ബുധനാഴ്‌ച, സെപ്റ്റംബർ 06, 2023

വാഴയും വീട്ടമ്മയും

"മീൻ നന്നാക്കിയ വെള്ളം കൊണ്ടെന്നും ഉമ്മറത്തേക്ക് നടക്കുന്നതെന്തിനാണമ്മേ.?"  മക്കളെപ്പോഴും അവളോടു ചോദിക്കും. 

പുതുതലമുറ.. അവർക്കറിയില്ലല്ലോ!
മീനിലെ സോഡിയവും ഫോസ്ഫറസും
പൊട്ടാസ്യവും ഫെറസും കാശു കൊടുക്കാതെ കിട്ടുന്ന ജൈവവളമാണെന്ന്. 

, ഉമ്മറത്തിരിക്കുന്ന കാർന്നോരും ചോദിക്കും
"ഡീ പിറകിലൊഴിച്ചാലെന്താ?" അശ്രീകരം...!
"കുലച്ച വാഴയൊന്ന് വീട്ടിനു മുന്നിൽ കുടുംബത്തിനേറ്റം ഐശ്വര്യമെന്നൂറ്റം 
 കൊള്ളുന്നയച്ഛനു മീൻവെള്ള കാഴ്ച കണി മോശം, വഴക്കും ശകാരവുമവൾക്കു മിച്ചം. 

"ഡാ മോനേ മുന്നിലെ വാഴയിൽ നിന്നൊരു
 നാക്കില വെട്ടിത്തരുമോ?" ന്ന ചോദ്യം,  കേട്ടാലൂഹിക്കാമവൾക്കിന്നാർത്തവം.
ആരോ പകർന്നൊരന്ധവിശ്വാസത്തെ
അറിഞ്ഞിട്ടും കെടുത്താതെ പിറകെ
തൊട്ടു തലോടുന്നതവളുടെ മരസ്നേഹം.
"ഞാൻ തൊട്ടിട്ട്  വാഴേ താൻ   കരിയേണ്ട, ഞാങ്കരഞ്ഞോളാമെന്നവൾ തേങ്ങും...!"

വാഴ കുലച്ച്, കായ മുഴുത്ത്, മഞ്ഞച്ച് പഴുക്കാറാവുമ്പോൾ അണ്ണാനെ ശൂ..ശൂവാട്ടി
ചാരുകസേരയിൽ ഫോണിൽ  ചടഞ്ഞിരുന്ന 
"നവകാല ജന്മി"ക്കൊരു വിളി തോന്നും.
അലസത വിട്ടുണർന്നെണീക്കും.വീരനായി...! 
ഉടവാളിന് ഒരൊറ്റ വെട്ടിന് ആരുമറിയാതെ കുലയകത്തെ പത്തായത്തിൽ ..!

"എന്റെയീ ജഡത്തെയൊന്ന്  സംസ്കരിക്കൂ. തരൂ എനിക്കീ മരജന്മത്തിൽ നിന്നൊരു മോക്ഷം .! 
വാഴയുടെ  നിലവിളി,ചെവി കേൾക്കില്ലാർക്കും. 
 ആത്മാവു പോയ വാഴപ്പിണം.. ഒച്ചയില്ലാതലമുറയിടുമ്പോൾ അവളറിയും.
സസ്യവിളി സഹിക്കാതെയവൾ വന്നു, 
 കുല പോയവാഴപ്പിണ്ടത്തെ
 അച്ചാലും പിച്ചാലുംവെട്ടി,
പിച്ചാത്തിക്കു തുണ്ടം തുണ്ടമാക്കും.
ഉള്ളിലെ വെളുത്ത ഗോളസ്തംഭത്തെ
കണ്ടിച്ചു കിണ്ണത്തിലിട്ടു വേവിച്ചൊരൂറ്റൻ വിഭവമുണ്ടാക്കും.
കൊന്ന പാപം തിന്നു തീർക്കാൻ..!
 നാവിൽ രുചിയൂറുന്ന  
"ഉണ്ണിപ്പിണ്ടിയച്ചാർ" 
മക്കൾക്കേറെ ഇഷ്ടമാണത്,
മക്കളുടെയച്ഛനും, മുത്തച്ഛനും. 
അവൾക്കും ഇഷ്ടമില്ലാഞ്ഞിട്ടല്ല. 
പാടില്ല, ഉള്ളിലൾസറാണ്.. 
കുടലിൽ കുറേ പുണ്ണുകൾ!.

ശനിയാഴ്‌ച, മാർച്ച് 11, 2023

ലാസ്റ്റ് ക്ലാസ്സ്

 ബീകോം അവസാന ക്ലാസ്സ്. 9 മണിക്ക് തുടങ്ങുന്ന ക്ലാസിന് 8 മണിക്ക് തന്നെ കോളേജിൽ എത്തി. ഇരുവശത്തും ഗുൽമോഹർകൾ പൂത്തു നിൽക്കുന്ന കലാലയവീഥിയിലൂടെ നടക്കുമ്പോൾ മുന്നിലും പിന്നിലും ഒരാളുമില്ല. വാച്ച്മാൻ കം

അറ്റൻഡർ അത്ഭുതത്തോടെ ചോദിച്ചു. 
"കതിരിന്മേൽ ആണോ വളം വെക്കുന്നത്?"
"കുറച്ച് നോട്സ് എഴുതാനുണ്ട്. ക്ലാസ്സ് തുടങ്ങുമ്പോഴേക്കും തീർക്കണം..!"
അവൻ വിശ്വസിച്ചു. കാരണം ഞാൻ അത്ര അലമ്പൻ ഒന്നുമായിരുന്നില്ല.
ക്ലാസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ 30 ഡിഗ്രി കോണിൽ പുറത്ത് ഗേറ്റ് മുതൽ എൻട്രൻസ് വരെ നടന്നുവരുന്ന ജിസിഎമ്മികളെ കാണാം.
 എന്റെ അവസാനത്തെ കാഴ്ചയാണ്. അതു കൊണ്ടു തന്നെ വല്ലാത്തൊരഴകും. വർണ്ണങ്ങളുടെയും പളപളപ്പുകളുടെയും യുവ ചടുലതയുടെയും നടനതാളങ്ങൾ...! 
ഓരോരുത്തരുടെയും ആ വരവ് വിശകലനം ചെയ്താൽ തന്നെ മതി, അവരുടെ കുടുംബ/ സാമൂഹ്യ പശ്ചാത്തലമെല്ലാം വ്യക്തമാകും. 
പെൺകുട്ടികളുടെ ചുരിദാറും ലാച്ച കീചകൾ ഒന്നും ജി.സി. എമ്മിൽ അന്ന് അത്ര പ്രാബല്യത്തിൽ ഇല്ല. ഷർട്ടും പാവാടയും, അല്ലെങ്കിൽ ജംബറും പാവാടയും. അപൂർവ്വം ചിലർക്ക് സാരിയും ബ്ലൗസും. അതാണ് വേഷം. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വളർന്നവർ ജിസിഎമ്മിൽ പഠിക്കാൻ വന്നപ്പോൾ ആധുനിക വസ്ത്രങ്ങൾ ധരിച്ചിരുന്നു. അവരെല്ലാരും ഞങ്ങളുടെ നോട്ടപ്പുളികളാവുകയും ചെയ്തിരുന്നു.
ആൺകുട്ടികൾ ആണെങ്കിൽ പാന്റ്സും ഷർട്ടും, അല്ലെങ്കിൽ മുണ്ടും ഷർട്ടും മാത്രം. അവർക്ക് അന്നും ഇന്നും വേറെ ഒരു ചോയിസും ഇല്ലല്ലോ
ആ അവസാന ദിനത്തെ മനോഹരമായി കാഴ്ച കഴിഞ്ഞു. ക്ലാസിലേക്ക് കുട്ടികൾ എത്തിത്തുടങ്ങി. അവസാനദിന ക്ലാസുകൾ. പ്രിയപ്പെട്ട അധ്യാപകരുടെ ജീവിതോന്നമന ഉപദേശങ്ങൾ...!പിന്നെ വളരെ വൈകാരികമായ യാത്ര പറച്ചിലുകൾ. എല്ലാവരുടെയും വീട്ടഡ്രസ്സുകൾ ഒരു പേജിൽ പ്രിൻറ് ചെയ്തത് എല്ലാവർക്കും വിതരണം ചെയ്തു. പിരിഞ്ഞു പോയാലും കത്തെഴുതണം. അന്ന് ഫോണും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ...! :(
അവസാനത്തെ ക്ലാസ്സ് എത്ര പെട്ടെന്നാണ് തീർന്നത്.. എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു. എന്നിട്ടും എനിക്ക് കോളേജിൽ നിന്ന് പോരാൻ തോന്നിയില്ല..  
ഏറെ നേരം ക്ലാസ്സിലിരുന്നു. ഇനി അതേ സ്വാതന്ത്ര്യത്തോടെയും അവകാശത്തോടുകൂടി ഒരിക്കൽക്കൂടി സാധിക്കില്ലല്ലോ എന്നൊരു ഉണ്ടായിരുന്നു. ഡോർ ലോക്ക് ചെയ്യാൻ അച്ഛൻ വന്നപ്പോഴാണ് ഞാൻ ക്ലാസ്സ് വിട്ട് പുറത്തിറങ്ങിയത്. നോട്ട്സ് ഇനിയും ബാക്കിയുണ്ടെന്ന് അയാൾ കരുതിക്കാണും. അവസാനത്തെ പടിയിറക്കമാണ്. കൊമേഴ്സിൽ നിന്ന് നേരെ നടന്നു ആദ്യത്തെ സ്റ്റെയർകെയ്സ് ഇറങ്ങിയില്ല, വീണ്ടും നടന്നു, രണ്ടാമത്തെ സ്റ്റെയർ കേസും ഇറങ്ങിയില്ല. പണിപൂർത്തിയായിട്ടില്ലാത്ത അടുത്ത ബ്ലോക്കിലൂടെ നടന്നു. ഇവിടെ വരാന്തയ്ക്കിത്തിരി വീതി കൂടുതലാണ്. ഈ ബ്വോക്കിൽ മുറികൾക്ക് വാതിൽ ഇല്ലാത്തത് കാരണത്താൽ അറ്റൻഡറുടെ പണി കുറവാണ്. 
അടുത്ത സ്റ്റെയർകെയ്സ് ഇറങ്ങാം എന്ന് കരുതി നടന്നപ്പോഴാണ് ഇടക്കുള്ള ക്ലാസ് റൂമിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ തേങ്ങൽ കേട്ടതുപോലെ ഒരു തോന്നൽ...! 
വെറുതെ തോന്നിയതാവുമോ അതോ ജി.സി.എം വിട്ടു പിരിയാൻ വിഷമിക്കുന്ന വല്ല ആത്മാവുകളും ആവുമോ? 
ഞാനൊരു തമാശ ചേർത്തു ചിന്തിച്ചു.
എന്നാലും ഒന്ന് നോക്കുക തന്നെ.
ഞാൻ തിരിച്ച് നടന്നു ആ ക്ലാസിന്റെ വാതിൽക്കൽ എത്തി.
ഒരു പെൺകുട്ടി തന്നെ...! 
എന്നെ കണ്ടു ഭയപ്പെട്ടു എഴുതിക്കൊണ്ടിരുന്ന കടലാസ് ചുരുട്ടി കൈപ്പിടിയിൽ ഒതുക്കി. വെപ്രാളത്തിനിടയിൽ മറ്റേ കയ്യിൽ നിന്നു കുറച്ച് ഗുളിക താഴേക്ക് വീണു. 
എനിക്ക് സംഗതികൾ പെട്ടെന്ന് കത്തി. കോളേജിലെ രഹസ്യമല്ലാത്ത പ്രണയത്തിലെ നായികയാണ്. വിവാഹിതരെന്ന പോലെയായിരുന്നു ഇടപെടലുകൾ. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രയിലും സീസോൺ - ഇൻറർസോൺ മത്സരങ്ങളിലേക്കുള്ള യാത്രകളിലും അവരെ ഒന്നിച്ചു കാണുന്ന ആരും വിവാഹിതർ അല്ലെന്ന് പറയില്ലായിരുന്നു. ഒരുമാസം മുമ്പാണ് സ്ഥിതിഗതികൾ ആകെ മാറിയത്. നായകൻ പിന്മാറിയതാണ്. അവനെ ഞാൻ അറിയും. 
 രണ്ടുപേരുടെയും ഭാവി മുന്നിൽ കണ്ടാവാം. പക്ഷേ അവൾക്കു പ്രണയം അസ്ഥിയിൽ പിടിച്ചിരുന്നു. അതുകൊണ്ടാണ് പ്രണയത്തിനു അവസാനമായപ്പോൾ ജീവിതവും അവസാനിപ്പിക്കാമെന്നവൾ തീരുമാനിച്ചത്. 
ഞാനെന്തൊക്കെയാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഓർമ്മയില്ല. പക്ഷേ പറഞ്ഞതെല്ലാം അമൃതാണെന്ന് എനിക്ക് തന്നെ ബോധ്യം വന്നത് ആ ഗുളികകളും പാതിയെഴുതിയ കത്തും എനിക്ക് തന്നിട്ട് കണ്ണീരു തുടച്ച് അവൾ ഒരു അനുസരണയുള്ള അനിയത്തിയെ പോലെ.. പുനർജന്മം ലഭിച്ച അതിജീവിതയായി വീട്ടിലേക്ക് മടങ്ങിപ്പോയപ്പോഴായിരുന്നു. 
പിന്നീട് മാസങ്ങൾക്ക് ശേഷം ഞാൻ തിരൂർ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ ചേർന്ന കാലം. ക്ലാസ്സ് കഴിഞ്ഞ് മഞ്ചേരി ബസ്സിന് തിരൂർ ബസ്റ്റാൻഡിൽ കാത്തുനിൽക്കുകയാണ്. അപ്പോൾ അവിടെ ഒരു നവദമ്പതികൾ...!
ആരായാലും നോക്കി പോകും. പുത്തൻ കസവു പട്ടുസാരിയും അതിനെ മുക്കാലും മറക്കുന്ന സ്വർണ്ണാഭരണങ്ങളുമായി അതിജീവിതയും ഒപ്പം സുമുഖനായ അവളുടെ നവവരനും.
അവൾ എന്നെ കണ്ടോ എന്നറിയില്ല, പക്ഷേ കാണരുതേ എന്ന് ഞാൻ ആശിച്ചു. അവളുടെ പൂർവാശ്രമത്തെ ഓർമിപ്പിക്കുന്ന, സന്തോഷം കെടുത്തുന്ന ഒന്നും എന്നാൽ ഉണ്ടാവരുത് എന്ന് ഉദ്ദേശിച്ച് ഞാൻ തിരിഞ്ഞു നിന്നു. 




തിങ്കളാഴ്‌ച, മേയ് 23, 2022

വർണ്ണമാറ്റം

കഴിഞ്ഞയാഴ്ച ഒരു മടക്കയാത്രയിൽ ബസ്സിൽ പിൻസീറ്റിൽ ഇരിക്കവേ അയാൾ മുൻസീറ്റിൽ ഇരിക്കുന്ന മറ്റൊരാളെ കണ്ടു. 
വർഷം പത്തു മുപ്പതു കഴിഞ്ഞിട്ടും അയാൾക്ക് മറ്റയാളെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.
അയാളുടെ ജീവിതത്തിൻറെ ദിശ പാടെ മാറ്റിയ വ്യക്തിയല്ലേ? മറക്കാൻ പറ്റുമോ!
അയാൾ മറ്റയാളുടെ തൊട്ടു പിറകിലെ സീറ്റിൽ ചെന്നിരുന്നു, ചുമലിൽ തൊട്ടു വിളിച്ചു. അയാൾ തിരിഞ്ഞു നോക്കി. കണ്ണുകളിൽ അപരിചിതത്വം മാത്രം. 
"അയാൾ പറഞ്ഞു താങ്കൾക്ക് ഒരുപക്ഷേ എന്നെ ഓർമ കാണില്ല.പക്ഷേ എനിക്ക് താങ്കളെ ശരിക്കും ഓർമ്മയുണ്ട്. എൻറെ ജീവിതത്തിലെ എല്ലാ ഉന്നതികൾക്കും കാരണം അങ്ങാണ്. എന്റെ പ്രവാസപ്രയാണം, ബാങ്ക് ബാലൻസ്, വിദേശ ഉപരിപഠനം, ഇന്നത്തെ രീതിയിലെ സംതൃപ്തമായ ജീവിതം, നാട്ടിലെ സൽപേര് എല്ലാത്തിനും ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു". 
മറ്റയാൾ ഒന്നും മനസ്സിലാകാതെ അയാളെ മിഴിച്ചുനോക്കി. അഭിമാനമുണ്ട് ആ കണ്ണുകളിൽ പക്ഷേ താനീ കേൾക്കുന്നത് അനർഹമായ ബഹുമതിയാണോ എന്നൊരു ഭയമുണ്ട് മറ്റയാൾക്ക്. 

മറ്റയാൾ പറഞ്ഞു
 " സുഹൃത്തേ... എനിക്ക് മനസ്സിലായില്ല..!"
അയാൾ പറഞ്ഞു.
 "അത് ശരിയാണ്. ഞാൻ താങ്കൾക്ക് ഒരു വ്യക്തിയായിരുന്നില്ല, ഒരു തടസ്സം മാത്രമായിരുന്നു. താങ്കൾ ഒഴിവാക്കിയ ഒരു തടസ്സം."  
മറ്റയാൾ മിഴിച്ചിരുന്നു. 
"സുഹൃത്തേ താങ്കൾ ജില്ലാ ആസ്ഥാനത്തുള്ള സഹകരണ ബാങ്കിലല്ലേ ജോലി ചെയ്യുന്നത്?" അയാൾ മറ്റയാളോട് ചോദിച്ചു. 
"ആയിരുന്നു പക്ഷേ ഇപ്പോൾ അവിടെയല്ല!"
മറ്റയാൾ മറുപടി പറഞ്ഞു.
"പക്ഷേ എനിക്ക് ആ സഹകരണബാങ്കുമായിട്ടാണ് താങ്കളുമായുള്ള കണക്ഷൻ....! "
അയാൾ മറ്റയാളിൽ ആകാംക്ഷയുടെ ഒരു കനൽ ഊതിക്കത്തിച്ചു. 
"പറയൂ.... എങ്ങനെയാണ് നമ്മൾ തമ്മിലുള്ള ബന്ധം..."
"താങ്കൾ കയറിയ അതേ ജോലിക്കു റിട്ടൺ ടെസ്റ്റ് എഴുതി ഒന്നാം റാങ്കിൽ വന്ന ആളായിരുന്നു ഞാൻ. എന്നെ മറികടന്ന് ആ പോസ്റ്റ് ലഭിക്കുവാൻ വേണ്ടി താങ്കൾ താങ്കളുടെ പാർട്ടി മാറി, എന്റെ പാർട്ടിയുടെ ഡയറക്ടർബോർഡിൽ സ്വാധീനം നേടി, ആ സീറ്റ് അടിച്ചെടുത്തപ്പോൾ എനിക്കു അനുഭവപ്പെട്ട ദുഖത്തെക്കാൾ വലുതായിരുന്നു എന്റെ പാർട്ടിയുടെ വക്താക്കൾ എന്നെ കൺവിൻസ് ചെയ്യാനെയ്ത വാക്കുകൾ...! 
 " ജനാബേ... ജനാബ് എന്നും നമ്മുടെ പൊന്നു ജനാബല്ലേ. പക്ഷേ ജനാബ് ഇപ്പോഴൊന്നു ക്ഷമിച്ചാൽ ഒരു ആക്ടീവ് സഖാവിനെ നമുക്ക് കൂട്ടായൊരു ജനാബായി കിട്ടും" 

അയാൾ സസ്പെൻസ് ബ്രേക്ക് ചെയ്തു നിർത്തി. 
"ഇപ്പോൾ ഓർമ്മ വന്നുവോ?" 
മറ്റയാൾക്ക് എല്ലാം ഓർമ്മ വന്നു എന്ന് തോന്നുന്നു. വിളറി വെളുത്ത മുഖം ചുവന്ന നിറമായി കോപം കൊണ്ട് ജ്വലിച്ചു. 
"ഞാൻ എക്കാലത്തേക്കും ജനാബായിട്ടൊന്നുമില്ല, ആ പണി വിട്ടതോടെ ഞാനവരെ വിട്ടു...!"
അയാൾ കോപം കൊണ്ട് വിറച്ചു.
"ക്ഷമിക്കണം സുഹൃത്തേ. ഞാൻ ആദ്യം പറഞ്ഞതിൽ തന്നെ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എൻറെ ജീവിതോന്നതിക്ക് ആധാരം താങ്കൾ ആണ്. എനിക്ക് കിട്ടേണ്ടിയിരുന്ന ആ പോസ്റ്റിൽ താങ്കൾ കയറിയില്ലായിരുന്നുവെങ്കിൽ എനിക്കന്നു ഗൾഫിൽ പോകാൻ തോന്നുമായിരുന്നില്ല. ഇന്നത്തെ നിലയിലെത്താനാവുമായിരുന്നില്ല. നഗരത്തിലെ ആ ഇടുങ്ങിയ കെട്ടിടത്തിൽ കുടുസ്സു മുറിയിൽ സദാ പാറ്റകളും കൂറകളും കയറിയിറങ്ങിയ കണക്കുപുസ്തകത്തിൽ ഡെബിറ്റും ക്രെഡിറ്റും പലിശയും കൂട്ടിക്കൂട്ടി എഴുതിയെഴുതിയെന്റെ ജീവിതം പാഴായി പോയേനെ....! 
അയാൾ മിഴിച്ചു നിൽക്കേ നാട്ടിലെത്തിയ ബസ് ഡബിൾ ബെല്ലടിച്ചു. അയാൾ മെല്ലെ സ്റ്റെപ് ഇറങ്ങി. മറ്റയാൾക്ക് നേരെ നോക്കി ഒരു സലാം വെക്കാനൊരുങ്ങവേ.. മറ്റയാളുടെ മുഖത്തിന്റെ ചുവപ്പ് മാറി കുങ്കുമ വർണ്ണമായി തുടങ്ങിയെന്നൊരു സംശയമയാളിലുടലെടുത്തു.

ഞായറാഴ്‌ച, മേയ് 08, 2022

നല്ല പെണ്ണത്തമുള്ള പെണ്ണ്.

എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ ഏകദേശം അറുപതു വർഷം മുൻപു നടന്ന കഥയാണ്. കഥ അല്ല ചരിത്രം തന്നെയാണ്. പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടത്തെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. ജീവിത രീതികളാവട്ടെ ഞങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥവും.കഥ കേൾക്കുമ്പോൾ തോന്നും  അവിടെ അന്നു ഭരിച്ചിരുന്നത്   നാടുവാഴികൾ ആണോന്ന്.  എന്നാൽ സത്യത്തിൽ അങ്ങനെയല്ല,  പക്ഷെ  അങ്ങനെയാണെന്നു കരുതി വായിച്ചാൽ    ഈ കഥ രസകരമാവും.
പ്രാചീനകാലത്ത് ഇറാനിയൻ ഇസ്ലാമിക ചരിത്രത്തിൽ ഖലീഫമാർ മരണപ്പെടുന്നത് ആരും അറിയാറില്ല. വയസ്സനായ ഖലീഫ പുതിയ ഭരണാധികാരിയെ കണ്ടെത്തി  സ്ഥാനാരോഹണം നടത്തി   മരുഭൂമിയുടെ  ഉള്ളറകളിലേക്ക് തനിച്ചു  കയറിപ്പോയി മണലാരണ്യത്തിൽ എവിടെയോ  അപ്രത്യക്ഷമാവുകയാണ് പതിവ്.
പിന്നീടയാൾ ഒരിക്കലും പൊതുജന മധ്യത്തിലേക്കോ സുഖലോലുപതയിലേക്കോ മടങ്ങി വരാറില്ല.  ആളെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാറില്ല. മരണ വാർത്ത പോലും ആരും അറിയാറില്ല.
ഞങ്പിങളുടെ പിലാച്ചീരിമുക്കിലെ കാബൂസ് കുടുംബത്തിന്റ കഥയും ഏകദേശം ഇതിനു തുല്യമാണ്. അവർ  ധനാഢ്യരായിരുന്നു പ്രതാപികളും. കാലാകാലങ്ങളിൽ ഓരോ തറവാട്ടു കാരണവർക്കും വയസ്സായി, ഭരിച്ചു മടുക്കുമ്പോൾ പൂർണ്ണമായ ഭക്തിമാർഗ്ഗത്തിലേയ്ക്കൊരു തിരിച്ചു മടക്കമുണ്ട്. ഹിന്ദു സ്വാമികൾ സർവ്വം ത്യജിച്ച് കാശിയിൽ പോയി  മൃത്യു സ്വയം  വരിക്കുന്നത് പോലെ...   അന്ന് മുസ്ലിം പ്രമാണിമാർ  ജീവിതാന്ത്യത്തിൽ ഹജ്ജിനു പോയി  മടങ്ങി വരാതെ മരണവും മറമാടലും  മക്കത്തു തന്നെ വേണമെന്ന്  ആഗ്രഹിക്കുന്നവർ ആയിരുന്നു . 
കാബൂസ്   കുടുംബത്തിലും  ഒരു ആചാരം പോലെ  ഈ ഒരു സമ്പ്രദായം തലമുറകളിലൂടെ പകർന്നു വന്നു. 
അഞ്ചാം തലമുറയിലെ ഹാജി ആലി ദാദാ സുൽത്താൻ ആണ് ഇതിനൊരു അപവാദം ആയത്. അദ്ദേഹം വളരെ കക്കർശക്കാരനും പിടിവാശിക്കാരനും ആയിരുന്നു. മക്കളെ  വരച്ചവരയിൽ നിർത്തി ഭരിക്കും. മക്കൾക്കാണെങ്കിലോ പിതാവിനെ കലശലായ ഭയവും. മൂത്ത മകൻ മെഹ്ബൂബ് സുൽത്താൻ  കാര്യപ്രാപ്തൻ  ആയിരുന്നെങ്കിലും  പിതാവിനോടുള്ള ഭയവും ബഹുമാനവും  അമിതമായ  കാരണത്താൽ "എന്തിന്" എന്ന ഒരു ചോദ്യം ഉയർത്താനോ, സ്വന്തമായ ഒരു തീരുമാനം   എടുക്കാനോ ആവാതെ നിഷ്ഫല ജന്മമായി  ജീവച്ഛവം പോലെ... ബാക്കിയുള്ള മക്കളൊക്കെ മഹ്ബൂബിനെക്കാൾ പേടിത്തൊണ്ടർ. 
തന്റെ വിവാഹം പോലും പിതാവിൻറെ തീരുമാനത്തിലായിരുന്നു. പക്ഷേ ലഭിച്ച വധു ബീഗം ഫാതിമ പത്തരമാറ്റ് പവിഴമായിരുന്നു. അയാളെ അവൾ അതിരറ്റ് സ്നേഹിച്ചു ബഹുമാനിച്ചു. താമസിയാതെ അവർക്കിടയിൽ ഒരു കുഞ്ഞും ഉണ്ടായി. അവനെ  അയാൾ ഉപ്പാൻറെ അതേ പേരിട്ടു "അലി മഹ്ബൂബ് ബുനയ്യ" 
അന്ന് വിവാഹവും വിവാഹമോചനവും നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഫാതിമാ ബീഗത്തിന്റെ നാത്തൂൻ ഫരീദാ ബീഗത്തിന്റെ   എന്തോ ഏഷണിയിൽ കുടുങ്ങി ഉപ്പ ആലി ദാദ ബോംബെയിലുള്ള മകൻ മെഹ്ബൂബിനു പക്ഷിമെയിൽ അയച്ചു. 
“നീ ബീഗം ഫാതിമയെ മൊഴി ചൊല്ലണം”
 "എന്താണ് കാരണം എന്ന് ചോദിക്കാനുള്ള ത്രാണി പോലുമില്ലാത്ത ആ മകൻ പക്ഷിമെയിൽ മൊഴി സഹിതം തിരിച്ചയച്ചു 
“എന്റെ ബീടർ ബീഗം ഫാതിമയെ ഇന്നലെത്തെ തിയ്യതിയിൽ മൊഴി തീർത്തിരിക്കുന്നു. ഒപ്പ്.”
മേൽപ്പുരക്കു മുകളിൽ വന്നിറങ്ങിയ പക്ഷി, മൊഴി  ഡെലിവർ ചെയ്തു, ഓട്ടിൻ പുറത്തൂടെ മൊഴിയൊരുകി ഖാസിയുടെ നെയ്ച്ചോറിന്റെയും കോയിച്ചാറിന്റെയും മണം പോകാത്ത കയ്യിലെത്തി. മൊഴി നടപ്പിലായി. 
അത് ഫാതിമക്കു വല്ലാത്തൊരു ഷോക്കായി പോയി..!  വേറെ ഒരു വഴിയും ഇല്ലാതെ മോനെയും എടുത്ത് അവളുടെ  വല്യുമ്മ സുൽത്താനയുടെ    കൊട്ടാരത്തിലേക്ക് പോയി. അവിടെ അവൾക്ക്  ആകെ ബന്ധക്കാർ ആ റാണി വല്യമ്മ മാത്രം. പിന്നെ ഒരു അമ്മാവനുണ്ട് അകലെയെങ്ങാണ്ട്  പാല പ്രവിശ്യയിലാണ്   വാസം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
ബോംബെയിൽ നിന്ന് അലിമഹ്ബൂബ് ബുനയ്യയുടെ   ഉപ്പ നാട്ടിൽ  വരുമ്പോൾ തൻറെ ബീഗം ഫാതിമ താമസിക്കുന്ന  അയൽ ദേശത്തെ കൊട്ടാരവളപ്പിനടുത്ത് വരെ ചെല്ലും.  കോട്ട വാതിൽക്കൽ നിന്ന് അലിമഹ്ബൂബ് ബുനയ്യയെ കൈകാട്ടി വിളിക്കും. ഉമ്മ മറയിൽ ഇരുന്ന് ഇത് കാണും.  അവനെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയക്കും. അടുത്തേക്കോടി വരുന്ന അവനെ തോളിൽ ഇരുത്തി അയാൾ പുല്ലാര നേർച്ചക്കും,  കൊടുമ്പള്ളിക്കലെ നേർച്ചക്കും മറ്റു പരിപാടികൾക്കും  കൊണ്ടുപോകും. വൈകീട്ട് തിരിച്ചെത്തിക്കും.  വലുമ്മ സുൽത്താനക്ക് ഇത് തീരേ ഇഷ്ടപ്പെടുന്നില്ല, കാര്യംതീർത്ത പെണ്ണാണ്..! ചിത്തപ്പേരുണ്ടാവും.!  അവളെ വേറേ കെട്ടിച്ചയക്കണം.!
മഹ്ബൂബ് സുൽത്താന്റെ  വീട്ടിലും ഏകദേശം ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങൾ. കാര്യം തീർത്ത പെണ്ണിന്റെ കൊട്ടാരത്തിലേക്കും ഇങ്ങനെ പോയിപ്പോയി വീണ്ടും അവളെ തിരിച്ചെടുക്കേണ്ടി വരുമോ എന്നായിരുന്നു ഫരീദ ബീഗത്തിന്റെ പേടി.  അധിക കാലം കഴിയുന്നതിനു മുമ്പേ  ഉപ്പയിൽ നിർബന്ധം ചെലുത്തി  ആങ്ങളയെ കൊണ്ട്  അവൾ വേറൊരു പെണ്ണ് കെട്ടിച്ചു, 
കൊച്ചുമോൻ അലിമഹ്ബൂബ് ബുനയ്യയുടെ  ഉപ്പയുടെ രണ്ടാം വിവാഹം നടന്നതോടെ   ഉമ്മയുടെയും രണ്ടാം വിവാഹം നടത്താൻ വല്യുമ്മ റാണിക്ക്  ധൃതിയായി. അവൾക്കാണെങ്കിലോ മെഹ്ബൂബിന്റെ ഓർമ്മകളേയും പ്രിയപുത്രൻ അലിമഹ്മൂദ് ബുനയ്യയേയും പിരിയാനാവുന്നില്ല. അവളുടെ മേൽ സമ്മർദ്ദങ്ങൾ കൂടി വന്നപ്പോൾ  ഒരു ദിവസം അവൾ മകനെയും എടുത്ത് ആരോടും പറയാതെ പാലായിലേക്ക് തിരിച്ചു. അവിടെ ചെന്ന് അമ്മാവൻ സാലയെ  അന്വേഷിച്ചു. പിന്നീടാണറിഞ്ഞത് അമ്മാവൻ പാലായിൽ അല്ലാ, ഈരാട്ടുപേട്ടയിൽ ആണെന്ന്. പിന്നീട് അങ്ങോട്ട് പോയി. തപ്പി തെരഞ്ഞ് അവസാനം പാലസ്  കണ്ടുപിടിച്ചു. അവിടെ അയാൾ  റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി  കുടുംബസമേതം ജീവിക്കുകയാണ്. അവർ വളരെ സന്തോഷത്തോടെ അവളെയും കുഞ്ഞിനെയും  സ്വീകരിച്ചു.
ക്രമേണ അവരും ആ കുടുംബത്തിൻറെ ഭാഗമായി. സിറാമിക് പാത്രങ്ങൾക്കു ചായം കൊടുത്തും  ലഡുവിൽ മുന്തിരി വെച്ചും  പലഹാരം ഉണ്ടാക്കിക്കൊടുത്തും  അവൾ ആ കുടുംബത്തിന് സാമ്പത്തിക  ഭദ്രത നൽകി. മകൻ വലുതായപ്പോൾ ദേശപത്രങ്ങൾ വിതരണം ചെയ്യാനും  ക്രമേണ അതിൻറെ ഏജൻസി എടുക്കാനും അവൻ  വളർന്നു.

കാബൂസ് തറവാട്ടധിപൻ ആലി സുൽത്താൻ വല്യുപ്പാക്ക് വയസ്സ് കൂടി വന്നു അതോടൊപ്പം  അയാളൂടെ ശാഠ്യങ്ങളും പിടിവാശിയും. ഇതേ സമയം പാരമ്പര്യചര്യ പോലെ  അയാൾക്കു  മക്കത്ത്  പോകാൻ പ്രായമായി. പക്ഷെ അയാൾക്കു ഇഹലോക സുഖലോലുപതയെ പിരിയാൻ തീരെ മനസ്സില്ലായിരുന്നു. ചേരമാൻ പെരുമാളിനെ പോലെ  മക്കത്തു  പോയാൽ ഇനി തിരിച്ചു വരവ് ഉണ്ടാവില്ലന്നറിയുന്ന അയാൾ താമസിക്കുന്ന വീടും തൊടിയും എല്ലാം വിറ്റു പൊൻപണമാക്കി ഭാണ്ധം കെട്ടി, കൂടെ കരുതി. മക്കത്ത് ആണെങ്കിലും  സുഖിച്ചു മരിക്കണം. മക്കളുടെ ഭാവി എന്താവും എന്നൊന്നും അയാൾ ചിന്തിച്ചില്ല. അവർക്ക് കുറച്ചു തുച്ഛമായ ഭൂമി വീതിച്ചു നൽകി. അവരൊക്കെ പുല്ലുകെട്ടി മേഞ്ഞ വീടുകളിലേക്കും അന്യ വീടുകളിലേക്കും  മാറി. അയാൾ കൊട്ടിഘോഷിച്ചു ആഘോഷമായി മക്കത്തേക്കു പോയി. 
എല്ലാം പടച്ചവന്റ  നിശ്ചയമായിരുന്നു. കെട്ടിപ്പെറുക്കി കൊണ്ടുപോയ പണം ഒന്നും അയാൾക്ക് ഉപകരിച്ചില്ല. എല്ലാം നഷ്ടപ്പെട്ടും പോരാത്തതിനും വലതു കാലിനു ക്ഷതവും. ഗത്യന്തരമില്ലാതെ  എല്ലാം നഷ്ടപ്പെട്ട അയാൾ നാട്ടിലേക്കു തന്നെ പാതി ജീവനുമായി തിരിച്ചു വന്നു. കാലിയായ കീശയും വയ്യാത്ത കാലുമായി  അയാൾ മകൻറെ കുടിലിലേക്ക് വന്നു കയറി. 
എന്നിട്ടും അനുസരണയുള്ള,  വിധേയത്വമുള്ള ഭയമുള്ള മക്കൾ അയാളെ കയ്യൊഴിഞ്ഞില്ല. പുല്ലുമേഞ്ഞ വീട്ടിൽ ചോരാത്ത ഭാഗത്ത് കോസടിയിട്ട് അയാളെ കിടത്തി. അയാളുടെ ആവശ്യങ്ങൾക്ക് കാതോർത്തു. പരിചരിച്ചു. 
അയാളിൽ പശ്ചാത്താപവും കുറ്റബോധവും  പ്രകടമായിത്തുടങ്ങി. ഒറ്റക്കിരിക്കുമ്പോൾ അയാ:ൾ ചെയ്തു പോയ തെറ്റുകളെ ഓർത്തു പശ്ചാതപിക്കാൻ തുടങ്ങി. അതിനിടയിലാണ് മൂത്തമോൾ ഫരീദ സുൽത്താനയുടെ കുരുപ്പ് ബാധിച്ചുള്ള ദാരുണ മരണം. നരകിച്ചാണ് മരിച്ചത്. ഫാതിമാ സുൽത്താനയോടെ ചെയ്ത് തെറ്റുകൾ ഏറ്റു പറഞ്ഞു അതിന്റെ കുറ്റബോധം കൂടി മഹ്ബൂബ് സുൽത്താന്റെ കരളിലേക്കു കനൽ ചൊരിഞ്ഞാണ് ഫരീദ പരലോകം പ്രാപിച്ചത്. അന്നു മുതലാണ് മഹ്‌മൂദ് സുൽത്താൻ ഫാതിമയോടു ചെയ്ത അനീതിക്കു പ്രായശ്ചിത്വം ചെയ്യാൻ തീരുമാനിച്ചത്. അയാൾ ഒറ്റക്ക്, വയ്യാത്ത വലതുകാലും വലിച്ച് ഇരാട്ടുപേട്ടയിൽ പോയി. മുൻ മരുമകളുടെയും  പേരക്കുട്ടിയുടെയും വീട് കണ്ടുപിടിച്ചു. സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു ക്ഷമാപണം നടത്തി...!   അവരുടെ കൂടെ പത്തു പതിനഞ്ചു നാൾ താമസിച്ചു. തിരിച്ചുവന്നപ്പോൾ  അയാൾ പുതിയൊരു മനഷ്യനായി മാറിയിരുന്നു. ഉള്ളിലുള്ള കുറേ പാപഭാരം ഇറക്കി വെച്ച ശാന്തതയോടെയാണ് വീട്ടിലെ മക്കയിൽ വെച്ച് അയാൾ മരിച്ചത്. 

കാലം കുറെ കടന്നു പോയി മഹ്ബൂബ്  ബോംബെയിലെ ജോലിയൊക്കെ  അവസാനിപ്പിച്ചു നാട്ടിൽ ഒരു കട തുടങ്ങി അതിൽ  ബിസിനസുമായി ശിഷ്ടജീവിതം നയിക്കുന്നതിനിടയിലാണ് ഒരുനാൾ ഒരു അപരിചിതൻ, യുവകോമളൻ തന്റെ  കടക്ക് മുമ്പിൽ നിന്നു  സ്വദേശത്തുകാരനോട് കാബൂസ് കുടുംബത്തിലെ മഹ്‌മൂദ് സുൽത്താനെ   അറിയുമോ എന്ന് അന്വേഷിക്കുന്നത് കണ്ടത്. 
ഏതോ അതീന്ദ്രിയജ്ഞാനത്താൽ ഓടിച്ചെന്ന് മഹ്‌മൂദ് സുൽത്താൻ   സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു. "മോനേ"  എന്ന ഒറ്റ വിളിയിൽ ഇതുവരെ അടക്കി വെച്ച പിതൃസ്നേഹം മുഴുവൻ അണപൊട്ടിയൊഴുകി. പിന്നെ  ആലിംഗനമായി. ആ ആലിംഗനത്തിന്റെ  ഊഷ്മളതയിൽ ആലിമഹ്‌മൂദ് ബുനയ്യയും സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു വിളിച്ചു "ഉപ്പാ..." 
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.. രണ്ടാം ഭാര്യക്കും മക്കൾക്കും ഒക്കെ അവനെ  പരിചയപ്പെടുത്തിക്കൊടുത്തു. അവരും  അവനെ ഉൾക്കൊണ്ടു. സ്നേഹത്തോടെ സ്വീകരിച്ചു. ഇനി ഉമ്മാക്കും  മകനും നമ്മുടെ നാട്ടിൽ താമസിക്കാം എന്ന് വാഗ്ദാനം നൽകി. സുൽത്താൻ മഹ്‌മൂദിന്റെ  അനിയൻ പേർഷ്യയിൽ നിന്ന്  ആലി മഹ്‌മൂദിനായി ഒരു വിസ അയച്ചു. പക്ഷെ അവനു തന്റെ  ഉമ്മ ഫാതിമയെ പിരിഞ്ഞുപോകാൻ  വിഷമം. അതിനാൽ ഉപ്പയുടെ രണ്ടാം ഭാര്യയിലെ മകനു   അവൻ അത് നൽകി. അവൻ അതുമായി ഗൾഫിലെത്തി പച്ചപിടിച്ചു. പിന്നീടെപ്പോഴോ ആലിമഹ്മൂദ് ബുനയ്യയും കടൽ കടന്നു. സാമ്പത്തികമായും മാനസികമായും അവരൊക്കെ നല്ല നിലയിലായി.
വീട്ടിൽ ഫാതിമ ബീഗം തനിച്ചായി, മകൻ പേർഷ്യയിൽ. കൊല്ലത്തിലൊരിക്കലേ വരൂ, മരുമകൾ മക്കളേയും കൂട്ടി പാലക്കു പോയാൽ ഒരു പോക്കാണ്
അപ്പോൾ ആരൊക്കെയോ പറഞ്ഞു. മൂന്നു മൊഴി ചൊല്ലിയിട്ടില്ലല്ലോ,  ഇനിയും ഹാമീനു വേണേൽ തിരിച്ചെടുക്കാം. അവൾ മറ്റൊരു വിവാഹം കഴിക്കാതെ കാത്തു നിൽക്കുകയല്ലേ? 
ഹാമിദിനും തോന്നി അതാണ് നീതി..! ഒരു കാരണമില്ലാതെ താൻ മൊഴി ചൊല്ലിയിട്ടും എന്തിനാണെന്ന് പോലും ചോദിക്കാതെ ഇത്രയും കാലം തനിക്കുവേണ്ടി കാത്തിരുന്ന  എൻറെ പ്രിയ  ഭാര്യയായിരുന്നവളല്ലേ? അവളെ ഇനിയുള്ള ജീവിതത്തിൽ കൂടെ ചേർക്കണം  അവൾക്കും ഒരു കൂട്ടു വേണ്ടേ?  രണ്ടാമത്തെ ഭാര്യക്കും സന്തോഷം. കുറേ സഹിച്ചതല്ലേ? തനിക്കതിൽ പങ്കില്ലെങ്കിലും..!
ആരൊക്കെയോ അവരെ ഈ സന്തോഷ വിവരമറിയിക്കാൻ ഓടി. വിവരങ്ങളൊക്കെ കേട്ട് അവൾ അവൾ യാതൊരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു. "
“ഇത്രയും കാലം ഞാൻ ഒറ്റക്കാണ് ജീവിച്ചത്. അന്തസ്സായി, ഇനിയുള്ള കാലവും എനിക്ക് അങ്ങനെ ജീവിച്ചാൽ മതി.  എൻറെ വിവാഹ ജീവിതം എനിക്കു  നാലു വർഷമേ ഉണ്ടായിട്ടുള്ളൂ ആ നാലു വർഷത്തിന്റെ  ഓർമ്മകളിൽ ഞാൻ ഇനിയും  തനിച്ച് ജീവിച്ചു കൊള്ളാം"
ചെന്നവർ  അവരെ  പല രീതിയിൽ സമ്മതിപ്പിക്കാനും പ്രലോഭിപ്പിക്കാനും  ശ്രമിച്ചുവെങ്കിലും അവർക്കൊക്കെ നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ മടങ്ങി വന്നവരുടെ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു " ഇവളാണ് പെണ്ണ്. നല്ല പെണ്ണത്തമുള്ള പെണ്ണ്"

തിങ്കളാഴ്‌ച, മേയ് 02, 2022

നല്ല പെണ്ണത്തമുള്ള പെണ്ണ്.

എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ  നടന്ന കഥകളുടെ  സീരീസ്  ആണ്. അറുപതു വർഷം മുൻപു തുടങ്ങി വെച്ച  കഥയാണ്. ഏകദേശം  1960 കളിൽ.   തീർന്നത് ഈയടുത്താണ്.  ഒരു പുരുഷായുസ്സ് കാലം എന്ന് പറയണം. 
 പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. അവിടത്തെ ജീവിത രീതികൾ ഞങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അവിടെ 1960ലും ഭരിച്ചിരുന്നത്   നാടുവാഴികൾ ആണെന്നു തോന്നും എന്നാൽ സത്യത്തിൽ അങ്ങനെയല്ല, എന്നാൽ അങ്ങനെയാണെന്നു കരുതി വായിക്കണം എന്നാലേ  ഈ കഥ മനസ്സിലാവൂ.  
പ്രാചീനകാലത്ത് ഇറാനിയൻ ഇസ്ലാമിക ചരിത്രത്തിൽ ഖലീഫമാർ മരണപ്പെടുന്നത് ആരും അറിയാറില്ല. വയസ്സനായ ഖലീഫ പുതിയ ഭരണാധികാരിയെ കണ്ടെത്തി  സ്ഥാനാരോഹണം നടത്തി   മരുഭൂമിയുടെ  ഉള്ളറകളിലേക്ക് തനിച്ചു  കയറിപ്പോയി, മണലാരണ്യത്തിൽ എവിടെയോ  അപ്രത്യക്ഷമാവുകയാണ് പതിവ്.
പിന്നീടയാൾ ഒരിക്കലും പൊതുജന മധ്യത്തിലേക്കോ സുഖലോലുപതയിലേക്കോ മടങ്ങി വരാറില്ല.  ആളെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാറില്ല. മരണ വാർത്ത പോലും ആരും അറിയാറില്ല.
പിലാച്ചീരിമുക്കിലെ കാബൂസ് കുടുംബത്തിന്റ കഥയും ഏകദേശം ഇതിനു തുല്യമാണ്. അവർ  ധനാഢ്യരായിരുന്നു പ്രതാപികളും. കാലാകാലങ്ങളിൽ ഓരോ തറവാട്ടു കാരണവർക്കും വയസ്സായി, ഭരിച്ചു മടുക്കുമ്പോൾ പൂർണ്ണമായ ഭക്തിമാർഗ്ഗത്തിലേയ്ക്കൊരു തിരിച്ചു മടക്കമുണ്ട്. ഹിന്ദു സ്വാമികൾ സർവ്വം ത്യജിച്ച് കാശിയിൽ പോയി  മൃത്യു സ്വയം  വരിക്കുന്നത് പോലെ...   അന്ന് മുസ്ലിം പ്രമാണിമാർ  ജീവിതാന്ത്യത്തിൽ ഹജ്ജിനു പോയി  മടങ്ങി വരാതെ മരണവും മറമാടലും  മക്കത്തു തന്നെ വേണമെന്ന്  ആഗ്രഹിക്കുന്നവർ ആയിരുന്നു . കാബൂസ്   കുടുംബത്തിലും  ഒരു ആചാരം പോലെ  ഈ ഒരു സമ്പ്രദായം തലമുറകളിലൂടെ പകർന്നു വന്നു. അഞ്ചാം തലമുറയിലെ ഹാജി മഹ്ബൂബ് ദാദാ സുൽത്താൻ ആണ് ഇതിനൊരു അപവാദം ആയത്. അദ്ദേഹം വളരെ കക്കർശക്കാരനും പിടിവാശിക്കാരനുമായിരുന്നു. പ്രജകളെയും മക്കളെയും   വരച്ചവരയിൽ നിർത്തി ഭരിക്കും. മക്കൾക്കാണെങ്കിലോ പിതാവിനെ കലശലായ ഭയവും. മൂത്ത മകൻ ഹാമിദ് സുൽത്താൻ  കാര്യപ്രാപ്തൻ  ആയിരുന്നെങ്കിലും  പിതാവിനോടുള്ള ഭയവും ബഹുമാനവും  അമിതമായ  കാരണത്താൽ "എന്തിന്" എന്ന ഒരു ചോദ്യം ഉയർത്താനോ, സ്വന്തമായ ഒരു തീരുമാനം   എടുക്കാനോ ആവാതെ നിഷ്ഫല ജന്മമായി  ജീവച്ഛവം പോലെ... ബാക്കിയുള്ള മക്കളൊക്കെ ഹാമിദിനെക്കാൾ പേടിത്തൊണ്ടർ. 
തന്റെ വിവാഹം പോലും പിതാവിൻറെ തീരുമാനത്തിലായിരുന്നു. പക്ഷേ ലഭിച്ച വധു ബീഗം ഫാതിമ പത്തരമാറ്റ് പവിഴമായിരുന്നു. അയാളെ അവൾ അതിരറ്റ് സ്നേഹിച്ചു ബഹുമാനിച്ചു. ഒരു കുഞ്ഞും ഉണ്ടായി. അവനെ  അയാൾ ഉപ്പാൻറെ അതേ പേരിട്ടു "മഹ്ബൂബ് ബുനയ്യ" 
അന്ന് വിവാഹവും വിവാഹമോചനവും നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഫരീദാ ബീഗത്തിന്റെ   എന്തോ ഏഷണിയിൽ കുടുങ്ങി (കോമാങ്ങ ഉപ്പിലിടുന്ന ഭരണിയെ കുറിച്ചുള്ള വിഷയമാണെന്ന് തോന്നുന്നു)  ഉപ്പ മഹ്ബൂബ് ദാദ ബോംബെയിലുള്ള മകൻ ഹാമിദിനു പക്ഷിമെയിൽ അയച്ചു. 
“നീ ബീഗം ഫാതിമയെ മൊഴി ചൊല്ലണം”
 "എന്താണ് കാരണം എന്ന് ചോദിക്കാനുള്ള ത്രാണി പോലുമില്ലാത്ത ആ മകൻ വന്ന പക്ഷിമെയിലിനു  മറുപടി  തിരിച്ചയച്ചു 
“എന്റെ ബീടർ ബീഗം ഫാതിമയെ ഇന്നലെത്തെ തിയ്യതിൽ മൊഴി തീർത്തതായി ത്യെര്യപ്പെടുത്തുന്നു. ഒപ്പ്.”ഓടിട്ട മേൽപ്പുര പുറത്ത് വന്നിറങ്ങിയ പക്ഷി,മെയിൽ  ഡെലിവർ ചെയ്തു, മൊഴി നടപ്പിലായി. 
അത് ഫാതിമക്കു വല്ലാത്തൊരു ഷോക്കായി പോയി..!  വേറെ ഒരു വഴിയും ഇല്ലാതെ അവൾ മോനെയും എടുത്ത് അവളുടെ  വല്യുമ്മ സുൽത്താനയുടെ    കൊട്ടാരത്തിലേക്ക് പോയി. അവിടെ അവൾക്ക് വലിയ സ്വീകരണമൊന്നും കിട്ടിയില്ല. നാല് കൊല്ലം കൊണ്ട് അവൾ കിടന്ന മുറിയിലാകെ കോട്ടത്തേങ്ങ നിറച്ചിരിക്കുകയാണ്.  അവൾക്ക്  ആകെ അടുപ്പമുള്ളത് വല്യമ്മ റാണിയുമായി മാത്രം. പിന്നെ ഒരു അമ്മാവൻ ഉണ്ട് അകലെയെങ്ങാണ്ട്  പാല പ്രവിശ്യയിലാണ്   എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
ബോംബെയിൽ നിന്ന് മഹ്ബൂബ് ബുനയ്യയുടെ   ഉപ്പ നാട്ടിൽ  വരുമ്പോൾ തൻറെ ബീഗം ഫാതിമ താമസിക്കുന്ന  അയൽ ദേശത്തെ കൊട്ടാരവളപ്പിനടുത്ത് വരെ ചെല്ലും.  കോട്ട വാതിൽക്കൽ നിന്ന് മഹ്ബൂബ് ബുനയ്യയെ കൈകാട്ടി വിളിക്കും. ഉമ്മ മറയിൽ ഇരുന്ന് ഇത് കാണും.  അവനെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയക്കും. അടുത്തേക്കോടി വരുന്ന അവനെ തോളിൽ ഇരുത്തി അയാൾ പുല്ലാര നേർച്ചക്കും,  കൊടുമ്പള്ളിക്കലെ നേർച്ചക്കും മറ്റു പരിപാടികൾക്കും  കൊണ്ടുപോകും. വൈകീട്ട് തിരിച്ചെത്തിക്കും. ഇങ്ങനെ കാലങ്ങൾ പോകവേ ഉപ്പയുടെ നിർബന്ധം കാരണം അയാൾക്ക് രണ്ടാമത് പെണ്ണ് കെട്ടേണ്ടി വന്നു. ഉപ്പാക്ക് വയസ്സ് കൂടി വന്നു അതോടൊപ്പം  ശാഠ്യങ്ങളും പിടിവാശിയും. 
കൊച്ചുമോൻ മഹ്ബൂബ് ബുനയ്യയുടെ  ഉപ്പയുടെ രണ്ടാം വിവാഹം നടന്നതോടെ   ഉമ്മയുടെയും രണ്ടാം വിവാഹം നടത്താൻ വല്യുമ്മ റാണിക്ക്  ധൃതിയായി. അവൾക്കാണെങ്കിലോ ഹാമിദിന്റെ ഓർമ്മകളേയും പ്രിയപുത്രൻ മഹ്മൂദ് ബുനയ്യയേയും പിരിയാനാവുന്നില്ല. അവളുടെ മേൽ സമ്മർദ്ദങ്ങൾ കൂടി വന്നപ്പോൾ  ഒരു ദിവസം അവൾ മകനെയും എടുത്ത് ആരോടും പറയാതെ പാലായിലേക്ക് തിരിച്ചു. അവിടെ ചെന്ന് അമ്മാവൻ സാലയെ  അന്വേഷിച്ചു. പിന്നീടാണറിഞ്ഞത് അമ്മാവൻ പാലായിൽ അല്ലാ, ഈരാട്ടുപേട്ടയിൽ ആണെന്ന്. പിന്നീട് അങ്ങോട്ട് പോയി. തപ്പി തെരഞ്ഞ് അവസാനം ആ  പാലസ്  കണ്ടുപിടിച്ചു. അവിടെ അയാൾ ഊദ് ടാപ്പിംഗ് തൊഴിലാളിയായി  കുടുംബസമേതം ജീവിക്കുകയാണ്. അവർ വളരെ സന്തോഷത്തോടെ അവളെയും കുഞ്ഞിനെയും  സ്വീകരിച്ചു.
ക്രമേണ അവരും ആ കുടുംബത്തിൻറെ ഭാഗമായി. സിറാമിക് പാത്രങ്ങൾക്കു ചായം കൊടുത്തും  ലഡുവിൽ മുന്തിരി വെച്ചും  പലഹാരം ഉണ്ടാക്കിക്കൊടുത്തും പണിചെയ്തു  അവൾ ആ കുടുംബത്തിന് സാമ്പത്തിക  ഭദ്രത നൽകി. മകൻ വലുതായപ്പോൾ ദേശപത്രങ്ങൾ വിതരണം ചെയ്യാനും  ക്രമേണ അതിൻറെ ഏജൻസി എടുക്കാനും അവൻ വളർന്നു.

ഇതേ സമയം മഹ്ബൂബ് ഉപ്പാക്ക് വയസ്സ് കൂടി വന്നപ്പോൾ പാരമ്പര്യചര്യ പോലെ  അയാളും മക്കത്ത്  പോകാൻ തീരുമാനിച്ചു. ചേരമാൻ പെരുമാളിനെ പോലെ  മക്കത്തു  പോയാൽ ഇനി തിരിച്ചു വരവ് ഉണ്ടാവില്ലന്നറിയുന്ന അയാൾ താമസിക്കുന്ന വീടും തൊടിയും എല്ലാം വിറ്റു പൊൻപണമാക്കി കൂടെ കരുതി. മക്കത്ത് ആണെങ്കിലും  സുഖിച്ചു മരിക്കണം. മക്കളുടെ ഭാവി എന്നൊന്നും അയാൾ ചിന്തിച്ചില്ല. അവർക്ക് കുറച്ചു തുച്ഛമായ ഭൂമി വീതിച്ചു നൽകി. അവരൊക്കെ പുല്ലുകെട്ടി മേഞ്ഞ വീടുകളിലേക്കും അന്യ വീടുകളിലേക്കും  മാറി. 
എല്ലാം പടച്ചവന്റ  നിശ്ചയമായിരുന്നു. കെട്ടിപ്പെറുക്കി കൊണ്ടുപോയ പണം ഒന്നും അയാൾക്ക് ഉപകരിച്ചില്ല. ഹജ്ജ് കഴിഞ്ഞ് ഉടനെ എല്ലാം നഷ്ടപ്പെട്ട അയാൾ മക്കത്ത് നിന്നും തിരിച്ചു വന്നു. കാലിയായ കീശയും കയ്യുമായി മകൻറെ വീട്ടിലേക്ക് വന്നുകയറി. 
എന്നിട്ടും അനുസരണയുള്ള,  വിധേയത്വമുള്ള മക്കൾ അയാളെ കയ്യൊഴിഞ്ഞില്ല. പുല്ലുമേഞ്ഞ വീട്ടിൽ ചോരാത്ത ഭാഗത്ത് കിടക്കയിട്ട് അയാളെ കിടത്തി. അയാളുടെ ആവശ്യങ്ങൾക്ക് കാതോർത്തു. പരിചരിച്ചു. 
അയാളിൽ പശ്ചാത്താപവും കുറ്റബോധവും  പ്രകടമായിത്തുടങ്ങി. അങ്ങനെയാണ് അയാൾ ഒറ്റക്ക് ഇരാട്ടുപേട്ടയിൽ പോയത്. മുൻ മരുമകളുടെയും  പേരക്കുട്ടിയുടെയും വീട് കണ്ടുപിടിച്ചു. സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു ക്ഷമാപണം...!   അവരുടെ കൂടെ പത്തു പതിനഞ്ചു നാൾ താമസിച്ചു. തിരിച്ചുവന്നപ്പോൾ  അയാൾ പുതിയൊരു മനഷ്യനായി മാറിയിരുന്നു. ഉള്ളിലുള്ള കുറേ പാപഭാരം ഇറക്കി വെച്ചിരുന്നു. ആ ശാന്തതയോടെയാണ് വീട്ടിലെ മക്കയിൽ വെച്ച് മരിച്ചത്. 
മഹ്ബൂബ്  ബോംബെയിലെ ജോലിയൊക്കെ  അവസാനിപ്പിച്ചു നാട്ടിൽ ഒരു കട തുടങ്ങി അതിൽ  ബിസിനസുമായി ശിഷ്ടജീവിതം നയിക്കുന്നതിനിടയിലാണ് ഒരുനാൾ ഒരു യുവഅപരിചിതൻ തന്റെ  കടക്ക് മുമ്പിൽ നിന്നു  സ്വദേശത്തുകാരനോട് കാബൂസ് കുടുംബത്തിലെ ഹാമിദ് സുൽത്താനെ   അറിയുമോ എന്ന് അന്വേഷിക്കുന്നത് കണ്ടത്. 
ഏതോ അതീന്ദ്രിയജ്ഞാനത്താൽ ഓടിച്ചെന്ന് ഹാമിദ് സുൽത്താൻ   സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു. "മോനേ"  എന്ന ഒറ്റ വിളിയിൽ ഇതുവരെ അടക്കിവെച്ച പിതൃസ്നേഹം മുഴുവൻ അണപൊട്ടിയൊഴുകി. പിന്നെ  ആലിംഗനം ആയി. ആ ആലിംഗനത്തിന്റെ  ഊഷ്മളതയിൽ മഹ്മൂദ് ബുനയ്യയും സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു വിളിച്ചു "ഉപ്പാ..." 
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.. രണ്ടാം ഭാര്യക്കും മക്കൾക്കും ഒക്കെ അവനെ  പരിചയപ്പെടുത്തിക്കൊടുത്തു. അവരും  അവനെ ഉൾക്കൊണ്ടു. സ്നേഹത്തോടെ സ്വീകരിച്ചു. ഇനി ഉമ്മാക്കും  മകനും നമ്മുടെ നാട്ടിൽ താമസിക്കാം എന്ന് വാഗ്ദാനം നൽകി. സുൽത്താൻ ഹാമിദിന്റെ  അനിയൻ പേർഷ്യയിൽ നിന്ന്  ഹാമിദിനായി ഒരു വിസ അയച്ചു. പക്ഷെ അവനു തന്റെ  ഉമ്മയെ പിരിഞ്ഞുപോകാൻ  വിഷമം. അതിനാൽ ഉപ്പയുടെ രണ്ടാം ഭാര്യയിലെ മകനു   അവൻ അത് നൽകി. അവൻ അതുമായി ഗൾഫിലെത്തി പച്ചപിടിച്ചു. പിന്നീടെപ്പോഴോ മഹ്മൂദ് ബുനയ്യയും കടൽ കടന്നു. സാമ്പത്തികമായും മാനസികമായും അവരൊക്കെ നല്ല നിലയിലായി.
വീട്ടിൽ ഫാതിമ ബീഗം തനിച്ചായി മകൻ പേർഷ്യയിൽ. കൊല്ലത്തിലൊരിക്കലേ വരൂ, മരുമകൾ മക്കളേയും കൂട്ടി പാലക്കു പോയാൽ ഒരു പോക്കാണ്
അപ്പോൾ ആരൊക്കെയോ പറഞ്ഞു. മൂന്നു മൊഴി ചൊല്ലിയിട്ടില്ലല്ലോ,  ഇനിയും ഹാമീനു ഇനിയും തിരിച്ചെടുക്കാം. അവൾ മറ്റൊരു വിവാഹം കഴിക്കാതെ കാത്തു നിൽക്കുകയല്ലേ? 
ഹാമിദിനും തോന്നി അതാണ് നീതി..! ഒരു കാരണമില്ലാതെ താൻ മൊഴി ചൊല്ലിയിട്ടും എന്തിനാണെന്ന് പോലും ചോദിക്കാതെ ഇത്രയും കാലം തനിക്കുവേണ്ടി കാത്തിരുന്ന  എൻറെ പ്രിയ  ഭാര്യയായിരുന്നവളല്ലേ? അവളെ ഇനിയുള്ള ജീവിതത്തിൽ കൂടെ ചേർക്കണം  അവൾക്കും ഒരു കൂട്ടു വേണ്ടേ?  രണ്ടാമത്തെ ഭാര്യക്കും സന്തോഷം. കുറേ സഹിച്ചതല്ലേ? തനിക്കതിൽ പങ്കില്ലെങ്കിലും..!
ആരൊക്കെയോ അവരെ ഈ സന്തോഷ വിവരമറിയിക്കാൻ ഓടി. വിവരങ്ങളൊക്കെ കേട്ട് അവൾ അവൾ യാതൊരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു. "
“ഇത്രയും കാലം ഞാൻ ഒറ്റക്കാണ് ജീവിച്ചത്. അന്തസ്സായി, ഇനിയുള്ള കാലവും എനിക്ക് അങ്ങനെ ജീവിച്ചാൽ മതി.  എൻറെ വിവാഹ ജീവിതം എനിക്കു  നാലു വർഷമേ ഉണ്ടായിട്ടുള്ളൂ ആ നാലു വർഷത്തിന്റെ  ഓർമ്മകളിൽ ഞാൻ ഇനിയും  തനിച്ച് ജീവിച്ചു കൊള്ളാം"
ചെന്നവർ  അവരെ  പല രീതിയിൽ സമ്മതിപ്പിക്കാനും പ്രലോഭിപ്പിക്കാനും  ശ്രമിച്ചുവെങ്കിലും എല്ലാർക്കും  നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ മടങ്ങി വന്നവരുടെ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു " ഇവളാണ് പെണ്ണ്. നല്ല പെണ്ണത്തമുള്ള പെണ്ണ്"

ബുധനാഴ്‌ച, ജൂലൈ 21, 2021

ഫാമിലി

നാളെ വല്യ പെരുന്നാളാണ്... 
കഴിഞ്ഞ വല്യെരുന്നാൾക്കും   ഈ ചെറ്യെരുന്നാൾക്കും ആർക്കും ഡ്രസ്സ് വാങ്ങീട്ടില്ല. 
കൊറോണ പുറത്തെറങ്ങാൻ സമ്മതിച്ചില്ല.  ആവോളം ഡ്രസ്സ് അകത്തു ഉണ്ടായിരുന്നുവെന്നതും, അകത്തിരിക്കാൻ അത്രയേ വേണ്ടിയിരുന്നുള്ളൂ  എന്നതും വേറെ ചില കാരണങ്ങൾ. 
ഏതായാലും ഈ പ്രാവശ്യം ബീടർക്കൊരു ഡ്രസ്സ് എടുക്കണം.! 
മനസ്സിലുറച്ചു.
പർദ്ദ മതി. 
പർദ്ദയായാൽ അതാണ് സുഖം, ഒന്നേ ഒന്നു മതി. 
പക്ഷേ " മൻഷ്യന്റെടേക്കിടാൻ"  പറ്റിയ നല്ല ഒന്നിന് ഇപ്പോൾ  പതിനായിരം വരെ വിലയുണ്ട്.  
ഇക്കുറി കച്ചവടക്കാരുടെ ആത്മഹത്യാ ഭീഷണി വന്നപ്പോൾ   മുഖ്യൻ  വീണു. പെരുന്നാൾക്ക് മൂന്നീസം കട തുറക്കാം.
   
പണി കഴിഞ്ഞു മടങ്ങുമ്പോൾ പോക്കറ്റിൽ ബോണസായി കിട്ടിയ പെരുന്നാൾ പൈസയുണ്ട്.
 അവൾക്കിഷ്ടമുള്ള "ഫാമിലിയിൽ" തന്നെ കയറി.   അവളെപ്പോഴും കൊതിച്ച തരം ഒരു പർദ്ദ വാങ്ങി.
വിലയൊന്നും നോക്കീല.
ഇഹലോകത്തെ ഹൂറികളിടുന്ന തരം  മുത്തും കല്ലും തുന്നിയ പർദ്ദ. 

അത് ഇട്ടു തന്ന കവറിൽ "ഫാമിലി വെഡിംഗ് സെന്ററിന്റെ  പരസ്യ വാചകം. 
" എന്റെ ഇഷ്ടം എന്റെ ഫാമിലിക്ക് അറിയാം!" 
എന്റെ സെലക്ഷൻ അവൾക്കിഷ്ടപ്പെടുമായിരിക്കും.
പ്രതീക്ഷയോടെയാണ് ഞാൻ പാക്കറ്റ് അവളുടെ മുന്നിൽ വെച്ച് തുറന്നത്. 
കൗതുകത്താൽ വിടർന്ന കണ്ണുകളിൽ പതിയെ ഒരു അനിഷ്ടത്തിന്റെ ഒളി മിന്നി. 

"എന്തേ നിനക്കിഷ്ടപ്പെട്ടില്ലേ! 2000 ആണു വില..!"
എൻറെ തൊണ്ടയിൽ ഒരു സങ്കടത്തിന്റെ സ്വരവ്യത്യാസം ..!
"അതു ഞാൻ ടാഗിൽ കണ്ടു. 
എന്തൊരു സെലക്ഷൻ ആണ്..! എന്റെ അഭിരുചിയിൽ മാറ്റം വരുന്നതോന്നും നിങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇനി എനിക്ക് ഡ്രസ്സ് എടുക്കാൻ ഞാൻ പൊയ്ക്കോളാം. ഇതു മാറ്റി വേറെയെടുക്കണം." 
"കൊറോണക്കാലമാണ്,  വിറ്റത്  അവർ മാറ്റി എടുക്കുന്നില്ലെന്നവിടെ എഴുതിവെച്ചിട്ടുണ്ട്".
ഞാൻ വിലക്കി നോക്കി.
"ഫാമിലി അല്ലേ മാറ്റിയെടുക്കാൻ എനിക്കറിയാം" പരിചയത്തിൻറെ ആത്മ വിശ്വാസ മേറെയുള്ള മറുപടി.
അവൾ അതുകൊണ്ട് നേരെ ഫാമിലിയിലേക്ക്. 
 ഖൽബിലെന്തൊ കൊത്തിവലിച്ച ചെറു നീറ്റലുമായി ഞാനെന്റെ മെത്തയിലേക്കും.  
 അവൾ പോയി. ഞാനൊന്നുറങ്ങി.
മാറ്റിക്കൊണ്ടു വന്നതിട്ടു മുന്നിൽ വന്നു 
വിളിച്ചുണർത്തി.
നോക്കീൻ...ഇപ്പൊ എങ്ങനീണ്ട്?
ആദ്യത്തേതിനേക്കാൾ സൂപ്പർ അല്ലെ? 

ഏതു പൊട്ടനും അറിയാം ആദ്യത്തേതിന്റെ  പകുതി ഗുണമില്ല. പഴയ ഫാഷൻ!.
മനസ് നോവിക്കേണ്ടെന്നു കരുതി ഞാൻ ഇല്ലാത്ത ചിരി വരുത്തി പറഞ്ഞു "സൂപ്പർ!"
കരയാൻ പാടില്ലാത്ത വർഗ്ഗത്തിൻറെ കൺപോള വരെ വന്ന് പാളി നോക്കി   പിന്നെയുമൊരുതുള്ളി തിരിച്ചെങ്ങോട്ടോ പോയി. 
"നാളെ പള്ളിലു പോകാത്രേ... ഫർള് ഷട്ട്ഡൗണും   സുന്നത്ത് റിലാക്സും."
ഞാൻ വിഷയം മാറ്റാൻ പറഞ്ഞു.

"പെരുന്നാൾ നിസ്കാരം സുന്നത്ത് ആണെങ്കിലും ഇങ്ങള്  പൊയ്ക്കോളീൻ..!   നിസ്കാരം കഴിഞ്ഞ് പള്ളിപ്പറമ്പിലേക്ക് പോയാൽ  ഉമ്മാക്കും   വാപ്പാക്കും  ആപ്പാക്കും ഒക്കെ  നിങ്ങളെ  കാണാമല്ലോ".
പിന്നേയ്... കിടക്കയിൽ ഞാൻ രണ്ട് ടി ഷർട്ട് വെച്ചിട്ടുണ്ട് പപ്പാക്കും മോനും പറ്റുന്ന ബ്രാൻഡ്. പറ്റിയതൊന്ന് ആദ്യം ഇങ്ങളെടുത്തോളീൻ...!

കിടക്കയിൽ കണ്ടു.  ഇതുവരെ ഞങ്ങൾ അണിയാത്തിരു വർണ്ണത്തിൽ രണ്ട്  ഷർട്ടുകൾ....!
 എന്നെ നീ ഏതു വർണ്ണത്തിൽ കാണാനാഗ്രഹിക്കുന്നു എന്നിതുവരെ ചോദിച്ചിട്ടില്ല. വർണ്ണമൊക്കെ ഞാനാണു നിശ്ചയിച്ചിരുന്നത്.
ഒരു നിറം മാറ്റമൊക്കയാവാം.
രണ്ട് ടീഷർട്ട് അധികം വാങ്ങാൻ  നിനക്കെവിടുന്ന് കാശ്  കിട്ടിയെന്നും എന്റെ മുത്തു തുന്നിയ പർദ്ദ നിന്റെ ഫാഷൻ മങ്ങിയ പർദ്ദയായതെങ്ങനെയെന്നൊന്നും എനിക്കവളോടു ചോദിക്കേണ്ടി വന്നില്ല. 

ടീഷർട്ടിലെ വർണ്ണത്തെക്കാൾ മനസ്സിലുടക്കിയത്  ഷോപ്പിംഗ് ബാഗിലെ ഫാമിലിയുടെ പരസ്യവാചകം ആയിരുന്നു.
അപ്പോൾ അത് ഞാനിങ്ങനെയാണ് വായിച്ചത് "എൻറെ കഷ്ടങ്ങൾ എൻറെ ഫാമിലിക്കറിയാം"
--------------------------------------------------------------------------
 പറയാൻ വന്നത് മറന്നു.
എല്ലാവർക്കും എൻറെയും കുടുംബത്തിന്റെയും  സ്നേഹ സാന്ദ്രമായ  പെരുന്നാൾ ആശംസകൾ....!
--------------------------------------------------------------------------
                             കരീംമാഷ് തോണിക്കടവത്ത്

ഞായറാഴ്‌ച, ജൂലൈ 04, 2021

കഴുത്തിനു പിടുത്തം

"ഹലോ ഏട്ടാ ഞാൻ വീട്ടിലെത്തീട്ടോ?"


"എടീ, അതെന്തേ പല്ലെടുക്കാൻ പോയിട്ടു വേണ്ടാന്നു വെച്ചോ?"

"കാമരാജിന്റെ ദന്താശുപത്രിയിൽ സമയത്തിന് എത്തിയതാ.. പക്ഷേ.."

"പിന്നെന്തേ അവിടെ തെരക്കായിരുന്നോ?"

" തോക്കിൽ കയറി വെടി വെക്കല്ലേ..ഞാനൊന്നു പറയട്ടെ..! തെരക്കൊന്നുമുണ്ടായിരുന്നില്ല, ഞാനൊറ്റക്കേ ഉണ്ടായിരുന്നുള്ളൂ.."

"ഒറ്റക്കോ? അയാളുടെ അസിസ്റ്റൻറ്മാരാരും ഉണ്ടായിരുന്നില്ലേ?"

"ഓ..അതൊന്നും ഞാൻ നോക്കിയില്ല."

"എന്നിട്ട് എന്ത് സംഭവിച്ചു വേഗം പറ?'

"കസേരയിൽ ഇരുന്നതും എൻറെ കഴുത്തിൽ ഒരു പിടുത്തം! പല്ല് പറിക്കൊന്നും വേണ്ടാന്ന് കരുതി ഞാൻ ഒറ്റ പോരൽ"

"ആഹാ അയാളുടെ പേര് പോലെ തന്നെ അയാളുടെ പ്രവൃത്തിയും, ഇന്നയാളെ ഞാൻ നല്ലോണം ശരിയാകുന്നുണ്ട്"

"ഹലോ..ഹലോ.."
(ഫോൺ കട്ടാവും മുമ്പെ, ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ഒച്ച)

"ഹലോ..ഹലോ കാമരാജ് ഡോക്ടർ അല്ലേ?"

"അതെ, പതുക്കെ പറഞ്ഞാലും മതി. ആരാണ്?, എന്താണ്? എന്തു വേണം?"

"ഞാൻ ഹൃസ്വഭാഷിണി"

"ആര് ഉച്ചഭാഷിണിയോ?"

"ഉച്ചഭാഷിണി അല്ല ഹൃസ്വഭാഷിണീന്നാ പേര്. മുത്തശ്ശിയിട്ട പേരാ! ഇപ്പോ ക്ലിനിക്കൽ പല്ല് പറിക്കാൻ വന്നില്ലേ ? പെട്ടെന്ന് കഴുത്തിനു വെട്ടൽ വന്ന കാരണം നാളെ വരാം എന്ന് പറഞ്ഞ് പോയില്ലേ..! അവരാണ് ഞാൻ".

"ഓ മനസ്സിലായി, എന്ത് വേണം?"

"ഡോക്ടർ ഒന്ന് പെട്ടെന്ന് ക്ലീനിക്കിൽ നിന്ന് മാറി നിൽക്കണം. വിവരങ്ങളൊക്കെ ഞാൻ സാവകാശം പറയാം."

ശനിയാഴ്‌ച, ജൂലൈ 03, 2021

തച്ചന്റെ കൊച്ചുമോൻ

മതിലിനപ്പുറത്ത്  റോഡിൽ  ഒരു ചെറുപ്പക്കാരൻ.  ഇങ്ങോട്ട് വാതിൽക്കലേക്കാണ് നോട്ടം.  അനുഷ്ക പാതി തുറന്ന ജനലിന്റെ വെർട്ടിക്കൽ ബ്ലിന്റ് കർട്ടണിലൂടെ ആ കാഴ്ച കണ്ടു.  എന്തോ വശപ്പിശക് ഉണ്ട്. ഇങ്ങോട്ടേക്ക് വരാനാണെങ്കിൽ തുറന്നിട്ട ഗേറ്റിലൂടെ അയാൾക്ക് കടന്നുവരാം. 
ഇതിലെ റോഡിലൂടെ കാൽനടക്കാരൊന്നും ഉണ്ടാവാറില്ല. റോഡിന് ഒരു കാർ കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. .  ഇങ്ങോട്ടുള്ള മൂന്നാലു വീടുകളിലേക്കുള്ള കാറുകൾ മാത്രം. ഈ കോവിഡ് കാലത്ത് അത് തന്നെ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ
"അച്ഛാ.. പുറത്ത് റോഡിൽ നിന്ന് ഒരാൾ ഇങ്ങോട്ടേക്ക് തന്നെ നോക്കിനിൽക്കുന്നു".
അവസാനമവൾ അച്ഛനെയറിയിച്ചു. 
"നീ ഇങ്ങകത്തേക്ക് കേറി പോരെടി"
അമ്മ വഴക്ക് പറഞ്ഞു.
"ഈ അമ്മയ്ക്ക് എന്തറിയാം? ഞാൻ അകത്തു തന്നെയാണ്"
അനുഷ്കക്ക് ദേഷ്യം വന്നു. 
അച്ഛൻ വന്നു പുറത്തേക്കുള്ള വാതിൽ തുറന്നു. തുറിച്ചു നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടു. അവനു ജാള്യം  തോന്നി,  തല പെട്ടെന്ന് തിരിച്ച്  മുന്നോട്ടു നടക്കാൻ തുടങ്ങി. 
"ഹേയ് പോകാൻ വരട്ടെ...!  ഒന്ന് നിന്നേ...!"
അച്ഛൻ പെട്ടെന്ന് ചെരിപ്പിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങി. കർട്ടൺ നന്നായി വകഞ്ഞ് അനുഷ്കയും ആ രംഗം വീക്ഷിച്ചു.
ചെറുപ്പക്കാരൻ ഓടാൻ ശ്രമിച്ചു, തോൽവി മണത്തു  പിന്നെ അവിടെത്തന്നെ നിന്നു. 
അച്ഛൻ മദ്രാസ് റെജിമെൻറിൽ നിന്ന്  വിരമിച്ചപ്പോൾ നാട്ടിലേക്ക് കൊണ്ടുവന്ന മസിലുകൾ അയാളെ ഭയപ്പെടുത്തിയെന്നു തോന്നുന്നു. 
"എന്താ ഇവിടെ ചുറ്റിത്തിരിയുന്നു?"
അച്ഛൻറെ പരുപരുത്ത പട്ടാള സ്വരം.!

"ഒന്നുമില്ല ക്ഷമിക്കണം സാർ,
ഞാൻ ഇതുവഴി പോയപ്പോൾ ഒന്ന് നോക്കിയതാണ്"
അവന്റെ  വിനീത വിധേയ മറുപടി.
"ഒന്നുമില്ലാതെ, പ്രായമായ പെൺകുട്ടിയുള്ള  വീട്ടിലേക്ക് തുറിച്ചു നോക്കി താൻ എന്തുണ്ടാക്കാനാണ്?"
അച്ഛനിലെ  മണ്ണും പെണ്ണും കാക്കുന്ന പട്ടാളക്കാരൻ ഉണർന്നു. 
" പെൺകുട്ടിയോ?  ഞാനൊന്നും കണ്ടില്ല സാർ...!"
അവൻ ദയനീയമായി പറഞ്ഞു.
'പിന്നെന്താണ് താൻ വീട്ടിലേക്ക് തുറിച്ചു  നോക്കിക്കൊണ്ടു നിന്നത്?"
അച്ഛൻ കോർട്ട് മാർഷൽ ആരംഭിച്ചു.
"ഞാൻ ആ വാതിലിലെ കൊത്തുപണി നോക്കിയതാണ് സാർ. എൻറെ വല്യച്ഛൻ ചെയ്തിരുന്ന അതേ കൊത്തുപണി. ഏഴു തരം മരമുപയോഗിച്ച്, വല്യച്ഛന് മാത്രം സാധിക്കുന്ന കൈപ്പണി. പക്ഷേ എൻറെ വല്യച്ഛൻ മരിച്ചിട്ട് ഇരുപത്  വർഷമായി. പക്ഷേ രണ്ടുവർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഈ വീടിന് എന്റെ വല്യച്ഛൻ പണിത വാതിലോ? അതെങ്ങനെ സാധിക്കും എന്ന അത്ഭുതത്തിൽ വാപൊളിച്ചു നിന്നതാണ് സാർ.
"നീ പഞ്ഞു ആശാരിയുടെ പേരമകൻ ആണോ?"
അച്ഛൻ  എത്ര പെട്ടെന്നാണ് പട്ടാളക്കാരനിൽ നിന്നു  പാവം ഒരച്ഛനായി ആയി  മയപ്പെട്ടത്!
അനുഷ്ക അത്ഭുതപ്പെട്ടു.
"അതെ ഞാൻ പഞ്ഞുവാശാരിയുടെ പേരക്കുട്ടി"
അവൻ ആശ്വാസത്തോടെ പറഞ്ഞു.

" ഇത് വല്യച്ഛൻ പണിത വാതിൽ തന്നെ. എന്റെ തറവാട് പൊളിച്ചു വിൽക്കുന്നതിനു മുമ്പ്  ഞാൻ ഈ വാതിൽ അവിടന്ന് ഇളക്കിയെടുത്ത് എൻറെ ഈ വീടിന് വെച്ചു. "

"സാർ, ഞാനതിലൊന്നു തൊടട്ടേയോ?"
അവൻ വിനീതനായി ചോദിച്ചു.
"അതിനെന്താ കേറി തൊട്ടോളു.
ഒരു കോവിലിലേക്ക് കേറുന്ന ബഹുമാനത്തോടെ ഭക്തിയോടെ ചെരിപ്പ് അഴിച്ചു വെച്ചവൻ  വാതിലിനടുത്തേയ്ക്ക് നടന്നു. ഭക്തിപൂർവ്വം  അതിലെ സരസ്വതിയുടെ തറയിൽ തൊട്ട പാദത്തിൽ തൊട്ട്  വണങ്ങി. വീണയുടെ കൊത്തു പണികളുടെ, നിമ്ന്നോന്നതികളിലൂലൂടെ വിരലോടിച്ചപ്പോൾ അതിലെ കമ്പികൾ  മീട്ടുന്നതായും സപ്തസ്വരങ്ങളുടെ സംഗീതം പൊഴിക്കുന്നതായും അവർക്കു തോന്നി. 
ദേവിയെ ആണോ ദേവിയെ കടഞ്ഞെടുത്ത തച്ചനെയാണോ അവൻ വണങ്ങുന്നതെന്നു തീർച്ചയില്ലാതെ,അറിയാതെ അനുഷ്കയും അച്ഛനും   കൈകൾ കൂപ്പി അവനു പിറകിൽ നിന്നു.
#കഥ
#കരീംമാഷ്

വ്യാഴാഴ്‌ച, ജനുവരി 07, 2021

അന്തസ്സ്

"അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനവും കൂടും. അതു കൊണ്ട് നാം അന്തസ്സ് കാത്തു സൂക്ഷിക്കണം" 
വർക്കിംഗ് വുമൺസിനുള്ള മോട്ടിവേഷൻ ക്ലാസ്സെടുക്കുകയാണ്  മണിക്കുറിനു പതിനായിരം വാങ്ങുന്ന മോട്ടിവേറ്റർ. 
സദസ്സ് കാതു കൂർപ്പിച്ചിരിക്കുന്നു.
അതിനിടയിൽ മുഖ്യാതിഥിയായ വക്കീലിന്റെ  ഓഫീസിലെ സ്വീപർ ചേച്ചി എണീറ്റ് നിന്ന്...!
"ചുമ്മാ പറയുന്നതാ സാറേ.. അന്തസ്സ് കൂടുന്നതിനനുസരിച്ച് വേതനം കുറയും"

മോട്ടിവേറ്ററും  മുഖ്യാതിഥി  വക്കീലും മിഴിച്ച്  കേട്ടിരിക്കേ ചേച്ചി മുഴുവനാക്കി.

പെറ്റോട്ത്ത് നിന്നിരുന്ന അന്ന് എനിക്ക് നാൽപ്പത് ദിവസത്തിന് നാൽപ്പതിനായിരവും സമ്മാനവും കിട്ടീയിരുന്നു. ആ പണിക്ക്  അന്തസ്സ് പോരാന്ന് മക്കൾക്ക്  തോന്നിയാണ് വക്കിലിന്റെ ഓഫീസിൽ ചേർന്നത്. അവിടെ മാസം അയ്യായിരം മാത്രം..."

ഞായറാഴ്‌ച, മേയ് 03, 2020

ഗുഡ്നൈറ്റ്

വിസ അടിക്കാൻ ഉള്ളവരുടെ അഡ്വാൻസ് ലിസ്റ്റ് എടുത്തു നോക്കുമ്പോൾ അതിൽ ഖാലിദ്ക്കയും ഉണ്ട്. ബറാക്ക് നേരത്തെ പറഞ്ഞതോർത്തു.  
"ഖാലിദിന്റെ  വിസ ഇനി അടിക്കാൻ പറ്റില്ല.  ഏജ് ഓവർ ആയിട്ടുണ്ട്."

ഖാലിദ്ക്കായുടെ പകുതി വയസ്സേയുള്ളൂ ബറാക്കിന്.  ഇറാക്കിയാണ് മൻദൂബിന്റെ പണിയാണ്. അതിൻറെ അഹങ്കാരവും ഉണ്ട്. വയസ്സന്മാരെ ബഹുമാനിക്കാൻ തീരെ അറിയില്ല. പ്രത്യേകിച്ച് ഏഷ്യൻസിനോട് ഒരു വക പുച്ഛമാണ്. 
എന്നാൽ അറബാബ് അങ്ങനെയല്ല. ഞങ്ങളൊക്കെ വിളിക്കുന്നത് കേട്ട് അയാളും  വിളിക്കും "ഖാലിദ്ഖാ" 
(മുന്നിലും പിന്നിലും ഖലീഫയുടെ  "ഖ").
 ഖാലിദ്ക്കായുടെ പിരിഞ്ഞു പോക്ക് 
വയസ്സൻ  അറബാബിനു സഹിക്കില്ല. കഴിഞ്ഞ 30 കൊല്ലമായി  ഗാവയും സുലൈമാനിയും ഉണ്ടാക്കി നൽകി ആ   മനസ്സിൽ കയറി കുടിയേറിയതാണ് ഖാലിദ്ക്ക.  
ഖാലിദ്കാക്കും കമ്പനിയെ പിരിയാൻ ഒട്ടും ഇഷ്ടമില്ല. പ്രത്യേകിച്ച്  അറബാബിനെ. 
ഭാര്യ മരിച്ചതിൽ പിന്നെ രണ്ട് പെൺകുട്ടികളെ  വളർത്തിയത് വേറൊരു  പെണ്ണു കെട്ടാതെയാണ്.
‌ഗൾഫിൽ നിന്ന് തന്നെയാണയാൾ അവർക്കുള്ള പുതിയാപ്ളമാരെ കണ്ടെത്തിയതും  കല്യാണം കഴിപ്പിച്ചതും. അതിനൊക്കെ അർബാബ് മനസ്സറിഞ്ഞ് സഹായിച്ചിട്ടുണ്ട്. 
വിസ ക്യാൻസൽ ചെയ്താൽ നാട്ടിൽ പോണം.  നാട്ടിൽ പോയിട്ട്  അയാൾ എന്ത് ചെയ്യാനാണ്? 
അനിയന്മാരും പെങ്ങമ്മാരും ഒക്കെ എന്നോ അന്യമായി തീർന്നിരിക്കുന്നു. നാട്ടിൽ
‌ഉണ്ടായിരുന്ന വീട് തുച്ഛമായ  വാടകയ്ക്ക് കൊടുത്തതാണ്. അവരെ ഒഴിപ്പിക്കേണ്ടി വരുമല്ലോ എന്ന സങ്കടം വേറെ. 
‌
 കമ്പനി നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുകയാണ്. ഇല്ലെങ്കിൽ ഒരോരോ വർഷത്തേക്കുള്ള ഉള്ള വിസിറ്റ് വിസ എടുത്തെങ്കിലും അയാളെ അറബാബ് പിടിച്ചു നിർത്തുമായിരുന്നു. 
 വിസ തീർന്നാലും ഒരുമാസം കൂടി യു.എ.ഇ.യിൽ പിടിച്ചു നിൽക്കാം. അതിനുശേഷം സ്ഥലം വിട്ടേ മതിയാവൂ. ഖാലിദ്ക്കയും തിരിച്ചു പോക്കിനായി മനസ്സിനെ സജ്ജമാക്കി. ഫൈനൽ സെറ്റിൽമെൻറ് ഉണ്ടാക്കി അറബാബിനെ  കാണിച്ചപ്പോഴാണ് അദ്ദേഹം കൂടുതൽ സങ്കടപ്പെട്ടത്. മൊത്തം ഡ്യൂസ്  അറുപതിനായിരമേയുള്ളൂ എന്നിട്ടും  തികച്ചും കാശ് കൊടുക്കാൻ ബാങ്കിലില്ല. കഷ്ടിച്ച് 40,000 ഉണ്ടാവും. ഉള്ളതിന് ഒരു ക്യാഷ് ചെക്കും ബാക്കി മൂന്നു മാസത്തെ പിഡിസിയും എഴുതാൻ പറഞ്ഞു. മൂന്നുമാസം കഴിഞ്ഞാൽ ഒരു ഗവൺമെൻറ് വർക്കിന്റെ ചെക്ക് വരാനുണ്ട്. 
‌ക്യാൻസലേഷൻ പേപ്പറുകൾ ഒപ്പിടുമ്പോൾ  അറബാബ് ഖാലിദ്ക്കയെ ചേർത്തു നിർത്തി  സങ്കടപ്പെട്ടു. "കണക്കും കണക്കിന് മേലെയും തരണമെന്ന് കരുതിയിരുന്നു. ഖാലിദ്ഖാ  നമ്മൾ മുങ്ങുകയാണ്. ഈ മുങ്ങുന്ന കപ്പലിൽ നിന്ന് നിങ്ങൾ ആദ്യം രക്ഷപ്പെട്ടു പോകുന്നു എന്ന സന്തോഷം എനിക്കുണ്ട്. നിങ്ങൾ പോയി രക്ഷപ്പെട്ടൂ, എന്നിട്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ."
‌ അർബാബ് അവസാനമായി ഖാലിദ്ക്കയെ  കയ്യിലും കവിളിലും  ചുംബിച്ചു യാത്രയാക്കി. 
‌
‌ചെക്കുകൾ കൊടുക്കുമ്പോൾ ഞാൻ ഖാലിദ്ക്കാനോടു  ഒരു സഹായം ചോദിച്ചു.
‌ ഖാലിദ്ക്ക  ഏതായാലും ചെക്ക് മാറാൻ ബാങ്കിൽ പോവുകയല്ലേ? 
‌ അതിനടുത്താണ് അൽ അൻസാരി എക്സ്ചേഞ്ച്.  അവിടെ കയറി  അറബാബിന്റെ രണ്ടാം ഭാര്യയുടെ മകളുടെ പഠിത്തത്തിനുള്ള ഇമ്മാസത്തെ  തുക വെസ്റ്റേൺ യൂനിയനിലൂടെ യൂറോ ആയി   അയച്ചുകൊടുക്കണം. അവളുടെ അഡ്രസ്സും പൈസീം ഇതാ...
‌ഖാലിദ്ക്ക സന്തോഷത്തോടെ കാര്യം ഏറ്റു. 
‌ഭംഗിയോടെ കൃത്യം നിർവഹിക്കുകയും ചെയ്തു. എന്നിട്ടാണ് സ്വന്തം ചെക്ക് മാറാൻ ബാങ്കിൽ പോയത് തന്നെ. 
‌നാൽപ്പതിനായിരം ദിർഹത്തിൽ നിന്ന് നാട്ടിലേക്കു പോകാനുള്ള ചെലവ് കഴിച്ച് ബാക്കി കൊണ്ടെടുത്ത ഇന്ത്യൻ രൂപയുടെ ഡ്രാഫ്റ്റും  ബാക്കി  20000 ദിർഹമിന്റെ പി.ഡി.സി ചെക്കും  കൊണ്ടാണ് ഖാലിദ്ക്ക നാട്ടിൽ പോയത്.  
വാടകക്കാർ അതിനുമുമ്പ് വീട് ഒഴിവാക്കി കൊടുത്തതിനാൽ  ക്ലീനിങ്ങും മെയിൻറനൻസും  തീർത്തു   നേരെ വന്നു കേറി താമസിക്കാനായി. 
ഒറ്റയാനായുള്ള താമസം. കാലം കുറേയായി അങ്ങനെ തന്നെയാണ്. ആദ്യം ബീവി ദുനിയാവ് വിട്ടു പോയി. പിന്നെ രണ്ടു പെൺകുട്ടികളും  കല്യാണം കഴിച്ചും  പോയി. നാട്ടിലെ കൃഷിയും പള്ളി മദ്രസ കാര്യങ്ങളുമായി ഖാലിദ്ക്ക ബിസിയായി. 
പി ഡി സി ചെക്ക് മെച്ച്വർ  ആവുന്ന അന്ന് ഖാലിദ്ക്ക എന്നെ വിളിച്ചിരുന്നു. 
അപ്പോഴേക്കും ഞാൻ കമ്പനി മാറിയിരുന്നു.  വേറെ ഒരു  കമ്പനിയിൽ താൽക്കാലികമായി പോവുകയായിരുന്നു.
 മൂന്നാലു മാസത്തെ ശമ്പളം പെന്റിങ്ങായി. രണ്ടുമൂന്ന് ചെക്ക് റിട്ടേൺ കേസിൽ അറബാബിനെ പോലീസ് പിടിച്ചുകൊണ്ടുപോയി. വണ്ടികൾ വിറ്റ കാശ് കൊണ്ടാണ് ഇറക്കിയത്. എല്ലാ പ്രതീക്ഷയും അറ്റപ്പോൾ  ആവശ്യമുള്ള തൊഴിലാളികൾക്ക് ഒക്കെ തനാസിൽ കൊടുത്തു. അങ്ങനെയാണ് ഞാനും പുറത്തു ചാടിയത്. 
ഖാലിദ്ക്കയോട്  ആ വിവരങ്ങളൊക്കെ പറഞ്ഞു.
മൂപ്പർക്ക് വലിയ സങ്കടമായി. മൂപ്പരുടെ ചെക്ക് മാറി കിട്ടാത്തതിലല്ലായിരുന്നു സങ്കടം. സ്ഥാപനം ചിഹ്നഭിന്നമായിപ്പോയതും  അറബാബിനു ഗതി ഇല്ലാതായി തീർന്നതും ആയിരുന്നു അയാൾക്കേറെ സങ്കടം. 
ഖാലിദ്ക്കായുടെ അന്വേഷണം കേട്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി.
അറബാബിനെ പറ്റി ഞങ്ങൾ ആർക്കും ഒരു പിടുത്തം ഉണ്ടായിരുന്നില്ല. അന്വേഷിക്കാൻ ശ്രമിച്ചില്ല എന്നതാണ് ശരി. ഞങ്ങളൊക്കെ അതിജീവനത്തിനായുള്ള ഓട്ടത്തിൽ ആയിരുന്നു. 
 വെറുമൊരു ഓഫീസ് ബോയി ആയിരുന്ന അയാൾക്കുള്ളത്ര സ്നേഹം പോലും ഫൈനാൻഷ്യൽ കൺട്രോളർ ആയിരുന്ന എനിക്കുണ്ടായില്ലല്ലോ എന്നോർത്തപ്പോൾ വലിയ കുറ്റബോധം തോന്നി. 
അങ്ങനെയാണ് ഞാൻ എൻറെ പുതിയ ഓഫീസിലിരുന്നു പഴയ അറബാബിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. 
ഞാൻ ഇറങ്ങിയതിനു ശേഷം 
അറബാബ് ഇടയ്ക്കിടയ്ക്ക് ജയിലിലായിരുന്നു. ഫണ്ട് ഇല്ലാതെ ഇഷ്യൂ ചെയ്ത പി ഡി സി ചെക്കുകൾ വരുത്തിയ വിന.
‌ രണ്ടു ഭാര്യമാരിലേയും  മക്കൾ ബാക്കി സ്വത്തിനായി പോരടിച്ചു കിട്ടിയതൊക്കെ സ്വന്തമാക്കി വിറ്റു കാശാക്കി കാനഡയിലേക്കും മറ്റുമായി സ്ഥലംവിട്ടു. . തുടർച്ചയായ ചെക്ക് റിട്ടേൺ കേസുകൾകൾക്കുള്ള തടവിന് ഒടുവിൽ, താമസിക്കാൻ ഒരാശ്രയം ഇല്ലാതായ വൃദ്ധനെ ആരൊക്കെയോ ചേർന്ന് ഷാർജ ഓൾഏജ്ഡ്സ് റിഹാബിലിറ്റേഷൻ സെൻററിൽ ആക്കിയെന്നൊരു വാർത്ത കേട്ടിട്ട് ഒരു നാൾ അന്വേഷിക്കാൻ ഞാൻ അവിടം വരെ പോയിരുന്നു. ഞാൻ കണ്ടപ്പോൾ അദ്ദേഹം തീരേ രോഗിയായി അവിടത്തെ ആശുപത്രിയിൽ പറ്റെ അവശനായി അഡ്മിറ്റായിരുന്നു. എന്നെ തിരിച്ചറിഞ്ഞില്ല.
‌ വിവരങ്ങളൊക്കെ ഇടയ്ക്കിടയ്ക്ക് ഖാലിദ്ക്കയെ ഫോണിലൂടെ അറിയിച്ചു.
‌ അയാൾക്ക് വലിയ സങ്കടമായി.
‌ ഒരു ദിവസം എൻറെ പോസ്റ്റൽ അഡ്രസ്സിൽ   ഖാലിദ്ക്കായുടെ ഒരു കത്ത് വന്നു. ഒരു സാദാ കവർ.  കവർ തുറന്നു നോക്കുമ്പോൾ അതിൽ ആ ചെക്കുണ്ട്.  ഇരുപതിനായിരം ദിർഹമിന്റെ  പി ഡി സി ചെക്ക്. ഒപ്പം ഉള്ള ഒരു കടലാസിൽ ഈ വരികളും.
‌ ചെക്ക് ഞാൻ പിറകിൽ ഒപ്പിട്ടിട്ടുണ്ട് പൈസ കിട്ടുമെങ്കിൽ മാറ്റി അറബാബിനു കൊടുക്കുക. അദ്ദേഹത്തിന് പൈസക്ക് ആവശ്യമുള്ള സമയമായിരിക്കും. എല്ലാരും കൈയൊഴിഞ്ഞു പോയതല്ലേ!"
‌കൂടെ എന്റെ ശമ്പളത്തിന്റെ ബാങ്ക് എ.ടി.എം കാർഡും ഉണ്ട്. ആ അക്കൗണ്ടിൽ ശമ്പളത്തിന് ബാക്കി ചില്ലറ പൈസ ഉണ്ടാവും. അത് എടുത്ത് ആ അക്കൗണ്ട് ക്ലോസ് ചെയ്യണം. അതിനുള്ള പേപ്പറുകൾ ഒപ്പം  അയക്കുന്നു.  ഇനി ആ  ബാങ്ക് അക്കൗണ്ട് പരലോകത്തേക്ക് കൊണ്ടു പോകേണ്ടതില്ലല്ലോ? 
‌ പ്രിയത്തിൽ സലാം.
‌
‌ഖാലിദ്. കിഴങ്ങുംതൊടി.
‌മീനാർകുഴി.
‌മലപ്പുറം. 
‌
‌ കത്ത് വായിച്ചതും ഞാൻ ആത്മനിന്ദ കൊണ്ട് ആ മനുഷ്യന്റെ മുന്നിൽ വല്ലാതെ ചെറുതായിപ്പോയി. 
‌ പിറ്റേന്ന് കോർട്ടിന്റെ ഡബ്റ്റ് സെറ്റിൽമെൻറ് കമ്മിറ്റിക്ക് മുമ്പിൽ ചെക്ക് പ്രസൻറ് ചെയ്തു. അവിടെ ഫ്രീസ് ചെയ്ത കുറച്ച് ഫണ്ട് ഉണ്ട്. ഞാൻ മൂന്നാല് ദിവസം മെനക്കെട്ടു നടന്ന് ആ പൈസ വാങ്ങി. പൈസയുമായി വീണ്ടും ഷാർജ ഓൾഡേജ് റിഹാബിലിറ്റേഷൻ സെൻററിൽ പോയി. അവിടെ മുഴുവൻ അന്വേഷിച്ചു. പിന്നെ അവരുടെ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് ഒരു തമിഴൻ അറ്റൻഡറുടെ  സഹായത്തോടെ മോർച്ചറിയിൽ അനന്തരാവകാശികൾ ഇല്ലാതെ  കാത്തു വെച്ച മയ്യത്തിനെ കുറിച്ചുള്ള വിവരം കിട്ടിയത്. 
‌ അതെ അത് തന്നെ... ഞങ്ങളുടെ  അറബാബ്. മിനിഞ്ഞാന്ന്  ആണ് മരിച്ചത്. ഞാൻ ബോഡി തിരിച്ചറിഞ്ഞു. കാനഡയിലെ മക്കൾക്ക് വിവരം അറിയിച്ചിട്ടുണ്ട് അവർ ആരും വന്നിട്ടില്ല വരുമെന്നും തോന്നുന്നില്ല. 
‌അവ്ഖാഫിൽ  ജനാസ കർമ്മത്തിനു അടക്കാനുള്ള ഫീസടച്ചു.
‌ഖാലിദ്ക്കാന്റെ ചെക്കിലെ തുക തികഞ്ഞു, ദൈവ നിശ്ചയം പോലെ.  പബ്ലിക് കബർസ്ഥാനിൽ മയ്യത്ത് അടക്കാനുള്ള  സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. പണ്ടെന്നോ എനിക്ക് തന്ന ഓതറൈസേഷൻ ലെറ്റർ ഇപ്പോഴാണ് ശരിക്കും ഉപയോഗപ്പെട്ടത്. ഇനി ബാക്കിയുള്ളതെല്ലാം  ആശുപത്രിക്കാർ നോക്കിക്കൊള്ളും. വേണമെങ്കിൽ മയ്യത്തു നമസ്കാരത്തിൽ പങ്കു ചേരാം. ഖബറിസ്ഥാനിലേക്ക്  പോകുന്ന ആംബുലൻസിൽ കൂട്ടിരിക്കാം.  മയ്യത്ത് ഖബറിൽ വയ്ക്കുന്നത് നോക്കി ദുഃഖത്തോടെ നിൽക്കാം,  മൂന്നുപിടി മണ്ണുവാരി ഖബറിലേക്ക് വിതറാം. 
‌മീസാൻ കല്ലിനോട് അവസാന സലാം ചൊല്ലി തിരിച്ചു പോരാം. 
‌പക്ഷെ ഇതൊക്കെ എൻറെ വിഭാഗത്തിന്റെ രീതിയാണ്,  ഷിയാക്കളുടെ രീതി എന്താണെന്ന് എനിക്കറിയില്ല. അതിനാൽ ഷിയാ വിഭാഗത്തിലെ ഒരു പണ്ഡിതൻ ചെയ്യുന്നതൊക്കെ നോക്കി അകലം പാലിച്ചു കൂടെ നിന്നു. 
‌ അന്ന് രാത്രി ഖാലിദ്ക്കാനോട്  കാര്യങ്ങൾ വിശദമായി സംസാരിച്ചു. നാളെ ബാങ്കിൽ പോയി ഖാലിദ്ക്കായുടെ സാലറി അക്കൗണ്ടും കൂടി ക്ലോസ് ചെയ്യണം.
‌ പിറ്റേന്ന് പുലർച്ചെ തന്നെ ബാങ്ക് സ്ട്രീറ്റിലെ മിഡിലീസ്റ്റ് ബാങ്കിന്റെ  ടെല്ലറിൽ  കാർഡ് നിക്ഷേപിച്ചപ്പോൾ മെസ്സേജ് വന്നു. മൂന്നാലു മാസം ആയി ഉപയോഗിക്കാത്തതിനാൽ അത് ഫ്രീസ്  ചെയ്തുപോയെന്ന്. 
‌ പിന്നെ ബാങ്ക് തുറക്കുന്നത് വരെ കാത്തിരുന്നു. പരിചയക്കാരൻ ഒരു മലയാളി സഹായത്തിനു ഉണ്ടായിരുന്നതിനാൽ ഖാലിദ്ക്കയുടെ സാന്നിധ്യമില്ലാതെ തന്നെ കാർഡ് ആക്റ്റീവ് ആയി. ബാലൻസ് നോക്കുമ്പോൾ ഒരു വലിയ തുകയുണ്ട്. ഒരിക്കലും വിശ്വസിക്കാനായില്ല 50000 ദിർഹമിനു മേൽ ബാലൻസ്...!
‌തെറ്റിയതാവും എന്ന് കരുതി അവനെക്കൊണ്ട് തന്നെ വീണ്ടും വീണ്ടും ചെക്ക് ചെയ്യിച്ചു. അവൻ കൂടുതൽ പരിശോധിച്ച് പറഞ്ഞു.
‌ അൽ അൻസാരി എക്സ്ചേഞ്ചിൽ നിന്നും ഒന്നും ഒരു വിന്നർ പ്രൈസ് ട്രാൻസ്ഫർ ആണ്. 50000 ദിർഹം. ബാക്കി അതിൻറെ പലിശ കൂടിയതാണ്. 
‌ അപ്പോൾ എനിക്ക് ഓർമ്മ വന്നു. വിസ ക്യാൻസൽ ചെയ്ത ആന്ന് ഞാൻ  അൽ അൻസാരി എക്സ്ചേഞ്ചിലൂടെ അറബാബിന്റെ മോൾക്കായി വെസ്റ്റേൺയൂണിയൻ ട്രാൻസ്ഫർ ചെയ്യിച്ചതും അന്നവരുടെ പ്രമോഷൻ ഓഫറായി തെരഞ്ഞെടുക്കുന്ന ഒരു കസ്റ്റമർക്ക് നറുക്കെടുപ്പിലൂടെ 50000 ദിർഹം സമ്മാനം ലഭിക്കുന്നതും.  
‌ഫ്രം അഡ്രസിൽ ഖാലിദ്ക്കായുടെ അഡ്രസും ബാങ്ക് അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ടാവുക സ്വാഭാവികം. 
‌
‌ എനിക്ക് വിശ്വസിക്കാനായില്ല..!
‌ ഞാൻ പൈസ മുഴുവൻ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തു. 
‌അന്നുതന്നെ ഖാലിദ്ക്കയുടെ  നാട്ടിലെ ബാങ്ക് അക്കൗണ്ടിന്റെ  ഡീറ്റെയിൽസ് ഒക്കെ ഫോണിലൂടെ ചോദിച്ച് മനസ്സിലാക്കി. അത്രയും തുക രൂപയിലേക്കു മാറ്റി ഒരു ട്രാൻസ്ഫർ അയച്ചു. 
കിടക്കുന്നതിന്നു മുമ്പ് ഒരുവട്ടം കൂടി ഖാലിദ്ക്കയെ വിളിച്ചു
"‌നാളെ ബാങ്കിൽ ഒന്നു പോയി അക്കൗണ്ട് ബാലൻസ് നോക്കണം. ‌പിന്നെ ഒരു മിസ്സിട്ടാൽ മതി ഞാൻ തിരിച്ചു വിളിക്കാം."
എന്തിനാണെന്ന് പറയാതെ ഒരു സർപ്രൈസ് ഉണ്ട് എന്ന് മാത്രം പറഞ്ഞു ഫോൺ വെച്ചു. ഖാലിദ്ക്കയുടെ ഉറക്കമില്ലായ്മയാവും  ഇന്നത്തെ എന്റെ സുഖമായ ഉറക്കം...! 

ഗുഡ്നൈറ്റ്.

ചൊവ്വാഴ്ച, ഫെബ്രുവരി 04, 2020

ഫോൺ

ഒരു സീരിയസായ സംശയം.
താങ്കളുടെ വളരെ അടുത്ത ഒരു സുഹൃത്തുമായി റൂമിൽ തനിച്ചിരിക്കുമ്പോൾ അവൻ/ൾ ക്കൊരു ഫോൺ കാൾ വരുന്നു. അവൻ/ൾ ആ  ഫോണുമായി പുറത്ത് പോയി പതുക്കെ  സംസാരിക്കുന്നു.
താങ്കൾക്ക് എന്ത് ഫീൽ ചെയ്യും.?
സത്യം പറയണം.
സങ്കടം തോന്നുമോ?
ദേഷ്യം തോന്നുമോ?
സംശയം തോന്നുമോ?
°
°
°
°
°
°
°
°
°
°

എനിക്ക് ഇതൊന്നും തോന്നില്ല. 
അവനോട് പാവം മാത്രം തോന്നും. കാരണം അവൻറെ സിം ജിയോ ആണ്. അതിന് ഇവിടെ റൂമിനകത്ത് റേഞ്ച് കിട്ടില്ല.  പാവല്ലേ അവൻ...! 
😃
(എന്നെ തല്ലേണ്ടാ... ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി)
*കരീം മാഷ് തോണിക്കടവത്ത്*
#justforkidding

ശനിയാഴ്‌ച, ജനുവരി 04, 2020

അച്ചപ്പം

അച്ചപ്പം.
മഞ്ചേരി - തിരൂർ റൂട്ടിലോടുന്ന പ്രൈവറ്റ്  ബസ്സാണ്. സ്റ്റോപ്പിൽ നിർത്ത്യാ..നിർത്തി.
നിർത്ത്യാ തന്നെ അര മിനിറ്റിനകം ഇറക്കലും കയറ്റലും തകൃതി.
കയറിപ്പറ്റ്യാൽ തന്നെ സീറ്റുണ്ടാവില്ല. 
സീറ്റില്ലങ്കിലും ആൾക്കാർക്ക് വേഗം ലക്ഷ്യത്തിലെത്ത്യാമ്മതി. 
അഹമ്മതി...! 
വേഗം എത്തീട്ടും വിശേഷിച്ചൊരത്യാവശ്യമൊന്നുമുണ്ടാവില്ല. ന്നാലും വേഗം വേണം. വേഗത വേണം.
ബസ് യാത്രക്ക് രണ്ട് തരം ബാലൻസ് വേണം.
ചാടി കയറി, കമ്പിയിൽ പിടിക്കാൻ ഒന്നാമത്തെ ബാലൻസ്. അതാദ്യം സംഘടിപ്പിക്കുന്നതിനിടക്ക്  പിന്നിൽ സീറ്റിലൊരു  കാക്ക.
" സാറേ..കമ്പിമേ നല്ലോണം പുടിച്ചണേ...!"

കേട്ടപ്പോൾ സന്തോഷം തോന്നി. 
എന്തൊരു മനുഷ്യസ്നേഹം..!! 
(How care our people among...!)

"O.K. thanks" പറഞ്ഞു കമ്പിയിലെ പിടുത്തം ഒന്നു കൂടി മുറുക്കി.
"ഞ്ഞി വല്യൊരു കയറ്റാണ്, നോക്കണേ.!"
കാക്ക "കെയറി"ന്റെ കാരുണ്യവുമായ് തോണ്ടി വീണ്ടും പിറകിൽ..!
"കാട്ടുങ്ങൽ" വളവ് തിരിഞ്ഞു കയറ്റം കയറിയപ്പോൾ കണ്ടക്ടർ രണ്ടാമത്തെ ബാലൻസിനെത്തിയപ്പോൾ, കൈ അതിനായി കീശ തെരയവേ കമ്പിയിലെ പിടുത്തം വിട്ടു. ഞാൻ കാക്കായുടെ ലഗേജിനു മേലേക്ക് ക്രാഷ് ലാൻഡിംഗ്...!
ഭാഗ്യത്തിന്,
LIC യുടെ എംബ്ലത്തിലെന്ന പോലേ ഇരു കൈകളും കുമ്പിളാക്കി, കാക്ക എന്റെ ചന്തമുള്ള ചന്തിയെ ശൂന്യതയിൽ ഒരു താങ്ങ്...!
അതെനിക്കേറെ ഇഷ്ടപ്പെട്ടു. പക്ഷെ അതിനു ശേഷം ഇറ്റാലിക്സിൽ പറഞ്ഞതാണ് തീരെ മനസ്സിലാവാതിരുന്നത്.
"അപ്പടാ കുരുപ്പേ...!  അന്നോടല്ലേ..ഞാനാദ്യം പറഞ്ഞത്, കമ്പിമേൽ നല്ലോണം പുടിച്ചണംന്ന്...! ഇപ്പത്തന്നീം ഇജ്ജെന്റെ അച്ചപ്പം മുയ് വോം  പപ്പടം പോലെ പൊട്ടിച്ചീനേം"

ചൊവ്വാഴ്ച, നവംബർ 26, 2019

ടിക്ടോക്ക് കാലം

പാത്തു ഇന്നലെ അതിരാവിലെ ബസ്സിൽ മഞ്ചേരിയിൽ പോകുകയായിരുന്നു. യാത്ര ധൃതിയിലായിരുന്നതിനാൽ മെയ്ക്കപ്പിനും മെയ്ക്കോവറിനും സമയമില്ലാതെ ഉട്ടുടുത്ത മാക്സിക്കു മേൽ പർദ്ദ ഇറക്കിയായിരുന്നു വേഷപ്പകർച്ച. ബസ്സ് കിട്ടി. സീറ്റ് കിട്ടിയില്ല.  മേലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചപ്പോൾ കീഴെ കാലുകൾ നിലം വിട്ടു. കലക്ട്രേറ്റ് തൊടിയിലെ വവ്വാലിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടുമാടിക്കളിക്കുന്നേരം പിറകിലെ സീറ്റീൽ നിന്നു പാത്തൂന്റെ സീറ്റിന്മേലാരോ തോണ്ടി. 
ഒരു #metoo മാറ്റർ എന്നു ചിന്തിച്ചു പാത്തു തിരിഞ്ഞു നോക്കുമ്പോൾ ഒരു കന്യക. വൃക്ഷികത്തിന്റെ കുളിരും, നെറ്റിയിൽ ചന്ദനത്തിന്റ വരയും, തുമ്പപ്പൂവിന്റെ വിശുദ്ധിയുമുള്ള, പട്ടു പാവടയുടുത്ത പുലർകാല ബാലിക.
സ്വന്തം സ്വീറ്റ് സീറ്റ് മുറിച്ചെടുത്ത് മീറ്റ് ഓഫർ ചെയ്യുന്ന 'ശബരി'യാണോ ഈ ബാലിക എന്നു കരുതി കമ്പിയിലെ പിടുത്തം വിട്ടു ഭൂമിയിൽ ലാൻഡ് ചെയ്തു. 
ബാലിക സ്നേപൂർവ്വം നീട്ടിയ കയ് ഷൈക്കാതെ ഹാൻഡിൽ ചെയ്തപ്പോൾ അപ്രതീക്ഷിതമായി പാത്തു അവളിൽ നിന്നു അതു കേട്ടു.
"നബിദിനാശംസകൾ"
പാത്തുവിന്നു കണ്ണിൽ രണ്ടു തുള്ളി നിയന്ത്രണം വിട്ടുറ്റി.
ജീവിതതിതിലാദ്യമായാണ്.....!
സ്വന്തം ഖൗമീങ്ങളിൽ  പോലുമിന്നേവരെ ഉണ്ടായിട്ടില്ല.
ബാലിക പിടുത്തം വിട്ടു.
പാത്തു അവളുടെ മറ്റേ കയ്യിലേക്കു നോക്കി. സ്മാർട്ട് ഫോൺ, അതിൽ ഇഫക്ടുകൾ എനേബിൾ ചെയ്ത ടിക് ടോക്കിന്റെ ലൈവ് വീഡിയോ അപ്ലോഡ് വിൻഡോ..!
പാത്തു പ്ലിങ്ങി....വീണ്ടും ബസ്സിലെ കമ്പിയിൽ തൊങ്ങിക്കിടന്ന 'വേതാള'മാകാൻ, ഉയർന്നു നിലം വിട്ടു.

വ്യാഴാഴ്‌ച, ജനുവരി 31, 2019

ഊഹക്കച്ചവടം

നോക്കീ നോക്കീ..അയലോക്കത്തെ വില്ലയിൽ വന്ന പുതിയ കൂട്ടരെ കാണണോ?

കർട്ടൺ വകഞ്ഞു നോക്കി,
ഓഫ് വൈറ്റിൽ കോട്ടും സൂട്ടുമിട്ട  ഒരാൾ ബാൽക്കണിയിൽ.  ഞാമ്പറയാം,
"യൂണിവേഴ്സിറ്റി ഫാക്കൽറ്റി"

നോ..നോ ഡാമാസ് ഗോൾഡിലെ  സെയിൽസ്മാൻ. ഭാര്യ തിരുത്തി.

ത്രീ ബെഡ്റൂം, മജ്ലിസ്, കിച്ചൺ, ഡൈനിംഗ് വില്ലയല്ലേ...വല്യ ഫാമിലിയാവും, ഞാനൂഹിച്ചു പറഞ്ഞു.

ഏയ് അല്ല, കുഞ്ഞു ഫാമിലിയാ...
രണ്ടു കുട്ടികൾ മാത്രം...പക്ഷെ രണ്ടു ഭാര്യമാരാ....
ബീടർ തിരുത്തി.

രണ്ടു കെട്ടോ! ന്നാ നമ്മളെ ഖൗമാകും, തീർച്ച.

അല്ല അയാൾ ക്രിപ്റ്റോ  ക്രിസ്റ്റ്യൻ,  വൈഫ് ഒന്ന് യസീദി മറ്റേത് ഷിയ.
ഭാര്യ ക്ലിയറാക്കി.
വെളുത്തതാവും ഷിയ, കറുത്തത് യസീദിയും അല്ലേ?
അല്ല യസീദിയാണ് കൂടുതൽ വെളുത്തത് അവൾക്കിന്ന് നെരിപ്പോടിൽ കൽക്കരി നിറക്കുന്ന പണിയായിരുന്നു.
വീണ്ടും എന്റെ അനുമാനം തോറ്റു.
കുട്ടികൾ ഒന്നു വെളുത്തത്, മറ്റേത് കറുത്തത്.
കുട്ടികൾ മൂത്തവളുടേതാകും.
അല്ല മൂത്തവളും ഇളയവളുമില്ല. രണ്ടിനും ഓരോരോ കുട്ടികളാണ്.

വെളുത്തത് ആ യസീദിപ്പെണ്ണിന്റെതാവും.!
(ഇതെങ്കിലും ശരിയാവണം)
അല്ല വെളുത്തത് ഷിയ പെണ്ണിന്റേതാണ്. അയാളുടെ നിറം നോക്ക്..എന്തൊരു വെളുപ്പാണ്.
പിന്നെന്താ മറ്റോളുടെ കുട്ടി കറുത്തു പോയത്?
അവളുടെ  പാരമ്പര്യം കറുത്തിട്ടാവും.
ഭാര്യ വീണ്ടും മൊഴിഞ്ഞു.

ഒരെ സമയം രണ്ടു ഭാര്യമാരാ...!
വല്യ ആർത്തിക്കാരനാവും ആ വഴിക്കു മേനി കാട്ടേണ്ടാ..ഞാനുപദേശിച്ചു.

കുഴപ്പമില്ല, Prolixin ഉപയോഗിക്കുന്നയാളാണ്.

അതെങ്ങനെയറിയാം?.
അതിന്റെ ഒഴിഞ്ഞ പാക്കറ്റൊന്ന് കാറ്റത്തീവഴി വന്നു.
അതിനു അത് അയാൾ തന്നെ കഴിക്കുന്നതാണെന്നെങ്ങനെയുറപ്പിക്കും.
അവർക്കെന്തു ഡിപ്രഷൻ?
അതില്ലന്നെങ്ങനെ തീർച്ചയാക്കി.?

അവരുടെ വണ്ടി ഹോണടിക്കാറേയില്ല.

സെൻറോഫ്


സെൻറോഫ്
(കഥ)
അയാൾ നിസ്സാൻറെ ബാക്ക് ഡോർ തുറന്നു ഫോൾഡിംഗ് വീൽചെയർ മുറ്റത്തേക്കിറക്കി.  ആ വൃദ്ധസദനത്തിലെ  വാച്ച്മാനും അയാളെ  സഹായിച്ചു.
കാലങ്ങളോളം  കട്ടിലിൽ തന്നെ കിടപ്പായ തൻറെ ടീച്ചറെ തേടി കെയർടേക്കർ വിരൽ ചൂണ്ടിയിടത്തു വരേ  അയാൾ വീൽ ചെയർ ഉരുട്ടി.
വിടർന്ന വിസ്മയത്തോടെ തൻറെ മുഖത്തേക്കു നോക്കുന്ന വൃദ്ധ നേത്രത്തോടയാൾ പറഞ്ഞു
ഞാൻ  ശിഷ്യനാണു ടീച്ചർ.
ഏതോ സെലിബ്രറ്റി ഈ വൃദ്ധസദനം സന്ദർശിച്ചത് ടെലികാസ്റ്റ് ചെയ്ത ടി.വി. പ്രോഗ്രാമിൽ ടീച്ചറെ ഒരു നോട്ടം കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി. അന്നു മുതൽ  ലീവു കിട്ടി നാട്ടിൽ വരാൻ കാത്തിരിക്കുകയായിരുന്നു.

  ടീച്ചറെ   വാരിയെടുത്തു  അയാൾ വീൽചെയറിലിരുത്തി.  ഒരു ഭാഗം കടലും മറുഭാഗം പൂന്തോട്ടവുമുള്ള വീഥിയിലൂടെ അയാൾ ടീച്ചറെ പതുക്കെ ചെയറിലുരുട്ടി നടന്നു.
കാലങ്ങൾക്കു ശേഷമാണ് ടീച്ചർ കടലു കാണുന്നത്.
ടീച്ചർ ഓർമ്മകളെ വളരെ പണിപ്പെട്ടു പിറകോട്ടു മറിച്ചു.
ഓർമ്മയിലൊന്നും രൂപപ്പെട്ടു വരാത്ത ഈ തുടു തുടുത്ത  ചെറുപ്പക്കാരൻറെ കുഞ്ഞു മുഖം?, അവസാനം തോൽവിയേറ്റു പറഞ്ഞു ടീച്ചർ  ചോദിച്ചു.
മോൻ ആരാണ്.?
കോൺട്രാക്ടർ അശോകൻ മുതലാളിയുടെ മകൻ രാഹുൽ?
അല്ല.
മുൻസിപ്പൽ കൗൺസിലർ മാത്യുവിൻറെ മോൻ?
അല്ല.
ഡോക്ടർ ഫൗസിയയുടെ മോൻ?
അല്ല...
പിന്നെ ആരാണ്? ഒരു സൂചന തരൂ ഞാൻ ഓർത്തെടുക്കാം..!!
മോൻ ഏതു വർഷത്തെ എൻറെ ബാച്ചിലായിരുന്നു പഠിച്ചിരുന്നത്? അതു പറഞ്ഞു തന്നാൽ ഞാൻ പറയാം.എൻറെ കയ്യിൽ എല്ലാ വർഷത്തേയും ഗ്രൂപ്പ് ഫോട്ടോയുണ്ട്. അതിൽ നോക്കി ഞാൻ മോൻറെ പേരു പറയാം എനിക്കെല്ലാരെയും ഓർമ്മയുണ്ട്. വർഷം  മറന്നു പോയി. കാലേ തളർന്നുള്ളൂ...ഓർമ്മ തളർന്നിട്ടില്ല.
അതല്ലേ ടീച്ചറെ തേടി ഞാൻ വന്നത്.
പക്ഷെ   ഗ്രൂപ്പ് ഫോട്ടോയിൽ ഞാനില്ല. ടീച്ചറേ..!
സെൻറോഫിനും ഫോട്ടോയെടുപ്പിനും കാശു തരാത്തവർ നാളെ ഫംഗ്ഷനു വരേണ്ടതില്ലന്നു തലേന്നു ക്ലാസ്സിൽ നോട്ടീസു വായിച്ചിരുന്നു. എങ്കിലും പുസ്തകമില്ലാത്തതിന്നു എന്നും ക്ലാസ്സിൽ നിന്നു പുറത്താക്കിയിരുന്ന, എന്നും വൈകി വന്നിരുന്ന, സ്വൈര്യക്കേടായിരുന്ന ഒരു വൃത്തികെട്ട ചെക്കനെ ഫോട്ടോ കാണാതെയും  ചിലപ്പോൾ ടീച്ചർക്കു  ഓർമ്മ കാണും.



ശനിയാഴ്‌ച, ഒക്‌ടോബർ 20, 2018

കബന്ധങ്ങളും കഴുതപ്പുലികളും

കൊങ്ങം കയറിയിറങ്ങിയ കല്‍പ്പടവുകളില്‍ അടിഞ്ഞു കിടന്ന എക്കല്‍മണ്ണു എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാടു പുല്‍നാമ്പുകളെ പെറ്റു തുടങ്ങിയിരിക്കുന്നു.
ആളനക്കമില്ലാത്ത ഈ കരിങ്കല്‍പ്പടവുകളിരുന്നു ഒഴുക്കിലേക്കു കാലുതൂക്കിയിട്ടിരിക്കാന്‍ ഇനി ആവില്ല. ഒന്നു രണ്ടു പടവെങ്കിലും നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്‌.
തോണിയടുപ്പിക്കാനയി തൊട്ടപ്പുറത്തു കോണ്‍ക്രീറ്റില്‍ ഒരു കടവു പണിതപ്പോള്‍ ഈ കല്‍പ്പടവുകള്‍ എന്റേതു മാത്രമായി. പച്ചിലപ്പടര്‍പ്പുകള്‍ മറയിട്ട ഇവിടെ വെറുതെ വന്നിരിക്കുന്നതു മറുനാട്ടില്‍ മടുപ്പു തോന്നിയിരുന്ന പല നിമിഷങ്ങളിലും സ്വപ്നം കണ്ടിരുന്നു.
പണ്ടൊക്കെ ഈ പടവുകളില്‍ തനിച്ചു വന്നിരുന്നാല്‍ ഉള്ളിലൊരുപാടു കഥകള്‍ നാമ്പിടുമായിരുന്നു.
കഴിഞ്ഞ വരവിനു ഒരു കഥയെഴുതാന്‍ വിജനമായ ഈ പടവില്‍ ഒരുപാടു നേരമിരുന്നു.
വെള്ളവും മണലുമൊഴിഞ്ഞ പുഴ കണ്ടാല്‍ ഏതെങ്കിലും ഒരു വയസ്സിയെയാണു ഓര്‍മ്മ വരിക.
നിറയെ ഞെരമ്പുകള്‍ പൊങ്ങി, ശുഷ്കിച്ച വരണ്ട ചര്‍മ്മമുള്ള ഒരു കിളവി. കൂടുതല്‍ ചിന്തിക്കുമ്പോള്‍ ആ കിളവിക്കു ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരിയുടെ മുഖ സാദൃശ്യം അനുഭവപ്പെടും. അതു കാണുമ്പോള്‍ സങ്കടം തോന്നും. അതോടെ എഴുതാനുള്ള ആശ തന്നെ കെടും.
അന്നും അവസാനം നിരാശനായാണു മടങ്ങിയത്‌.

"മാഷേ എന്നെത്തി?"
"ഞാനിന്നലെയും ഓര്‍ത്തതേയുള്ളൂ. മാഷെ പറ്റി!"
അപ്പുറത്തെ കടവില്‍, തോണിയില്‍ നിന്നു ചാടിയിറങ്ങിയ പവിത്രനെ കണ്ടപ്പോള്‍ സന്തോഷം തോന്നി.
"ഞാന്‍ കഴിഞ്ഞാഴ്ചയെത്തി. കഴിഞ്ഞ വരവിനു കണ്ടില്ലല്ലോ?"

"കഴിഞ്ഞ വര്‍ഷം ഞാന്‍ വയനാട്ടില്‍ ഡെപ്യൂട്ടേഷനിലായിരുന്നു".
"പുതിയ കഥയുണ്ടോ മാഷെ? ഞാന്‍ ബ്ലോഗുകള്‍ വായിക്കാറുണ്ട്‌."

എന്റെ ഗ്രാമത്തിലും ബ്ലോഗുവായിക്കുന്നവരായോ? അത്ഭുതം തോന്നി.
"ഒന്നെഴുതണമെന്നു കരുതി വന്നിരുന്നതാ, പഴയപോലെ ചിന്തകളെ പായിക്കാന്‍ കഴിയുന്നില്ല. ലീവു കഴിഞ്ഞു പോകുന്നതിനു മുന്‍പെ ഒന്നെഴുതി ബ്ലോഗിലിടണമെന്നുണ്ട്‌".
"അന്നു നമ്മള്‍ കാളിയുടെ കുടിലില്‍ പോയപ്പോള്‍ കാളിയുടെ തള്ള പറഞ്ഞ ആ ചിരുതേടേം ചാമിന്റേം കഥ മുന്‍പെപ്പോഴെങ്കിലും എഴുതിയാരുന്നോ?"

"ഏതാപ്പോ ആ കഥ!"
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.
"ചാമിയേയും ചിരുതയെയും ശല്യപ്പെടുത്തിയ ആ സാഡിസ്റ്റ്‌, തമ്പ്രാന്‍ ചെക്കന്റെ കഥ".
പവിത്രന്‍ ഓര്‍മ്മിപ്പിച്ചു.

എനിക്കോര്‍മ്മ വന്നു. ഞാന്‍ പവിത്രനോടു നന്ദി പറഞ്ഞു ഓര്‍മ്മിപ്പിച്ചതിന്നു.
"അതു തന്നെ എഴുതാം. ആദ്യം എല്ലാം ഒന്നു ഓര്‍ത്തു നോക്കട്ടെ! വല്ലതും വിട്ടു പോയാല്‍ ചോദിച്ചു മനസ്സിലാക്കാന്‍ ആ തള്ളയിപ്പോ ജീവിച്ചിരിപ്പില്ല താനും".

"മാഷെഴുത്തു തുടങ്ങിക്കോ, എന്തെങ്കിലും വിട്ടു പോയാലൊന്നു ഫോണ്‍ ചെയ്താമതി, എനിക്കതു നല്ലോണം ഓര്‍മ്മയുണ്ട്‌. ഞാന്‍ ശല്യമാകുന്നില്ല. പോകുന്നതിന്നു മുന്‍പ്‌ ഒരു പ്രിന്റ്‌ എനിക്കു വേണ്ടി വെച്ചേക്കണേ!"
അവന്‍ ഫോണ്‍ നമ്പര്‍ എഴുതിയ തുണ്ടു തന്നു, പടവുകയറി അപ്രത്യക്ഷനായി.
കടലാസെടുത്തു പെന്‍സിലു കൊണ്ടു എഴുത്തു തുടങ്ങി.

കൂരക്കകത്തു വെട്ടം വീണപ്പോള്‍ കടുങ്കാപ്പി പോലും മോന്താന്‍ നിക്കാതെ കൈക്കോട്ടു തോളിലിട്ടു ചാമി വലിഞ്ഞു നടന്നു.
കണ്ടത്തില്‍ വീണ്ടും ഞെണ്ടുകള്‍ മടകുത്തിയിരിക്കുന്നു.
നേരം മോന്തിയാവോളം ഏനും ചിരുതയും ചേര്‍ന്നു ഏത്തം തേവി നിറച്ച പുഞ്ചകണ്ടമാണ്‌.
ഞണ്ടുകുത്തിയ മടയിലൂടെ നനവു കിനിഞ്ഞിറങ്ങി ഒറ്റ രാവു കൊണ്ടു കണ്ടം വീണ്ടും വറ്റിവരണ്ടിരിക്കുന്നു.

വഴുക്കല്‍ വിട്ടുമാറാത്ത വരമ്പത്തു ചാമി, ഏറെ നേരം താടിക്കു കയ്യും കൊടുത്തിരുന്നു.
കൂരയില്‍ നിന്നു ചിരുതയുടെ വിളി അവന്‍ കേട്ടില്ല. ഒരു മറുകൂക്കിനായി കുറേ കാതോര്‍ത്തിട്ടൊടുവിലവള്‍ കടുങ്കാപ്പിയും കപ്പ പുഴുങ്ങിയതും കൊണ്ടു വരമ്പത്തു മ്ലാനനായിരിക്കുന്ന ചാമിയുടെ അടുത്തെത്തി.
വരണ്ട കണ്ടത്തിലേക്കും ചാമിയുടെ നിറഞ്ഞ കണ്ണിലേക്കും നോക്കിയപ്പോള്‍ ഒന്നുമുരിയാടാതെത്തന്നെ അവള്‍ക്കെല്ലാം മനസ്സിലായി.

"കൊല്ലണം സകലത്തിനീം, ദണ്ണപ്പെട്ടിട്ടു കാര്യമില്ല. കൊന്ന പാപം തിന്നാല്‍ തീരും. കുന്തത്തില്‍ കുത്തി പിടിച്ചോണ്ടുവാ ഞാന്‍ നെയ്യിലിട്ടു പൊരിച്ചു തരാം. കള്ളും കൂട്ടി പൊരിച്ച ഞെണ്ടു തിന്നാന്‍ എനക്കും കൊതി തോന്ന്‌ണ്‌".
ചിരുത മന:ശാസ്ത്രപരമായി ചാമിയെ ആശ്വസിപ്പിച്ചു.
ചാമി പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ചിരുത, കമുങ്ങലകു കൊണ്ട്‌ ഒരു കുന്തം ചെത്തിമിനുക്കി അറ്റം സൂചി പോലെ കൂര്‍പ്പിച്ചു ചാമിക്കു നീട്ടി.
കുന്തവുമായി കണ്ടത്തിന്റെ നാലതിരു ചുറ്റി തിരിച്ചു വന്ന ചാമിയുടെ കയ്യില്‍ കുത്തിയെടുത്ത പത്തിരുപതു മുഴുത്ത ഞണ്ടുകള്‍.
അവള്‍ അതും കൊണ്ടു കൂരയിലേക്കു മടങ്ങി.
പുകയത്തു കെട്ടിത്തൂക്കിയ ചൂരക്കൊട്ടയില്‍ നിന്നും കാട്ടുമുയലിന്റെ നെയ്യെടുത്തുരുക്കി, ചിരുത ഞണ്ടുകളെ ഓരോന്നായി അതിലിട്ടു മൊരിച്ചെടുത്തു. ഞണ്ടു പൊരിഞ്ഞ മണം മൂക്കിലടിച്ചപ്പോള്‍ ചാമി പണി നിര്‍ത്തി. ചെത്തു നടത്തുന്ന പനയുടെ ചുവട്ടിലേക്കു നടന്നു. ഉടുമുണ്ടഴിച്ചു വലിച്ചു താറുതറ്റു, പനയില്‍ വലിഞ്ഞു കേറി, ഊറിയ കള്ളു ചെരങ്ങാകുടത്തിലൊഴിച്ചു അതുമായി നേരെ കൂരയിലേക്കു നടന്നു.
കുടത്തില്‍ നിന്നവന്‍ കള്ളു രണ്ടു ചിരട്ടയിലേക്കായി അരിച്ചെടുത്തു. മുണ്ടില്‍ തങ്ങിയ ഉറുമ്പുകളെ മുറ്റത്തേക്കു തട്ടിക്കുടഞ്ഞിട്ടു. ഒരു ചിരട്ട കള്ളു തുളുമ്പാതെ ചിരുതക്കു നീട്ടിയപ്പോള്‍ കാന്താരിയരച്ചതും വറുത്ത ഞണ്ടും അവള്‍ പകരം നീട്ടി. കള്ളുള്ളിലാവുന്നമാത്രയില്‍ ചിരുത പാടിയ പഴയ കൊയ്തുപാട്ടിന്റെ വരികള്‍ക്കു മുറുക്കം കൂടാന്‍ തുടങ്ങി. ഒപ്പത്തിനൊപ്പം താളമിട്ടു ചാമിയതിനു ചേരുന്ന ഒരു പുതിയ കാളപൂട്ടുശീലും പാടി. പാടിക്കുഴഞ്ഞ നാവും ദ്രുതതാളമിട്ട കൈകാലുകളും നാഗങ്ങളെപ്പോലെ ചുറ്റിപ്പിണയാന്‍ കൊതിച്ചപ്പോള്‍ രണ്ടാളും കൂരക്കകത്തു കയറി.
മുറുകി വന്ന താളത്തിനനുസരിച്ചു പരിഭോഗചലനം പാരമ്യതയിലെത്തിയപ്പോള്‍ ചാമിയുടെ പേശികള്‍ പരമാവധി വലിഞ്ഞുമുറുകി, പിന്നെ കുലച്ച വില്ലു കുറുകെ പൊട്ടിയ പോലെ വാടിക്കുഴഞ്ഞ മേനി ചിരുതയുടെ മാറില്‍ വീണു. കെട്ട്യോന്റെ നെറ്റീലെ വെയര്‍പ്പു മൃദുവായി തുടച്ചെടുക്കുന്നതിടയിലാണു ചിരുത ഓലക്കീറിനിടയിലൂടെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍ കണ്ടത്‌.ചാമിയെ മാറ്റിക്കിടത്തി ചിരുത ധൃതിയില്‍ മാറു മറച്ചെണീക്കുമ്പോള്‍ ഓലമറക്കപ്പുറത്തു നിന്നുമൊരാളനക്കം. ഒറ്റക്കുതിപ്പിനു തട്ടിക നീക്കി പുറത്തു ചാടി നോക്കുമ്പോള്‍ കണ്ടു, വേലി ചാടി മറയുന്ന തമ്പ്രാന്‍ ചെക്കന്‍. അരയില്‍ തൂക്കിയിട്ട ഇരട്ടനൂലില്‍ ആടിക്കളിക്കുന്ന എഴുത്തോലക്കെട്ട്‌.

ഇതിപ്പൊ അഞ്ചാറു പ്രാവശ്യമായി എവന്റെ ഒളിഞ്ഞു നോട്ടം അറിയുന്നു, കാട്ടു ചോലയില്‍ കുളിക്കാന്‍ പോകുമ്പോഴും കാട്ടില്‍ വിറകിനു പോകുമ്പോഴും ഒരു നിഴല്‍ അധികമെനിക്കുണ്ടോന്നു പലകുറി ശങ്കിച്ചതാണ്‌. പിന്നെ നിരീച്ചു അതു വെറുംതോന്നലാവുമെന്ന്. എഴുത്തോലക്കെട്ടു താക്കോല്‍കൂട്ടത്തില്‍ തട്ടിയുണ്ടാവുന്ന ലോഹത്തിന്റെ ആ ഒച്ച പലകുറി കേട്ടതുപോലെ തോന്നിയതാണ്‌.
അന്നേ ചാമിയോടു പറയേണ്ടതായിരുന്നു.
വഴക്കും വക്കാണവുമായി ഇനീംന്റെ ചാമിന്റെ നെഞ്ചെരിക്കണ്ടാന്നു നിരീച്ചു പോയി.
കൂടതെ കഴിയില്ലാച്ചാല്‍ മലദൈവത്തിനു മുന്നില്‍ വെറ്റിലേം പൊകലേം വെച്ച്‌ ആ കര്‍മ്മമങ്ങു ചെയ്യണം.മരപ്പെട്ടിയിലെ എഴുത്തോലയിലേ മന്ത്രാച്ചരങ്ങള്‍ മാഞ്ഞുപോയിട്ടൊന്നുമുണ്ടാവില്ല. ചാമിയോടു പറഞ്ഞാല്‍ തമ്പ്രാന്‍ ചെക്കനുമായി ഇനീം വഴക്കാകും.
എന്തിനാ!, ഇതിനു ഞാന്‍ തന്നെ മതിയല്ലോ!
ഉള്‍ക്കാട്ടിലു മുളയരിക്കു പോയ കുണ്ടന്റെ കൊച്ചുപെണ്ണിന്റെ തലേം ഉടുവടേം ഇല്ലാതെ കെടക്‌ക്‍ണ, ഒടലു വാരിക്കൂട്ടാന്‍ ചാമിയും പോയിരുന്നു കുണ്ടന്റെ കൂരയില്‍.
കൊണ്ടു വന്ന കൈതോലപ്പായ കെട്ടഴിച്ചു നെവര്‍ത്തിയപ്പോള്‍ ഒന്നേ നോക്കിയുള്ളൂ. ചെന്നായ പിടിച്ചതാണെന്നു മലകയറി വന്ന കാല്‍ശരായിയിട്ട ഏമാന്മാരു കടലാസിലെഴുതി പോയപ്പോഴേ ചാമി എല്ലാരും കേള്‍ക്കേ പറഞ്ഞതാ, ആ ചവത്തിന്റെ കാക്കൂട്ടിലു തമ്പ്രാന്‍ ചെക്കന്‍ സദാ കുടിക്ക്‌ണ രാക്കുമരുന്നിന്റെ കുപ്പിച്ചില്ല് ഏന്‍ കണ്ടതാന്ന്. കൈതപ്പുലി തിന്ന ബാക്കി ഭാഗങ്ങള്‍ പായയില്‍ വാരിക്കെട്ടുമ്പോള്‍ കാലിനിടയിലെ കാണാന്‍ പാടില്ലാത്തിടത്തു നിന്നു വീണ്ടും കുറെ കുപ്പിചില്ലുകള്‍ ചോരക്കറയുണങ്ങി താഴെ വീണതു ഏനും കണ്ടുവെന്നു ചാമിന്റെ കൂടേ ചവം വാരാന്‍ പോയ ചാത്തനും ആരോടോക്കെ ആണയിട്ടു പറഞ്ഞു.
അതിനാണന്നു തമ്പ്രാന്‍ ചെക്കന്‍ ചാമിയെ ഏത്തക്കുറ്റിക്കല്‍ വന്നു ഏറെ തൗതാരിച്ചതും ചാത്തനെ തല്ലാനോങ്ങിയതും. കയ്യാകളിയിലെത്തുന്നതിന്നു മുന്നെ കുണ്ടനാണു ചാമിയെ ഉന്തീം തള്ളീം കുടിലില്‍ കൊണ്ടുവന്നാക്കിയത്‌.
പതിനാലാം പക്കം കൊപ്പക്കാട്ടില്‍ പിന്നേം കണ്ടു തലല്യാത്ത ഒരു പെണ്ണിന്റെ ചവം. മൂക്കുപൊത്തി ചെന്നോരൊക്കെ അവടീം കണ്ടു അരക്കൂട്ടിലു പച്ച റാക്കു കുപ്പിന്റെ ചില്ലും, ചില്ലില്‍ പറ്റിയ ചോരക്കറയും.
ചിരുത ഇക്കുറി ചവം കാണാന്‍ പോയില്ല.

കവന്തങ്ങള്‍ ഇനീം കാണാന്‍ വയ്യ. ഈ ചവങ്ങളിലെ കെതികിട്ടാത്ത ആത്മാവുകളാത്രേ വാവലുകളാകുന്നത്‌. ഇച്ചാത്തരെ വാവലുകള്‍ വല്ലാതെ പെരുകീട്ടുണ്ട്‌. അവറ്റകളു മോച്ചം കിട്ടാതെ പാറി നടക്കാണു.
തളര്‍ന്നുറങ്ങുന്ന ചാമിയെ ഉണര്‍ത്താതെ ചിരുത ചായ്പ്പിന്റെ മൂലക്കിരുന്ന മരപ്പെട്ടി തുറന്നു. അതില്‍ നിന്നും അവളുടെ അരപ്പട്ട പുറത്തെടുത്തു. ചക്കിപ്പെരുംകൊല്ലത്തി ഇതിനെ "മങ്കാലമറാ"ന്നാ വിളിക്ക്‌ണത്‌. ചായ്‌പിന്റെ പിറകില്‍ പോയി വളരെ സൂക്ഷിച്ചതു നിവര്‍ത്തി.

(എഴുത്തു നിര്‍ത്തി ഞാന്‍ ചിന്തിച്ചു. ഈ മങ്കാലമറയെക്കുറിച്ചു ഞാനെഴുതിയാല്‍ വായനക്കാര്‍ക്കു ഉള്‍കൊള്ളാനാവുമോ?
പുത്തന്‍ തലമുറയിലെ ആര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. ഇങ്ങനെ ഒന്നു കാണുന്നതു വരെ ഞാനും പവിത്രനും അതിനെ കുറിച്ചു വിശ്വസിച്ചിരുന്നില്ല. ഞങ്ങളുടേ വിശ്വാസക്കുറവു മനസ്സിലാക്കി തന്നെയാണ്‌ അന്നു കാളിയുടെ തള്ള അകത്തെ പെട്ടിയില്‍ നിന്ന് അതുപോലൊരോണ്ണം എടുത്തു കാണിച്ചു തന്നത്‌.
ഒരു പാടുകാലമായി അതു അരയില്‍ നിന്നഴിച്ചു മാറ്റിയിട്ട്‌. അതിനാല്‍ അവിടവിടെ ക്ലാവു പിടിച്ചിരിക്കുന്നു. തേച്ചു മിനുക്കിയാല്‍ സ്വര്‍ണ നിറം തന്നെയാണിതിന്‌. ഒറ്റനോട്ടത്തില്‍ അരയില്‍ കെട്ടുന്ന തിളക്കമുള്ള ഒരാഭരണം.
അതണിഞ്ഞാല്‍ പിന്നെ അഴിച്ചു മാറ്റാതെ ആ പെണ്ണിനെ പ്രാപിക്കാനൊരു വിടനുമാവില്ല. അതു അരയില്‍ ബന്ധിക്കാന്‍ മുറുക്കുന്ന ലോഹനാടക്കു ബ്ലേഡിന്റെ കനവും മൂര്‍ച്ചയും. അഴിക്കാന്‍ അറിയത്തവന്‍ അലക്ഷ്യമായി ആ ബന്ധനം വേര്‍പ്പെടുത്തിയാല്‍ പുറത്തേക്കു ഉലഞ്ചി ചുറ്റുകള്‍ തെറിച്ചു നിവരുന്ന ഒരു ഇരുതല മൂര്‍ച്ചയുള്ള ഉറുമിയായി അതു മാറും. ബലം പ്രയോഗിച്ചതു അഴിച്ചെടുക്കുന്നവന്റെ കഴുത്തില്‍ ചുറ്റി തലയറുത്തിടാന്‍ കഴിയുന്നത്ര ഗതികോര്‍ജ്ജം ചുറ്റിയെടുത്തരക്കെട്ടില്‍ ഒളിപ്പിച്ചു വെച്ചാണതണിയുന്നത്‌. അണിയുന്നവള്‍ക്കു മാത്രമേ അതു സുരക്ഷിതമായി അഴിച്ചെടുക്കാനാവൂ. അവളക്കു ചുറ്റുമൊരാറുമുളം ചുറ്റളവില്‍ അതിന്റെ വാള്‍ പളപളാന്നു നിവരുമ്പോള്‍ അഭ്യാസിയായ പെണ്ണു നാലുചുറ്റു കറങ്ങിയാല്‍ മുന്നിലൊരു മുളന്തൂണാണെങ്കിലും താളു വെട്ടിയപോലെ താഴെ കഷ്ണങ്ങളായി വീഴും.

വായനക്കാര്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ! എനിക്കു വിശ്വാസമാണ്‌. കാരണം ഞാനും പവിത്രനും അതു കണ്ടതാണ്‌. എഴുതുക എന്നതു എന്റെ ജോലിയാണ്‌. വിശ്വസിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു വായനക്കാരന്റെ ധര്‍മ്മവും.
ഞാന്‍ ബാക്കിയെഴുതാന്‍ തുടങ്ങി).

ചാമിയുടെ കൂടെ മാലയിട്ടിറങ്ങുമ്പോള്‍ ചാമിയുടെ കയ്യിലും മെയ്യിലും മുഴച്ചു നിക്കണ കരിങ്കല്ലു പോലുള്ള കരുത്തു കണ്ടിട്ടാവണം വേലിക്കല്‍ കാത്തു നിന്ന ചക്കിപെരുങ്കൊല്ലത്തി പിന്നേം പിന്നേം കാതിലോതിയതാ, "അതിനി വേണ്ടാന്ന്‌, കൂടെ കൊണ്ടു പോകണ്ടാന്ന്". മിന്നു കെട്ടിനു ശേഷം അതു കെട്ടേണ്ടി വന്നിട്ടില്ല. അതിനാല്‍ ചിരുതക്കതഴിക്കേണ്ടിയും വന്നില്ല. അതുകൊണ്ടു തന്നെ അതു കെട്ടുന്നതും അഴിക്കുന്നതും ഇപ്പോള്‍ അവള്‍ മറന്നു തുടങ്ങിയിരിക്കുന്നു.

ആങ്ങളമാരും തന്തയുമില്ലാത്ത കന്യകമാര്‍ക്കേ ചക്കിപെരുങ്കൊല്ലത്തി ഇതുപോലെ "മങ്കാലമറ" പണിതു കൊടുത്തിട്ടുള്ളൂ.
ചക്കിപ്പെരുകൊല്ലത്തി തന്നെയാണു അതു കെട്ടുന്നതും അഴിക്കുന്നതും കാണിച്ചു കൊടുത്തത്‌.
നാലഞ്ചു ദിവസം പണിപ്പെട്ടാണ്‌ ചിരുതക്കതു സ്വയം അണിയാനായത്‌. അതഴിക്കുന്നതാണ്‌ അതിലും വലിയ അഭ്യാസം. പാദങ്ങള്‍ ചേര്‍ത്തുവെച്ച്‌ കൂപ്പിയ കൈകള്‍ പരമാവധി മുകളിലേക്കുയര്‍ത്തി ശ്വാസചലനങ്ങളിലൂടെ അടിവയറ്റിന്റെ സങ്കോചവികാസങ്ങള്‍ നിയന്ത്രിച്ചാണു അതു കൊളുത്തഴിക്കുന്നത്‌. കൊളുത്തു വിട്ടാല്‍ പിന്നെ കുറച്ചു സമയം ശബ്ദമയം തന്നെ. ചുരികയുടെ ചുറ്റുകള്‍ നിവരുന്നതും പ്രതിബന്ധങ്ങളെ കഷ്ണിച്ചൊടുക്കുന്നതും ക്ഷണനേരം കൊണ്ടു തീരും.

ഒരാഴ്ച്ച ചാമിയും ചിരുതയും മെനക്കെട്ടു ഞണ്ടിനെ കുത്തിപ്പൊരിച്ചപ്പോള്‍ മടകുത്തലു നിന്നു. തേവിയ വെള്ളം കണ്ടത്തില്‍ ബാക്കിയായി.
ചാമിക്കും ചിരുതക്കും ബാക്കിപ്പണിക്കു ഇഷ്ടം പോലെ സമയം കിട്ടി. ഒരാഴ്ച മെനക്കെട്ടു ചിരുത അതു കെട്ടലും അഴിക്കലും തന്നെയായിരുന്നു.
ഇതിനിടയില്‍ അതിന്റെ ഇരുതല മൂര്‍ച്ച കൂട്ടാന്‍ അവള്‍ ചക്കിപ്പെരുങ്കൊല്ലത്തിന്റെ ആലയിലൊരു ദിവസം പോയി.

ഒരു ദിവസം കാട്ടു ചോലേന്നു മേക്കഴുകി നേരത്തെ കൂരയിലെത്തിയ ചിരുത ചാമിക്കായി കാത്തിരുന്നു, ചാമി മോന്തിക്കും കൂരയണയാത്തതു കണ്ടു ബേജാറായി, ഏത്തക്കുഴിക്കടുത്തെത്തിയപ്പോള്‍ കണ്ടതു കമഴ്‌ന്നു ബോധം കെട്ടു കെടക്ക്‌ണ ചാമി.
പുറത്ത്‌ മൂന്നു മുള്ളുള്ള തറച്ചു കേറ്റിയ കുന്തം.
മുറിപ്പാടിലൂടെ ചാലിട്ടൊഴുകിയ ചോര.

ചിരുത അലറിക്കൊണ്ടു ഓടിച്ചെന്നു.
കുന്തം വലിച്ചൂരിയെടുത്തു മുറിവായ്‌ ഒരു കൈ കൊണ്ടു പൊത്തിപ്പിടിച്ചു, മടിയിലേക്കു ചാമിയെ മറിച്ചിട്ടു.
കൈനീട്ടി ഏത്തകൊട്ടയില്‍ നിന്നിത്തിരി വെള്ളമെടുത്തു മുഖത്തു തെളിച്ചപ്പോള്‍ ചാമി കണ്ണു തുറന്നു. ചിരുത ചുണ്ടിനോടു ചെവി ചേര്‍ത്തു. അവ്യക്തമായി അവള്‍ അതു കേട്ടു.
"തമ്പ്രാന്‍ ചെക്കനാ.. പിന്നിന്നാ കുത്ത്യേ..വിട്ടൂടാ ആ പന്നിനെ ഇനീം.."
ചാമി വേദന കടിച്ചമര്‍ത്തിയെങ്കിലും പറയാനുള്ളതു മുഴുവനാവാതെ, പിന്നേം തളര്‍ന്നു വീണു.
ചിരുതയുടെ അലമുറ കേട്ടു ചാത്തനും കുണ്ടനും ഓടി വന്നാണു ചാമിയെ കൂരയിലേക്കെടുത്തത്‌.
വൈദ്യരൊന്നേ പറഞ്ഞുള്ളൂ. മലദൈവം തൊണച്ചാല്‍ ബാക്കിയാവും. പഴയ ലോഹം കൊണ്ടാ കുത്ത്യേത്‌. പകയുണ്ട്‌ ലോഹത്തിലും ആ കുത്തിയ കുരുപ്പിലും.
വേദന കൊണ്ടു പുളയുന്ന ചാമിയെ, കുണ്ടനെയും ചാത്തനെയും നോക്കാനേല്‍പ്പിച്ചു ചിരുത "മങ്കാലമറ" മാറോടു ചേര്‍ത്തുപിടിച്ചു പുറത്തിരുട്ടിലേക്കിറങ്ങി. കാവിലെ തിരി തെളിച്ചു വെറ്റിലയും പൊകയിലയും വെച്ചു അവള്‍ കൈകള്‍ കൂപ്പി.
"ആ തമ്പ്രാന്‍ ചെക്കന്റെ പിരാന്തു മുറിച്ചു എന്റെ കെട്ട്യോന്റെ മുന്നിക്കൊണ്ടന്നിട്ടു കൊടുക്കണേന്റെ മുന്നെ ഞങ്ങടെ രണ്ടാളേം ഉയിരെടുക്കല്ലെ മലദൈവങ്ങളെ!"അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു
അവള്‍ പഠിച്ച മന്ത്രങ്ങള്‍ തെറ്റാതെ ഒന്നൊന്നായി ചൊല്ലി.
എവിടെ നിന്നോ ഒരു പാലപ്പൂ അവള്‍ടെ മുടിയില്‍ വന്നു വീണപ്പോള്‍ അവള്‍ ആശ്വാസത്തോടെ മന്ത്രം ചൊല്ലല്‍ നിര്‍ത്തി.
അവള്‍ നടന്നു.
ഒറ്റക്കുറുക്കനായ തമ്പ്രാന്‍ ചെക്കന്റെ താമസസ്ഥലത്തേക്ക്‌!
പടിപ്പുരക്കു പുറത്തു വെച്ചവള്‍ സൂക്ഷമതയോടെ മങ്കാകവചം കെട്ടി. എല്ലാം ഭദ്രമെന്നുറപ്പു വരുത്തിയവള്‍ പടിപ്പുറ തള്ളിത്തുറന്നു.
ഗര്‍ജ്ജിക്കുന്ന സ്വരത്തില്‍ അവള്‍ വിളിച്ചു പറഞ്ഞു.

"കൊച്ചെശ്‌മാ!"
"പുറത്തിറങ്ങി വരീന്‍!",
"ഏന്‍ വന്നു',
"എശ്മാന്റെ കലി തീര്‍ക്കാന്‍",
"മൂവന്തി മോന്തിക്കു ഏന്‍ ആവുന്നത്ര ചന്തം കൂട്ടി ഈ ഉമ്മറപ്പടീലിതാ വെറും വയറിലു തുനിഞ്ഞു നിക്കണ്‌.
സര്‍വാഭരണ ഭൂഷിതയായി!
"കൊച്ചമ്പ്രാന്‍ ഇത്തിരിക്കാലായി നുമ്മളടിയാന്മാര്‍ക്കു കിടക്കപ്പൊറുതി തരണില്ലല്ലോ!"
"ന്നെ ദാ കടിച്ചു കീറിക്കോ? പക്കേങ്കി എന്റെ ചാമിനെ ബെറുതെ ബിട്ടേക്കണം".

പച്ചറാക്കു കുപ്പിയില്‍ നിന്നു ഇടക്കിടക്കു വായിലേക്കു ഒഴിച്ചു ആടിയാടി കൊണ്ടു തമ്പ്രാന്‍ ചെക്കന്‍ പുറത്തു വന്നു.
മുറ്റത്തു നിലാവത്തു നില്‍ക്കുന്ന ചിരുതയെ കണ്ടപ്പോള്‍ അവനു നില്‍പ്പുറച്ചില്ല. ആര്‍ത്തിയോടവന്‍ പടവുകള്‍ ഇറങ്ങി.
"നിന്നെ ഞാന്‍ ഏറെക്കാലമായടീ നോട്ടമിട്ടിരിക്കുന്നു. നീയായിട്ടു വന്നതു നന്നായി. പക്ഷെ എന്റെ ഉച്ഛിഷ്ടം കഴുതപ്പുലിക്കുള്ളതാണെന്നറിയുമോ?"
തമ്പ്രാന്‍ ചെക്കന്‍ കൊലച്ചിരി ചിരിച്ചു.
ചിരുത കോപം ഉള്ളിലൊതുക്കി, സംഹാരത്തിനു തയ്യാറായി.
പാദങ്ങള്‍ തൊട്ടടുത്തു വെച്ചു. മടമ്പു മടമ്പിനോടും പെരുവിരല്‍ പെരുവിരലിനോടും ചേര്‍ത്തു വെച്ചു.
തമ്പ്രാന്‍ ചെക്കന്‍ ആടിയാടി ചിരുതക്കു തൊട്ടു മുന്നിലെത്തി.
കുഴഞ്ഞാടുന്ന കൈകള്‍ കൊണ്ടു ആദ്യമവന്‍ ചിരുതയുടെ മാറു മറച്ച തുണി വലിച്ചു ദൂരെക്കെറിഞ്ഞു.
ചിരുതയുടെ കൈകള്‍ അറിയാതുടനെ പിണഞ്ഞു നിന്നാ മാറിനെ മറച്ചു.
നാണമെന്ന വികാരത്തെ തോല്‍പ്പിച്ചു പ്രതികാരമെന്ന വികാരം ജയിച്ചപ്പോള്‍ അവള്‍ പിന്നെ തുറന്ന മാറിനെ മറന്നു.
ജ്വലിക്കുന്ന കണ്ണുകള്‍ രണ്ടും മുകളിലേക്കുയര്‍ത്തി പതിയെ കൈകള്‍ കൂപ്പി, തലക്കു മീതെ ഒത്ത മുകളിലേക്കുയര്‍ത്തി.

തമ്പ്രാന്‍ ചെക്കന്‍, നിലാവിനു നന്ദിപറഞ്ഞു കൊണ്ടു തെറിച്ചു നില്‍ക്കുന്ന ആ മുലഞ്ഞെട്ടുകളിലേക്കു നോക്കി വരണ്ട ചുണ്ടുകള്‍ നനച്ചു.
ചിരുത ശ്വാസം ഉള്ളിലേക്കെടുത്തു, ഒന്നിച്ചു പുറത്തേക്കയച്ചു. അരപ്പട്ടയുടെ കൊളുത്തഴിക്കാന്‍ ശ്രമിച്ചു.
ശ്വാസം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ചങ്കും നെഞ്ചും പടപടാന്നടിക്കുന്നു. മനസ്സിന്റെ നിയന്ത്രണം കിട്ടുന്നില്ല. അടിവയറു ചെറുതാവുന്നില്ല.
അവള്‍ കണ്ണ്‍നുകള്‍ അടച്ചു. ഒരു നിമിഷം കുത്തേറ്റു കിടക്കുന്ന ചാമിയുടെ അവസാന ശ്വാസങ്ങള്‍ക്കു കാതോര്‍ത്തു. ചോരവാര്‍ന്നൊഴുകുന്ന അവന്റെ മുറിപ്പാടുകള്‍ മനസ്സിലോര്‍ത്തു. അപ്പോള്‍ അവള്‍ക്കു ശ്വാസനിയന്ത്രണം കിട്ടി. അടിവയര്‍ ഉള്ളിലേക്കു വലിഞ്ഞു. വലിച്ചു മുറുക്കിയ "മങ്കാലമറ"യുടെ കൊളുത്തു പെട്ടന്നഴിഞ്ഞു.
അതില്‍ ബന്ധനത്തിലായിരുന്ന ഉറുമിയുടെ ചുറ്റുകളുടെ ഓരോ അറ്റവും ഒരു സീല്‍ക്കാരത്തോടെ പുറത്തേക്കു തെറിച്ചു.
ചിരുത ക്ഷണം പെരുവിരലിലുയര്‍ന്നു മെയ്‌വഴക്കത്തോടെ അതിവേഗതയില്‍ നാലു കറക്കം കറങ്ങി.
തീപ്പൊരി ചിതറികൊണ്ട്‌ വാളുകള്‍ ചുറ്റും വീശിയുറഞ്ഞു.
മാറിലേക്കു നീണ്ട തമ്പ്രാന്‍ചെക്കന്റെ കൈകളാണ്‌ ആദ്യമറ്റത്‌. പിറകെ ഉറുമിയുടെ നീരാളിക്കുടുക്കില്‍പെട്ട തലയും.

പച്ചച്ചോര ചിരുതയുടെ മാറിലേക്കു തെറിച്ചപ്പോള്‍, അവള്‍ രണ്ടുകണ്ണും കൂടുതല്‍ അമര്‍ത്തിചിമ്മി ധൃതിയില്‍ മന്ത്രങ്ങള്‍ ചൊല്ലി.
ഉറുമിയുടെ സീല്‍ക്കാര ശബ്ദം നിലച്ചപ്പോഴേക്കും മന്ത്രങ്ങള്‍ ചൊല്ലിത്തീര്‍ന്നിരുന്നു.

അവള്‍ പതിയെ കണ്ണു തുറന്നു.
അറ്റ തലയിലെ കണ്ണുകള്‍ ഇപ്പോഴും തന്റെ മാറിലേക്കു തുറിച്ചു നോക്കി കാല്‍ക്കീഴില്‍ കിടക്കുന്നു. അവള്‍ കാര്‍ക്കിച്ചു തുപ്പി.
കബന്ധത്തില്‍ നിന്നു പിരാന്തിനെ മുറിച്ചെടുക്കാന്‍ ആ അരയില്‍ നിന്നു തുണി നീക്കിയപ്പോള്‍ അവള്‍ അന്തിച്ചു പോയി. അവിടെ ഒന്നുമില്ല, അധികവുമില്ല, ഒരു കുറവുമില്ല .പിന്നെ എന്തു മുറിച്ചെടുക്കും. ചാമിയുടെ അന്ത്യാഭിലാഷം നടത്തിക്കൊടുക്കാനാവില്ലല്ലോ!

അവള്‍ ശാപവാക്കുകള്‍ പുലമ്പികൊണ്ടു, നിരാശയോടേ ചുരികത്തലപ്പുകള്‍ ഒന്നൊന്നായി വലിച്ചെടുത്തു. അവ ചുരുട്ടി കൈയിലൊതുക്കി, അതില്‍ നിന്നു ചോരത്തുള്ളികള്‍ പിന്നേയും ഉറ്റിവീണുകൊണ്ടേയിരിക്കുന്നു. ചിരുത പടിക്കെട്ടിനു പുറത്തു കടന്നു. പടിപ്പുര മലര്‍ക്കെ തുറന്നിട്ടു, താമസിയാതെ തന്നെ ചോരയുടെ മണമറിഞ്ഞ ചെന്നായ്ക്കളും അവക്കു പുറകെ ചീഞ്ഞ ശവം തിന്നാന്‍ കഴുതപ്പുലികളും വരുമെന്നവള്‍ക്കു തിട്ടമുണ്ടായിരുന്നു.
അവള്‍ കാട്ടു ചോലയിലേക്കിറങ്ങി ചോറക്കറ നന്നായി കഴുകിക്കളഞ്ഞു. ഈറനായി തന്നെ കൂരയിലേക്കു നടന്നു.

കൂരയില്‍ നിന്നപ്പോഴും ചാമിയുടെ നീണ്ട ഞെരക്കം കേള്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ എഴുത്തു നിര്‍ത്തി.
കഥയിവിടെ നിര്‍ത്തണോ?
പക്ഷെ ശുഭപര്യവസായിയായ കഥകളാണ്‌ എനിക്കിഷ്ടം. പക്ഷെ ഇതെങ്ങനെ ശുഭാന്ത്യത്തിലാക്കും.
ഞാന്‍ ഫോണ്‍ അമര്‍ത്തി.
"പവിത്രന്‍, ഈ കഥയുടെ അവസാനം ചാമിയും ചിരുതയും സന്തോഷത്തോടെ പിന്നീട്‌ ഒരു പാടുകാലം ജീവിച്ചു വെന്നു നമ്മളെ ആശ്വാസിപ്പിക്കാന്‍ കാളിയുടെ തള്ള അന്നെന്തു ഉപായമാണു പറഞ്ഞത്‌ ഓര്‍മ്മയുണ്ടോ?."

"ആ തമ്പ്രാന്‍ ചെക്കന്റെ പിരാന്തു മുറിച്ചെടുത്തു എന്റെ കെട്ട്യോന്റെ മുന്നിക്കൊണ്ടന്നിട്ടു കൊടുക്കണേന്റെ മുന്നെ ഞങ്ങടെ രണ്ടാളേം ഉയിരെടുക്കല്ലെ മലദൈവങ്ങളെ!"എന്ന ചിരുതയുടെ പ്രാര്‍ത്ഥന മലദൈവങ്ങള്‍ സ്വീകരിച്ചിരുന്നു. പക്ഷെ മുറിച്ചെടുക്കാന്‍ ആ തമ്പ്രാന്‍ചെക്കന്റെ അരക്കെട്ടിലൊരു പിരാന്തിന്റെ കഷ്ണവും പടച്ചോന്‍ പടച്ചുവെച്ചിട്ടില്ലാത്തതിനാല്‍ ചിരുതക്കതു മുറിക്കാന്‍ കിട്ടിയില്ല. അതിനാല്‍ മലദൈവങ്ങള്‍ക്കു ചിരുതക്കു കൊടുത്ത വാക്ക്‌ പാലിക്കന്‍ അവരുടെ ഉയിരു കാക്കേണ്ടി വന്നൂത്രേ!"
ചാമി പിന്നെ ഒരു പാടു കൊല്ലം പയറുമണിയെപ്പോലെ ഉരുണ്ടുരുണ്ടു പണിയെടുത്തു നടന്നൂന്നും ചിരുത അവന്റെ ഒരുപാടു കുട്ട്യാളെ പെറ്റു വളര്‍ത്തീന്നും ചുരുക്കം.
ഞാന്‍ അതും കൂടെയെഴുതി. പവിത്രനോടു പറഞ്ഞു.
"പവിത്രാ! കഥയെഴുതിക്കഴിഞ്ഞു!".

കുറിപ്പുകള്‍

1.ചവം - ശവം.
2.തൗതാരിക്കുക - ശകാരിക്കുക.
3.പിരാന്ത്‌ - ഭ്രാന്ത്‌
4.പൊകല - പുകയില.
5.എശ്മാന്‍ - യജമാനന്‍.
6.കൈതപ്പുലി - കഴുതപ്പുലി.
7.ദണ്ണം - സങ്കടം
8.മന്ത്രാച്ചരങ്ങള്‍ - മന്ത്രാക്ഷരങ്ങള്‍
9.ഇച്ചാത്തരെ - ഈയിടെ
10.മോച്ചം - മോക്ഷം
11.ഞെണ്ടുകള്‍ - ഞണ്ടുകള്‍

ചിത്രീകരണം: ചന്ദ്രന്‍‍, അബ്ദുള്‍ കരീം തോണിക്കടവത്ത്

ശനിയാഴ്‌ച, ജൂൺ 09, 2018

തൂവൽപ്പങ്കായം.

അഞ്ചു മില്യന്റെ ഓ.ഡി. പാസ്സാവാൻ ബാങ്കിൽ ഇനി ഒരൊറ്റ  തടസ്സമേയുള്ളൂ..
അനിൽ ഷെട്ടി.
(ഓവർഡ്രാഫ്റ്റ് അപ്രൂവൽ മാനേജർ.)
അതു തന്നെയാണ് വലിയ കടമ്പയും.
ആൾ സ്ട്രിക്ടാണ്. ആന്റി കറപ്റ്റും, ആനയെക്കാൾ കുറുമ്പനും.
മുമ്പ് മറ്റൊരു ബാങ്കിൽ ബാങ്കറപ്റ്റ് ആയ ഒരു  കമ്പനിയുടെ എം.ഡി.യായിരുന്നു ഞാനെന്ന വിവരം ഇവിടെ അയാൾക്കു മാത്രമേ അറിയൂ. അത് അപേക്ഷയിൽ കുറിച്ച് അയാൾക്ക് ഈ ഓ.ഡി.അപേക്ഷ തിരസ്കരിക്കാം. ഫലം മില്യണുകളുടെ നഷ്ടവും എന്റെ ആത്മഹത്യയും.  
ആലോചിച്ചിട്ടു ഒരു അന്ത്യവും ശുഭത്തിലവസാനിക്കില്ലെന്നു ചിന്തിക്കവേയാണ് മുന്നിലൂടെ പരിചയമുള്ള ഓഫീസ് ബോയ് ചായയുമായി അനിൽ ഷെട്ടിയുടെ ക്യാബിനിലേക്കു കയറുന്നത് കണ്ടത്.
അവൻ ഇറങ്ങുന്നതും നോക്കി കാത്തിരുന്നു.
സ്ഥിര പരിചയത്താൽ അവൻ ഓടി വന്നു.
"എന്താ സാർ..! മുഖത്തൊരു പരിഭ്രമവും വിഷമവും.?"
"നിങ്ങളുടെ  അനിൽ സാറിന്റെ ഒരു വീക്ക്നസ് പറ..!
അവസാനമായി ഇനി ആ തുറുമ്പിൽ പിടിച്ചു രക്ഷപ്പെടാനാവുമോ എന്നു നോക്കാനാണ്."

അവൻ ഞാനിരിക്കുന്നതിന്നു പിന്നിലെ സ്ലൈഡിംഗ് വിൻഡോ നീക്കി, അവിടെ കണ്ട മുകളീന്നു വീണ ഒരു പ്രാവിൻ തൂവലെടുത്തു നീട്ടി. ഇതാ ഇതാണ് അദ്ദേഹത്തിന്റെ വീക്ക്നെസ്.
ടീസ് ചെയ്യണം.
ഇതു നമ്മുടെ കാതിലിട്ടു പെടപ്പിക്കുന്നത് അദ്ദേഹം കാണണം. കണ്ടാൽ അതു ചോദിക്കും, കേൾക്കാത്ത പോലെ പിന്നെയും പിടപ്പിച്ചു കൊണ്ടിരിക്കണം.
പിന്നെ തൂവലും നിങ്ങളുടെ ഓ.ഡി. അപ്രൂവൽ ഫയലും ഒരുമിച്ച് നൽകണം. ഞെരടി കൂർപ്പിച്ച തൂവൽ കൃത്യമായി കാതിനകത്തെത്തിയാൽ ഇരു കൈപ്പത്തിയും കൊണ്ട് തൈരു കടയുന്ന പോലെ തൂവൽ തണ്ടിൽ ക്ലോക്ക് വൈസിലും ആന്റി ക്ലോക്ക് വൈസിലും ഒരു കറക്കമുണ്ട്.
അപ്പോഴദ്ദേഹമനുഭവിക്കുന്ന സുഖം..!
അതിന്റെ നിർവൃതി ആ കണ്ണിലും ചുണ്ടിലും മേനിയാസകലവും സാറിനു വായിച്ചെടുക്കാം. ക്ലൈമാക്സിൽ താങ്കളുടെ അപേക്ഷയിൽ അദ്ദേഹത്തിന്റെ  അപ്രൂവൽ സൈൻ വീണിരിക്കും തീർച്ച...!
ഞാൻ തൂവൽ വാങ്ങി തുമ്പത്തെ പീലി മാത്രം നിർത്തി ബാക്കി നീക്കി,  "തൂവൽപങ്കായം" പണിത്, ആത്മവിശ്വാസത്തോടെ കാബിനടുത്തേക്കു നടന്നു.
😀
😉