത്തലില്‍ നമുക്കു യാതൊരു റിസ്കുമില്ല. അവന്‍ എയര്‍പോര്‍ട്ടിലെത്തുന്ന നേരം കണക്കാക്കി അവന്റെ അളിയനു വിവരം കിട്ടും അവന്‍ തന്നെ ഫോണില്‍ വിളിച്ചു പറയും ബാക്കിയൊക്കെ അയാള്‍ നോക്കിക്കൊള്ളും "

പരിഭാഷപ്പെടുത്താനായി തുനിയവേ പകര്‍ത്താനെടുത്തു വെച്ച ആ കടലാസില്‍ പടരുന്ന ചുവപ്പു നിറം. അതു കണ്ടു ഞെട്ടുന്ന നൗഫല്‍.
പിന്നെ ആ ചുവപ്പു നിറം തന്റെ തന്നെ ചോരയുടെ ചോപ്പാണെന്നു തിരിച്ചറിഞ്ഞു തലകറങ്ങി വീഴുന്നിടത്തു ക്യാമറ ഫേഡാവുന്നു.40550

13 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ഒരു തിരക്കഥ പരീക്ഷണം

 2. ചന്ദ്രകാന്തം പറഞ്ഞു...

  പരീക്ഷണം നന്നായിരിയ്ക്കുന്നു.

  അവനവന്‍ കുഴിയ്ക്കാതെ തന്നെ കുഴിയില്‍ വീഴേണ്ടി വരുന്ന ഗതികേട്‌ ..!!
  'ദുര്‍ജനങ്ങള്‍ ചെയ്യുന്നതിന്റെ ശിക്ഷ പലപ്പോഴും സജ്ജനങ്ങളാണ്‌ അനുഭവിയ്ക്കേണ്ടി വരിക' എന്ന്‌ പണ്ടെന്നോ കേട്ട പഴമൊഴി ഓര്‍ക്കുന്നു.

 3. Kaithamullu പറഞ്ഞു...

  നൌഫലിന്റെ അനുഭവം നല്ല പരീക്ഷണം!

  എന്തുഗ്രന്‍ ഗ്രാഫിക്സ്, മാഷേ!

 4. പാര്‍ത്ഥന്‍ പറഞ്ഞു...

  നിസ്സഹായത തെളിയിക്കാനാവാതെ നിയമത്തിനു വഴങ്ങേണ്ടി വരുന്നത് ഊഹിക്കാവുന്നതിലും അപ്പുറത്താണ്.

 5. പാര്‍ത്ഥന്‍ പറഞ്ഞു...

  ഗ്രാഫിക്സിലെ പരീക്ഷണം ഇഷ്ടപ്പെട്ടു.

 6. അലിഫ് /alif പറഞ്ഞു...

  തിരക്കഥാപരീക്ഷണത്തോടൊപ്പം ചിത്രങ്ങളും മികച്ച് നിൽക്കുന്നു (ചിത്രങ്ങളുടെ ബോർഡർ ഒഴിവാക്കിയിട്ടിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ എന്ന് തോന്നി) തിരക്കഥയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്ന ആശയത്തിനും നൂ‍റ് മാർക്ക്.

  ഓഫ്: സാധാരണ മലയാളം തിരക്കഥയിലായിരുന്നുവെങ്കിൽ “ലഗേജുകള്‍ കമ്പ്യൂട്ടറില്‍ വീക്ഷിക്കുന്ന അറബികളായ ഉദ്യോഗസ്ഥര്‍, കൂട്ടത്തില്‍ ഏക മലയാളി ഉദ്യോഗസ്ഥന്‍ നൗഫലിനെ പ്രത്യേകം കാണിക്കുന്ന ക്യാമറ” എന്നെഴുതേണ്ടി വരുമായിരുന്നില്ല, അവിടുത്തെ ചീഫ് വരെ മലയാളി ആയിരിക്കില്ലേ:) ഉദാ: നമ്മുടെ പട്ടാളചിത്രങ്ങൾ)

 7. കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

  നന്നായിട്ടുണ്ട് മാഷേ...

 8. kichu / കിച്ചു പറഞ്ഞു...

  മാഷേ...

  പരീക്ഷണം കൊള്ളാം.

  എന്നാണ് സിനിമ ഇറങ്ങുന്നത്.

 9. BS Madai പറഞ്ഞു...

  നല്ല പരീക്ഷണം മാഷെ. ചിത്രങ്ങള്‍ക്ക് നല്ല മിഴിവ്..

 10. കരീം മാഷ്‌ പറഞ്ഞു...

  ============
  ചന്ദ്രകാന്തം
  ദുര്‍ജനങ്ങള്‍ ചെയ്യുന്നതിന്റെ ശിക്ഷ പലപ്പോഴും സജ്ജനങ്ങളാണ്‌ അനുഭവിയ്ക്കേണ്ടി വരിക'
  വായനക്കും കമണ്ടിനും നന്ദി
  എന്റെ വൈകിയ മറുപടിക്കു ക്ഷമാപണം (ജോലിത്തെരക്ക്)
  ============
  kaithamullu : കൈതമുള്ള്
  വായനക്കും കമണ്ടിനും നന്ദി
  ================
  പാര്‍ത്ഥന്‍
  നിസ്സഹായത തെളിയിക്കാനാവാതെ നിയമത്തിനു വഴങ്ങേണ്ടി വരുന്നത് ഊഹിക്കാവുന്നതിലും അപ്പുറത്താണ്.
  വളരെ ശരിയാണ്‌
  =================
  അലിഫ് /alif
  പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ആ ബോര്‍ഡര്‍ ലൈന്‍ പോകുന്നില്ല.
  അതു ബ്ലോഗറിന്റെ വക ചേര്‍ക്കുന്നതാണ്‍്‌
  ഞാന്‍ ജെ.പി.ജി ഫോര്‍മാറ്റിനു പകരം പി.എന്‍.ആര്‍ ഫോര്‍മാറ്റും പരീക്ഷിച്ചു.
  നടന്നില്ല.
  എന്തെങ്കിലും ഐഡിയ തരാനുണ്ടോ?
  ===============
  കുറ്റ്യാടിക്കാരന്‍
  വായനക്കും കമണ്ടിനും നന്ദി
  ==============
  kichu
  വായനക്കും കമണ്ടിനും നന്ദി
  സിനിമയോ... ഞാനോ.. !
  :)
  ===========
  BS Madai
  വായനക്കും കമണ്ടിനും നന്ദി
  ഗ്രാഫിക്കായിരുന്നു പരീക്ഷണം.
  പക്ഷെ പലര്‍ക്കുംപേജു ലോഡാവാന്‍ സമയമെടുക്കുന്നു വെന്ന പരാതിയുണ്ടായി.
  (പ്രത്യേകിച്ചു ഡയലപ്പ് നെറ്റുകാര്‍ക്ക്)

 11. അജ്ഞാതന്‍ പറഞ്ഞു...

  വളരെ നന്നായിരിക്കുന്നു.ഞാന്‍ നൂറില്‍ നൂറുമാറ്ക്കും
  നല്‍കുന്നു.

 12. സജീവ് കടവനാട് പറഞ്ഞു...

  നന്നായിരിക്കുന്നു.

 13. Junaid പറഞ്ഞു...

  :)
  മാഷിന്റെ പുതിയ പരീക്ഷണം കൊള്ളാം..