ബുധനാഴ്‌ച, ഡിസംബർ 10, 2008

പച്ചക്കല്ലുള്ള കമ്മൽ


ഭാനുമതി നട്ടപ്പാതിരക്കു എന്തിനാവും ആ പൊളിഞ്ഞു വീഴാനായി നിൽക്കുന്ന വീട്ടിൽ തനിച്ചു പോയത്‌? .

അതും അവളുടെ കല്യാണം കഴിഞ്ഞു, കയ്യിലെ മൈലാഞ്ചിയും,
എന്തിന്‌,
മുടിയിലെ മുല്ലപ്പൂവിന്റെ പോലും മണം മായുന്നതിന്നു മുൻപ്‌?

ഒരു ദുർമ്മരണം നടന്ന വീടല്ലേ അത്‌?.
ആ വീട്ടിലെ പ്രായം തെകഞ്ഞ ഒരു പെൺകുട്ടിയെ മരണപ്പെട്ട നിലയിൽ അവിടത്തെ കിണറ്റിൽ നിന്നു കണ്ടെടുത്തതിൽ പിന്നെ ആ വീടുപേക്ഷിച്ചു പോയ വീട്ടുകാർക്കുപോലും വേണ്ടാത്ത രീതിയിൽ അങ്ങനെത്തന്നെ കിടന്നു ദ്രവിച്ചു പോയിട്ടും ആരും ആ വീടിനെ തിരിഞ്ഞു നോക്കാറില്ലായിരുന്നു.

ഒരാഴ്ച്ചയായിട്ടില്ല ഭാനുമതി മാനുവിന്റെ വധുവായിട്ട്‌.

"നല്ല സ്മാർട്ട്‌ പെണ്ണ്‌ !",
എന്നാണെല്ലാരും ഒറ്റനോട്ടത്തിൽ അഭിപ്രായപ്പെട്ടത്‌.

മിനിഞ്ഞാന്നാണു അവൾ ആദ്യമായി കൊടുമ്പുളിയിട്ടൊരൊന്നാന്തരം മീൻ കറി വെച്ചു ആ വീട്ടിൽ ഉച്ചക്കു തനിച്ചൊരു ഊണൊരുക്കിയത്‌.
അപ്പോഴും മാനുവിന്റെ അമ്മ, മാധവിയമ്മക്കും അവളുടെ പെരുമാറ്റത്തിൽ യാതൊരാസ്വഭാവികതയും തോന്നിയതായി പറഞ്ഞില്ല.

തലേന്നു കിടപ്പു മുറിയുടെ വാതിൽ അകത്തുനിന്നടക്കുമ്പോൾ അവളുടെ കയ്യിൽ പാലു നിറച്ച ഗ്ലാസ്സും അതു പിടിച്ച കൈത്തണ്ടയിൽ പലവുരു ചുറ്റിയ ഒരു മുല്ലപ്പൂമാലയും ഉണ്ടായിരുന്നുവെന്നു മാനു വ്യക്തമായി ഓർക്കുന്നു.

കിടപ്പുമുറിയിൽ കട്ടിലിനഭിമുഖമായി വെച്ച നിലക്കണ്ണാടി അവിടെ നിന്നു മാറ്റണം എന്നു ഇന്നലെയും അവൾ ഓർമ്മിപ്പിച്ചതായിരുന്നു.
ആ ഒരൊറ്റ ആഗ്രഹം മാത്രമാണവൾ ഈ മുറിയിലൊരു മാറ്റം വരുത്തണമെന്ന രീതിയിൽ പറഞ്ഞത്‌.
ജനലിന്റെ ഗ്ലാസ്സുപാളി വഴി ഒരു വെളിച്ചക്കീറു നേരെ കണ്ണാടിയിൽ തട്ടി പ്രതിഫലിച്ചു കഴിഞ്ഞ രാത്രികളിലൊക്കെ തന്റെ ഉറക്കത്തെ അലോസരപ്പെടുത്തുന്നതായ്‌ ഇന്നലെയും തനിക്കുറക്കം വരുന്നതു വരെ അവൾ പരാതി പറഞ്ഞു കൊണ്ടിരുന്നുവെന്നു മാനു ഓർക്കുന്നു.
താൻ പലതവണ ശ്രമിച്ചിട്ടും അങ്ങനെയൊരു വെളിച്ചമോ അതു കാണാനുള്ള സാധ്യതയോ ഒന്നു സങ്കൽപ്പിക്കാൻ പോലും അയാൾക്കായില്ല.
വീക്ഷണകോണിന്റെ വ്യത്യാസമാവുമെന്നും നാളെ കട്ടിലു തിരിച്ചിടണം എന്നും തീരുമാനിച്ചു സമാധാനിച്ചാണയാൾ ഇന്നലെയുറങ്ങിയത്‌.
പാതിരാത്രിയിലെപ്പോഴോ കിടക്കയിൽ ഭാനുമതിക്കായി പരതിയപ്പോൾ കിടക്കയിൽ അവളില്ലായിരുന്നു.
ടോയ്‌ലറ്റിൽ പോയതായിരിക്കും വരട്ടെ! എന്നു കരുതി വീണ്ടും മടിപിടിച്ചു കിടന്നതായിരുന്നു മാനു.
ഏറെ നേരം കാത്തിട്ടും ഒച്ചയനക്കം കേൾക്കാതായപ്പോൾ മാനു വിളിച്ചു ചോദിച്ചു.

"ഭാനുമതി, നീ ടോയ്‌ലറ്റിലിത്ര നേരം എന്തെടുക്കുവാ! "
അന്നേരം മറുപടിയൊന്നുമുണ്ടായില്ല.

മാനു സ്വയം ചോദിച്ചു.
അവൾ ടോയ്‌ലറ്റിലുമില്ലേ?.
ഇത്ര നേരമായിട്ടും അവൾ പിന്നെ എവിടെപ്പോയി.
മുറികളിലെവിടെയെങ്കിലും നഷ്ടപ്പെടുവാൻ മാത്രം അഗണ്യമൊന്നുമല്ലല്ലോ ഈ വീട്ടിലെ മുറികൾ.

അവൻ കിടക്കയിൽ നിന്നെണീറ്റു തെരച്ചിൽ തുടങ്ങി.

പതുക്കെയുള്ള തെരച്ചിലിന്റെ വേഗത ക്രമം വിട്ടു ധൃതിപ്രാപിച്ചപ്പോൾ മേനിയാസകലം വിറകൊണ്ടു.
പെട്ടെന്നാണ്‌ നിലക്കണ്ണാടിയിൽ ഒരു വെളിച്ചത്തിന്റെ പ്രതിഫലനം കണ്ടത്‌.
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതു തുറന്നിട്ട ജനൽപ്പാളി.
സാധാരണ ആ ജനൽ തുറന്നിടാറില്ല.
ജനലു വഴി നോക്കിയപ്പോൾ നിലാവത്തൊരു രൂപം നടന്നകലുന്നതു കണ്ടു.

അതു ആ ദുർമ്മരണം നടന്ന വീടിനടുത്തേക്കു തന്നെയാണു നടക്കുന്നത്‌.

ടോർച്ചുമെടുത്തു.പെട്ടെന്നു കോണിയിറങ്ങി തുറന്നിട്ട അടുക്കള വാതിലു വഴി പിന്തുടർന്നു.

നടക്കുമ്പോൾ കാലുകൾക്കിടയിൽ പെട്ടു പടപടാന്നൊച്ചയുണ്ടാക്കുന്ന അവളുടെ പുതുവസ്ത്രത്തിന്റെ പളപളപ്പു തിരിച്ചറിഞ്ഞപ്പോൾ മാനു ഞെട്ടി അറിയാതെ വിളിച്ചു
"ഭാനുമതീ..!"
അവൾ തിരിഞ്ഞു നോക്കുകയോ മറുപടി പറയുകയോ ഉണ്ടായില്ല.
മറിച്ചു നടത്തത്തിന്റെ വേഗത കൂട്ടിയോ എന്നു തോന്നലാണുണ്ടാക്കിയത്‌.
അവൾ തിരിഞ്ഞു നോക്കാതെ വലിഞ്ഞു നടക്കുകയാണ്‌. മാനു പിറകേയും.

ഇടിഞ്ഞുപൊളിഞ്ഞ ആ വീടിനോടടുത്തപ്പോൾ മാനുവിന്നു പേടി കൂടി കൂടി വന്നു.
അപ്പോഴും യാതൊരു പേടിയുമില്ലാതെ കയ്യിലൊരു വെട്ടവുമില്ലാതെ നടക്കുന്ന ഭാനുമതിയിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവൻ.
എങ്കിലും ഒരു ചുമരിന്റെ മറവിൽ പെട്ടെന്നവൾ ദൃശ്യപഥത്തിൽ നിന്നു മറഞ്ഞു.
നിലംപൊത്താനായി നിൽക്കുന്ന വീട്ടിന്റെ ചുറ്റും നടന്നു മാനു ടോർച്ചു തെളിച്ചു ഭാനുമതിയെ അവിടെയൊക്കെ പരതി.
ആൾമറ പകുതിയും പൊളിഞ്ഞു തകർന്നു കിടക്കുന്ന പൊട്ടക്കിണറിനു വട്ടം ചുറ്റി ടോർച്ചടിച്ചു നോക്കുമ്പോൾ മാനുവിന്റെ കാലിലെന്തോ ഉടക്കി.

കാലിൽ തട്ടിയ തടസ്സത്തിലേക്കു വെട്ടം തെളിച്ചു നോക്കിയപ്പോൾ കണ്ടു, തറയിൽ തളർന്നു കിടക്കുന്ന ഭാനുമതി.
ഇവിടെ തന്നെയായിരുന്നു അന്നു കിണറ്റിൽ നിന്നു കയറ്റിയ ആ പെൺകുട്ടിയ്യുടെ ശവം കിടത്തിയിരുന്നതും.
മാനുവിന്നു പേടി അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി.
കുനിഞ്ഞു ഭാനുമതിയുടെ കഴുത്തിലൂടെ കയ്യിട്ടു അവളെ ഉയർത്തുമ്പോൾ മാനു പേടി പുറത്തു കാട്ടാതെ ചോദിച്ചു.

"ഭാനൂ നീ എങ്ങനെയാണിവിടെ എത്തിയത്‌?"
"ഇവിടെ ഒരു പെൺകുട്ടി കിണറ്റിൽ ചാടി ജീവനാശം വരുത്തിയ ഇടമല്ലേ?"

"നീയെങ്ങനെ ഇവിടെയെത്തി".
ഉത്തരം പറയാൻ അവൾക്കു ബോധമുണ്ടായിരുന്നില്ല. അഥവാ ബോധം ഉണ്ടായിരുന്നെങ്കിൽ തന്നെ അതിനുത്തരം പറയാൻ തക്ക ശക്തിയവൾക്കുണ്ടവുമോ എന്നവൻ ശങ്കിച്ചു.


ശങ്കിച്ച പോലെ തന്നെ ഭാനുമതിക്കൊന്നും പറയാൻ സാധിച്ചില്ല.
അവൾ വാ തുറന്നൊരക്ഷരം സംസാരിച്ചില്ല.

മാനു തളർന്നു കിടക്കുന്ന ഭാനുമതിയെ വാരിയെടുത്തു വീട്ടിലേക്കു നടന്നു.
വന്നതിനെക്കാൾ ഏറെ ദൂരമുണ്ട്‌ തിരിച്ചു വീട്ടിലേക്കെന്നു തോന്നി.
കിതപ്പൊതുക്കി ഒച്ചയുണ്ടാക്കാതെ കോണി കയറുമ്പോൾ അമ്മയുണരരുത്‌ എന്നവൻ ആഗ്രഹിച്ചു.
വാടിയ ഭാനുവിനെ കിടക്കയിലേക്കു പകർത്തുമ്പോഴാണു അവളുടെ മുറുക്കിപ്പിടിച്ച മുഷ്ടിയിൽ മാനുവിന്റെ കണ്ണുടക്കിയത്‌.
ആ മുഷ്ടി പതിയെ തന്റെ കൈവിരലുകൾ കൊണ്ടു മൃദുവായി നിവർത്തിയപ്പോൾ അയാൾ കണ്ടു. ആ കൈവെള്ളയിലൊരു കമ്മൽ.
പച്ചക്കല്ലു പിടിപ്പിച്ച ഒരു കമ്മൽ.

ഇതു പണ്ടെന്നോ ഞാനെവിടെയോ കണ്ടിട്ടുണ്ടെന്നയാൾ ഓർക്കാൻ ശ്രമിച്ചു.
കമ്മൽ അവനു ഓർമ്മകളിലൂടെ ഒരു പ്രത്യേക രൂപമൊന്നും രൂപപ്പെടുത്തിത്തരാത്തതിനാൽ അവളുടെ കയ്യിൽ നിന്നെടുത്തു അവൻ ഏറെ നേരം തിരിച്ചും മറിച്ചും നോക്കി പിന്നെയതു കബോർഡിനകത്തെ അറയിൽ വെച്ചു.

വെള്ളം കുടഞ്ഞു ഭാനുമതിയെ ബോധക്കേടിൽ നിന്നുമുണർത്തുമ്പോൾ ഞെട്ടിയുണന്ന ഭാനുമതി ആദ്യമായി മാനുവിനോടു വഴക്കിട്ടു.
"ഒന്നു സമാധാനായിട്ടു കിടന്നുറങ്ങാനും അനുവദിക്കില്ലേ!"
"എന്തിനാ വെള്ളം കുടഞ്ഞെണീപ്പിച്ചത്‌?.
നേരം വെളുത്തിട്ടൊന്നുമില്ലല്ലോ. ഒന്നു കൂടി കെടക്കാൻ നോക്ക്‌!"
ഭാനുമതി തിരിഞ്ഞുകിടന്നു വീണ്ടും ഉറങ്ങാൻ തുടങ്ങി.

മാനു വല്ലാതായി.
അവൾക്കൊന്നും ഓർമ്മയില്ലേ? അവൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി.
ഏതായാലും നന്നായി ഉറങ്ങട്ടെ!
നാളെ പുലരുമ്പോൾ വിശദമായി ചോദിച്ചറിയാം എന്നു കരുതി മാനുവും ഉറങ്ങാൻ ശ്രമിച്ചു.
പക്ഷെ അത്ര എളുപ്പം അയാൾക്കുറങ്ങാൻ പറ്റുമായിരുന്നില്ല.
പച്ചക്കല്ലുള്ള ആ ഒറ്റക്കമ്മലായിരുന്നു അയാളുടെ മനസ്സുമുഴുവൻ.
അതുമായി എനിക്കെന്തോ ബന്ധമുണ്ട്‌, അവൾക്കും!.
അയാൾ ഓർക്കാൻ ശ്രമിച്ചു.
ആഴമുള്ള ഒരു കിണറ്റിലേക്കു ഊളിയിട്ടിറങ്ങുന്നതു പോലെ.
താഴെ തിളങ്ങുന്ന ആ പച്ചക്കമ്മൽ അയാൾ ഒരു മിന്നായം പോലെ കണ്ടു.
പക്ഷെ തൊടാൻ സാധിക്കുന്നതിന്നു മുൻപെ അയാൾക്കു ശ്വാസമ്മുട്ടു വന്നു.
ശ്വാസമെടുക്കാനായി വീണ്ടും തെരക്കിട്ടു ജലോപരിതലത്തിലേക്കു പൊങ്ങി വരേണ്ടി വന്നതിനാൽ പച്ചക്കമ്മലെടുക്കാൻ പറ്റിയില്ല.
അതു സ്വന്തമാക്കാനാവാതെ അയാൾ പിന്നെ ഉറക്കത്തിന്റെ വേറെ എതോ ചുഴിയിലകപ്പെട്ടു.
ഒരു പാടു തവണ കറങ്ങിത്തിരിഞ്ഞതിന്റെ ആഴത്തിലേക്കാഴ്‌ന്നു പോയി.
ഉറക്കം അതിന്റെ ഏറ്റവും തീവൃഘട്ടത്തിലേക്കു കടന്നപ്പോൾ മാനുവിന്റെ മനസ്സിന്റെ മറ്റൊരു ഗൂഡകവാടം തുറന്നു.
അവിടത്തെ ദ്വരപാലകൻ ആ പച്ചക്കമ്മലിന്റെ കഥ അയാൾക്കോതി കൊടുത്തു.
അയാളുടെ ഉപബോധമനസ്സ്‌ വീണ്ടുമെണീറ്റു.
പിന്നെ ജനലിലൂടെ അയാൾ കണ്ടതു ദുർമ്മരണം നടന്ന വീട്ടിലെ കിണറ്റിങ്കരയിൽ കിടത്തിയ ആ പെൺകുട്ടിയെയായിരുന്നു.
അവളുടെ ഒറ്റക്കാതിലെ ആ പച്ചക്കല്ലുള്ള കമ്മലായിരുന്നു.
പെട്ടെന്നു ആരോ കുലുക്കിയുണർത്തിയപ്പോൾ മാനു സ്വപനം വിട്ടുണർന്നു.
ഭാനുമതിയാണ്‌
"എന്തൊക്കെയാണു ഉറക്കത്തിൽ വിളിച്ചു പറയുന്നത്‌?".
"പച്ചക്കല്ലുള്ള കമ്മലെന്നോ, ആൾമറ തകർന്ന കിണറെന്നോ എന്തൊക്കെയോ വിളിച്ചു പറയുന്നതു കേട്ടു".
"നിങ്ങൾക്കെന്താണു സംഭവിച്ചത്‌?".
"കിടക്കുമ്പോൾ നല്ലതു ചൊല്ലിക്കിടക്കണം, മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട്‌. ".
അപ്പോഴാണു മാനു അവളുടെ കാതുകളിലേക്കു നോക്കിയത്‌.
അവളുടെ കാതിൽ അതേ കമ്മൽ.
ഒന്നല്ല രണ്ടു കാതിലും അതേ പച്ചക്കല്ലുകളുള്ള കമ്മൽ.
നേരത്തെ ഭാനുമതിയുടെ കാതിൽ ഡയമണ്ട്‌ സ്റ്റഡുകളായിരുന്നല്ലോ അവ എവിടെപ്പോയി?.
വിശ്വാസം വരാതെ അയാൾ പെട്ടെന്നെണീറ്റു കബോർഡു തുറന്നു നോക്കി.
അതിനുള്ളിലെ അറ ഒറ്റ വലിക്കു തുറന്നു.
അപ്പോൾ അത്ഭുതമെന്നു പറയട്ടെ!
ആ പച്ചക്കല്ലുള്ള ഒറ്റക്കമ്മൽ അവിടെ കാണാനില്ലായിരുന്നു.
41080

8 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  വിശദീകരണം ആവശ്യമില്ലാത്ത ഒരു കഥ.

 2. പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

  :)

 3. Junaid പറഞ്ഞു...

  കഥ വായിച്ചു..
  :)

 4. സാബി പറഞ്ഞു...

  കിണറ്റിന്‍ കരയില്‍ നിന്നു കിട്ടിയത് ഒരു ജോടി കമ്മലുകളായിരുന്നെന്നും.കഥാവസാനം ഭാനുമതിയുടെ കാതില്‍ കണ്ടതു അതിലൊറ്റ കമ്മലാണെന്നും മാറ്റിയെഴുതുന്നതാവും വസ്തുതാപരവും ഭംഗിയും.

 5. കരീം മാഷ്‌ പറഞ്ഞു...

  പൊതുവഴിയാണ്‌. ജിമതിലിന്നപ്പുറത്തു നിന്നു സംസാരിച്ചാല്‍ പോരെ?

 6. രാജന്‍ വെങ്ങര പറഞ്ഞു...

  :)
  ആളുകളെ അതും ഇതും പറഞ്ഞു പേടിപ്പിക്കായാണോ? :)

 7. Sathees Makkoth | Asha Revamma പറഞ്ഞു...

  പേടിപ്പിക്കും അല്ലേ? കഥ ഇഷ്ടായി.

 8. josvinu പറഞ്ഞു...

  പേടിപ്പെടുത്തുന്ന കഥകള്‍ എനിക്കിഷ്ടമാണ് കുറച്ചുകൂടി വിശദമാക്കാമായിരുന്നു.